ക്രിപ്റ്റോ കറൻസിയുടെ തകർച്ച
PHOTO: PIXABAY
2008ലെ ആഗോള സാമ്പത്തിക തകർച്ചയുടെ പിന്നാലെ സതോഷി നാകമോട്ടോ (Satoshi Nakamoto) എന്ന അജ്ഞാതനായ വ്യക്തിയുണ്ടാക്കിയ ബാങ്ക് ഇതര കറൻസി അഥവാ ബാങ്ക് ഇതര സാമ്പത്തിക വ്യവസ്ഥയാണ് ബിറ്റ് കോയിൻ. അമേരിക്കൻ ഗവണ്മെന്റും വൻകിട ബാങ്കുകളും നിയന്ത്രിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥ ഒരു ചെറിയ വിഭാഗം പണക്കാർക്ക് മാത്രം കൂടുതൽ പണം ഉണ്ടാക്കുന്ന രീതിയിൽ ഡിസൈൻ ചെയ്യപ്പെട്ടതിനാൽ എല്ലാവർക്കും തുല്യമായ അവകാശങ്ങളുള്ള, ചില ശക്തമായ രാജ്യങ്ങൾക്കോ ബാങ്കുകൾക്കോ ബിസിനസുകൾക്കോ നിയന്ത്രിക്കാനോ കൃത്രിമം കാണിക്കാനോ പറ്റാത്ത വികേന്ദ്രീകൃത ധനകാര്യം (decentralized finance) ആണ് അദ്ദേഹം ഉദ്ദേശിച്ചത്. ഈ കറൻസി ഉപയോഗിക്കുന്ന ലോകമാസകലമുള്ള, ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള കമ്പ്യൂട്ടറുകളുടെ കമ്പ്യൂട്ടിങ് ശേഷി ഉപയോഗിച്ച് എല്ലാവരും നിയന്ത്രിക്കുന്ന എന്നാൽ ആർക്കും അവകാശമില്ലാത്ത ഒരു കറൻസി. അതായിരുന്നു നാകമോട്ടോ ഉദ്ദേശിച്ചതും ഉണ്ടാക്കിയതും. അങ്ങനെയാണ് ബിറ്റ് കോയിൻ രൂപം കൊണ്ടത്. പതുക്കെ പതുക്കെ ബിറ്റ് കോയിനെപ്പറ്റി ആളുകൾ അറിയുകയും അനേകർ ഇതിൽ ഇൻവെസ്റ്റ് ചെയ്യുകയും അതിന്റെ യഥാർത്ഥ ഉദ്ദേശത്തിനു പകരം ഒരു പോൺസി സ്‌കീം ആകുകയും ചെയ്തു. ഒരു രണ്ടാഴ്ച മുമ്പ് വരെ ബിറ്റ് കോയിന്റെ മൊത്തം മൂല്യം 1200 ബില്യൺ ഡോളറായിരുന്നു. ഒരു കോട്ടിന്റെ വില മുപ്പത് ലക്ഷത്തിൽ അധികം രൂപയും. ഇതോടൊപ്പം ഇതേ വികേന്ദ്രീകൃത ഇന്റർനെറ്റ് എന്ന ഒരു ആശയവും വളർന്നു വന്നു അങ്ങനെ ബിറ്റ് കോയിൻ പോലെയുള്ള വേറെയും ഒട്ടനവധി കോയിനുകൾ രൂപം കൊണ്ടു. നിലവിൽ 16,000 ത്തോളം കോയിനുകൾ ഉണ്ടെന്നാണ് ഈ മേഖലയിലെ ഏറ്റവും വലിയ ന്യൂസായ കോയിൻ മാർക്കറ്റ് ഗ്രാഫ് കണക്കാക്കുന്നത്.
പ്രധാനമായും നാല് തരം ഉപയോഗങ്ങളാണ് ക്രിപ്റ്റോ കോയിനുകൾക്കുള്ളത്.
ഒന്നാമത്തേത്, ബിറ്റ് കോയിൻ പോലെ ഒരു വികേന്ദ്രീകൃത ലെഡ്ജർ (ഡിസെൻട്രലൈസ്ഡ് ലെഡ്ജർ) ആയ കോയിനുകൾ. ഇവയുടെ എണ്ണം നിയന്ത്രിതമായതിനാൽ കൂടുതൽ ആളുകൾ വാങ്ങുന്നതോടെ വില കൂടുന്നു. ഇത്തരം കോയിനുകൾ പ്രത്യേകിച്ച് വേറെ ഒരു ടെക്നോളജി ഉപകാരങ്ങളും ഉണ്ടാക്കുന്നില്ല.
രണ്ടാമത്തേത്, വിവിധ തരം ഇന്റർനെറ്റ് ടെക്നോളജി കമ്പനികൾ അവരുടെ ടെക്നോളജികൾ വളർത്താനുള്ള പണം ഉണ്ടാക്കാനായി ഇറക്കിയ കോയിനുകൾ. സോളാണ, എതറിയം, പോളിഗോൺ തുടങ്ങിയവ അത്തരം കോയിനുകൾ ആണ്.
മൂന്നാമത്തേത്, സ്റ്റേബിൾ കോയിൻ എന്ന് വിളിക്കുന്ന ഏതെങ്കിലും കറൻസിയുടെ അതെ വില നിലനിർത്തുന്ന ( പെഗ്ഗ് ചെയ്യപ്പെട്ട ) കോയിനുകൾ. മിക്കവാറും ഇത്തരം കോയിനുകൾ എല്ലാം തന്നെ അമേരിക്കൻ ഡോളറുമായിട്ടാണ് പെഗ്ഗ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയുടെ ഉപയോഗം രണ്ടു കാര്യങ്ങൾക്കാണ്. അന്താരാഷ്ട്ര തലത്തിൽ പണം ഒരു രാജ്യത്തു നിന്നും വേറൊരു രാജ്യത്തിലേക്ക് വളരെ കുറഞ്ഞ,അല്ലെങ്കിൽ ഒരു ചിലവും ഇല്ലാതെ, യാതൊരുവിധ ഡോക്യൂമെന്റുകളും ഇല്ലാതെ ബാങ്കുകളുടെ സഹായം ഇല്ലാതെ, ഇന്നുപയോഗിക്കുന്ന സ്വിഫ്റ്റ് എന്ന പരിപാടിയെ മറികടന്ന് അയക്കുന്നതിനു വേണ്ടി. മറ്റൊന്ന് വളരെയധികം വില ഇടിയുന്ന കറൻസികൾ ഉള്ള രാജ്യങ്ങൾ ആയ ലെബനൻ, ഇറാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾ അവരുടെ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിനു പകരം ഇത്തരം കോയിനുകൾ ആക്കി മാറ്റിയിരുന്നു. ഈ കോയിനുകളുടെ ഏക വാഗ്ദാനം എപ്പോൾ വേണമെങ്കിലും തുല്യമായ എണ്ണം അമേരിക്കൻ ഡോളറാക്കി മാറ്റാം എന്നതാണ്. അത്തരം ഒരു പ്രധാന കോയിൻ ആയ UST എന്ന കോയിനിന്റെ വില രണ്ടു ദിവസം മുമ്പ് ഇടിഞ്ഞ് മൂന്നിലൊന്നായി കുറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സ്റ്റബിൾ കോയിനിന്റെ വില ഇടിയുന്നത്. അതോടെ ആ കോയിൻ പ്രമോട്ട് ചെയ്തിരുന്ന കമ്പനിയുടെ ഗവേര്‍ണൻസ് കോയിനായ (കമ്പനി നടത്താനുള്ള പണം സംഭരിക്കുന്നതിനു വേണ്ടി ഇറക്കിയ കോയിൻ) ലൂണ എന്ന കോയിൻ എക്‌സ്‌ചെയിഞ്ചിൽ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെട്ടു. അതോടെ ഏറ്റവും മൂല്യമുള്ള കോയിനുകളുടെ ആദ്യ പത്തിൽ വന്നിരുന്ന ലൂണ എന്ന കോയിനിൽ മുടക്കിയിരുന്ന 40 ബില്യണോളം ഡോളറും നിക്ഷേപകർക്ക് നഷ്ടപ്പെട്ടു. ഇത് വലിയ അലയൊലികൾ ഉണ്ടാക്കി. മൊത്തം ക്രിപ്റ്റോകളുടെ വില 2400 ബില്യൺ ഡോളർ എന്നതിൽ നിന്ന് ഇടിഞ്ഞ് പകുതിയിലും താഴെയാണ് ഇപ്പോൾ ഉള്ളത്.
നാലാമത്തേത്, മീം കോയിനുകൾ അഥവാ തമാശ കോയിനുകളാണ്. ടോജ്, ഷിബാ എന്നിങ്ങനെയുള്ള കോയിനുകൾ എലോൺ മസ്കിനെ പോലെയുള്ള ഏതെങ്കിലും വലിയ ഇൻവെസ്റ്റർ വാങ്ങുന്നതോടെ വില കൂടുന്നു. കൂടാതെ ഇവയിൽ പലതും ഇന്റർനെറ്റ് ഗെയിമുകളിൽ പോയിന്റുകൾ ആയും ഉപയോഗിക്കപ്പെടുന്നു. കഴിഞ്ഞ അഞ്ചാറ് വര്ഷം കൊണ്ട് ക്രിപ്റ്റോ എന്നത് സതോഷി നാകമോട്ടോ ഉദ്ദേശിച്ച വികേന്ദ്രികൃത ഫിനാൻസ് എന്ന അതിന്റെ അടിസ്ഥാന ആശയത്തെ ഉപേക്ഷിച്ച് ഒരുതരം പോൺസി സ്‌കീം ആയി മാറിയിരുന്നു എന്നത് ശരിതന്നെ ആണ്. അതോടൊപ്പം വേറൊന്നുകൂടി കാണേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും കേന്ദ്രീകൃതമായി നിൽക്കുന്ന വ്യവസായം ആണ് ഇന്റെർനെറ് വ്യവസായം. Winner takes all എന്നൊരു ചൊല്ലുണ്ട്.അതായത് മൊത്തം ബിസിനസും വിജയി കൊണ്ടുപോകും എന്നാണതിന്റെ അർഥം. ഉദാഹരണത്തിനു ആമസോൺ, ആൽഫബെറ്റ് (ഗൂഗിൾ), മെറ്റാ (ഫേസ്ബുക് ) മൈക്രോസോഫ്റ്റ്, യൂബർ, നെറ്റ്ഫ്ലിക്സ്, ബൈറ്റ് ഡാൻസ് തുടങ്ങി വിരലിൽ എണ്ണാവുന്ന കമ്പനികൾ ആണ് ഇന്റർനെറ്റ് ബിസിനസിന്റെ ഏതാണ്ട് മുഴുവൻ കൺട്രോൾ ചെയ്യുന്നത്. എന്ന് മാത്രമല്ല ഇവയ്ക്കാവശ്യമായ മുഴുവൻ അധ്വാനവും ലോകമാസകലം ഉള്ള ജനങ്ങൾ ആണ് ചെയ്യുന്നത്. വെറും ഒരു പ്ലാറ്റ് ഫോം ഉണ്ടാക്കി ഈ കമ്പനികൾ ബില്യൺ കണക്കിന് പണം ഉണ്ടാക്കുന്നു. ഒരു ഉദാഹരണം ആയി ഗൂഗിളിന്റെ യുട്യൂബ് എടുക്കുക. യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്യുന്നവരിൽ വെറും രണ്ടു ശതമാനം ആളുകൾക്ക് മാത്രം ആണ് അതിൽ നിന്നും എന്തെങ്കിലും വരുമാനം കിട്ടുക എന്നാണ് ഗൂഗിൾ തന്നെ റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല ഇതിൽ തന്നെ വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമേ ഈ ജോലി ഒരു ഫുൾ ടൈം ജോലി ആയി കാണാനുള്ള വരുമാനം ഉള്ളു. ഇങ്ങനെ വേണമെങ്കിൽ യൂബറിനെയും നെറ്ഫ്ലിക്സിനെയും ഒക്കെ കാണാം. വളരെ ചുരുക്കം ഭീമൻ കമ്പനികളും അവയുടെ കാരുണ്യത്തിൽ ജീവിക്കുന്ന ലോകമാസകലം ഉള്ള തൊഴിലാളികളും ഉപഭോക്താക്കളും. ഇതിൽ ഒരു മാറ്റം വരുത്തി ഒരു വികേന്ദ്രീകൃത ഇന്റർനെറ്റ് ഉണ്ടാക്കാനുള്ള ആശയമായിരുന്നു ക്രിപ്റ്റോ കറന്‍സികള്‍.
ഇന്റർനെറ്റിന്റെ ചരിത്രം ചുരുക്കത്തിൽ എഴുതാം. ഇന്റർനെറ്റിന്റെ തുടക്കത്തിൽ അതായത് 90 കളിലും 2000 ത്തിലും വരെ ഇന്റര്‍നെറ്റ് കമ്പനികൾ ( യാഹൂ, ഹോട്മെയിൽ, ഗൂഗിൾ തുടങ്ങിയവ) ഏതാണ്ട് റേഡിയോ പോലെ ആയിരുന്നു. അതായത് നമ്മുടെ പത്രങ്ങൾ പോലെ യാഹൂ എല്ലാ വാർത്തകളും നമുക്ക് തരുന്നു. നമുക്ക് വായിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും കമന്റ് എഴുതാനോ മാത്രം സാധിക്കുന്ന കാലം. അതിനെ വെബ് 1.0 എന്ന് വിളിക്കാം. പിന്നീട് വെബ് 2.0 എന്നറിയപ്പെട്ട സോഷ്യൽ മീഡിയയുടെ കാലമായിരുന്നു, അതായത് 2010 കളോടെ ഫേസ്‌ബുക്കും യൂബറും Airbnb യും ഒക്കെകൂടി ഇതിൽ വലിയ മാറ്റം വരുത്തി. കണ്ടന്റ് കൊടുക്കുന്നത്, താമസിക്കാന്‍ റൂമുകൾ കൊടുക്കുന്നത്, അല്ലെങ്കിൽ കാറുകളുടെ ഉടമകള്‍ എല്ലാം പല വ്യക്തികള്‍. എന്നാൽ ഇവയെ കൂട്ടിച്ചേര്‍ക്കുന്ന പ്ലാറ്റുഫോമുകൾ യാതൊരു ജോലിയും ചെയ്യാതെ ഇങ്ങനെ ലോകമാസകലം ഉള്ള ആളുകൾ കൊടുക്കുന്ന വീഡിയോകൾ, കാറുകൾ, റൂമുകൾ വഴി ബില്യണുകൾ ഉണ്ടാക്കുന്നു. തുടക്കത്തിൽ അവർ ഇടപെട്ട മേഖലകളിൽ കാര്യക്ഷമത വർധിപ്പിച്ചതോടെ ഈ പ്രസ്ഥാനങ്ങള്‍ വളരെ വലുതായി. ഉല്പാദകരെയും ഉപഭോക്താക്കളെയും ആകർഷിച്ചു. എന്നാൽ പതുക്കെ പതുക്കെ ചൂഷണത്തിന്റെ ഏറ്റവും വലിയ ഇടമായി ഇന്റർനെറ്റ് കമ്പനികൾ മാറി. ഇതിൽ നിന്നും ഒരു മാറ്റം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ പലരും തുടങ്ങിയിരുന്നു. അവയെ ആണ് വെബ് 3.0 എന്ന് വിളിക്കുന്നത്. ഉദാഹരണത്തിന് ആലോചിക്കുക, ഒരു യൂട്യൂബിന് ബദലായി പുതിയ വികേന്ദ്രീകൃത വീഡിയോ ഷെയറിംഗ് പ്ലാറ്റ് ഫോം. അതിൽ ആർക്കു വേണമെങ്കിലും വീഡിയോ ഇടാം, കിട്ടുന്ന പരസ്യ വരുമാനം വീഡിയോ ഇടുന്ന ആളും, കാണുന്നവരും ഷെയർ ചെയ്തു വൈറൽ ആക്കാൻ സഹായിക്കുന്നവരും കൂടി ഷെയർ ചെയ്യുന്നു. അതിനു സഹായിക്കുന്ന കോയിൻ വളരെ ചെറിയ (അഞ്ചു ശതമാനം വരെ) ലാഭവിഹിതം എടുക്കുന്നു. ഇങ്ങനെയുള്ള ഏതാണ്ട് ആയിരത്തോളം പ്രോജക്റ്റുകൾ എങ്കിലും കഴിഞ്ഞ രണ്ടു വർഷത്തിൽ ആരംഭിച്ചിരുന്നു.
നോർവീജിയൻ കമ്പനിയായ മൂവി ഇങ്ങനെ ഒരു വേറിട്ട യൂട്യൂബ് ഉണ്ടാക്കാനുള്ള ശ്രമത്തിൽ ആണ്. സോളാണ എന്ന ടെക്നോളജി കോയിൻ ഉപയോഗിച്ച് നിയന്ത്രിക്കുന്ന പണമിടപാട് വഴി ഈ ആപ്ളിക്കേഷന്‍ (ഇത്തരം വികേന്ദ്രീകൃത ആപ്ളിക്കേഷനുകളെ dapp - decentralised app എന്നാണ് വിളിക്കുക) മൂവിയുടെ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്ക് കിട്ടുന്ന വരുമാനം നാല് ഭാഗം ആയി തിരിച്ചു വിതരണം ചെയ്യപ്പെടുന്നു എന്നാണ് സങ്കൽപം. പ്രധാന ഭാഗം വീഡിയോ ഉണ്ടാക്കിയ ആള്‍ക്ക് പോകുന്നു. വേറൊരു ഭാഗം അവയെ ഷെയർ ചെയ്യുന്നവർക്ക് കൂടി, ഓരോ തവണ കാണുമ്പോളും കാണുന്നവർക്കും ഒരു ചെറിയ ഭാഗം വരുമാനം കിട്ടുന്നു. അഞ്ചു ശതമാനം വരുമാനം ഈ കമ്പനിയുടെ ചെലവുകൾക്കായി എടുക്കുന്നു. ഒന്നാലോചിച്ചു നോക്കൂ, വീഡിയോകൾ, പോസ്റ്റുകൾ, ഫോട്ടോകൾ. നിങ്ങളുടെ ഷെയറും പലതവണയുള്ള കാണലും കാരണം അല്ലെ വൈറൽ എന്ന അവസ്ഥ ഉണ്ടാകുന്നത്, കോടിക്കണക്കിനു പേര് കാണുന്നത്. എന്നിട്ട് ഗൂഗിളോ യൂട്യൂബൊ ആമസോണോ നിങ്ങൾക്ക് ഒരു രൂപയെങ്കിലും തരണം എന്നാലോചിച്ചിട്ടുണ്ടോ ? അതിനൊരു മാറ്റം ഭാവിയില്‍ ഉണ്ടാകാം.
എന്നാല്‍ ഇപ്പോള്‍ ഉണ്ടായ ലൂണായുടെ തകർച്ച മൊത്തത്തിൽ ക്രിപ്റ്റോ കറൻസികളുടെ വിശ്വാസ്യത ഇല്ലാതാക്കാം. ഇത്തരം പ്രോജക്ടുകളുടെ ഫണ്ടിംഗ് ഇല്ലാതാവുന്നതോടെ അവ നശിക്കുകയും ചെയ്യാനാണ് സാധ്യത. ഇന്റർനെറ്റിലെ ഭീമന്മാർ ഇന്റർനെറ്റിനെ മൊത്തത്തിൽ കൺട്രോൾ ചെയ്യുന്ന അവസ്ഥ ഒരു നാലഞ്ചു വർഷത്തേക്കെങ്കിലും നീട്ടിക്കൊടുക്കുന്നതിനാണ് ഈ ആഴ്ച ഉണ്ടായ ഈ സംഭവം കാരണമായേക്കുക.