TMJ
searchnav-menu

സഹർ ഖൊദ്യാരി; മരണമേറ്റ് വാങ്ങിയ ഫുട്ബോൾ ആരാധിക

15 Sep 2022   |   1 min Read
അനിറ്റ് ജോസഫ്‌

ന്റെ ഇഷ്ട ടീമായ ഇസ്തഖ്‌ലാൽ എഫ്‌സിയുടെ മത്സരം തെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിൽ ഇരുന്ന് കാണുക എന്നതായിരുന്നു സഹർ ഖൊദ്യാരി എന്ന പെൺകുട്ടിയുടെ സ്വപ്നം. അതിനായി പുരുഷ വേഷം ധരിച്ച് 29 കാരിയായ സഹർ സ്റ്റേഡിയത്തിൽ പ്രവേശിച്ചു. എന്നാൽ പുരുഷൻമാരുടെ കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നതിന് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഇറാനിൽ, സ്റ്റേഡിയത്തിൽ കയറിയതിന് പോലീസ് അവരെ അറസ്റ്റ് ചെയ്തു. ഒപ്പം പൊതുവിടങ്ങളിൽ ഹിജാബ് ധരിച്ചിരുന്നില്ല എന്ന കാരണത്താൽ ആറ് മാസത്തെ തടവിനും ശിക്ഷിച്ചു. തടങ്കലിലെ പീഡനങ്ങൾ നേരിടാൻ കഴിയില്ലെന്നും ഇതിനെതിരെ പ്രതിഷേധിക്കുന്നതിന് മറ്റ് മാർഗങ്ങളില്ലെന്നും മനസിലാക്കിയ സഹർ നീതിന്യായ കോടതിയുടെ മുൻപിൽ വെച്ച് തന്നെ തീ കൊളുത്തി ആത്മഹത്യ ചെയ്തു.

സഹറിന്റെ മരണത്തിന് രണ്ട് വർഷങ്ങൾക്കിപ്പുറം അതേ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് സ്ത്രീകളെ ഇറാൻ സർക്കാർ അനുവദിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ഫിഫയുടെ സമ്മർദത്തിന് അല്പമൊന്ന് വഴങ്ങേണ്ടി വന്നുവെന്നതാണ് സത്യം. 2019 സെപ്റ്റംബർ 9നായിരുന്നു ശരീരത്തിന്റെ 90 ശതമാനവും പൊള്ളലേറ്റ സഹർ മരണമടഞ്ഞത്. അതേ വർഷം മാർച്ചിൽ നടന്ന ഇസ്തഖ്ലാൽ- യുഎഇ ഫുട്ബോൾ മത്സരം കാണുന്നതിനായിരുന്നു സഹർ സ്റ്റേഡിയത്തിൽ പ്രവേശിച്ചത്. എന്നാൽ, സഹർ മരണമടഞ്ഞ മാസം തന്നെ സഹറിന്റെ ഓർമകളുമായ് ഇറാനിലെ സ്ത്രീകൾ ആസാദി സ്റ്റേഡിയത്തിൽ ഇസ്തഖ്ലാൽ എഫ്‌സിയും മെസെ കെർമനും തമ്മിലുള്ള മത്സരം വീക്ഷിക്കാനായി എത്തിച്ചേർന്നു. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാൻ സ്ത്രീകൾക്ക് ആഭ്യന്തര ഫുട്‌ബോൾ ലീഗ് കാണുന്നതിനായി ഫുട്‌ബോൾ സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചത്. പുരുഷനും സ്ത്രീയും പൊതുവിടങ്ങളിൽ സമ്പർക്കത്തിൽ വരരുതെന്ന ഇസ്ലാമിക് നിയമമനുസരിച്ചാണ് ഇത്രയും വർഷം ഫുട്ബോൾ സ്റ്റേഡിയത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതിരുന്നത്. ഈ മാറ്റത്തിന് പിന്നിൽ ഇസ്തഖ്ലാൽ ആരാധികയായ, ബ്ലൂ ഗേൾ എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിശേഷിപ്പിക്കപ്പെട്ട സഹറിന്റെ ജീവത്യാഗവും എടുത്തുപറയേണ്ട ഒന്നാണ്.

Representational image : wiki commons

ശബ്ദമുയർത്തി 'ഓപ്പൺ സ്റ്റേഡിയം'

ഇറാനിലെ സ്ത്രീകൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നത് അനുവദിക്കുന്നതിനുമായി ഓപ്പൺ സ്റ്റേഡിയമെന്ന ട്വിറ്റർ കൂട്ടായ്മ ഏകദേശം 15 വർഷമായി സജീവമാണ്. 2005 ലെ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇറാനും ബഹ്റൈനും തമ്മിൽ നടന്ന മത്സരത്തിൽ ആസാദി സ്റ്റേഡിയത്തിന് പുറത്ത് ഒരു ചെറിയ കൂട്ടം വനിതാ ഫുട്ബോൾ ആരാധകരുടെ പ്രതിഷേധത്തിലൂടെയാണ് അവർ തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ആദ്യമായി സ്വരമുയർത്തിയത്. എന്നാൽ രാജ്യത്തെ പല സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളും അവർക്കെതിരായിരുന്നു. സ്റ്റേഡിയത്തിൽ കയറുക എന്നതിനെക്കാൾ ഗുരുതര പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നുണ്ടെന്നും അവയുമായി ഈ ആവശ്യങ്ങൾ താരതമ്യം ചെയ്യരുതെന്നുമായിരുന്നു അവരുടെ മറുപടി. എന്നാൽ പൊതുവിടങ്ങളിൽ പുരുഷൻമാർക്കെന്ന പോലെ സ്ത്രീകൾക്കും പ്രവേശനം അർഹമാണെന്ന ബോധ്യം ജനങ്ങൾക്കിടയിൽ, പുതുതലമുറയ്ക്ക് പകർന്നു നല്കാൻ ഓപ്പൺ സ്റ്റേഡിയത്തിന് കഴിഞ്ഞുവെന്ന് തന്നെ അനുമാനിക്കാം. ഇതിനെത്തുടർന്ന് പല പെൺകുട്ടികളും പുരുഷൻമാരെപ്പോലെ വേഷം മാറി മത്സരം കാണാൻ കയറുന്നത് പതിവായിരുന്നു. നിരവധി പെൺകുട്ടികളും സ്ത്രീകളും പിടിക്കപ്പെടുകയും നിയമം ലംഘിച്ചതിൽ തടവിലാക്കപ്പെടുകയും ചെയ്തിരുന്നു. അവർ പങ്കുവച്ച പീഡന കഥകളും വേദനകളും പുറംലോകമറിഞ്ഞതും ഓപ്പൺ സ്റ്റേഡിയം പ്രവർത്തകരിലൂടെയാണ്.

സോഷ്യൽ മീഡിയ ജനപ്രിയമാകുന്നതിന് മുമ്പേ, ഇറാൻ മനുഷ്യാവകാശ ലംഘനത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓപ്പൺ സ്റ്റേഡിയം ഫിഫയ്ക്കും എ.എഫ്.സി ക്കും കത്തുകൾ എഴുതിയിരുന്നു. മാത്രമല്ല ലോകശ്രദ്ധ ആകർഷിക്കാൻ മാധ്യമങ്ങൾക്കും അവർ നിരന്തരം കത്തുകൾ അയച്ചുകൊണ്ടിരുന്നു. എന്നാൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. മുൻ ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്ററിന്റെ 2013ലെ ഇറാൻ സന്ദർശനത്തിലൂടെയാണ് തങ്ങളുടെ ആവശ്യങ്ങളെ രാജ്യത്തിന് പുറത്തേയ്ക്ക് എത്തിക്കാനായത്. ഇറാൻ ഭരണകൂടത്തിനോട് ആവശ്യങ്ങൾ സൂചിപ്പിച്ചെങ്കിലും അത്ര പെട്ടെന്ന് ഒന്നും അവ അംഗീകരിക്കാൻ അവർ തയാറായില്ല. തുടർന്ന് ഓപ്പൺ സ്റ്റേഡിയം പ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ രാജ്യത്തെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രചരിപ്പിക്കുകയും പുതുതലമുറയെ ട്വിറ്റർ ഉപയോഗിക്കുന്നതിനുള്ള പ്രാധാന്യം മനസിലാക്കിയെടുക്കുകയും ചെയ്തു. അങ്ങനെ 2018ൽ റഷ്യയിൽ നടത്തപ്പെട്ട വേൾഡ് കപ്പിൽ ഓപ്പൺ സ്റ്റേഡിയം പ്രവർത്തകർ തങ്ങളുടെ ആവശ്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായ് അണിനിരന്നു. എപ്പോഴൊക്കെ ഇറാൻ ടീം മത്സരത്തിനിറങ്ങിയോ അപ്പോഴെല്ലാം ഇറാൻ സ്ത്രീകളുടെ ആവശ്യം അവർ ഉയർത്തിപ്പിടിച്ചു. എന്നാൽ 2019ൽ സഹർ ജീവനൊടുക്കിയപ്പോള്‍ മാത്രമാണ് കൂടുതൽ ജനശ്രദ്ധ ഈ വിഷയത്തിലേയ്ക്ക് വന്നതെന്നത് വേദനാജനകമാണ്. ലോകനേതാക്കളും ഫുട്ബോൾ താരങ്ങളും ഇറാൻ സർക്കാരിനെതിരെ രംഗത്ത് വന്നു. നടപടിയുണ്ടാകുന്നത് വരെ ഇറാനിലെ ഫുട്ബോൾ ടീമിനെയും മറ്റ് താരങ്ങളെയും വിലക്കണമെന്ന ആവശ്യമുയർന്നു. എന്നാൽ വർദ്ധിച്ചു വന്ന ആരോപണങ്ങളെ തടയിടുന്നതിനായി ടീം അംഗങ്ങളുടെ ബന്ധുക്കളായ സ്ത്രീകളെയും അധികാര സ്ഥാനങ്ങളിലിരിക്കുന്ന സ്ത്രീകളെയും മാത്രം സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുകയാണ് ചെയ്തത്.

Representational Image: wiki commons

എന്നാൽ സ്റ്റേഡിയത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് തടസങ്ങളില്ലെന്നും അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സമയം വേണമെന്നുമാണ് അധികാരികളുടെ അഭിപ്രായം. സ്റ്റേഡിയത്തിന്റെ രണ്ട് ഭാഗങ്ങളിലായാണ് കാണികൾക്ക് ഇരിക്കാൻ സൗകര്യമൊരുക്കുന്നത്. അവിടെ സ്ത്രീകൾക്കും പുരുഷൻമാർക്കും കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേകം വഴികളാണ് ഒരുക്കുക. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് സ്ത്രീകളായുള്ള പോലീസ് ഉദ്യോഗസ്ഥരെയും ആംബുലൻസ് സൗകര്യങ്ങളും ഉറപ്പാക്കുമെന്നും ഭരണകൂടം വ്യക്തമാക്കി. ഇവയൊക്കെ പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനായി ഫിഫ പ്രത്യേകം പ്രതിനിധികളെ രാജ്യത്തേയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിന് മാത്രമല്ല വരുംനാളുകളിൽ തങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾക്ക് ഫലമുണ്ടാകുമെന്നും രാജ്യത്ത് സഹറിന്റെ പേരിൽ ഒരു സ്റ്റേഡിയം വരുമെന്നുമാണ് ഓപ്പൺ സ്റ്റേഡിയം അംഗങ്ങൾ പ്രതീക്ഷിക്കുന്നത്. ഇറാനിലെ നിരത്തുകളിൽ എല്ലാവർക്കും ഒരു പോലെ പ്രാധാന്യം ലഭിക്കുന്നതുവരെ പ്രവർത്തിക്കാനാണ് ഓരോ അംഗങ്ങളുടെയും തീരുമാനം. അതിനായുള്ള ഒരു തുടക്കം മാത്രമായാണ് ഈ മാറ്റത്തെ ഇറാനിലെ സ്ത്രീജനങ്ങൾ കണക്കാക്കുന്നത്. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ അവർ സഹറിനായി ഇരിപ്പിടം ഒഴിച്ചിട്ടിരുന്നു. ഇസ്തഖ്ലാൽ ആരാധകരായ ബ്ലൂ ജേഴ്സിയണിഞ്ഞ പെൺകുട്ടികളുടെ ഓര്‍മകളില്‍ അവളും ജീവിക്കും. ഇറാനില്‍ വളർന്നു വരുന്ന ഓരോ തലമുറയിലൂടെയും അവൾ അറിയപ്പെടും.

Leave a comment