TMJ
searchnav-menu
post-thumbnail

Outlook

അതിരുകളില്ലാത്ത വിവർത്തനകല

23 Nov 2022   |   1 min Read
മിസ്‌രിയ ചന്ദ്രോത്ത്

Love and Literature don't have any boundaries.
-Chuden Kabimo
Writer of Song of Soil (Shortlisted 2022 The JCB Prize For Literature)

 

The JCB Prize for Literature 2022 പ്രഖ്യാപിച്ചിരിക്കുന്നു. ഇതാദ്യമായി ഉറുദു ഭാഷയിൽ നിന്നുള്ള The Paradise of Food എന്ന ഖാലിദ് ജാവേദിന്റെ കൃതിക്ക്‌ ബാരൻ ഫാറൂഖിയുടെ വിവർത്തനത്തിനാണ് അവാർഡ് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ JCB അവാർഡിന് ഇത്തവണ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങളെല്ലാം തന്നെ വിവർത്തനങ്ങളായിരുന്നു എന്നതാണ് സാഹിത്യ ലോകത്തെ ഏറ്റവും പുതിയ വാർത്ത. ഇന്ത്യൻ സാഹിത്യമെന്നാൽ ഇംഗ്ലീഷ് സാഹിത്യമെന്ന നില മാറിയെന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യൻ പ്രാദേശിക ഭാഷയിൽ നിന്നുള്ള സാഹിത്യകൃതികൾക്ക് ആഗോള തലത്തിൽ ലഭിക്കുന്ന സ്വീകാര്യതയെ കൂടി വെളിപ്പെടുത്തുന്നതാണ് ഈ മാറ്റങ്ങൾ. ഹിന്ദിയിൽ നിന്ന് മാത്രമല്ല ഇതാദ്യമായി ഒരു സൗത്ത് ഏഷ്യൻ ഭാഷയിൽ നിന്നുള്ള ഗീതാഞ്ജലി ശ്രീയുടെയും വിവർത്തകയായ ഡെയ്‌സി റോക്‌വെൽന്റെയും 'Tomb of Sand' എന്ന കൃതിക്ക് ബുക്കർ ഇന്റർനാഷണൽ അവാർഡ് ലഭിച്ച വർഷം കൂടിയാണിത്. ഈ മാറ്റം ഒരു തുടർച്ചയായിരുന്നു. JCB അവാർഡിന്റെ അഞ്ചു കൊല്ലത്തെ ചരിത്രത്തിൽ നാല് പ്രാവശ്യവും അവാർഡ് ലഭിച്ചത് വിവർത്തനങ്ങൾക്ക്‌ ആയിരുന്നു. മൂന്ന് വിവർത്തനങ്ങൾ മലയാളത്തിൽ നിന്നായിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഇപ്രാവശ്യവും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഷീല ടോമിയുടെയും വിവർത്തകയായ ജയശ്രീ കളത്തിലിന്റെയും 'വല്ലി' എന്ന പുസ്തകം നമുക്കേറെ പ്രതീക്ഷ നൽകിയിരുന്നു. മലയാള സാഹിത്യത്തിന്റെ കരുത്തു വെളിപ്പെടുത്തുന്നതാണ് ഈ അടയാളപ്പെടുത്തലുകൾ.

 

വിവർത്തനം യാന്ത്രികമായി നിർവ്വഹിക്കപ്പെടുന്ന ഒരു പ്രവൃത്തിയല്ല. ഭാഷയിലെ അനുഭവങ്ങളും അനുഭൂതികളും വിവർത്തനത്തിലൂടെ മറ്റൊരു ഭാഷയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. സവിശേഷമായ രാഷ്ട്രീയ-സാംസ്‌കാരിക പരിതാവസ്ഥയിലാണ് ഭാഷ പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിയുമ്പോഴാണ് വിവർത്തനം സർഗ്ഗാത്മകമാകുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയിൽ രണ്ട് വ്യത്യസ്ത വിവർത്തന സന്ദർഭങ്ങളാണ് രൂപപ്പെട്ടത്. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഭാഷാ താല്പര്യവും ദേശീയവാദികളുടെ ഭാഷാ താല്പര്യവും രാഷ്ട്രീയകാരണങ്ങളാൽ പരസ്പരം ഭിന്നമായിരുന്നു. ഭാഷയിലൂടെ ദേശീയോദ്ഗ്രഥനമെന്ന ലക്ഷ്യം മുൻനിർത്തി ഭാഷാപഠനവും പ്രചരണവും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിക്കണ്ട ഒരു ജനത ഒരു പക്ഷേ ഇന്ത്യയിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. സാംസ്‌കാരിക വിനിമയത്തിന്റെയും രാഷ്ട്രീയസമന്വയത്തിന്റെയും ഉപാധിയായി വിവർത്തനം പ്രസക്തി നേടുന്നതാണ് നാം ഇപ്പോൾ കാണുന്നത്.

 

പാരഡൈസ് ഓഫ് ഫുഡ് | photo: wiki commons

 

ഇന്ത്യയിലെ വിവർത്തന സാഹിത്യത്തിന്റെ തുടക്കം സംസ്‌കൃത ഭാഷയിലെ മഹാകാവ്യങ്ങളും പുരാണങ്ങളും നാടകങ്ങളും പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ തുടങ്ങിയതു മുതലാണ്. അങ്ങനെ വിവർത്തനം ചെയ്യപ്പെട്ട ക്ലാസിക്കുകളിൽ സുപ്രധാനം വാല്മീകിയുടെ രാമായണം ആയിരുന്നു. ഹിന്ദിയിലേക്ക് തുളസീദാസും തമിഴിലേക്ക് കമ്പരും കന്നഡയിലേക്ക് പമ്പയും കുമാർ വ്യാസയും മലയാളത്തിലേക്ക് എഴുത്തച്ഛനും രാമായണം മൊഴിമാറ്റം ചെയ്തു. ഈ വിവർത്തനങ്ങളാണ് പിൽക്കാലത്ത് ഇന്ത്യൻ സാമൂഹിക സാംസ്കാരിക നവോത്ഥാനമെന്ന് വിശേഷിക്കപ്പെട്ട ഭക്തിപ്രസ്ഥാനത്തിന്റെ ആധാരശിലയായത്.

 

മലയാളവിവർത്തനം

 

സാഹിത്യം ഉൾപ്പെടെയുള്ള കൊടുക്കൽ വാങ്ങലുകൾ വികസിപ്പിക്കുന്നതിന് വിവർത്തനം തുടക്കകാലം മുതൽക്കെ തന്നെ വലിയ പങ്ക് വഹിച്ചിരുന്നു. വിവർത്തനസാഹിത്യത്തിലൂടെ സാഹിത്യത്തിന്റെ വിവിധ രൂപങ്ങളും രീതികളും പരിചയപ്പെടാൻ വായനക്കാർക്ക് സാധിച്ചു. അപ്പു നെടുങ്ങാടിയുടെ കുന്ദലത പുറത്ത് വരുന്നതിന് അഞ്ചു വർഷം മുൻപ് 1877 ൽ പ്രസിദ്ധീകരിച്ച മിസിസ് കോളിൻസിന്റെ ഘാതകവധമാണ് മലയാളത്തിൽ ആദ്യം ഇറങ്ങിയ വിവർത്തനം. ഘാതകവധത്തിൽ തുടങ്ങി പറയുകയാണെങ്കിൽ പിന്നീടിങ്ങോട്ട് നിരവധി കൃതികൾ മലയാളത്തിലേക്ക് തുടർച്ചയായി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജോൺ ബന്യന്റെ പിൽഗ്രിംസ് പ്രോഗ്രസിന് പരദേശി മോക്ഷയാത്ര എന്ന പേരിൽ ആർച്ച് ഡീക്കൻ കോശി നിർവ്വഹിച്ച വിവർത്തനമായിരുന്നു ഇംഗ്ലീഷിൽ നിന്നുള്ള ആദ്യ ഗദ്യ തർജ്ജമ. 1930 കൾ മുതൽ ഫ്രഞ്ചിൽ നിന്നും റഷ്യയിൽ നിന്നുമൊക്കെയുള്ള കൃതികളെ വളരെ സ്വഭാവികതയോടെ മലയാളം സ്വീകരിച്ചിട്ടുണ്ട്. വിവർത്തനകൃതികൾ കൂടി വായിച്ചു വളർന്ന ഒരു തലമുറ അങ്ങനെ മലയാളികൾക്കിടയിൽ രൂപപ്പെട്ടുവന്നു. ഇതിനു സമാന്തരമായി തന്നെ മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും വിവർത്തനങ്ങൾ ഉണ്ടായി തുടങ്ങിയിരുന്നു. തകഴി, ബഷീർ, ഒ വി വിജയൻ തുടങ്ങിയവരുടെ കൃതികളിൽ പലതും ഇംഗ്ലീഷിലേക്കും മറ്റു ഇതര ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തകഴിയുടെ ചെമ്മീനിന്റെ ഒട്ടേറെ വിവർത്തനങ്ങൾ ഉണ്ടായി, ചെമ്മീൻ എന്ന പേരിൽ തന്നെ അനിത നായർ വിവർത്തനം നിർവ്വഹിച്ചതും, 'Anger of the Sea Godess' എന്ന പേരിൽ നാരായണ മേനോൻ നിർവ്വഹിച്ചതുമായ വിവർത്തനങ്ങളാണ് കൂടുതൽ ജനകീയമായത്. ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന നോവൽ ആർ.ഇ. ആഷർ, എ. സി. ചന്ദ്രശേഖരൻ എന്നിവർ ചേർന്ന് Me Grandad 'ad an Elephant എന്ന പേരിൽ വിവർത്തനം ചെയ്തു, ആഷർ ബഷീറിന്റെ മറ്റു പല കൃതികളും വിവർത്തനം ചെയ്തിട്ടുണ്ട്.

 

1997 ലെ ബുക്കർ പ്രൈസ് ലഭിക്കുമ്പോൾ അയ്മനം എന്ന കുഞ്ഞു ഗ്രാമവും ആഗോളസാഹിത്യ ഭൂപടത്തിൽ ഇടം പിടിക്കുകയായിരുന്നു. ഗോഡ് ഓഫ് സ്മോൾ തിങ്സിന്റെ മലയാള വിവർത്തനമായ പ്രിയ എ.എസിന്റെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ ഡി സി ബുക്ക്സിലൂടെ പുറത്തിറങ്ങുന്നത് പിന്നെയും പതിമൂന്ന് (2010) കൊല്ലങ്ങൾക്ക് ശേഷമാണ്

 

Agnisakshi-Fire, My witness വാസന്തി ശങ്കരനാരായണൻ ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷിക്ക് നടത്തിയ വിവർത്തനമായിരുന്നു. ഇതേത്തുടർന്നിങ്ങോട്ട് പരിശോധിക്കുമ്പോൾ വിവർത്തനത്തിന്റെ പ്രാധാന്യം മലയാള സാഹിത്യത്തിൽ വർദ്ധിക്കുന്നതായി മനസിലാക്കാം. കഴിഞ്ഞ ഒരു പത്ത് വർഷത്തിനുള്ളിൽ ശ്രദ്ധേയമായ മിക്ക മലയാളം കൃതികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കെ.ആർ. മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ (Jesebel - അഭിരാമി ഗിരിജ ശ്രീരാം), ഖബർ (The Grave - നിഷ സൂസന്‍), ആരാച്ചാർ (The hang women - ജെ ദേവിക), എസ്. ഹരീഷിന്റെ ആദം (Adam - Translated by ജയശ്രീ കളത്തില്‍), മീശ (Mustache - ജയശ്രീ കളത്തില്‍) വിനയ് തോമസിന്റെ പുറ്റ് (Anthill - കെ. നന്ദകുമാര്‍) എന്നിവ വിവർത്തനവികാസത്തിന് ഉദാഹരണമാണ്.

 

1997 ലെ ബുക്കർ പ്രൈസ് ലഭിക്കുമ്പോൾ അയ്മനം എന്ന കുഞ്ഞു ഗ്രാമവും ആഗോളസാഹിത്യ ഭൂപടത്തിൽ ഇടം പിടിക്കുകയായിരുന്നു. ഗോഡ് ഓഫ് സ്മോൾ തിങ്സിന്റെ മലയാള വിവർത്തനമായ പ്രിയ എ.എസിന്റെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ ഡി സി ബുക്ക്സിലൂടെ പുറത്തിറങ്ങുന്നത് പിന്നെയും പതിമൂന്ന് (2010) കൊല്ലങ്ങൾക്ക് ശേഷമാണ്. അതിനോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ടതാണ് വിവർത്തനം പൂർത്തിയായിട്ടും ആറ് കൊല്ലങ്ങളെടുത്തു മലയാറ്റൂർ രാമകൃഷ്ണന്റെ വേരുകൾക്ക് ഒരു പ്രസാധകനെ ലഭിക്കാൻ എന്നത്. ഇപ്പോൾ എസ്. ഹരീഷിന്റെയും വിനോയ് തോമസിന്റെയും അതിപ്രാദേശികമായ തരത്തിൽ വികസിക്കുന്ന കൃതികളെല്ലാം തന്നെ ഹാർപ്പർ കോളിൻസ്, പെൻഗ്വിൻ ബുക്സ് പോലെയുള്ള പ്രശസ്ത പ്രസാധകർ മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്താൻ തയ്യാറാകുന്നു എന്നത് മലയാള വിവർത്തന സാഹിത്യശാഖക്ക് ലഭിക്കുന്ന സ്വീകാര്യത കൂടിയാണ് വ്യക്തമാക്കുന്നത്. ബെന്യാമിൻ, കെ.ആർ. മീര, ടി.പി. രാജീവൻ, വി.ജെ. ജെയിംസ്, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയ മലയാളത്തിലെ സമകാലിക എഴുത്തുകാരുടെയെല്ലാം തന്നെ കൃതികളുടെ വിവർത്തനങ്ങൾ ഭൂമിശാസ്ത്ര സാംസ്കാരിക അതിരുകൾ ഭേദിച്ച് വിവിധ ഭാഷകളിലെ വായനാനുഭവങ്ങളിലേക്ക് പടരുകയാണ്.

 

കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ | photo : wiki comons

 

സാറ ജോസഫിന്റെ 'ഒടുവിലത്തെ സൂര്യകാന്തി' എന്ന കൃതി വിവർത്തനം ചെയ്തുകൊണ്ട് വിവർത്തന രംഗത്തേക്ക് വന്ന ജയശ്രീ കളത്തിൽ കേവലം അഞ്ചു വർഷം കൊണ്ട് 2019 ലെ ക്രോസ് വേർഡ് ബുക്ക്‌ അവാർഡ് (എൻ. പ്രഭാകരന്റെ ഒരു മലയാളി ഭ്രാന്തന്റെ ഡയറിക്കുറിപ്പ് - A Diary of Malayali Mad Man) 2020 ലെ JCB അവാര്‍ഡ്‌ (എസ്. ഹരീഷിന്റെ മീശ - Mustache) എന്നിവ നേടുകയും 2022 ലെ JCB അവാര്‍ഡ്‌, 2022 ലെ AG-BLF ബുക്ക്‌ പ്രൈസിന്റെയും ഷോർട്ട്ലിസ്റ്റിൽ (ഷീല ടോമിയുടെ വല്ലി) ഇടം നേടുകയും ചെയ്തു. ഇത്തരത്തിലുള്ള വിവർത്തകർ മലയാള സാഹിത്യത്തെ ആഗോളസാഹിത്യത്തിന്റെ ഭൂമികയിലേക്ക് അടയാളപ്പെടുത്തുന്ന അംബാസിഡർമാരായി മാറി എന്നതാണ് വസ്തുത. പരിഭാഷയില്ലെങ്കിൽ മൂലകൃതിക്ക് ഭാഷയ്ക്കപ്പുറം ഒരു ജീവിതമില്ല എന്ന് ജയശ്രീ കളത്തിൽ പറയുന്നു. ഇതോടൊപ്പം തന്നെ വിവർത്തകരോടൊപ്പം തന്നെ എഡിറ്റർ എന്ന പോസ്റ്റ്‌ കൂടി മലയാള സാഹിത്യത്തിൽ ശക്തമായി വരുന്നുണ്ട് എന്ന് കാണണം. മിനി കൃഷ്ണ, കാർത്തിക എന്നിവരെല്ലാം വളരെ ശ്രദ്ധേയമായ എഡിറ്റർമാരാണ്. കവർ ഡിസൈൻ അതിന്റെ ഇല്ലസ്ട്രേഷൻസ് എല്ലാം ഒരു കൃതിയുടെ ഉള്ളടക്കം പോലെതന്നെ പ്രസക്തിയുള്ളതായി മാറി. മീശയുടെ വിവർത്തനമായ 'Mustache' ന്റെ കവർ ഏറെ ചർച്ചചെയ്യപ്പട്ടതാണ്. 2022 ലെ AG-BLF ബുക്ക്‌ പ്രൈസിലെ കവർ ഡിസൈൻ കാറ്റഗറിയിൽ അനുഭ ജെയിൻ ഡിസൈൻ ചെയ്ത എസ് ഹരീഷിന്റെയും ജയശ്രീ കളത്തിലിന്റെ ആദം ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

 

2012 ൽ വി.എച്ച്. നിഷാദ്, മനോജ് കൊയ്യം എന്നിവർക്കൊപ്പം ചേർന്ന് നടത്തിയിരുന്ന ഇന്ത്യൻ ഇങ്ക് എന്ന ലിറ്റിൽ മാഗസിന് വേണ്ടിയാണ് ഇ.വി ഫാത്തിമയുടെ വിവർത്തനപരിചയം തുടങ്ങുന്നതെന്ന് പറയാം. പിന്നീട് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന കൃതിയുടെ വിവർത്തനമായ A Preface to Man എന്നതിലേക്ക്‌ എത്തിച്ചേരുകയായിരുന്നു. അതിനു ശേഷം കെ. നന്ദകുമാറുമായി ചേർന്ന് എം. മുകുന്ദന്റെ ഡൽഹി ഗാഥകൾക്ക് Delhi - A Soliloquy എന്ന വിവർത്തനത്തിന് JCB അവാര്‍ഡ്‌ ലഭിക്കുകയും ചെയ്തു. ഒരു അന്താരാഷ്ട്ര വായനാ സമൂഹത്തെ മുന്നിൽ കാണുന്നു എന്നതിലുപരി ഫാത്തിമ ടീച്ചർ വിവർത്തനം നിർവ്വഹിക്കുന്നത് മലയാളം വായിക്കാൻ അറിയാത്ത ഇന്ത്യയ്ക്ക് അകത്തും പുറത്തും താമസിക്കുന്ന മലയാളികളെ കൂടി അഡ്രസ് ചെയ്ത് കൊണ്ടാണ്. വ്യത്യസ്തതകൾ നിലനിർത്തിക്കൊണ്ട് വിവർത്തനം ചെയ്യാൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

 

എസ് ഹരീഷ്, വിനോയ് തോമസ്, ഇ.വി ഫാത്തിമ, ജയശ്രീ കളത്തിൽ

 

ആവർത്തിച്ചുള്ള പുനർ വായനകളിലൂടെ, മാറ്റി എഴുതലുകളിലൂടെ, എഴുത്തടരുകളിലൂടെ പരിണമിക്കുന്ന വിവർത്തനം എന്നത് ഒരേ സമയം ക്രിയേറ്റീവ് ആയ സംഘർഷങ്ങൾ നിറഞ്ഞതും, വളരെ കഠിനമായതും, അങ്ങേയറ്റം ഉത്തരവാദിത്വം ആവശ്യപ്പെടുന്നതും, അതേ സമയം അത്രതന്നെ ആഹ്‌ളാദം പകരുന്നതും ആയ സങ്കീര്‍ണമായ പ്രക്രിയയാണ്.

 

വിവർത്തന സാഹിത്യത്തെക്കുറിച്ച് ഫാത്തിമ ടീച്ചറുമായി നടത്തിയ സംഭാഷണത്തിന്റെ ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

 

1) 2022 ലെ JCB ഇന്റർനാഷണൽ ലിറ്റററി പുരസ്‌ക്കാരത്തിന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങളെല്ലാം തന്നെ വിവര്‍ത്തന സാഹിത്യ വിഭാഗത്തിൽ പെട്ടതാണ്. വിവർത്തന സാഹിത്യം മുഖ്യധാര സാഹിത്യത്തിൽ നിന്നും പുറന്തള്ളപ്പെട്ട കാലം അവസാനിച്ചു എന്ന് തോന്നുന്നുണ്ടോ?

 

മുഖ്യധാരയിൽ എത്തി എന്നത് നിലവിൽ ഒരു അതിവായനയോ അതിമോഹമോ ആയി മാത്രേ എനിക്ക് കണക്കാക്കാൻ പറ്റുന്നുള്ളൂ. എന്നിരിക്കിലും, തീർച്ചയായും വിവർത്തന സാഹിത്യത്തിനു മുമ്പത്തേക്കാളും മാധ്യമ ശ്രദ്ധ കിട്ടുന്നുണ്ട്. കുറച്ചു നിരൂപകലാളനയും! ഇംഗ്ലീഷ് പ്രസാധക വിപണി, മാറുന്ന വായനാഭിരുചികൾ, കഴിവുറ്റ, ഡെഡിക്കേറ്റഡ് ആയ വിവർത്തകരുടെ വരവ്, പുതിയ പുരസ്കാരങ്ങൾ എന്നിവയൊക്കെ ഈ മാറ്റത്തിന് ആക്കം കൂട്ടിയിട്ടുള്ളതിൽ ചില ഘടകങ്ങൾ ആണ്.

 

2) താങ്കൾ ഒരു പുസ്തകം വിവർത്തനത്തിന് തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം അല്ലെങ്കിൽ അതിന്റെ രാഷ്ട്രീയം എന്താണ്?

 

ഒരു പുസ്തകത്തിലേക്ക് എത്തുന്നത് പലപ്പോഴും പല കാരണങ്ങൾ കൊണ്ടാണ്. ചിലപ്പോൾ എത്തിപ്പെടുന്നതും. പൊതുവിൽ, വായനക്കാരി എന്ന നിലയിൽ പുസ്തകത്തോടുള്ള ഇഷ്ടം, ഭാഷാപരമായ വെല്ലുവിളികള്‍, ചില പുസ്തകങ്ങളുമായുള്ള അടുപ്പം, വർണ-വർഗ-ലിംഗ രാഷ്ട്രീയങ്ങൾ എന്നിവയൊക്കെ കൂടാതെ, വിവർത്തനങ്ങൾ രൂപപ്പെടുത്തിയ മലയാളിയുടെ എഴുത്തുകൾ മലയാളത്തിന് വെളിയിൽ എത്തേണ്ടതുണ്ട് എന്ന ബോധ്യം ഇവയൊക്കെ ചേർന്നാണ് തെരഞ്ഞെടുക്കുന്നത്. ചിലപ്പോൾ ഇതൊന്നും കണക്കിലെടുക്കാതെ, വളരെ ആകസ്മികമായും, മറ്റു ചിലപ്പോൾ സുഹൃദ് ബന്ധത്തിന്റെ പേരിൽ പോലും വിവർത്തനം ഏറ്റെടുത്തിട്ടുണ്ട്.

 

3) എഴുത്തുകാർ അവരുടെ പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നതിന് വേണ്ടി നേരിട്ട് സമീപിക്കാറുണ്ടോ അതോ പ്രസാധകരാണോ സമീപിക്കാറുള്ളത് ? എഴുത്തുകാർ സമീപിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അവർ തങ്ങളുടെ കൃതികൾ വിവർത്തനം ചെയ്യപ്പെടണം എന്ന് ആഗ്രഹിക്കുന്നു എന്നതിനെ പറ്റി ആലോചിച്ചിട്ടുണ്ടോ?

 

എഴുത്തുകാരും, പ്രസാധകരും ചോദിക്കാറുണ്ട്. ഒരു പുസ്തകത്തിനോട് താൽപര്യം തോന്നിയാൽ ഞാൻ എഴുത്തുകാരോട് അങ്ങോട്ടും ചോദിക്കാറുണ്ട്. മലയാളത്തിന് പുറത്ത് സ്വന്തം കൃതി വായിക്കപ്പെടണം എന്നത് തന്നെയാണ് എഴുത്തുകാരുടെ പ്രധാന ചോദന എന്നാണ് തോന്നിയിട്ടുള്ളത്.

 

4) ഒരു പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അത് എഴുത്തുകാരന്റെതല്ല അനേകം വായനക്കാരുടേത് കൂടിയാണെന്ന് പറയാറുണ്ട്, ഈ ഒരു സാഹചര്യത്തിൽ വിവർത്തനത്തിനായി ഇരിക്കുമ്പോൾ 'Co-Creation' എന്ന സ്റ്റേജിൽ കൂടിയാണല്ലോ കടന്നു പോകുന്നത് അപ്പോൾ ഉണ്ടാകുന്ന ആത്മസംഘർഷാവസ്ഥകൾ എന്തൊക്കെയാണ്, എങ്ങനെയാണ് വിവർത്തനത്തിൽ ഒരു പരിണാമം വരുന്നത്?

 

ആവർത്തിച്ചുള്ള പുനർ വായനകളിലൂടെ, മാറ്റി എഴുതലുകളിലൂടെ, എഴുത്തടരുകളിലൂടെ പരിണമിക്കുന്ന വിവർത്തനം എന്നത് ഒരേ സമയം ക്രിയേറ്റീവ് ആയ സംഘർഷങ്ങൾ നിറഞ്ഞതും, വളരെ കഠിനമായതും, അങ്ങേയറ്റം ഉത്തരവാദിത്വം ആവശ്യപ്പെടുന്നതും, അതേ സമയം അത്രതന്നെ ആഹ്‌ളാദം പകരുന്നതും ആയ സങ്കീര്‍ണമായ പ്രക്രിയയാണ്.

 

5) മലയാളത്തിൽ ഇപ്പോൾ ഉണ്ടാവുന്ന അനേകം വിവർത്തനങ്ങൾക്ക് കാരണം എന്താണ് എന്നാണ് താങ്കൾ വിലയിരുത്തുന്നത് ? അതുപോലെ വായനക്കാർക്ക് വിവർത്തനകൃതികളോട് ഉള്ള പുത്തൻ മനോഭാവം എന്താണെന്നാണ് വിലയിരുത്തുന്നത്?

 

വല്ലി | photo : wiki commons

 

രാജ്യാന്തര പ്രസാധകരുടെ വരവോടെ ദേശീയ തലത്തിൽ ഇന്ത്യൻ മുഖ്യധാരാ/ diasaporic ഇംഗ്ലീഷ് സാഹിത്യത്തിന് കിട്ടിയിരുന്ന വിപണിമൂല്യത്തിൽ വന്ന ശോഷണം, ഇന്ത്യൻ ഭാഷാസാഹിത്യത്തിലേക്ക് തിരിയാൻ ഇടയാക്കിയിരിക്കണം. 1970-80 കൾ മുതലേ ഇംഗ്ലീഷ് വിവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്ന Orient Longman, Macmillan എന്നീ പ്രസാധകരും, പ്രഗത്ഭരായ എഡിറ്റർമാരും, ഞങ്ങൾക്ക് മുമ്പേ നടന്ന വിവർത്തകരും ചേർന്ന ഒരു തുടര്‍ച്ചയുടെ കൂടെ ഭാഗമായാണ് എന്നെപോലെയുള്ള പുതിയ വിവർത്തകരും നിലനിൽക്കുന്നത്. ഇന്നത്തെ പ്രകടമായ മാറ്റം എന്നത് ഇംഗ്ലീഷ് വായനക്കാരുടെ അടിസ്ഥാനത്തിലും, വിവർത്തനത്തിന്റെ സാധ്യതകളും രാഷ്ട്രീയവും ഉത്തരവാദിത്തവും തിരിച്ചറിയുന്ന, സഗൗരവം സ്വയം വിവർത്തനത്തിന് സമർപ്പിക്കുന്ന വിവർത്തകരുടെയും, വിവർത്തന സാഹിത്യം ഒരു രണ്ടാംകിട ഏർപ്പാടല്ല എന്ന മാറുന്ന വായനക്കാരുടെയും ബോധ്യത്തിലും വന്ന വർദ്ധനവും ആണ്.

 

6) നാല് JCB പുരസ്‌ക്കാരങ്ങളിൽ മൂന്നെണ്ണം കിട്ടിയത് മലയാളത്തിനാണ്, മറ്റനേകം ഇന്റർനാഷണൽ പുരസ്‌ക്കാരങ്ങളും മലയാളത്തിനു ലഭിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ആയിട്ടുള്ള പ്രസാധകർ മലയാളത്തിലെ എഴുത്തുകാരെ തേടി വരുന്ന ഒരു സാഹചര്യം ഇപ്പോൾ നിലവിലുണ്ടല്ലോ മലയാള സാഹിത്യത്തിലെ ഈ മാറ്റങ്ങളെ പറ്റി, സാധ്യതകളെ പറ്റി, വെല്ലുവിളികളെ പറ്റി ഒരു വിവർത്തക എന്ന നിലയിൽ എന്ത് തോന്നുന്നു?

 

ഇപ്രാവശ്യത്തെ JCB ചുരുക്കപ്പട്ടികയിലും മലയാളത്തിന് അഭിമാനിക്കാൻ ജയശ്രീ വിവർത്തനം ചെയ്ത ഷീല ടോമിയുടെ 'വല്ലി' യും ഉണ്ടല്ലോ. മലയാള സാഹിത്യത്തിനു വിവർത്തനപുനർജനികൾ കൊണ്ടുവരുന്ന യശസ്സ് വിവർത്തക എന്ന നിലയിൽ വളരെ സന്തോഷം തരുന്നുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളസാഹിത്യത്തിൻ മാറ്റ് ഉയർത്തുന്ന ഇംഗ്ലീഷ് വിവർത്തനങ്ങൾ ദേശീയ തലത്തിൽ പുരസ്കാരങ്ങൾ നേടുകയും, ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോൾ പോലും അവ എത്ര വിപുലമായി വായിക്കപ്പെടുന്നുണ്ട് എന്ന ആശങ്ക വിവർത്തകരും പ്രസാധകരും, എഴുത്തുകാരും പങ്കുവെക്കാറുണ്ട്. മാധ്യമ ശ്രദ്ധ ലഭിക്കുന്നുണ്ടെങ്കിലും, പൊതുവിൽ ഇംഗ്ലീഷ് വിവർത്തനകൃതികൾ ആഴത്തിൽ പഠിക്കപ്പെടുകയോ, വിമർശനാത്മകമായി വിശകലനം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല എന്നതും സങ്കടകരമാണ്. വിവർത്തനത്തിന്റെ മുഖ്യധാരാ പ്രവേശനത്തിലേക്കുള്ള വഴി തുറക്കുന്ന ഗൗരവമുള്ള വായനകൾ ഉണ്ടായിവരും എന്ന് നമുക്കാശിക്കാം .

 

ഫാത്തിമ ടീച്ചർ പറഞ്ഞവസാനിപ്പിക്കുമ്പോൾ "എല്ലാ ലോകഭാഷകളുടെയും പ്രവാഹങ്ങൾ വന്നു ചേരുന്ന ഒരു കടലായി തീരട്ടെ എന്റെ ഭാഷ " എന്ന വിക്ടർ ഹ്യൂഗോവിന്റെ വാക്കുകൾ ഓർമ്മിക്കുന്നു.

 

 

 

 

 

 

 

 

Leave a comment