TMJ
searchnav-menu
post-thumbnail

Outlook

നവകേരളീയത തകർത്തുകളയുന്ന താരശരീരങ്ങൾ

03 Nov 2022   |   1 min Read
യാക്കോബ് തോമസ്‌

PHOTO: WIKI COMMONS

ഞ്ജു വാര്യരുടെ തിരിച്ചുവരവിനെ കുറിച്ച് അടുത്തകാലത്ത് ഇറങ്ങിയ ഒരു ട്രോൾ ചിന്തോദ്ദീപകമായിരുന്നു. തന്റെ പഴയചിത്രങ്ങൾ കാണുന്ന മഞ്ജു വാര്യർ 'തിരിച്ചുവരണ്ടായിരുന്നു' എന്നുപറയുന്നതാണ് ആ ട്രോൾ. വ്യത്യസ്ത വേഷങ്ങൾ ചെയ്തു സിനിമ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ആരാധകരാക്കുകയും ചെയ്ത ഒരു നടി വർഷങ്ങൾക്കുശേഷം തിരിച്ചുവന്നപ്പോൾ ഉണ്ടായ പ്രതികരണത്തെ അടയാളപ്പെടുത്തുന്ന ഈ ട്രോൾ മലയാള സിനിമയുടെ വർത്തമാനകാല അവസ്ഥയിലേക്കുള്ള ഒരു ശക്തമായ സൂചകമാണെന്ന് പറയാം. വലിയ തോതിലുള്ള സാമൂഹ്യമാറ്റങ്ങൾക്ക് നിരന്തരം വിധേയമാകുന്ന കേരളീയസമൂഹത്തിൽ സിനിമ എന്ന കലാരൂപവും പ്രേക്ഷകരുടെ അഭിരുചികളും എങ്ങനെയൊക്കെ മാറുന്നു എന്നുള്ളതിലേക്ക് ഈ ട്രോൾ വെളിച്ചംവീശുന്നുണ്ട്. സിനിമയുടെ പ്രേക്ഷക താത്പര്യങ്ങളും അതിന്റെ വിജയവും കേവലം സിനിമയിൽ മാത്രമൊതുങ്ങുന്ന പ്രശ്‌നമല്ലെന്നാണ് പറയേണ്ടത്. അത് കേരളസമൂഹത്തിലെ വൈവിധ്യമാർന്ന പ്രക്രിയകളുമായി കണ്ണിചേരുന്നതാണ്.

അതിവേഗത്തിൽ സഞ്ചരിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തണം എന്ന് പറയുന്ന കെ-റെയിൽ പദ്ധതിയെക്കുറിച്ച് ഉണ്ടായിട്ടുള്ള ചർച്ചകൾ കേരളത്തിൽ നടക്കുന്ന സാമൂഹികമായ മാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണെന്ന് പറയാം. അതിവേഗത്തിൽ സഞ്ചരിച്ച് കാര്യങ്ങൾ ചെയ്യണം എന്നുള്ള കേരളീയരുടെ ആഗ്രഹം കേരളീയസമൂഹത്തിന്റെ പരമ്പരാഗതമായ ഘടനയിൽ പൊളിച്ചെഴുത്തു നടക്കുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഫ്യൂഡൽകാലത്തിന്റെ സാമൂഹികവേഗങ്ങളെ കൊളോണിയലിസം ഇല്ലാതാക്കിയതിനു ശേഷം നവോത്ഥാനം പുതിയ വേഗങ്ങളെ സൃഷ്ടിച്ചിരുന്നു. ഫ്യൂഡൽസമൂഹത്തിന്റെ ജാതിബോധത്തെയും സമയബോധത്തെയും ഇല്ലാതാക്കിക്കൊണ്ടാണ് പുതിയ വേഗങ്ങളും സമയക്രമങ്ങളും സമൂഹത്തിലേക്ക് കടന്നുവന്നത്. ഇത്തരം മാറ്റങ്ങളെന്നുപറയുന്നത് കേവലമായ മാറ്റങ്ങളല്ലെന്നും സമൂഹത്തിന്റെ അടിസ്ഥാന ഭാവുകത്വത്തെ തന്നെ മാറ്റിപ്പണിയുന്ന പരിവർത്തനങ്ങളാണെന്നുമാണ്. ഈ പരിവർത്തനത്തിന്റെ തുടർച്ചയാണ് എഴുപതുകൾക്ക് ശേഷം ഗൾഫ് പ്രവാസം ശക്തമാകുമ്പോൾ കേരളത്തിൽ നടന്ന പരിവർത്തനങ്ങൾ. പണത്തിന്റെ ശക്തമായ വരവും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിവിധ വൈദേശിക സമൂഹത്തോടുള്ള ബന്ധങ്ങളും കേരളീയസമൂഹത്തിലേക്ക് മാറ്റങ്ങളുടെ വലിയൊരു കുത്തൊഴുക്കിനെ സൃഷ്ടിച്ചു. ടെലിവിഷന്റെയും ഇലക്ട്രോണിക് മാധ്യമങ്ങളുടെയും കടന്നുവരവാണ് ഇക്കാലത്ത് നടന്ന പ്രധാനപ്പെട്ട ഒരു മാറ്റം. പരമ്പരാഗത സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിലുള്ള, കാർഷികവൃത്തിയെയും മറ്റും നിരാകരിച്ച നിർമ്മാണരീതികളും സാങ്കേതികവിദ്യയുടെ കടന്നുവരവും ഇക്കാലത്ത് സംഭവിക്കുകയും കേരളീയതയെന്നത് പ്രശ്‌നവല്കരിക്കപ്പെടുകയും ചെയ്തു. 90കളുടെ ഒടുവിൽ വ്യാപകമായ ഇന്റർനെറ്റ് ഈ ശീലത്തെ വീണ്ടും ഗുരുതരമായ വിധത്തിൽ പരിക്കേൽപ്പിച്ചു. പരമ്പരാഗതമായ കേരളീയതയുടെ എല്ലാ രൂപങ്ങളെയും ഈ സംസ്‌കാരം അട്ടിമറിച്ചതാണ് പിന്നീട് ദൃശ്യമായത്. ചുരുക്കത്തിൽ ഈ മാറ്റങ്ങളെല്ലാം ഒരടിസ്ഥാന ആശയം മുന്നോട്ടുവയ്ക്കുന്നതായിക്കാണാം. പരമ്പരാഗത സാമൂഹ്യഘടന നിരന്തരം പരിവർത്തനത്തിന് വിധേയമാണെന്നുള്ള അടിസ്ഥാനതത്വം. ആ പരിവർത്തനം വിളിച്ചു പറയുന്നത് ഒരു സമൂഹത്തിനും തങ്ങളുടെ തനതായ, സ്ഥിരമായ സാമൂഹ്യസ്വത്വത്തിൽ ജീവിക്കാൻ കഴിയുകയില്ലെന്നും മറ്റുള്ളവരുമായിട്ടുള്ള കൊടുക്കൽ വാങ്ങലുകളിലൂടെ നിരന്തരം പരിവർത്തന വിധേയമാക്കേണ്ടി വരികയും ചെയ്യുന്നു എന്നുള്ളതാണ്. ആഗോളവൽക്കരണം പോലെയുള്ള സാമൂഹ്യപരിവർത്തനങ്ങൾ ഏതൊരു സമൂഹത്തെയും തങ്ങൾക്കിഷ്ടപ്പെടാത്ത സമൂഹങ്ങളുമായിട്ടു പോലും ബന്ധവും ചർച്ചയും ഉണ്ടാക്കേണ്ടി വരുന്നു.

ഞ്ജു വാര്യർ

പരമ്പരാഗതമായി ജാതിസമൂഹമായ കേരളം കലയെ നോക്കികണ്ടതിന്റെ ചരിത്രപരതയും ഇവിടെ ശ്രദ്ധേയമാണ്. കേരളത്തിൽ കലാസംവാദങ്ങളൊക്കെ വികസിച്ച ബൗദ്ധിക പൊതുമണ്ഡലത്തിന്റെ കാലത്ത് കലയെ നിർവചിച്ചത് പണ്ഡിതരുടെ അഭിരുചികളായിട്ടാണ്. സാധാരണക്കാരുടെ അഭിരുചികളൊക്കെ പൈങ്കിളിസാഹിത്യവും വിലകുറഞ്ഞതുമായി മാറ്റിനിർത്തി. പണ്ഡിതരുടെ കാഴ്ചയിലുള്ളതൊക്കെ ശ്രേഷ്ഠവും അല്ലാത്തതൊക്കെ മോശവുമാക്കുന്ന കലാപാരമ്പര്യത്തിനകത്താണ് സിനിമ വളർന്നുവന്നത്. ജനപ്രിയസിനിമ പൈങ്കിളിസാഹിത്യംപോലെ സാധാരണക്കാരുടെ അഭിരുചികളെ പോഷിപ്പിക്കുന്നതായിട്ടാണ് വിലയിരുത്തപ്പെട്ടത്. അതായത് ശരിയായ കലയുണ്ടെന്നും അതല്ലാത്തതുണ്ടെന്നും പറഞ്ഞതിലൂടെ സമൂഹത്തിൽ എല്ലാത്തിനും ശരിയായ ഒരു വീക്ഷണമുണ്ടെന്നും അതല്ലാത്തതൊന്നും അംഗീകരിക്കപ്പെടേണ്ടതില്ലെന്നും സ്ഥാപിക്കുകയായിരുന്നു. സമൂഹത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കാതെ വിവേചനത്തിലൂടെ സമൂഹത്തെ നോക്കിക്കാണുകയാണ് വേണ്ടതെന്ന കാഴ്ചപ്പാടിന്റെ പ്രയോഗമായിരുന്നു ഇതെല്ലാം. മാറിക്കൊണ്ടിരുന്ന കേരളസമൂഹം ഈ ഏകപക്ഷീയമായ ആശയങ്ങൾക്കെതിരായിട്ടുകൂടിയാണ് പോരടിച്ചുകൊണ്ടിരുന്നതെന്നു കാണാം. ചിലരുടെ കാഴ്ചകൾ ശരിയായ അഭിരുചിയാവുകയും ബഹുഭൂരിപക്ഷത്തിന്റെ അഭിരുചികൾ മോശമാവുകയുംചെയ്ത സാമൂഹികതയെ ഗൾഫ് കാലത്തിനുശേഷമുള്ള സമൂഹം വളരെവേഗത്തിൽ തകർത്തുകളഞ്ഞു. ടെലിവിഷന്റെയും ഇലക്ട്രോണിക്‌സ് മാധ്യമങ്ങളുടെയും വ്യാപനമാണ് ഇതിൽ മുഖ്യപങ്കുവഹിച്ചത്. അവിടെയും പണ്ഡിതർ ടെലിവിഷൻ 'വിലകുറഞ്ഞ' ആനന്ദത്തെ ഉല്പാദിക്കുന്ന ഫാക്ടറിയാണെന്നു പറഞ്ഞുള്ള വിമർശനമാണ് നടത്തിയത്. ഇവിടെയെല്ലാം വ്യക്തമാകുന്ന പ്രശ്‌നം മാധ്യമങ്ങളും കലയും ജനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന സ്വാധീനതാ വാദമാണ്. എന്നാൽ കല പ്രേക്ഷകരെ നേരിട്ടു സ്വാധീനിക്കുന്നില്ലെന്നും തിരിച്ചറിവുള്ള പ്രേക്ഷകർ കലയെ വിമർശനാത്മകമായി സമീപിക്കുകയാണെന്നും പ്രേക്ഷകരുടെ താത്പര്യങ്ങൾ കലയെ നിർണയിക്കുന്നുണ്ടെന്നും അത്തരം വാദങ്ങളെ ചോദ്യംചെയ്തുകൊണ്ട് വാദിക്കപ്പെട്ടു.

ചരിത്രപരമായി കേരളത്തിലാധിപത്യമുണ്ടായിരുന്ന നായർ സമുദായത്തിന്റെ പില്ക്കാല അടയാളത്തെ പ്രകടിപ്പിക്കുന്ന വ്യക്തിത്വമായിട്ടാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടതെന്നു സിനിമാനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത് ഇവിടെ പ്രസക്തമാണ്. ഈ കഥാപാത്രങ്ങളെല്ലാം തന്നെ അക്കാലത്തെ നവ സാമൂഹികപരിവർത്തനങ്ങളെ സംശയത്തോടുകൂടി നോക്കുന്ന കഥാപാത്രങ്ങളായിരുന്നു.

തൊണ്ണൂറുകൾക്കുശേഷമുള്ള കേരളസമൂഹത്തിൽ നടന്ന ഉത്തരാധുനികതയെക്കുറിച്ചുള്ള സംവാദങ്ങളും ആഗോളവല്കരണ പരിണാമങ്ങളും പരമ്പരാഗത സമൂഹക്രമത്തെയും പണ്ഡിതരിൽ കേന്ദ്രീകൃതമായിക്കിടന്ന ബൗദ്ധികതയെയും വല്ലാതെ പോറലേല്പിച്ചുകളഞ്ഞുവെന്നർഥം. കംപ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും വരവോടെ ആ കാഴ്ചപ്പാടുകൾ കൂടുതൽ വികസിതമായി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനം കാഴ്ചയുടെ പരമ്പരാഗതമായ സംസ്‌കാരത്തെ ഉലച്ചു. കംപ്യൂട്ടർഗെയിമുകളും മറ്റും യാഥാർഥ്യം/ഫാന്റസി എന്ന ദ്വന്ദ്വത്തെ പ്രശ്‌നവല്കരിക്കുകയും യാന്ത്രികലോകം മാനുഷികലോകം എന്ന ബന്ധത്തെ വിളക്കിച്ചേർക്കുകയും ചെയ്തു. കൃത്രിമബുദ്ധിയുടെ വരവോടെ മനുഷ്യൻ, യഥാർഥം, തുടങ്ങിയ സങ്കല്പങ്ങൾ പാടേ കടപുഴകി. ഇത്തരമൊരു സങ്കലിത ലോകത്തിന്റെ നടുവിലാണ് മലയാളി അവരുടെ കാഴ്ചകളെ നിർമിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് പുതിയ സിനിമാകാഴ്ചകൾ നിരവധി ചോദ്യങ്ങൾ നേരിടുന്നത് നാം കാണുന്നത്.

മോഹൻലാൽ

മോഹൻലാലെന്ന നടന്റെ താരപരിണാമം എൺപതുകളിലെ കേരളീയസമൂഹത്തിന്റെ സാമൂഹികസംഘർഷങ്ങളിൽനിന്നാണെന്നു കാണാം. ഗൾഫ് തരംഗം ആഞ്ഞുവീശിയ കാലത്ത് നവോത്ഥാനമൂല്യങ്ങളുടെ സമൂഹവും പുതിയ മാറ്റങ്ങളും കൂടിക്കുഴയുന്നിടത്താണ് ആ ശരീരം താരമായി മാറുന്നത്. അദ്ദേഹത്തിന്റെ ശ്രദ്ധനേടിയ ചിത്രങ്ങളിലെല്ലാം മാറുന്ന സമൂഹത്തിൽ പാരമ്പര്യ സമൂഹത്തിന്റെ പ്രതിനിധിയായിട്ടുള്ള കഥാപാത്രമായിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നതെന്നു കാണാം. ചരിത്രപരമായി കേരളത്തിലാധിപത്യമുണ്ടായിരുന്ന നായർ സമുദായത്തിന്റെ പില്ക്കാല അടയാളത്തെ പ്രകടിപ്പിക്കുന്ന വ്യക്തിത്വമായിട്ടാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടതെന്നു സിനിമാനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത് ഇവിടെ പ്രസക്തമാണ്. ഈ കഥാപാത്രങ്ങളെല്ലാം തന്നെ അക്കാലത്തെ നവ സാമൂഹികപരിവർത്തനങ്ങളെ സംശയത്തോടുകൂടി നോക്കുന്ന കഥാപാത്രങ്ങളായിരുന്നു. കേരളീയ നവോത്ഥാനത്തിൽ നടന്ന സാമൂഹികസംഘർഷങ്ങളിലൊരു തലം അക്കാലത്തെ സവർണാധിപത്യത്തിന് പുതിയ മാറ്റങ്ങളിൽ സാമൂഹികപദവി നഷ്ടമായതായിരുന്നു. കീഴാളരുടെ വളർച്ച തങ്ങളുടെ തകർച്ചയ്ക്കിടയാക്കിയെന്നും പറഞ്ഞുള്ള മേലാളസമൂഹങ്ങളുടെ വിലാപം സാഹിത്യത്തിലും സാംസ്‌കാരികരംഗത്തും വ്യാപകമായിരുന്നു. സവർണ്ണരുടെ ദാരിദ്ര്യമെന്ന മിത്തുകളുടെ ആദർശവല്കരണമാണ് ഇത്തരം വ്യവഹാരങ്ങൾ സൃഷ്ടിച്ചത്. ഇത്തരം വ്യവഹാരങ്ങളുടെ പങ്കുപറ്റുന്ന ദൃശ്യവല്കരണങ്ങളിലൂടെയാണ് ലാലിന്റെ താരശരീരം കാഴ്ചയിലെ ആഹ്ലാദമായത്. ഈ വ്യവഹാരങ്ങൾ അക്കാലത്തെ കേരളസമൂഹത്തിന്റെ വികസിച്ചുകൊണ്ടിരുന്ന വൈവിധ്യങ്ങളെ സംശയത്തോടെ നോക്കിക്കാണുന്നതായിരുന്നുവെന്നു കാണാം. കീഴാളരും തൊഴിലാളികളും സ്ത്രീകളും പുതിയ സ്വത്വപ്രഖ്യാപനങ്ങൾ നടത്തിത്തുടങ്ങിയ അക്കാലത്ത് അവയെ പരിഹാസത്തോടെ നോക്കിക്കാണുന്ന സമീപനം ഇത്തരം ആഖ്യാനങ്ങളിൽ ശക്തമായിരുന്നു. ഇതിന്റെ തുടർച്ചയിലാണ് തൊണ്ണൂറുകളിൽ അദ്ദേഹത്തിന്റെ ശരീരം അമാനുഷികഭാവത്തിലുള്ള മാടമ്പിവേഷത്തിലേക്കെത്തുന്നത്. എന്നാൽ തൊണ്ണൂറുകളിൽ സംഭവിച്ച ആഗോളീകരണ പരിവർത്തനങ്ങൾ നിള- തറവാടു കേന്ദ്രീകൃത കേരളീയ കാഴ്ചാസംസ്‌കാരത്തിൽനിന്ന് മലയാളിയുടെ കണ്ണുകളെ പിൻവലിച്ചിരുന്നു. വികേന്ദ്രീകൃതവും നഗരസ്വഭാവത്തിലുള്ളതുമായ കേരളീയതയുടെ മാറ്റങ്ങൾ ഗ്രാമം എന്ന നവോത്ഥാനസങ്കല്പത്തെ ഉലയ്ക്കുകയും അദൃശ്യമായിരുന്ന ചെറു/ കുറു സമൂഹങ്ങളുടെ വൈവിധ്യങ്ങളെ തുറന്നിടുന്ന സാധ്യതകൾ വളർന്നതും. ഇവിടെയാണ് അധീശസ്വഭാവത്തിലുള്ള സൂപ്പർതാരങ്ങളുടെ ശരീരങ്ങൾ അപ്രസക്തമാക്കപ്പെട്ടതും പുതുതലമുറ സിനിമ വളർന്നതും. നവോത്ഥാനകേരളീയതയുടെ തകർച്ചയിലാണ് അതിൽ ചിട്ടപ്പെട്ട ലാലെന്ന താരം പുതിയ കാഴ്ചയിൽ പാകമാകാതെ പോയതെന്നു വ്യക്തം.

കേരളീയത മാറിക്കൊണ്ടിരിക്കുന്നുവെന്നു മനസ്സിലാക്കാനാവാത്ത സിനിമാസംരംഭങ്ങളാണ് ലാലിനെപ്പോലുള്ള താരങ്ങളെ അപ്രസക്തമാക്കുന്നതെന്നു വ്യക്തം. കൃത്രിമബുദ്ധിയുടെയും വിജ്ഞാനസമൂഹത്തിന്റെയും കാലത്തെ കേരളസമൂഹത്തിന്റെ ജനാധിപത്യവല്കരണത്തെ സാധ്യമാക്കുന്ന കാഴ്ചകളാണ് സിനിമയെന്ന നിലയിൽ മലയാളിയോടു സംവദിക്കുക.

കേരളീയതയുടെ പരമ്പരാഗത പച്ചപ്പുനിറഞ്ഞ ഗ്രാമക്കാഴ്ചയിൽ അഭിരമിക്കാതെ നഗരത്തിലേക്കും ആഗോളസമൂഹത്തിന്റെ ഭാഗമായി പുലരുന്ന സമൂഹമെന്ന മട്ടിലും കേരളത്തെ അടയാളപ്പെടുത്തുകയാണ് പുതുതലമുറസിനിമകൾ ചെയ്തത്. ഈ കേരളീയത വീടെന്ന പരമ്പരാഗത പുരുഷനിയന്ത്രണത്തിലുള്ള ഇടത്തെ സംശയിക്കുകയും വ്യക്തികൾ പാർക്കുന്ന ഇടങ്ങളെ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. ഇവിടെ അമാനുഷികനായ പുരുഷന് വലിയ പ്രസക്തിയില്ല. വൈവിധ്യംനിറഞ്ഞ സ്വത്വങ്ങൾക്കിടയിൽ അതിന്റെ ഭാഗമായി നില്ക്കുകയെന്ന ധർമ്മമാണ് അയാളിലുള്ളത്. ചിലപ്പോളവിടെ അയാൾ പരാജയപ്പെട്ടവനോ ചിതറിക്കപ്പെട്ടവനോ ആകും. ഈ ആഗോളീകരണ- ഉത്തരാധുനിക കേരളീയതയുടെ കാഴ്ചയുടെ ഭാവുകത്വം ഉന്നതശരീരരായ താരങ്ങളെ ആവശ്യപ്പെടാതെയായി. മറുഭാഗത്ത് ഇന്റർനെറ്റിലൂടെ വിദേശങ്ങളിലിറങ്ങുന്ന സിനിമകളൊക്കെ സാധാരണക്കാർ വരെ കാണുന്ന സംസ്‌കാരം കേരളത്തിൽ വ്യാപകമായതോടെ കാഴ്ചയിലെ മറ്റൊരു വൈവിധ്യത്തെ അനുഭവിക്കാൻ മലയാളിക്കു കഴിഞ്ഞു. കാഴ്ചയുടെ ആ വൈവിധ്യങ്ങളിൽനിന്ന് കേരളത്തിലേക്കു നോക്കുന്ന പ്രക്ഷകർക്ക് അത്തരം കാഴ്ചാശീലങ്ങളെ തൃപ്തിപ്പെടുത്തുന്ന ആഖ്യാനങ്ങളാവശ്യമായിരുന്നു. ഇവിടെയും മലയാളസിനിമയിലെ താരസംസ്‌കാരം കാഴ്ചക്കാരെ നിരാശപ്പെടുത്തി. കേരളീയത മാറിക്കൊണ്ടിരിക്കുന്നുവെന്നു മനസ്സിലാക്കാനാവാത്ത സിനിമാസംരംഭങ്ങളാണ് ലാലിനെപ്പോലുള്ള താരങ്ങളെ അപ്രസക്തമാക്കുന്നതെന്നു വ്യക്തം. കൃത്രിമബുദ്ധിയുടെയും വിജ്ഞാനസമൂഹത്തിന്റെയും കാലത്തെ കേരളസമൂഹത്തിന്റെ ജനാധിപത്യവല്കരണത്തെ സാധ്യമാക്കുന്ന കാഴ്ചകളാണ് സിനിമയെന്ന നിലയിൽ മലയാളിയോടു സംവദിക്കുക. അവിടെ മോഹൻലാലിനെപ്പോലുള്ള സൂപ്പർതാരങ്ങൾക്ക് താരപദവിയുടെ മാടമ്പിസ്ഥാനങ്ങൾ കൈയൊഴിഞ്ഞ് വെറും നടന്മാരാകേണ്ടതുണ്ട്. അത് സാധ്യമാണോ എന്നതാണ് ഇവിടെയുയരുന്ന ചോദ്യം.

Leave a comment