സെറീന വില്യംസ് കോര്‍ട്ടിലെ കരുത്ത്
പതിവുകൾക്ക് വിപരീതമായി ഇനിയും കളിക്കണമെന്ന ആഗ്രഹത്തോടെ വിടവാങ്ങാൻ ഒരുങ്ങുകയാണ് വനിതാ ടെന്നീസ് ലോകത്തെ ഇതിഹാസ താരം സെറീനാ വില്യംസ്. റിട്ടയർമെന്റ് എന്ന വാക്കിന് പകരം തന്റെ ജീവിതത്തിലെ മറ്റൊരു പരിണാമം എന്ന് മാത്രം വിശേഷിപ്പിക്കാനാണ് സെറീന ഇഷ്ടപ്പെടുന്നത്. നാലാം വയസുമുതൽ ടെന്നീസ് റാക്കറ്റ് ഒപ്പം ചേർത്ത് പിടിച്ച് 17ാം വയസിൽ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടുമ്പോഴും തന്റെ കരിയർ ഒരു നാൾ അവസാനിപ്പിക്കേണ്ടതാണെന്ന് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. നാല് വയസുള്ള തന്റെ മകൾ ഒളിമ്പ്യക്ക് കൂട്ടിനായി ഒരു സഹോദരിയെക്കൂടി നല്കി തന്റെ കുടുംബത്തിനെ ഒപ്പം ചേർത്തു നിർത്തുന്നതിനായാണ് സെറീന ഈ തീരുമാനമെടുത്തിരിക്കുന്നത്.
സഹോദരി വീനസ് വില്യംസിനൊപ്പം കളിച്ചു തുടങ്ങി, ഇരുപതാം വയസിൽ ലോക ഒന്നാം നമ്പർ താരമായി ഉയർന്ന സെറീന പിന്നീട് 6 തവണ കൂടി ഈ സ്ഥാനം നിലനിർത്തി. പരിക്കുകൾ ഏറെ അലട്ടിയിരുന്നപ്പോഴും ശക്തമായ തിരിച്ച് വരവ് നടത്തിക്കൊണ്ട് 31ാം വയസിലും ലോക ഒന്നാം നമ്പർ താരമായി റെക്കോഡിട്ടു. കായിക ലോകത്തെ ലിംഗ വിവേചനത്തിന് നേരെ ശബ്ദമുയർത്തി വരും തലമുറയ്ക്കായ് മാറ്റം വേണമെന്ന് അവർ ആവശ്യപ്പെട്ടു. തന്റെ വിജയത്തിലൂടെ അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഉയർന്ന ലക്ഷ്യങ്ങൾക്കായി പരിശ്രമിക്കാമെന്ന് കാണിച്ചുകൊടുത്ത് സവിശേഷതകൾ ഏറെ നിറഞ്ഞ കായികതാരമായി മാറി.
സ്ത്രീ ആയതിൽ അഭിമാനിക്കുന്നുണ്ടെങ്കിലും അതുകൊണ്ട് മാത്രം എടുക്കേണ്ട തീരുമാനങ്ങളാണെന്ന് തുറന്ന് സമ്മതിക്കുകയാണവർ. കുടുംബത്തോടൊപ്പം ജോലിയും ഒന്നിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്ന എല്ലാം സ്ത്രീകളെയും സെറീന പ്രധിനിധീകരിക്കുന്നു. മാതൃത്വം മഹത്തകരമാകുമ്പോഴും ഒരു സ്ത്രീക്ക് കുടുംബമോ അതോ കരിയറോ വലുതെന്ന് തീരുമാനിക്കേണ്ടതായ് വരുന്നു. കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തണം എന്ന് തീരുമാനത്തിലേക്ക് തന്നെയാണ് അവരും എത്തിപ്പെടുന്നത്. തന്റെ 4 വയസുള്ള മകളോടൊത്ത് സമയം ചിലവിടാൻ കഴിയാത്ത സങ്കടം ലോക ചാമ്പ്യനെ അലട്ടുന്നുണ്ടെങ്കിൽ, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ജോലിക്കിറങ്ങുന്ന സാധാരണ സ്ത്രീകൾക്കുള്ള ബുദ്ധിമുട്ട് എത്രമാത്രം വലുതായിരിക്കും. ഒരു പുരുഷനായിരുന്നെങ്കിൽ ഈ തീരുമാനം എനിക്ക് ബാധകമായിരുന്നില്ല എന്ന് അവർ അഭിപ്രായം പ്രകടിപ്പിച്ചു. സാമൂഹികമായി സ്ത്രീകൾക്കുണ്ടാകുന്ന വെല്ലുവിളികളെപ്പോലെ തന്നെ മാനസികമായും ശാരീരികമായും എത്രമാത്രം വിഷമങ്ങളിലൂടെ കടന്നുപോയെന്നുള്ളതും സെറീന വ്യക്തമാക്കുന്നുണ്ട്. ടെന്നീസ് കളിച്ചുകൊണ്ട് നടന്നിരുന്ന കൗമാരക്കാരിയായ എന്നെ ഞാൻ എപ്പോഴും മനസിലോർക്കും ആ കാലഘട്ടങ്ങൾ ഇനിയും തിരികെ കിട്ടാത്തവയാണെന്ന് സെറീന തന്റെ കുറിപ്പിൽ എഴുതി. തികച്ചും വൈകാരികമായുള്ള പ്രയോഗം. എന്നാൽ ഭൂരിഭാഗം സ്ത്രീകളും അവരുടെ പഴയപതിപ്പുകളെ തങ്ങളുടെ മനസിന്റെ അടിത്തട്ടിൽ ഇതുപോലെ ഒളിപ്പിച്ചുവയ്ക്കുന്നുണ്ടാകാം.
27 വർഷം നീണ്ടുനിൽക്കുന്ന ടെന്നീസ് കരിയറിൽ സെറീനയുടെ പിതാവ് റിച്ചാർഡ് വില്യംസിന്റെ നിരന്തരമായ സഹായവും സഹകരണവും അവരുടെ ഓരോ കളികൾക്കിടയിലും പ്രേക്ഷകർ നേരിട്ട് കണ്ടിട്ടുള്ളതാണ്. സെറീന പല വേദികളിലും അവ തുറന്ന് പറഞ്ഞിട്ടുമുണ്ട്. വ്യക്തമായ പദ്ധതികളോടെ മാത്രമായിരുന്നു അദ്ദേഹം അവരെ നയിച്ചതെന്ന് പിന്നീട് കാലം തെളിയിച്ചു. വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുവാൻ തന്റെ രണ്ട് പെൺമക്കളെ പഠിപ്പിക്കുകയും തുടർന്നും ഓരോ ഘട്ടങ്ങളിലും കരുതലോടെ കൂടെ നിൽക്കുന്നതിനും ആ പിതാവ് കാണിച്ച മനസ്സ് അഭിനന്ദനമർഹിക്കുന്നു. തന്റെ മാതാപിതാക്കൾ തനിക്ക് നല്കിയ പാഠങ്ങൾ തന്റെ മകൾക്കും പകർന്നു നല്കുന്നതിന് സെറീന ആഗ്രഹിക്കുന്നുമുണ്ട്. എന്നാൽ അതിനായി സെറീന കൊടുക്കേണ്ട വില വലുതാണ്. എങ്കിലും അതേറ്റെടുക്കുവാൻ തയാറാവുകയാണ് അവർ. ലോക ഒന്നാം നമ്പർ ആയി തിളങ്ങിനിൽക്കുമ്പോൾ വിരമിച്ച ആഷ്‌ലി ബാർട്ടിനെയും തന്റെ പ്രിയ സുഹൃത്ത് കാരോളിൻ വോസ്‌നിക്കായെപ്പറ്റിയെയും സെറീന സംസാരിക്കുന്നുണ്ട്. വിരമിക്കലിനു ശേഷം അവർക്കതിൽ സന്തോഷം കണ്ടെത്താൻ സാധിച്ചു. എന്നാൽ, തനിക്ക് അപ്രകാരം സന്തോഷവതിയാകാനോ ആ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുവാനോ സാധിക്കില്ലെന്നും അവർ സൂചിപ്പിച്ചു.
കായികലോകത്തെ ലിംഗ സമത്വത്തിന് വേണ്ടി പ്രയത്‌നിച്ച സെറീന ഇനി ബിസിനസിലും ഒരുകൈ പയറ്റാനാണ് തീരുമാനം. അതിനായുള്ള നീക്കങ്ങൾ വർഷങ്ങൾക്ക് മുമ്പെ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കൂടുതലും സ്ത്രീകൾ തുടക്കമിട്ടിരിക്കുന്ന ബിസിനസ് കമ്പനികളെ തിരഞ്ഞെടുത്തുകൊണ്ടാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ബിസിനസ് സംരംഭത്തിനുള്ള മൂലധനം വെറും 2 ശതമാനം സ്ത്രീകൾ മാത്രമാണ് കൈപറ്റുന്നതെന്നും ബാക്കി 98 ശതമാനം പുരുഷന്മാരാണെന്നുള്ള വസ്തുതയിൽ നിന്നാണ് സെറീന തന്റെ സംരംഭത്തിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ടെന്നീസ് റാക്കറ്റേന്തിയ കൈകളിലൂടെ ബിസിനസ് മേഖലയിലും മികച്ച വിജയങ്ങൾ നേടാനും അതിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കാമെന്നും പ്രതീക്ഷിക്കാം.
എല്ലാ കായികതാരങ്ങൾക്കും രണ്ട് മരണമാണുള്ളത്. ഒന്ന് കായികലോകത്തു നിന്നുള്ള വിരമിക്കലും പിന്നീട് ഈ ലോകത്തിൽ നിന്ന് തന്നെയുള്ള വിയോഗവും. തങ്ങളെ എല്ലാമാക്കിയ കായിക ലോകത്തിൽ നിന്നുള്ള വിരമിക്കലാകാം ഏറെയും കഠിനമായിട്ടുള്ളത്. എന്നാൽ സെറീന തന്റെ വിരമിക്കലിനെ ജീവിതത്തന്റെ മറ്റൊരു ഘട്ടത്തിലേയ്ക്കുള്ള പറിച്ചുനടൽ എന്ന് മാത്രമാണ് വിശേഷിപ്പിക്കുന്നത്. കായിക ലോകത്ത് നിന്ന് വിട്ടുനിന്നാലും അമ്മയായും ബിസിനസ് വുമണായും തന്റെ ശക്തമായ സാന്നിധ്യം അറിയിക്കാനാണ് തീരുമാനം. കരിയറിലെ ഗ്രാൻഡ് സ്ലാം കിരീടത്തിന് തുടക്കമിട്ട യു എസ് ഓപ്പണിൽ തന്നെ അവസാനമായ് കളിക്കാനാണ് സെറീന തീരുമാനിച്ചിരിക്കുന്നത്. കിരീട പ്രതീക്ഷ ഇല്ലെങ്കിലും സെറീനയുടെ കളിയിലെ ഓരോ നീക്കങ്ങളിലും 17 വയസുള്ള ആ തുടക്കക്കാരിയെ ഓർക്കാൻ കാണികൾക്ക് സാധിച്ചേക്കും. 23 ഗ്രാൻഡ് സ്ലാം കിരിടങ്ങളും 4 ഒളിംപിക് മെഡലുകളും മറ്റനവധി വിജയങ്ങളും സ്വന്തമാക്കിയ സെറീനാ വില്യംസ് നിങ്ങൾക്ക് ആശ്വസിക്കാം ലോകത്തെമ്പാടുമുള്ള നിരവധി സ്ത്രീകൾ നിങ്ങളാൽ പ്രചോദിതരായിട്ടുണ്ട്.