സുധ ഭരദ്വാജിന് ജാമ്യം ലഭിക്കുമ്പോള്‍
PHOTO : WIKI COMMONS
ഭീമ കൊറേഗാണ്‍ കേസ്സില്‍ കുറ്റാരോപിതയായി മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അറസ്റ്റു ചെയ്യപ്പെട്ട സുധ ഭരദ്വാജിന് മുംബെ ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. അഭിഭാഷകയും, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുധ ഭരദ്വാജിന് ജാമ്യം ലഭിച്ചതോടെ 1947 ന് ശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദമായ ഒരു ഗൂഢാലോചന കേസ്സ് വഴിത്തിരിവിലെത്തി എന്നു വിലയിരുത്താനാവുമോ? സുധ ഭരദ്വാജിനൊപ്പമുണ്ടായിരുന്ന മറ്റുള്ള 8 പേരുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനാല്‍ അതില്‍ തീര്‍ച്ചയില്ല. എന്നാലും ആശ്വാസകരമായ ഒന്നാണ് കോടതി വിധി. അമേരിക്കന്‍ പൗരത്വമടക്കം ജന്മസിദ്ധമായ സകല പ്രിവിലേജുകളും ഉപേക്ഷിച്ച് ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച സുധ ഭരദ്വാജിനെ പറ്റിയുള്ള വിവരണങ്ങള്‍ ഇപ്പോള്‍ ഏറെ ലഭ്യമാണ്. കാണ്‍പൂര്‍ ഐഐടി-യില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ സുധ ഭരദ്വാജ് ഛത്തീസ്ഗഢിലെ ആദിവാസികള്‍ക്കും, ഖനി തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും പുതിയൊരു രാഷ്ട്രീയ ദിശാബോധം നല്‍കിയ ശങ്കര്‍ഗുഹ നിയോഗിയുടെ പ്രസ്ഥാനത്തിന്റെ ഭാഗഭാക്കായി. അതിനിടയില്‍ നിയമ ബിരുദം നേടിയ അവര്‍ ആദിവാസികളും, തൊഴിലാളികളും, സ്ത്രീകളും അനുഭവിക്കുന്ന അവകാശ നിഷേധങ്ങള്‍ക്കും, അനീതികള്‍ക്കുമെതിരായ കേസ്സുകള്‍ ഏറ്റെടുക്കുകയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്തു. ഛത്തീസ്ഗഢിലും ദേശീയതലത്തിലും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന അവര്‍ ദില്ലിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശക പ്രൊഫസറുമായിരുന്നു. ഭരിക്കുന്നവരും, ഭരിക്കപ്പെടുന്നവരും ഉള്ളവരും, ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇന്ത്യയില്‍ കൂടുതല്‍ വ്യക്തമായതോടെ സുധ ഭരദ്വാജിനെ പോലുള്ളവര്‍ ദേശദ്രോഹികളായി മുദ്ര കുത്തപ്പെട്ടു. 2014 ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ തുടങ്ങിയ ഈ ചാപ്പ കുത്തലുകള്‍ ഹിന്ദു രാഷ്ട്രീയം ഭരണകൂടാധികാരത്തിലെത്തിയതോടെ പുതിയ രൂപഭാവങ്ങള്‍ കൈവരിച്ചു. ഭരണകൂട നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളും ചെറുത്തു നില്‍പ്പുകളുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളെയും, വ്യക്തികളെയും ശക്തമായ പോലീസ്-സൈനിക നീക്കങ്ങളിലൂടെ നേരിടുന്നതിന്റെ ആഴവും വ്യാപ്തിയും വര്‍ദ്ധിച്ചതോടെ ഭരണകൂട ഭീകരത ഭരണ നിര്‍വഹണത്തിന്റെ അവിഭാജ്യഘടകമായി. അതിന് പുറമെ അത്തരം പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ സംഘടിതവും, ആസൂത്രിതവുമായ പ്രചാരണങ്ങളും സജീവമായി. 'അര്‍ബന്‍ നക്‌സല്‍', 'ടുക്‌ഡെ ടുക്‌ഡെ' സംഘങ്ങള്‍ എന്നിവയെല്ലാം നിന്ദാസൂചകങ്ങളായി സാമൂഹ്യ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. സുധ ഭരദ്വാജ് അടക്കം ഇന്ത്യയിലും ലോകത്തും അറിയപ്പെടുന്ന 16 സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകരും, എഴുത്തുകാരും ജയിലില്‍ അടക്കപ്പെടുന്നതിന്റെ സാഹചര്യം ഇതായിരുന്നു.
കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുകയും നിരപരാധികള്‍ കുറ്റവാളികളാക്കപ്പെടുകയും ചെയ്യുന്ന രീതി ഭരണകൂടത്തിന്റെ മുഖമുദ്രയായി മാറുന്നതിന്റെ മാതൃകയായിരുന്നു ബികെ എന്ന് ഇപ്പോള്‍ ചുരുക്കപ്പേരിലറിയുന്ന ഭീമ കൊറേഗാണ്‍ കേസ്സ്. മറാത്തകളും, ബ്രിട്ടീഷുകാരും തമ്മില്‍ നടന്ന അവസാന യുദ്ധത്തില്‍ (1818) മറാത്തകള്‍ പരാജയമടഞ്ഞതിന്റെ ചരിത്രം ഓര്‍മ്മിക്കപ്പെടുന്നതിന്റെ രാഷ്ട്രീയമാണ് ബികെ കേസ്സിന്റെ അടിത്തറ. മഹാരാഷ്ട്രയിലെ പ്രബല ദളിത് ജാതിയില്‍ ഉള്‍പ്പെട്ട മഹാറുകളായിരുന്നു ബ്രിട്ടീഷ് സൈന്യത്തിന്റെ പ്രധാന ആള്‍ബലം. മഹാരാഷ്ട്രയില്‍ നിലനിന്ന സവര്‍ണ്ണ അധീശത്വത്തിന്റെ ചിഹ്നമായ പേഷ്വ ഭരണാധികാരി വര്‍ഗ്ഗം 1818 ലെ യുദ്ധത്തില്‍ പരാജയമടഞ്ഞത് മഹാറുകളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ചരിത്ര മുഹൂര്‍ത്തമാണ്. പേഷ്വായി എന്നറിയപ്പെട്ടിരുന്നു സവര്‍ണ്ണ അധീശത്വത്തിനെതിരായ ദളിതരുടെ വിജയം എന്ന നിലക്കാണ് അവര്‍ സംഭവത്തെ വിലയിരുത്തുന്നതും ആഘോഷിക്കുന്നതും. അതിന്റെ 200 വാര്‍ഷികം ആഘോഷിക്കുന്നതിനായി 2017 ഡിസംബറില്‍ പൂനക്കടുത്ത ഭീമകൊറേഗാണില്‍ വിവിധ ദളിത് സംഘടനകളും, വ്യക്തികളും വലിയ തോതിലുള്ള സമ്മേളനം നടത്തിയിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്ത രണ്ടു ദിവസത്തെ സമ്മേളനം മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പിബി സാവന്തിന്റെയും ബോംബെ ഹൈക്കോടതിയിലെ മുന്‍ജഡ്ജി ജസ്റ്റിസ് ബിജി കോസ്ലെ പാട്ടീലുമായിരുന്നു എല്‍ഗാര്‍ പരിഷത്ത് എന്ന പേരില്‍ നടത്തിയ സംഘാടനത്തിന്റെ മുഖ്യ കാര്‍മികത്വം. എല്‍ഗാര്‍ പരിഷത്തിന് ലഭിച്ച വ്യാപകമായ ജനപിന്തുണയില്‍ ആശങ്കാകുലരായ ഹിന്ദു രാഷ്ട്രീയ കക്ഷികള്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസം വ്യാപകമായ അക്രമം അഴിച്ചു വിട്ടിരുന്നു. മിലിന്‍ഡ് ഏകബോതെ, മനോഹര്‍ സാംബാജി എന്നിവര്‍ക്കായിരുന്നു ഹിന്ദു രാഷ്ട്രീയം അഴിച്ചുവിട്ട അക്രമത്തിന്റെ നേതൃത്വം. അക്രമ സംഭവങ്ങളുടെ ഉത്തരവാദികളെന്ന നിലയില്‍ ഇരുവര്‍ക്കുമെതിരെ കേസ്സുകള്‍ എടുത്തിരുന്നു. എന്നാല്‍ 2018 ഏപ്രില്‍ മാസത്തോടെ ഭരണകൂടം പുതിയ കഥകള്‍ മെനയാന്‍ തുടങ്ങി. സിപിഐ (മാവോയിസ്റ്റ്) എന്ന നിരോധിത സംഘടനയാണ് എല്‍ഗാര്‍ പരിഷത്ത് സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചതെന്നും മനപ്പൂര്‍വ്വം കലാപം അഴിച്ചു വിടാനുള്ള മാവോയിസ്റ്റുകളുടെ ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നു സമ്മേളനമെന്നുമായിരുന്നു പുതിയ ഭാഷ്യം. മഹാരാഷ്ട്രയിലെ സാംസ്‌ക്കാരിക മേഖലയില്‍ പേരെടുത്ത കബീര്‍ കലാ മഞ്ചടക്കമുള്ള സംഘടനകളെ പുതിയ ഭാഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരാക്കി. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന്റെ മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനുള്ള വന്‍ഗൂഢാലോചന കണ്ടെത്തി എന്നായിരുന്നു അടുത്ത കണ്ടെത്തല്‍. സുധ ഭരദ്വാജിന് പുറമെ കവിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വരവര റാവു മുതല്‍ സ്റ്റാന്‍ സ്വാമി വരെയുള്ള 16 പേര്‍ പ്രതികളാവുന്ന ബികെ കേസ്സിന്റെ ആവിര്‍ഭാവം ഇതായിരുന്നു. പ്രധാനമന്ത്രിയെ വധിക്കുന്നതിനുള്ള ഗൂഢാലോചനയുടെ പ്രധാനതെളിവുകളായി ഹാജരാക്കപ്പെട്ട ഡിജിറ്റല്‍ തെളിവുകളുടെ വിശ്വാസ്യതയില്‍ കടുത്ത സംശയങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. കുറ്റാരോപിതരായ വ്യക്തികളുടെ കമ്പ്യൂട്ടറികളിലും മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളിലും നുഴഞ്ഞു കയറി തെളിവുകള്‍ കെട്ടിച്ചമച്ചതിന്റെ സാധ്യതകള്‍ അമേരിക്കയില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കേസ്സില്‍ പ്രതി ചേര്‍ക്കപ്പെട്ട മലയാളിയാ റോണ വില്‍സണിന്റെ ലാപ്‌ടോപ്പിലാണ് നുഴഞ്ഞു കയറ്റം ആദ്യം നടത്തിയിട്ടുള്ളത്. ബികെ കേസ്സില്‍ കുറ്റാരോപിതരായവരുടെ ടെലിഫോണുകളില്‍ വിവാദമായ പെഗാസസ് ചാര സോഫ്റ്റ്‌വയര്‍ ഉപയോഗപ്പെടുത്തി നുഴഞ്ഞു കയറിയതിന്റെ വാര്‍ത്തകളും പുറത്തു വന്നിട്ടുണ്ട്. 2018 ആഗസ്റ്റിലായിരുന്നു സുധ ഭരദ്വാജ് അറസ്റ്റിലായത്. മൂന്നു വര്‍ഷം കഴിഞ്ഞതിനു ശേഷം ജാമ്യം അനുവദിച്ചുവെങ്കിലും ഡിസംബര്‍ 8 ന് എന്‍ഐഎ പ്രത്യേക കോടതിയില്‍ ജാമ്യവുമായി ബന്ധപ്പെട്ട ഔപചാരികതകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും ജയില്‍ മോചനം സാധ്യമാവുക. ഹൈക്കോടതി ഉത്തരവിന്റെ നിയമവശങ്ങള്‍ ബന്ധപ്പെട്ട വിദഗ്ധര്‍ വരുന്ന ദിവസങ്ങളില്‍ നിര്‍ധാരണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അന്വേഷണ ഏജന്‍സികള്‍ തോന്നിയതുപോലെ ദുരുപയോഗം ചെയ്യുന്ന യുഎപിഎ നിയമം നിലനിര്‍ത്തുന്നതിന്റെ അനൗചിത്യവും ഗൗരവമായ ചര്‍ച്ച ആവശ്യപ്പെടുന്നു.