TMJ
searchnav-menu
post-thumbnail

Outlook

നവമാധ്യമങ്ങളും പാരിസ്ഥിതിക മൂല്യബോധവും

29 Dec 2021   |   1 min Read
Sony R K

PHOTOS : PRASOON KIRAN

രിസ്ഥിതി പ്രവര്‍ത്തനത്തിന് ലോകമെമ്പാടും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 1960 മുതലിങ്ങോട്ട് നോക്കിയാല്‍ പാരിസ്ഥിതിക ഇടപെടലുകളുടെയും ആശയസംവാദങ്ങളുടെയും രൂപവും ഭാവവും മാറിയിരിക്കുന്നു. ഇത് പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്തയുടെ വ്യാപ്തിയിലും സമരങ്ങളുടെ രീതികളിലുമൊക്കെ പ്രതിഫലിച്ചു കാണാം. ലോകത്തില്‍ മാറ്റങ്ങൾ സംഭവിച്ചതിനനുസരിച്ചു കേരളത്തിലും ഇത്തരം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഓൺലൈൻ ആക്ടിവിസം ഇതിൽ എടുത്ത് പറയേണ്ട ഒന്നാണ്. ഇന്ന് മിക്ക പരിസ്ഥിതി സമരങ്ങളിലും ഇന്റര്‍നെറ്റ് ഒരു പ്രധാന ഉപാധിയായി മാറിയിരിക്കുന്നു. വിവരങ്ങൾ കൈമാറാൻ മാത്രമല്ല, ക്യാമ്പയിനിങ്ങിനുള്ള ഒരു മാധ്യമം കൂടി ആയി ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥയിൽ, ഈ പുതിയ പാരിസ്ഥിതിക വിനിമയരീതികൾ ഏതു തരത്തിലുള്ള മൂല്യമാണ് ഉത്പാദിപ്പിക്കുന്നത്. അത് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് എത്രത്തോളം പ്രയോജനകരമാണ്? മുൻപുള്ള രീതികളെ അപേക്ഷിച്ച് ഇതിലൂടെ ഉത്പ്പാദിപ്പിക്കപ്പെടുന്ന മൂല്യത്തിന്റെ സാധ്യതയും സാധുതയും എന്താണ്? എന്നിങ്ങനെയുള്ള ചോദ്യങ്ങളിലേക്കുള്ള അന്വേഷണമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

"നമ്മുടെ കാലം തീർച്ചയായും വാര്‍ത്താസ്ഫോടനത്തിന്റെ കാലമാണ്. പെയ്തുകൊണ്ടിരിക്കുന്ന പെരുമഴയില്‍ നിന്നും ഒരു കുടയും നമ്മെ രക്ഷിക്കാതായിട്ടുണ്ട്. ലോകത്തിൽ എവിടെ നടക്കുന്ന സംഭവവും നമ്മുടെ ശരീരത്തില്‍ വെള്ളം തെറിപ്പിക്കാതെ കടന്നുപോകുന്നില്ല". (എം.എന്‍. വിജയന്‍)

വിജയന്‍ മാഷ് ഇതെഴുതിയത്, പത്ര മാധ്യമങ്ങളും പുതിയ ഇലക്ട്രോണിക് മാധ്യമങ്ങളും വാര്‍ത്ത ഉല്പാദിപ്പിക്കുന്നതിനു പകരം ‘ഇച്ഛ’ ഉല്പാദിപ്പിക്കുകയും മുതലാളിത്തത്തിന്റെ പിണിയാളുകളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തെ മനസ്സിലാക്കിയാണ്. മാഷ് എഴുതുന്ന കാലത്തിനേക്കാള്‍ ശക്തിയുള്ള ഒരു ശൃംഖലാ (network) യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇന്ന് മാധ്യമങ്ങളും വാര്‍ത്തയും വല്ലാതെ മാറിയിരിക്കുന്നു. നമ്മുടെ കയ്യിലുള്ള വലിയ സ്ക്രീനുള്ള ചെറിയ ഉപകരണങ്ങളിലേക്ക് വാര്‍ത്തകള്‍ നിരന്തരം നോട്ടിഫിക്കേഷനുകളായി വന്നു കൊണ്ടേയിരിക്കും. ഇതില്‍ തള്ളേണ്ടതേത് കൊള്ളേണ്ടതേത് എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് പരിസ്ഥിതി അറിവുകളും ഇത്തരത്തില്‍ വിനിമയം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ അറിവുകള്‍ പുതിയ ആള്‍ക്കാരില്‍ എത്രത്തോളം എത്തുന്നു എന്നത് ഒരേസമയം ഒരു ചോദ്യവും പ്രശ്നവുമാണ്. പുതിയ ആള്‍ക്കാരില്‍ എത്തിയാല്‍ത്തന്നെ എത്രത്തോളം ശക്തിയായി അത് അവരുടെ ചിന്തകളെ സ്വാധീനിക്കുകയും പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്യും എന്നത് ഇതിനോട് ചേര്‍ന്ന് ചിന്തിക്കേണ്ടതാണ്. നിലവില്‍ പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും ബോധ്യമുള്ള മനുഷ്യരെ കര്‍മ്മോദ്യുക്തരായി നിലനിര്‍ത്താന്‍ മാത്രമേ ഈ പുതിയ മാധ്യമം ഉപകരിക്കുന്നുള്ളൂവെങ്കില്‍ അതില്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നുതന്നെ കരുതേണ്ടതുണ്ട്. കാരണം അത്തരത്തിലുള്ള, ബോധപൂര്‍വ്വം ശരീരം ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുള്ള മനുഷ്യര്‍ പിന്‍വാങ്ങുന്ന പ്രശ്നമില്ല എന്നതാണ്. അതായത് അത്തരത്തിലുള്ള മനുഷ്യരില്‍ പ്രത്യേകിച്ച് ഒരു അവബോധം സൃഷ്ടിക്കേണ്ട ആവശ്യമില്ല എന്നതു തന്നെ. മറിച്ച് പരിസ്ഥിതിവിനിമയം ശ്രദ്ധ ചെലുത്തേണ്ടത് പുതിയ കൂട്ടങ്ങളിലാണ്. ഈ പുതിയ കൂട്ടങ്ങളെ, ബഹുജനത്തെ, പ്രകൃതിയുടെയും ജീവന്റെയും നിലനില്‍പ്പിനാവശ്യമായ ഒരു പാരിസ്ഥിതിക ബോധത്തിലേക്കും അതിലൂടെ പാരിസ്ഥിതിക നൈതികതയില്‍ ഊന്നിയ ഒരു ജീവിതക്രമത്തിലേക്കും കൊണ്ടുവരാന്‍ പറ്റുന്നില്ലയെങ്കില്‍ ഇത്തരം വിനിമയങ്ങള്‍ക്ക് അര്‍ത്ഥമില്ലാതായിപ്പോകും.

പുതിയ വിനിമയ രീതികളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന മൂല്യം സ്ഥായിയായ ഒന്നാണോ? ബഹുജനത്തെ ചേര്‍ത്തുനിര്‍ത്താന്‍ അതിനു എത്രത്തോളം കഴിയുന്നുണ്ട്. ഈ ചേര്‍ത്തുനിര്‍ത്തലിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏതുതരത്തിലുള്ള ഉപായങ്ങളാണ് ഉപയോഗിക്കേണ്ടി വരിക? തുടങ്ങിയ ചോദ്യങ്ങള്‍ ഇങ്ങനെ പാരിസ്ഥിതിക മൂല്യബോധത്തിന്റെ ഉത്പാദനത്തോടു ചേര്‍ന്ന് ഉയര്‍ന്നുവരുന്നുണ്ട്.

പ്രൊഫ. എം എന്‍ വിജയന്‍

എന്താണ് പരിസ്ഥിതി മൂല്യബോധം?

പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ അടിത്തറ തന്നെ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന് ഇന്ന് നിലനിൽക്കുന്ന മൂല്യബോധത്തിൽ അടിസ്ഥാനപരമായി മാറ്റം ഉണ്ടാകണം എന്നതിലാണ്. പാരിസ്ഥിതിക മൂല്യബോധത്തെക്കുറിച്ചു സംസാരിക്കുമ്പോൾ എന്തൊക്കെയാണ് അതിൽ ഉള്‍ക്കൊള്ളുന്നത് എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ കൊണ്ടുനടക്കുന്ന മൂല്യബോധം എന്താണ് എന്ന അറിവ് ഇവിടെ പ്രധാനമാണ്. അത് വന്യജീവികളുടെ സംരക്ഷണം ആകാം, കാടിന്റെ സംരക്ഷണം ആകാം, എല്ലാവര്‍ക്കും വിഷമയമല്ലാത്ത ഭക്ഷണം കിട്ടുന്ന കാലത്തെക്കുറിച്ചുള്ള സ്വപ്നം ആകാം. അങ്ങനെ നമ്മുടെ ചുറ്റുപാടിനെ, പരിസ്ഥിതിയെ, ഭൂമിയെ ഒക്കെ സംബന്ധിക്കുന്ന പലതും ആകാം. ഏറ്റവും ലളിതമായി പറഞ്ഞാൽ ഈ മനുഷ്യർ മറ്റു പലതിനെയും അപേക്ഷിച്ച് പരിസ്ഥിതിക്ക്, അതിന്റെ സംരക്ഷണത്തിന്, ഉയര്‍ന്ന പ്രാധാന്യം കൊടുക്കുന്നു എന്നര്‍ത്ഥം. പക്ഷെ ഇതിനുപരിയായി, ഉയര്‍ന്ന പ്രാധാന്യത്തിനുപരിയായി നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍, പുതിയ പരിസ്ഥിതിവിനാശ കാലഘട്ടത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റം മാത്രമേ ഗുണകരമാകൂ എന്ന് ചിന്തിക്കുന്ന ഒരു പറ്റം ആള്‍ക്കാരുമുണ്ട്. സുസ്ഥിരതയിലൂന്നിയ ജീവിതശൈലിയാണ് ഈ അടിസ്ഥാനപരമായ മാറ്റം. ജനങ്ങള്‍ അവരുടെ ജീവിതക്രമം പരിസ്ഥിതിക്കനുയോജ്യമായി മാറ്റുക മാത്രമല്ല അതിന്റെ നൈതികതയില്‍ അടിസ്ഥാനമാക്കിയുള്ള ഒരു പൊതുജീവിതക്രമം രൂപപ്പെടുത്തുക, അത് എല്ലാവരും പിന്തുടരുക എന്നതും കൂടിയാണ് ഈ അടിസ്ഥാനപരമായ മാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പെരുമാറ്റ (environmental behavior) രൂപീകരണത്തിനു വ്യക്തികളുടെ മൂല്യബോധത്തിന് പ്രാധാന്യമുണ്ട് എന്ന് കാണിക്കുന്ന ധാരാളം പഠനങ്ങള്‍ ഉണ്ട്. മൂല്യത്തിനെ നമ്മള്‍ ഇവിടെ മനസ്സിലാക്കുന്നത് പ്രധാനമായ ജീവിത ലക്ഷ്യങ്ങള്‍ ആയിട്ടോ അല്ലെങ്കില്‍ ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ ഉതകുന്ന ഒരു പ്രത്യേക മാനദണ്ഡം ആയിട്ടോ ഒക്കെയാണ്. അത് മനോഭാവത്തിന്റെ രൂപികരണത്തിനും പെരുമാറ്റ രൂപികരണത്തിനും അടിസ്ഥാനമായി വര്‍ത്തിക്കുന്നുണ്ട്. അതായത് മനുഷ്യരുടെ തെരഞ്ഞെടുപ്പുകളില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് ഈ മൂല്യബോധം ആണ് എന്നര്‍ത്ഥം.

പാരിസ്ഥിതിക മൂല്യവുമായി ബന്ധപ്പെട്ട എല്ലാത്തരം പഠനങ്ങളും കാണിക്കുന്നത് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പെരുമാറ്റത്തില്‍ മൂല്യം എത്രത്തോളം പ്രധാനമാണ് എന്നതാണ്. ഈ മൂല്യം എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നത് കൂടി ഇതോടൊപ്പം പ്രധാനമാണ്. പുതിയ വിനിമയ രീതികളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന മൂല്യം സ്ഥായിയായ ഒന്നാണോ? ബഹുജനത്തെ ചേര്‍ത്തുനിര്‍ത്താന്‍ അതിനു എത്രത്തോളം കഴിയുന്നുണ്ട്. ഈ ചേര്‍ത്തുനിര്‍ത്തലിന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏതുതരത്തിലുള്ള ഉപായങ്ങളാണ് ഉപയോഗിക്കേണ്ടി വരിക? തുടങ്ങിയ ചോദ്യങ്ങള്‍ ഇങ്ങനെ പാരിസ്ഥിതിക മൂല്യബോധത്തിന്റെ ഉത്പാദനത്തോടു ചേര്‍ന്ന് ഉയര്‍ന്നുവരുന്നുണ്ട്.

പരിസ്ഥിതി സൌഹാര്‍ദ്ദപരമായ പെരുമാറ്റങ്ങള്‍ രണ്ടു തരത്തിലാണ് തരംതിരിച്ചിട്ടുള്ളത്. ഒന്ന് ഉദ്ദേശ്യം അടിസ്ഥാനമാക്കിയുള്ളതും (intent-oriented) മറ്റേത് ഫലത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതും (impact-oriented). ഒന്നാമത്തേത് കൊണ്ട് അര്‍ത്ഥമാക്കുന്നത് പരിസ്ഥിതി സൗഹാര്‍ദ്ദ പെരുമാറ്റങ്ങള്‍ നിര്‍വ്വചിക്കുന്നത് ചെയ്യുന്ന ആളുടെ ലക്ഷ്യവും താത്പര്യവും അടിസ്ഥാനമാക്കിയാണ് എന്നാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പരിസ്ഥിതിക്ക് ഗുണകരമായി ഭവിക്കണം എന്ന് ഒരാള്‍ ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന രീതി. ഇത്തരത്തിലുള്ള ഇടപെടലിന്റെ ഉദ്ദേശം പരിസ്ഥിതിക്ക് ഗുണകരമായി വരുക എന്നതാണെങ്കിലും ശരിക്കും പരിസ്ഥിതിക്ക് മേലുള്ള ആഘാതം ഇല്ലാതാക്കാൻ ഇത്തരത്തിലുള്ള ഇടപെടലിന് എപ്പോഴും കഴിയണമെന്നില്ല. ഇതിനു വിപരീതമായി ഫലം അടിസ്ഥാനമാക്കിയിട്ടുള്ള പെരുമാറ്റം ഒരാളുടെ ഉദ്ദേശ്യലക്ഷ്യം കൊണ്ടല്ല മറിച്ച് ഒരു ഇടപെടലിന്റെ യഥാര്‍ത്ഥ ഇംപാക്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് (1).

ഒരു വ്യക്തിയുടെ പ്രവര്‍ത്തനം അവരുടെ നന്മയില്‍ കേന്ദ്രീകരിച്ചായിരിക്കണം എന്നതാണ് ഇതിന്റെ അടിസ്ഥാനം. വ്യക്തിക്ക് നന്മയായി ഭവിക്കുന്നത് സമൂഹത്തിനു നല്ലതായി വരും എന്ന് ഈഗോകേന്ദ്രീകൃത നൈതികത വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സാമൂഹിക നന്മ എന്നത് വ്യക്തി നന്മയുടെ തുടര്‍ച്ചയും ഒരേ വരിയില്‍ കാണുമ്പോള്‍ പുറകില്‍ നില്‍ക്കുന്നതുമാണ്.

കരോലിന്‍ മര്‍ച്ചന്‍റ്

പാരിസ്ഥിതിക നൈതികതെയെക്കുറിച്ചുള്ള പഠനങ്ങൾ പരിസ്ഥിതിയെക്കുറിച്ചുള്ള ബോധത്തെ മൂന്നു കൂട്ടങ്ങളുള്ള മൂല്യ ഉത്പന്നങ്ങളുമായി (value products ) ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കുന്നത്. ഈ മൂന്നു ഉത്പന്നങ്ങളും മറ്റു മനുഷ്യരും, മനുഷ്യര്‍ അല്ലാത്ത വസ്തുക്കളും പിന്നെ ആത്മാവുമാണ്. കരോലിന്‍ മർച്ചന്റ് (Carolyn Merchant) എന്ന ഇക്കോഫെമിനിസ്റ്റ് ചിന്തക ഇതിനെ വായിക്കുന്നത് മൂന്നു തരം നൈതികബോധവുമായി ബന്ധപ്പെടുത്തിയിട്ടാണ്. ഈഗോകേന്ദ്രീകൃതം (egocentric), മനുഷ്യകേന്ദ്രീകൃതം (homocentric), ഭൂമികേന്ദ്രീകൃതം (ecocentric) എന്നിവയാണ് അവ (2).

ഈഗോകേന്ദ്രീകൃത നൈതികത (egocentric ethics) ആത്മാവില്‍ അല്ലെങ്കില്‍ അവനവനില്‍ തന്നെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. ഒരു വ്യക്തിയുടെ പ്രവര്‍ത്തനം അവരുടെ നന്മയില്‍ കേന്ദ്രീകരിച്ചായിരിക്കണം എന്നതാണ് ഇതിന്റെ അടിസ്ഥാനം. വ്യക്തിക്ക് നന്മയായി ഭവിക്കുന്നത് സമൂഹത്തിനു നല്ലതായി വരും എന്ന് ഈഗോകേന്ദ്രീകൃത നൈതികത വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സാമൂഹിക നന്മ എന്നത് വ്യക്തി നന്മയുടെ തുടര്‍ച്ചയും ഒരേ വരിയില്‍ കാണുമ്പോള്‍ പുറകില്‍ നില്‍ക്കുന്നതുമാണ്. വ്യക്ത്യാധിഷ്ഠിതമയത് കൊണ്ട് ഈഗോകേന്ദ്രീകൃത നൈതികത സ്വാര്‍ത്ഥതയില്‍ നിന്നോ അവരവരോടുള്ള കടുത്ത ആരാധനയില്‍ നിന്നോ ഉത്ഭവിക്കുന്നതാണ് എന്നര്‍ത്ഥമില്ല. പകരം വ്യക്തികളെ വ്യത്യസ്തരും എന്നാല്‍ സമന്മാരും ആയ സാമൂഹിക കണികകളായി കാണുന്ന തത്വചിന്തയാണ് ഇതിന്റെ അടിസ്ഥാനം.

മനുഷ്യകേന്ദ്രീകൃത നൈതികത (homocentric ethics) സമൂഹത്തില്‍ ഊന്നിയിട്ടുള്ളതാണ്. അതിലടങ്ങിയിരിക്കുന്നത് മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തില്‍ സമൂഹത്തിന്റെ താത്പര്യവും അതിന്റെ രാഷ്ട്രീയവും ആണ്. ഭൂമികേന്ദ്രീകൃത നൈതികതയുടെ (ecocentric ethics) ഊന്നല്‍ പ്രപഞ്ചത്തിലാണ്. നമുക്ക് ചുറ്റുമുള്ള ലോകത്തിലെ എല്ലാത്തിനും, ചേതനവും അചേതനവുമായ വസ്തുക്കള്‍ക്കെല്ലാം നൈസ്സര്‍ഗ്ഗിക മൂല്യമുണ്ട് എന്നാണ് അത് കരുതുന്നത്. ഈ കേന്ദ്രീകൃതമായ നൈതികത തന്നെയാണ് ആള്‍ഡോ ലിയോപോള്‍ഡ് (Aldo Leopold) 1949ല്‍ പ്രസിദ്ധീകരിച്ച ‘എ സാന്‍ഡ് കൌണ്ടി അല്‍മനാക്ക് (A Sand County Almanac) അവസാനത്തെ അദ്ധ്യായത്തില്‍ വിവരിക്കുന്ന ഭൗമനൈതികതയും (land ethics). പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നതും ആവാസവ്യവസ്ഥയുടെ വൈവിധ്യവും, സ്ഥിരതയും ലയവും ഒക്കെ നിലനിര്‍ത്തുക എന്നതാണ് ഭൗമ നൈതികതയുടെ പരമപ്രധാനമായ ലക്ഷ്യം. ഇവിടെ മനുഷ്യന്റെ കര്‍ത്തവ്യം പ്രകൃതിയെ കീഴടക്കുക എന്നതില്‍ നിന്നു മാറി പ്രകൃതിയിലെ ഒരു സാധാരണ ജീവിയായി മറ്റു ജീവജാലങ്ങള്‍ക്കൊപ്പം പൊരുത്തത്തോടെ ജീവിക്കുക എന്നതാകുന്നു. പ്രകൃതിയും മനുഷ്യനും, മറ്റു ജീവജാലങ്ങളും വസ്തുക്കളും ഒക്കെ തമ്മിലുള്ള പാരസ്പര്യവും സഹവര്‍ത്തിത്വവും മനസ്സിലാക്കുന്നയിടത്താണ് ഭൗമനൈതികത മനോഹരമാകുന്നത്. അവിടെയാണ് തനിക്ക് സന്തോഷമായി ഭവിക്കുന്നത് അപരനും അത്തരത്തിലുള്ളതായിരിക്കണം എന്ന ബോധ്യം ഉണ്ടാകുന്നത്. തന്റെ ജീവിതം ഈ പ്രപഞ്ചത്തിലെ ഏതൊരു ചരാചരത്തിനും ദോഷമായി ഭവിക്കരുത് എന്ന ഏറ്റവും സൗന്ദര്യപൂര്‍ണ്ണമായ ജീവിതക്രമത്തെക്കുറിച്ചുള്ള തോന്നലിലാണ് ഭൗമനൈതികതയുടെ ഊന്നല്‍.

സാങ്കേതികവിദ്യ സാധ്യമാക്കിയ വിനിമയത്തിന്റെ സാധ്യത അപാരമാണ്. ഈ അപാരത പരിസ്ഥിതി വിനിമയത്തിന്റെ കാര്യത്തിലും പ്രസക്തമാണ്. കേരളത്തിലെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട പരിസ്ഥിതി സമരമായ സൈലന്റ് വാലി സമരം നടക്കുമ്പോള്‍ ഉണ്ടായിരുന്ന വിനിമയ സംവിധാനങ്ങളല്ല ഇന്ന് നമുക്കുള്ളത്

ആള്‍ഡോ ലിയോപോള്‍ഡ് (Aldo Leopold) 1949ല്‍ പ്രസിദ്ധീകരിച്ച ‘എ  സാന്‍ഡ് കൌണ്ടി അല്‍മനാക്ക് (A Sand County Almanac) എന്ന വിഖ്യാത ഗ്രന്ഥം.

പാരിസ്ഥിതിക വിനിമയവും മൂല്യോത്പാദനവും

മാധ്യമങ്ങള്‍, പ്രധാനമായും മാസ് മീഡിയ, പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള അറിവുകളുടെയും അര്‍ത്ഥങ്ങളുടെയും ഉത്പാദനത്തിലും ഉപഭോഗത്തിലും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇത് സംഭവിക്കുന്നത് വളരെ സങ്കീര്‍ണ്ണമായ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ ഇടപെടലിലൂടെയാണ്. ഈ ഇടപെടല്‍ പാരിസ്ഥിതിക അര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുകയും ഉപഭോഗിക്കുകയും (consume) ചെയ്യാന്‍ സഹായകരമാകുന്ന തരത്തിലാണ്.

മാധ്യമ വിനിമയങ്ങളെ സാംസ്ക്കാരിക രൂപങ്ങളുടെ (cultural forms) ഒരു മണ്ഡലം (circuit) ആയി കണക്കാക്കാം. അതിലൂടെ അര്‍ത്ഥങ്ങള്‍ ഒരു വിദഗ്ധ ഗ്രൂപ്പ് കോഡ് ചെയ്യുകയും അത് വായനക്കാരുടെ/ കേള്‍വിക്കാരുടെ/കാഴ്ചക്കാരുടെ മറ്റൊരു ഗ്രൂപ്പ് പലതരത്തില്‍ ഡീകോഡ് ചെയ്യുകയും ചെയ്യും. ഈ രണ്ടു കോഡിങ്ങുകളും തമ്മില്‍ പ്രത്യേകിച്ച് സാമ്യങ്ങള്‍ ഒന്നും തന്നെയുണ്ടാവണം എന്നില്ല. ഇവിടെ മീഡിയ ഒരു പ്രത്യയശാസ്ത്രത്തിന്റെ പണിയാണ് ചെയ്യുന്നത്. അതിലൂടെ അവര്‍ക്കു വേണ്ട അര്‍ഥങ്ങള്‍ വേണ്ട തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നു എന്നവര്‍ ഉറപ്പു വരുത്തുകയും ചെയ്യും. ഈ അര്‍ത്ഥങ്ങളുടെ എന്‍കോഡിങ്ങും ഡീകോഡിങ്ങും ഒരേസമയം അത് സംഭവിക്കുന്ന സന്ദര്‍ഭത്തിന്റെയും വിവിധ വിനിമയ സാധ്യതകളുടെ ആവർത്തനങ്ങളുടേയും ഉല്പ്പന്നമാണ് (3).

സാങ്കേതികവിദ്യ സാധ്യമാക്കിയ വിനിമയത്തിന്റെ സാധ്യത അപാരമാണ്. ഈ അപാരത പരിസ്ഥിതി വിനിമയത്തിന്റെ കാര്യത്തിലും പ്രസക്തമാണ്. കേരളത്തിലെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട പരിസ്ഥിതി സമരമായ സൈലന്റ് വാലി സമരം നടക്കുമ്പോള്‍ ഉണ്ടായിരുന്ന വിനിമയ സംവിധാനങ്ങളല്ല ഇന്ന് നമുക്കുള്ളത്. അന്ന് ഒരു പോസ്റ്റ്കാര്‍ഡോ ഇന്‍ലെന്റോ അല്ലെങ്കില്‍ വളരെ അപൂര്‍വ്വമായി മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ടെലിഫോണോ മാത്രമായിരുന്നു ആശ്രയം. അതുകൊണ്ടുതന്നെ ഒരു സമരം തുടങ്ങമ്പോള്‍/നടക്കുമ്പോള്‍ അത് ദൂരെയുള്ള സ്ഥലത്ത് എത്തുന്നത് ദിവസങ്ങള്‍ക്കു ശേഷമായിരിക്കും. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. കാതികൂടത്തോ പുതുവൈപ്പിനിലോ ജനങ്ങള്‍ പോലീസ് ഭീകരത നേരിടുമ്പോള്‍ തന്നെ ലോകം മുഴുവന്‍ അത് കാണുന്നു. അവിടെ നടക്കുന്നത് എന്താണ് എന്നറിയുന്നു. ഇത്തരത്തില്‍ വികസിച്ചു വരുന്ന വിനിമയ സാങ്കേതികവിദ്യ പരിസ്ഥിതി പ്രശ്നങ്ങളെ ഒരു വലിയ തോതില്‍ കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. പക്ഷെ ഇത് എത്രത്തോളം ഗുണകരമാണ് എന്നുള്ള ചോദ്യവും ഇതോടൊപ്പം നിലനില്ക്കുന്നുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇന്റെര്‍നെറ്റ് ഉപയോഗം ഒരു പുതിയകാലം തന്നെ പരിസ്ഥിതി ആക്ടിവിസവുമായി ബന്ധപ്പെട്ടു ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഡിജിറ്റല്‍ വിനിമയ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഈ സാമൂഹ്യ മുന്നേറ്റങ്ങളെ ഡിജിറ്റല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആക്ടിവിസം എന്ന പേരിട്ടു വിളിച്ചു പോരുന്നു. ഇത് ഇന്റെര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള പല മുന്നേറ്റങ്ങള്‍ക്കും പൊതുവായി ഉപയോഗിച്ച് വരുന്ന നാമമാണെങ്കിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ടു, സമൂഹത്തില്‍ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ പ്ലാറ്റഫോം ഉപയോഗിച്ചിരുന്നത്. വ്യക്തികളോ ഗ്രൂപ്പുകളോ കാമ്പയിന് വേണ്ടിയിട്ടോ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കാനോ, വിവരം വിനിമയം ചെയ്യാനോ ഒക്കെയാണ് ഇന്റെര്‍നെറ്റ് ഉപയോഗിച്ചു പോന്നത്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ കാണിക്കുന്നത് ഓണ്‍ലൈന്‍ പരിസ്ഥിതി ആക്ടിവിസം കൂടുതല്‍ അവബോധം ഉണ്ടാക്കാന്‍ സഹായിക്കുന്നു എന്നും പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൂടുതല്‍ ആള്‍ക്കാരുടെ പ്രാതിനിധ്യം ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നുമാണ്. ഇതില്‍ എത്രത്തോളം വസ്തുതയാണ് ഉള്ളത്? എന്താണ് നമ്മള്‍ പരിസ്ഥിതി ആക്ടിവിസത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?

ശക്തവും ക്രമാനുഗതവുമായ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ഫലം ഭൗമ നൈതികതയിലൂന്നിയ ജീവിതക്രമമാണ് എന്നാണ് എന്റെ പക്ഷം. ഒരു ദേശത്തിന്റെയോ രാജ്യത്തിന്റെയോ പുരോഗതിയും അത്തരത്തിലുള്ള ജീവിതക്രമം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയാതെ, വിഭവങ്ങളെ പങ്കിട്ടെടുത്തു, മറ്റു ജീവജാലങ്ങളുടെ നിലനില്‍പ്പ് തങ്ങളുടെ കൂടി നിലനില്‍പ്പാണ് എന്ന് മനസ്സിലാക്കുന്ന ഒരു ലോകക്രമം തന്നെയാണ് പരിസ്ഥിതി ചിന്ത വിഭാവനം ചെയ്യുന്നത്. ഇങ്ങനെയുള്ള ഒരു തലത്തിലേക്ക് മനുഷ്യരെയും ലോകത്തെയും നയിക്കാന്‍ കഴിവുള്ള മൂല്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പുതിയ വിനിമയ രീതികള്‍ക്ക് കഴിയുന്നുണ്ടോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്.

ഓണ്‍ലൈന്‍ ഇടപെടലുകള്‍ ഓഫ്ലൈനില്‍ ആളുകളെ എത്തിക്കുന്നു എങ്കില്‍ അത് വളരെ പ്രയോജനകരംതന്നെ. എന്നാല്‍ അത്തരം ഇടപെടലുകള്‍ ഞാന്‍ എന്റെ ദൗത്യം നിര്‍വ്വഹിച്ചു കഴിഞ്ഞു എന്ന ബോധ്യത്തിലേക്കാണ് നമ്മെ എത്തിക്കുന്നത് എങ്കില്‍ അത് അത്യന്തം അപകടകരവുമാണ്. അത് അപകടകരമാകുന്നത് നേരത്തെ പറഞ്ഞ ഈഗോ കേന്ദ്രീകൃതമായ നൈതികതയെ മാത്രം തൃപ്തിപ്പെടുത്തുന്നു എന്നുള്ളതു കൊണ്ടാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ അഹംബോധത്തിനെ മാത്രമേ തൃപ്തിപ്പെടുത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ ഈഗോകേന്ദ്രീകൃത നൈതികതയുടെ വ്യക്തിയുടെ നന്മ സമൂഹത്തെ നന്മയുള്ളതാക്കിത്തീര്‍ക്കുന്നു എന്ന അടിസ്ഥാനപരമായ കാര്യം ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ തന്റെ ദൌത്യം നിര്‍വ്വഹിച്ചു കഴിഞ്ഞു എന്ന തോന്നലിലൂടെ നമ്മള്‍ പ്രവര്‍ത്തിച്ചു എന്ന ബോധം നമ്മുടെ അബോധമനസ്സില്‍ ഉണ്ടാക്കും. ശരിയാണ്. പ്രവര്‍ത്തനം നടന്നിട്ടുണ്ട്. പക്ഷെ ഫലത്തെക്കുറിച്ച് മാത്രമേ ഉത്കണ്ഠപ്പെടേണ്ടതുള്ളൂ. ഫലം ഒരു തമാശയാണ്. ഒന്നും നടക്കാതെ എന്തൊക്കെയോ നടന്നു എന്ന ഒരു തോന്നല്‍ അത് നമ്മുടെ മനസ്സില്‍ ഉണ്ടാക്കും. ഇവിടെയാണ് നമ്മള്‍ മുതലാളിത്ത മാര്‍ക്കറ്റിന്റെ വലയത്തില്‍ പെട്ടുപോകുന്നത്. നമുക്ക് ഒരു കാര്യം ചെയ്യുമ്പോള്‍ കിട്ടേണ്ട/കിട്ടുന്ന സന്തോഷം കിട്ടുകയും എന്നാല്‍ അത് ചെയ്യുമ്പോള്‍ ഉണ്ടാകേണ്ട ഫലം ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ. ഒരു വിന്‍വിന്‍ (win-win) അവസ്ഥ ഉണ്ടാക്കുക. അല്ലെങ്കില്‍ ഉണ്ടായി എന്ന ഒരു തോന്നലുണ്ടാക്കുക. അങ്ങനെയുള്ള ഒരു മായിക ലോകത്തില്‍ ജീവിക്കുമ്പോള്‍ നാം കുറച്ചു കൂടി ജാഗരൂകരായി ഇരിക്കേണ്ട അവശ്യം ഉണ്ട്.

കേരളത്തിലെ പരിസ്ഥിതി ചിന്തയുടെ നെടുംതൂണുകള്‍ ആയ ജോണ്‍സിയും, എം കെ പ്രസാദും, സതീശ് ചന്ദ്രനുമൊക്കെ ചെയ്തുപോന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കുട്ടികളെ ഈ ഭൂമികേന്ദ്രീകൃതമായ നൈതികത (land ethics) ലാന്‍ഡ് എത്തിക്സ് പഠിപ്പിക്കുക എന്നതാണ്. അതിനു ഉപയോഗിച്ച രീതിശാസ്ത്രം നിരന്തരമായ സംവാദങ്ങളായിരുന്നു

പാരിസ്ഥിതിക വിനിമയം കേരളത്തില്‍

നേരത്തെ വിവരിച്ച ഭൗമനൈതികത ഉത്പാദിപ്പിക്കുക എന്നതാണ് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മനുഷ്യർ കുറേ കാലങ്ങളായി ചെയ്തു പോന്നത്. കുറെ കാലങ്ങള്‍ എന്ന് പറഞ്ഞാല്‍ സൈലന്റെവാലി സമരം തൊട്ടിങ്ങോട്ട്. കേരളത്തിലെ പരിസ്ഥിതി ചിന്തയുടെ നെടുംതൂണുകള്‍ ആയ ജോണ്‍സിയും, എം കെ പ്രസാദും, സതീശ് ചന്ദ്രനുമൊക്കെ ചെയ്തുപോന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കുട്ടികളെ ഈ ഭൂമികേന്ദ്രീകൃതമായ നൈതികത (land ethics) ലാന്‍ഡ് എത്തിക്സ് പഠിപ്പിക്കുക എന്നതാണ്. അതിനു ഉപയോഗിച്ച രീതിശാസ്ത്രം നിരന്തരമായ സംവാദങ്ങളായിരുന്നു. ഈ സംവാദങ്ങള്‍ക്ക് വേദികളായിരുന്നതോ പ്രകൃതിയും. 1980-90 കാലയളവില്‍ നടത്തിയ പ്രകൃതി പഠന ക്യാമ്പുകളില്‍ ഇവര്‍ പാകിയ വിത്തുകളാണ് ഇന്ന് വളര്‍ന്നു പന്തലിച്ചു പൂത്തും കായ്ച്ചും കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

ഇവരൊക്കെയും ജോണ്‍സി സ്കൂള്‍ എന്നൊക്കെ വിളിക്കാവുന്ന ഒരു വിദ്യാലയത്തില്‍ നിന്ന് പുറത്തിറങ്ങിയവരാണെങ്കിലും സ്വാഭാവികമായും പുതിയ കാലത്തും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചും ജീവിക്കുന്നവരാണ്. അത്തരത്തിലുള്ള അവസ്ഥയില്‍ സ്വാഭാവികമായും ഏറ്റവും നൂതനമായ സങ്കേതങ്ങള്‍ അവര്‍ക്ക് ആശ്രയിക്കേണ്ടതായിട്ട് വരും. എന്നാല്‍ ഈ സങ്കേതങ്ങള്‍ എത്രമാത്രം ഫലപ്രദം ആയിരിക്കും എന്നതാണ് നാം നേരിടേണ്ട ഒരു ചോദ്യം. ഫലപ്രദം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് താത്കാലികമായി ഉള്ള ഒരു വിജയം അല്ല. മറിച്ച് ദീര്‍ഘകാലത്തേയ്ക്കുള്ള ഒരു കരുതിവയ്പ്പ് എന്ന നിലയില്‍ ഒരു ഡീപ്പ് ഇക്കോളജിക്കല്‍ മൂല്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പറ്റുക എന്നതാണ് ഉദ്ദേശിക്കുന്നത്.

അതിവേഗം ബഹുദൂരം

പുതിയ വാര്‍ത്താ വിനിമയത്തിന്റെ ഒരു പ്രധാന സവിശേഷത വേഗതയാണ്. അതു തന്നെയാണ് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ നവമാധ്യമങ്ങളിലേക്ക്, പ്രത്യേകിച്ച് ഇന്റെര്‍നെറ്റിലേക്കും സമൂഹമാധ്യമങ്ങളിലേക്കും ആകര്‍ഷിക്കുന്ന ഒരു ഘടകം. എന്നാല്‍ ഈ വേഗത തന്നെയാണ് ഇവിടെ വിപരീതഫലം ഉണ്ടാക്കുന്നതും. വേഗത എന്നു പറയുന്നത് നമുക്ക് പറയേണ്ടത് എത്രയും പെട്ടെന്ന് മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോള്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. അതു നമ്മളുടെ വാര്‍ത്താ മനസ്സ് ഉള്‍ക്കൊണ്ടു കഴിയുമ്പോഴേക്ക് മായ്ച്ചു പുതിയ വിവരങ്ങള്‍ തലച്ചോറിലേക്ക് കയറ്റുന്നയിടത്തും കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഏതിനാണ് ശക്തി കൂടുതല്‍ എന്നതിനനുസരിച്ച് ആയിരിക്കും ഇതിന്റെ ഗുണദോഷ ഫലങ്ങൾ നിര്‍മ്മിക്കപ്പെടുന്നത്.

പുതിയ വിനിമയ സംവിധാനങ്ങളുടെ വേഗത എന്ന് പറഞ്ഞാല്‍ ഇവിടെ നടക്കുന്നത് അപ്പോള്‍ത്തന്നെ ലോകത്ത് എവിടെയും എത്തിക്കുന്ന തരത്തിലുള്ള വേഗതയാണ്. അതിനെ നമ്മള്‍ ലൈവ് (live) എന്ന് ഓമനപ്പേരിട്ട് വിളിക്കുകയും ചെയ്യുന്നു. ലൈവ് ആകുക എന്ന് പറഞ്ഞാല്‍ ജീവിക്കുക എന്ന് തന്നെയാണ് അര്‍ത്ഥം. പക്ഷെ അതില്‍ ജൈവികത ഇല്ല എന്ന ഒരു പ്രശ്നം ഉണ്ട്. ഉള്ളത് മായികത (virtuality) ആണ്. ജൈവികത ഇല്ലാത്തതു കൊണ്ടുതന്നെ, പകരം മായികത (virtuality) ഉള്ളതുകൊണ്ട് ഇവ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് ഒരു പുസ്തകം വായിച്ചു ആവേശംകൊണ്ട് സമരത്തിനു ചാടി പുറപ്പെടുന്ന ആളുടെ ഊര്‍ജ്ജം അടുത്ത പുസ്തകത്തോടു കൂടി പ്രണയത്തിലേക്കോ മറ്റെന്തിങ്കിലെക്കുമോ മാറിപ്പോകുന്നത്. പുസ്തകം വായിച്ച, എന്നാല്‍ അതോടൊപ്പം കൂട്ടായ്മകളില്‍ പങ്കെടുത്ത, അവിടെ ആടുകയും പാടുകയും ചെയ്തവര്‍ നിലനില്ക്കുന്നതും അടുത്ത കൂട്ടായ്മയിലും അവരെ കാണുന്നതും അവര്‍ ജൈവികമായി ലൈവ് ആയതു കൊണ്ടാണ്. ആള്‍ക്കാര്‍ കൂട്ടം കൂടുന്നതും ഉച്ചത്തില്‍ പാട്ട് പടുന്നതും ഗവണ്‍മെന്റിനെ പേടിപ്പെടുത്തുന്നത് ആ ഊര്‍ജ്ജപ്രവാഹം തുടര്‍ന്നും ഉണ്ടാകും എന്ന് നമുക്കില്ലെങ്കില്‍പ്പോലും അവര്‍ക്ക് നല്ല ബോധ്യം ഉള്ളതുകൊണ്ടാണ്. ഊരാളി പാടുമ്പോള്‍ പാട്ട് നിര്‍ത്താന്‍ നമ്മുടെ ജനപ്രിയ എംഎല്‍എ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം പ്രവഹിക്കുന്ന പോസ്റ്റുകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കാത്തതും അതുകൊണ്ടാണ്. ചിലപ്പോഴൊക്കെ പ്രാധാന്യം ലഭിക്കുന്നുണ്ട് എങ്കില്‍ അത് ഗൂഡാലോചനയുടെ ഭാഗമാണ്. നിങ്ങളുടെ മായിക സ്വത്വം (virtual identity) നമുക്ക് പ്രധാനമാണ് എന്ന് നമ്മെക്കൊണ്ട് തോന്നിപ്പിക്കുക അങ്ങനെയാണ്. നമ്മളില്‍ ആ തോന്നല്‍ ശക്തമാവുമ്പോള്‍ നമ്മള്‍ ജൈവികമായി ലൈവ് ആകാതിരിക്കുകയും മായികമായി ലൈവ് ആവുകയും ചെയ്യും. അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായിത്തീരും. നമ്മളെ നിയന്ത്രിക്കുക എന്നത് അധികം ചിലവും ഊര്‍ജ്ജവും ആവശ്യമില്ലാത്ത ഒരു പ്രവൃത്തിയായി തീരും. ഫലം പ്രതികരണങ്ങള്‍ ചുരുങ്ങിപ്പോവുകയും നമ്മള്‍ നിയന്ത്രണവിധേയരായി പ്രവര്‍ത്തിക്കുന്ന നല്ല പൗരന്‍മാരായിത്തീരുകയും ചെയ്യും. നമ്മളെ നല്ലവരാക്കുകയാണ് എല്ലാവരുടെയും ഉദ്ദേശം. പരിസ്ഥിതിയെക്കുറിച്ച് പറയുമ്പോള്‍ വികസനത്തെക്കുറിച്ച് പറയിപ്പിക്കുക അങ്ങനെയാണ്. കാരണം വികസനമാണ് ഗവണ്‍മെന്റിന്റെ അജണ്ട. ഏതു തരത്തിലുള്ള വികസനം ആണ് വികസനം എന്നത് പൊതുബോധവും പരിസ്ഥിതിപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തില്‍ ഒതുങ്ങും. നമ്മളെ മുടിമുറിപ്പിക്കുന്നതും മാവോയിസ്റ്റ് ആക്കുന്നതും ഇങ്ങനെ നല്ലവരാക്കാനാണ്. ചിലപ്പോള്‍ പേടിപ്പിച്ചു നല്ലവരാക്കും. ചിലപ്പോള്‍ ശിക്ഷിച്ചു നല്ലവരാക്കും. നല്ലവരാകുക എന്ന് പറഞ്ഞാല്‍ അടങ്ങി ഒതുങ്ങി കഴിയുക എന്നര്‍ത്ഥം. സ്റ്റേറ്റ് തരുന്ന ഉരുള ഉരുട്ടി വായിലിട്ടു കൊണ്ടേയിരിക്കുക. അതിനു വീട്ടിലിരുന്നാല്‍ മതി. Virtual ആയാല്‍ മതി. കീബോര്‍ഡുകളില്‍ പ്രതികരിച്ചാല്‍ മതി.

കീഴാറ്റൂര്‍ വയല്‍ സമരകാലത്ത്.

ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് നവമാദ്ധ്യമങ്ങളിലൂടെയുള്ള പാരിസ്ഥിതിക ഇടപെടലുകള്‍ക്ക് ഒരു തരത്തിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല എന്നര്‍ത്ഥമില്ല. പരിസ്ഥിതി പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ യാതൊരു ഗുണവും പ്രധാനം ചെയ്യുന്നില്ല എന്ന ദോഷചിന്ത തീരെയില്ലതാനും. യഥാര്‍ത്ഥത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ (campaigning) ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ ഇത്തരം ഇടപെടലുകള്‍ കൊണ്ട് ലോകത്തുടനീളം സാധിച്ചിട്ടുണ്ട്. പ്രശ്നസംബന്ധിയായ പ്രതികരണങ്ങള് ഉണ്ടാക്കുവാന്‍ സമൂഹ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കു തീരെ ചെറുതല്ല. കേരളത്തിന്റെ കാര്യം തന്നെ എടുത്താല്‍ എന്‍ഡോസള്‍ഫാന്‍ സമരവും കാതികൂടം സമരവും ഒക്കെ ഇതിനുദാഹരണമാണ്. പക്ഷെ ഇത്തരത്തിലുള്ള പ്രതികരണങ്ങളിലുപരിയായി ഒരു പാരിസ്ഥിതിക നൈതികതയിലൂന്നിയ മൂല്യബോധം ഉണ്ടാക്കുന്നതില്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ എത്രത്തോളം പ്രധാനമാണ് എന്നുള്ളതാണ് കാതലായ പ്രശ്നം.

അതിവേഗ ആശയവിനിമയ സാധ്യത ലോകത്തില്‍ വിനിമയം ചെയ്യപ്പെടുന്നത് കേവലം പരിസ്ഥിതി സംബന്ധമായ വാര്‍ത്തകള്‍ മാത്രമല്ല. മറിച്ചു മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടതും ബന്ധപ്പെടാത്തതുമായ ഒട്ടനവധി കാര്യങ്ങള്‍ കൂടി വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഇവിടെയാണ് നേരത്തെ പറഞ്ഞ വേഗത വീണ്ടും കയറി കളിച്ചു തുടങ്ങുക. നമുക്ക് ആവശ്യത്തിനും അനാവശ്യത്തിനും വിവരങ്ങള്‍ അനുസ്യുതമായി കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ തീര്‍ച്ചയായും അവിടെ തെരഞ്ഞെടുപ്പിന്റെ പ്രശ്നം വരും. ഏതിനാണ് നമ്മള്‍ പ്രാധാന്യം കൊടുക്കുക എന്നുള്ളതായി മാറും അവിടുത്തെ പ്രശ്നം. ഒരു വാര്‍ത്തയോ വിവരമോ പൊതുമണ്ഡലത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ അത് സമൂഹത്തിന്റെ ശ്രദ്ധയ്ക്ക് വേണ്ടി മത്സരിച്ചു കൊണ്ടിരിക്കും. പരിസ്ഥിതി പ്രശ്നങ്ങളിലുള്ള മാധ്യമശ്രദ്ധയുടെ ഉയര്‍ച്ച താഴ്ചകള്‍ പരിഗണിച്ചുകൊണ്ട് അത് വിശദീകരിക്കാന്‍ പ്രധാനമായും ഉപയോഗിച്ചു പോരുന്ന സിദ്ധാന്തങ്ങളില്‍ ഒന്നാണ് Down’s Issue-Attention Cycle (4). ഇത് പരസ്പരം മത്സരിക്കുന്ന വാര്‍ത്തകളുടെ നിലനില്‍പ്പിന്റെ സാധ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങളായ സ്ഥാപനപരവും, രാഷ്ട്രീയവും സാംസ്ക്കാരിക പരവുമായ ഘടകങ്ങളെ മനസ്സിലാക്കാനും ക്രമപ്പെടുത്താനും സഹായിക്കുണ്ട്.

ഡൌണ്സിന്റെ അഭിപ്രായത്തില്‍ പരിസ്ഥിതി പ്രശ്നങ്ങളോട് ജനങ്ങള്‍ക്കുള്ള താത്പര്യം തുടര്‍ച്ചയായ അഞ്ചു തലങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. ഒന്നാമത്തെ തലം ഒരു പാരിസ്ഥിതിക പ്രശ്നം നിലനില്ക്കുകയും എന്നാല്‍ ബഹുജനത്തിന്റെ ശ്രദ്ധയില്‍ പതിയാത്തതുമായ അവസ്ഥയുടെ തലമാണ്. ഇവിടെ വിദഗ്ധര്‍ക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിവുണ്ടായിരിക്കും. എന്നാല്‍ അത് സാധാരണ ജനങ്ങളിലേക്ക് എത്തപ്പെട്ടിട്ടുമില്ല എന്ന അവസ്ഥ. രണ്ടാമത്തെ ഘട്ടം ബഹുജനം പെട്ടെന്ന് എന്തെങ്കിലും നാടകീയമായ കാരണങ്ങള്‍ കൊണ്ട്, പെട്ടെന്ന് നിലനില്ക്കുന്ന പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കുന്നതാണ്. കാതിക്കുടത്തെ മീനുകള്‍ ചത്തുപൊന്തിയത് അത്തരം ഒന്നായി കണക്കാക്കാം. മൂന്നാമത്തേത് ഈ പ്രശ്നത്തിന്റെ ലാഭനഷ്ടക്കണക്കാണ്. എത്രത്തോളം ആഘാതം ആണ് അത് ഉണ്ടാക്കുന്നത് എന്നും ഒപ്പം പ്രശ്ന ഹേതുവിനെ ഇല്ലാതാക്കിയാല്‍ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളെപ്പറ്റിയും. ഈ ഘട്ടത്തില്‍ ബഹുജനം ബോധാവതികള്‍ ആയിരിക്കും. നാലാമത്തേത് ബഹുജനത്തിനു ഘട്ടംഘട്ടമായുള്ള താത്പര്യം നഷ്ടപ്പെടല്‍ ആണ്. ഡൌണ്സിന്റെ അഭിപ്രായത്തില്‍ ബഹുജനം ഈ ഘട്ടമാകുമ്പോഴേക്കും പ്രശ്നത്തെ നേരിടുന്ന രീതിയില്‍ നിരാശരാകുകയും ഒപ്പം അടിച്ചമര്‍ത്തലുകളിലൂടെ സാധാരണവത്കരിക്കപ്പെട്ട (normalized) പ്രശ്നത്തില്‍ താത്പര്യം നഷ്ടപ്പെടുകയും ചെയ്യും. ചിലപ്പോള്‍ ഇത് സംഭവിക്കുന്നത് മടുപ്പു കൊണ്ടുമാകാം. അഞ്ചാമത്തേയും അവസാനത്തേയും ഘട്ടത്തില്‍ സംഭവിക്കുന്നത് ഈ പ്രശ്നം അബോധത്തിലേക്ക് തള്ളപ്പെടുകയും ഏതെങ്കിലും പ്രത്യേക അവസരത്തില്‍ പുനരവതരിക്കുകയും ആണ് എന്നതാണ്. പക്ഷേ അങ്ങനെ പുനരവതരിക്കണമെങ്കില്‍ അതിനു മുമ്പ് അത്രയും ബഹുജനശ്രദ്ധ കിട്ടിയിരിക്കണം എന്നാണ് ഡൌണ്സിന്റെ അഭിപ്രായം. ഡൌണ്‍സിന്റെ ഈ സിദ്ധാന്തത്തിനു ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ പോലും കുറെയധികം സന്ദര്‍ഭങ്ങളില്‍ ഈ രീതിയില്‍ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നവമാധ്യമങ്ങള്‍ വിനിമയത്തിന്റെ സാധ്യത അപാരമാക്കുന്നു എന്നതില്‍ തര്‍ക്കമില്ല എങ്കില്‍ പോലും ഒരു പോസ്റ്റോ അല്ലെങ്കില്‍ ഒരു ഓണ്‍ലൈന്‍ കാമ്പയിനോ ആരംഭിച്ചതിനു ശേഷം അതിനു എന്ത് സംഭവിക്കുന്നു എന്നതില്‍ക്കൂടി നമ്മള്‍ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.

കണ്ടങ്കാളിയില്‍ സ്ഥാപിക്കാനിരുന്ന പെട്രോളിയം സംഭരണ കേന്ദ്രത്തിനെതിരായി നടന്ന സമരത്തില്‍ നിന്ന്.

പുതിയ വിനിമയ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഈ എല്ലാ ഘട്ടങ്ങളും ഇതേപോലെ പ്രവര്‍ത്തിക്കണമെന്നില്ല. ഇതൊക്കെ കൂടിച്ചേര്‍ന്നുള്ള പ്രവര്‍ത്തനവും സംഭവിക്കാം. പക്ഷെ മുന്‍പ് വിവരിച്ച വേഗത മനുഷ്യര്‍ക്ക് കാര്യങ്ങളെ ഗ്രഹിക്കാനുള്ള സമയം ഇല്ലാതാക്കി തീര്‍ക്കുന്നുണ്ട്. ഒപ്പം നമ്മളിലേക്കെത്തുന്ന വിവരങ്ങളുടെ വ്യാപ്തി ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് ചാടാന്‍ നമ്മളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. സമഗ്രമായ അറിവില്ലാതെ ഏറ്റവും ഉപരിപ്ലവമായ രീതിയില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള ചാട്ടം ആയിരിക്കും ഇതിന്റെ പരിണിത ഫലം. അത് ഉത്പാദിപ്പിക്കുന്ന മൂല്യമാകട്ടെ വര്‍ത്തമാനത്തിന്റെ, അവസരത്തിന്റെ, സാധ്യതയുടെ മൂല്യമാണ്. അല്ലാതെ ആഴത്തിലുള്ള അറിവില്‍ കേന്ദ്രീകരിച്ചുള്ള, അതില്‍ നിന്നുരിത്തിരിഞ്ഞു വരുന്ന മൂല്യമല്ല. ഇത്തരത്തിലുള്ള മൂല്യങ്ങള്‍ ഒരു നൈതികബോധത്തെയും പിന്തുടരുന്നുമില്ല. അങ്ങനെ വരുമ്പോള്‍ നമ്മുടെ ഇടപെടലുകള്‍ വെറും പ്രതികരണങ്ങള്‍ ആയി മാറുകയും കാമ്പില്ലതായിപ്പോവുകയും ചെയ്യും. കാമ്പില്ലാത്തതിനെ തട്ടിയിടാന്‍ എളുപ്പമാണ്. ഈ തട്ടിയിടലുകളെ പ്രതിരോധിക്കണമെങ്കില്‍ നമുക്ക് പരിസ്ഥിതിയെക്കുറിച്ചുള്ള ഉത്തമ ബോധ്യത്തിലധിഷ്ഠിതമായ ഒരു ഫിലോസഫി തന്നെ ഉണ്ടാക്കിയെടുക്കേണ്ടത് ഉണ്ട്. അതിനു ഓണ്‍ലൈന്‍ വഴിയുള്ള വിനിമയം മാത്രം പോര. ഓണ്‍ലൈന്‍ ഇടപെടലുകള്‍ ഓഫ് ലൈനിലേക്ക് സംക്രമിപ്പിക്കയും വേണം.

നവമാധ്യമങ്ങള്‍ വിനിമയത്തിന്റെ സാധ്യത അപാരമാക്കുന്നു എന്നതില്‍ തര്‍ക്കമില്ല എങ്കില്‍ പോലും ഒരു പോസ്റ്റോ അല്ലെങ്കില്‍ ഒരു ഓണ്‍ലൈന്‍ കാമ്പയിനോ ആരംഭിച്ചതിനു ശേഷം അതിനു എന്ത് സംഭവിക്കുന്നു എന്നതില്‍ക്കൂടി നമ്മള്‍ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ഓണ്‍ലൈന്‍ വഴിയുള്ള ആക്ടിവിസത്തിനു യഥാര്‍ത്ഥ ലോകത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചു എന്ന് മനസ്സിലാക്കിത്തരാന്‍ ഇത്തരത്തിലുള്ള പിന്തുടരല്‍ സഹായിച്ചേക്കും.

പുതിയ വിനിമയ സാധ്യതകളുടെ വേഗതയില്‍ പെട്ട് തെളിഞ്ഞമര്‍ന്നു പോകുന്ന മിന്നല്‍പ്പിണരുകളായി അവസാനിച്ചില്ലാതായിപ്പോകുന്നതാണോ നവമാധ്യമങ്ങളിലൂടെയുള്ള പാരിസ്ഥിതിക ഇടപെടലുകള്? അതിനപ്പുറത്തേക്ക് പാരിസ്ഥിതിക വിനിമയത്തെ എത്തിക്കേണ്ടതില്ലേ? ഇതിനു ഏറ്റവും സഹായകരമായ മാര്‍ഗ്ഗം ഓണ്‍ലൈന്‍ ഇടപെടലുകള്‍ ഓഫ് ലൈന്‍ ഇടപെടലുകളുടെ വിനിമയത്തിനുള്ള ഒരു വേദിയാക്കി ഉപയോഗിക്കുക എന്നുള്ളതാണ്. ഈ രണ്ടു തരം ഇടപെടലുകളും അങ്ങോട്ടുമിങ്ങോട്ടും ഒരു കൊടുക്കല്‍ വാങ്ങലിലൂടെ മുന്നേറിയാല്‍ അതു വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് സഹായകരമാകും എന്നാണു തോന്നുന്നത്.

നവസമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പരിസ്ഥിതി ആക്ടിവിസത്തിന്റെ ഒരു രീതി വളരെ വേഗതയോടെ നിലനില്‍ക്കുന്ന പ്രശ്നത്തോട് പ്രതികരിക്കുക എന്നതാണ്. ഒരൊറ്റ മൗസ് ക്ലിക്കിലോ എന്റെര്‍ ബട്ടണ്‍ അമര്‍ത്തുന്നതിലൂടെയോ ഉള്ള ഈ പ്രതികരണത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രയോജനത്തെ ഓണ്‍ലൈന്‍ ആക്ടിവിസത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന പലരും ചോദ്യം ചെയ്തിട്ടുണ്ട്. അതോടൊപ്പം ഇത്തരത്തിലുള്ള ഇടപെടലുകളുടെ ആഴവും വിമര്‍ശന വിധേയമായിട്ടുണ്ട്. ഇത്തരം ഇടപെടലുകള്‍ക്ക് ഒരു ദീര്‍ഘകാല സാധ്യത ഇല്ല എന്നു തന്നെയാണ് മിക്കവരുടെയും അഭിപ്രായം.

പ്രശ്നകേന്ദ്രീകൃതമായ പ്രതികരണങ്ങള്‍ക്കപ്പുറത്തേയ്ക്കു ഭൂമിയുടെ രാഷ്ട്രീയത്തില്‍ ഊന്നിയ ഒരു മൂല്യബോധത്തിന്റെ ഉല്പ്പാദനത്തില്‍ ഇത്തരം ഇടപെടലുകള്‍ക്ക് എത്രത്തോളം പങ്കു വഹിക്കാന്‍ കഴിയുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

  1. Stern PC. Toward a Coherent Theory of Environmentally Significant Behavior. 2000;56(3):407-424.
  2. Merchant C. Radical Ecology: The Search for a Livable World. New York: Random House; 2005.
  3. Burgess J. The production and consumption of environmental meanings in the mass media : a research agenda for the 1990s. Trans Inst Br Geogr. 1990;15(2):139-161.
  4. Boykoff MT. We Speak for the Trees: Media Reporting on the Environment. Annu Rev Environ Resour. 2009;34(1):431-457.

Leave a comment