TMJ
searchnav-menu
post-thumbnail

Outlook

വസന്തത്തെ തടുക്കാനാവില്ല

01 Nov 2022   |   1 min Read
Dr. V Sivadasan

PHOTO: Ricardo Stuckert

ബ്രസീലിൽ വർക്കേഴ്സ് പാർട്ടിക്ക് വിജയം! ആ വാർത്ത കേട്ട ലോകമാകെയുള്ള തൊഴിലാളി വർഗത്തിന്റെ രാഷ്ട്രീയത്തിനൊപ്പം നിൽക്കുന്നവരുടെയാകെ കണ്ണുകളിൽ സന്തോഷത്തിന്റെയും പ്രതീക്ഷയുടേയും തിളക്കം നമുക്ക് കാണാനാകും. അത് അഭിവാദ്യ മുദ്രാവാക്യങ്ങളായി, ചെറുകുറിപ്പുകളായി, സംസാരത്തിലെ സന്തോഷമായി പരന്നൊഴുകുകയാണ്. ബ്രസീലിലെ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ കക്ഷിക്കുണ്ടായ വിജയം ലോകമാകെയുള്ള മനുഷ്യരുടെ സന്തോഷമായി മാറുന്നതിന്റെ രാഷ്ട്രീയത്തെ നമുക്കറിയാനാകണം. “അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്ക് സാഹോദര്യം നൽകി" എന്ന നെരൂദയുടെ വാക്കുകൾ ഈ സന്ദർഭത്തിൽ ഓർക്കുന്നത് ഉചിതമായിരിക്കും. ഇന്ത്യയിൽ നിന്നും പല രാജ്യാതിർത്തികൾ കഴിഞ്ഞുമാത്രം നമുക്ക് എത്തിചേരാനാകുന്ന ഇടമാണ് ബ്രസീൽ. എന്നാൽ ബ്രസീലിലെ തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ് ആഹ്ലാദചിത്തരായ മനുഷ്യരുടെ കൂട്ടം എങ്ങനെയാണ് ഇന്ത്യയിലുൾപ്പെടെയുണ്ടായതെന്നത് തീർച്ചയായും നമ്മളറിയേണ്ടതാണ്. മനുഷ്യനന്മക്കായുള്ള പോരാട്ടത്തിൽ രാഷ്ട്രാതിർത്തികൾക്ക് പ്രസക്തിയില്ലെന്ന രവീന്ദ്ര നാഥ ടാഗോറിന്റെ ജീവിത വീക്ഷണമാണ് നമ്മളതിലൂടെ കാണുന്നത്. 

"ഒന്നോ രണ്ടോ നൂറോ പുഷ്പങ്ങളെ നിങ്ങൾക്ക് പറിച്ചെറിയാം. എന്നാൽ വസന്തത്തിന്റെ വരവ് നിങ്ങൾക്ക് തടയാനാകില്ല. ഞങ്ങളുടെ പോരാട്ടം ആ വസന്തത്തിനുള്ള അന്വേഷണം ആണ്." വിമോചന മുദ്രാവാക്യം മുഴക്കുന്ന മനുഷ്യരൊക്കെയും ചൂഷകരെ നിരന്തരം വെല്ലുവിളിച്ചോർമ്മപ്പെടുത്തുന്ന പ്രസ്താവന ലോകം ലുല ഡ സിൽവയിലൂടെ ആവേശത്തോടെ കേൾക്കുകയുണ്ടായി. അഴിമതി ആരോപണമുയർത്തി അദ്ദേഹത്തെ ബോൾസോനാരോയുടെ സംഘം ജയിലിലടക്കുകയുണ്ടായി. അത് വലിയ ജനകീയ പ്രതിഷേധത്തിനാണിതിടയാക്കിയത്. തൊഴിലാളി പാർട്ടിയെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ലുലയേയും വേട്ടയാടിയത്. പക്ഷേ പകുതിയിലധികം ജനങ്ങളുടെ അതായത് 51 ശതമാനം വോട്ടുകൾ നേടിയാണ് തൊഴിലാളികളുടെ പാർട്ടി ബ്രസീലിന്റെ അധികാരത്തിലേക്കുവന്നിട്ടുള്ളത്. 

ലുല തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ | photo : facebook

ലോകം കൂടുതൽ വലതുപക്ഷത്തേക്ക്-തീവ്രവലതുപക്ഷത്തേക്ക്- ചേർന്നുനിൽക്കുന്നതായി പലരും വേദനയോടെ ആവർത്തിച്ചത് ബോൾസോനാരോയുടെ വിജയവേളയിൽ നമ്മൾ കണ്ടതാണ്. 2018 ൽ അധികാരത്തിൽ വന്ന ശേഷം ബ്രസീലിന്റെ രാഷ്ട്രീയത്തെ ബോൾസോനാരോയുടെ നയങ്ങൾ എത്രമാത്രം മലീമസമാക്കിയിട്ടുണ്ടെന്നത് ലോകം അനുഭവിച്ചറിഞ്ഞ കാര്യമാണ്. പ്രകൃതി വിഭവങ്ങളുടെ കൊള്ള ലോകത്തെയാകെ അമ്പരപ്പിക്കുന്ന നിലയിലായിരുന്നു. മണ്ണും മനുഷ്യരും ദുരമൂത്ത ഭരണത്തിൽ വിറങ്ങലിച്ചുപോയിരുന്നു. കോർപ്പറേറ്റുകൾ സ്തുതിപാടകരെക്കൊണ്ട് പുകഴ്ത്തിപാടലുകൾക്ക് ഒരു കുറവും വരുത്തിയിരുന്നില്ല. ജയിലിലടക്കപ്പെട്ട ലുലയുടെ സമരജീവിതത്തെകുറിച്ച് നിശബ്ദരായെന്നുമാത്രമല്ല, ഇകഴ്ത്തിപാടാൻ കൂലിപാട്ടുകാരെയും അണിനിരത്തിയിരുന്നു. ഇനിയെക്കാലവും ബ്രസീൽ വലതുപക്ഷരാഷ്ട്രീയത്തിന്റെ നുകത്തിൽനിന്നും  രക്ഷപ്പെടില്ലെന്ന് ഭയപ്പെട്ടിരുന്നവർ ഏറെയുണ്ടായിരുന്നു. എന്നിട്ടും ബ്രസീലിലെ ജനതക്ക് പ്രതികരണത്തിന്റെ ജീവവായു നഷ്ട്ടപ്പെട്ടില്ല. സമരാങ്കണങ്ങൾക്ക് കരുത്തേകാൻ ലോകമാകെ ആവേശമാകുന്ന തിരഞ്ഞെടുപ്പ് വിജയത്തിന് അവർ, ബ്രസീലിലെ ജനത, അരങ്ങൊരുക്കി

ബോൾസോനാരോയുടെ വിജയം അന്തിമവിധിയായി പലരും കണ്ടിരുന്നു. ചരിത്രത്തിന്റെ അവസാനം മുതലാളിത്തമാണ്, മുതലാളിത്തം മാത്രമാണെന്ന്, പാടിപഠിപ്പിക്കുന്നവർ ബ്രസീലിനേയും ബോൺസോനാരോയേയും ലോകത്തിന്റെ സുവിശേഷകരെന്നപോൽ അവതരിപ്പിക്കുകയായിരുന്നു. പുതിയൊരു ലോകം സാധ്യമാണെന്ന് പറഞ്ഞവരെയാകെ അവർ അവഹേളിക്കുകയായിരുന്നു. എന്നാൽ ബ്രസീലിൽ സോഷ്യലിസ്റ്റ് രാഷ്ട്രമൊന്നുമല്ല വരാൻ പോകുന്നതെന്ന് പറഞ്ഞ് ആഹ്ലാദനിമിഷത്തിന്റെ പ്രഭകുറക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ സോഷ്യലിസ്റ്റ് ലോകം സാധ്യമാണെന്ന് പറയുന്നവരുടെ സർക്കാരാണ് വരാൻപോകുന്നതെന്നതാണ് സന്തോഷം. ചൂഷണത്തിനെതിരെ പൊരുതുന്ന മനുഷ്യരോട് ഞാൻ ഐക്യപ്പെടുമെന്ന് പറയുന്ന വ്യക്തിയാണവരുടെ നേതാവ്. അതുകൊണ്ട് തന്നെയാണ് സന്തോഷം അലയടിച്ചുയരുന്നതും

ആമസോൺ കാടുകളിൽ അഗ്നിപടർന്നപ്പോൾ അണയ്ക്കാനല്ല, ആളിക്കത്തിയാൽ ആദിവാസികളൊഴിഞ്ഞുപോകുമെന്ന് കണക്കുകൂട്ടിയ നരാധമത്വത്തിന്റെ മറുപേരുകൾ ബ്രസീലിന്റെ ഭരണാധികാരികളിൽ നമ്മൾ കാണുകയുണ്ടായി. എങ്ങനെയാണ് മനുഷ്യരിങ്ങനെയാവുകയെന്ന് നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ട്. അതൊരു വ്യക്തിയുടെ പ്രശ്നമല്ലെന്നും അവരുടെ രാഷ്ട്രീയത്തിന്റെ പ്രശ്നമാണെന്നും നമുക്ക് തിരിച്ചറിയാനാകും.

ബ്രസീലിലെ മണ്ണിലും ആ ജനതയുടെ മനസിലും ബോൺസോനാരോയുടെ ഭരണകാലം കോറിയിട്ട മുറിവുകൾ എത്രകാലമിനിയും വേദനയുടെ ദിനരാത്രങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്നത് നമുക്ക് പറയാനാകുന്നതല്ല. പ്രകൃതിയേയും തദ്ദേശീയരായ ജനതയെയും പാവപ്പെട്ടവനെയും തൊഴിലാളിയെയും, കുത്തക ഭീമൻമാരുടെ ലാഭക്കൊതിക്ക് ബലി കൊടുത്തിരുന്ന ഭരണമായിരുന്നു ബ്രസീൽ ബോൾസോനാരോയുടെ ഭരണത്തിലൂടെ കണ്ടത്. പ്രകൃതി വിഭവങ്ങളുടെ കൊള്ളക്കായീ ആദിവാസി ജനസമൂഹത്തിന്റെ ആവാസ കേന്ദ്രങ്ങൾ അഗ്നിക്കിരയാക്കുന്നതിനുപോലും മടികാണിക്കാത്തവർ. ലോകത്തിന്റെ ശ്വാസകോശമെന്ന വിളിപ്പേരുള്ള നിബിഡവനം അഗ്നിക്കിരയാകുമ്പോൾ മനുഷ്യ സ്നേഹികളാകെ അമ്പരക്കുകയായിരുന്നു. അപ്പൊഴെല്ലാം ബ്രസീൽ ഭരണാധികാരികളിൽ നിന്നും നമ്മൾ കേട്ടത് അഹങ്കാരത്തിന്റെയും ലാഭകൊതിയുടേയും വർത്തമാനങ്ങളായിരുന്നു.

ആമസോൺ കാടുകളിൽ അഗ്നിപടർന്നപ്പോൾ അണയ്ക്കാനല്ല, ആളിക്കത്തിയാൽ ആദിവാസികളൊഴിഞ്ഞുപോകുമെന്ന് കണക്കുകൂട്ടിയ നരാധമത്വത്തിന്റെ മറുപേരുകൾ ബ്രസീലിന്റെ ഭരണാധികാരികളിൽ നമ്മൾ കാണുകയുണ്ടായി. എങ്ങനെയാണ് മനുഷ്യരിങ്ങനെയാവുകയെന്ന് നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ട്. സമാനമായ ചിത്രം ആ ഘട്ടത്തിൽ അമേരിക്കയിൽ നിന്നും ട്രമ്പെന്ന ഭരണാധികാരിയിലൂടെ നമ്മൾ കാണുകയുണ്ടായി. അതൊരു വ്യക്തിയുടെ പ്രശ്നമല്ലെന്നും അവരുടെ രാഷ്ട്രീയത്തിന്റെ പ്രശ്നമാണെന്നും നമുക്ക് തിരിച്ചറിയാനാകും. ബോൾസോനാരോയും ഡൊണാൾഡ് ട്രമ്പും മുന്നോട്ടുവച്ച നയങ്ങൾ കേവലം ആ രണ്ടു വ്യക്തികളുടെ വൈയക്തിക തീരുമാനങ്ങളെന്ന നിലയിലല്ല നമ്മൾ കാണേണ്ടത്. മറിച്ച് അവരുൾപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെയും മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടേയും മനുഷ്യവിരുദ്ധതയായാണ്.   

ജെയർ ബോൾസോനാരോ | PHOTO : FACEBOOK

വംശീയതയും തീവ്രദേശീയതയുമായിരുന്നു ട്രമ്പിന്റെയും ബോൾസോനാരോയുടേയും സമീപനങ്ങളുടെ പൊരുത്തം. മനുഷ്യനെ മനുഷ്യനായി കാണാനാകാത്ത അവർ ജനിച്ച പ്രദേശത്തിന്റെ, ജാതിയുടെ, മതത്തിന്റെ അതിര്‍വരമ്പുകൾ നോക്കി അവരെ കൊള്ളരുതാത്തവരായി മുദ്രകുത്തുകയും തൊഴിലിടങ്ങളിൽ നിന്നും ആട്ടിപായിക്കുകയും ചെയ്തതൊക്കെ ലോകം കണ്ട കാഴ്ച്ചകളാണ്. മാധ്യമങ്ങളെ ശക്തമായ നിലയിൽ നിയന്ത്രിക്കുകയുണ്ടായി. എതിർ ശബ്ദങ്ങളോട് അസഹിഷ്ണുതയുടെ തീവ്രഭാവങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. ഭരണകൂടത്തിന്റെ ഏജൻസികളെയെല്ലാം അതിനായി കെട്ടഴിച്ചുവിടുകയായിരുന്നു. വേദനിപ്പിക്കുന്ന അനുഭവങ്ങളുടെ ആവർത്തനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപ്പെടാൻ അമേരിക്കയും ബ്രസീലും സംഭാവനകൾ നൽകുകയായിരുന്നു. അതിന്റെ പ്രതിഫലനം പലദേശങ്ങളിലുണ്ടായി. അതിലൊന്ന് ഇന്ത്യയിൽ നിന്നായിരുന്നു. ലോകമനസാക്ഷിക്ക് ആഴത്തിലുള്ള മുറിവുകൾ സമ്മാനിച്ച് ട്രമ്പിന് ആദരവായി നമസ്തേ ട്രമ്പ് പരിപാടി സംഘടിപ്പിച്ച് ജനവിരുദ്ധതയുടെ രാഷ്ട്രീയത്തിന് കൈകോർക്കാൻ ഇന്ത്യയിൽ ആളുകളുണ്ടായി. മഹത്തായ ദേശീയ പാരമ്പര്യത്തിനേറ്റ അവഹേളനമായത് മാറുകയായിരുന്നു. ബ്രസീലിൽ ജനവിരുദ്ധതയുടെ പര്യായമായി മാറിയ ഭരണാധികാരിയെ ഇന്ത്യയിലേക്കാനയിച്ച് കൊണ്ടുവരാനും ഇന്ത്യൻ ഭരണനേതൃത്വത്തിന് മടിയുണ്ടായില്ല. ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ അഭിമാനകരമായ ചരിത്രത്തെ വീണ്ടും വീണ്ടും അവഹേളിക്കാൻ അവസരമൊരുക്കുകയായിരുന്നു മോദി സർക്കാർ.  റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുപ്പിക്കാനെടുത്ത തീരുമാനം.  ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡിലേക്ക് ബോൾസോനാരോയെന്ന് ജനവിരുദ്ധനെ ക്ഷണക്കത്ത് അയച്ചവർ സമത്വത്തിനായ് പൊരുതുന്നവരെയാക്കെയും കൊഞ്ഞനം കുത്തുകയായിരുന്നു. 

ഭരണകൂടത്തിന്റെ ഭീകരതകൾ ബ്രസീലിൽ പെയ്തുവീഴുകയായിരുന്നു. രാഷ്ട്രീയ എതിരാളികളെ കള്ളകേസിൽ കുടുക്കി ജയിലിലടക്കുകയെന്നത് അതിലൊന്നായിരുന്നു. എതിർ വാക്കുകളുയരാതിരിക്കാൻ മാധ്യമങ്ങളെയടക്കം വായ മൂടിക്കെട്ടിയും അവയെ വിലയ്ക്ക് വാങ്ങിയും ഭീകരാവസ്ഥ സൃഷ്ടിച്ച ബോൾസോനാരോയ്ക്ക് ഒടുവിൽ പരാജിതനാകേണ്ടിവന്നിരിക്കുന്നു. ജനങ്ങൾ അതിനെയെല്ലാം അതിജീവിച്ച് പൊരുതി. തൊഴിലാളികൾ അവരുടെ പതാകക്ക്  കീഴിൽ സമരമുഖത്ത് അണിനിരന്നു. വർഗീയതയും അഴിമതിയും അടിച്ചമർത്തലും അരങ്ങ് തകർത്ത ബോൾസോനാരോയുടെ വലതുപക്ഷ വർഗീയ ഫാസിസ്റ്റു ഭരണത്തെ കടപുഴക്കിയെറിഞ്ഞിരിക്കുന്നു. വർക്കേഴ്സ് പാർട്ടി അധികാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ജനങ്ങൾ ഒറ്റക്കെട്ടായി പൊരുതി, കോർപ്പറേറ്റുകളുടെ രാഷ്ട്രീയത്തിനെതിരായി. ഒടുവിൽ അവർക്ക് വിജയിക്കാനായി. ബ്രസീൽ ജനതയ്ക്കും വർക്കേഴ്സ് പാർട്ടിക്കും ലുല ഡി സിൽവയ്ക്കും അഭിവാദ്യങ്ങൾ.

Leave a comment