TMJ
searchnav-menu
post-thumbnail

Outlook

മലയാളപഠനത്തിലെ സ്കറിയാ വഴികൾ

20 Oct 2022   |   1 min Read
റഫീഖ് ഇബ്രാഹിം

PHOTO: WIKI COMMONS

പചാരികമായ അർത്ഥത്തിൽ പ്രൊഫ. സ്കറിയാ സക്കറിയയുടെ വിദ്യാർഥിയായിരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. കാലടി സർവ്വകലാശാലയിൽ എം.എ. പഠനത്തിനെത്തും മുൻപേ അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചിരുന്നു. വിസിറ്റിംഗ് ഫാക്കൽറ്റി എന്ന നിലയിൽ സർവ്വകലാശാലയിൽ സ്കറിയാ മാഷ് വന്നിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ക്ലാസുകൾ മിക്കപ്പോഴും എം.ഫിൽ. ഗവേഷകർക്കായാണ് നടത്തപ്പെട്ടിരുന്നത്. അദ്ദേഹവുമായി ഏതെങ്കിലും നിലയിലുള്ള വ്യക്തിബന്ധമുണ്ട് എന്നവകാശപ്പെടാനും നിർഭാഗ്യവശാൽ സാധ്യമല്ല. സെമിനാറുകളിൽ സംസാരിക്കാനെത്തുമ്പോൾ ലഭിച്ചിരുന്ന ഒരു നേർത്ത പുഞ്ചിരിയെയോ ഒരിക്കൽ മാത്രം ലഭിച്ച ഒരു ഹസ്തദാനത്തെയോ വ്യക്തിബന്ധമായി കണക്കുകൂട്ടുക സാധ്യമല്ലല്ലോ. എങ്കിലും, അദ്ദേഹത്തിന്റെ വിദ്യാർഥികളിലും സഹപ്രവർത്തകരിലും സ്നേഹിതരിലും ആ മരണം നിർമ്മിച്ച ശൂന്യതയ്ക്ക് സമാനമായ ഒന്ന് ഞാനടങ്ങുന്ന അപരിചിതരും അനുഭവിക്കുന്നുണ്ട്. സ്കറിയ സക്കറിയ ചരിത്രപരമായ ഒരനിവാര്യതയായിരുന്നു എന്നതുകൊണ്ടു കൂടിയാവാമത്.

മലയാള പഠന ഗവേഷണങ്ങളുടെ സാമ്പ്രദായിക വഴികൾ വിവരണാത്മകമായ സ്ഥാനപ്പെടുത്തലുകളോ സംഭരണങ്ങളോ താരതമ്യങ്ങളോ ആയാണ് പൊതുവെ കാലം കഴിച്ചു പോന്നിരുന്നത്. സാഹിത്യത്തിന്റെ തന്നെ ആഭ്യന്തര യുക്തികളുപയോഗിച്ച് കൃതികളെ വിശകലനം ചെയ്യുക, വിസ്മൃതമായ വാങ്മയങ്ങളെ കണ്ടെടുക്കുകയോ വിവരിക്കുകയോ ചെയ്യുക, എഴുത്തുരൂപങ്ങളെ താരതമ്യപ്പെടുത്തി സമാനതകളെ രേഖപ്പെടുത്തുക എന്നിങ്ങനെ അവ ഒതുങ്ങി നിന്നു. തീർച്ചയായും ഒരു ജ്ഞാനവിഷയം എന്ന നിലയിൽ അടിസ്ഥാനങ്ങൾ നിർമ്മിക്കേണ്ടുന്ന സുപ്രധാന ഇടപെടലുകളാണ് അവയെങ്കിലും, വിശാലാർഥത്തിൽ ജ്ഞാനപരമായ പുനരുൽപ്പാദനമായിരുന്നു ആ വഴിയുടെ ആത്യന്തികഫലം. സാഹിത്യാലോചനകളുടെ മണ്ഡലത്തിലുണ്ടായ വിമർശനപരമായ പരിപ്രേക്ഷ്യങ്ങൾക്കാവട്ടെ അക്കാദമിക മേഖലയിലേക്ക് കൂട്ടിവിളക്കലുകളുണ്ടായില്ല താനും. കേസരി മുതൽ പി.കെ. ബാലകൃഷ്ണൻ വരെയുള്ള ആ വഴി അക്കാദമിക വിചാരങ്ങളുടെ പുറമ്പോക്കിലാണ് രൂപപ്പെട്ടതും നിലനിന്നതും. വിഷയമേഖല എന്ന നിലയിൽ മലയാളം നേരിടുന്ന ഈ ആന്തരിക ദൗർബല്യത്തെ പരിഹരിക്കാൻ പര്യാപ്തമായ കാഴ്ച്ചവട്ടം രൂപപ്പെടുത്തുകയും അതിനായി നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു എന്നിടത്താണ് സ്കറിയാ മാഷിന്റെ പ്രാധാന്യം.

അചാല്യവും അധൃഷ്യവുമായ സാർവലൗകിക പാഠങ്ങൾക്ക് പകരം, സന്ദേഹങ്ങളുടെയും പരസ്പര ബന്ധങ്ങളുടെയും ഇളകലുകളുടെയും പാഠമായി അദ്ദേഹം സാഹിത്യത്തെക്കണ്ടു. സ്വാഭാവികമായി വൈവിധ്യങ്ങളെക്കുറിച്ചായി അദ്ദേഹത്തിന്റെ സംസാരം.

മലയാളപഠനത്തെ വഴിതിരിച്ച് വിടാനായി ഏറ്റെടുത്ത ഉത്തരവാദിത്തം അദ്ദേഹം സാർഥകമാക്കിയത് രണ്ടു രീതികളിലൂടെയാണ്. ഭിന്നങ്ങളെങ്കിലും ആന്തരികമായി ബന്ധപ്പെട്ടിരിക്കുന്ന അന്വേഷണമേഖലകളെ കൂട്ടിവിളക്കുകയായിരുന്നു അതിലെ ആദ്യരീതി. സാഹിത്യപഠനം, വ്യാകരണപഠനം, ഭാഷാശാസ്ത്രപഠനം, സംസ്കാരപഠനം, വിവർത്തനപഠനം, നാടോടിവിജ്ഞാനീയം, പ്രാദേശികചരിത്രപഠനം, വാമൊഴി പഠനം, സാഹിത്യചരിത്ര വിജ്ഞാനീയം എന്നിങ്ങനെ അസംഖ്യം മേഖലകളിലേക്കുള്ള അദ്ദേഹത്തിന്റെ സഞ്ചാരം ഈ രീതിക്കുദാഹരണമായി കാണാം. ഇവയിൽ പല പഠനശാഖയും മുൻപേ നിലനിന്നിരുന്നവയായിരുന്നെങ്കിലും വ്യത്യസ്തമായ ഒരു ഡയമൻഷൻ അവയെക്കുറിച്ചുള്ള ആലോചനകളിൽ കൊണ്ടുവരികയാണ് സ്കറിയാ മാഷ് ചെയ്തത്.

സാഹിത്യപഠനത്തിന്റെ സ്വയംപര്യാപ്തത (autonomy) യിൽ അദ്ദേഹം അവിശ്വസിച്ചു. വൈകാരികത, ഉദാത്തത, രൂപലാവണ്യം തുടങ്ങിയ കേവലതകളിൽ അഭിരമിക്കാതെ, സാഹിത്യപാഠം പ്രകരണ നിഷ്ഠമാണെന്ന വിമർശനാത്മക വീക്ഷണം ശക്തമായി അദ്ദേഹം ആവർത്തിച്ചു. ഉദാരമാനവവാദത്തിന്റെ വിട്ടുമാറാത്ത ശീലങ്ങളെ മലയാള പഠനത്തിൽ നിന്ന് പുറംതള്ളുക എന്ന രാഷ്ട്രീയ പ്രവൃത്തി കൂടിയായി അതിനെ കാണാം. മുണ്ടശ്ശേരിയടക്കമുള്ള അതികായന്മാരിൽ ശക്തമായി പിടിയുറപ്പിച്ചിരുന്ന അചഞ്ചലമായ മനുഷ്യസ്വഭാവത്തെയും സാർവലൗകികമായ സൗന്ദര്യസത്തയെയും കുറിച്ചുള്ള അതിഭൗതിക നിലകൾ ചേറ്റിക്കൊഴിക്കാനുള്ള ഊർജ്ജമായി ആ ഇടപെടലുകൾ മാറി. മനുഷ്യരുടെ ചഞ്ചലത (fluidity) യിലാണ് സ്കറിയാ സക്കറിയ ഊന്നിയത്. അചാല്യവും അധൃഷ്യവുമായ സാർവലൗകിക പാഠങ്ങൾക്ക് പകരം, സന്ദേഹങ്ങളുടെയും പരസ്പര ബന്ധങ്ങളുടെയും ഇളകലുകളുടെയും പാഠമായി അദ്ദേഹം സാഹിത്യത്തെക്കണ്ടു. സ്വാഭാവികമായി വൈവിധ്യങ്ങളെക്കുറിച്ചായി അദ്ദേഹത്തിന്റെ സംസാരം. ശുദ്ധിവാദത്തിനും ഉദാത്തതയ്ക്കും പകരം ബഹുലതകളുടെ സൗന്ദര്യത്തെ സ്ഥാപിക്കാനായി ഭിന്നമേഖലകളെ സർഗാത്മകമായി അദ്ദേഹം കൂട്ടിയിണക്കി.

photo : facebook

ആവിഷ്കരണങ്ങൾ തമ്മിലുണ്ട് എന്നു കരുതപ്പെട്ടിരുന്ന ശ്രേണീകരങ്ങളെ തള്ളിക്കളയുകയായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ രീതി. കേരളപാണിനീയത്തിന്റെ ശതാബ്ദിപ്പതിപ്പിന് അവതാരികയെഴുതുന്ന അതേ ഗൗരവത്തോടെ മുട്ടത്തുവർക്കിയുടെ കൃതികളെക്കുറിച്ചും അദ്ദേഹമെഴുതി. ഗോഡ് ഓഫ് സ്മാൾ തിംഗ്സിനെ വിശകലനം ചെയ്യുന്ന അതേ ഉത്തരവാദിത്തത്തോടെ കട്ടക്കയത്തിന്റെ കൃതികളെയും പഠനത്തിനെടുത്തു. ഒരു സാംസ്കാരിക നിർമിതി (cultural artifact) എന്ന നിലയിൽ ഓരോ ആവിഷ്കാരങ്ങൾക്കും പ്രസക്തിയും പ്രാധാന്യവുമുണ്ടെന്നും ഒന്നു മറ്റൊന്നിനെ അപ്രധാനീകരിക്കുന്നില്ല എന്നുമുള്ള ജനാധിപത്യരാഷ്ട്രീയമായിരുന്നു അത്. മലയാള ഭാഷയെത്തന്നെ ഒരിടത്തദ്ദേഹം കലർപ്പിന്റെ കലവറ എന്നു വിശേഷിപ്പിക്കുന്നുണ്ട്. സംസ്കാരത്തെ കലർപ്പിന്റെ മണ്ഡലമായി കാണാൻ അദ്ദേഹം ആവർത്തിച്ചു കൊണ്ടേയിരുന്നു. വെളിച്ചപ്പെടാത്ത കലർപ്പുകളെ തിരഞ്ഞ് കണ്ടെത്തി. മലയാള ജൂതരുടെ പെൺപാട്ടുകളോ പയ്യന്നൂർ പാട്ടോ ഗുണ്ടർട്ടിന്റെ എഴുത്തുകളോ കണ്ടെടുക്കുമ്പോൾ ഈ കലർപ്പിനെ വിശദീകരിക്കാൻ കഴിയുന്ന ആഹ്‌ളാദം അദ്ദേഹം അനുഭവിച്ചിരിന്നിരിക്കാം.

ഈ രണ്ടു രീതികളെയും സാർഥകമായി മുൻപോട്ടു കൊണ്ടുപോയ 'സ്കറിയാ വഴി' മലയാള പഠനത്തിന്റെ സാമ്പ്രദായിക ചിട്ടവട്ടങ്ങളിൽ തിരയിളക്കങ്ങൾ സൃഷ്ടിച്ചു. തിരിച്ചുവരാൻ പറ്റാത്ത വണ്ണം ഉദാരമാനവികവാദവും സത്താപരമായ സൗന്ദര്യ വീക്ഷണവും മലയാള അക്കാദമികളിൽ നിന്നു പടിയിറങ്ങിക്കൊണ്ടിരിക്കുന്നു. ബഹുലതകളുടെയും ബഹുസ്വരതകളുടെയും സർഗസൗന്ദര്യത്തിലേക്ക് ക്ലാസ് മുറി എത്തിച്ചേരുന്നതു കണ്ടുകൊണ്ടായിരിക്കണം അദ്ദേഹം കണ്ണടച്ചത്.

പുത്തൻ പുതുമകളെ വിചാരങ്ങളിലേക്ക് കണ്ണി ചേർത്തും മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ കാർണിവൽ സ്വഭാവത്തിൽ നിന്നു വിട്ടു നിൽക്കുന്ന ധ്യാനാത്മക ചിന്തയെ പടിപ്പുറത്താക്കിയും ബഹളസന്തോഷങ്ങളുടെ സ്കറിയാവഴി അദ്ദേഹം നിർമ്മിച്ചെടുക്കുകയായിരുന്നു.

സുഹൃത്തും സഹ ഗവേഷകനും സ്കറിയാ മാഷുടെ ശിഷ്യനും കൂടിയായ അൻവർ, അദ്ദേഹത്തിന്റെ സമ്പൂർണ്ണ സമാഹാരമായ മലയാള വഴികൾ എന്ന ബൃഹദ് ഗ്രന്ഥത്തെ പരിചയപ്പെടുത്തി എഴുതിയ കുറിപ്പിന് നൽകിയ ശീർഷകം 'പുത്തൻ പുതുമയുടെ ബഹളസന്തോഷങ്ങൾ' എന്നതായിരുന്നു. ഈ കാവ്യാത്മക ശീർഷകം സ്കറിയാ സക്കറിയയുടെ ജ്ഞാന സമീപനത്തിന്റെ കൂടി സൂചകമാവുന്നുണ്ട്. പുത്തൻ പുതുമകളെ വിചാരങ്ങളിലേക്ക് കണ്ണിചേർത്തും മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ കാർണിവൽ സ്വഭാവത്തിൽ നിന്നു വിട്ടു നിൽക്കുന്ന ധ്യാനാത്മക ചിന്തയെ പടിപ്പുറത്താക്കിയും ബഹളസന്തോഷങ്ങളുടെ സ്കറിയാവഴി അദ്ദേഹം നിർമ്മിച്ചെടുക്കുകയായിരുന്നു.

അതിന്റെ അനേകം ഗുണഭോക്താക്കളിലൊരാൾ എന്ന നിലയിൽ ഉന്നതനായ ആ അധ്യാ‌പകന്റെ ദീപ്തസ്മരണകൾക്കു മുന്നിൽ ശിരസ്സ് കുനിക്കുന്നു. നമസ്കാരം.

Leave a comment