TMJ
searchnav-menu
post-thumbnail

Outlook

രാജ്യദ്രോഹ നിയമം: സുപ്രീം കോടതി വിധി യുഎപിഎ വിരുദ്ധ സമരത്തിന് ഊര്‍ജ്ജം പകരും

12 May 2022   |   1 min Read
K P Sethunath

PHOTO: PTI

രാജ്യദ്രോഹ നിയമം മരവിപ്പിക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ് ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നവരെ മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കുന്നതാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വഭാവത്തിലും, നീതിന്യായ സംവിധാനത്തിലും ഇപ്പോഴും ശക്തമായി തുടരുന്ന കൊളോണിയല്‍ മുദ്രയുടെ പ്രകടമായ ചിഹ്നങ്ങളിലൊന്നായിരുന്നു ഭരണഘടനയുടെ 124A വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹ നിയമം. ഇന്നത്തെ സാമൂഹ്യ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാത്ത ഈ നിയമം കൊളോണിയല്‍ കാലഘട്ടത്തിന്റെ ബാക്കി പത്രമാണെന്ന് 124A നിയമം മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു. രാജ്യസുരക്ഷക്കൊപ്പം പൗരന്മാരുടെ മൗലികാവകാശ സംരക്ഷണവും കോടതിയുടെ ഉത്തരവാദിത്തമാണെന്ന് വിലയിരുത്തിയ ബഞ്ച് 124A ഉപയോഗിക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വിലക്കി. ഈ വിഷയത്തില്‍ കോടതി അന്തിമതീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ 124A ഉപയോഗിക്കുവാതിരിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും, 124A പ്രകാരം പുതിയ കേസ്സുകള്‍ ചുമത്തുന്ന പക്ഷം അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി. 124A പ്രകാരമുള്ള കേസ്സുകളിലെ വിചാരണകളും, അപ്പീലും മറ്റു നടപടികളും നിര്‍ത്തിവെക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. രാജ്യദ്രോഹ നിയമപ്രകരം തടവില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിന് അപേക്ഷിക്കുന്നതിനുള്ള അവസരം ഇതോടെ സംജാതമായി. ജൂലൈ മൂന്നാം വാരം കോടതി കേസ്സ് വീണ്ടും പരിഗണിക്കുന്നതാണ്.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ photo: Wiki Commons

രാജ്യദ്രോഹ നിയമം സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നത് ഇതാദ്യമല്ല. 1962-ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയില്‍ വിഷയം വന്നു. കേദാര്‍ നാഥ് സിംഗ് എന്ന പേരില്‍ ഇപ്പോള്‍ നിയമ പുസ്തകങ്ങളില്‍ പ്രസിദ്ധമായ വിധിയും വന്നു. രാജ്യദ്രോഹ നിയമം നിയമപരമാണെന്നായിരുന്നു അഞ്ചംഗ ബഞ്ചിന്റെ വിധി. നിയമ കാര്യങ്ങളുടെ ജ്ഞാന സിദ്ധാന്തത്തില്‍ അസാധാരണമായ ഉള്‍ക്കാഴ്ച പുലര്‍ത്തുന്ന എഴുത്തുകാരനായ ഗൗതം ഭാട്ടിയയുടെ അഭിപ്രായത്തില്‍ കേദാര്‍ നാഥ് സിംഗ് കേസ്സിലെ വിധി കാലഹരണപ്പെട്ടതും നിയമപരമായി സാധുതയില്ലാത്തതുമാണ്. നിയമത്തിന്റെ ഭാഷയില്‍ പെര്‍ ഇന്‍ക്യൂറിയം (Per Incuriam) എന്നറിയപ്പെടുന്ന സിദ്ധാന്തത്തിന്റെ ബലത്തിലാണ് 62ലെ വിധി നിയമപരമായി സാധുതയില്ലാത്തതാണെന്ന വിലയിരുത്തല്‍ ഭാട്ടിയ നടത്തുന്നത്. പാലിക്കപ്പെടാന്‍ ബാധ്യസ്ഥമായ ചട്ടവും, കോടതി വിധിയും അവഗണിച്ചുകൊണ്ടുള്ള വിധികളാണ് പെര്‍ ഇന്‍ക്യൂറിയം എന്ന ഗണത്തില്‍ വരുന്നത്. അത് നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡം വളരെ ഉയര്‍ന്നതും കര്‍ക്കശവുമാണ്. ഏതെങ്കിലും വിധി നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്നോ, അല്ലെങ്കില്‍ മറ്റൊരു വിധിയെ തെറ്റിദ്ധരിച്ചുവെന്നോ വെറുതേ പറഞ്ഞാല്‍ പോര.

ഒരു വിധി എങ്ങനെയാണ് പെര്‍ ഇന്‍ക്യൂറിയുമാവുന്നതെന്ന് കാര്യകാരണ സഹിതം ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഈ ഗണത്തില്‍ പെടുത്താവുന്ന ലക്ഷണയുക്തമായ ഒന്നാണ് കേദാര്‍ നാഥ് സിംഗ് വിധിയെന്ന് ഭാട്ടിയ വിശദമായി രേഖപ്പെടുത്തുന്നു. പ്രധാനമായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന വസ്തുത ഇതാണ്. അതായത് 124A യുടെ നിയമപരമായ സാധുത ന്യായമാണെന്നു കണ്ടെത്തുന്നതിന് കോടതി ഉപയോഗിച്ച മാനദണ്ഡമാണ്. 124A പ്രയോഗിക്കുന്നതിന് സാധൂകരിക്കുന്നതിനായി കണ്ടെത്തിയ കാരണങ്ങള്‍ ഭരണഘടനപരമായി തെരഞ്ഞെടുത്ത ഭരണകൂടത്തിന് എതിരെ വെറുപ്പും, (hatred), അതൃപ്തിയും, (disaffection) അനാദരവും (contempt) ഉളവാക്കുന്ന രാജ്യദ്രോഹപരങ്ങളായ വാക്കുകള്‍ക്ക് സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതിനുള്ള 'പ്രവണത' (tendency) ഉണ്ടാവണം. കൊളോണിയില്‍ കാലഘട്ടത്തില്‍ നിന്നും കടംകൊണ്ട പ്രവണത എന്ന വാക്കിന്റെ ബലത്തിലാണ് രാജ്യദ്രോഹനിയമം അഭിപ്രായ-ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഭരണഘടനയുടെ 19(2) വകുപ്പ് പ്രകാരമുള്ള ഉചിതമായ (റീസണബിള്‍) നിയന്ത്രണങ്ങളുമായി ഒത്തു പോകുന്നതാണെന്ന് വിലയിരുത്തല്‍ സുപ്രീം കോടതി കേദാര്‍ നാഥ് സിംഗ് വിധിയില്‍ നടത്തിയത്.

രാജ്യദ്രോഹ നിയമത്തെക്കാള്‍ കഠിനകരമായ വകുപ്പുകളും, ചട്ടങ്ങളും നിറഞ്ഞ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) പോലുള്ളവയുടെ അധാര്‍മികത വെളിപ്പെടുത്താനും ഈ വിധി സഹായിക്കുമെന്ന് കരുതാവുന്നതാണ്.

സുപ്രീം കോടതിയുടെ തന്നെ മറ്റൊരു അഞ്ചംഗ ബഞ്ചിന്റെ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മറ്റൊരു വിധി ഇക്കാര്യത്തില്‍ കേദാര്‍ നാഥ് സിംഗ് ബഞ്ച് പരിഗണിച്ചില്ലെന്ന് ഭാട്ടിയ ചൂണ്ടിക്കാട്ടുന്നു. രാം മനോഹര്‍ ലോഹ്യയുമായി ബന്ധപ്പെട്ട ഒരു പ്രസംഗം അല്ലെങ്കില്‍ എഴുത്തും അതിന്റെ പേരില്‍ സംഭവിച്ച/സംഭവിക്കാനിടയുള്ള സാമൂഹ്യ അസ്വസ്ഥതയും തമ്മില്‍ പ്രത്യക്ഷത്തിലുളള ചാര്‍ച്ചയുടെ (proximity) അടിസ്ഥാനത്തിലാണ് 19(2) വകുപ്പ് പ്രകാരമുള്ള ഉചിതമായ നിയന്ത്രണങ്ങള്‍ ബാധകമാവുക. അതായത് രാജ്യദ്രോഹപരമായ വാക്കുകള്‍ പറഞ്ഞതു കൊണ്ടുമാത്രം രാജ്യദ്രോഹമാവില്ല. അത്തരം വാക്കുകളുടെ പ്രേരണയുടെയും, സ്വാധീനത്തിന്റെയും ഫലമായി സമൂഹത്തിന്റെ സമാധാനം നശിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രത്യക്ഷത്തില്‍ നടന്ന/നടക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് 124Aയെ സാധൂകരിയ്ക്കുന്ന തരത്തില്‍ 19(2) ഉപയോഗിക്കാനാവുക. പാലിക്കുവാന്‍ ബാധ്യസ്ഥമായ സുപ്രീം കോടതിയുടെ ഈ വിധി കേദാര്‍നാഥ് സിംഗ് ബഞ്ച് അവഗണിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലാണ് 62ലെ വിധി പെര്‍ ഇന്‍ക്യൂറിയമെന്ന ഗണത്തില്‍ വരുന്നതെന്ന് ഭാട്ടിയ ചൂണ്ടിക്കാട്ടുന്നു.

പ്രോക്‌സിമിറ്റിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ കഴിഞ്ഞ 60 വര്‍ഷക്കാലയളവില്‍ സുപ്രീം കോടതി നടത്തിയിട്ടുള്ള പുരോഗമനപരമായ ഇടപെടലുകള്‍ രാജ്യദ്രോഹ നിയമത്തിന്റെ സാധുത ഇല്ലാതാക്കുന്നതിന്റെ ഉദാഹരണങ്ങളും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു. ലോഹ്യയുടെ കേസ്സിന് പുറമെ ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ പ്രധാന ഇടപെടലുകള്‍ രംഗരാജനും-പി ജഗജ്ജീവന്‍ റാം, അരൂപ് ഭയ്യാന്‍, ശ്രേയ സെഹ്ഗാല്‍ എന്നീ കേസ്സുകളിലായിരുന്നു. സ്വതന്ത്ര ജനാധിപത്യ സമൂഹത്തില്‍ സ്വാഭാവികമായും പുലരേണ്ട അഭിപ്രായ-ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ പരമോന്നത നീതിപീഠത്തിന്റെ ഇത്തരം ഇടപെടലുകള്‍ ഗുണകരമായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ അതോടൊപ്പം 124A വകുപ്പിന്റെ സാധുതയെപ്പറ്റു കേദാര്‍നാഥ് സിംഗ് കേസ്സിലെ വിധി പോലെ കാലഹരണപ്പെട്ടവയും നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ അവിഭാജ്യ ഭാഗമായി തുടരുന്നു. ഈ വസ്തുത പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും അവയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിനെ പറ്റി ചിന്തിക്കുവാനും രാജ്യദ്രോഹ നിയമത്തെക്കുറിച്ചുള്ള ഉത്തരവ് നിമിത്തമാകുമെന്ന് പ്രതീക്ഷിക്കാം. രാജ്യദ്രോഹ നിയമത്തെക്കാള്‍ കഠിനകരമായ വകുപ്പുകളും, ചട്ടങ്ങളും നിറഞ്ഞ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) പോലുള്ളവയുടെ അധാര്‍മികത വെളിപ്പെടുത്താനും ഈ വിധി സഹായിക്കുമെന്ന് കരുതാവുന്നതാണ്.

ഗൗതം ഭാട്ടിയയുടെ The Upcoming Sedition Case Key Issue എന്ന ലേഖനത്തോട് കടപ്പാട്.

Leave a comment