TMJ
searchnav-menu
post-thumbnail

Outlook

പതിനഞ്ചാം രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഉയർത്തുന്നത് പുതിയ രാഷ്ട്രീയം

23 Jul 2022   |   1 min Read
ടി ജെ ശ്രീലാൽ

ജൂലൈ 21 ഇന്ത്യൻ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിയ ദിവസമാണ്. ആദിവാസി വിഭാഗത്തിൽ നിന്നൊരു വനിത ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദിവസം. അഭിനന്ദനം അർഹിക്കുന്ന വിജയവും ജീവിതവുമാണ് രാജ്യത്തിന്റെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവിന്റേത്. ദ്രൗപതി മുർമുവിന്റേത് അപ്രതീക്ഷിത വിജയമല്ല. ഭരണകക്ഷി സ്ഥാനാർത്ഥിയെന്ന നിലയ്ക്ക് വിജയം ഉറപ്പായിരുന്നു. കേരളത്തിൽ നിന്നടക്കം കിട്ടിയ പല വോട്ടുകളും പക്ഷെ അപ്രതീക്ഷിതമായിരുന്നു. ഈ വിജയത്തിലൂടെ ബിജെപി രാജ്യത്തിന് നൽകുന്ന വലിയ രാഷ്ട്രീയ സന്ദേശമാണ് ഈ അപ്രതീക്ഷിത വോട്ടുകൾ. കേരളത്തിൽ നിന്ന് ഒരു വോട്ടു പോലും ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിക്ക് രാഷ്ട്രീയമായി ലഭിക്കേണ്ടതായിരുന്നില്ല. ആ ഒരു വോട്ടല്ല ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനത്ത് എത്തിച്ചതും. പക്ഷെ ആ ഒരു വോട്ടിന് ബിജെപി നൽകുന്ന രാഷ്ട്രീയ മൂല്യം ദ്രൗപതി മുർമുവിന് ആകെ ലഭിച്ച ഭൂരിപക്ഷത്തെക്കാൾ ഏറെയാണ്. ദ്രൗപതി മുർമുവിന് എല്ലാ സംസ്ഥാനത്ത് നിന്നും വോട്ടു ലഭിച്ചു എന്ന വലിയ വിജയം കൂടിയാണ് ആ ഒരു വോട്ട് ബിജെപിക്ക് നൽകിയിരിക്കുന്നത്.

മുൻകൂട്ടിയുളള നടപടിയോ അപ്രതീക്ഷിത തീരുമാനമോ?

കേരളത്തിൽ നിന്ന് ലഭിച്ച വോട്ട് സംസ്ഥാനത്തെ 140 എംഎൽഎമാരിൽ ഒരാൾ ചെയ്തതാണ്. പക്ഷെ ആ വോട്ട് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുണ്ടായ നടപടിയോ അതോ അവസാന നിമിഷമുണ്ടായ ചാഞ്ചാട്ടമോ. അവസാന നിമിഷം ചാഞ്ചാട്ടമുണ്ടാകാൻ മാത്രം ദ്രൗപതി മുർമു എന്ന ബിജെപി സ്ഥാനാർത്ഥിക്ക് കേരളത്തിലെ എംഎൽഎമാരുമായി അത്ര അടുത്ത ബന്ധമൊന്നുമില്ല. മുമ്പ് പറഞ്ഞ് കേട്ടത് പോലെ ഒരുപക്ഷെ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു സ്ഥാനാർത്ഥിയെങ്കിൽ അത്തരം ചാഞ്ചാട്ടത്തിന് സാധ്യതയുണ്ടെന്നെങ്കിലും അനുമാനിക്കാമായിരുന്നു. ഇത് മുൻ നിശ്ചയിച്ച പ്രകാരമുള്ള തീരുമാനമാണ്. രഹസ്യ ബാലറ്റിലൂടെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്. വിപ് ഇല്ലാത്തതിനാൽ ആര് ആർക്ക് വോട്ട് ചെയ്തുവെന്ന് കണ്ടെത്താനുമാകില്ല. അങ്ങനെയുള്ളപ്പോൾ ദ്രൗപതി മുർമുവെന്ന ആദിവാസി വനിതയെ രാഷ്ട്രപതിയാക്കാനുളള ആവേശത്തിന്റെ ഭാഗമാണ് ആ വോട്ടെന്ന് വിലയിരുത്തൽ ശരിയാണെന്ന് കരുതുക പ്രയാസം. അതിലും കൂടുതൽ സാധ്യത ഒരു പക്ഷെ ചില ആലോചനകളുടെ ഭാഗമാണെന്ന് വിലയിരുത്തലിന് തന്നെയാണ്. ഓപ്പറേഷൻ താമരയിലൂടെ ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിൽ വരെ ബിജെപി അധികാരം പിടിച്ച നീക്കം മറക്കാറായിട്ടില്ല. അതേ വഴിയിലൂടെ പല സംസ്ഥാനങ്ങളിലും ബിജെപി രാജ്യസഭ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചെടുത്തിട്ടുണ്ടെന്നതും മറക്കരുത്. ആ ഒരു വോട്ട് സ്വന്തം പക്ഷത്ത് നിന്നല്ലെന്ന് ഭരണപ്രതിപക്ഷ മുന്നണികൾ പരസ്യമായി പ്രഖ്യാപിക്കുമ്പോഴും ഗൗരവമായ കണക്കെടുപ്പുകൾ അണിയറയിൽ നടക്കുമെന്ന കാര്യത്തിൽ ഇത് കൊണ്ട് തന്നെ സംശയമേ വേണ്ട.

മുൻ രാഷ്ടപതി രാംനാഥ്‌ ഗോവിന്ദും ഭാര്യ സവിതയും ദ്രൗപതി മുർമുവിനോപ്പം | Photo: Facebook

പതിനഞ്ചാം രാഷ്ട്രപതി തിരഞ്ഞെടുപ്പ് നൽകുന്ന രാഷ്ട്രീയ സന്ദേശം

രാഷ്ട്രീയ സാഹചര്യത്തിന്റെയോ ഘടകകക്ഷി സമ്മർദത്തിന്റെയോ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലോ അല്ല ദ്രൗപതി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായത്. പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നെങ്കിലും അതിന് പിന്നിലെ രാഷ്ട്രീയ ആലോചനകൾ ഏറെ മുമ്പ് തന്നെ തുടങ്ങിയിരുന്നു എന്നത് വ്യക്തമാണ്. ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാക്കൾ നടത്തിയ അതീവരഹസ്യമായ ആലോചനകളുടെ ഭാഗമാണ് ആ തീരുമാനം. വ്യക്തമായ രാഷ്ട്രീയം ആലോചനയ്ക്കും തീരുമാനത്തിനും പിന്നിലുണ്ടായിരുന്നു. രാജ്യത്തിന് ആദ്യ വനിത രാഷ്ട്രപതിയെ നൽകിയതിന്റെ ക്രഡിറ്റ് കോൺഗ്രസിന് അവകാശപ്പെടാമെങ്കിലും അത് അവരുടെ രാഷ്ട്രീയ ആലോചനയുടെ ഭാഗമായിരുന്നില്ല. അന്നത്തെ രാഷ്ട്രീയ സമ്മർദത്തിന്റെ ഭാഗമായിരുന്നു. ഘടകകക്ഷികളുടെ പിന്തുണയോടെ യുപിഎ മുന്നണിയായി ഭരിച്ചിരുന്ന കോൺഗ്രസിനെ ആദ്യ വനിത രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എല്ലാ സമ്മർദങ്ങളേയും അതിജീവിക്കാൻ ഉപദേശിച്ചതിൽ പ്രധാനി അന്ന് സിപിഐ ജനറൽസെക്രട്ടറിയായിരുന്ന എ.ബി.ബർദനായിരുന്നു. കോൺഗ്രസിലെ തന്നെ പ്രമുഖരും ഘടകകക്ഷി നേതാക്കളും പല പേരുകളുമായി രംഗത്തിറങ്ങിയപ്പോൾ ആ ഉപദേശം കോൺഗ്രസ് നേതൃത്വത്തിനും സ്വീകരിക്കേണ്ടി വന്നു.

നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന ഛത്തീസ്ഗഡിൽ 32 ശതമാനവും, ഗുജറാത്തിൽ 15 ശതമാനവും, രാജ്സ്ഥാനിൽ 30 ശതമാനവും, മധ്യപ്രദേശിൽ 21 ശതമാനവും ആദിവാസി ഗോത്ര വോട്ടുകളുണ്ട്. ഈ വോട്ടുകൾ ഉറപ്പാക്കാനായാൽ ഈ സംസ്ഥാനങ്ങളിൽ ബിജെപിക്ക് അനായാസം വിജയിച്ച് കയറാം.

എന്നാൽ മുർമുവിന്റെ കാര്യത്തിൽ അതല്ല സംഭവിച്ചത്. മുർമു നേരത്തെ പറഞ്ഞത് പോലുള്ള ഒരു സമ്മർദത്തിന്റെയും ഭാഗമായിരുന്നു. മറിച്ച് ബിജെപി കുറച്ച് നാളായി നടത്തിവരുന്ന രാഷ്ട്രീയ നിക്ഷേപത്തിന്റെ ഭാഗമാണ്. ആ രാഷ്ട്രീയ നിക്ഷേപം ബിജെപിയുടെ മാത്രം ബുദ്ധിയല്ല. അത് ബിജെപിയുടെ നയങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന സംഘപരിവാറിന്റെ കൂടി തൽപര്യമാണ്. ആദിവാസി മേഖലയിൽ കാലങ്ങളായി വലിയ പ്രവർത്തനങ്ങൾ സംഘപരിവാർ നടത്തുന്നുണ്ട്. വനവാസി കല്യൺ ആശ്രമം, ഏകൽ വിദ്യാലയങ്ങൾ ഇങ്ങനെ പലവഴികളിൽ ഈ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളിലൂടെ ആദിവാസി മേഖലകളിൽ സംഘപരിവാർ ചെറുതല്ലാത്ത സ്വാധീനവുമുണ്ടാക്കിയിട്ടുണ്ട്. ഈ സ്വാധീനം രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുന്നുമുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആദിവാസി സംവരണമുള്ള 47 സീറ്റുകളിൽ 31 എണ്ണം ബിജെപിക്ക് ലഭിച്ചു. ഈ സ്വാധീനം ഉറപ്പിക്കേണ്ടത് അടുത്ത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാനും 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയ ചരിത്രം ആവർത്തിക്കാനും ബിജെപിക്ക് അത്യാവശ്യവും അനിവാര്യവുമാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന ഛത്തീസ്ഗഡിൽ 32 ശതമാനവും, ഗുജറാത്തിൽ 15 ശതമാനവും, രാജ്സ്ഥാനിൽ 30 ശതമാനവും, മധ്യപ്രദേശിൽ 21 ശതമാനവും ആദിവാസി ഗോത്ര വോട്ടുകളുണ്ട്. ഈ വോട്ടുകൾ ഉറപ്പാക്കാനായാൽ ഈ സംസ്ഥാനങ്ങളിൽ ബിജെപിക്ക് അനായാസം വിജയിച്ച് കയറാം. ഇതിന് പുറമെയാണ് ഈ നീക്കം 2024ലെ ലോകസഭ തിരഞ്ഞെടുപ്പിലുണ്ടാക്കുന്ന ഗുണം. വടക്കേ ഇന്ത്യയിലെ വലുതും ചെറുതുമായ എല്ലാ സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകൾ ബിജെപി പിടിച്ചു കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ ഈ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ സീറ്റുകൾ ലഭിക്കില്ലെന്ന് മാത്രമല്ല നിലവിലെ സീറ്റുകൾ കുറയാനുള്ള സാധ്യത ഏറെയുമാണ്. അതുകൊണ്ട് തന്നെ നിലവിൽ സീറ്റുകൾ കുറഞ്ഞ സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗങ്ങളെ ഉൾപ്പെടെ പാർട്ടിക്കൊപ്പം കൊണ്ട് വരാനുള്ള ആലോചനകൾ സജീവമാണ്. ആ രാഷ്ട്രീയം കൂടിയാണ് ബിജെപി വിജയിപ്പിച്ചെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദ്രൗപതി മുർമുവും | Photo: facebook

കൂടുതൽ ക്ഷീണിച്ച് പ്രതിപക്ഷ ഐക്യം

ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുക എളുപ്പമല്ലെന്നല്ല അസാധ്യമാണ്. ഭൂരിപക്ഷമില്ലെങ്കിൽ ഭരണപക്ഷം ഒരിക്കലും സ്വന്തം സ്ഥാനാർത്ഥിയുമായി ഇറങ്ങുകയുമില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മലക്കം മറിച്ചിലുകൾ ഉണ്ടാകാറില്ല. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ വിജയിച്ചെത്തുന്ന എംഎൽഎമാരും എംപിമാരുമാണ് വോട്ടർമാർ എന്നത് തന്നെ കാരണം. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ ഐക്യസ്ഥാനാർത്ഥി യശ്വന്ത് സിൻഹ വിജയിക്കുമെന്ന് ആരും കരുതിയിരുന്നുമില്ല. പക്ഷെ ഈ പരാജയം പ്രതിപക്ഷത്തെ തളർത്തുന്നത് ഘടകങ്ങൾ വേറെയാണ്. ആ ഘടകങ്ങളിൽ ഏറ്റവും പ്രധാനം ബിജെപിയുടെ രാഷ്ട്രീയ തന്ത്രം തന്നെ. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിറുത്തുമെന്ന് ഉറപ്പു വരുത്തുകയാണ് ബിജെപി ആദ്യം ചെയ്തത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചു. അതിലൂടെ കോൺഗ്രസിന്റെ മുഴുവൻ നേതാക്കളേയും സർക്കാരിനും ബിജെപിക്കും എതിരെ നിരത്തിലിറക്കി. പിന്നാലെ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങിനെ തന്നെ സമവായ ചർച്ചകൾക്കായി നിയോഗിച്ചു. പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയ രാജ് നാഥ് സംയുക്ത സ്ഥാനാർത്ഥിയെന്നല്ലാതെ ഒരു പേരും നിർദ്ദേശിച്ചതുമില്ല. അതായിരുന്നു ബിജെപിയുടെ തന്ത്രം നമ്പർ രണ്ട്. പ്രതിപക്ഷ കൂട്ടായ്മയിൽ രാഷ്ട്രീയ പോരാട്ടത്തിനായി ഇടത് പക്ഷവും രാഷ്ട്രീയ പകപോക്കലിനെതിരെയുള്ള പോരാട്ടത്തിനായി കോൺഗ്രസും സ്വന്തം സ്ഥാനാർത്ഥി വേണമെന്ന നിലപാടെടുത്തു. ബിജെപിക്കെതിരെ കടുത്ത വിമർശനം നടത്തുന്ന മുൻ ബിജെപിക്കാരനെ അവർ സ്ഥാനാർത്ഥിയുമാക്കി. മുൻ ഐഎഎസ് ഉദ്ദ്യോഗസ്ഥൻ, മുൻധന-വിദേശകാര്യമന്ത്രി. ഇങ്ങനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ സിൻഹയ്ക്കുള്ള ഗുണങ്ങൾ എണ്ണി പറയുകയും ചെയ്തു. ആകെയുണ്ടായിരുന്ന പോരായ്മ അദ്ദേഹം തൃണമൂൽ നേതാവാണ് എന്നതായിരുന്നു. ആ സ്ഥാനം രാജിവച്ചതോടെ അതും മാറി. എന്നാൽ ബിജെപി, സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോഴാണ് പ്രതിപക്ഷം അമളി തിരിച്ചറിഞ്ഞത്. മുന്നാക്ക കായസ്ഥ വിഭാഗക്കാരനായ യശ്വന്ത് സിൻഹയ്ക്കെതിരെ ആദിവാസി ഗോത്ര വനിത. പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീണു. ജാർഖണ്ഡിൽ കോൺഗ്രസ് അടങ്ങുന്ന സഖ്യകക്ഷി സർക്കാരിനെ നയിക്കുന്ന ജെഎംഎം പ്രതിപക്ഷ ഐക്യത്തിൽ നിന്ന് പിൻമാറി. ബിജെഡി, അണ്ണ ഡിഎംകെ, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കാനും ബിജെപിയുടെ തന്ത്രം വഴിയൊരുക്കുകയും ചെയ്തു.

പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ്, പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ.

തിരിച്ചറിയാത്ത രാഷ്ട്രീയം

മുന്നാക്ക ബ്രാഹ്മണ ബനിയ പാർട്ടിയെന്ന പ്രതിഛായ ബിജെപി മാറ്റിയെടുക്കുകയാണ്. പിന്നാക്കക്കാരനായ പ്രധാനമന്ത്രിയിൽ നിന്ന് തുടങ്ങിയ ആ രാഷ്ട്രീയ നീക്കം എത്തി നിൽക്കുന്നത് ആദിവാസി വനിത രാഷ്ട്രപതിയിലാണ്. ഒബിസി വിഭാഗത്തിൽ നിന്ന് യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമാക്കി. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ചായ വില്പ്നക്കാരനായ നരേന്ദ്രമോദിയും, രാഹുൽഗാന്ധിയും തമ്മിലുള്ള ഏറ്റുമുട്ടലായിട്ടാണ് ഇന്ത്യൻ രാഷ്ട്രീയം തന്നെ മാറ്റി മറിച്ച 2014ലെ തിരഞ്ഞെടുപ്പിനെ ബിജെപി വിശേഷിപ്പിച്ചത്. മുഖ്യപ്രചാരണ ആയുധവും ഇത് തന്നെയായിരുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെ മുഖ്യ തിരഞ്ഞെടുപ്പ് ആയുധം ആദിവാസി വനിതയെ രാഷ്ട്രപതിയാക്കിയ രാഷ്ട്രീയമാകും. ഇത് തിരിച്ചറിയാൻ പ്രതിപക്ഷത്തെ പ്രധാനികൾക്ക് കഴിഞ്ഞില്ല എന്നതാണ് ഈ രാഷ്ട്രപതി തിരഞ്ഞെടുപ്പിലൂടെ ബിജെപി കൈവരിച്ച രാഷ്ട്രീയ വിജയം. ആ രാഷ്ട്രീയ വിജയം പ്രതിപക്ഷ ഐക്യത്തിലുണ്ടാക്കിയ വിള്ളൽ നികത്താൻ അടുത്തെങ്ങും സാധിക്കില്ല. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിനൊപ്പമില്ലെന്ന് തൃണമൂൽ നേതാവ് മമത പ്രഖ്യാപിച്ചത് തന്നെ ഉദാഹരണം. മാർഗരറ്റ് ആൽവയെ സ്ഥാനാർത്ഥിയാക്കിയത് കൂട്ടായി ആലോചിക്കാതെയാണെന്നതാണ് പരസ്യമായി പറയുന്ന കാരണം. ആൽവയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് മമത ഇത് കാരണമായി പറയുന്നത് എന്നത് മറക്കരുത്. ഒപ്പം ആദിവാസി ദിനമായ ആഗസ്ത് ഒൻപതിന് വലിയ ആഘോഷം പ്രഖ്യാപിക്കുകയും ചെയ്തു മമത. മുന്നോക്ക ഐഎഎസ് ഉദ്ദ്യോഗസ്ഥനും ആദിവാസി വനിതയും തമ്മിലുള്ള മത്സരം എന്ത് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് ജെഎംഎം ആണ്. അധികാരത്തിൽ നിന്ന് പുറത്തായപ്പോൾ ശിവസേനയും ഇക്കാര്യം തിരിച്ചറിഞ്ഞു. ദ്രൗപതി മുർമുവിന് വോട്ട് ചെയ്യാൻ സ്വന്തം പക്ഷത്ത് ബാക്കിയുള്ള എംപിമാർക്ക് ഉദ്ധവ് താക്കറെ നിർദ്ദേശം നൽകി. ആ പോരാട്ടത്തിൽ പക്ഷം പിടിച്ചത് സ്വന്തം നാട്ടിൽ ഇനിയുണ്ടാക്കാൻ സാധ്യതയുള്ള പ്രതിസന്ധി മമതയും തിരിച്ചറിഞ്ഞു. പ്രതിപക്ഷനിരയിൽ ഒരു സംസ്ഥാനത്ത് മാത്രം അധികാരത്തിലിരിക്കുന്ന ഇടത് സഖ്യത്തിനും ഡിഎംകെയ്ക്കും ടിആർഎസിനുമൊന്നും ഈ രാഷ്ട്രപതി തിരഞ്ഞെടുപ്പ് പോരാട്ടം പെട്ടെന്ന് പ്രതിസന്ധിയുണ്ടാക്കില്ല. പക്ഷെ ഭരണത്തിലിരിക്കുന്ന രാജസ്ഥാനിലും പാർട്ടി വേര് അവശേഷിക്കുന്ന മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് അങ്ങനെയല്ല. ബിജെപിയുടെ പുതിയ പ്രചാരണ തന്ത്രത്തിന് ഇപ്പോഴേ മറുതന്ത്രം കണ്ടെത്തിയില്ലെങ്കിൽ കൈയ്യിലുള്ളതും ഉത്തരത്തിലിരിക്കുന്നതും നഷ്ടമാകും.

Leave a comment