TMJ
searchnav-menu
post-thumbnail

Outlook

ചരിത്രം ജോണിലൂടെ

25 Apr 2022   |   1 min Read
ശ്രീദേവി പി അരവിന്ദ്

വനിതകൾക്ക് സിനിമ നിർമ്മിക്കുന്നതിനു വേണ്ടി കെ.എസ്.എഫ്.ഡി.സി. (കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ) ധനസഹായം നൽകുന്നതിൽ എന്റെ സ്ക്രിപ്റ്റും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്ക്രിപ്റ്റ് വായനയുടെ ജൂറിയിൽ ചെയർമാനായി ഉണ്ടായിരുന്നത് ജോൺപോൾ ആണ് അങ്ങിനെയാണ് ഞാനദ്ദേഹത്തെ ആദ്യമായി കാണുന്നത്. ആ സെഷനിൽ ശ്രുതിയും, ഇന്ദുവും, ഞാനും തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടക്കാതെ പോയ സ്ക്രിപ്റ്റുമായി ജോൺ പോളിനെ പോയി കാണണം എന്ന് മനസ്സ് വല്ലാതെ ആഗ്രഹിച്ചിരുന്നു. ഈ വിചാരവുമായി ഇരിക്കുമ്പോഴാണ് അദ്ദേഹം നമ്മെ വിട്ടു പോയിരിക്കുന്നു എന്ന വാർത്ത അറിഞ്ഞത്. എന്റെ മനസ്സിലെ കഥകളുടെ വാതിൽ അടയുന്ന പോലെ തോന്നി.

കഥ പറയാനും കേൾക്കാനും ഇഷ്ടമുള്ള എനിക്ക് ജോൺപോൾ കഥ പറയുന്നത് കേൾക്കാനും. അദ്ദേഹത്തെ വായിക്കാനും, അദ്ദേഹത്തിന്റെ സിനിമകൾ കാണാനും വലിയ ഇഷ്ടമാണ്. തിരക്കഥ അവതരണം സെഷനിൽ എന്നിൽ പരിഭ്രമം ഉണ്ടാക്കിയത് ജോൺപോൾ എന്ന അതുല്യനായ കലാകാരന്റെ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ കഥകളെ കേട്ടും വായിച്ചും കണ്ടും ശീലിച്ച എനിക്ക് അദ്ദേഹത്തിനു മുന്നിൽ ഇരുന്ന് കഥ പറയുക തികച്ചും പ്രയാസകരമായിരുന്നു. എന്നാൽ എന്റെ കഥയിലെ കഥാപാത്രത്തോടൊപ്പം അവരുടെ മനോവിചാരങ്ങളോടും അദ്ദേഹം സംവദിച്ചത് എന്നിൽ ആവേശം നിറച്ചു. ഒരു ഇന്റർവ്യൂനേക്കാൾ ഒരു ഡിസ്കഷൻ പോലെ നല്ലൊരു അനുഭവമായിരുന്നു എനിക്കത്. എന്റെ സിനിമയിലെ കഥാപാത്രമായ 'ചറപറ ബീപാത്തു' എന്ന റംലത്തിനെ അദ്ദേഹത്തിന് വലിയ ഇഷ്ടമായി. അദ്ദേഹത്തിന്റെ വാക്കുകൾ എന്റെ സിനിമ ആലോചനകളിലേക്ക് വെളിച്ചം വീശി.

"തിരക്കഥ ഒരു മൗലിക രചനയെ അല്ല അതൊരു അപ്ലൈഡ് റൈറ്റിംഗ് ആണ്. സിനിമ ഉണ്ടാകുന്നതിനുള്ള പ്രചോദനമാകുന്ന ഭാവം സംവിധായകനിൽ ഉണർത്തിയെടുക്കുക എന്നതാണ് തിരക്കഥാകൃത്ത് ചെയ്യുന്നത്"

എന്റെ ഏകാന്ത നിമിഷത്തിൽ ഞാനോർത്തു. സിനിമയെ അകത്തു നിന്നും പുറത്തു നിന്നും അടുത്തറിഞ്ഞ ജോൺ പോൾ പറഞ്ഞ കഥകളിലൂടെ ആയിരുന്നല്ലോ എന്റെ ഉള്ളിൽ അദ്ദേഹം ജീവിച്ചത്. ലോകത്തോട് മുഴുവൻ കൗതുകമുള്ള ആ കണ്ണുകൾ അടഞ്ഞാലും പറഞ്ഞു വെച്ച കഥകളിലൂടെ അദ്ദേഹം മലയാളിയുടെ മനസ്സിൽ ജീവിക്കും.

ജോൺ പോളിന്റെ തിരകഥകളിലൂടെ

മലയാള സിനിമയുടെ ഭാവതലം സ്ഫുടം ചെയ്തെടുത്ത തിരക്കഥകൾ ആണ് ജോൺ പോളിന്റെ. മലയാള സിനിമയുടെ ചരിത്രമായി മാറിയ സിനിമകൾ തന്റെ തൂലികയിലൂടെ ജന്മം നൽകി എൺപതുകളെ മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമാക്കിയതിൽ ജോൺ പോളിന്റെ രചനകൾക്ക് വലിയ സ്ഥാനമുണ്ട്. ചരിത്രം എന്നിലൂടെ' എന്ന സഫാരി ചാനലിന്റെ പരിപാടിയിലൂടെ മലയാള സിനിമയുടെ കഥയുടെ നേർസാക്ഷ്യം തെളിഞ്ഞ ഭാഷയിൽ നമ്മോട് പറയുമ്പോൾ മലയാള സിനിമയുടെ ബയോ പിക് കാണുന്ന പോലുള്ള അനുഭവം ആണ്.

സൗഹൃദങ്ങളിലൂടെയായിരുന്നു പത്രപ്രവർത്തന രംഗത്ത് നിന്ന് ജോൺ പോൾ സിനിമാരംഗത്ത് എത്തിച്ചേർന്നത്. നിസ്സഹായരായ മനുഷ്യരുടെ നിശബ്ദമായ സഹനങ്ങൾക്കും വേദനകൾക്കു ചെവിയോർക്കുന്ന ജോൺ പോളിന്റെ തിരക്കഥകൾ. തിരക്കഥയെ പറ്റി ജോൺപോൾ പറയുന്നത് ഇങ്ങനെയാണ് "തിരക്കഥ ഒരു മൗലിക രചനയെ അല്ല അതൊരു അപ്ലൈഡ് റൈറ്റിംഗ് ആണ്. സിനിമ ഉണ്ടാകുന്നതിനുള്ള പ്രചോദനമാകുന്ന ഭാവം സംവിധായകനിൽ ഉണർത്തിയെടുക്കുക എന്നതാണ് തിരക്കഥാകൃത്ത് ചെയ്യുന്നത്". ദൃശ്യ രചനയുടെ ശില്പഭദ്രതയെ, ശില്പ വടിവുകളോടെ ആഴമേറിയ വിവക്ഷകളാൽ സമ്പന്നമായ ദുശ്യ ശ്യംഖലകളാൽ അദ്രപാളിയിലേക്ക് കോർത്തിണക്കുന്ന സംവിധായകരെ ആണ് ജോൺ പോൾ സിനിമയുടെ ശില്പികൾ എന്നു വിളിച്ചത്. ആ ശില്പം വാർത്തെടുക്കാനുള്ള പ്രതലമായാണ് അദ്ദേഹം തിരക്കഥകളെ കണ്ടതും.

സമൂഹം പുറംതള്ളപ്പെടുന്ന മനുഷ്യർക്ക് തന്റെ കഥകളിൽ അദ്ദേഹം അഭയം നൽകി. ജീവിതാഖ്യാനങ്ങളുടെ ശില്പചാരുതയിൽ വാർത്തെഴുത്ത തിരക്കഥകളിലൂടെ അവക്ക് ജീവനേക്കി. ചാമരത്തിലൂടെ തുടങ്ങി, മർമ്മരം, ഓർമ്മക്കായ്, പാളങ്ങൾ, സന്ധ്യമയങ്ങും നേരം, ഇത്തിരി പൂവേ ചുവന്ന പൂവേ, കാതോടു കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, നീലകുറിഞ്ഞി പൂത്തപ്പോൾ, കേളി, മാളൂട്ടി, ചമയം. തുടങ്ങി നിരവധി സിനിമകൾ നിരവധി സിനിമകൾ ഭരതനോടൊപ്പം ചെയ്തു. ജീവിതത്തിന്റെ ആഖ്യാന ഭാഷ എഴുതുമ്പോൾ അതിമാനുഷികരായ കഥാപാത്രങ്ങൾക്കു പകരം ജീവിതത്തിൽ പല കാരണങ്ങളാൽ നിസ്സഹായരായി പോകുന്നവരുടെ ആന്തരിക സംഘർഷങ്ങളെ കണ്ടെത്തുകയാണ് ജോൺ പോൾ ചെയ്തത്.

ഭർതൃപീഡനം ചെറുത്ത്, സ്വന്തമായി ജീവിതം കെട്ടിപ്പടുക്കുന്ന മേരിക്കുട്ടിയുടെ കഥയാണ് കാതോട് കാതോരം എന്ന സിനിമക്ക് ആധാരം. ശക്തമായി മഴപെയ്ത ഒരു രാത്രിയിൽ മേരിക്കുട്ടിയുടെ വീടിന്റെ ഒരു ഭാഗം തകരുകയും പെരുമഴയിൽ ലൂയിസ് എന്ന അപരിചിതൻ മേരിക്ക് ചെയ്തു കൊടുത്ത സഹായങ്ങളിലൂടെ മേരിയുടെ സ്ഥിരം സഹായി ആയി അയാൾ മാറുന്നു. പരസ്പര സഹായങ്ങളിലൂടെയും സംഗീതത്തിലൂടെയും ഇവർ തമ്മിൽ ഗാഢമായ ഹൃദയബന്ധം ഉണ്ടാകുന്നു. നാട്ടിൽ ലൂയിസ് മേരിയുംതമ്മിലുള്ള അടുപ്പത്തെ അവിഹിത ബന്ധമായി ആരോപിക്കപ്പെടുകയും അതിന്റെ പേരിൽ മേരിയുടെ മുടി മുറിച്ചു കളഞ്ഞ് അപമാനിക്കുകയും ചെയ്യുന്നു. അവിഹിതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീയുടെ സംഘർഷങ്ങളൾക്ക് ദൃശ്യാവിഷ്കാരം നൽകുന്നു സിനിമ.

"എല്ലാവരും ഉണ്ടായിട്ടും ഞാൻ ഒറ്റയ്ക്കാണ്. ഇത്തരത്തിൽ നിങ്ങൾ ഭാഗ്യവാനാണ് ആരോടും കണക്കു പറയേണ്ടല്ലോ.

സ്വന്തമെന്നു പറയാൻ ആരും ഇല്ലല്ലോ എന്നോർക്കുമ്പോൾ എനിക്കും ദുഃഖമുണ്ട്. "
ലൂയിസ് മേരിയും തമ്മിലുള്ള ഒരു സംഭാഷണശകലം ആണിത് . നിസ്സഹായതയുടെ രണ്ടറ്റങ്ങൾ വരച്ചിടുന്നു ഈ സംഭാഷണത്തിലൂടെ ജോൺ പോൾ.

മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ സുപ്രധാനമായ ഒരു അധ്യയമായിരുന്നു യാത്ര എന്ന സിനിമ. തന്റെ ജീവിത സംഘർഷങ്ങളുടെ ഒരു അധ്യായം ജീവിച്ചു തീർത്തു ഏകനായ് നടന്നുവരുന്ന ഉണ്ണി കൃഷ്ണൻ "തന്നന്നം താനന്നം താളത്തിലാടി" പോകുന്ന ഒരു സംഘത്തിന്റെ യാത്രയിലേക്ക് കയറി ചെല്ലുന്നു. അവരോട് തന്റെ ജീവിതകഥ പറയുകയാണ് അയാൾ. ആ കഥ അരളി ഗിരി ഫോറസ്റ്റ് ഓഫീസർ ആയി ട്രാൻഫർ വാങ്ങി പോയ അയാളിലേക്കും, അയാൾ പ്രണയിക്കുന്ന തുളസി എന്ന പെൺകുട്ടിയിലേക്കും നീളുന്നു. ജയിലിൽ നിന്നും ഇറങ്ങുമ്പോൾ തുളസിയുടെ മുഖം മനസിൽ പതിഞ്ഞ ആൽമരച്ചുവട്ടിൽ അയാൾ അവളെ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിക്കാൻ അർഹതയുണ്ടോ എന്ന് അറിയില്ലെങ്കിലും മനസ്സിൽ പ്രതീക്ഷയുടെയും നിരാശയുടെയും വിങ്ങൽ ഉണ്ടായിരുന്നു. ആ വിങ്ങൽ യാത്രാ സംഘവും ഏറ്റെടുക്കുന്നു. തന്നന്നം താനന്നം താളത്തിലാടി എന്ന പാട്ട് സിനിമയുടെ തുടക്കത്തിൽ കേട്ടപ്പോൾ ഒരു കടംകഥ പോലെ ആണ് തോന്നിയത്. പിന്നീട് ആ കടങ്കഥയിലേക്ക് ജീവിതത്തിന്റെ പക്ഷി ചിറകുപൂട്ടുകയാണ് എന്നു തോന്നി.

സംവിധായകൻ ഭരതനൊപ്പം ജോൺ പോൾ | PHOTO: WIKI COMMONS

"ആയിരം തിരിചിരാതുകൾ തെളിഞ്ഞുനിൽക്കുന്ന അവളുടെ മുഖം മനസ്സിൽ ആദ്യമായി പതിഞ്ഞ ആൽമരച്ചുവട്ടിൽ ഒന്നിനു പകരം ആയിരത്തൊന്നു ചിരാതുകൾ നടുവിൽ കത്തിച്ചുവച്ച ഒരു ചിരാതു പോലെ അവൾ നിന്നിരുന്നു" എന്നു ജോൺ പോൾ എഴുതിയപ്പോൾ അതിന് ബാലുമഹേന്ദ്ര നൽകിയ ദൃശ്യാവിഷ്കാരത്തെ പറ്റി ജോൺ പോൾ ഇങ്ങനെ പറയുന്നു. "ഛായയെ പിന്തുടർന്നുവന്ന സിനിമാകാരനാണ് അദ്ദേഹം പശ്ചാത്തലത്തിൽനിന്ന് ബൗൺസ് ചെയ്ത് വരുന്ന നിഴലും, നിലാവും, ഇരുട്ടും, പ്രകാശവും, വർണ്ണവും കൊണ്ട് തൻറെ മുൻപിലുള്ള ഇമേജിനെ എങ്ങിനെയെല്ലാം കഥാ സന്ദർഭം ആവശ്യപ്പെടുന്ന ഭാവത്തിലേക്ക് അവതരിപ്പിക്കുക എന്നതാണ് ബാലു മഹേന്ദ്രയുടെ ശൈലി എന്ന് ജോൺ പറയുന്നു.

എന്റെ കുട്ടിക്കാലത്ത് അടുത്ത വീട്ടിൽ പോയാണ് ഞാൻ ഈ സിനിമ കാണുന്നത്. സിനിമയിൽ ആ കുട്ടി കരയുന്നതുപോലെ, തുളസിക്കു വേണ്ടി, തുളസിയെ പ്രതീക്ഷിച്ചുകൊണ്ട് എന്റെ കണ്ണുകളും നനഞ്ഞിരുന്നു. തുളസി അവിടെ ഉണ്ടാവണേ എന്ന് ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചിരുന്നു. ആയിരം ചിരാതുകൾക്ക് നടുവിൽ തുളസിയെ കണ്ടപ്പോൾ ആദ്യമായി പ്രണയത്തിന്റെ ആനന്ദം ഞാനറിഞ്ഞു. പിന്നീട് എപ്പോഴൊക്കെയോ സ്നേഹത്തിന്റെ ആയിരം ചിരാതുകൾ കത്തുന്ന ഒരിടം മോഹിച്ചിട്ടുണ്ട്. പ്രണയ കാൽപനികതയുടെ കടുത്ത വിമർശനങ്ങൾ എന്നിൽ ഉണ്ടായിട്ടുള്ളപ്പോഴും ആയിരം ചിരാതുകൾ കത്തുന്ന ഒരു താഴ്വാരം മനസിൽ മായാതെ നിന്നു.

ചാമരം എന്ന സിനിമ എഴുതാൻ ഇരുന്നപ്പോൾ ഇന്ദു ടീച്ചറുടെ മനോവ്യാപാരങ്ങളിലൂടെ ആണ് എഴുത്തിന്റെ താളുകൾ മറഞ്ഞതെന്നു ജോൺ പോൾ പറഞ്ഞിട്ടുണ്ട്. അവളുടെ ജീവിതത്തിലേക്ക് ബാലേട്ടൻ എന്ന കഥാപാത്രം കടന്നു വരുകയും പെട്ടെന്നൊരു ദിവസം ഇറങ്ങിപ്പോവുകയും ചെയ്തപ്പോൾ നിസ്സഹായയായി പോയ ഒരു സ്ത്രീയുടെ ജീവിതത്തിലേകക്കാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. ചാമരത്തിന്റെ പ്രമേയത്തെ കുറിച്ച് ജോൺപോൾ പറയുന്നത് അത് ആൺകോയ്മയുടെയോ സ്ത്രീയുടെ വിധേയത്വത്തിന്റെയോ അടയാളമല്ല. മറിച്ച് പ്രണയ നഷ്ടത്തിന്റെ ഏകാന്ത തുരുത്തിലേക്ക് നീങ്ങുന്ന ഒരു സ്ത്രീക്കു നേരെ വരുന്ന പ്രണയാഭ്യർത്ഥനയുമാണ്. എനിക്ക് എന്റെ മുഖം ചേർത്തു നിന്ന് കരയാൻ ഒരു ചുമൽ വേണമെന്നും ഒരു പെണ്ണ് ആഗ്രഹിക്കുന്ന സമയത്ത് മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ചുകൊണ്ട് 'ഞാൻ ഉണ്ട് എന്ന് വിശ്വസിക്കാം അന്ത്യംവരെ ഞാൻ ഉണ്ടാകും' എന്ന് പറഞ്ഞ് ഒരു പുരുഷൻ പങ്കുചേരുന്നതിന്റെ കഥയാണ്.

മനസ്സും മനസ്സും തമ്മിലുള്ള പരിരംഭണത്തിന്റെ സാക്ഷ്യമായാണ് ഈ ഭാവുകത്വത്തെ രൂപപ്പെടുത്തിയതെന്ന് ഇന്ത്യൻ എക്സപ്രസ്സിന് വേണ്ടി കെ സുനീഷ് നടത്തിയ അഭിമുഖത്തിൽ ജോൺ പോൾ പറയുന്നു. എന്നാൽ ഈ സിനിമയിൽ ഞാൻ കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. കുടുംബത്തിന്റെ സർവ്വസമ്മതത്തോടെ അവളിലേക്ക് വരുന്ന കാമുകനെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും എല്ലാ കെട്ടുറപ്പുകളോടെയും അവൾ ഗാഢമായി സ്നേഹിച്ചു. എന്നിട്ടും, അവളെ അവളാക്കിയ വായനയും, ലോക ബോധവും ഒന്നും സ്ത്രീക്ക് അലങ്കാരമല്ല എന്നു പറഞ്ഞ് അവളുടെ ബാലേട്ടൻ അവളെ വിട്ടു മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നു. തൊഴിൽ നേടിയത്, വരുമാനം, വായന എല്ലാം ഉപേക്ഷിക്കപ്പെട്ടത്തിന്റെ കാരണങ്ങളായി. കോളേജ് അധ്യാപികയായി ജോലി നേടി, സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ ഇന്ദു ടീച്ചർ തന്റെ പ്രണയത്തെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും എല്ലാ ബോധ്യങ്ങൾക്കും പുറത്ത് കണ്ടെത്തുന്നു. തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ, താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ പ്രണയം അവൾ സ്വീകരിക്കുന്നു. നടപ്പ് വ്യവസ്ഥിതികളോട് സമരസപ്പെടാതെ കലഹിച്ചു കൊണ്ടാണ് അത് സ്വീകരിക്കാനും ഉറക്കെ വിളിച്ചു പറയാനും ധൈര്യപ്പെടുന്നത്. സ്വന്തമായി തീരുമാനങ്ങൾ ഉള്ള ഒരു വ്യക്തി എന്ന നിലയിലേക്ക് രൂപപ്പെട്ടുവരുന്ന ഒരു സ്ത്രീയെ ഞാനവിടെ കണ്ടു. എന്നെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ഈ സിനിമയോട് ഞാൻ കടപ്പെട്ടിട്ടുണ്ട്. സിനിമയുടെ അന്ത്യത്തിൽ പ്രണയം നഷ്ടപ്പെടുമ്പോഴും സ്വന്തം ശരികളെ തിരഞ്ഞെടുക്കുന്ന ആ സ്ത്രീ എന്നും പ്രചോദനം ആയിരുന്നു. സ്വന്തമായി ജീവിക്കുമ്പോഴും തന്റെ രതിഭാവങ്ങളെ കപട സദാചാരത്തിന് വിട്ടുകൊടുക്കാതെ കാത്തവൾ. പ്രണയത്തിന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങളുടെ ദൃശ്യ ആവിഷ്കാരമാണ് ഈ സിനിമ. മനുഷ്യന്റെ ബോധാബോധങ്ങളിൽ ത്രസിക്കുന്ന രതിയെ പാപഭാരത്തിൽ ക്രൂശിലേറ്റാതെ കഥാപാത്രങ്ങൾക്ക് വിട്ടുകൊടുത്തിരുന്നു ജോൺ പോളിന്റെ രചന. പ്രണയത്തിന്റെയും രതിയുടെയും സഹവർത്തിത്വത്തിന് മനുഷ്യ സ്നേഹത്തിന്റെ മൂല്യം ഉയർത്തികാട്ടുന്നു.

"പാളങ്ങളിൽ" ചേച്ചിയുടെ കുടുംബ ജീവിതത്തിലേക്ക് അനിയത്തി ഉഷ വന്നെത്തുന്നു. ചേച്ചിയുടെ ജീവിതം തകരാതിരിക്കാൻ ഉഷക്ക് ചേച്ചിയുടെ ഭർത്താവിന്റെ പെരുമാറ്റദൂഷ്യങ്ങൾ സഹിക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥ സിനിമക്ക് പ്രതിപാദ്യമാക്കുന്നു. പുരുഷ കാമന അധികാര പ്രയോഗങ്ങിളിലൂടെയും കുടുംബ ബന്ധങ്ങളിലൂടെയും ഭാഷയിലൂടെയും സ്ത്രീകൾക്ക് മേൽ ഹിംസാത്മകമാകുമ്പോൾ നിസ്സഹായരായി പോകുന്ന സ്ത്രീകളെ ആവിഷ്കരിക്കുന്നു.

ജോൺ പോൾ | Wiki commons

ഒരു സിനിമയുടെ ആലോചന രൂപപ്പെട്ടു കഴിഞ്ഞാൽ അതിൻറെ ദൃശ്യാവിഷ്കാരം സംഭവിക്കുന്നത് വരെയുള്ള സിനിമയുടെ സഞ്ചാരത്തെ കുറിച്ച് സഫാരി ചാനലിലൂടെ ജോൺ പോൾ നമ്മോട് സംവദിച്ചപ്പോൾ, ആ വാക് സരണി മലയാള സിനിമാനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെ പ്രതിപാദിക്കുന്ന പാഠപുസ്തകമാവുന്നു. 'ഒരു മിന്നാമിനുങ്ങിനെ നുറുങ്ങുവെട്ടം' എന്ന സിനിമ സംഭവിച്ചത് എങ്ങിനെ എന്ന് ഇതിന്റെ 26ാം എപ്പിസോഡിൽ അദ്ദേഹം പറയുന്നുണ്ട്. പെൻഷൻ പറ്റിയ വൃദ്ധരായ അധ്യാപക ദമ്പതികളുടെ കഥക്ക് പ്രചോദനം ആയത് വിപിൻ മോഹൻ എന്ന ഛായഗ്രാഹകൻ പറഞ്ഞ ഒരു മുഹൂർത്തമാണ് എന്ന് അദ്ദേഹം ഓർക്കുന്നു. മറ്റുള്ളവരുടെ ജീവിതാവസ്ഥകളിൽ നിന്നും, വർത്തമാനങ്ങളിൽ നിന്നും കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള സൂക്ഷ്മ പാടവം അദ്ദേഹത്തിനുണ്ട്. ആലുവ കൊട്ടാരത്തിലെ ഓൾഡ് ബ്ലോക്കിൽ ഇരുന്നാണ് ഈ സിനിമയുടെ തിരക്കഥ മൂന്ന് ദിവസം കൊണ്ട് എഴുതി തീർത്തതിനെക്കുറിച്ചും കഥാപാത്രത്തിന്റെ ഉടലുകളിലേക്ക് താരങ്ങളെ സന്നിവേശിപ്പിച്ചതിനെക്കുറിച്ചുമുള്ള ഓർമകൾ അദ്ദേഹം പങ്കുവെച്ചു.

വാർദ്ധക്യത്തിന്റെ നിസ്സഹായതയിൽ ഒറ്റപ്പെട്ട തുരുത്തായി മാറിയ രാവുണ്ണി മാഷുടെയും സരസ്വതി ടീച്ചറുടെയും ജീവിതത്തിലേക്ക് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ കടന്നു വരുന്ന ഉണ്ണിമായ എന്ന പെൺകുട്ടിയും അവൾ വാരിവിതറിയ സന്തോഷങ്ങളും.
ഇതെന്തൊരാനന്ദമിതെന്തു കൗതുകം ….
ഇതാ പറന്നെത്തിയടുത്തു ഹാ!
പറന്നിതാ തൊടുകുമ്പിതു വിണ്ണിലായിതേ!
എന്ന് ആശാൻ പാടിയ പോലെ മാഷുടെയും ടീച്ചറുടെയും ജീവിതത്തിലേക്ക് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ, സ്വതന്ത്രമായ ആ പ്രഭാകണം കണ്ണിനും മനസിനും കുളിരേകി പറന്നു പോകുന്നു. ഒരു കവിത പോലെ ആ തലക്കെട്ട് ഹൃദയത്തിലേക്ക് ഒഴുകി വരുന്നു.

അമ്മയ്ക്കും, അമ്മൂമ്മക്കും, മുത്തശ്ശിക്കുമിടയിൽ ഒരു കാലു മാത്രമുള്ള നാരായണൻ കുട്ടിയുടെ ജീവിതം തികഞ്ഞ ഗ്രാമീണ പശ്ചാതലത്തിൽ വരച്ചിടുന്നു കേളി എന്ന സിനിമയിലൂടെ. നിസ്സഹായരായ മനുഷ്യരുടെ ചെറുത്തുനിൽപുകൾക്കിടയിലെ നിവൃത്തികേടുകളിൽ സ്വയം അവരോധിച്ച് താദാത്മ്യപ്പെടുന്ന കാണികളെ രചനാ വൈഭവത്തിലൂടെ ജോൺ പോൾ സൃഷ്ടിക്കുന്നു.

ജോൺ അബ്രഹാമും, പവിത്രനും, ഭരതനും, അരവിന്ദനും നിറഞ്ഞുനിന്ന സന്ധ്യകളും രാവുകളും അവരുടെ സിനിമകളും ഒരേസമയം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിർമ്മിക്കപ്പെടുന്ന ചരിത്ര സംഭവങ്ങളുടെ നേർസാക്ഷ്യം മലയാളസിനിമയുടെ ബയോഗ്രഫി കാണിക്കുന്ന പോലെ ജോൺ പോളിന്റെ വാക്കിൽ വിരിയുന്നു. ചിത്രാഞ്ജലിയിലെ ഒരു സൗഹൃദ ഭാഷണത്തിൽ ജോൺ എബ്രഹാം ചിത്രാഞ്ജലിയിലെ പഴംപൊരിയെ പറ്റി നർമരൂപത്തിൽ പറഞ്ഞത് അദ്ദേഹം ഓർക്കുന്നു. "ചിത്രാഞ്ജലിയിലെ മോശം പഴംപൊരി കഴിച്ചാൽ മാത്രമേ ചിത്രാഞ്ജലിയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചുള്ള ചലച്ചിത്ര നിർമ്മാണം പൂർത്തിയാക്കാനുള്ള സബ്സിഡി കിട്ടുകയുള്ളൂ" പഴംപൊരി കഴിച്ചില്ലേൽ അതിന്റെ തുക തട്ടിക്കിഴിക്കും എന്നും പറഞ്ഞ ജോണിന്റെ നർമ്മം അദ്ദേഹത്തിന്റെ സ്മൃതിയിൽ തെളിയുന്നു. സന്തോഷ നിമിഷങ്ങളെ ഓർത്തെടുത്തുകൊണ്ട് ഉണ്ട് കാലത്തിന്റെ സൗഹൃദങ്ങൾ പങ്കുവയ്ക്കുന്നു ജോൺ പോൾ.
കെ ജി ജോർജ്, എം.ടി, പത്മരാജൻ എന്നിങ്ങനെ ആ കാലഘട്ടത്തിലെ കലാകാരന്മാരുമായുള്ള കലാസപര്യയുടെ കൂട്ടുകെട്ടിൽ മലയാള സിനിമയുടെ സുവർണകാലഘട്ടത്തിനു സാക്ഷ്യം വഹിച്ചു. സൗഹൃദങ്ങളോടുള്ള ഹൃദയ ഐക്യത്തിൽ വില കൽപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾ മലയാള സിനിമയുടെ ചരിത്ര പുസ്തകമാവുന്നു.

മരണത്തിന്റെ നിറം

മനോരമ ഓൺലൈനിൽ ടോക്ക് വിത്ത് ജോൺപോൾ എന്ന പരിപാടിയിൽ ഭരതന്റെ ഇഷ്ടപ്പെട്ട നിറം ഏതാണെന്ന് ജോൺ പോളിനോട് ചോദിച്ചു. അത് താൻ ചോദിച്ചിട്ടില്ല എന്ന് അദ്ദേഹം മറുപടി പറയുന്നു. പകരം മറ്റൊരു സന്ദർഭം നമ്മളോട് വിശദീകരിക്കുന്നു. ഭരതൻ എന്തിനും നിറങ്ങളും മുദ്രകളും ഉണ്ടാക്കുന്ന ആളാണ് എല്ലാ രാഗങ്ങൾക്കും മുദ്ര വരയ്ക്കണം എന്നത് അയാളുടെ ജീവിതാഭിലാഷമായിരുന്നു. അതുപോലെതന്നെ നിറം കൊടുക്കണമെന്നും. ഹൈദരാലിയും പവിത്രനും ഭരതനും ജോൺപോളും ഉള്ള ഒരു സന്ദർഭത്തിൽ ഒരു ചോദ്യം ഉയർന്നു വന്നു. എന്താവും മരണത്തിന്റെ നിറം? ഒന്നാലോചിച്ച് ഭരതൻ പറഞ്ഞു ഇളം നീല നിറം ആവാൻ സാധ്യതയുണ്ട്. എന്താ അങ്ങനെ? എന്ന് ജോൺപോൾ ചോദിച്ചു. മരിച്ചു കഴിഞ്ഞാൽ നമ്മൾ ആകാശത്തേക്ക് അല്ലേ പോകുന്നത് ആകാശത്തിൽ ലയിക്കണമെങ്കിൽ അതിനോടു ചേരുന്ന ഒരു നിറം വേണ്ടേ. അന്നവർ തമാശയായി പറഞ്ഞു ആരാണോ ആദ്യം മരിക്കുന്നത് അവർ അവിടെ ചെന്ന് ടെലിപ്പതി വഴി മരണത്തിന്റെ നിറം എന്താണെന്ന് അറിയിക്കുമെന്ന്. മൂന്നുപേരും മുമ്പേ പോയി ആ നീലാകാശത്തിന് അനന്തവിഹായസ്സിലേക്ക് ജോൺപോളും യാത്രയായി നിഴലും നിലാവും സ്വപ്നങ്ങളും ഭൂമിയിൽ പൊഴിച്ചിട്ട്.

Leave a comment