'ദുരിതകാലത്തെ ബജറ്റ് അവലോകനം ചെയ്യുമ്പോൾ'
സാമ്പത്തികശാസ്ത്രത്തിൽ പൊതുബജറ്റ് എന്ന ആശയത്തിന് കൃത്യമായ നിർവചനവും, ഒരു സമ്പദ്ഘടനയിൽ അതിനു നിർവഹിക്കാൻ സുപ്രധാനമായ ചില ഉദ്ദേശ ലക്ഷ്യങ്ങളും ഉണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കൊപ്പം കോവിഡ് മഹാമാരിയുടെ ആഘാതവും നിലനിൽക്കുന്ന ഒരു രാജ്യത്തെ ബജറ്റ് വിലയിരുത്തപ്പെടേണ്ടത് ബജറ്റ് എന്ന ആശയത്തിന്റെ നിർവചനത്തിനും ഉദ്ദേശ ലക്ഷ്യങ്ങളെ മുന്‍നിർത്തിയും ആയിരിക്കണം. എന്നാൽ, ബജറ്റിലെ പ്രഖ്യാപനങ്ങളെ മാത്രം മുന്‍നിർത്തിയുള്ള വിശകലനമാണ് പലപ്പോഴും മുഖ്യധാരയിൽ കണ്ടുവരുന്നത് എന്നുള്ളതാണ് സത്യം.
പൊതുബജറ്റ് അഥവാ വാർഷിക ധനകാര്യ പത്രിക എന്നാൽ ഒരു വർഷക്കാലയളവിൽ ഒരു രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളിലേക്ക് സർക്കാർ നേതൃത്വത്തിൽ പ്രതീക്ഷിക്കുന്ന ചിലവുകളും ആ ചിലവിനെ നേരിടാൻ ആവശ്യമായ വിവിധ സ്രോതസ്സുകളിൽ നിന്നുമുള്ള പ്രതീക്ഷിത വരുമാനവും ഉൾകൊള്ളുന്ന പ്രസ്താവനയാണ്. പ്രതീക്ഷിത ചെലവ്-വരവ് എന്നുള്ളതുകൊണ്ടുതന്നെ ബജറ്റ് പ്രഖ്യാപനങ്ങളുടെയും നിർദേശങ്ങളുടെയും പരിപൂർണമായ വിലയിരുത്തൽ സാധ്യമാക്കുക ആ വർഷക്കാലയളവിൽ ആ പ്രതീക്ഷിത വരവ്-ചെലവുകൾ എത്രമാത്രം പ്രായോഗികമായി സാക്ഷാത്ക്കരിക്കപ്പെട്ടു എന്നതിനെ അടിസ്ഥാനമാക്കിയാണ്.
രാജ്യത്തെ ലഭ്യമായ വിഭവങ്ങളെ കാര്യക്ഷമമായി ഉപയോഗിക്കാൻ ഉതകുന്ന പദ്ധതികൾ വിഭാവനം ചെയ്യുകയും അത് പ്രയോഗത്തിൽ വരുത്താൻ ആവശ്യമായ ചെലവ് കണക്കാക്കി വരുമാനം കണ്ടെത്തുകയുമാണ് ഒരു ബജറ്റിന്റെ പ്രധാന ലക്ഷ്യം. വിപണി പരാജയപ്പെടുന്ന മേഖലയിൽ പൊതുവിഭവങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെയെല്ലാം വിതരണം ജനവിഭാഗങ്ങൾക്കിടയിൽ സാധ്യമാക്കുക ബജറ്റ് വഴിയാണ്. സാമ്പത്തികവും സാമൂഹികവുമായ അസമത്വത്തെ കുറച്ചുകൊണ്ടുവരുന്നതിനും പൊതുബജറ്റ് വലിയ പങ്കുവഹിക്കുന്നുണ്ട്. ഫലപ്രദമായ നികുതി, നികുതി-ഇതര നിർദേശങ്ങൾ നടപ്പിൽ വരുത്തുന്നതിനൊപ്പം ഭൂരിപക്ഷം വരുന്ന സാധാരണ ജനവിഭാഗങ്ങളെ അടിസ്ഥാന ആവശ്യങ്ങളെ (തൊഴിൽ ലഭ്യത , ഭക്ഷണം, ആരോഗ്യം വിദ്യാഭ്യാസം) പൂർത്തീകരിക്കാൻ ആവശ്യമായ പദ്ധതികളിൽ കൂടുതൽ പണം ചിലവഴിക്കുക വഴിയും അസമത്വത്തെ ബജറ്റ് നേരിടുന്നുണ്ട്.
പൊതുമേഖലയിലും, സർക്കാർ നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സംവിധാനങ്ങളുടെയും കാര്യക്ഷമമായ പ്രവർത്തനത്തിനു ആവശ്യമായ വിഭവങ്ങൾ ഉറപ്പുവരുത്തുക എന്നതുകൂടി ബജറ്റിന്റെ ധർമമാണ്. മുകളിൽ സൂചിപ്പിച്ച പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക വളർച്ചയും സുസ്ഥിരമായ വികാസവും വിലകയറ്റ നിയന്ത്രണവും ബജറ്റ് ലക്ഷ്യം വെയ്ക്കുന്നു.
ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യത്തിനു മുൻപാകെ അവതരിപ്പിച്ചിരിക്കുന്ന ബജറ്റിനെ വിലയിരുത്തേണ്ടത് കേവലം ബജറ്റ് പ്രഖ്യാപനങ്ങളെ മുന്‍നിർത്തിയാവരുത്. മറിച്ച്, മേൽ സൂചിപ്പിച്ചതുപോലെ ഒരു ബജറ്റിന്റെ നിർവ്വചനത്തിനും ഉദ്ദേശ-ലക്ഷ്യങ്ങളെ മുന്‍നിർത്തിയുമായിരിക്കണം. അതോടൊപ്പം, 2016ന് ശേഷമുള്ള വളർച്ചാ നിരക്കുകളുടെ കണക്കുകളും, കോവിഡ് കാലത്തെ തുടർന്നുണ്ടായ തൊഴിൽ ലഭ്യതയിലുള്ള കുറവും, കുറഞ്ഞുവരുന്ന വ്യക്തികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ചെലവുകൾ, തൊഴിലില്ലായ്മക്കിടയിലും ഉയർന്ന നിരക്കിലുള്ള വിലക്കയറ്റം, വരുമാനത്തിലും സമ്പത്തിലും വർദ്ധിച്ചുവരുന്ന അസമത്വവും പട്ടിണിയും എല്ലാം ബജറ്റിനെ വിലയിരുത്തുന്ന സമയത്തു മനസ്സിൽ തെളിയേണ്ടതുണ്ട്. നിലവിലുള്ള ഇത്തരം സാഹചര്യങ്ങളെ ബജറ്റ് എങ്ങനെ സമീപിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം അതിന്റെ വിലയിരുത്തൽ.
ഔദ്യോഗികമായ ബജറ്റ് രേഖകൾ എല്ലാം തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തിൽ വലിയ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കണോമിക് സർവ്വേ വരുന്ന വര്‍ഷം വളർച്ചാനിരക്ക് 9.2 ശതമാന (കാർഷിക രംഗം- 3.9, വ്യവസായ മേഖല- 11.8, സേവനമേഖല -8.2) നിരക്കിൽ പ്രതീക്ഷിക്കുമ്പോൾ ബജറ്റ് രേഖ 7.8 ശതമാനം സാധ്യതയാണ് രേഖപെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷകാലത്തെ കുറഞ്ഞ വളർച്ചാനിരക്കുമായി ബന്ധപ്പെടുത്തി കണക്കാക്കുമ്പോൾ യഥാർത്ഥ സാമ്പത്തിക വളർച്ച 1.5 നിരക്ക് മാത്രമാണ് എന്നുള്ളതാണ് യാഥാർഥ്യം. കാർഷികമേഖലയടക്കം ഇന്ത്യൻ ജനസംഖ്യയുടെ ഭൂരിഭാഗം ഉൾകൊള്ളുന്ന അസംഘടിത മേഖലയുടെ വളർച്ച ഈ കാലയളവിനെ പരിഗണിക്കുകയാണെങ്കിൽ വളർച്ച നിരക്ക് പൂജ്യത്തിനും താഴെയാണ് എന്നതാണ് ഇക്കണോമിക് സർവേയിലെ തന്നെ കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാവുന്ന സത്യം.
ഇന്ത്യൻ ഇക്കോണമി 'V' ഷേപ്പിൽ , തകർച്ചയിൽ നിന്നും ഒരു പുനര്‍ജീവനം, വളരുന്നു, എന്നുള്ളതാണ് അവകാശം എങ്കിലും യഥാര്‍ത്ഥത്തിൽ വളർച്ചയുടെ കാര്യത്തിൽ 'K" ഷേപ്പ്, ചെറിയ വിഭാഗം സാമ്പത്തികമായി വളർച്ച കൈവരിക്കുമ്പോൾ വലിയ വിഭാഗം ആഘാതത്തില്‍ തന്നെ നിലനിൽക്കുന്നു, എന്നുള്ളതാണ് അനുഭവം.
ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ ഇക്കോണമിയായി വളർത്തും എന്ന 2019ലെ ബജറ്റിലെ പ്രഖ്യാപനം ഓർമ്മപെടുത്തും വിധം യാഥാർഥ്യങ്ങളെ നേരിടാതെ പ്രതീക്ഷകളെ മാത്രം മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങൾ നിറഞ്ഞതാണ് ഈ ബജറ്റും. മൂലധനചിലവ്, ഡിജിറ്റൽ ടെക്നോളജി, ഗ്രീൻ ഇന്ത്യ, മേക് ഇൻ ഇന്ത്യ, ഈസി ഓഫ് ബിസ്സിനസ്സ്, കാലാവസ്ഥാ വ്യതിയാനം, ആത്മനിർഭൻ, നികുതി തുടങ്ങിയവ ബജറ്റ് പ്രസംഗത്തിൽ പ്രകടമായപ്പോൾ സാമൂഹിക ക്ഷേമം, തൊഴിലില്ലായ്മ, പട്ടിണി, ഭക്ഷ്യസുരക്ഷ, അസംഘടിത മേഖല, ദിവസവേതനക്കാർ, കുടിയേറ്റ തൊഴിലാളികൾ, വനിതാവികസനം, യുവജനങ്ങൾ മേഖലകളിൽ വേണ്ടിയിരുന്ന ഇടപെടൽ കുറഞ്ഞുപോയി എന്നുള്ളത് സത്യമാണ്.
ലോകത്തെ വിപണി അധിഷ്ഠിതമായ അമേരിക്ക, ജർമനി, ഫ്രാൻസ് അടക്കമുള്ള ലോകരാജ്യങ്ങൾ പോസ്റ്റ് കോവിഡ് കാലത്തെ നേരിടാൻ ഒരു മൂന്നാം കോവിഡ് ഉത്തേജക പാക്കേജുകളെ പറ്റി ആലോചിക്കുമ്പോൾ തെരെഞ്ഞെടുപ്പ് കാലമായിട്ടുപോലും ഇന്ത്യയിൽ ബജറ്റിൽ റവന്യൂ ചെലവുകൾക്ക് പകരം മൂലധന ചിലവുകൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. സർക്കാർ ഇടപെടലുകൾക്ക് പുതിയ നിർവചനങ്ങൾ രൂപപ്പെടുന്ന ഈ കാലഘട്ടത്തിൽ പോലും ഫലത്തിൽ നാമമാത്രമായ സർക്കാർ ചെലവ് മാത്രമാണ് ബജറ്റ് നിർദേശിച്ചിട്ടുള്ളത്. ബജറ്റിലെ നിർദേശങ്ങളിൽ നിന്നും മനസിലാവുന്നത് സർക്കാരിന്റെ മൊത്തം ചെലവ് 37.7 ലക്ഷം കോടി രൂപയിൽനിന്ന് 39.4 ലക്ഷം കോടി രൂപയായിമാത്രമാണ് വർധിക്കുന്നത്. കേവലം 4.6 ശതമാനംമാത്രം എന്നത് നിലവിലെ പണപ്പെരുപ്പ നിരക്കിനും താഴെയാണ് ഈ വർദ്ധനവ് എന്നുള്ളത് ഫലത്തിൽ മാന്ദ്യകാലത്ത് സർക്കാർ ചെലവ് കുറയുന്നതിന് തുല്യമാണ്. അതുപോലെ ദേശീയ വരുമാനത്തിന്റെ ആനുപാതിക നിരക്കിലും സർക്കാർച്ചെലവ് 17.8 ശതമാനത്തിൽ നിന്നും 15.3 ശതമാനമായി കുറയുകയാണ് ചെയ്തിട്ടുള്ളത്. സർക്കാർ ചിലവിൽ തന്നെ റവന്യൂ ചെലവുകൾ വർധിപ്പിച്ചു കൊണ്ടു നേരിടേണ്ട നിലവിലെ സാഹചര്യത്തെ മൂലധന ചെലവുകൾക്ക് പ്രാധാന്യം നൽകി നേരിടാനാണ് സർക്കാർ ശ്രമിക്കുന്നത്. ലോകരാജ്യങ്ങൾ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 10 ശതമാനം ഉത്തേജക പാക്കേജുകൾക്കു മാത്രമായി ചിലവഴിക്കുന്ന കാലഘട്ടത്തിൽ പോലും ഇന്ത്യ 2 ശതമാനം മാത്രമാണ് ഈ ഇനത്തിൽ ചിലവഴിച്ചിട്ടുള്ളത്.
ബജറ്റിന്റെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത് ക്യാപ്-എക്സ് (Capital Expenditure) അഥവാ മൂലധനച്ചെലവ് രണ്ടു വർഷം മുൻപ് 6.5 ലക്ഷം കോടിയെ അപേക്ഷിച്ചു 10.68 ലക്ഷം കോടി രൂപ ലക്ഷ്യമായി ഉയർത്തി എന്നുള്ളതാണ്. മൂലധനച്ചെലവ് ഉയരുമ്പോൾ ദീർഘകാലയളവിൽ അത് സ്വകാര്യനിക്ഷേപത്തെ ആകർഷിക്കുമെന്നും അതുവഴി രാജ്യം വളർച്ചയിലേക്ക് നയിക്കുമെന്നുള്ളത് യാഥാർഥ്യമാണ്. വലിയ തോതിലുള്ള റോഡ്, റെയിൽവേ, ഇറിഗേഷൻ, ജലപാതകൾ എല്ലാം 'ജസ്റ്റേഷൻ' കാലയളവ് പരിഗണിക്കുമ്പോൾ ദീർഘകാലയളവിൽ വലിയ നേട്ടങ്ങൾക്കു കാരണമാകും. എങ്കിലും നിലനിൽക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരിൽ ദൈനംദിന വിഷയങ്ങളെ ഇതു എത്രമാത്രം സ്വാധീനിക്കും എന്നുള്ളതിൽ സംശയം നിലനിൽക്കുന്നു. ദീർഘകാലത്ത് മൾട്ടീപ്ലയർ ഫലം ഉണ്ടാവും എന്നുള്ളതുകൊണ്ട് മഹാമാരിയുടെ ആഘാതത്തെ മറികടക്കാൻ മൂലധനച്ചെലവ് കൊണ്ട് മാത്രം കഴിയില്ല. കഴിഞ്ഞ ബജറ്റിലെ മൂലധനചിലവുകൾ വഴി ഈ വർഷം എത്രമാത്രം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്?
പ്രതീക്ഷിത മൂലധന ചെലവ് എത്രമാത്രം പ്രയോഗത്തിൽ വരും എന്നുള്ളതും കാത്തിരുന്നു കാണേണ്ടതുണ്ട്. നികുതി-നികുതി ഇതര വരുമാനങ്ങൾ എത്രമാത്രം പ്രയോഗത്തിൽ സാധ്യമാകും എന്നതിനെ ആശ്രയിച്ചുമാത്രമാണ് ഈ മൂലധനചിലവും പ്രയോഗികമാകുകയുളൂ. നികുതി ഇനത്തിൽ തന്നെ പ്രധാന വരുമാനമാർഗമായ കോര്‍പ്പറേറ്റ് നികുതി നിരക്ക് 2017-18 വർഷത്തിൽ ഏകദേശം 35 ശതമാനത്തിൽ നിന്നും 25 ശതമാനത്തിലും താഴെയായി കുറച്ചത് കാരണം ദേശീയ വരുമാനത്തിന്റെ 3.3 ശതമാനമായിരുന്നത് കഴിഞ്ഞവർഷം 2.5 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇതേ കോവിഡ് കാലയളവിൽ ദുരന്തകാലത്തെ അവസരമായി ഉപയോഗപ്പെടുത്തും വൻകിടകോർപ്പറേറ്റ് കമ്പനികളുടെ ലാഭവരുമാനം വലിയ രീതിയിൽ വളർന്നിട്ടുണ്ട് എന്നതും മനസ്സിലാക്കേണ്ടതാണ്. ജി.എസ്സ്.ടി വരുമാനവും മൊത്ത ആഭ്യന്തര ഉല്പാദനവുമായി ബന്ധപ്പെടുത്തുമ്പോൾ 2018-19 ൽ 3.1ശതമാനമായിരുന്നത് 2021-22 കാലയളവിൽ 2.8 ശതമാനമായി കുറയുകയാണ് ചെയ്തിട്ടുള്ളത്.
വലിയ രീതിയിലുള്ള നികുതി വരുമാനത്തിൽ വർദ്ധനവ് ഇല്ലാതെ ലോണുകൾ മാത്രം ആശ്രയിച്ചുകൊണ്ടു മൂലധനചെലവ് വർദ്ധിപ്പിക്കുക എന്നത് ധനകാര്യ കമ്മി കൂടുതൽ പ്രതിസന്ധിയിലേക്കാണ് ചെന്നെത്തിക്കുക. കോവിഡ് മുൻപ് മൊത്തവരുമാനത്തിന്റെ 4.6ശതമാനം ആയിരുന്ന ധനകാര്യകമ്മി 9.2ശതമാനമായി ഉയർന്നിരുന്നു. ഉയർന്ന മൂലധനചിലവ് നിലനിൽക്കുമ്പോഴും ധനകാര്യ കമ്മി 6.4 ശതമാനമായി കുറച്ചുകൊണ്ടുവരണം എന്നതും ബജറ്റിലെ നിർദേശം ആണ്. രണ്ടും പ്രയോഗത്തിൽ ഒന്നിച്ചുകൊണ്ടു വരിക എന്നത് കഴിഞ്ഞ രണ്ടു വർഷക്കാലത്തെ അനുഭവത്തിൽ നിന്നും കോവിഡ് നിലനിൽക്കുന്ന കാലയളവിൽ സാധ്യമാകുമോ എന്നത് സംശയമാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും ഓഹരികളുടെ വില്പനയിൽ പ്രതീക്ഷ അർപ്പിക്കുമ്പോഴും ബജറ്റ് രേഖകൾ തന്നെ പറയുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ കാലയളവിൽ കൂടുതൽ വരുമാനം ഇതുവഴി സാധ്യമല്ല എന്നത് തന്നെയാണ്.
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഓക്സ്ഫാം റിപ്പോർട്ട് ('Inequality Kills') പ്രകാരം ഇന്ത്യയിലെ അസംഘടിത മേഖലയിലെ 84 ശതമാനം വരുന്ന ജനവിഭാഗങ്ങളുടെ കോവിഡ് കാലത്തെ കുടുംബവരുമാനം കുറവ് വന്നപ്പോൾ, ഇന്ത്യയിലെ സമ്പന്നരുടെ വരുമാനം ഇതേകാലയളവിൽ റിക്കോർഡ് വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 100 ഇന്ത്യൻ ധനികരുടെ ആളുകളുടെ വരുമാനവും ജനസംഖ്യയുടെ പകുതിയിൽ അധികം വരുന്ന ജനവിഭാഗത്തിന്റെ വരുമാനവും തുല്യമായിരിക്കുന്ന കാലയളവിലാണ് കോര്‍പ്പറേറ്റ് നികുതിയിൽ ഇളവുകൾ അനുവദിക്കുന്നത്.
കാർഷിക മേഖലയെ ആശ്രയിക്കുന്ന ഭൂരിപക്ഷം ജനങ്ങളുടെയും വരുമാനം ആറു വർഷംകൊണ്ട് ഇരട്ടിയാക്കും എന്നുള്ള ഒരു ബജറ്റ് പ്രഖ്യാപനം 2016ൽ നടത്തിയിരുന്നു. ഈ പ്രഖ്യാപനത്തെ തന്നെ മറന്നുകൊണ്ട്, കാർഷികമേഖലയുടെ യഥാർത്ഥ വളർച്ചാനിരക്ക് തന്നെ നിശ്ചലമായിരിക്കുന്ന അവസരത്തിൽ, ബജറ്റിൽ കാർഷിക മേഖലയിലെ ചെലവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ( 4.3 ശതമാനം) 3.8 ശതമാനമായി കുറക്കുകയാണ് ചെയ്തിരിക്കുന്നത്. വള സബ്‌സിഡി ഇനത്തിൽ മാത്രം 34,900 കോടി (25%) കുറവാണ് ഈ ബജറ്റിൽ നിർദേശിച്ചിരിക്കുന്നത്. ഗ്രാമീണ ജനതയുടെ തൊഴിൽലഭ്യത കുറഞ്ഞു എന്നുള്ള കണക്കുകൾ നിലനിൽക്കെയാണ് അവരുടെ വരുമാനത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന തൊഴിലുറപ്പു പദ്ധതി വിഹിതം 25 ശതമാനം കുറവ് (98,000 കോടിയിൽ നിന്നും 73,000 കോടി) നിർദേശിച്ചത്. തൊഴിലുറപ്പു പദ്ധതിയിൽ തന്നെ 3,358 കോടി രൂപ കൂലി ഇനത്തിൽ വിതരണം ചെയ്യാൻ ബാക്കി കിടക്കുന്നത് കാരണം ഈ വർഷത്തെ പദ്ധതി വിഹിതം പ്രയോഗത്തിൽ ഇതിലും കുറവായിരിക്കും എന്നുള്ളതാണ് സത്യം.
ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രയോഗത്തിൽ ഈ വർഷംതന്നെ എത്രമാത്രം സാധ്യമാണെന്നുള്ളതിൽ സംശയം നിലനിൽക്കുന്നു. കോവിഡ് സാഹചര്യത്തിൽ വിദ്യഭ്യാസ രംഗത്ത് പുത്തൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഒരു ക്ലാസ്സിന് ഒരു ടി.വി. ചാനൽ നിർദ്ദേശം സ്വാഗതപരമെങ്കിലും നിലനിൽക്കുന്ന ഡിജിറ്റൽ ഡിവൈഡ് എന്ന യാഥാർഥ്യത്തെ മറി കടന്നുകൊണ്ടു മാത്രമേ ഫലപ്രദമാകുകയുള്ളു. ഡിജിറ്റൽ വിദ്യാഭ്യാസത്തിനു അനുവദിച്ചിട്ടുള്ള തുക ( 421കോടി) കഴിഞ്ഞ വര്‍ഷത്തേതിൽ നിന്നും കുറവാണു (645 കോടി) എന്നുള്ളതും വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ വർഷം വകയിരുത്തിയിരിക്കുന്ന 93,244 കോടി രൂപയിൽ ചിലവഴിച്ചിരിക്കുന്നത് ഏകദേശം 56,567 കോടി രൂപ മാത്രമാണെന്ന വിദ്യാഭ്യസ മന്ത്രാലയത്തിന്റെ മറുപടിയും ബജറ്റ് പ്രഖ്യാപനങ്ങളുടെ യഥാർത്ഥ മുഖങ്ങൾ ആണ്.
പ്രഖ്യാപനം കൊണ്ട് ശ്രദ്ധേയമായ മറ്റൊരു കാര്യം 'ഒരു ഭൂമി ഒരു രജിസ്‌ട്രേഷൻ' എന്ന ഭൂമിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ടതാണ്. ഭൂ-നികുതി എന്നുള്ളത് സംസ്ഥാന വിഷയമാണെന്നുള്ള കാര്യവും ഭൂവിവരങ്ങളുടെ ഡിജിറ്റലൈസേഷൻ എന്നത് കേരളത്തിൽ പോലും വർഷങ്ങൾ എടുത്തുകൊണ്ടാണ് അവസാന ഘട്ടത്തിൽ പ്രവേശിച്ചിരുന്നത് എന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.
മഹാമാരിയുടെ പശ്ചാത്തലത്തിൽ പോലും റവന്യൂ ചെലവ് വലിയ രീതിയിൽ വർധിപ്പിക്കാത്തതിനുള്ള പ്രധാന കാരണമായി പറയുന്നത് ഫിസിക്കൽ ധനകമ്മി വർദ്ധിക്കും എന്നുള്ളതാണ്. ധനകമ്മിയെ നേരിടാനും സാമ്പത്തിക അസമത്വം പരിഹരിക്കാനും അനുയോജ്യമായിട്ടുള്ള നികുതി നിർദേശങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഇല്ല എന്നുള്ളതും യാഥാർഥ്യമാണ്.
സാമ്പത്തിക അസമത്വം കുറച്ചുകൊണ്ടുവരിക എന്നുള്ളത് ബജറ്റിന്റെ മറ്റൊരു ലക്ഷ്യമാണ്. സാമ്പത്തിക അസമത്വം പരിഹരിക്കാനോ, ധനകമ്മിയെ നേരിടാനോ അനുയോജ്യമായിട്ടുള്ള നികുതി നിർദേശങ്ങൾ ഒന്നും തന്നെ ബജറ്റിൽ ഇല്ല. സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെയും, സംവിധാനങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കുന്നതിൽ ബജറ്റ് ഉപയോഗപ്പെടുത്തുന്നതിന് പകരം ഇത്തരം സ്ഥാപനങ്ങളെ സ്വാകാര്യവൽക്കരണത്തിനുള്ള വേദിയാക്കി ബജറ്റിനെ മാറ്റുകയാണ് ചെയ്തിരിക്കുന്നത്.
ഏറ്റവും അവസാനമായി വന്ന കണക്കുകൾ പ്രകാരം , ഇന്ത്യൻ സമ്പദ് വിഭവങ്ങളുടെ 57 ശതമാനവും ധനികരായ 10 ശതമാനം ആളുകളുടെ അധീനതയിൽ ആണെന്നും താഴെത്തട്ടിലുള്ള പകുതിവരുന്ന ജനവിഭാഗങ്ങളുടെ സമ്പത്തിന്റെ 13 ശതമാനം മാത്രമാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത് എന്നും ഓർത്തുകൊണ്ട് മാത്രം എല്ലാ ബജറ്റിനെ വിലയിരുത്തുക.