ഋഷി സുനക്; ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന അതിസമ്പന്നന്‍
പഞ്ചാബി പാരമ്പര്യമുള്ള ഋഷി സുനകിനാണ് ബ്രിട്ടന്റെ കുരുക്കഴിക്കുന്നതിനുള്ള അടുത്ത നറുക്ക്. ബ്രിട്ടനും അവിടത്തെ കൺസർവേറ്റിവ് പാർട്ടിയും നേരിടുന്ന പ്രതിസന്ധികൾ തുടരുന്ന വേളയിലാണ് സുനകിന്റെ ഊഴം വരുന്നത്. 2016ൽ യൂറോപ്യൻ യൂണിയൻ വിട്ടതുമുതൽ തുടങ്ങിയ ബ്രിട്ടന്റെ റോളർ കോസ്റ്റർ റൈഡിന്റെ മുൻസീറ്റിൽ ഇനി ഋഷി സുനക് ആയിരിക്കും. മുമ്പ് ബോറിസ് ജോൺസൺ മന്ത്രി സഭയിൽ ധനകാര്യ മന്ത്രിയായിരുന്ന സുനക് സാമ്പത്തിക കാര്യത്തിൽ കടുത്ത യാഥാസ്ഥിതിക കാഴ്ചപ്പാടുള്ളയാൾ എന്നാണ് അറിയപ്പെടുന്നത്. സാമ്പത്തിക നയത്തിൽ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഒട്ടുംതന്നെ അവധാനതയില്ലാത്ത മിനി ബജറ്റ് അവതരിപ്പിച്ചതാണ് ലിസ് ട്രസ്സിനെ കുഴപ്പത്തിൽ ചാടിച്ചത്. അത് കൊണ്ട് തന്നെ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളിൽ ഉറച്ചു നിൽക്കുന്ന സുനകിന് പ്രധാന മന്ത്രിയാകുന്നതിൽ സ്വന്തം പാർട്ടിയിൽ നിന്ന് വലിയ പിന്തുണ ലഭിച്ചു.
ദക്ഷിണ ഏഷ്യൻ വംശജൻ എന്ന കാര്യം ഒഴിച്ചാൽ ഋഷി സുനകും ബ്രിട്ടനിലെ മറ്റ് മുൻനിര കൺസർവേറ്റിവ് രാഷ്ട്രീയക്കാരും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. ബ്രിട്ടനിലെ തന്നെ ഏറ്റവും ചിലവേറിയ സ്‌കൂളുകളിൽ ഒന്നായ വിൻചെസ്റ്ററിൽ നിന്നാണ് ഋഷി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിന് ശേഷം ഓക്സഫോർഡ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സ്, ഫിലോസഫി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ബിരുദം സമ്പാദിച്ചു. തുടർന്ന് സാമ്പത്തിക മേഖലയിൽ ജോലി ചെയ്യുകയും പിന്നീട് യുഎസ്സിലെ സ്റ്റാൻഫോർഡിൽ നിന്ന് എംബിഎ ബിരുദം നേടുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് കുടിയേറുന്ന സാധാരണക്കാർക്ക് പ്രാപ്യമാകാത്ത തരത്തിലുള്ള അവസരങ്ങളാണ് ഋഷിക്ക് ലഭിച്ചതെന്ന് വ്യക്തം. മാത്രമല്ല, താൻ സാധാരണക്കാരുടെയും തൊഴിലാളികളുടെയും തോഴനല്ല എന്ന കാര്യവും സുനക് വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇന്ത്യൻ ശതകോടീശ്വരനും ഇൻഫോസിസ് സഹസ്ഥാപകനുമായ എൻ ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് ഋഷി വിവാഹം ചെയ്തിരിക്കുന്നത്. ഇൻഫോസിസിൽ 0.91% ഓഹരി അക്ഷയതയുടെ പേരിലുണ്ട്. ഇരുവർക്കുമായി 730 ദശലക്ഷം പൗണ്ടിന്റെ ആസ്തിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഒരുപക്ഷെ ഹൗസ് ഓഫ് കോമൺസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും സമ്പന്നനായ അംഗമാവാം ഋഷി എന്ന് ദ വയർ റിപ്പോർട്ട് ചെയ്യുന്നു. ലിസ് ട്രസ്സ് മന്ത്രിസഭയിലും ബ്രിട്ടനിലെ ന്യൂനപക്ഷ പ്രാതിനിധ്യം ഉണ്ടായിരുന്നു. എന്നാൽ അവരും സുനകിനെ പോലെതന്നെ സമ്പന്നവും വരേണ്യവുമായ ചുറ്റുപാടിൽ നിന്നുള്ളവരായിരുന്നു. ബ്രിട്ടിഷ് കൺസർവേറ്റിവ് പാർട്ടിയുടെ മുൻ നിരയിൽ ന്യൂനപക്ഷ മുഖങ്ങളുണ്ട്. എങ്കിലും, അവരാരുംതന്നെ സാധാരണ കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്നവരല്ല എന്നാണ് ഇത് നൽകുന്ന സൂചന.
2001ൽ ബിബിസി ഡോക്യമെന്ററിയിൽ സംസാരിക്കവെ തനിക്ക് തൊഴിലാളി വർഗ്ഗത്തിൽപെട്ട സുഹൃത്തുക്കളൊന്നുമില്ല എന്നാണ് ഋഷി പറഞ്ഞത്. സാധാരണക്കാരുടെ ഇടയിൽ സ്വീകാര്യത ഉണ്ടാക്കുന്നതിനായി സുനക് നടത്തിയ പിആർ സ്റ്റണ്ടുകളും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. സമ്പന്നരായ ഋഷിയും അക്ഷതയും നികുതി അടയ്ക്കുന്നതിൽ വെട്ടിപ്പ് നടത്തിയെന്ന വാർത്തയും ബ്രിട്ടനിൽ വലിയ ചർച്ചയായിരുന്നു. ബ്രിട്ടനിൽ സ്ഥിര താമസക്കാരിയല്ല എന്ന് അവകാശപ്പെട്ടിരുന്ന അക്ഷത അതിലൂടെ വിദേശ വരുമാനത്തിന് ബാധകമായ നികുതിയിൽ നിന്ന് സ്വയം ഒഴിവാകുകയായിരുന്നു. 20 ലക്ഷം പൗണ്ട് നികുതി ഒടുക്കേണ്ട സ്ഥാനത്ത് വെറും 30,000 പൗണ്ട് മാത്രമാണ് അക്ഷത അടച്ചിരുന്നത് എന്ന് ദി ഗാർഡിയൻ പറയുന്നു. ഇത് വലിയ വാർത്തയായതോടെ ഋഷിയുടെ രാഷ്ട്രീയ ജിവിതം പ്രതിസന്ധിയിലായി. താൻ നികുതി അടയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കില്ല എന്ന തീരുമാനം അക്ഷത കൈക്കൊണ്ടതോടെയാണ് വിവാദം അടങ്ങിയത്.
ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന ഋഷി, കോവിഡ് കാലത്തെ സാമ്പത്തിക നടപടികളിലൂടെ ശ്രദ്ധ നേടിയെടുത്തു. ബിസിനസുകൾക്കും മറ്റും ആവശ്യമായ ഇളവുകൾ അനുവദിച്ച ഋഷിയുടെ സാമ്പത്തിക നീക്കങ്ങൾ, സാധാരണ കുടുംബങ്ങൾക്ക് പിടിച്ച് നിൽക്കുന്നതിനുള്ള വരുമാനം ഉറപ്പു വരുത്തുന്നതിൽ പരാജയമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് വരാനുള്ള തീരുമാനം ഉണ്ടായതുമുതൽ ബ്രിട്ടൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. രാഷ്ട്രീയ-സാമ്പത്തിക വിദഗ്ധർ പലരും ബ്രെക്സിറ്റ് തീരുമാനത്തെ അബദ്ധമെന്നാണ് വിശേഷിപ്പിച്ചത്. യുഎസ്സിൽ ഡോണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഉയർന്നു വന്നതിന് സമാനമായ വലതുപക്ഷ തീവ്ര ദേശീയതയുടെ ഉൽപ്പന്നമായിരുന്നു ബ്രെക്സിറ്റും. യൂറോപ്യൻ യൂണിയന്റെ ഭാഗമാകുമ്പോൾ മറ്റ് യൂറോപ്പ് പൗരന്മാർക്ക് എളുപ്പത്തിൽ വിസയും മറ്റും നൽകുന്നത് ബ്രിട്ടനിലെ വലതുപക്ഷത്തിന് ഏറെ അലോസരം സൃഷ്ടിച്ചിരുന്നു. അത്തരമൊരു വികാരത്തിന്റെ ഭാഗമായി ഉയർന്നുവന്ന ബ്രെക്സിറ്റ് ആവശ്യത്തിനുമേൽ റെഫറണ്ടം നടക്കുകയും, ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന നിലപാട് നേരീയ ഭൂരിപക്ഷത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തു.
തീവ്ര ദേശീയതുടെയും പോസ്റ്റ് ട്രൂത്ത് പ്രചരണങ്ങളുടെയും ഉത്തമ ഉദാഹരണമായി ബ്രെക്സിറ്റ് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നു. യൂറോപ്യൻ യൂണിയനുമായി ഇഴചേർന്ന് കിടന്നിരുന്ന സാമ്പത്തിക, വ്യാപാര, ഉൽപ്പാദന, തൊഴിൽ മേഖലകളെ വേർപെടുത്തുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു. അക്കാലം മുതൽ ബ്രിട്ടീഷ് സമ്പദ്ഘടനയിൽ തുടങ്ങിയ ഉലച്ചിൽ ഇപ്പോഴും തുടരുകയാണ്. തുടർന്നുണ്ടായ കോവിഡ് മഹാമാരിയും, ഇപ്പോൾ യൂറോപ്പിനെയും ലോകത്തെയും അലട്ടുന്ന യുക്രെയ്ൻ യുദ്ധവും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. വിലക്കയറ്റവും ഊർജ പ്രതിസന്ധിയും രാജ്യത്തെ ഓരോ കുടുംബത്തെയും അലട്ടുകയാണ്. ജീവിത ചെലവ് താങ്ങാനാവാതെ വന്നതോടെ ജനസംഖ്യയുടെ നാലിലൊന്ന് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നതായി റോയിറ്റേഴ്സ് പറയുന്നു. ഇതിലും വലിയ പ്രതിസന്ധികളാണ് ഇനിയങ്ങോട്ടും ബ്രിട്ടന്റെ മുന്നിലുള്ളത്. ശൈത്യം ശക്തിപ്പെടുന്നതോടെ വീടുകളിൽ ഹീറ്റർ പ്രവർത്തിക്കുന്നതിന് വാതക ഇന്ധനം അധികമായി ആവശ്യം വരും. എന്നാൽ ലോകത്തെ പ്രകൃതി വാതക ഉൽപ്പാദകരിൽ പ്രധാനിയായ റഷ്യ യുക്രെയ്നുമായി യുദ്ധം തുടങ്ങിയതോടെ പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളും, യുഎസ്സും സാമ്പത്തിക ഉപരോധം കൽപ്പിച്ചിരിക്കുകയാണ്. ഇതോടെ റഷ്യയുമായുള്ള വിവിധ രാജ്യങ്ങളുടെ വാതക ഇടപാടുകൾ അവതാളിത്തിലായി. ലോകത്താകമാനം വാതക വില ഉയരുന്നതിന് ഈ സാഹചര്യം കാരണമായിരിക്കുകയാണ്. മാത്രമല്ല, ബ്രിട്ടിഷ് സർക്കാരിന്റെ മെഡിക്കൽ കെയർ ശൃംഖലയായ നാഷണൽ ഹെൽത്ത് സർവീസും (എൻഎച്ച്എസ്) ഫണ്ടിന്റെയും അവശ്യ സാധനങ്ങളുടെയും ലഭ്യതക്കുറവിൽ ഉലയുകയാണ്.
ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് ഋഷി സുനക് പ്രധാന മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ലിസ് ട്രസ്സിനെ പോലെ എടുത്ത് ചാട്ടങ്ങളോ ധൃതിയിലുള്ള നടപടികളോ സുനകിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ സാധ്യത തീരെയില്ല. ധനകാര്യ മന്ത്രി എന്ന നിലയിലുള്ള സുനകിന്റെ പ്രവൃത്തികൾ പരിശോധിക്കുമ്പോൾ, ജന ജീവിതത്തിന് താങ്ങാവുന്ന നടപടികളും ഈ അതിസമ്പന്നനായ യാഥാസ്ഥിതികനിൽ നിന്ന് ഉണ്ടാകാൻ ഇടയില്ല എന്ന് വിലയിരുത്താനാകും.