ലാറ്റിനമേരിക്കൻ ഉയിർത്തെഴുന്നേൽപ്പോ യൂറോപ്യൻ അധിനിവേശമോ?
"ഹൈഡ്രജൻ, നപാം ബോംബുകൾ വേട്ടയാടുന്ന ലോകത്ത്, വിവേകവും പ്രതീക്ഷയും ഇപ്പോഴും ശല്യമില്ലാതെ അവശേഷിക്കുന്ന സ്ഥലമാണ് ഫുട്ബോൾ മൈതാനം" ഫുട്ബോൾ റഫറിയും ഫിഫയുടെ ആറാമത്തെ പ്രസിഡന്റുമായിരുന്ന സ്റ്റാൻലി റൗസിന്റെ അഭിപ്രായമാണിത്. ഏറെ വിവാദങ്ങൾക്കും വിലക്കുകൾക്കും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന ഖത്തർ ഫുട്ബോൾ ലോകകപ്പിന് പന്തുരുളുമ്പോൾ ആ വാക്കുകൾ കൂടി ചർച്ച ചെയ്യപ്പെടേണ്ട സമയം കൂടിയാണിത്. റഷ്യയ്ക്ക് മേലുള്ള വിലക്കും ഖത്തറിനോടുള്ള വിമുഖതയുമെല്ലാം ഉടലെടുത്ത കാലഘട്ടമാണിത്. ഫുട്ബോളിന്റെ രാഷ്ട്രീയം പുറംമോടിയിൽ പൊതിഞ്ഞ തുകൽ പന്തല്ലെന്നും അതിനു കാറ്റഴിച്ചു വിടാനുള്ള പ്രഹര ശേഷിയുണ്ടെന്നും ഈ കാലഘട്ടവും നമ്മെ ഓർമിപ്പിക്കുന്നു.
രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം എന്നതിനേക്കാൾ വൻകരകൾ തമ്മിലുള്ള പോരാട്ടമായിട്ടാണ് ഖത്തർ വേൾഡ് കപ്പിനെ സാക്ഷ്യപ്പെടുത്തേണ്ടത്. അതിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്നത് പക്ഷേ കളിയുടെ ശൈലികളിലെ വ്യത്യസ്തതയെ മുൻനിർത്തി ഈ പതിനഞ്ച് വർഷത്തിനിടയിൽ ഉയർന്ന് വന്ന ഭിന്നാഭിപ്രായങ്ങളിലൂടെയാണ്. ഈ ശൈലീവ്യത്യാസം ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ പെട്ടന്ന് ഉയർന്ന പ്രതിഭാസം അല്ലെന്നും അത് ലോകകപ്പിന്റെ ചരിത്രത്തിലുടനീളം പ്രതിഫലിക്കപ്പെട്ടിട്ടുണ്ട് എന്നും നമുക്ക് കാണാൻ സാധിക്കും. ഫുട്ബോൾ എന്നാൽ ലാറ്റിനമേരിക്കയാണെന്നും അതല്ല അതിന്റെ മനോഹാരിത യൂറോപ്യൻ ശൈലി ആണെന്നും ഉള്ള വാദങ്ങൾ ആണ് ഈ ചർച്ചയെ മുന്നോട്ട് നയിക്കുന്നത്.
ബ്രസീലിന്റെ ജോഗോ ബോണിറ്റയും മറഡോണയുടെ സുവർണ്ണ കാലഘട്ടവും ലാറ്റിനമേരിക്കൻ ശൈലിയെ ഫുട്ബോളിന്റെ അതികായരാക്കി മാറ്റി എന്നതിൽ സംശയമില്ല. ലോകകപ്പിന്റെ തുടക്കം മുതൽ ഉറൂഗ്വേയൻ ആധിപത്യവും ഹിഗ്വേറ്റയുടെ കൊളംബിയയും എല്ലാം ലാറ്റിൻ അമേരിക്കൻ കേളി ശൈലിയെ പാടി പുകഴ്ത്തുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ അതേ കാലഘട്ടത്തിൽ തന്നെ യൂറോപ്പിന്റെ ശൈലീവ്യത്യാസവും പ്രകടമായിരുന്നു. പ്രതിരോധത്തിന്റെ അവസാന വാക്കായ ഇറ്റലിയും ശാരീരിക ക്ഷമതയുടെ പര്യായമായ ജർമനിയും ടോട്ടൽ ഫുട്ബോളിന്റെ വക്താക്കളായി ലോകം വാഴ്ത്തിയ സാക്ഷാൽ യോഹൻ ക്രൈഫിന്റെ ഹോളണ്ടുമെല്ലാം യൂറോപ്പിനെ അവരവുടെ വ്യത്യസ്ത ശൈലികൊണ്ട് അടയാളപ്പെടുത്തി.
ജോഗോ ബോണിറ്റോ
ലോക ഫുട്ബോളിലെ ബ്രസീലിയൻ സൗന്ദര്യാത്മകത എത്ര പാടി പുകഴ്ത്തിയാലും മതിയാവാത്ത ഒന്നാണ്. അവരുടെ ഫുട്ബോളുമായുള്ള ആത്മബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടതും ആണ്. ബ്രസീലിന്റെ കേളീശൈലി ചിലപ്പോൾ കുത്തിയൊഴുകുന്ന ആമസോൺ നദിപോലെയാണ്. ചിലപ്പോൾ അത് ശാന്തമായി തഴുകി തലോടുന്ന ആമസോൺ കാടുകളിലെ മന്ദമാരുതനെപ്പോലെയും. എങ്ങനെ ഒഴുകിയാലും വീശിയാലും അതിന് ഒരു താളമുണ്ട്. ഏത് കാണിയേയും പിടിച്ചിരുത്താൻ പോന്ന ഒരു കൊച്ചുകുട്ടിയുടെ നാടോടി നൃത്തത്തിന്റെ താളം, സാംബാ താളം. പെലെ, ഗാരിഞ്ച, സോക്രറ്റീസിൽ നിന്ന് തുടങ്ങി റൊമാരിയൊ, റൊണാൾഡോ, റൊണാൾഡിഞ്ഞോ കാലഘട്ടത്തിലൂടെ അത് നെയ്മർ, വിനീഷ്യസ് ആന്റണി യുഗത്തിലൂടെ അങ്ങനെ നിർത്താതെ ഒഴുകി കൊണ്ടിരിക്കുകയാണ്.
ഏത് പ്രതിരോധ കോട്ടകളും തകർക്കാൻ കഴിയുന്ന വേഗതയും എതിരാളികളെ പരിഹാസ്യര്യായ വെറും കാഴ്ചകാരാക്കി മാറ്റുന്ന ട്രിബ്ലിങ് പാടവവുമാണ് ജോഗോ ബോണിറ്റോ. അതുകൊണ്ട് തന്നെ എല്ലാകാലത്തും യൂറോപ്പിന്റെ ഉറക്കം കെടുത്തിക്കളഞ്ഞതും ഈ ലാറ്റിൻ അമേരിക്കൻ ശൈലിയാണ്. അവർ നിരന്തരം ഈ ശൈലിയെ അവഹേളിക്കുകയും ഇത്തരം നീക്കങ്ങൾ നടത്തിയതിന് നെയ്മർക്ക് റഫറിയിൽ നിന്ന് മഞ്ഞ കാർഡും താക്കീതും കിട്ടിയതും നമ്മൾ കണ്ടതാണ്. എന്തുകൊണ്ടാണ് ജോഗോ ബോണിറ്റോ യൂറോപ്പിനെ വിടാതെ പിടികൂടുന്ന ഭൂതമാകുന്നത്? ബ്രസീലിയൻ ജനത ഏറെ ശാരീരിക ക്ഷമതയും മെയ്‌വഴക്കമുള്ളവരുമാണ്. അവരുടെ പന്തടക്കം മറ്റുള്ളവരേക്കാൾ വേഗതയിലും കൃത്യതയിലുമാണ് പ്രതിഫലിക്കാറുള്ളത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ ലാറ്റിനമേരിക്കൻ ശൈലി ലോക ഫുട്ബോളിൽ അവസാനിച്ചെന്നും യൂറോപ്പിലാണ് ശരിയായ ഫുട്ബോൾ നടക്കുന്നതെന്നും വാദിച്ചിരുന്നവർക്ക് മറുപടി നൽകിയത് ഇതേ ബ്രസീൽ ആണ്. ഈ നൂറ്റാണ്ടോടെ ബാഴ്സലോണ വഴി സ്പെയ്നിലാകെ ടിക്കി-ടാക്ക ഉടലെടുക്കുകയും അത് ലോക ഫുട്ബോൾ പ്രേമികളെ ഒന്നാകെ ആകർഷിക്കുന്ന ശൈലിയായി രൂപാന്തരപ്പെടുകയും ചെയ്തു. ആർക്കും തകർക്കാൻ ആവാതെ തുടർന്ന ആ സ്പെയിൻ ആധിപത്യത്തെ തകർത്ത് കളഞ്ഞത് ബ്രസീൽ ആയിരുന്നു. എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ സ്പെയ്നിന്റെ വലയിൽ എത്തിച്ച് നെയ്മറും സംഘവും വൻകരാ ചാമ്പ്യൻമാരായപ്പോൾ ഞെട്ടിയത് സ്പെയിൻ മാത്രമല്ല ടിക്കി-ടാക്ക ആരാധകർ കൂടിയാണ്.
ഒരു കാലത്ത് തങ്ങളുടെ കോളനികൾ ആയിരുന്ന മൂന്നാംലോക രാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഈ രാജ്യങ്ങളുടെ പോരാട്ടവീര്യം തങ്ങളെ വെറും കാഴ്ചക്കാരാക്കി മാറ്റുന്നത് യൂറോപ്പിന് അത്ര ഉൾകൊള്ളാൻ കഴിയുന്ന ഒന്നായിരിക്കില്ല. തുടർന്നങ്ങോട്ട് നെയ്മർ, മാർസലോ, ഡാനി ആൽവേസ്, വിനീഷ്യസ്, ആന്റണി എന്നിവർക്കെതിരെയുണ്ടായ വംശീയ അധിക്ഷേപങ്ങളും പരിഹാസങ്ങളും എല്ലാം യൂറോപ്പ് ബ്രസീലിന്റെ പന്താട്ടത്തെ വെറുക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. അത് തന്നെയാണ് ബ്രസീൽ ടീമിന്റെ കരുത്തും.
ലാറ്റിനമേരിക്കൻ ശൈലി എന്നൊന്നുണ്ടെങ്കിൽ അതിപ്പോഴും അവശേഷിക്കുന്നത് ബ്രസീലിലാണ് എന്ന് പറയേണ്ടി വരും. കാരണം ഇതേ വൻകരയിലെ മറ്റൊരു ലോകാത്ഭുതമാണ് അർജന്റീന. മറഡോണ യുഗം മുതൽ ക്ലാസ്സിക് മിഡ്‌ഫീൽഡർ ആയ റിക്വൽമിയുടെ ഡ്രീം ടീം വരെ തുടർന്ന അവരുടെ ലാറ്റിൻ അമേരിക്കൻ ശൈലി കഴിഞ്ഞ ഒരു പത്തുവർഷം കൊണ്ട് യൂറോപ്യൻ ശൈലിയിലേക്ക് മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അവരുടെ ഒരോ നീക്കങ്ങൾക്കും ആ യൂറോപ്യൻ പ്രൊഫഷണലിസത്തിന്റെ ടച്ചുണ്ട്. കൃത്യതയാർന്ന പാസുകളും മികച്ച ഡിഫന്റിങ്ങുമാണ് ഖത്തറിലെ അർജന്റീനയുടെ കരുത്ത്. തികഞ്ഞ പ്രൊഫഷണൽ പാടവമുള്ള കളിക്കാരൻ ആണ് മെസ്സി. വേഗതയും വൺ ടച്ച് പാസുകൾ കളിക്കാനുമുള്ള അർജന്റീനയുടെ കഴിവും എല്ലാകാലത്തും കളിയിൽ ആധിപത്യം നേടാൻ അവർക്ക് സഹായകരമാവാറുണ്ട്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ "യൂറോപ്യൻ അധിനിവേശം"
നേരത്തെ പറഞ്ഞ പോലെ യൂറോപ്പിന്റെ ലോക ഫുട്ബോളിലെ ആധിപത്യം എന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സംഭവിച്ച പ്രതിഭാസമല്ല. ഒരു കാലത്ത് ലോക ഫുട്ബോളിനെ വിസ്മയിപ്പിച്ച, 1938 ലെയും 1954 ലെയും കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ മിന്നുന്ന ലോകകപ്പ് പ്രകടനങ്ങൾ നടത്തിയ ഹംഗേറിയൻ പട മുതൽ യൂറോപ്പിന്റെ ആധിപത്യം നിലനിർത്തിപ്പോന്നിരുന്നു. മാത്തെയുസിന്റെയും ബെക്കൻബൊവറുടെയും ജർമ്മനിയും ബാജിയോയുടെയും പൗലോ മാൾഡീനിയുടെയും പ്രതിരോധ കോട്ട പോലെ ഉറച്ചിരുന്ന ഇറ്റലിയും അതിനെ സാക്ഷ്യപ്പെടുത്തി.
ലാറ്റിനമേരിക്കൻ പ്രണയവും കേരളവും
ലാറ്റിനമേരിക്കൻ പ്രേമം ലോക ഫുട്ബോളിനെ ബാധിച്ച പോലെ കേരളത്തെയും കീഴ്പ്പെടുത്തിയിരുന്നു. അത് കേവലം എൺപതുകളുടെ അവസാനത്തേടെ ഉടലെടുത്ത ടെലിവിഷൻ വിപ്ലവം മാത്രമല്ല. പൊതുവെ രൂപാന്തരപ്പെട്ട ഇടത് സാംസ്‌കാരിക മണ്ഡലവും കൂടിയാവണം ഈ ലാറ്റിനമേരിക്കൻ പ്രണയത്തിന് ആക്കം കൂട്ടിയത്. അർജന്റീന അയിത്തം കല്പിച്ച ചെഗുവേരയെ അര്ജന്റീനയിൽ തന്നെ കുടിയിരുത്താനുള്ള ബോധപൂർവ്വമായ ശ്രമവും ഇതിന്റെ ഭാഗമായി നടന്നു. ലാറ്റിനമേരിക്കൻ പ്രണയത്തിന് ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്റെ മാജിക്കൽ റിയലിസം പോലെ നമ്മെ വരിഞ്ഞുമുറുക്കാൻ ഉള്ള ശേഷി ഉണ്ടായിരുന്നു. അതൊരു പന്തിന്റെ രൂപത്തിൽ ആയിരുന്നു എന്ന് മാത്രം. പക്ഷേ, ഈ പ്രേമത്തിന് ഇളക്കം തട്ടിത്തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. കൃത്യമായി പറഞ്ഞാൽ സിദാന്റെയും അതുവഴി ഫ്രാൻസിന്റെയും കുതിപ്പോടെയാണ്. മാൾഡീനിയുടെ പ്രതിരോധ മികവിനോ യോഹൻ ക്രൈഫിന്റെ ടോട്ടൽ ഫുട്ബോളിനോ വരെ ഇളക്കം തട്ടാതിരുന്ന മനസുകളെയാണ് സിദാൻ വലയ്ക്കത്തേയ്ക്ക് കയറ്റിയത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ ലീഗുകൾ ലോകഫുട്ബോളിന്റെ ഗ്രാഫിനെ തന്നെ മാറ്റി മറിച്ചു. രാജ്യാന്തര മത്സരങ്ങൾക്ക് മാത്രമല്ല ക്ലബ് ഫുട്ബോളിന് കൂടി ശ്രദ്ധ കൈവന്നതോടെയാണ് യൂറോപ്യൻ ശൈലി കാണികളെ ആവേശഭരിതരാക്കി തീർക്കുന്നതിൽ നിർണായകമായത്. ആക്രമണം മാത്രമല്ല പ്രതിരോധവും മധ്യനിരയുടെ കൃത്യതയാർന്ന പാസുകളും വേഗതയും കൂടിയാണ് ഫുട്ബോൾ എന്ന് യൂറോപ്പ് കാണികൾക്ക് കാണിച്ചു കൊടുത്തു. ജർമനിയും ഫ്രാൻസും പോർച്ചുഗലും സ്പെയിനും എല്ലാം അങ്ങനെ കേരളത്തിന്റെ ഗ്രാമങ്ങളേയും കീഴടക്കി. യൂറോപ്പിന്റെ വളർച്ച ഫിഫ റാങ്കിൽ കൃത്യമായി അടയാളപ്പെടുത്തി. അപ്പോഴും ബ്രസീലും അർജന്റീനയും അവർക്ക് മുകളിൽ നിലയുറപ്പിച്ചു തന്നെ നിൽക്കുന്നു എന്നതാണ് ഈ കേളി ശൈലികൾ തമ്മിലുള്ള പോരിന്റെ പ്രധാന ആകർഷണവും.
അതെ, ഖത്തർ ലോകകപ്പ് രാഷ്ട്രീയമായും സാംസ്‌കാരികമായും കൂടി അടയാളപ്പെടുത്തുന്ന ലോകകപ്പാണ്. പാടി പുകഴ്ത്തിയ ലാറ്റിനമേരിക്കൻ വീരഗാഥകളോ മുത്തശ്ശിക്കഥകളിലെ നായകരോ, ആരാണ് ഖത്തറിനെ പ്രകമ്പനം കൊള്ളിക്കുക, അതല്ല തങ്ങളാണ് ശരിയായ ഫുട്ബോളിന്റെ വക്താക്കൾ എന്ന് ഒരിക്കൽ കൂടി യൂറോപ്പ് അടിവരയിടുമോ എന്നത് കണ്ടറിയണം. ആഫ്രിക്കൻ കരുത്തോ ഏഷ്യയുടെ മിന്നലാട്ടങ്ങളോ യൂറോപ്പിനെ അസ്വസ്ഥരാക്കാത്തിടത്തോളം തെക്കൻ അമേരിക്ക തന്നെയാണ് പ്രധാനികൾ.
ഉറുഗ്വൻ എഴുത്തുകാരനും പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായ എഡ്യൂവാർഡോ ഗലിയാനോ പറഞ്ഞപോലെ "ഫുട്ബോൾ ഒരു വലിയ കാണികളുടെ കായിക വിനോദമായി മാറിയിരിക്കുന്നു". അതെ, ഓരോ ലോകകപ്പ് ഫുട്ബോൾ കാലഘട്ടവും നമ്മെ പിടിച്ചിരുത്തുന്നത് അതിന് ഗ്രൗണ്ടിൽ ഉണ്ടാക്കുന്ന ഇഫക്ടിനേക്കാൾ കൂടുതൽ ഫുട്ബോൾ ഗാലറിയിലും അതിന് പുറത്തും ഉണ്ടാക്കാൻ കഴിയുന്നുണ്ട് എന്നതുകൊണ്ടുകൂടിയാണ്.