അഴിക്കുള്ളിൽ തുടരുന്ന സായിബാബ
PHOTO: WIKI COMMONS
അഞ്ച് വര്‍ഷം നീണ്ട ജെയില്‍ വാസത്തിന് ശേഷം ജി എന്‍ സായിബാബ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വെള്ളിയാഴ്ച സായിബാബയും മറ്റ് അഞ്ച് പേരും പ്രതികളായ കേസ്സ് നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ വെള്ളിയാഴ്ച തന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതേത്തുടര്‍ന്ന് ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് ഇന്നലെ പ്രത്യേക സിറ്റിംഗ് നടത്തുന്നതിനുള്ള തീരുമാനം സുപ്രീം കോടതിയില്‍ നിന്നുണ്ടാവുകയായിരുന്നു. മഹാരാഷ്ട്ര് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത് ഹാജരായി. ജി എന്‍ സായിബാബയ്ക്കും മറ്റ് പ്രതികള്‍ക്കുമായി സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത് കേസ് വാദിച്ചു.
മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്ന കേസില്‍ സായിബാബ ഉള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി വന്നതിന് മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് സുപ്രീം കോടതിയില്‍ ഉന്നയിക്കപ്പെട്ടു. ചീഫ് ജസ്റ്റിസ് സിറ്റിംഗ് അവസാനിപ്പിച്ചിരുന്നതിനാല്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ഹിമ കോലി എന്നിവരുടെ ബെഞ്ചിന് മുന്നിലേക്ക് തുഷാര്‍ മേഹ്ത്ത പാഞ്ഞെത്തുകയായിരുന്നു. എന്നാല്‍, വിധി മരവിപ്പിക്കാന്‍ ബെഞ്ച് വിസമ്മതിച്ചു. ഇക്കാര്യത്തില്‍ ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നതിനായി ചീഫ് ജസ്റ്റിസിന് ഔദ്യോഗിക അപേക്ഷ നല്‍കാന്‍ ബെഞ്ച് അനുമതി നല്‍കുകയും ചെയതു. ഇതിന് ശേഷമാണ് പ്രത്യേക സിറ്റിംഗ് നടത്താനുള്ള തീരുമാനം സുപ്രീം കോടതി കൈക്കൊണ്ടത്.
പ്രതികള്‍ക്ക് മാവോയിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചകളില്‍ ഇവര്‍ പങ്കെടുത്തുവെന്നുമായിരുന്നു കേസിലെ പ്രധാന ആരോപണങ്ങള്‍. എന്നാല്‍ യു എ പി എ നിയമത്തിലെ 45-ാം വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന പ്രകാരമുള്ള മുന്‍കൂര്‍ ഔദ്യേഗിക അനുമതി ഇല്ലാതെയാണ് സായിബാബയുടെ കേസില്‍ വിചാരണ തുടങ്ങയിതെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. സായിബാബ ഒഴികെയുള്ള പ്രതികളുടെ കാര്യത്തില്‍ ഔദ്യോഗിക അനുമതി നല്‍കിയത് ശരിയായ നടപടി ക്രമം പാലിക്കാതെ ആണെന്നും കോടതി നിരീക്ഷിച്ചു. പ്രധാനമായും ഈ കാരണം ഉന്നയിച്ചാണ് ജസ്റ്റിസ് രോഹിത് ദിയോ, ജസ്റ്റിസ് എ എല്‍ പന്‍സാരെ എന്നിവരടങ്ങുന്ന ബെഞ്ച് കീഴ്‌ക്കോടതയിലെ വിചാരണ നടപടികള്‍ പൂര്‍ണ്ണമായും റദ്ദ് ചെയ്തത്. എന്നാല്‍, ഹൈക്കോടതിയുടെ നടപടി മുഴുവനായി അംഗീകരിക്കുന്നതിന് സുപ്രീം കോടതി വിസമ്മതിച്ചു. ഔദ്യോഗിക അനുമതിയുടെ അഭാവത്തില്‍ വിചാരണ കോടതിയുടെ നടപടികള്‍ ആകെ ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നത് ശരിയാണോ എന്ന കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേസിന്റെ ശരി തെറ്റുകളിലേക്ക് വിശദമായി ഇറങ്ങിച്ചെല്ലാതിരുന്ന ഹൈക്കോടതി, സര്‍ക്കാര്‍ അനുമതി എന്ന സാങ്കേതികത മാത്രമേ പരിഗണിച്ചിട്ടുള്ളൂ. ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ വീഴ്ചയും വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. കേസിലെ ആരോപണങ്ങള്‍ ഗൗരവ സ്വഭാവമുള്ളവ ആയതിനാല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി മരവിപ്പിക്കുന്നതായി കോടതി ഉത്തരവിട്ടു.
ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറായ സായിബാബക്ക് പുറമെ മഹേഷ് ടിര്‍ക്കി, പാണ്ടു പോര നരോത്തെ, ഹേം കേശവ്ദത്ത് മിശ്ര, പ്രശാന്ത് റാഹി, വിജയ് നാന്‍ ടിര്‍ക്കി എന്നിവരായിരുന്നു പ്രതി പട്ടികയിലുണ്ടായിരുണ്ട്. 2017 മാര്‍ച്ചിലാണ് മഹാരാഷ്ട്രയിലെ ഗദ്ച്ചിരോളി ജില്ലയിലെ സെഷന്‍സ് കോടതി സായിബാബ ഉള്‍പ്പടെയുള്ളവര്‍ക്ക് ജീവ പര്യന്തം ശിക്ഷ വിധിച്ചത്. യു എ പി എ നിയമത്തിലെ 13, 18, 20, 38, 39 എന്നീ വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 120ആ പ്രകാരം ഇവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2014-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ജാമ്യത്തിലായിരുന്ന സായിബാബയും മറ്റും അതോടെ അഴിക്കുള്ളിലായി. നാഗപൂര്‍ സെന്‍ട്രല്‍ ജെയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. സെഷന്‍സ് കോടതി വിധിക്കെതിരായ അപ്പീല്‍ വര്‍ഷങ്ങളോളം തീര്‍പ്പാവാതെ വന്നതോടെ ശാരീരിക വൈകല്യം മൂലം വീല്‍ചെയറിന്റെ സഹായത്തോടെ മാത്രം ചലിക്കാനാവുന്ന സായിബാബ ജെയിലിലെ അസൗകര്യങ്ങളില്‍ തുടരേണ്ടിവന്നു. ശിക്ഷ മരവിപ്പക്കണമെന്ന അദ്ദേഹത്തിന്റെ ഹര്‍ജി ഹൈക്കോടതി 2019-ല്‍ തള്ളിയിരുന്നു.
പോളിയോ ബാധയെ തുടര്‍ന്ന് 90% ശാരീരിക വൈകല്യമുള്ളയാളാണ് സായിബാബ. അദ്ദേഹം ജെയിലിനുള്ളില്‍ നേരിട്ട മനുഷ്യത്ത രഹിതമായ സമീപനങ്ങളും ആരോഗ്യ കാര്യങ്ങളില്‍ ജെയില്‍ അധികൃതര്‍ കാട്ടിയ തികഞ്ഞ അശ്രദ്ധയും പലകുറി ചര്‍ച്ചയായിരുന്നു. പക്ഷെ, ജയില്‍ അധികൃതരുടെ അനാസ്ഥയക്ക് ഏറ്റവും വില നല്‍കേണ്ടിവന്നത് പാണ്ടു നരോത്തെ ആയിരുന്നു. പനി ബാധിച്ച് അവശനായ നരോത്തെ, ഓഗസ്റ്റ് 25ന് മരണത്തിന് കീഴടങ്ങി. സുപ്രീം കോടതിയിലെ വാദത്തിനിടെ, സായിബാബയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചും പരാമര്‍ശമുണ്ടായി. ജയില്‍ വാസത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായതായും അതിനാല്‍ വിധി മരവിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആര്‍ ബസന്ത് വാദിച്ചു. വീട്ടു തടങ്കലില്‍ കഴിയാനുള്ള സന്നദ്ധതയും കോടതിയെ അറിയിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം കോടതി അനുവദിക്കാന്‍ കൂട്ടാക്കിയില്ല. നക്‌സലുകളും അര്‍ബന്‍ നക്‌സലുകളും ഈയിടെ വീട്ടു തടങ്കല്‍ ആവശ്യപ്പെടുന്നുണ്ടെന്നും, അത് അവര്‍ക്ക് വീട്ടിലിരുന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് എന്നും തുഷാര്‍ മേഹ്ത്ത് പരിഹാസ രൂപേണ കോടതിയില്‍ അഭിപ്രായപ്പെടുകയും ചെയ്തു.
2014-ലാണ് ഡെല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സായിബാബ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. അതോടെ അദ്ദേഹം പ്രോഫസര്‍ പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. പിന്നീട് 2021 മാര്‍ച്ച് 31ന് സായിബാബയെ പിരിച്ചു വിട്ടുകൊണ്ട് സര്‍വകലാശാല ഉത്തരവിറക്കി. യു പി എ സര്‍ക്കാര്‍ 2009ല്‍ മാവോയിസ്റ്റുകള്‍ക്ക് എതിരായി ആരംഭിച്ച ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനോടുള്ള ശക്തമായ എതിര്‍പ്പാണ് കേസെടുക്കന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചതെന്ന് സായിബാബയുടെ ഭാര്യ വസന്ത കുമാരി അടക്കമുള്ളവര്‍ ആരോപിക്കുന്നു. തീവ്ര ഇടതുപക്ഷ സംഘടനയായ സി പി ഐ (മാവോയിസ്റ്റ്) പാര്‍ട്ടിയുമായും അവരുടെതന്നെ മറ്റൊരു സംഘടനയായ റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടുമായും ബന്ധമുണ്ടെന്ന ആരോപണമാണ് കേസിന് ആധാരമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയത്. അരോപണങ്ങള്‍ തെളിയിക്കാനായി ഇലക്‌റ്റ്രോണിക്ക് ഉപകരണങ്ങള്‍, രേഖകള്‍ എന്നിവ തെളിവായി നിരത്തുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതി ഇതെല്ലാം തള്ളുകയും, ദേശിയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന പേരില്‍ നിയമപരമായ പ്രക്രിയകളെ ബലി കൊടുക്കാനാവില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ജാമ്യ ഹര്‍ജി സമര്‍പ്പിക്കാനുള്ള അവസരം സായിബാബയ്ക്കും മറ്റ് പ്രതികള്‍ക്കും ഉണ്ടെങ്കിലും, കേസിന്റെ പൂര്‍ണ്ണമായ തീര്‍പ്പിനായി സുപ്രീം കോടതിയിലെ അപ്പീല്‍ നടപടികള്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും.