ഷിറീന്‍ വധം: ഇസ്രായേലിനെതിരെ കൂടൂതല്‍ തെളിവുകളുമായി അല്‍ ജസീറ
2005ലെ രണ്ടാം ഇന്റിഫദയ്ക്ക് ശേഷം പലസ്തീനില്‍ ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെടുന്ന വര്‍ഷം ആയിരിക്കുകയാണ് 2022. നൂറോളം പലസ്തീന്‍ പൗരന്മാര്‍ ഇസ്രായേല്‍ സേനയുടെയും പോലീസിന്റെയും ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ കൗമാര പ്രായക്കാരായ കുട്ടികളും ഉള്‍പ്പെടുന്നത് അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേല്‍ ഏറെ വിമര്‍ശിക്കപ്പെടുന്നതിനും കാരണമായി.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ തീവ്ര വലതുപക്ഷ സ്വഭാവമുള്ള സര്‍ക്കാര്‍ ഇസ്രായേലില്‍ അധികാരമേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പലസ്തീനികള്‍ക്ക് എതിരെയുള്ള ഇസ്രയേല്‍ അതിക്രമം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത എന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ ജേണലിസ്റ്റ് കൊല്ലപ്പെട്ട വിഷയം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് മുന്നില്‍ എത്തിക്കുകയാണ് ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ.
ഷിറീന്റെ മരണം
ഈ വര്‍ഷം മേയ് 11ന് ആണ് അല്‍ ജസീറയിലെ മാധ്യമ പ്രവര്‍ത്തകയായ ഷിറീന്‍ അബു അക്ലെഹ് കൊല്ലപ്പെടുന്നത്. വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് സമീപമാണ് ഷിറീന്‍ വെടിയേറ്റ് വീണത്. ഇസ്രായേല്‍ സേന ക്യാമ്പില്‍ റെയ്ഡ് നടത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു ഷിറീന്‍. സുരക്ഷാ ഹെല്‍മെറ്റും, 'പ്രസ്സ്' എന്ന് ആലേഖനം ചെയ്ത ജാക്കറ്റും ധരിച്ചാണ് ഷിറീനും സഹപ്രവര്‍ത്തകരും സംഭവ സ്ഥലത്ത് എത്തിയിരുന്നത്. എന്നാല്‍ സുരക്ഷാ ഹെല്‍മെറ്റ് മറയ്ക്കാത്ത തലയുടെ ഭാഗത്ത് വെടിയേറ്റ് ഷിറീന്‍ നിലത്ത് വീണു.
സംഭവം ലോക ശ്രദ്ധ നേടിയതോടെ സൈനികര്‍ക്ക് അബദ്ധം പറ്റിയതാകാം എന്ന വിശദീകരണവുമായി ഇസ്രായേല്‍ രംഗത്തെത്തി. എന്നാല്‍ മരണത്തേക്കുറിച്ച് അന്വേഷണം നടത്താന്‍ അവര്‍ കൂട്ടാക്കിയില്ല. എന്നാല്‍, ഷിറീന്റെ മരണം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന ആരോപണം അല്‍ ജസീറയുടെയും ഷിറീന്റെ കുടുംബത്തിന്റെയും ഭാഗത്ത് നിന്നുണ്ടായി. ഇസ്രായേല്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വെടിവെപ്പ് മനഃപൂര്‍വ്വമായിരുന്നു എന്നും സ്വതന്ത്രമായ അന്വേഷണം വെളിപ്പെടുത്തുകയുണ്ടായി.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക്ക് ആര്‍ക്കിടെക്ചര്‍ എന്ന സ്ഥാപനവും പലസ്തീനിയന്‍ സന്നദ്ധ സംഘടനയായ അല്‍ ഹക്കുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഇസ്രായേല്‍ സേനയുടെ സ്‌നൈപ്പറാണ് ഷിറീനെതിരെ വെടിയുതിര്‍ത്തത്. സ്‌നൈപ്പറുടെ സ്ഥാനവും മറ്റും പഠിച്ച ഫോറന്‍സിക്ക് അന്വേഷണ സംഘം, വെടിവെപ്പ് കൊലപാതകം ഉദ്ദേശിച്ചു തന്നെയായിരുന്നു എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. മാത്രമല്ല, വെടിയേറ്റ് വീണ ഷിറീന്റെ അടുത്തേക്ക് സഹപ്രവര്‍ത്തകര്‍ അടുക്കുന്നത് തടയുന്നത് ഉദ്ദേശിച്ചും തുടരെ വെടിയുതിര്‍ത്തു. ഇത് ഷിറീന്റെ മരണം ഉറപ്പാക്കുന്നതിനായിരുന്നു എന്നും സംശയിക്കപ്പെടുന്നു. 25 വര്‍ഷമായി അല്‍ ജസീറയ്ക്ക് വേണ്ടി പലസ്തീന്‍ കാര്യം റിപ്പോര്‍ട്ട് ചെയ്ത് വരികയായിരുന്നു ഷിറീന്‍. ലോകമാകെ 'പലസ്തീന്റെ ശബ്ദം' എന്ന് അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയായിരുന്നു പലസ്തീനിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന അവര്‍.
ഫോറന്‍സിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷിറീന്റെ സഹോദരന്‍ ടോണി അബു അക്ലെഹ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെയും സമീപിക്കുകയുണ്ടായി. സെപ്തംബര്‍ മാസത്തിലായിരുന്നു അത്. മാധ്യപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സും പരാതിയെ പിന്തുണക്കുകയുണ്ടായി.
ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കടുത്ത മനുഷ്യാവാകാശ ലംഘനങ്ങളെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്ന പ്രവര്‍ത്തനങ്ങളാണ് ഷിറീന്‍ ചെയ്തുകൊണ്ടിരുന്നത്. ഇതുമൂലം ഇസ്രായേല്‍ സൈന്യത്തിന് ഷിറീന്‍ കണ്ണിലെ കരടായിരുന്നു. പലപ്പോഴും ഇസ്രായേല്‍ സൈനികരുടെ ഭാഗത്ത് നിന്ന് ഷിറീനെ പരിഹസിക്കുന്ന വാക്പ്രയോഗങ്ങളും മറ്റും ഉണ്ടായിട്ടുമുണ്ട്.
ഷിറീന് തങ്ങളുടെ സൈനികന്റെ വെടിയേറ്റിരിക്കാന്‍ സാധ്യതയുണ്ടെന്ന് സെപ്റ്റംബര്‍ മാസത്തില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ തുറന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള കുറ്റാന്വേഷണവും ഉണ്ടാവില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് നവംബറില്‍ യുഎസ് അന്വേഷണ ഏജന്‍സികള്‍ ഇതേക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന അറിയിപ്പുണ്ടായി. എന്നാല്‍, ഒരു തരത്തിലുള്ള അന്വേഷണത്തോടും തങ്ങള്‍ സഹകരിക്കില്ലെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചത്.
ഷിറീന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായ അല്‍ ജസീറയും കഴിഞ്ഞ ദിവസം ആന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുകയുണ്ടായി. മരണവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ ലഭ്യമായിട്ടിണ്ടെന്നാണ് മാധ്യമ സ്ഥാപനം വാദിക്കുന്നത്. എന്നാല്‍, ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോടതിയുടെ തുടര്‍ നടപടികളും നിര്‍ണ്ണായകമാണ്. വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ലഭിക്കുന്ന പരാതികളില്‍ തുടര്‍ നടപടി ആവശ്യമാണോ എന്ന് കോടതിക്ക് തീരുമാനിക്കാം. ഐസിസിയുടെ പ്രോസിക്യൂട്ടേര്‍സ് ഓഫീസ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. പരാതിയില്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്ക് അര്‍ഹമായ ഘടകങ്ങളുണ്ടോ എന്ന് തീരുമാനിക്കുന്നത് കോടതിയിലെ ന്യായാധിപന്മാരാണ്.
ഇസ്രായേലിനെതിരായ പരാതി ഐസിസിയില്‍ എത്തിയതിന് എതിരെ യുഎസ്സ് നിലപാട് എടുത്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ അന്താരാഷ്ട്ര കോടതി ഇടപെടേണ്ടതില്ല എന്നാണ് യുഎസ്സിന്റെ നിലപാട്. യുഎസ്സിന്റെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സഖ്യ രാഷ്ട്രമാണ് ഇസ്രായേല്‍ എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട കാര്യമാണ്. മാത്രമല്ല, വര്‍ഷാവര്‍ഷം മൂന്ന് ബില്യണ്‍ ഡോളറില്‍ അധികം ധനസഹായവും ഇസ്രായേലിന് യുഎസ്സ് നല്‍കുന്നുമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇസ്രായേലിന് എതിരായ നീക്കങ്ങള്‍ നടക്കുമ്പോഴെല്ലാം രക്ഷയ്‌ക്കെത്തുന്നത് യുഎസ്സ് തന്നെ. ഈ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍ യുഎസ്സിന്റെ നേതൃത്വത്തിലുള്ള അന്വേഷണം കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഇസ്രായേല്‍ എന്ന രാഷ്ട്രം നിരന്തരമായി ക്രൂരകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്ന രാജ്യമാണ്. പലസ്തീനികളെ ദശാബ്ദങ്ങളായി അടിച്ചമര്‍ത്തുന്ന ഇസ്രായേലിന്റെ നടപടികളെ, മുമ്പ് ദക്ഷിണ ആഫ്രിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരെ അടിച്ചമര്‍ത്തിയിരുന്ന തരത്തില്‍, 'അപ്പാര്‍ത്തീഡ്' എന്ന് തന്നെയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള സംഘടകള്‍ നാമകരണം ചെയ്യുന്നത്. എന്നാല്‍, ജനാധിപത്യത്തിന്റെ സംരക്ഷകരെന്നും, സംസ്‌കാരത്തിന്റെ പ്രചാരകരെന്നും സ്വയം വിശേഷിപ്പിക്കുന്ന പാശ്ചാത്യ ശക്തികള്‍ ഇസ്രായേലിന്റെ ക്രൂരതകള്‍ക്ക് നേരെ സൗകര്യപൂര്‍വം കണ്ണടയ്ക്കുകയാണ് പതിവ്.
എന്നാല്‍, ഷിറീന്റെ കൊലപാതകം ഇസ്രായേലിനെ ഒരു പരിധിവരെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. ലോകപ്രശസ്തയായ മാധ്യമ പ്രവര്‍ത്തകയെ പോലും പകല്‍വെളിച്ചത്തില്‍ കൊല ചെയ്യാന്‍ മടിയില്ലാത്ത രാജ്യമായി ഇസ്രായേല്‍ ലോക മാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെട്ടു. പക്ഷെ, അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങളൊന്നും ഇസ്രായേലിനെ ഇതിന് മുമ്പും കുലുക്കിയിട്ടില്ല. ലോകത്തെ അതിസമ്പന്ന രാഷ്ട്രങ്ങളുടെ അനുഗ്രഹാശ്ശിസുകള്‍ തന്നെ അതിന് കാരണം. ഷിറീന്റെ മരണം ഇസ്രായേല്‍ സൈന്യം നടത്തിയ കൊലപാതകമാണെന്ന സത്യം ഏറെക്കുറെ വെളിപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നടപടി എന്തായിരിക്കും എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.