TMJ
searchnav-menu
post-thumbnail

Outlook

'സിസ്റ്റം ചേഞ്ച്, നോട്ട് ക്ലൈമറ്റ് ചേഞ്ച്'

21 Oct 2021   |   1 min Read
കെ പി സേതുനാഥ്

Photos : Prasoon Kiran

ന്ത്യയുടെ വിദേശനയത്തിന്റെയും, നയതന്ത്ര ബന്ധങ്ങളുടെയും ഇപ്പോഴത്തെ പരിതാപകരമായ സ്ഥിതി വിശദീകരിക്കുവാന്‍ 'കഥ കെണികള്‍'  (നറേറ്റീവ് ട്രാപ്സ്) എന്ന പ്രയോഗം എഴുത്തുകാരനും, നയതന്ത്രജ്ഞനുമായ എംകെ ഭദ്രകുമാര്‍ (1)  കഴിഞ്ഞ ദിവസം ഉപയോഗിച്ചിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സിലെ പോള്‍ ഡെലാനും, അമാന്‍ഡ ഹെന്‍വുഡും ചേര്‍ന്നെഴുതിയ പഠനത്തെ ആസ്പദമാക്കിയാണ് വിദേശ നയരൂപീകരണത്തിലും, തീരുമാനങ്ങളെടുക്കുന്നതിലും 'കഥ കെണികള്‍' ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുള്ള നിഗമനങ്ങളില്‍ ഭദ്രകുമാര്‍ മുന്നോട്ടു വച്ചത്. ഒക്ടോബര്‍ 16-ലെ പ്രളയ ദുരന്തത്തിനു ശേഷം കേരളത്തില്‍ അരങ്ങേറുന്ന പരിസ്ഥിതി ചര്‍ച്ചകളും 'നരേറ്റീവ് ട്രാപ്സിന്റെ' വെളിച്ചത്തില്‍ വിശകലന വിധേയമാക്കിയാല്‍ എന്താവും വെളിപ്പെടുക. 'മരം കാണുമ്പോള്‍ കാട് കാണതെ പോകുന്ന'  സ്ഥിതിയാവും ദൃശ്യമാവുകയെന്നു പറയേണ്ടി വരും. ആഗോളതാപനത്തിന്റെ ഫലമായുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തഫലങ്ങളാണ് കേരളത്തില്‍ സംഭവിക്കുന്ന പ്രളയമടക്കമുള്ള 'അസാധാരണ' ദുരന്തങ്ങളുടെ പ്രധാന കാരണമെന്നു ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനാകും. അസാധാരണമെന്ന് കരുതിയവ സാധാരണമാവുമ്പോള്‍ അസാധാരണമെന്നുള്ള പ്രയോഗം തന്നെ കാലഹരണപ്പെടുന്ന സാഹചര്യം നാം നേരിടുന്നു. ഈ സാഹചര്യത്തെ മനസ്സിലാക്കുന്നതിനും അതിനോട് ഏതു നിലയില്‍ പ്രതികരിക്കാനാവും എന്നുമുളള തീരുമാനങ്ങള്‍ പഴയ നരേറ്റീവുകള്‍ക്കുള്ളില്‍ സാധ്യമല്ലാതാവുന്നു. അത്തരമൊരു തിരിച്ചറിവിന്റെ അഭാവത്തില്‍ കഥ കെണിയുടെ സ്വാധീനം പൊതുമണ്ഡലത്തിലെ സംവാദങ്ങളുടെയും, നയരൂപീകരണത്തിന്റെയും മുഖമുദ്രയാവുന്നു. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ അതാണ് നടക്കുന്നത്.

കേരളത്തില്‍ സംഭവിക്കുന്ന 'അസാധാരണമായ' മാറ്റങ്ങള്‍ പുതിയ അറിവല്ല. കാലാവസ്ഥ ശാസ്ത്രവുമായി ബന്ധപ്പെട്ട പഠന-ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രമുഖരായ വ്യക്തികള്‍ ആഗോളതാപനത്തിന്റെ ഫലമായി കേരളം അഭിമുഖീകരിക്കുന്ന സവിശേഷ പ്രശ്നങ്ങള്‍ വളരെ വിശദമായി വര്‍ഷങ്ങളായി പ്രതിപാദിക്കുന്നു. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ അറ്റ്മോസ്ഫിയറിക് സയന്‍സ്സസ് ഡിപാര്‍ട്ട്മെന്റിലെ ഡോ. എസ്സ് അഭിലാഷ് പെട്ടെന്നു ഓര്‍മയില്‍ വരുന്ന പേരുകളില്‍ ഒന്നാണ്. കേരളത്തിലെ മഴക്കാലത്തില്‍ വരുന്ന വ്യതിയാനങ്ങളെ സ്ഥൂല-സൂക്ഷ്മ തലങ്ങളില്‍ വിശകലനം ചെയ്യുക മാത്രമല്ല മഴയുടെ ഗതിവിഗതികളെ നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കുന്ന ഒരു രീതിശാസ്ത്രം അദ്ദേഹം പിന്തുടരുന്നു. അറബിക്കടലിലെ ചൂടിന്റെ വര്‍ദ്ധനയാണ് ആഗോള താപനവുമായി ബന്ധപ്പെട്ട് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നതടക്കമുള്ള വിവരം ഡോ. അഭിലാഷ് മാത്രമല്ല ഈ മേഖലയുമായി ബന്ധപ്പെട്ട പല പണ്ഡിതരും ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒരു നുറ്റാണ്ടിനുള്ളില്‍ അറബിക്കടലിലെ താപനില ഏതാണ്ട് ഒരു ഡിഗ്രി ഉയര്‍ന്നതായി നിരവധി പഠനങ്ങളില്‍ വ്യക്തമാണ്. കടലിലെ താപനില ഉയരുന്നതിന്റെ ഭാഗമായി കൂടുതല്‍ നീരാവി രൂപപ്പെടുന്നതും അത് അതിതീവ്ര മഴയ്ക്കു കാരണമായ കട്ടിയേറിയ മേഘക്കൂമ്പാരങ്ങളായി രൂപാന്തരപ്പെടുന്നതും ഏറെക്കുറെ വ്യക്തമായ വസ്തുകളായി മാറിയിരിക്കുന്നു. ലഘു-മേഘ വിസ്ഫോടനം പോലുള്ളവ (രണ്ടു മണിക്കൂറില്‍ 5 സെന്റിമീറ്റര്‍ മഴ) എന്ന് ഡോ. അഭിലാഷിനെ പോലുള്ളവര്‍ വിശേഷിപ്പിക്കുന്ന അതിതീവ്ര മഴ, സംസ്ഥാനത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രം, മഴമേഘങ്ങളുടെ വൈജാത്യങ്ങള്‍ എന്നിവയെ പറ്റിയുള്ള വിവരണങ്ങള്‍ അക്കാദമിക് പ്രസിദ്ധീകരണങ്ങളില്‍ മാത്രമല്ല മറ്റുള്ള പൊതുമാധ്യമങ്ങളിലും ഇപ്പോള്‍ ഏറെ ലഭ്യമാണ്. കേരളത്തിന്റെ സവിശേഷതകളില്‍ കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ പറ്റി വ്യക്തതയും, കൃത്യതയും വരുന്നതിനെക്കുറിച്ചുള്ള വിവരണങ്ങളും ഇപ്പോള്‍ വേണ്ടത്രയുണ്ട്. ആഗോളതാപനവുമായുള്ള പ്രത്യക്ഷ ബന്ധത്തിനൊപ്പം പ്രാദേശിക സവിശേഷതകളും തുല്യപ്രാധാന്യത്തോടെ പരിഗണിക്കുന്ന വിലയിരുത്തലുകളാണ് കേരളത്തിലെ സംഭവവികാസങ്ങളെ മനസ്സിലാക്കുവാന്‍ സഹായകമായ രീതിയെന്ന് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ അവധാനതയോടെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ബോധ്യമാവും. ഈ മേഖലയില്‍ കൊള്ളാവുന്ന പഠനങ്ങള്‍ നടത്തുന്നവര്‍ സ്വീകരിക്കുന്ന സമീപനവും അതാണ്.    

സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ ഗാഡ്ഗില്‍ റിപോര്‍ട്ട് വരെയുള്ള കേരളത്തിലെ പരിസ്ഥിതി സംബന്ധമായ സംവാദചരിത്രത്തിലെ സുപ്രധാന പ്രമേയം ജലസ്രോതസ്സുകള്‍ ഇല്ലാതാവുന്നതിനെ കുറിച്ചുള്ള ഉത്ക്കണ്ഠകളായിരുന്നു. അതായത് ഇപ്പോള്‍ നാം നേരിടുന്ന തരത്തിലുള്ള വെള്ളപ്പൊക്കവും, പ്രളയ ഭീഷണിയും കേരളത്തിലെ പാരിസ്ഥിതിക ഉത്ക്കണ്ഠകളുടെ വിഷയമായിരുന്നില്ല. 'മരുഭൂമിയാവുന്ന'  കേരകേദാര ഭൂമിയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു മാധ്യമ ഫീച്ചറുകളടക്കമുള്ള പൊതുമണ്ഡല സംവാദങ്ങളിലെ ഇഷ്ടവിഷയം. 'വരളുന്ന' കേരളത്തെക്കുറിച്ചുള്ള നരേറ്റീവുകളെ അപ്രസക്തമാക്കുന്നതായിരുന്നു 2018-ലെ പ്രളയം. അതിനെ നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അത്യാഹിതങ്ങളുടെ ഗണത്തില്‍പ്പെടുത്തി ചിരപരിചിതമായ ആഖ്യാനങ്ങളില്‍ മുഴുകുമ്പോഴേക്കും 2019-ലും സമാനസ്ഥിതി ആവര്‍ത്തിച്ചു. അതിതീവ്ര മഴ, പ്രളയം, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ 2018-നു ശേഷം സ്ഥിരമായതോടെ കേരളത്തിലെ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളുടെ സങ്കീര്‍ണ്ണതകള്‍ കൂടുതല്‍ വ്യക്തതയോടെ വെളിപ്പെട്ടു തുടങ്ങി. നറേറ്റീവ് കെണിയില്‍ പെട്ടുപോവുന്ന സംവാദങ്ങളില്‍ മനസ്സിലാക്കപ്പെടാതെ പോവുന്ന മാറ്റമിതാണ്. കഴിഞ്ഞ 4-5 ദിവസങ്ങളിലായി മാധവ് ഗാഡ്ഗിലിന്റെ പേരില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ അത് തെളിയിക്കുന്നു. പ്രളയ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ 'കടലില്‍ മഴ പെയ്യുന്നത് മരമുണ്ടായിട്ടല്ലെന്ന 'സീതിഹാജി യുക്തി’ ഓര്‍ക്കുവാന്‍ പറ്റിയ നേരമല്ല. പക്ഷേ 1980-കളിലെ സീതിഹാജിയെ നിഷ്പ്രഭമാക്കുന്ന തരത്തില്‍ പരിസ്ഥിതി വാദങ്ങള്‍ക്കെതിരെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന 'ഓണ്‍ലൈന്‍ യുദ്ധങ്ങള്‍' ശ്രദ്ധയില്‍ പെടുമ്പോള്‍ കേരളത്തിലെ പരിസ്ഥിതി സംവാദ ചരിത്രത്തിന്റെ ഭാഗമായ ഈ ഫലിതം ഓര്‍ക്കാതെ വയ്യ. പരിസ്ഥിതി വിനാശത്തെക്കുറിച്ചുള്ള സുഗതകുമാരി കവിതകളുടെ ആര്‍ദ്രതയാണ് സീതി ഹാജിയുടെ യുക്തിബോധത്തെ ഉലച്ചതെങ്കില്‍ ഗാഡ്ഗില്‍ സമിതി റിപോര്‍ട്ടിന്റെ 'അശാസ്ത്രീയതയാണ്' സൈബര്‍ പോരാളികള്‍ എന്നു തോന്നിപ്പിക്കുന്ന ഒരു വിഭാഗത്തിന്റെ ആക്രമണ ലക്ഷ്യം. 'ഗാഡ്ഗില്‍ പ്രവചിച്ചത് വരള്‍ച്ചയാണ്. ഇപ്പോള്‍ കാണുന്നത് പ്രളയമാണ്'  തുടങ്ങിയ മട്ടിലുള്ള 'അശാസ്ത്രീയതകളുടെ'  നിരവധി സാമ്പിളുകള്‍ ഫോര്‍വേഡുകളായി വരുമ്പോള്‍ 'കടലിലെ മഴയെ' പറ്റിയുളള ഹാജിയാരുടെ സന്ദേഹം എത്ര നിരുപദ്രവമായിരുന്നുവെന്നു തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. കേരളം നേരിടുന്ന കാലാവസ്ഥ അടിയന്തരാവസ്ഥക്കുള്ള ഒറ്റമൂലി മാധവ് ഗാഡ്ഗില്‍ മാത്രമാണെന്ന വീക്ഷണങ്ങളും, സമീപനങ്ങളും ശരിയല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കേരളമടക്കം ഉള്‍പ്പെടുന്ന ഇന്ത്യയിലെ പശ്ചിമഘട്ടം നേരിടുന്ന സവിശേഷമായ പാരിസ്ഥിതിക പ്രശ്നങ്ങളുടെ ആഴവും പരപ്പും ഗുരുതരാവസ്ഥയും മനസ്സിലാക്കുന്നതിനുള്ള രേഖയെന്ന നിലയില്‍ ഗാഡ്ഗില്‍ റിപോര്‍ട്ടിന്റെ പ്രസക്തി ഒട്ടും കുറച്ചു കാണേണ്ടതില്ല. ഗാഡ്ഗില്‍ റിപോര്‍ട്ടിലെ ശരിതെറ്റുകളുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളല്ല ഈ കുറിപ്പിന്റെ ഉള്ളടക്കമെന്നതിനാല്‍ അതിലേക്കു കടക്കുന്നില്ല. എന്നാലും ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. ഗാഡ്ഗില്‍ സമിതി റിപോര്‍ട്ട് തയ്യാറാക്കിയ കാലഘട്ടത്തില്‍ ലഭ്യമായിരുന്നതിനേക്കാള്‍ കൂടുതല്‍ സൂക്ഷ്മവും, വ്യക്തവുമായ അറിവുകളും, വസ്തുതകളും കാലാവസ്ഥ വ്യതിയാനത്തിന്റെയും അതിന്റെ സ്വാഭാവിക തുടര്‍ച്ചയായ പരിസ്ഥിതി ദുരന്തങ്ങളുടെയും കാര്യത്തില്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്നു. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമേറ്റ് ചെയിഞ്ച് (ഐപിസിസി) 1990-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം കഴിഞ്ഞ 30 വര്‍ഷങ്ങളായി കാലാവസ്ഥ സംബന്ധിയായ വിഷയങ്ങളില്‍ നേടിയ അവഗാഹം സ്ഥിതിവിവര കണക്കുകളുടെ വിശ്വാസ്യതയിലും, കൃത്യതയിലും പ്രതിഫലിക്കുന്നതായി ഐപിസിസി-യുടെ 2021-ല്‍ പുറത്തുവന്ന ഇടക്കാല റിപോര്‍ട്ടിനെ വിശകലനം ചെയ്യുന്നവര്‍ അഭിപ്രായപ്പെടുന്നു. ലോക രാഷ്ട്രീയ രംഗത്ത് ശക്തിയാര്‍ജ്ജിച്ച യാഥാസ്ഥിതിക- ഫാസിസ്റ്റു വലതുപക്ഷം, കോര്‍പറേറ്റ് ശക്തികള്‍, മതമൗലികവാദികള്‍ തുടങ്ങിയവരാണ് കാലാവസ്ഥ വ്യതിയാനവും തല്‍ഫലമായുണ്ടാവുന്ന പരിസ്ഥിതി ദുരന്തങ്ങളും ഇപ്പോഴും പ്രത്യക്ഷത്തില്‍ തന്നെ നിഷേധിക്കുന്ന കൂട്ടര്‍. മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ്, ബ്രസീല്‍ പ്രസിഡണ്ട് ജെ ബോല്‍സനാരോ തുടങ്ങിയവര്‍ അതിന്റെ ലക്ഷണമൊത്ത മാതൃകകളാണ്. പരിസ്ഥിതി വിനാശത്തിന്റെ കാര്യത്തില്‍ ട്രമ്പിന്റെയും, ബോല്‍സോനാരയുടെയും പാത പത്തരമാറ്റ് പുരോഗമനം മാത്രം പറയുന്ന ഒരു വിഭാഗം സൈബര്‍ പോരാളികളും കേരളത്തില്‍ പിന്തുടരുന്നതാണ് വിചിത്രമായ കാഴ്ച. കഴിഞ്ഞ 3-4 ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രകടമാവുന്ന ഉള്ളടക്കം അതിന്റെ സാക്ഷ്യപത്രങ്ങളാണ്. ഗാഡ്ഗിലിനായി അരിയിട്ട് വാഴ്ച നടത്തുന്ന ഭക്തരും, അദ്ദേഹത്തെ എതിര്‍ക്കുന്നവരും ഒരേ മൗഢ്യത്തിന്റെ രണ്ട് വശങ്ങള്‍ മാത്രമാണെന്ന ബോധ്യമാണ് നരേറ്റീവ് ട്രാപ്പിന്റെ സ്വാധീനങ്ങളെ മറികടക്കാനുളള ആദ്യപടി. ഭാഗിക അറിവുകളിലും, ക്ഷുദ്രമായ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളിലും അഭിരമിക്കുന്നവര്‍ അങ്ങനെയൊരു സമീപനം പുലര്‍ത്തുമെന്നു കരുതാനാവില്ല.

കേരളത്തിലെ കാലാവസ്ഥയുടെ സന്തുലിതാവസ്ഥയില്‍ ആഗോളതാപനത്തിന്റെ ഭാഗമായി ഉണ്ടാവുന്ന തിക്തഫലങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍
നടക്കുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. അനിയന്ത്രിതമായ പാറ പൊട്ടിക്കല്‍, നീര്‍ത്തടങ്ങളുടെ നികത്തല്‍, ഭാവനാരഹിതമായ വികസന പദ്ധതികള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ ആഗോളതാപനവുമായി കൂടി ചേരുമ്പോള്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നു. 2018-മുതലുളള സംഭവവികാസങ്ങള്‍ വ്യക്തതയോടെ ഇക്കാര്യം വെളിപ്പെടുത്തുന്നു. കേരളത്തിലെ ഭൂവിനിയോഗം മുതല്‍ വികസന പരിപ്രേക്ഷ്യങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ മൗലികമായ പുനര്‍വിചിന്തനങ്ങള്‍ അനിവാര്യമാണെന്ന സന്ദേശം 2018-മുതലുള്ള സംഭവങ്ങള്‍ നല്‍കുന്നു.    
കേരളത്തിന്റെ അനുഗ്രഹമെന്നു കരുതിയിരുന്നു അറബിക്കടലും പശ്ചിമഘട്ടവും അങ്ങനെയല്ലാതാവുന്നതിനെക്കുറിച്ച് ഡോ. അഭിലാഷിനെ പോലുള്ളവര്‍ രേഖപ്പെടുത്തുന്ന യുക്തിപരമായ വിശദീകരണം അടിയന്തിര പ്രാധാന്യത്തോടെ കണക്കിലെടുക്കാത്ത വികസന ചിന്തകള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം തികച്ചും ദോഷകരമാവുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.
.
ആഗോളതാപനവും, കാലാവസ്ഥ വ്യതിയാനവും മുതലാളിത്ത രാഷ്ട്രീയ-സമ്പദ്ഘടനയുടെ അവിഭാജ്യഘടകങ്ങളാണെന്ന വീക്ഷണം പരിസ്ഥിതി പഠനമേഖലയില്‍ ഈ നൂറ്റാണ്ടിലുണ്ടായ സുപ്രധാനമായ വികാസമാണ്. മാര്‍ക്സിസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മുതലാളിത്ത വിമശര്‍നത്തിന്റെ മേഖലയില്‍ കഴിഞ്ഞ രണ്ടു ദശകക്കാലത്തുണ്ടായ സുപ്രധാന സൈദ്ധാന്തിക പഠനങ്ങള്‍ പരിസ്ഥിതി വിനാശവും, മുതലാളിത്ത ചൂഷണവും തമ്മിലുള്ള സുദൃഢമായ കെട്ടുപാടുകളെ അനാവരണം ചെയ്യുന്നു. മുതലാളിത്തത്തിനെതിരായ സൈദ്ധാന്തികവും, പ്രായോഗികവുമായ പോരാട്ടങ്ങളില്‍ പരിസ്ഥിതി മുഖ്യവിഷയമാണെന്ന വിലയിരുത്തലുകള്‍ വിപ്ലവകരമായ സാമൂഹ്യ പരിവര്‍ത്തനം ലക്ഷ്യമാക്കുന്ന ഇടതുപക്ഷ ശക്തികള്‍ ലോകമാകെ ഉയര്‍ത്തിപ്പിടിക്കുന്നു. 'സിസ്റ്റം ചെയിഞ്ച് നോട്ട് ക്ലൈമേറ്റ് ചെയിഞ്ച്' എന്ന മുദ്രാവാക്യം 'മറ്റൊരു ലോകം സാദ്ധ്യമാണെന്ന' മുദ്രാവാക്യം പോലെ ഇപ്പോള്‍ വ്യാപകമാണ്. പരിസ്ഥിതി അവബോധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ വൈജ്ഞാനിക മണ്ഡലത്തിന്റെ വൈവിധ്യങ്ങളായ മേഖലയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. പൊതുജനാരോഗ്യം, ഫെമിനിസം, ചരിത്രം, ധനതത്വശാസ്ത്രം, നിയോ-കൊളോണിയലിസം, സാംസ്‌ക്കാരിക പഠനം, തനതായ അറിവുകള്‍, സാമ്പത്തിക അസമത്വം, മാധ്യമങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുതിയ അറിവുകളും ഉള്‍ക്കാഴ്ചകളും വ്യാപകമായി തിരിച്ചറിയപ്പെടുന്നു. മഹാമാരികളുടെ വ്യാപനവും പരിസ്ഥിതി വിനാശവും തമ്മിലുളള ബന്ധത്തെ അനാവരണം ചെയ്യുന്ന റോബ് വാലസിന്റെ 'ബിഗ് ഫാംസ് മേക് ബിഗ് ഫ്ളു' കോവിഡ് പ്രത്യക്ഷപ്പെടുന്നതിനും നാലു വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പുറത്തു വന്ന കൃതിയാണ്. 19-20 നുറ്റാണ്ടുകളിലെ സാമൂഹ്യ വിപ്ലവങ്ങള്‍ക്ക് പ്രചോദനങ്ങളായ ആശയങ്ങള്‍ക്കൊപ്പം 21-നൂറ്റാണ്ടിലെ വിപ്ലവങ്ങള്‍ക്കുള്ള ഭാവനകള്‍ക്ക് ഊര്‍ജ്ജം പകരുന്ന ആശയമാണ് പാരിസ്ഥിതിക നീതി. ലോക സമ്പത്തിന്റെ ഏതാണ്ട് 90 ശതമാനവും കൈവശമുള്ള ജനസംഖ്യയുടെ 10 ശതമാനം മാത്രം വരുന്ന ന്യൂനപക്ഷമാണ് ആഗോളതാപനത്തിനുള്ള കാരണമായ ഹരിതഗൃഹ വാതകത്തിന്റെ നിര്‍ഗമനത്തിനുളള പ്രധാനകാരണം. എന്നാല്‍ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നത് ജനസംഖ്യയുടെ 90 ശതമാനമാണ്. ലോകത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വം പാരിസ്ഥിതിക അസമത്വം കൂടിയാണെന്ന അറിവുകള്‍ സാമൂഹ്യ വിശകലനങ്ങളില്‍ അവഗണിക്കാനാവാത്ത സാന്നിദ്ധ്യമാവുന്നു. 'അശുഭാപ്തിയുടെ കാലം കഴിഞ്ഞു പോയി' (Too Late to be Pessimistic) (2) എന്ന ബോധം പാരിസ്ഥിതിക നീതി പുതിയ കാലത്തെ വിമോചന ഭാവനയുടെ അനിവാര്യതയായി മാറുന്നതിന്റെ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നു. ഈ ബോധ്യങ്ങളോട് മുഖം തിരിക്കുന്നവര്‍ 80-കളിലെ സീതി ഹാജിയുടെ യുക്തിയില്‍ നിന്നും ഒട്ടും മുന്നോട്ടു പോയിട്ടില്ലെന്നു പറയാതെ വയ്യ.
   
.  
1: MK Bhadrakumar: Narrative Traps in India's decision making (Indian Punchline October 17, 2021)  
2: Daniel Tanuro-യുടെ പുസ്തകം

Leave a comment