TMJ
searchnav-menu
post-thumbnail

Outlook

സ്പോർട്സ് വാഷിങ്ങ് അഥവാ ഏകാധിപതികളുടെ കളിക്കളങ്ങൾ

07 Feb 2022   |   1 min Read
അനീഷ്‌ ഉത്തമന്‍

2022 ഫെബ്രുവരി നാലിന് ചൈനയിലെ ബീജിങ്ങില്‍ വിന്റർ ഒളിമ്പിക്സിന് തുടക്കമായതോടെ, സ്പോര്‍ട്സ് വാഷിങ്ങിന്റെ ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായത്തിനു കൂടിയാണ് ആരംഭം കുറിച്ചത്. ബീജിങ്ങിലെ കൃത്രിമ മഞ്ഞില്‍ തുടങ്ങി ഖത്തറിലെ മരുഭൂമിയിൽ അവസാനിക്കുന്ന സ്പോര്‍ട്സ് വാഷിംഗ് കലണ്ടര്‍. സൗദി അറേബ്യന്‍ ഗവണ്മെന്റിന്റെ ന്യൂ കാസില്‍ യുണൈറ്റഡ് ഏറ്റെടുക്കലിന് ശേഷം കഴിഞ്ഞ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ അവർ നടത്തിയ ഇടപെടലുകൾ, ഭാവിയിൽ ഒരു മാഞ്ചെസ്റ്റര്‍ സിറ്റിയോ പിഎസ്ജിയോ തന്നെയാണ് അവരും ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. സ്പോര്‍ട്സിനെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച്, ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങളോ നേതാക്കളോ കോർപ്പറേറ്റ് പവർ ഹൗസുകളോ തങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ അല്ലെങ്കിൽ അസന്മാര്‍ഗിക ബിസിനസ്‌ ഇമേജുകൾ മായ്ച്ചു കളയാൻ ശ്രമിക്കുന്നതും, ലോക ജനതയ്ക്ക് മുന്നില്‍ പുതിയൊരു സ്വീകാര്യത നിർമിച്ചെടുക്കാൻ ശ്രമിക്കുന്നതിനെയും ആണ് സ്പോര്‍ട്സ് വാഷിംഗ് എന്ന ആശയം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണൽ 2018ലാണ് സ്പോർട്സ് വാഷിംഗ് എന്ന പദം മുന്നോട്ട് വെച്ചതെങ്കിലും, ഈ ആശയത്തിന് സ്പോർട്സിനോളം തന്നെ പഴക്കമുണ്ട്. ചൈനയിൽ അടുത്ത പതിനാറു ദിവസം കൊണ്ട് അവർ ലക്ഷ്യമിടുന്നതും സ്പോർട്സ് വാഷിംഗ് തന്നെയാണ്.

ബീജിംഗ് നാഷണല്‍ സ്റ്റേഡിയം അഥവാ കിളിക്കൂട് എന്ന് പേരിട്ട സ്റ്റേഡിയത്തിൽ ഫെബ്രുവരി നാലിനു നടന്ന വിന്റർ ഒളിമ്പിക്സ് ഉത്ഘാടന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റായ തോമസ് ബാക്ക് റഷ്യന്‍ പ്രസിഡന്റ്‌ വ്ലാദിമര്‍ പുടിനെ സാക്ഷിയാക്കി കൊണ്ട് ചൈനീസ് ഷി ജിങ്പിങ്ങിനൊപ്പം അഭിമാന പുരസ്സരം വേദി പങ്കിട്ടു. വിന്റര്‍ ഒളിംപിക്സിൽ ഏതെങ്കിലുമൊരു മത്സരയിനം തുടങ്ങുന്നതിന് മുൻപ് തന്നെ അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നിലപാട് ഉത്ഘാടന ചടങ്ങില്‍ തന്നെ വ്യക്തമാണ്. ഷിന്‍ജിയാങ്ങ് പ്രൊവിന്‍സില്‍ ഉയ്ഗുര്‍ മുസ്ലിംങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും നിര്‍ബന്ധിത വന്ധ്യംകരണമടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളും, ഹോങ്കോങ്ങിലും ടിബറ്റിലും നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളുടെ അടിച്ചമർത്തലുകളും, നിരവധി മാധ്യമ പ്രവർത്തകരുടെയും, മനുഷ്യാവകാശ പ്രവർത്തകരുടെയും തിരോധാനവും, അടക്കമുള്ള ആരോപണങ്ങൾ ഇന്റർനാഷണൽ കമ്മ്യൂണിറ്റിയിൽ നിന്നു നേരിടുന്ന ഒരു ഭരണകൂടത്തിന്‍റെ അധിപന്റെ കൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ കായിക ഭരണ സംവിധാനമായ ഐഒസിയുടെ പ്രസിഡന്റ്‌ വേദി പങ്കിടുന്നതും 'ദ ലാന്‍ഡ്‌ ഓഫ് ഹോപ്പ് ആന്‍ഡ്‌ ഗ്ലോറി' ഉൾപ്പെടെയുള്ള സാംസ്‌കാരിക പരിപാടികള്‍ക്ക് സാക്ഷിയായതും. ചൈനയിലെ ഒളിമ്പിക്സും, ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പും ക്ലബ്ബ് ഫുട്ബോള്‍ ലോകത്തെ സൗദിയുടെ ഇടപെടലുകളും 2022 നെ ലോക കായിക ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയ അജണ്ടകളോട് കൂടിയ വര്‍ഷമാക്കി മാറ്റും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല.

ലോക കായികമേളകള്‍ക്ക് ആതിഥേയത്വം വഹിച്ചോ, സ്പോർട്സ് ക്ലബ്ബുകളെ സ്വന്തമാക്കിയോ ഇമേജ് ബില്‍ഡിംഗ്‌ നടത്തുന്നത് പുതിയ കാര്യമൊന്നുമല്ല. പിഎസ്ജി, മാഞ്ചെസ്റ്റര്‍ സിറ്റി ഓണർഷിപ്പുകളും, ന്യൂ കാസില്‍ യുണൈറ്റഡിന്റെ സൗദി ഏറ്റെടുക്കലും റഷ്യയുടെയും, ഖത്തറിന്റെയും ലോകകപ്പ്‌ ആതിഥേയത്വവുമെല്ലാം സമീപ കാലത്തെ സ്പോര്‍ട്സ് വാഷിംഗ് ശ്രമങ്ങള്‍ ആണെങ്കിൽ കൂടി, മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെര്‍ലുസ്കോണിയുടേതാണ് സമീപ കാലത്തെ ഏറ്റവും വിജയകരമായ ശ്രമം എന്ന് നിസംശയം പറയാം. 1994 മെയ് നാലിന്, ആതന്‍സില്‍ നടന്ന യൂറോപ്യൻ കപ്പ്‌ (യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പഴയ രൂപം) ഫൈനലിൽ എ.സി മിലാന്‍ ബാഴ്സലോണയെ എതിരില്ലാത്ത നാല് ഗോളിന് തോല്പിക്കുമ്പോൾ, ബെര്‍ലുസ്കോണിയുടെ പുതിയ സർക്കാർ ഇറ്റാലിയന്‍ പാര്‍ലിമെന്റില്‍ വിശ്വാസ വോട്ടെടുപ്പ് ജയിച്ചു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം പ്രമുഖ ഇറ്റാലിയന്‍ ദിനപത്രമായ 'Corriere Della Sera’ യുടെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു, “4-0 ഉം 159-153 ഉം, ക്രൈഫിന്റെ ബാഴ്സലോണയും ഒച്ചെറ്റൊയുടെ സെന്റര്‍ ലെഫ്റ്റും തുടച്ചു നീക്കപ്പെട്ടു”. 1986 ൽ ആണ് പ്രമുഖ ബിസിനസ്സുകാരനായ ബെര്‍ലുസ്കോണി ഇറ്റാലിയിലെ ഫുട്ബോള്‍ ക്ലബ്ബായ എ.സി മിലാന്‍ ഏറ്റെടുക്കുന്നത്, ഫുട്ബോൾ ഭ്രാന്തന്മാരുടെ നാടായ ഇറ്റലിയിലെ പ്രതാപം നഷ്ടപെട്ട ക്ലബ്ബായ എസി മിലാനെ ബെര്‍ലുസ്കോണി ഏറ്റെടുത്തത് വലിയ ലാഭകരമായ പ്രവൃത്തിയൊന്നുമായിരുന്നില്ല. ക്ലബ്‌ ഏറ്റെടുത്ത ശേഷം അദ്ദേഹം പ്രഖ്യാപിച്ചു. പ്രതിരോധത്തിലൂന്നിയുള്ള ഇറ്റാലിയൻ ശൈലി ഞാൻ മാറ്റി മറിക്കും, ജനങ്ങളെ ത്രസിപ്പിക്കുന്ന ഫുട്ബോൾ ഞങ്ങൾ കളിക്കും, ലോകം കീഴടക്കും, ഇത്‌ ഇറ്റലിയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. അരിഗോ സാക്കി എന്ന അന്ന് അധിക ആരും അറിയപ്പെടാത്ത ഫുട്ബോൾ മാനേജറെ ബെര്‍ലുസ്കോണി മിലാനിലെത്തിച്ചു, റൂഡ്‌ ഗുളിറ്റും, വാന്‍ ബാസ്റ്റനും അടക്കമുള്ള സൂപ്പർ താരങ്ങൾ ടീമിലെത്തി. പിന്നീടുള്ള പത്തു വർഷങ്ങൾ എസി മിലാന്റെതായിരുന്നു, ഫുട്ബോളിൽ ഇറ്റാലിയൻ പ്രൌഢി അവർ തിരികെ കൊണ്ട് വന്നു. ഓരോ വിജയങ്ങളും മാര്‍ക്കറ്റ് ചെയ്യുന്നതിൽ ബെര്‍ലുസ്കോണി ഒരു മടിയും കാണിച്ചിരുന്നില്ല, പിന്നിൽ നിന്ന് കാര്യങ്ങൾ തീരുമാനിക്കുന്ന ഉപചാപകനായിരുന്നില്ല അയാള്‍, എസി മിലാന്റെ മുഖം ബെര്‍ലുസ്കോണി ആയിരുന്നു. മിലാന്റെ ഓരോ വിജയങ്ങളും അയാളുടെ പ്രശസ്തി വാനോളമുയര്‍ത്തി. 1993ലാണ് അദ്ദേഹം രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്, അതിന്റെ പേര് സ്വാഭാവികമായും ഫോര്‍സ ഇറ്റാലിയ (എസി മിലാന്‍ ആരാധകര്‍ ഉപയോഗിച്ചിരുന്ന ചാന്റ്) എന്നായിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത് "I have chosen to take to the field and involve in public life" എന്നാണ്. ഇതിലെ ‘take to the field’ പ്രയോഗം ഇന്ന് ഇറ്റാലിയൻ രാഷ്ട്രീയത്തിന്റെയും ഫുട്ബോള്‍ ഫോക്ലോറിന്റെയും ഭാഗമാണ്. തകര്‍ന്നുപോയ ഒരു ഫുട്ബോൾ ക്ലബ്ബിനെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ പവർ ഹൌസുകളില്‍ ഒന്നാക്കി മാറ്റിയ മിശിഹാ, തീർച്ചയായും ഫുട്ബോൾ ഒരു മതം ആയി കൊണ്ട് നടക്കുന്ന രാജ്യത്തെ പ്രധാനമന്ത്രി ആവാൻ യോഗ്യത സ്വയം നേടുകയായിരുന്നു. രാഷ്ട്രീയത്തിന്റെയും ഫുട്ബോളിന്റെയും, മീഡിയയുടെയും ഏറ്റവും മികച്ച ഫ്യുഷനായിരുന്നു ബെര്‍ലുസ്കോണി ബ്രാൻഡ്. കളിക്കളത്തിലെ വിജയങ്ങളും മിലാന്റെ ഉയർത്തെഴുന്നേൽപ്പും ഒരു രാഷ്ട്രീയ ഉല്‍പ്പന്നമായി ആയി ബ്രാൻഡ് ചെയ്യാൻ സാധിച്ചു എന്നുള്ളതും, അതിലുടെ മതവും ദൈവവും മരണാനന്തരം വാഗ്ദാനം ചെയുന്ന സ്വർഗം, ഈ ജീവിതത്തിൽ തന്നെ ഞാൻ നിങ്ങള്‍ക്ക് സമ്മാനിക്കുമെന്ന എന്ന പ്രത്യാശ ജനങ്ങള്‍ക്ക് കൊടുക്കാൻ സാധിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം.

സിൽവിയോ ബെര്‍ലുസ്കോണി

മനുഷ്യാവകാശങ്ങളും സ്പോർട്സുമായി അന്തര്‍ലീനമായ ഒരു ബന്ധമുണ്ട്. ബൗദ്ധിക ക്ഷമതയിലൂന്നിയുള്ള വിനോദോപാധികളുടെ വിജയം മിക്കപ്പോളും പ്രിവിലേജിനെ അടിസ്ഥാനമാക്കിയാണ് ഉണ്ടാവുന്നതെങ്കിലും, സ്പോർട്സിൽ കായിക ക്ഷമത തന്നെയാണ് വിജയത്തിന്റെ അടിസ്ഥാനം എന്ന് പറയേണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വയം തെളിയിക്കാനുള്ള ഏറ്റവും മനോഹരമായ ഒരു ഉപാധിയാണ് സ്പോർട്സ്. പ്രിവിലേജ്ഡ് അല്ലാത്ത പരിസരങ്ങളിൽ നിന്ന് ലോക പ്രശസ്ത എഴുത്തുകാർ ഉണ്ടായിട്ടുണ്ടാവാം, പക്ഷെ അത് ഏറെയോന്നുമുണ്ടാകില്ല.അവിടെയാണ് സ്പോര്‍ട്സ് മനുഷ്യന് ഒരുമിച്ച് മത്സരിക്കാനുള്ള കളിക്കളം ഒരുക്കുന്നത്. മുഹമ്മദ്‌ അലിയും, ക്രിസ്ത്യാനോ റൊണാൾഡോയും, കാത്തി ഫ്രീമാനും സ്പോർട്സിൽ വീണ്ടും വീണ്ടും ഉണ്ടാവും. റേസിസത്തിനും, ഹോമോഫോബിയക്കും, പാട്രിയാര്‍ക്കിക്കും അതീതമാണ് സ്പോർട്സ് എന്നത് കൊണ്ട് തന്നെയായിരിക്കും മനുഷ്യാവകാശങ്ങൾക്ക് വില നല്‍കാത്ത പ്രത്യയശാസ്ത്രങ്ങളും, ഭരണകൂടങ്ങളും തങ്ങളുടെ പ്രതിഛായ നിര്‍മ്മാണത്തിന് വേണ്ടി അതിനെ തന്നെ ഉപയോഗിക്കുന്നത്.

സൗദി അറേബ്യ എന്ന ലോകത്തിലേ തന്നെ ഏറ്റവും കൂടുതൽ വധശിക്ഷകള്‍ നടക്കുന്ന രാജ്യങ്ങളിൽ ഒന്നിൽ, സ്പോര്‍ട്സ് വാഷിംഗ് എന്ന പ്രക്രിയ, സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ന്യൂ കാസില്‍ യുനൈറ്റഡ് ഏറ്റെടുത്തപ്പോള്‍ തുടങ്ങിയ കാര്യമൊന്നുമല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഒന്നര ബില്ല്യണ്‍ ഡോളറിനു മുകളിലാണ് സൗദി അറേബ്യ സ്പോര്‍ട്സ് വാഷിങ്ങില്‍ ചിലവഴിച്ചതെന്ന് ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള മനുഷ്യാവകാശ സംഘടനയായ ഗ്രാന്റ് ലിബര്‍ട്ടി ഒരു റിപ്പോർട്ടിൽ പുറത്തുവിട്ടിരുന്നു. ഇതിൽ സ്പാനിഷ്‌ സൂപ്പർ കപ്പും, ഇന്റർനാഷണൽ ഗോൾഫ് മത്സരങ്ങളും,പ്രൊഫെഷണല്‍ റെസ്ലിംഗ് ഷോകളും (സ്ത്രീകളെ മത്സരിക്കാന്‍ അനുവദിച്ചത് ഈയിടെയാണെന്നതാണ് ഇതിലെ വിരോധാഭാസം), ഫോര്‍മുല വണ്ണുമായി നടത്തിയ 10 വർഷത്തെ 650 മില്ല്യന്‍ ഡോളർ മൂല്യമുള്ള കരാറും ഉൾപ്പെടുന്നു. ഫോസില്‍ ഇന്ധന ഇക്കണോമിയിൽ നിന്ന് വൈവിധ്യവല്‍ക്കരണം ലക്ഷ്യമിടുന്ന എംബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ വിഷൻ-2030 എന്ന അഗ്രെസ്സീവായ പദ്ധതിയില്‍ കായിക മേഖലയും ഭാഗമാണെന്നും, സാമ്പത്തികമേഖലയുടെ വൈവിധ്യവല്‍ക്കരണത്തോടൊപ്പം, കൂടുതൽ വൈവിധ്യമാര്‍ന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സൗദി ഭരണകൂടത്തിന്റെ ഔദ്യോഗിക ഭാഷ്യം. പക്ഷെ 2018ലെ ജമാല്‍ ഖഷോഗിയുടെ കൊലപാതകവും, യമനില്‍ നടത്തിയ ബോംബാക്രമണ പരമ്പരയും വർഷം തോറും പുതിയ റെക്കോർഡുകൾ ഇടുന്ന സ്ത്രീകൾ അടക്കമുള്ളവരുടെ വധശിക്ഷകളും മറ്റൊരു കഥയാണ് പറയുന്നത്. വൈവിധ്യമാര്‍ന്ന ഒരു സമൂഹ നിർമിതി യുടെ മറവിൽ കായിക മാമാങ്കങ്ങള്‍ നടത്തി ഭരണകൂടം സ്പോണ്‍സര്‍ ചെയ്ത വെളുപ്പിക്കലുകളാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്.

ജമാല്‍ ഖഷോഗി

2021 ഒക്ടോബറിലാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്‌ ന്യൂ കാസില്‍ യുണൈറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുന്നത്. അവർ അന്നുവരെ നടത്തിയ സ്പോർട്സ് വാഷിംഗ് ശ്രമങ്ങളില്‍ ഏറ്റവും അഗ്രെസ്സീവ് ആയത് എന്ന് നിസ്സംശയം പറയാവുന്നതാണ് ഈ ഏറ്റെടുക്കല്‍. ആംനെസ്റ്റി ഇന്റർനാഷണൽ പ്രീമിയർ ലീഗ് ചീഫ് എക്സിക്യൂട്ടീവ് ആയ റീചാർഡ് മാസ്റ്റേഴ്സിനോട്‌ ആവശ്യപ്പെട്ടത് ഓണര്‍ഷിപ്പ് റൂളുകള്‍ പരിഷ്കരിക്കണമെന്നും, മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോലെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫുട്ബോള്‍ ലീഗുകളില്‍ ഒന്നിലെ ഒരു ക്ലബ്ബിന്റെ ഉടമസ്ഥ സ്ഥാനത്തേക്ക് വരരുതെന്നുമാണ്. സൗദി സർക്കാരിന്റെ ഇടപെടലുകൾ പ്രീമിയർ ലീഗില്‍ ഉണ്ടാവില്ലെന്നുള്ള ഉറപ്പ് തങ്ങൾ വാങ്ങിച്ചിട്ടുണ്ടെന്നാണ് മാസ്റ്റേഴ്സ് മറുപടി പറഞ്ഞത്. പ്രീമിയർ ലീഗിൽ ഓരോ വർഷവും പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ന്യൂ കാസില്‍ യുണൈറ്റഡിനെ സൗദി ഏറ്റെടുത്തത് ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. തടസമില്ലാതെ ഒഴുകുന്ന പണം തങ്ങളുടെ ടീമിനെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും, ചെൽസിയുടെയും നിലവാരത്തിലേക്കു എത്തിക്കും എന്ന് അവർ പ്രതീക്ഷിക്കുന്നു. ഏറ്റെടുക്കലിന് ശേഷം ആരാധകർ അറബികളുടെ തലപ്പാവായ കെഫിയ ധരിച്ചാണ് ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയത്. ഭരണകൂട പിന്തുണയുള്ള ഖഷോഗിയുടെ കൊലപാതകമോ, യമനിലെ ബോംബാക്രമങ്ങളോ ഒന്നും തന്നെ അവരെ അലട്ടുന്ന വിഷയം ആയില്ല. സ്പോര്‍ട്സ് എന്ന സോഫ്റ്റ്‌ പവറിനു മനുഷ്യന്റെ ബോധത്തെ എങ്ങനെ പുനര്‍നിര്‍മ്മിക്കാന്‍ പറ്റും എന്നുള്ളതിന്റെ തല്‍സമയ ഉദാഹരണമായിരുന്നു ആ ആഘോഷ പ്രകടനങ്ങൾ. എംബിഎസ് ഉം പിഐഎഫും സൗദിയും, മനുഷ്യാവകാശങ്ങളുടെ അപ്പോസ്തലന്മാർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇംഗ്ലീഷുകാർക്ക് ഒരു ക്ലബ്‌ ഏറ്റെടുക്കല്‍ കൊണ്ട് തന്നെ സ്വീകാര്യമായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം വിളിച്ചു പറയുന്നത് സ്പോര്‍ട്സ് വാഷിങിന്റെ അനന്തമായ സാധ്യതകളെകുറിച്ചാണ്.

ഏകാധിപത്യ ഭരണകൂടങ്ങള്‍ തങ്ങളുടെ പ്രൊപഗണ്ടകളുടെ ഭാഗമായി ആതിഥേയത്വം വഹിച്ച കായിക മേളകളില്‍ ഏറ്റവും പ്രശസ്തമായത് 1936ലെ ബെർലിൻ ഒളിമ്പിക്സും 1934ല്‍ ഇറ്റലി ആതിഥേയത്വം വഹിച്ച ഫുട്ബോൾ ലോകകപ്പുമാണ്. ജൂത വംശഹത്യകളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തില്‍ നടന്ന ബെർലിൻ ഒളിമ്പിക്സ് തന്റെ ഫാസിസ്റ്റ് ഭരണകൂടത്തിനെ ന്യായീകരിക്കാന്‍ വേണ്ടിയാണു ഹിറ്റ്ലർ ഉപയോഗിച്ചത്. 1934 ലെ ഇറ്റലി ലോകകപ്പും ഇതേ ലക്ഷ്യത്തോടെ കൂടി തന്നെ നടത്തപെട്ടതാണ്. 2022ൽ അത്തരത്തിലുള്ള രണ്ടു കായിക മേളകള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഖത്തര്‍ ലോകകപ്പും ഒരു കായികമേള എന്നതിലുപരി മറ്റൊരു സ്പോര്‍ട്സ് വാഷിംഗ് ശ്രമം ആണെന്നുള്ള ആരോപണങ്ങൾ വ്യാപകമായി ഉയർന്നു കഴിഞ്ഞിരിക്കുന്നു. പ്രശസ്ത ഫ്രഞ്ച് ഫുട്ബോളറായ എറിക്ക് കന്റോണ പറഞ്ഞത് സ്റ്റേഡിയം നിർമാണത്തിൽ ആയിരങ്ങൾ മരിച്ച ഖത്തര്‍ ലോകകപ്പ്‌ താൻ കാണില്ലെന്നാണ്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ ഏജൻസികളും ഖത്തറിലെ അന്യരാജ്യ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളെ പറ്റി പലപ്പോഴായി ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. തൊഴില്‍ നവീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മാല്‍ക്കം ബിദാലിയുടെ തടങ്കലിലടച്ചത് മനുഷ്യാവകാശ ഏജൻസികളുടെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. പരിമിതമായ വ്യക്തി സ്വാതന്ത്ര്യവും, മനുഷ്യാവകാശങ്ങൾ എന്ന ആശയം തന്നെ വലിയ രീതിയിൽ ഉൾക്കൊള്ളാത്ത ഖത്തര്‍ പോലുള്ള രാജ്യങ്ങൾ ഫിഫ ലോകകപ്പ് പോലുള്ള വൈവിധ്യങ്ങളുടെ ആഘോഷമായ കായികമേളകള്‍ക്ക് വേദിയാവാന്‍ യോഗ്യരല്ലെന്നവര്‍ വാദിക്കുന്നു.

മനുഷ്യനെ ഏറ്റവുമധികം ത്രസിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു സോഫ്റ്റ്‌ പവറാണ് സ്പോർട്സ്. മനുഷ്യന്റെ ബോധത്തിനെ ഇത്രയധികം സ്വാധിനിക്കുന്ന ഈ വിനോദോപാധി ഒരു കല്പിത യാഥാർഥ്യത്തിന്റെ നിർമിതിക്ക് വളരെ എളുപ്പം ഉപയോഗിക്കാൻ സാധിക്കുകയും അതിലുടെ പ്രതിഛായാ നിര്‍മ്മിതി സാധ്യമാവുകയും ചെയ്യും. കല്പിത യാഥാര്‍ത്ഥ്യങ്ങളുടെ നിർമിതിയാണ് മനുഷ്യനെ ലോകത്തിലേ ഏറ്റവും ശക്തനായ ജീവി ആക്കിയതെന്നു യുവല്‍ നോഹ ഹരാരി തന്റെ പുസ്തകമായ സാപിയെന്‍സില്‍ സമർത്ഥിക്കുന്നുണ്ട്, ഇന്ന് കാണുന്ന എല്ലാ അസമത്വങ്ങൾക്കും കാരണമാവുന്നതും ഈ കല്പിത യഥാർഥ്യങ്ങൾ തന്നെയാണ്. മനുഷ്യൻ കുറച്ച് കൂടി യുക്തി പൂര്‍വ്വം ചിന്തിക്കുന്ന ജീവി ആയിരുന്നെങ്കിൽ ചിലപ്പോൾ ഇത്ര ശക്തൻ ആവില്ലെന്നിരിക്കാം, പക്ഷെ ഈ ലോകം കുറേക്കൂടി സമത്വ സുന്ദരമാകുമായിരുന്നു.

Leave a comment