TMJ
searchnav-menu
post-thumbnail

Outlook

രാമായണത്തിനുള്ള ബദല്‍ രാവണായനമല്ല

01 Apr 2022   |   1 min Read
സുനില്‍ പി ഇളയിടം

ലേഖനം വായിക്കുന്നതിനൊപ്പം കേള്‍ക്കാം

ഹിന്ദുത്വം സമീപകാലത്ത് കൈവരിച്ച രാഷ്ട്രീയ വിജയങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ഹിന്ദുത്വത്തിനെതിരായ സാംസ്കാരികവും രാഷ്ട്രീയവുമായ സമരത്തിന്റെ ഗതിയെന്താകണം ദിശയെന്താകണം എന്നതിനെ സംബന്ധിച്ച് കൂടുതൽ ഗൗരവതരമായ ആലോചനകൾ ഇന്ത്യയിലെ ഇടതുപക്ഷരാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനാധിപത്യബോധമുള്ള പൗരസമൂഹവുമൊക്കെ നടത്തേണ്ടതുണ്ട്. അതിന്റെ പരമ്പരാഗതമായ രീതികൾ ഈ കാര്യത്തിൽ വേണ്ടത്ര ഫലപ്രദമാക്കുന്നില്ല എന്നതാണ് ഒരുപക്ഷേ ദീർഘകാലം കൊണ്ട് മനസിലാക്കുന്ന ഒന്നാമത്തെ കാര്യം. ആ രീതികളപ്പാടെ തെറ്റാണ് എന്ന നിലയിലല്ല അഭിപ്രായപ്പെടുന്നത്, അർത്ഥശൂന്യമാണ് എന്നുമല്ല, മറിച്ച് പ്രതീക്ഷിക്കുന്ന ഫലം ഉളവാക്കാൻ പറ്റുന്ന ഒരു ഇടപെടൽ രീതിയല്ല ഈ കാര്യത്തിലുള്ളത് എന്ന ഒരു തോന്നൽ ഒരുപക്ഷെ ഈ ചരിത്രാനുഭവം നമുക്ക് മുൻപിൽ കൊണ്ടുവരുന്നുണ്ട്. രണ്ടു കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് സൂചിപ്പിക്കാൻ തോന്നുന്നു, ഒന്ന് വർഗീയതക്കെതിരായ സമരത്തിൽ സംസ്ക്കാരത്തിന്റെ മണ്ഡലത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് പറയുന്ന സമയത്ത് പ്രൊ. കെ എൻ പണിക്കർ പലപ്പോഴായി പറയുന്ന ഒരു ആശയം ഇവിടെ പ്രസക്തമാണ്. സാംസ്കാരികമായി ഇടപെടുകയല്ല, സംസ്കാരത്തിൽ ഇടപെടുകയാണ് വേണ്ടത് എന്നതാണത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സാംസ്കാരികമായി ഇടപെടുക എന്നതും, സംസ്കാരത്തിൽ ഇടപെടുക എന്നതും രണ്ടുകാര്യങ്ങളാണ് അല്ലെങ്കിൽ അതിന്റെ ഊന്നലുകൾ വ്യത്യസ്തമാണ്. സാംസ്കാരത്തിൽ ഇടപെടുക എന്ന് പറയുമ്പോൾ ഒരു സമൂഹത്തിന്റെ ജീവിതാവബോധത്തിന്റെ കേന്ദ്രത്തിൽ കടന്നുകയറി പ്രവർത്തിക്കുക, അതിനെ തിരുത്തുക എന്ന വളരേ വിപുലമായ ഒരു അർത്ഥം അതിന് കൈവരുന്നുണ്ട്. ഒരുപക്ഷെ, അത് വിശദീകരിക്കാൻ പര്യാപ്തമായ ഒരു ഉദാഹരണം കേസരി എ ബാലകൃഷ്ണപിള്ള പണ്ട്, ഏതാണ്ട് 100 വർഷം മുൻപ് ഒരു മുഖപ്രസംഗത്തിൽ എഴുതിയ ഒരു അഭിപ്രായമാണ്.

അന്നത്തെ പ്രധാനപ്പെട്ട കവികളിൽ ഒരാളായ പള്ളത്ത് രാമൻ, രാമായണത്തിനെതിരെ, രാവണായനം എഴുതാൻ തീരുമാനിക്കുകയുണ്ടായി, രാമായണത്തിന്റെ സവർണ്ണതയെയും രാമായണത്തിലെ പുരുഷാധികാരത്തെയും ഒക്കെ വെല്ലുവിളിക്കാൻ പോകുന്ന മട്ടിൽ അതിന്റെ ഒരു മറുരൂപം, അതിന്റെ ഒരു ബദൽ രൂപമായി രാവണായനം എഴുതാൻ പള്ളത്ത് രാമൻ ആലോചിക്കുകയുണ്ടായി. കേസരി ആ നിർദേശത്തെ പിന്തുണയ്ക്കുകയും രാവണൻ എന്നത് ഇന്ത്യയിൽ ഇന്ന് നാം മനസിലാക്കുന്നതുപോലെ ഒരു നെഗറ്റീവായ നിഷേധാത്മക കഥാപാത്രം മാത്രമല്ല, മറിച്ച് രാവണന് പലതരത്തിലുള്ള മറ്റ് വിശദീകരണങ്ങൾ അല്ലെങ്കിൽ വ്യഖ്യാനരൂപങ്ങൾ ഒക്കെയുണ്ട് അതിൽ ഏതേതൊക്കെയാണ് പള്ളത്ത് രാമന് ആശ്രയിക്കാൻ കഴിയുന്നത് ബൗദ്ധപാരമ്പര്യത്തിലും ശ്രീലങ്കയിലെ ബൗദ്ധസങ്കല്പങ്ങളിൽ നിന്നുമൊക്കെ, ഏതേത് അംശങ്ങളെ സ്വീകരിക്കാം അങ്ങനെ രാവണായനത്തെ എങ്ങനെയാണ് കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കാൻ കഴിയുക എന്നതിനെ കുറിച്ച് കേസരി വിശദമായൊരു കുറിപ്പു തന്നെ മറ്റൊരു സന്ദർഭത്തിൽ എഴുതുകയും ചെയ്യുന്നുണ്ട്. പള്ളത്ത് രാമനുള്ള ഒരു നിർദേശം എന്ന നിലയിൽ. പക്ഷെ അങ്ങനെയൊക്കെ എഴുതുന്നുണ്ടെങ്കിലും തന്റെ ആ മുഖപ്രസംഗത്തിൽ കേസരി പറഞ്ഞ സുപ്രധാനമായ ഒരു അഭിപ്രായം ഈ രാവണായനം കൊണ്ട് പള്ളത്ത് രാമൻ സാധിക്കുന്ന വിപ്ലവത്തിന്റെ എതിർപ്പിന്റെ അതിനേക്കാൾ പലമടങ്ങു ശക്തിയുള്ള വിപ്ലവം, രാമായണം തന്നെ വീണ്ടും എഴുതിക്കൊണ്ട് കുമാരനാശാൻ സാധിച്ചിട്ടുണ്ട് എന്ന കാര്യം പള്ളത്ത് രാമൻ ശ്രദ്ധിക്കണം എന്നാണ്.

കേസരി എ ബാലകൃഷ്ണപ്പിള്ള

നമ്മുടെ അവർണകവികൾ കുമാരനാശാന്റെ പാതയാണ് പിന്തുടരേണ്ടത് എന്ന് അദ്ദേഹം അതിൽ സൂചിപ്പിക്കുന്നുണ്ട്. ഇത് പ്രധാനപ്പെട്ട ഒരു നിർദേശമാണ്. കാരണം, കേസരി അവിടെ പറയാൻ ശ്രമിക്കുന്ന ഒരു വിശാലതാൽപര്യം രാമായണത്തിന്റെ സവർണതയോടും അതിന്റെ പുരുഷാധികാരത്തോടുമുള്ള ഒരു ഏറ്റുമുട്ടലാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് പ്രവർത്തിക്കുന്നത് എവിടെയാണോ, അതിന്റെ സ്വാധീനശക്തി നിലനിൽക്കുന്നത് എവിടെയാണോ ഏതൊക്കെ ജനവിഭാഗങ്ങളുടെ ലോകാവബോധത്തിലാണോ രാമായണം ഇടംപിടിച്ചിട്ടുള്ളത് അതിന് ഉള്ളിൽ കയറിക്കൊണ്ടു തന്നെ വേണം അതിന് എതിരായ സമരം നടത്താൻ അല്ലാതെ രാമായണത്തിന് പകരം ഒരു രാവണായനം സമാന്തരമായി രചിച്ചതുകൊണ്ടു രാമായണത്തിന്റെ ലോകാവബോധം ഏറ്റുവാങ്ങിയ ആളുകളെ അഭിസംബോധന ചെയാൻ കഴിയില്ല. അത് മറ്റൊരു സമാന്തര ലോകത്തെ സൃഷ്ടിച്ച് ആ സമാന്തര ലോകത്തിൽ താർക്കികമായൊരു ബദൽ തങ്ങൾ തീർക്കുന്നു എന്ന കേവല വിശ്വാസത്തിനപ്പുറം അതിൽ ഫലപ്രാപ്തിയുണ്ടാക്കാൻ പ്രയാസമാണ്. കാരണം ഒരു ആശയം ഭൗതികശക്തിയായി പ്രവർത്തിക്കുന്നത് എവിടെയാണോ ആ ഭൗതികശക്തിയിൽ ഇടപെട്ടുകൊണ്ടേ അതിനെ തിരുത്താൻ പറ്റു. ഒരു ആശയത്തിന്റെ ഭൗതികശക്തി എന്ന നിലക്കുള്ള വേര് ഏതു മണ്ഡലത്തിലാണോ ആ മണ്ഡലത്തിനു പുറത്ത് അതിന് വിപരീതമായ അതിനെ എതിർക്കുന്ന മറ്റൊരു സമാന്തരലോകത്തെ സൃഷ്ടിച്ചാൽ, ആദ്യത്തെ ഭൗതികമണ്ഡലത്തിനോ അതിന്റെ സ്വാധീനതയ്‌ക്കോ എന്തെങ്കിലും തരത്തിലുള്ള ഇളക്കമുണ്ടാവില്ല എന്നതാണ് കേസരി അവിടെ സൂചിപ്പിക്കുന്ന കാര്യം. അതുകൊണ്ട് ആശയങ്ങൾ ഭൗതികശക്തികളാണെന്നും അത് വേരാഴ്ത്തിനിൽക്കുന്നത് എവിടെയാണോ എന്തിനെ മുൻനിർത്തിയാണോ അവിടെത്തന്നെ അതിനോട് മുൻനിർത്തിയുള്ള സമരത്തിലൂടെ ഈ ഭൗതികശക്തിയായി മാറിയ ആശയങ്ങളെ തിരുത്താനോ തകർക്കാനോ കഴിയൂ എന്നാണ് കേസരി കരുതുന്ന ഒരു കാര്യം. അതുകൊണ്ട് രാവണായനം എഴുതുന്നത് നല്ലതാണ് അത് ഒരു ബദൽ മാർഗം എന്ന നിലയിൽ സൂചിപ്പിക്കേണ്ടതുമാണ്. പക്ഷെ ഫലപ്രാപ്തി കൂടുതൽ പള്ളത്ത് രാമൻ എഴുതാനിരിക്കുന്ന രാവണായനത്തിനല്ല അതിൽ സാധ്യമാകുന്നതിന്റെ പലമടങ്ങു സ്വാധീനം ചിന്താവിശിഷ്ട്ടയായ സീത എഴുതിയ കുമാരനാശാൻ രാമായണ പാരമ്പര്യത്തിനെതിരെ വെല്ലുവിളി ഉയർത്തിയിട്ടുണ്ട് വിപ്ലവകരമായി അതിനെ പുനഃക്രമീകരിച്ചിട്ടുണ്ട് എന്നാണ് കേസരി ചൂണ്ടിക്കാണിക്കുന്നത്.

കേസരിയുടെ വലിയൊരു ചരിത്രവിവേകത്തെ ഈ ആശയം സൂചിപ്പിക്കുന്നുണ്ട് എന്നാണ് കരുതുന്നത്. കേസരി ഏതെങ്കിലും നിലയിൽ ഇന്ത്യൻ ഇതിഹാസ പാരമ്പര്യങ്ങളോടോ, പുരാണ പാരമ്പര്യങ്ങളോടോ, മത പാരമ്പര്യങ്ങളോടോ താൽപര്യം അൽപം പോലും പുലർത്തിയ ഒരാളല്ല അതിന്റെ കഠിനവിമർശകരിൽ ഒരാളാണ്. പക്ഷെ, ആ വിമർശനബോധം നിലനിൽക്കുമ്പോൾ തന്നെ ഇതിനോട് ഏറ്റുമുട്ടേണ്ടത് താർക്കികപരമായിട്ടല്ല ചരിത്രപരമായിട്ടും പ്രക്രിയാപരമായിട്ടുമാണ് എന്നത് കേസരി മുന്നോട്ടുവെയ്ക്കുന്ന ഒരു പ്രധാനനിരീക്ഷണം. ഏതാണ്ട് കേസരിയുടെ ഈ കാഴ്ചയുടെ തുടർച്ചയിലാണ് പ്രൊ. കെ എൻ പണിക്കർ സാംസ്കാരികമായി ഇടപെടുകയല്ല സംസ്കാരത്തിൽ ഇടപെടുകയാണ്. ഒരു ജനത തങ്ങളുടെ ജീവിതായോധനത്തിന്റെ ഭാഗമായി പങ്കുചേരുന്ന പ്രക്രിയകളുടെ ആകെത്തുകയാണ് സംസ്കാരം എന്ന് റെയ്മണ്ട് വില്യംസ് ഒക്കെ പറയുന്നത് പിൻപറ്റിയാൽ അവരുടെ ജീവിതാവബോധത്തിനുള്ളിൽ കടന്നുകയറി പ്രവർത്തിക്കണം. ആ പ്രവർത്തനത്തിന് പകരം അതിനെ ഒരു താർക്കികമായി അഭിസംബോധന ചെയ്യുകയോ അക്കാദമിക വിജ്ഞാനം കൊണ്ട് അതിനെ വിശദീകരിക്കാൻ ശ്രമിക്കുകയോ അത്തരത്തിലുള്ള സമാന്തര വ്യവഹാരം സൃഷ്ടിച്ച് ആ സമാന്തര വ്യവഹാരം മുഖ്യധാരാവ്യവഹാരത്തെ, സാംസ്കാരത്തെ വിമർശിക്കാനോ, മറികടക്കാനോ വെല്ലുവിളിക്കാനൊക്കെ പര്യാപ്തമാണ് എന്ന് കരുതുന്നത് വാസ്തവത്തിൽ ഫലപ്രദമല്ല എന്നാണ് നമുക്ക് കാണാൻ കഴിയുന്നത്. അതുകൊണ്ട് ഈ ഒരു ആശയം ഒരു സാംസ്‌കാരിക സന്ദർഭത്തിൽ ഇടപെടുമ്പോൾ അവിടെ രണ്ടുചോദ്യം വാസ്തവത്തിൽ ഉയർന്നുവരും. എങ്ങനെയാണ് ഇത് ചെയ്യാൻ കഴിയുക. ഞാൻ കരുതുന്നത് രണ്ടു തലങ്ങൾ ഈ ഇടപെടലിൽ ഉണ്ടെന്നാണ്. ഒന്ന് ഒരു ജനതയുടെ ജീവിതസന്ദർഭത്തിൽ വേരാഴ്ത്തി നിൽക്കുന്ന സംസ്കാര സ്വരൂപം എന്താണോ, ആ സംസ്കാരസ്വരൂപത്തിന്റെ അനുഭവതലത്തെ അതിന്റെയുള്ളിൽ കടന്നുകയറി വിമർശന വിധേയമാക്കാനും തിരുത്താനും ബദലുകൾ മുന്നോട്ട് വെയ്ക്കാനും ഒക്കെ കഴിയുക എന്നതാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ അതിനോട് എൻഗേജ് ചെയ്യാൻ കഴിയുക, താർക്കികമായ നിരാസമോ താർക്കികമായ ബദലുകൾ അവതരിപ്പിക്കലോ എന്നതിനപ്പുറം അതിനോട് എൻഗേജ് ചെയ്യാൻ കഴിയുക എന്നത് പ്രധാനമാണ്.

പള്ളത്ത് രാമന്‍

അതാണ് ഈ രാമായണത്തിന്റെ പാരമ്പര്യത്തെ ചിന്താവിഷ്ട്ടയായ സീത കൊണ്ട് ആശാൻ എതിരിടുന്നു എന്ന് കേസരി സൂചിപ്പിക്കുന്നത്. അതൊരു എൻഗേജ്മെന്റാണ്. മറിച്ച് രാവണായനം എന്ന് പറയുന്നത് സമാന്തര താർക്കിക മാതൃകയാണ്, അത് എൻഗേജ്മെന്റല്ല ഒരു ബദലുണ്ടാക്കി അപ്പുറം നിർത്തലാണ്. ആദ്യത്തെ പ്രവർത്തിമണ്ഡലത്തിന് പുറത്ത് സമാന്തരമായ മറ്റൊരു പ്രവർത്തിമണ്ഡലം രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് ആദ്യത്തെതിന്റെ ബദലാണ് പക്ഷെ ആദ്യത്തേതിനെ ഉലയ്ക്കാനോ അട്ടിമറിക്കാനോ തിരുത്താനോ ഒന്നും ഈ രണ്ടാമത്തെ മണ്ഡലത്തിന് കഴിയില്ല. അപ്പോൾ ആദ്യം ചെയ്യേണ്ടത് ഏത് ആശയവ്യവസ്ഥയാണോ ഭൗതികശക്തിയായി അതിന്റെയുള്ളിൽ കടന്നുകയറി അതിനെ വെല്ലുവിളിക്കാനോ തിരുത്താനോ അതിനോട് ഏറ്റുമുട്ടനോ ശ്രമിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം ഇതിനോട് എൻഗേജ് ചെയ്യുന്ന സമയത്തുതന്നെ ഇതിനെ ചരിത്രവത്കരിക്കാനും ആ ചരിത്രവത്കരണത്തിലൂടെ അതിന്റെ ആന്തരികമായ വൈരുദ്ധ്യങ്ങളെ കൂടുതൽ വിശദീകരിക്കാനും അത് എങ്ങനെയാണ് പടിപടിയായി ഒരു സമൂഹത്തിന്റെ അവബോധമായി മാറിയതെന്ന് അതിന്റെ ഉള്ളിൽ നിന്നുകൊണ്ടുതന്നെ വിശദീകരിക്കാനും കഴിയണം. പണിക്കര് മാഷ് പലപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്, നമ്മുടെ മതനിരപേക്ഷ പ്രവർത്തനങ്ങളുടെ അടിസ്ഥാന ദൗർബല്യം മതവിശ്വാസികളായ ഒരു കൂട്ടം ആളുകളെ ചേർത്തുവെച്ച് അവരെ ഒരുമിപ്പിച്ചു നിർത്തി അവരോട് ആദ്യം സംസാരിച്ചു തുടങ്ങുന്നത് മതം എന്നത് തികച്ചും അന്ധവിശ്വാസമാണ് അബദ്ധമാണ് എന്നൊരു യുക്തി വിചാരത്തിന്റെ ഭാഷയിലാണ്. മാഷ് പറയുന്ന ഒരു കാര്യം, ഇത്തരമൊരു പദാവലിയിൽ സംസാരിച്ചു തുടങ്ങിയാൽ പിന്നെ നിങ്ങൾക്ക് ആ സമൂഹത്തോട് ഒരു തരത്തിലും എൻഗേജ് ചെയ്യാൻ പറ്റില്ല എന്നാണ്. കാരണം താൻ വിഡ്ഢിയാണ് താൻ വിവരമില്ലാത്തൊരാളാണ് എന്ന് മറുപുറത്ത് ഒരാള്‍ നിന്ന് പറയുന്നതിന് ചെവികൊടുക്കാനുള്ള ഉത്തരവാദിത്വം സാധാരണ നിലയ്ക്ക് ഒരു മനുഷ്യനില്ല. അതിൽ ഒരു താൽപര്യവും അയാൾ കാണിക്കില്ല. അതുകൊണ്ടു മതവിശ്വാസിയായ ഒരാളോടൊ ഒരു ആശയ വ്യവസ്ഥയോട് ഏതെങ്കിലും തരത്തിൽ കൂടി നിൽക്കുന്നയാളോടോ അയാളെയൊരു അപരസ്ഥാനത്തു നിർത്തി അയാളെ ഒരു എതിരാളിയാക്കി അയാളുടെ അറിവില്ലായ്മയെ അയാളെ ബോധ്യപ്പെടുത്തുക എന്നൊരു താർക്കികയുക്തിയിൽ നിന്ന് സംസാരിക്കുന്നതിന് പകരം ഈ അവബോധത്തിന്റെ ചരിത്രതലമെന്താണ്, ഈ അനുഭവത്തിന്റെ ചരിത്ര പശ്ചാത്തലമെന്താണ് എന്ന് ഒരു ചരിത്രാനുഭവം എന്ന നിലയ്ക്ക് അവരുടെ ധാരണകളെ അഭിസംബോധന ചെയ്യുക. അതിന്റെ വേരുകൾ, ഉള്ളടക്കങ്ങൾ, പരിണാമഗതികൾ അതിലൂടെ അവരോട് സംസാരിക്കുമ്പോൾ അവർക്കും വലിയൊരു അളവോളം അതില്‍ താൽപര്യമുണ്ടാകും. ആ താൽപര്യത്തിലൂടെ മാത്രമേ അതിനെ തിരുത്താൻ പറ്റൂ അതിനെ തർക്കിച്ചു തോൽപ്പിക്കാം എന്നത് താർക്കികതയുടെ ഒരു അബദ്ധധാരണയാണ് എന്ന് മാഷ് സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് മതവിശ്വാസിയോട് സംസാരിക്കുമ്പോൾ മതം ഒരു അന്തിമമായ മിഥ്യാത്മകതയാണ് എന്ന ധാരണ നിങ്ങൾക്കുണ്ടെങ്കിലും മാര്‍ക്സ് പറഞ്ഞതുപോലെ ആ മിഥ്യാത്മകത നിലനിൽക്കുന്നത് അയാളുടെ തലയിലല്ല മറിച്ച് മിഥ്യകൾ ആവശ്യമായി വരുന്ന ഒരു സാമൂഹ്യസന്ദർഭത്തിലാണ്. അതുകൊണ്ട് മതത്തിന്റെയോ മറ്റ് തരത്തിലുള്ള മിഥ്യാത്മകമായ ധാരണകളോടോ ഏറ്റുമുട്ടാൻ നാം മുതിരുന്നുണ്ടെങ്കിൽ ആ ധാരണകളെ അമൂർത്തവത്കരിച്ച് ആ ധാരണകളെ അതിഭൗതികമായി വേറിട്ടെടുത്ത് അതിനോട് ഏറ്റുമുട്ടുകയല്ല, മറിച്ച് ആ ധാരണകളെ ആ മിഥ്യാത്മകതയെ ആവശ്യമാക്കിത്തീർത്ത ചില ചരിത്രസന്ദർഭങ്ങളോ ഭൗതികപ്രകരണങ്ങളോ ഉണ്ട് എന്ന് തിരിച്ചറിഞ്ഞ് ആ ഭൗതികപ്രകരണത്തിൽ അവയെ പ്രതിഷ്ഠിച്ചുകൊണ്ട് അവയെ അഭിസംബോധന ചെയ്യുകയാണ് വേണ്ടത്. അതായത് ഒരു ഭൗതികവാദപരമായ സമീപനം എന്നത് ആശയ വ്യവസ്ഥകളെ അതിഭൗതികമായി ശൂന്യസ്ഥലത്തു നിർത്തി അവയോട് ഏറ്റുമുട്ടലല്ല മറിച്ച് ആശയ വ്യവസ്ഥകൾ ഭൗതികശക്തികളായി ചരിത്രത്തിൽ എങ്ങനെ വേരുപിടിച്ചു എന്ന് ആലോചിച്ചുകൊണ്ട് അതിനോട് എൻഗേജ് ചെയ്യലാണ് നിർഭാഗ്യവശാൽ നമ്മുടെ മതനിരപേക്ഷ സാംസ്‌കാരിക ഇടപെടലുകൾ മിക്കവാറും മതാത്മകാശയങ്ങളെ അവയുടെ ചരിത്രാനുഭവങ്ങൾ എന്ന നിലയ്‌ക്കോ മനുഷ്യരുടെ അനുഭവബോധത്തിന്റെ ഭാഗം എന്ന നിലയ്‌ക്കോ കാണാതെ അവയെ കേവലാശയങ്ങളായി കണ്ട് അതിനെ താർക്കികമായോ അവൈജ്ഞാനികമായോ വിശദീകരിക്കാനും തിരുത്താനുമൊക്കെയാണ് പലപ്പോഴും ശ്രമിക്കുന്നത്.

പ്രൊഫ. കെ എന്‍ പണിക്കര്‍

ഗാന്ധി വധത്തിനു ശേഷം രാം മനോഹർലോഹ്യ വളരെ വലിയൊരു രാമായണ സമ്മേളനം വിളിച്ചു ചേർത്തതിന് കുറിച്ച് പലയിടത്തും വായിച്ചിട്ടുണ്ട് അദ്ദേഹം ഒരു മത വിശ്വാസിയായിട്ടോന്നുമല്ല പക്ഷെ രാമായണത്തിന്റെ രണ്ടു പാരമ്പര്യങ്ങളെ അത് വാത്മീകിയുടെ പാരമ്പര്യം വസിഷ്ടന്റെ പാരമ്പര്യം എന്നിങ്ങനെ വേർതിരിക്കാനും വാത്മീകിയുടെ പാരമ്പര്യത്തിൽ നിന്നും വസിഷ്ടപാരമ്പര്യം എങ്ങനെ ഭിന്നമാകുന്നു എന്ന് വിശദീകരിക്കാനും ഈ രണ്ടു പാരമ്പര്യങ്ങൾക്കിടയിലുള്ള സംഘർഷം രാമായണത്തിന്റെയുള്ളിൽ എങ്ങനയൊക്കെ പ്രവർത്തിച്ചു എന്നാലോചിക്കാനുമൊക്കെ രാം മനോഹർലോഹ്യ തുനിഞ്ഞതായിട്ട് ആ ചരിത്ര വിശദീകരണങ്ങളിൽ നിന്ന് കാണാൻ കഴിയും. ഇതിൽ പ്രധാനപ്പെട്ട ഒരു മാതൃകയാണ്. കാരണം ആഴത്തിൽ വേരു പിടിച്ച ഒരു ചരിത്രാനുഭവത്തെ ഒരു അവബോധത്തെ നമുക്ക് താർക്കികമായി നേരിടുക എന്നത് സെമിനാറിലോ അല്ലെങ്കിൽ ഒരു വൈജ്ഞാനിക പ്രബന്ധത്തിലോ പറ്റുന്ന കാര്യമാണ്. പക്ഷെ, ഒരു ജനതയുടെ ജീവിതത്തിൽ അത് ഫലപ്രാപ്തി ഉളവാകണമെങ്കിൽ അവരെ കൂടി അഭിസംബോധന ചെയ്യാനായിട്ട് നമുക്ക് കഴിയണം. ഒരു സെമിനാറിൽ ഈ വിഷയം അവതരിപ്പിക്കുമ്പോൾ മിക്കവാറും ഈ ആശയങ്ങളോട് എൻഗേജ് ചെയ്യാൻ ശേഷിയുള്ള അതിൽ തൽപ്പരരായ ഒരേ വീക്ഷണങ്ങൾ ഏറിയും കുറഞ്ഞും പങ്കുവെയ്ക്കുന്ന ഒരു ചെറിയ സമൂഹമാണ് (exclusive community) ആ സംവാദത്തിൽ പങ്കുചേരുന്നത്. മറിച്ച് ഈ ആശയാവലികൾ പ്രവർത്തിക്കുന്നതാകട്ടെ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ മറ്റൊരു വിപുലമായ സ്ഥലകാലരാശിയിലാണ്. ഇതിന് രണ്ടിനും സമാനമായ സ്ട്രാറ്റജി മതി എന്ന് കരുതിക്കൊണ്ട് ഈ വൈജ്ഞാനികതയെ അക്കാദമികമായ ആലോചനാക്രമങ്ങളുടെ അതേ വടിവിൽ നമ്മുടെ സാമൂഹിക ചരിത്രത്തിൽ സന്നിവേശിപ്പിക്കാൻ ശ്രമിച്ചാൽ പ്രത്യേകിച്ച് ഏന്തെങ്കിലും ഫലമുണ്ടാകില്ല എന്നുകൂടിയാണ് നമ്മൾ കാണേണ്ടത്.

അതുകൊണ്ട് സാമാന്യബോധമായി തീർന്ന അധീശവ്യവഹാരത്തെ വെല്ലുവിളിക്കണമെങ്കിൽ അത് സാമാന്യബോധമായി പ്രവർത്തിക്കുന്നത് എങ്ങനെ എന്നതിന്റെ ചരിത്രാത്മകതയും ബലതന്ത്രവും തിരിച്ചറിഞ്ഞ് അതിനോട് ഇടപെടാൻ കഴിയണം. അപ്പോൾ രണ്ടുകാര്യങ്ങളാണ് ഇതിൽ പ്രധാനമെന്ന് തോന്നുന്നു. ഒന്ന് കേസരിയൊക്കെ നിർദേശിക്കുന്നത് പോലെ അകത്തുനിന്നുള്ള ഒരു യുദ്ധമുഖം തുറക്കേണ്ടതുണ്ട്. അല്ലാതെ പുറത്ത് സുരക്ഷിതമെന്ന് തോന്നാവുന്ന ഒരു സമാന്തര സ്ഥാനമുണ്ടാക്കി അവിടെ താർക്കികമായി സംസാരിക്കുന്നതുകൊണ്ടു പ്രത്യേകിച്ച് എന്തെങ്കിലും ഫലമില്ല. അകത്തു തുറക്കുന്ന സംവാദമുഖമാകട്ടെ, ആദ്യപടവിൽ അതിനോട് എൻഗേജ് ചെയുകയും പിന്നാലെ അതിനെ ചരിത്രവത്കരണത്തിലൂടെ അതിന്റെ ഭൗതികമായ ആധാരങ്ങളെ വിശദീകരിക്കുകയും ചെയ്യുന്ന ഒന്നായി മാറുകയും ചെയ്യണം. അങ്ങനെ വിമുഖമായ ഒരു പ്രവർത്തനപരിപാടി പണിക്കര്‍മാഷുടെ ഭാഷയിൽ പറഞ്ഞാൽ, സാംസ്കാരികമായി ഇടപെടുക എന്നതിനേക്കാൾ സംസ്കാരത്തിന്റെ ചരിത്രാനുഭവത്തിൽ ഇടപെട്ടുകൊണ്ട് അതിനെ രൂപാന്തരപ്പെടുത്തുവാൻ കഴിയുമോ എന്നതാണ് ഈ വിഷയത്തിൽ ആലോചിക്കേണ്ടത്.

Leave a comment