TMJ
searchnav-menu
post-thumbnail

Outlook

പ്രതിഷേധമിരമ്പുന്ന ഇറാൻ

01 Oct 2022   |   1 min Read
Dr. Dilna B Sreedhar

ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളെ മുൻനിർത്തി Across The Globe ചർച്ച ചെയ്ത വീഡിയോയുടെ ലിഖിത രൂപം

റാനിയൻ മത പോലീസിനെതിരായ ജനങ്ങളുടെ പ്രതിഷേധം അനുദിനം ശക്തി പ്രാപിക്കുകയാണ്. പ്രതിഷേധത്തിനിടെ 83 പേർ മരണപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. ആളിപ്പടരുന്ന പ്രതിഷേധം സെലിബ്രെറ്റികൾക്കും മാധ്യമപ്രവർത്തകർക്കും മേലുൾപ്പെടെ സമ്മർദ്ദം ചെലുത്തുകയാണ്. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയവരുടെ പ്രതിഷേധ ചൂടിൽ വേവുകയാണ് മതാധിഷ്ഠിത ഭരണകൂടവും ഇറാനും.

2022 സെപ്റ്റംബർ 13 നാണ് നിലവിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ആസ്‍പദമായ സംഭവം നടക്കുന്നത്. അനുയോജ്യമല്ലാത്ത വസ്ത്രധാരണത്തിന്റെ പേരിൽ മാഹ്‌സ അമീനി എന്ന 22 വയസ്സുള്ള കുർദിഷ് പെൺകുട്ടിയെ ടെഹ്റാനിൽ വച്ച് ഇറാനിയൻ മത പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനു ശേഷം ഗൈഡൻസ് സെന്ററിലേക്ക് മാറ്റപ്പെട്ട മാഹ്‌സ കുഴഞ്ഞു വീണതിനെ തുടർന്ന് കോമയിലാവുകയും മൂന്നു ദിവസങ്ങൾക്ക് ശേഷം സെപ്തംബര് 16നു മരണപ്പെടുകയും ചെയ്‌തു. പോലീസിന്റെ ക്രൂരമായ മർദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് മാഹ്‌സയുടെ കുടുംബം ആരോപണങ്ങളുയർത്തി. മാഹ്‌സ പൂർണ ആരോഗ്യവതിയായിരുന്നുവെന്നും അവളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുമായി പങ്കുവെച്ചിട്ടില്ലെന്നും പറയുന്ന കുടുംബം സംസ്കാര ചടങ്ങുകൾ അർദ്ധരാത്രിയിൽ നടത്താനും മരണത്തെക്കുറിച്ച് മിണ്ടാതിരിക്കാനും ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിരുന്നു എന്നും ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് മാഹ്‌സ അമീനിയുടെ മരണത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ പോലീസ് മർദിച്ചെന്നും മോശമായി പെരുമാറുകയും ചെയ്തുവെന്ന ആരോപണം അധികൃതർ നിഷേധിച്ചു.

മാഹ്‌സ അമീനി | Photo: wiki commons

1979 ഇലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം നിലവിൽ വന്ന നിയമങ്ങളനുസരിച്ചു ഇറാനിയൻ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും വീടിന് പുറത്ത് ജോലി ചെയ്യാനും ഉള്ള അവകാശങ്ങളുണ്ട്. എന്നാൽ സ്ത്രീകൾ മുടി മറയ്ക്കണമെന്നും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദ്ദേശിക്കുന്നതാണ് ഇറാന്റെ ഹിജാബ് നിയമം. ഹിജാബ് നിയമത്തിന്റെ നടത്തിപ്പിൽ മത പോലീസിന്റെ ഇടപെടലുകൾക്ക് എതിരേയുണ്ടായ ആരോപങ്ങൾ മൂലം 2017 ൽ ഹസൻ റൂഹാനിയുടെ പ്രസിഡണ്ടായിരിക്കെ ഈ നിയമത്തിൽ ഇളവുവരുത്തിയിരുന്നു. 2021 ഇൽ പ്രസിഡന്റ് ഇബ്രാഹിം റൈസി അധികാരത്തിൽ വന്നതിനു ശേഷം നടത്തിയ ഉത്തരവനുസരിച്ചു ഈ നിയമം വീണ്ടും കർശനമായി നടപ്പിലാക്കാൻ ശ്രമിക്കുകയാണ് ഗഷ്ത്-ഇ എർഷാദ് അഥവാ ഇസ്ലാമിക് ഗൈഡൻസ് പട്രോൾ എന്നറിയപ്പെടുന്ന ഇറാനിയൻ മത പോലീസ്.

ഇസ്‌ലാമിക് പീനൽ കോഡിലെ ആർട്ടിക്കിൾ 638 പ്രകാരം ശിരോവസ്ത്രം ധരിക്കാതെ സ്ത്രീകൾ തെരുവുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്നത് കുറ്റകരമാണ്. എന്നാൽ ഈ നിയമ പ്രകാരം വാറന്റില്ലാതെ പൗരന്മാരെ അറസ്റ്റ് ചെയ്യാൻ പോലീസിന് ഏകപക്ഷീയമായ അവകാശമുണ്ടോ എന്നത് ഇറാനിൽ തർക്കവിഷയമാണ്. ഹിജാബ് നിയമങ്ങൾക്കെതിരെ ഇതിന് മുൻപും ഇറാനിൽ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട് . 2014 ൽ ഇറാനിയൻ സ്ത്രീകൾ "MY STEALTHY FREEDOM " എന്ന ഓൺലൈൻ പ്രതിഷേധ കാമ്പെയ്‌നിന്റെ ഭാഗമായി ഹിജാബ് നിയമങ്ങൾ പരസ്യമായി ലംഘിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. തുടർന്ന് ഉണ്ടായ "WHITE WEDNESDAYS", 2017 മുതൽ നടന്ന "GIRLS OF ENGHALAB " എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രതിഷേധ പ്രസ്ഥാനങ്ങൾക്ക് അവ പ്രചോദനമായിരുന്നു.

ഇസ്ലാമിക് റിപ്പബ്ലിക്കിന് കീഴിൽ അടിച്ചമർത്തപ്പെട്ട പൗരാവകാശ നിയമങ്ങൾ, അന്താരാഷ്ട്ര ഉപരോധങ്ങളാൽ വലയുന്ന ഇറാന്റെ സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ മുൻപേ തന്നെ നിലനിൽക്കുന്ന ജനരോഷം ഈ സംഭവത്തോടെ രൂക്ഷമാവുകയാണ്.

മാഹ്‌സയുടെ മരണം ഇറാനിൽ വലിയ പ്രക്ഷോഭങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും മത നിയമങ്ങൾ അക്രമത്തിലൂടെ നടപ്പിലാക്കുന്ന മത പോലീസിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നിലവിലെ പ്രതിഷേധങ്ങൾ. ഇസ്ലാമിക് റിപ്പബ്ലിക്കിന് കീഴിൽ അടിച്ചമർത്തപ്പെട്ട പൗരാവകാശ നിയമങ്ങൾ, അന്താരാഷ്ട്ര ഉപരോധങ്ങളാൽ വലയുന്ന ഇറാന്റെ സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ മുൻപേ തന്നെ നിലനിൽക്കുന്ന ജനരോഷം ഈ സംഭവത്തോടെ രൂക്ഷമാവുകയാണ്. മാഹ്‌സയുടെ ജന്മനാടായ കുർദിസ്താനിലെ സാഖസിൽ നിന്നും 50 ഓളം നഗരങ്ങളിലേക്കും ടെഹ്‌റാൻ സർവകലാശാല ക്യാമ്പസ്സുകളിലേക്കും വ്യാപിച്ച പ്രതിഷേധം മുൻകാലങ്ങളിലേതു പോലെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുകയാണ് നിലവിൽ ഇറാനിയൻ സർക്കാർ. അക്രമത്തിൽ ഇത് വരെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളായ ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ ഉപയോഗം ഇറാൻ ഭരണകൂടം നിരോധിച്ചുവെന്നാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന NetBlocks റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിൽ മൊബൈൽ ഫോൺ സേവനങ്ങളും തടസപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും കർശനമായ ഇന്റർനെറ്റ് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഇറാൻ. യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ മുൻപേ തന്നെ നിരോധനം നേരിടുന്ന ഇറാനിൽ കൂടുതൽ നിരോധനങ്ങൾ വരുന്നത് വിശ്വസനീയമായ വാർത്ത റിപ്പോർട്ടിങ്ങിനു തടസ്സമാവുക തന്നെ ചെയ്യും. 2019 നവംബറിലെ ഇന്ധന പ്രക്ഷോഭങ്ങൾക്കും തുടർന്നുണ്ടായ മഹ്‌ഷർ കൂട്ടക്കൊലയ്ക്കും ശേഷം ഇതാദ്യമായാണ് ഇറാൻ ജനത ഇത്തരം കടുത്ത ഇന്റർനെറ്റ് നിയന്ത്രണങ്ങൾക്ക് വിധേയരാകുന്നത്.

Representational image: wiki commons

1925 മുതൽ 1979 വരെ ഏകദേശം 54 വർഷം ഇറാൻ പെഹ്‌ലവി രാജവംശത്തിന്റെ കീഴിലായിരുന്നു. 1936 ൽ ഇറാൻ ഭരിച്ചിരുന്ന റെസാ ഷാ ഇറാനിൽ ഹിജാബും ബുർഖയും നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിൽ വഴിത്തിരിവായ തീരുമാനമായിരുന്നു ഇത്. 1963 ൽ റെസ ഷായുടെ മകൻ മുഹമ്മദ് റെസ പെഹ്‌ലവി white revolution എന്ന പേരിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഭൂപരിഷ്കരണവും സ്ത്രീകൾക്ക് വോട്ടവകാശം ഉറപ്പാക്കുന്നതുൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെട്ടിരുന്നു. പുതിയ പരിഷ്കാരങ്ങൾ ഇറാനിലെ മത പുരോഹിതന്മാരുടെ രൂക്ഷമായ വിമർശനങ്ങൾ ഏറ്റു വാങ്ങി. ആയത്തൊള്ള റുഹൊള്ള ഖൊമയ്നി എന്ന ഇസ്ലാമിക മത പണ്ഡിതൻ ഇറാന്റെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത് ഈ സാഹചര്യത്തിലായിരുന്നു. ഖൊമയ്നി പെഹ്‌ലവി കുടുംബത്തിന്റെ കടുത്ത വിമർശകനായി മാറുകയും ഇതിന്റെ പേരിൽ പിന്നീട് നാടു കടത്തപ്പെടുകയും ചെയ്തു.

1973 ൽ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലത്തകർച്ച ഇറാന്റെ സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായി. തുടർന്നുണ്ടായ പണപ്പെരുപ്പവും രൂക്ഷമായ തൊഴിലില്ലായ്മയും ജനങ്ങളെ രാജഭരണത്തിന് എതിരാക്കി മാറ്റി. 1970കളുടെ അവസാനമായപ്പോഴേക്കും ഇറാനിലെ ഭൂരിപക്ഷം ജനങ്ങളും മത പുരോഹിതരുടെ നേതൃത്വത്തിൽ രാജഭരണത്തിന് എതിരായി തെരുവിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു. ഈ സാഹചര്യം മുതലെടുത്ത് കൊണ്ട് ആയത്തൊള്ള ഖൊമയ്നി ഇറാനിൽ ഇസ്ലാമിക വിപ്ലവത്തിന് ആഹ്വാനം ചെയ്തു. പ്രക്ഷോഭങ്ങൾക്കിടയിൽ 1979 ഫെബ്രുവരിയിൽ റെസ പെഹ്‌ലവി അമേരിക്കയിലേക്ക് പലായനം ചെയ്തു. അതേ വർഷം ഏപ്രിലിൽ ഇറാനിൽ തിരിച്ചെത്തിയ ഖൊമയ്നി പുതിയ സർക്കാർ സ്ഥാപിക്കുകയും ഇറാനെ ഇസ്ലാമിക റിപ്പബ്ലിക്ക് ആയി പ്രഖ്യാപിക്കുകയും ചെയ്തു.

ഇസ്ലാമിക വിപ്ലവം മുന്നോട്ട് വെച്ചത് ഫ്യൂഡലിസത്തിൽ നിന്നുള്ള സ്വാതന്ത്യമായിരുന്നെങ്കിൽ ഇന്ന് നടക്കുന്ന പ്രതിഷേധങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും എന്നുറപ്പാണ്.

ഒരൊറ്റ രാത്രി കൊണ്ടാണ് ഇറാൻ സ്വാതന്ത്യത്തിൽ നിന്നും ശരീയത്തു നിയമത്തിലേക്ക് നടന്നു കയറിയത്. സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും പുരുഷന്മാരോട് ഇടപഴകാൻ സ്വാതന്ത്ര്യവും ഉണ്ടായിരുന്ന ഇറാനെ ഇസ്ലാമിക വിപ്ലവം മാറ്റി മറിച്ചു എന്ന് തന്നെ പറയാം. 1979 മാർച്ച് അവസാനം നടന്ന റഫറണ്ടത്തിൽ 98 ശതമാനത്തിലധികം ആളുകളും ഇറാനെ ഇസ്ലാമിക് റിപ്പബ്ലിക് ആക്കുന്നതിന് അനുകൂലമായാണ് വോട്ട് ചെയ്തത്. തുടർന്ന് ശരീഅത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഭരണഘടന രൂപീകരിക്കാനാരംഭിച്ചു. പ്രതിപക്ഷം ഇതിനെ എതിർത്തെങ്കിലും 1979 അവസാനത്തോടെ പുതിയ ഭരണഘടന അംഗീകരിക്കപ്പെട്ടു. ഇതിനു ശേഷമാണ് ഇറാനിൽ ശരിയത്ത് നിയമം നിലവിൽ വരുന്നത്.

അയത്തുള്ള റുഹോല്ല ഖൊമേനിയുടെ പിൻഗാമി അലി ഖൊമേനിയാണ് ഇന്ന് ഇറാന്റെ പരമാധികാരി. പരമോന്നത നേതാവ് എന്ന നിലയിൽ, ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ അധികാരിയാണ് ഖൊമേനി. ഇറാന്റെ രാഷ്ട്രത്തലവൻ, സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് എന്നതിപുലരി സാമ്പത്തികം, വിദേശനയം, ദേശീയ ആസൂത്രണം തുടങ്ങി സകല മേഖലകളിലെയും സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ അന്തിമ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം പരമാധികാരിക്കാണ്. ഇറാനിൽ നിലവിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഇറാനിലെ മത ഭരണകൂടത്തിന് എന്തെങ്കിലും ഇളക്കം തട്ടിക്കാൻ കഴിയുമോ എന്നതാണിവിടെ ഉയരുന്ന ചോദ്യം.

representational image: Wiki commons

ഇറാന്റെ ഭരണകക്ഷിയായ മതപുരോഹിതന്മാർ നിരവധി പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയവരാണ്. 2009-ൽ രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം രൂപംകൊണ്ട ഗ്രീൻ മൂവ്മെന്റിനു വേണ്ടി ദശലക്ഷക്കണക്കിന് ഇറാനികൾ തെരുവിലിറങ്ങിയിരുന്നു. റവല്യൂഷണറി ഗാർഡും ബാസിജ് മിലിഷ്യയും ഉപയോഗിച്ചു ഇറാൻ സർക്കാർ ക്രൂരമായി ഇവയെ അടിച്ചമർത്തി. പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കി. അന്നത്തെ പ്രതിഷേധങ്ങളുടെ ഐക്കണായി മാറിയത് വെടിയേറ്റ് മരിച്ച നേദ ആഘ-സോൾട്ടൻ എന്ന 27 കാരിയായിരുന്നു.

മാഹ്‌സ അമീനി ഇന്ന് ജീവിച്ചിരിപ്പില്ല. അവളുടെ അനുഭവം മറ്റൊരാൾക്കുണ്ടാവാതിരിക്കാനുള്ള നിലവിലെ പ്രതിഷേധങ്ങൾക്ക് എത്രത്തോളം ആയുസ്സുണ്ടാവുമെന്ന് പറയാനാവില്ല. ഇസ്ലാമിക വിപ്ലവം മുന്നോട്ട് വെച്ചത് ഫ്യൂഡലിസത്തിൽ നിന്നുള്ള സ്വാതന്ത്യമായിരുന്നെങ്കിൽ ഇന്ന് നടക്കുന്ന പ്രതിഷേധങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും എന്നുറപ്പാണ്. ഒരു മതാത്മക ഏകാധിപത്യ രാജ്യത്ത് പൗരാവകാശങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനും എന്ത് വിലയാണ് ലഭിക്കുകയെന്നതിനു മറ്റൊരു ഉദാഹരണമായി മാറുകയാണ് ഇറാനിലെ സംഭവങ്ങൾ.

Leave a comment