TMJ
searchnav-menu
post-thumbnail

Outlook

ഗവര്‍ണ്ണര്‍ക്കെതിരായ സ്റ്റാലിന്റെ പടനീക്കവും കേരളത്തിലെ കോണ്‍ഗ്രസ്സുകാരും

05 Nov 2022   |   1 min Read
K P Sethunath

PHOTO: PRASOON KIRAN

വാക്കുകളുടെ അര്‍ത്ഥവും, സന്ദര്‍ഭവും അവയുടെ നേര്‍വിപരീതങ്ങളാവുന്ന ദുരവസ്ഥയെക്കുറിച്ചുളള മുന്നറിയിപ്പുകള്‍ ഏതാണ്ട്‌ പ്രവചന സ്വഭാവത്തോടെ നല്‍കിയ ജോര്‍ജ്ജ്‌ ഓര്‍വെല്ലിന്റെ വര്‍ഷമായി 1984 നെ കണക്കാക്കുന്നു. ഇരുണ്ട കാലത്തെക്കുറിച്ചുള്ള ഓര്‍വെല്ലിന്റെ മുന്നറിയിപ്പുകളെ നിഷ്‌പ്രഭമാക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ലോകമാകെ നടമാടിയിരുന്നതിനാല്‍ 1984 എന്ന അദ്ദേഹത്തിന്റെ പുസ്‌തകത്തിന്‌ ഒരു കള്‍ട്ട്‌ പദവി ലഭിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലും നിര്‍ണ്ണായകമായ വര്‍ഷമായിരുന്നു 1984. പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ വധവും ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ്‌ കൂട്ടക്കൊലയും ഓര്‍വെലീയന്‍ ദുരവസ്ഥ ഭാഷയിലെ ലീലകള്‍ മാത്രമല്ലെന്നു വ്യക്തമാക്കുന്നതായിരുന്നു. ദുര്‍ബലമായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയില്‍ വളരെ ആഴത്തിലുളള വിള്ളലുകളുണ്ടാക്കിയ രാഷ്ട്രീയ വ്യക്തിത്വമായി ഇന്ദിര ഗാന്ധി മാറിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ 1984 ല്‍ ലഭ്യമായിരുന്നു. ആന്ധ്രപ്രദേശില്‍ 1983 ല്‍ അധികാരത്തില്‍ വന്ന എന്‍. ടി. രാമറാവുവിന്റെ സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ അന്നത്തെ സംസ്ഥാന ഗവര്‍ണ്ണര്‍ രാംലാല്‍ നടത്തിയ കരുനീക്കങ്ങളായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം. സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ദിനമായ ആഗസ്റ്റ്‌ 15-ായിരുന്നു രാമറാവുവിനെ പുറത്താക്കുവാന്‍ രാംലാലിന്റെ രാജ്‌ഭവന്‍ തെരഞ്ഞെടുത്ത ദിവസം. അമേരിക്കയില്‍ ഹൃദയശസ്‌ത്രക്രിയക്കു പോയിരുന്ന രാമറാവുവിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്‌ത്‌ അദ്ദേഹത്തിന്റെ തന്നെ മന്ത്രിസഭയിലെ ധനമന്ത്രിയായ എന്‍. ഭാസ്‌ക്കര റാവുവിനെ വാഴിക്കുകയായിരുന്നു രാംലാല്‍. 1983 ല്‍ നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ 292 നിയമസഭ സീറ്റുകളില്‍ 202 ഉം നേടിയ തെലുങ്കു ദേശം പാര്‍ട്ടിയുടെ നേതാവായ രാമറാവു ജനുവരിയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. കോണ്‍ഗ്രസ്സിന്റെ ഉറച്ച കോട്ടയെന്നു കരുതിയ ആന്ധ്രയിലെ തോല്‍വി ശ്രീമതി ഗാന്ധിയെ സംബന്ധിച്ചിടത്തോളം അസഹനീയമായിരുന്നു. തെലുങ്കു ദേശത്തിനെ പിളര്‍ത്തി തെരഞ്ഞെടുപ്പു തോല്‍വിയെ മറികടക്കാമെന്നായിരുന്നു ശ്രീമതി ഗാന്ധിയുടെ ഡിസ്‌റ്റോപ്യന്‍ യുക്തി.

എന്‍ ടി രാമറാവു | photo: twitter

തെലുങ്കു ദേശം രൂപീകരണത്തില്‍ റാവുവിനൊപ്പം നിന്നു പഴയ കോണ്‍ഗ്രസ്സുകാരനായിരുന്ന ഭാസ്‌ക്കര റാവുവിനെ കൂടെ കൂട്ടി പുതുതായി രൂപം കൊണ്ട പാര്‍ട്ടിയെ പിളര്‍ത്തുക എന്ന തന്ത്രമായിരുന്നു അതിനായി ഗവര്‍ണ്ണര്‍ പയറ്റിയത്‌. ശ്രീമതി ഗാന്ധിയുടെ അനുഗ്രഹാശ്ശിസ്സുകളോടെയാണ്‌ ഗവര്‍ണ്ണര്‍ രാംലാല്‍ ഈ പണി ഒപ്പിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. തെലുങ്ക്‌ ദേശം പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും എന്‍.ടി.ആര്‍. എന്നറിയപ്പെട്ടിരുന്ന രാമറാവുവിനൊപ്പം ഉറച്ചു നിന്നതോടെ ഗവര്‍ണ്ണറുടെ പരിപാടി പൊളിഞ്ഞു.

അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞ്‌ അടിയന്തിരമായി മടങ്ങിയെത്തിയ എന്‍.ടി.ആര്‍. തന്നെ പിന്തുണക്കുന്ന എംഎല്‍എമാരെ രാജ്‌ഭവനു മുന്നില്‍ അണിനിരത്തി ഭൂരിപക്ഷം തെളിയിച്ചുവെങ്കിലും ഗവര്‍ണ്ണര്‍ വഴങ്ങിയില്ല. അതോടെ എന്‍.ടി.ആര്‍. തന്റെ ചൈതന്യരഥത്തില്‍ (എന്‍.ടി.ആര്‍. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിച്ച വാഹനത്തിന്‌ നല്‍കിയ പേര്‌) ജനാധിപത്യ പുനസ്ഥാപനത്തിനായി യാത്ര തുടങ്ങി. അന്നത്തെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ ദേശവ്യാപകമായി അദ്ദേഹത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു. ആന്ധ്രയിലുടനീളം അലയടിച്ച ശക്തമായ ജനകീയ പ്രതിഷേധം ഏതാണ്ട്‌ കൈവിട്ടുപോകുമെന്ന സാഹചര്യത്തില്‍ ഒരു മാസത്തിനു ശേഷം സെപ്‌തംബര്‍ 16-ാം തീയതി എന്‍.ടി.ആറി നെ വീണ്ടും മുഖ്യമന്ത്രിയാക്കി പ്രശ്‌നം ഒതുക്കി തീര്‍ത്തു. രാമറാവു മുഖ്യമന്ത്രിയായി മടങ്ങിയോതടെ ഗവര്‍ണ്ണര്‍ സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട രാംലാലിന്റെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നു വ്യക്തമല്ല. കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ രാംലാല്‍ മുഖ്യമന്ത്രിയായി അവരോധിച്ച ഭാസ്‌ക്കര റാവു 2019 ല്‍ അമിത്‌ ഷായുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്ത കണ്ടിരുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച്‌ പഠിക്കുവാന്‍ 1983 ല്‍ നിയമിച്ച സര്‍ക്കാരിയ കമ്മീഷന്റെ മുഖ്യപരിഗണന വിഷയങ്ങളില്‍ ഒന്നായി ഗവര്‍ണ്ണര്‍മാരുടെ പങ്ക്‌ മാറിയതില്‍ രാംലാലിന്റെ പ്രവര്‍ത്തി പ്രധാന കാരണമായിരുന്നു.

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനവും, സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും, ധനപരവുമായ അവകാശങ്ങളും ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ്‌ തമിഴ്‌നാട്‌ ഗവര്‍ണ്ണറെ തിരിച്ചു വിളിക്കുന്നതിനായി പ്രതിപക്ഷകക്ഷികളുമായി സംയുക്തനീക്കം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്‌. ഇക്കാര്യത്തില്‍ രാഷ്ട്രപതിക്ക്‌ പ്രതിപക്ഷകക്ഷികള്‍ ഒപ്പിട്ട സംയുക്ത നിവദേനം നല്‍കുന്നതിനാണ്‌ മുഖ്യമന്ത്രി സ്റ്റാലിന്റെ തീരുമാനം.

എം.കെ സ്റ്റാലിന്‍, ആര്‍.എന്‍ രവി | photo: pti

തമിഴ്‌നാട്‌ ഗവര്‍ണ്ണര്‍ ആര്‍.എന്‍. രവിയെ തല്‍സ്ഥാനത്തു നിന്നും അടിയന്തരമായി തിരിച്ചുവിളിക്കണമെന്ന്‌ ആവശ്യപ്പെടുന്ന നിവേദനം രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കുവാന്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തേടിയ സാഹചര്യത്തിലാണ്‌ ഓര്‍വെല്ലീയന്‍ വര്‍ഷത്തിലെ രാംലാലിന്റെ ചെയ്‌തി ഓര്‍മ്മയില്‍ വരുന്നത്‌. ഗവര്‍ണ്ണര്‍മാരുടെ നിലവിട്ടുള്ള പെരുമാറ്റം കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായി ചര്‍ച്ചയാവുന്ന പശ്ചാത്തലത്തിലാണ്‌ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ. ഗവര്‍ണ്ണറെ നീക്കം ചെയ്യുന്നതിന്‌ പ്രതിപക്ഷകക്ഷികളുടെ പിന്തുണ തേടുന്നത്‌. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനവും, സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും, ധനപരവുമായ അവകാശങ്ങളും ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ്‌ തമിഴ്‌നാട്‌ ഗവര്‍ണ്ണറെ തിരിച്ചു വിളിക്കുന്നതിനായി പ്രതിപക്ഷകക്ഷികളുമായി സംയുക്തനീക്കം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്‌. ഇക്കാര്യത്തില്‍ രാഷ്ട്രപതിക്ക്‌ പ്രതിപക്ഷകക്ഷികള്‍ ഒപ്പിട്ട സംയുക്ത നിവദേനം നല്‍കുന്നതിനാണ്‌ മുഖ്യമന്ത്രി സ്റ്റാലിന്റെ തീരുമാനം. ഈ ആവശ്യവുമായി യോജിക്കുമെന്ന കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം വ്യക്തമാക്കിയത്‌ ഈ വിഷയത്തില്‍ പ്രതിപക്ഷകക്ഷികള്‍ക്കിടയില്‍ ഉരുത്തിരിയുന്ന സമന്വയത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്‌.

കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം സ്റ്റാലിന്‌ പിന്നില്‍ അണിനിരക്കുമ്പോള്‍ വെട്ടിലാവുക കേരളത്തിലെ കോണ്‍ഗ്രസ്സ്‌ നേതൃത്വമാണ്‌. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരും ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനും തമ്മില്‍ നടക്കുന്ന ശീതസമരത്തില്‍ കോണ്‍ഗ്രസ്സും, യു ഡി എഫ് മുന്നണിയും പലപ്പോഴും ഖണ്ഡതമായ നിലപാട്‌ സ്വീകരിക്കാറില്ല. ഗവര്‍ണ്ണറും, സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ പ്രസ്‌താവന ഇക്കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ്സ്‌ നേതൃത്വത്തില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പത്തിന്റെ ഉദാഹരണമാണ്‌. എന്നു മാത്രമല്ല സ്വര്‍ണ്ണക്കടത്തു കേസ്സുമായി ബന്ധപ്പെട്ട്‌ ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ പറഞ്ഞ ആക്ഷേപങ്ങള്‍ കണക്കിലെടുത്ത്‌ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന്‌ കെപിസിസി പ്രസിഡണ്ട്‌ കെ. സുധാകരനും ആവശ്യപ്പെടുന്നു. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വൈസ്‌ചാന്‍സലറായി നിയമിച്ച ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നടപടിയും ഭരണപരമായ അസാധാരണ നടപടിയായി കണക്കാക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയെ അതേ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിന്റെ മേധാവിയായി സര്‍ക്കാരിന്റെ അനുമതിയില്ലാതെ നിയമിക്കുന്നതിലെ അനൗചിത്യം ഭരണ-പ്രതിപക്ഷ ഭേദമന്യെ രാഷ്ട്രീയകക്ഷികള്‍ വിലയിരുത്തേണ്ടതാണ്‌. അത്തരമൊരു നിയമനം നടത്തുവാന്‍ ഗവര്‍ണ്ണര്‍ക്കുള്ള അധികാരത്തെ പറ്റി വ്യാപകമായ ഭിന്നവീക്ഷണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ കൈക്കൊണ്ട തീരുമാനത്തിന്റെ ഔചിത്യം തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും.

വി.ഡി.സതീശൻ | photo: prasoon Kiran

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സിബിഐ, ഇഡി, എന്‍ഐഎ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികളെ കുടുക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ ഉയര്‍ന്നപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ്സ്‌-യുഡിഎഫ്‌ നേതാക്കള്‍ വെട്ടിലായ സാഹചര്യം സംജാതമായിരുന്നു. സോണിയ ഗാന്ധിയെയും, രാഹുല്‍ ഗാന്ധിയെയും ഇഡിയുടെ ചോദ്യം ചെയ്യുന്നതിനെ വിമര്‍ശിച്ച നേതാക്കള്‍ സമാനമായ നടപടി മറ്റുള്ള കക്ഷികളിലെ നേതാക്കള്‍ നേരിട്ടപ്പോള്‍ അതിനെ പിന്തുണക്കുക അല്ലെങ്കില്‍ മൗനം പാലിക്കുക എന്ന നയമാണ്‌ സ്വീകരിച്ചത്‌. കേരളത്തില്‍ എല്‍ഡിഎഫ്‌ നേതാക്കളും, ഡല്‍ഹിയില്‍ എഎപിന്റെ നേതാക്കളുടെ കാര്യത്തിലും അതായിരുന്നു കോണ്‍ഗ്രസ്സിന്റെ നയം. ഗവര്‍ണ്ണര്‍മാരുടെ സമീപനത്തിന്റെ കാര്യത്തില്‍ അത്തരമൊരു നയം സ്വീകരിയ്‌ക്കുക സംസ്ഥാനത്തെ കോണ്‍ഗ്രസ്സ്‌-യുഡിഎഫ്‌ നേതാക്കളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ഗുണകരമാവില്ല. അതേ സമയം സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടുകള്‍ക്കും, നടപടിക്രമങ്ങളുടെ ലംഘനങ്ങള്‍ക്കുമെതിരെയെന്ന മട്ടില്‍ ഗവര്‍ണ്ണര്‍ ഉയര്‍ത്തുന്ന വിമര്‍ശ്ശനങ്ങളെ എങ്ങനെയാവും പൂര്‍ണ്ണമായും അവഗണിക്കുകയെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. ദേശീയതലത്തില്‍ രൂപപ്പെടുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ സംസ്ഥാന-പ്രാദേശിക തലങ്ങളില്‍ അതേതലത്തിലാവില്ല രൂപപ്പെടുകയെന്ന വൈഷമ്യത്തിന്റെ ഉദാഹരണമായി കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അവസ്ഥയെ കണക്കാക്കാവുന്നതാണ്‌.

Leave a comment