TMJ
searchnav-menu
post-thumbnail

Outlook

വലതുപക്ഷത്തിന്റെ സാമ്രാജ്യത്വ വിധേയത്വത്തിന് എല്ലാകാലത്തും കമ്മ്യൂണിസ്റ്റ് ബദലുകളുണ്ടായിട്ടുണ്ട്

30 Mar 2022   |   1 min Read
K N Ganesh

ന്ത്യൻ ഇടതുപക്ഷം, പ്രത്യേകിച്ച് കമ്മ്യൂണിസ്ററ് പാർട്ടികൾ, ഇന്ത്യയിലെ ആശയരംഗത്തെ സജീവസാന്നിദ്ധ്യമാണ്. വിവിധ ജനവിഭാഗങ്ങളുടെ പ്രക്ഷോഭ സമരങ്ങളിലും നിസ്തുലമായ പങ്ക് അവർക്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അതിനു സമാനമായ സാന്നിദ്ധ്യം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അവർക്ക് അവകാശപ്പെടാൻ സാധിക്കില്ല. നിരവധി സംസ്ഥാനങ്ങളിൽ അവരുടെ സാന്നിധ്യം നാമമാത്രമാണ്. ബംഗാൾ, തൃപുര, കേരളം എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് തെരഞ്ഞെടുപ്പ് വഴി അധികാരത്തിൽ വന്നിട്ടുള്ളത്. 1967ലെ തെരഞ്ഞെടുപ്പിൽ ചില സംസ്ഥാനങ്ങളിൽ സി പി ഐ ഐക്യമുന്നണികളുടെ ഘടകമായിട്ടുണ്ട്. അവർ കേന്ദ്രമന്ത്രിസഭയിലും അംഗമായിട്ടുണ്ട്. സിപിഐ(എം) ഒരിക്കലും കേന്ദ്രമന്ത്രിസഭയിലോ പാർട്ടിക്ക് നിർണായക സ്വാധീനം ഇല്ലാത്ത മുന്നണികളിലോ മന്ത്രിസഭയിൽ ചേർന്നിട്ടില്ല. സിപിഐ (എം എൽ) ഈയിടെ മാത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നത്. അവരുടെ മുഖ്യസ്വാധീനം ബീഹാറിലുമാണ്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ സാന്നിദ്ധ്യമായ സിപിഐഎം ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വൻ തോതിലുള്ള ഇടിവാണ് സംഭവിച്ചത്. 2011ലേറ്റ പരാജയത്തിനു ശേഷം തിരികെ വരാൻ ബംഗാളിലെ ഇടതുമുന്നണിക്കു കഴിഞ്ഞില്ല. അതിനുശേഷം ഇടതുമുന്നണിയുടെ വോട്ടുവിഹിതം ചുരുങ്ങി, നാലര ശതമാനമായിരിക്കുകയാണ്. സമാനമായ തകർച്ചയാണ് തൃപുരയിലും സംഭവിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരാളെ മാത്രമേ പാർലമെന്റിൽ എത്തിക്കാൻ കഴിഞ്ഞുള്ളു. എങ്കിലും വോട്ടുവിഹിതം 35 ശതമാനമായി നിലനിർത്താൻ കഴിഞ്ഞു. ഇക്കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിൽ വോട്ടു വിഹിതം 45 ശതമാനത്തിൽ ഏറെയായി ഉയർത്തി. കേരളചരിത്രത്തിൽ ആദ്യമായി സിപിഐ(എം) നേതൃത്വത്തിലുള്ള മുന്നണിക്ക് തുടർച്ചയായി രണ്ടാം തവണ നിയമസഭയിൽ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു.

ഈ തെരഞ്ഞെടുപ്പ് പ്രകടനം കാണിക്കുന്ന മറ്റു ചില വസ്തുതകളുണ്ട്. വോട്ടിങ്ങിലെ ഭൂരിപക്ഷത്തിനു വേണ്ട 50 ശതമാനത്തിലധികം വോട്ടുകൾ ഇടതുമുന്നണിക്ക് ലഭിച്ചത്, ബംഗാളിലും തൃപുരയിലുമായിരുന്നു. അവിടെ നിന്ന് വോട്ടിങ്ങ് ശതമാനം കുത്തനെ ഇടിയുകയാണ് ചെയ്തത്. കേരളത്തിൽ എൽഡിഎഫിന് ഏറ്റവും ഉയർന്ന വോട്ട് രേഖപ്പെടുത്തിയത് 1987 ലാണ്. അതിന് ശേഷം 2006ലും. തുടർച്ചയായി രണ്ടാമത് അധികാരത്തിൽ വന്നപ്പോഴും ഈ വോട്ടു വിഹിതത്തെ മറികടക്കാൻ കഴിഞ്ഞിട്ടില്ല. അതായത് കേരളത്തിലെങ്കിലും എല്ലാ തെരഞ്ഞെടുപ്പുകളിലും സമ്മതിദായകരിൽ ഭൂരിപക്ഷവും എൽഡിഎഫി ന് എതിരാണ് വോട്ട് ചെയ്യുന്നത്. ഇതേ പ്രവണത തന്നെ മറ്റൊരു രൂപത്തിലും കാണാം. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള വർഗബഹുജനസംഘടനകളിലെ അംഗങ്ങളുടെ വോട്ട് കമ്മ്യൂണിസ്ററ് സ്ഥാനാർഥിക്ക് കിട്ടണം എന്നില്ല. കേരളത്തിലെ സിപിഐഎം നേതൃത്വത്തിലുള്ള വർഗബഹുജനസംഘടനകളിൽ ഒരു കോടിയിൽ പരം അംഗങ്ങൾ ഉണ്ട്. അത്രയും വോട്ടുകൾ പാർട്ടിക്കോ മുന്നണിക്കോ ഒരിക്കലും കിട്ടാറില്ല.

ഈ പ്രവണതകളെ മുഖ്യധാരാ മാധ്യമങ്ങളും ചില ഇടതുലിബറൽ ബുദ്ധിജീവികളും അവർക്ക് മനസിലായ വിധത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. ബംഗാളിലെ പതനത്തിനു കാരണം സിംഗൂരിലെയും നന്ദിഗ്രാമിലെയും വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ജനവിരുദ്ധനയങ്ങളാണ് എന്ന വാദത്തിന് സാർവത്രിക അംഗീകാരമുണ്ട്. ഈ ദിശയിൽ പാളിച്ചകൾ പറ്റിയിട്ടുണ്ട് എന്ന് സിപിഐഎം കൂടി അംഗീകരിച്ചതോടെ ഇത് ദൃഢീകരിക്കപ്പെട്ടിരിക്കുകയാണ്. ഇതിനു സമാനമായ സ്ഥിതി തൃപുരയിലില്ല. കേരളത്തിൽ പലതവണ എൽഡിഎഫ് ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. അവിടെയും ഇതേ വാദഗതി സ്വീകരിക്കാൻ പ്രയാസമുണ്ട്. ഇടതു കക്ഷികൾക്കു പകരം ബംഗാളിലും തൃപുരയിലും ഭരണത്തിൽ വന്ന പാർട്ടികൾ കൂടുതൽ പുരോഗമനാത്മകവും ജനപക്ഷത്ത് നിന്നുള്ളതുമായ നയങ്ങൾ നടപ്പിലാക്കുന്നതായി ആരും അവകാശപ്പെടുന്നില്ല. അതുകൊണ്ട് സിംഗൂർ നന്ദിഗ്രാമിനെ മാത്രം മുൻനിർത്തി ഇടതുപക്ഷ പാർലമെന്ററി പ്രവർത്തനത്തെക്കുറിച്ച് ഒരു തീർപ്പ് കൽപ്പിക്കുന്നത് അശാസ്ത്രീയമായിരിക്കും. അതാണ് പലരും ചെയ്തുകാണുന്നത്.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ 1950 കളിൽ നിലനിന്ന ഭൗതിക ആത്മനിഷ്ഠ സാഹചര്യങ്ങൾ ഇന്ന് ഇടതുപക്ഷത്തിന് പ്രത്യേകിച്ച് കമ്മ്യൂണിസ്ററ് രാഷ്ട്രീയത്തിന് ഇല്ല എന്നു കാണാൻ പ്രയാസമില്ല. സോഷ്യലിസം ഒരു പ്രായോഗിക മാതൃകയായി നിലനിൽക്കുകയും ലോകത്തിലെ നിരവധി രാഷ്ട്രങ്ങളിൽ അതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കമ്മ്യൂണിസ്ററ് മുന്നേറ്റം ഉണ്ടായത്.

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ പൊതുവിൽ വിലയിരുത്തേണ്ടത് ഏതെങ്കിലും പ്രദേശത്തെയോ സംസ്ഥാനത്തെയോ തെരഞ്ഞെടുപ്പുകളുടെയും ഭരണകാര്യനിർവഹണത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമല്ല. പാർലമെന്ററി പ്രവർത്തനം കമ്മ്യൂണിസ്റ്റ് പ്രവർത്തനത്തിന്റെ ഒരു മുഖം മാത്രമാണ്. നിലവിലുള്ള ഭരണഘടനയുടെയും ഭരണകൂട സംവിധാനങ്ങളുടെയും ചട്ടക്കൂടിലാണ് ആ പ്രവർത്തനം നടക്കുന്നത്. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിലയിരുത്തലുകളും ജനവിരുദ്ധനയങ്ങൾക്കെതിരായ പ്രക്ഷോഭസമരങ്ങളും അതുപോലെ പ്രധാനമാണ്. ഭരണവർഗപ്രത്യയശാസ്ത്രത്തിനെതിരായ ആശയസമരങ്ങൾക്കും തുല്യമായ പ്രാധാന്യമുണ്ട്. നിലവിലുള്ള സാധ്യതകളുപയോഗിച്ചു ജനങ്ങളുടെ അതിജീവനത്തിനുള്ള പിന്തുണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും പ്രധാനമാണ്.

ഇത്തരം വിമർശനം നടത്തുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേരിടുന്ന ഭൗതികവും ആത്മനിഷ്ഠവുമായ സാഹചര്യവും പ്രധാനമാണ്. 1920 ൽ പാർട്ടിയുടെ ആദ്യഘടകം താഷ്‌ക്കന്റിൽ രൂപം കൊണ്ടതിനു ശേഷം അതിതീവ്രമായ മർദനത്തിന്റെ സാഹചര്യത്തിലാണ് പാർട്ടി വളർന്നുവന്നത്. 1942 ൽ പാർട്ടിയുടെ മേലുള്ള നിരോധനം നീക്കിയ ചെറിയ കാലയളവൊഴിച്ചാൽ കമ്മ്യൂണിസ്ററ് പാർട്ടി നിരന്തരമായി അണ്ടർഗ്രൗണ്ടിലായിരുന്നു. പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി, കോൺഗ്രസ് സോഷ്യലിസ്റ്റ്‌ പാർട്ടി, വിവിധ ട്രേഡ് യൂണിയനുകളും കർഷകസംഘടനകളും തുടങ്ങിയവയിലൂടെയാണ് കമ്മ്യൂണിസ്ററ്കാർ പ്രവർത്തിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷവും സമാനമായ സാഹചര്യങ്ങൾ നിലനിന്നു. 1948 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. പൊതുസുരക്ഷാ നിയമമനുസരിച്ച് നല്ലൊരു ശതമാനം അറസ്ററിലായി. ഈ സാഹചര്യങ്ങളിലും കമ്മ്യൂണിസ്ററ് പാർട്ടിയുടെ ജനസ്വാധീനം തുടർച്ചയായി വളരുകയായിരുന്നു.

1951 ൽ കമ്മ്യൂണിസ്ററ് പാർട്ടിക്ക് മേലുള്ള നിരോധനങ്ങൾ നീക്കപ്പെട്ടു. ഇന്ത്യയുടേത് ജനകീയ ജനാധിപത്യ വിപ്ലവപാതയാണ് എന്ന് അംഗീകരിക്കുന്ന നയപ്രഖ്യാപനം പാർട്ടി അംഗീകരിച്ചു. പാർലമെന്ററി പ്രവർത്തനത്തെ പാർട്ടി പ്രവർത്തനത്തിന്റെ ഒരു മുന്നണി പ്രവർത്തനമാക്കാനും തീരുമാനിച്ചു. ഇതനുസരിച്ചാണ് പാർട്ടി 1952 ലെ തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്. തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് കക്ഷികളുമായി ധാരണയുമുണ്ടാക്കി. ഇതിന്റെ ഫലമായി കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ ഗ്രൂപ്പ് ഇടതുപക്ഷമായി. പിന്നീട് നടന്ന പാർലമെന്റ് അസംബ്ലിതെരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്ററ് പാർട്ടിയുടെ മികച്ച പ്രകടനം ആവർത്തിച്ചു. ബംഗാൾ, ആന്ധ്ര പഞ്ചാബ് മുതലായ സംസ്ഥാനങ്ങളിലും ബോംബെ, കാൺപൂർ മുതലായ വ്യവസായകേന്ദ്രങ്ങളിലും പാർട്ടിക്കനുകൂലമായി കനത്ത പോളിംഗ് നടന്നു. ആന്ധ്രയിൽ മൊത്തം പോൾ ചെയ്ത വോട്ടിന്റെ മുപ്പത് ശതമാനമാണ് കമ്മ്യൂണിസ്റ്റ്കാർക്ക് ലഭിച്ചത്. ബോംബെ പരേൽ നിയോജകമണ്ഡലത്തിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് എസ്എ ഡികെ തെരഞ്ഞെടുക്കപ്പെട്ടത്. മദ്രാസിൽ ഡികെയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷത്തിനടുത്തെത്തി. ഇതേ തരംഗമാണ് കേരളത്തിലെ സവിശേഷസാഹചര്യങ്ങളിൽ കമ്മ്യൂണിസ്ററ് പാർട്ടിയെ അധികാരത്തിൽ എത്തിച്ചത്.

കമ്മ്യൂണിസ്ററ് പാർട്ടിക്ക് ലഭിച്ച വർദ്ധിച്ച ജനപ്രീതിക്കു പിന്നിൽ രണ്ടു ഘടകങ്ങൾ ഉണ്ടായിരുന്നു. യുദ്ധാനന്തരലോകസാഹചര്യങ്ങളുടെയും അപകോളനീകരണത്തിന്റെയും പശ്ചാത്തലത്തിൽ സോഷ്യലിസ്ററ് ആശയങ്ങൾക്കു പൊതുവെ ലഭിച്ച അംഗീകാരമായിരുന്നു ഒരു കാരണം. യുദ്ധാനന്തരം സ്വതന്ത്രമായ രാജ്യങ്ങളിൽ സാമ്രാജ്യത്വ ചേരിയോടൊപ്പം പരസ്യമായി നിൽക്കാൻ തയ്യാറായവ വളരെ ചുരുക്കമായിരുന്നു. മിക്കവാറും പേരും സോഷ്യലിസ്റ്റ് കോമിൻഫോമിന്റെയോ ചേരിചേരാ പ്രസ്ഥാനത്തിന്റെയോ ഒപ്പം നിന്നു. ഇന്ത്യയിലും സ്വതന്ത്രയും ജനസംഘവും പോലുള്ള തീവ്രവലതുപക്ഷകക്ഷികളൊഴിച്ച് മറ്റുള്ളവയെല്ലാം സോഷ്യലിസത്തിന്റെ ഏതെങ്കിലും രൂപത്തെ അംഗീകരിച്ചു. നെഹ്റുവിന്റെ സോഷ്യലിസ്ററ് പാറ്റേണും ജയപ്രകാശ് നാരായണിന്റെ ഗാന്ധിയൻ സോഷ്യലിസവും ഉദാഹരണമാണ്. മതനിരപേക്ഷജനാധിപത്യ സങ്കല്പത്തിൽ നിന്നു കൊണ്ട് രാഷ്ട്രനിർമാണത്തെ കുറിച്ചു നടന്ന ചർച്ച കമ്മ്യൂണിസ്ററ് ആശയങ്ങളുടെ പ്രചാരത്തെയും ശക്തിപ്പെടുത്തി. ജാതിജന്മിവിരുദ്ധപ്രസ്ഥാനങ്ങളും തൊഴിലാളിപ്രക്ഷോഭങ്ങളും ശക്തമായി നടന്ന പ്രദേശങ്ങളിൽ പാർട്ടിയുടെ സംഘാടനവും ശക്തിപ്പെട്ടു. ഇത്തരം സംഘർഷങ്ങൾ വ്യാപകമായി നടന്ന കേരളത്തിലെ വളർച്ചതന്നെയായിരുന്നു നല്ല ഉദാഹരണം.

ഇന്ത്യയിലെ വലതുപക്ഷത്തിന് രണ്ട് അടിസ്ഥാനസ്വഭാവവിശേഷങ്ങൾ അന്നു തന്നെയുണ്ടായിരുന്നു. ഒന്ന് പരസ്യമായ സാമ്രാജ്യത്വവിധേയത്വമായിരുന്നു. സ്വതന്ത്രവാണിജ്യത്തിനു വേണ്ടി സോഷ്യലിസ്റ്റ് കമ്മ്യൂണിസ്ററ് വിരുദ്ധനിലപാടെടുത്ത സ്വതന്ത്രാപാർട്ടിയായിരുന്നു ഉദാഹരണം. ജനസംഘവും അതുപോലെ ഹിന്ദുരാഷ്ട്രത്തിനു വേണ്ടി നിലകൊണ്ടു. ഈ ആശയങ്ങൾക്കു പൊതുവിൽ ജനങ്ങൾക്കിടയിൽ സ്വാധീനമില്ലാത്തതു കാരണം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇവർക്കു സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ല. എന്നാൽ കമ്മ്യൂണിസ്ററ് മുന്നേറ്റവും കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയവും ഒരു വിഭാഗത്തിൽ വലിയ അങ്കലാപ്പ് സൃഷ്ടിച്ചു എന്ന് അക്കാലത്ത് നടന്ന മാധ്യമചർച്ചകളും ബുദ്ധിജീവികളുടെ പ്രതികരണങ്ങളും വ്യക്തമാക്കി. താരതമ്യേന അപ്രധാനമായ ഒരു പ്രധാനമായ പ്രദേശത്തിൽ നിന്ന് ആരംഭിച്ചു ഇന്ത്യ മുഴുവൻ കയ്യടക്കാനുള്ള ആസൂത്രിതപദ്ധതിയാണെന്നു വരെ വാദമുയർന്നു. കമ്മ്യൂണിസത്തെ പ്രതിരോധിക്കാൻ സിഐഎ സജീവമായി ഇടപെട്ടതായി വിവരമുണ്ട്. കത്തോലിക്ക പള്ളി മോറൽ റീആർമമന്റ് ആർമി സംഘടിപ്പിച്ചും സാൽവേഷൻ ആർമി പോലുള്ള ശുശ്രൂഷ ഏജൻസികളെയും ക്രിസ്ററഫർസേന എന്ന സന്നദ്ധസംഘത്തെ ഉപയോഗിച്ചും കമ്മ്യൂണിസത്തിനെതിരെ പോരാടാൻ രംഗത്തീറങ്ങി. ഇരുപതാം കോൺഗ്രസിൽ ജനറൽ സെക്രട്ടറി ക്രൂഷ്ചോവിന്റെ റിപ്പോർട്ടിൽ സ്ററാലിൻ ഭരണത്തിനെതിരെ നടത്തിയ വിമർശനപരമായ പരാമർശങ്ങൾ കമ്മ്യൂണിസ്ററ്കാരിൽ ഒരുവിഭാഗത്തെ സ്വാധീനിച്ചു. അവരിൽ പലരും പരസ്യമായി രംഗത്തുവന്നതോടെ കമ്മ്യൂണിസ്ററ് വിരുദ്ധ പ്രചരണം ഉച്ചസ്ഥായിയിൽ എത്തി. ഈ പ്രചരണം സോഷ്യലിസ്റ്റ് വ്യവസ്ഥക്കെതിരായ പ്രചരണമായി മാറുകയും ഇന്ത്യയിലെ വലതുപക്ഷം അത് ഏറ്റെടുക്കുകയും ചെയ്തു.

1967ലെ ഇഎംഎസ് മന്ത്രിസഭ | PHoto : Deshabhimani

1959 ൽ കേരളത്തിൽ കമ്മ്യുണിസ്റ്റ് മന്ത്രിസഭയെ പുറത്താക്കുന്നതിൽ വലതുപക്ഷം നേടിയ വിജയം ഇന്ത്യയിൽ പിന്നീട് നടന്ന വലതുപക്ഷവൽക്കരണത്തിന്റെ നാന്ദിയായി പറയാം. രണ്ടു മൂന്ന് സവിശേഷതകൾ ഈ കമ്മ്യൂണിസ്ററ് വിരുദ്ധസമരത്തിന് ഉണ്ടായിരുന്നു. കമ്മ്യൂണിസ്ററ് ഭീകരതയെ കുറിച്ച് അന്നു വളർന്നുവന്ന ശക്തമായ പ്രചരണത്തെ പകർത്താനും കമ്മ്യൂണിസ്ററ്കാരെ സ്വാഭാവികമായി അക്രമികളും സ്വേച്ഛാധിപത്യ സ്വഭാവമുള്ളവരുമായി ചിത്രീകരിക്കാനും തീവ്രമായ ശ്രമം നടന്നു. നിരീശ്വരവാദികളും അധാർമ്മികരുമായി ചിത്രീകരിക്കാനും ശ്രമം നടന്നു.

കമ്മ്യൂണിസ്ററ്കാരോടൊപ്പം തൊഴിലാളികളും ചെറുകിടകർഷകരും കർഷകതൊഴിലാളികളും അണിനിരന്നപ്പോൾ ശേഷിച്ച വിഭാഗങ്ങളെ മുഴുവൻ വലതുപക്ഷത്തിന്റെ കീഴിൽ അണിനിരത്താൻ ശ്രമിച്ചു. ജാതിയും മതവും അവർ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഘാടനത്തിന്റെ ഉപകരണങ്ങളായി. ഇതിനായി രൂപം കൊണ്ട വിമോചന സമര സമിതിയിലെ കോൺഗ്രസ് പ്രതിനിധികൾ സാമുദായിക പ്രതിനിധികൾ കൂടിയായിരുന്നു. കമ്മ്യൂണിസ്ററ് ബദൽ വളർന്നു വരുമ്പോൾ കോൺഗ്രസുകാർ വലതുപക്ഷവുമായി സഹകരിക്കും എന്നതിന്റെ സൂചനയായിരുന്നു അത്. കെ എസ് യുവും യൂത്ത് കോൺഗ്രസും അടക്കം കേരളത്തിൽ പിന്നീട് വളർന്നുവന്ന കോൺഗ്രസ് നേതൃത്വത്തെ സ്വാധീനിച്ചത് ദേശീയബോധത്തെക്കാൾ അധികം കമ്മ്യൂണിസ്റ്റ് വിരുദ്ധബോധമാണ്.

മതനിരപേക്ഷശക്തികളെക്കാൾ സാമുദായിക ശക്തികളുടെ പ്രാധാന്യം വർദ്ധിച്ചു വരുന്ന ഘട്ടമാണ് പിന്നീട് കണ്ടത്. ഇന്തോ പാകിസ്താൻ യുദ്ധം, ഇസ്രായേൽ അറബ് യുദ്ധങ്ങൾ, ബംഗ്ളാദേശിലെ കലാപവും അതിൽ ഇന്ത്യയുടെ ഇടപെടലും തുടങ്ങിയവ മതവും രാഷ്ട്രവും ഇന്ത്യയിൽ ന്യൂനപക്ഷാവകാശങ്ങളും സംബന്ധിച്ച ചർച്ചകളെ ശക്തിപ്പെടുത്തി. ഇന്ത്യയിലെ ഇടതുപക്ഷം ന്യൂനപക്ഷ അവകാശങ്ങൾക്ക് അനുകൂലമായി സ്വീകരിച്ച നിലപാട് ഹിന്ദുവലതുപക്ഷത്തെ വിറളി കൊള്ളിച്ചു. ഇന്ത്യാ ചൈനായുദ്ധഘട്ടത്തിൽ കമ്മ്യൂണിസ്റ്റ്കാരെ ചൈനീസ് ചാരന്മാരായി മുദ്രയടിക്കുകയും നൂറുകണക്കിന് പാർട്ടി പ്രവർത്തകരെ ജയിലിൽ അടയ്ക്കുകയു ചെയ്തു. കമ്മ്യൂണിസ്ററുകാർ ദേശീയവിരുദ്ധരായി. 1967 ൽ ഈ പശ്ചാത്തലത്തിൽ കേരളത്തിലെ മുസ്ളിം ലീഗ് അടക്കമുള്ള കക്ഷികളെ ഒരേവേദിയിൽ കൊണ്ടുവരുന്നതിൽ കമ്മ്യൂണിസ്ററ് പാർട്ടി വിജയിച്ചു. അതേ സമയം ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ വലതുപക്ഷസ്വാധീനം വർധിച്ചുവരുകയായിരുന്നു എന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചു.

ഇതേ കാലയളവിൽ കമ്മ്യൂണിസ്ററ് പാർട്ടിയും പ്രശ്നങ്ങളിലൂടെ കടന്നുപോകുകയായിരുന്നൂ. സോവിയറ്റ് പാർട്ടിയും ചൈനീസ് പാർട്ടിയും തമ്മിലുണ്ടായ ആശയ സംഘർഷങ്ങൾ ഏറിയും കുറഞ്ഞും മറ്റെല്ലാ പാർട്ടികളെയും സ്വാധീനിച്ചു. ഇന്ത്യയിൽ ഇതു കൂടാതെ കോൺഗ്രസിനോടുള്ള നിലപാടും ചർച്ചാവിഷയമായി. ഒരു വിഭാഗം കോൺഗ്രസിനെ മുഖ്യശത്രുവായി കണ്ട് തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിലുള്ള ജനകീയ ജനാധിപത്യ മുന്നണിക്കു വേണ്ടി വാദിച്ചപ്പോൾ മറ്റൊരു വിഭാഗം കോൺഗ്രസിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ദേശീയജനാധിപത്യമുന്നണിക്കുവേണ്ടി വാദിച്ചു. ഇന്ത്യയിൽ വിപ്ലവത്തിന്റെ കാലഘട്ടം സമാഗതമായി എന്ന ചൈനീസ് പാർട്ടിയുടെ ഒരു വിഭാഗം ഏറ്റെടുക്കുകയും അവർ ശേഷിച്ച കമ്മ്യൂണിസ്ററ് വിഭാഗങ്ങളെ തിരുത്തൽവാദികളായി പ്രഖ്യാപിച്ച് സായുധവിപ്ലവ സംഘങ്ങളായി തീരുകയും ചെയ്തു. ഈ പിളർപ്പുകൾ കമ്മ്യൂണിസ്റ്റ് പ്രവർത്തനത്തെ പ്രത്യേകിച്ച് സംഘടനാ ദൗർബല്യം പ്രകടമായ പ്രദേശങ്ങളിലെ പ്രവർത്തനത്തെ വൻതോതിൽ പുറകോട്ടടിപ്പിച്ചു. ആന്ധ്ര, ഉത്തർപ്രദേശ് മുതലായ സംസ്ഥാനങ്ങളിൽ പാർട്ടി തെരഞ്ഞെടുപ്പുകളിലും ജനസ്വാധീനത്തിലും പിന്നോട്ടു പോയി. സിപിഐഎം ന് സ്വാധീനമുള്ള കേരളത്തിലും ബംഗാളിലുമാണ് പ്രസ്ഥാനം പിടിച്ചു നിന്നത്.

1970 കളിൽ അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രകടമായ അന്തരമുണ്ടായി. നെഹ്റുവിയൻ മാതൃകയിലുള്ള ഇന്ത്യൻ രാഷ്ട്രസങ്കല്പത്തിന്റെ അവസാനത്തെ ആളിക്കത്തലാണ് 1969-72 ഘട്ടത്തിൽ ഉണ്ടായത്. അക്കാലത്തെ ബാങ്ക് ദേശസാൽക്കരണം, പ്രിവി പഴ്സ് നിർത്തലാക്കൽ മുതലായ നടപടികളെ ഇടതുപക്ഷം ഒന്നടങ്കം പിന്തുണച്ചു. സിപിഐ കോൺഗ്രസിന്റെ ഘടകകക്ഷിയായി.ചില സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും കോൺഗ്രസിനൊപ്പം ചേർന്നു. ബംഗ്ലാദേശ് യുദ്ധത്തിനും പൊതുവെ പിന്തുണ ലഭിച്ചു. പക്ഷെ ഈ അവസഥ മുന്നോട്ട് കൊണ്ടു പോകാനായില്ല. സാമ്പത്തിക മാന്ദ്യം ജനങ്ങളുടെ മേൽ കടുത്ത ദുരിതങ്ങൾ ഏൽപിച്ചു. ജനങ്ങളുടെ അമർഷം നിരവധി പ്രക്ഷോഭങ്ങളായി ശക്തിപ്പെട്ടു. ഇതിന് നേതൃത്വം നൽകാൻ ജയപ്രകാശ് നാരായൺ രംഗത്ത് വരുകയും സോഷ്യലിസ്ററുകളും വലതുപക്ഷവും അണി ചേരുകയും ചെയ്തതോടെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് വിരുദ്ധ ജനകീയ പ്രസ്ഥാനം രൂപപ്പെടുകയായിരുന്നു. അടിയന്തിരാവസ്ഥയിൽ സാമ്പത്തികമാന്ദ്യത്തെ മറികടക്കാനോ ജനങ്ങൾക്ക് ആശ്വാസം പകരാനോ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇത് വലതുപക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തി. 1977 ൽ അധികാരത്തിൽ വന്ന ജനതാ പാർട്ടിയുടെ അടിത്തറയും വലതുപക്ഷമായി.

ബംഗാൾ ജനതയുടെ വർദ്ധിച്ച സാമ്പത്തിക ദുരിതങ്ങൾക്കും സാമൂഹ്യ വൈരുദ്ധ്യങ്ങൾക്കും പരിഹാരം കണ്ട് ജനതയെ മുന്നോട്ട് നയിക്കുക ഇടതുപക്ഷത്തിന്റെ മുമ്പിലുള്ള വെല്ലുവിളിയായിരുന്നു. ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണമാണ് ജനതയുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നു. ഇതിനുള്ള ശ്രമങ്ങളാണ് മുൻസൂചിപ്പിച്ച സിംഗൂർ നന്ദിഗ്രാം പ്രശ്നങ്ങളിലേക്കെത്തിയത്.

വലതു പക്ഷ നയങ്ങൾ ഇന്ത്യൻ ഭരണ സംവിധാനത്തിലും സമൂഹത്തിലും ആധിപത്യം നേടിത്തുടങ്ങിയതും 1977 ന് ശേഷമായിരുന്നു. സാമ്പത്തിക മാന്ദ്യത്തിൽ നിന്നു മറികടക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയെ അധികമധികം സാമ്രാജ്യത്വ ഏജൻസികളോടും ഫൈനാൻസ് കോർപറേറ്റ് മൂലധനത്തൊടുമുള്ള വിധേയത്വത്തിലേക്ക് നയിച്ചു. 1991നു ശേഷം പൊതുമേഖല,സാമൂഹ്യസുരക്ഷാ സംവിധാനങ്ങളും സബ്സിഡികളും, ആരോഗ്യവിദ്യാഭ്യാസമേഖലകളിലെ സ്റ്റേറ്റ് ഇടപെടൽ മുതലായ ആദ്യകാലാരൂപങ്ങൾ ഇല്ലാതെയായി. ആഗോള കോർപറേറ്റുകളോടുള്ള ആശ്രിതത്വരൂപങ്ങൾ വ്യാപിച്ചു. ഇപ്പോൾ ഇന്ത്യയുടെ പകുതിയിലധികം ആസ്തികൾ ഏതാനും ചില കുടുംബങ്ങളുടെ കയ്യിലാണ്. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരങ്ങളും ജനങ്ങളുടെ ദുരിതങ്ങളും മറ്റേതു കാലത്തെക്കാളും ഭീകരവുമാണ്.

ഈ വൈരുദ്ധ്യങ്ങൾക്ക് വലതുപക്ഷം കാണുന്ന പരിഹാരങ്ങളാണ് ഏറ്റവും പ്രധാന ചർച്ചാവിഷയം. ജനകീയജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ കമ്മ്യൂണിസ്ററ് പാർട്ടികളോ മിശ്രസമ്പദ്ഘടനയുടെയും പൊതുമേഖലയുടെയും സാമൂഹ്യസുരക്ഷയുടെയും ക്ഷേമത്തിന്റെയും അടിസ്ഥാനത്തിൽ ലിബറൽ ജനാധിപത്യവാദികളോ മുന്നോട്ടുവെച്ച ഒരു നിർദേശവും പുത്തൻ വലതുപക്ഷത്തിന് സ്വീകാര്യമല്ല. സാമ്രാജ്യത്വത്തോടുള്ള ആശ്രിതത്വത്തിന്റെ അടിസ്ഥാനത്തിൽ കോർപറേറ്റ് നിയന്ത്രണത്തിലുള്ള ഉദാരീകരണം അവരെല്ലാവരും അംഗീകരിക്കുന്നു. ഇതിനോട് കോൺഗ്രസിനും മതനിരപേക്ഷസ്വഭാവമുള്ള ഡിഎംകെയും ആപ്പും പോലുള്ള കക്ഷികൾക്കും എതിർപ്പില്ല. സാമൂഹ്യതലത്തിൽ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരത്തെ മതജാതി വ്യത്യസ്തതകളുമായി ബന്ധിപ്പിക്കുന്നതിലാണ് വലതുപക്ഷത്തിന് താൽപര്യം. അതുകൊണ്ട് ന്യൂനപക്ഷാവകാശങ്ങൾ, കീഴാളജാതിസമൂഹങ്ങളുടെ അവകാശങ്ങൾ, പുറന്തള്ളപ്പെട്ടവരുടെ അവകാശങ്ങൾ എന്നിങ്ങനെ മതജാതിബദ്ധമായ വ്യത്യസ്തതകളെ ആധാരമാക്കിയുള്ള അവകാശങ്ങളുടെ സ്ഥാപനം കൊണ്ട് സാമൂഹ്യ വൈരുദ്ധ്യങ്ങൾക്ക് അന്ത്യം കാണാമെന്ന ധാരണയാണ് പലരെയും നയിക്കുന്നത്. ഇതേ ആശയങ്ങളുടെ മറുവശമെന്ന നിലയിൽ ഇത്തരം അവകാശങ്ങളെല്ലാം ഹിന്ദുത്വ സമൂഹത്തിലേക്കൊതുക്കാനും അവർക്ക് വഴിപ്പെടാത്തവരെ ദേശദ്രോഹികളും ഭീകരവാദികളുമായി മുദ്രയടിച്ച് പുറന്തള്ളാനുമാണ് ഹിന്ദുത്വവാദികളുടെ ശ്രമം. ഈ പുതിയ സംഘർഷരൂപങ്ങളുടെ പശ്ചാത്തലത്തിൽ ജാതിയുടെയും മതത്തിന്റെയും ലിംഗപദവികളുടെയും പ്രാദേശികതകളുടെയും അടിസ്ഥാനത്തിൽ സമൂഹവൈരുദ്ധ്യങ്ങളെ പുനർനിർണയം നടത്താനുള്ള ശ്രമമാണ് ഇന്ത്യയിൽ നടക്കുന്നത്. ഇന്ത്യയിലെ ബുദ്ധിജീവികളും ഈ ശ്രമത്തിലാണ്.

മമത ബാനര്‍ജി നന്ദിഗ്രാമില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ 1950 കളിൽ നിലനിന്ന ഭൗതിക ആത്മനിഷ്ഠ സാഹചര്യങ്ങൾ ഇന്ന് ഇടതുപക്ഷത്തിന് പ്രത്യേകിച്ച് കമ്മ്യൂണിസ്ററ് രാഷ്ട്രീയത്തിന് ഇല്ല എന്നു കാണാൻ പ്രയാസമില്ല. സോഷ്യലിസം ഒരു പ്രായോഗിക മാതൃകയായി നിലനിൽക്കുകയും ലോകത്തിലെ നിരവധി രാഷ്ട്രങ്ങളിൽ അതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കമ്മ്യൂണിസ്ററ് മുന്നേറ്റം ഉണ്ടായത്. 90 കളിൽ സോവിയറ്റ് യൂണിയനും കിഴക്കെയൂറോപ്യൻ രാജ്യങ്ങളും തകർന്നു. ചൈനയിൽ ചൈനീസ് സ്വഭാവമുള്ള സോഷ്യലിസത്തിലേക്ക് നീങ്ങി. മാർക്സിസം കാലഹരണപ്പെട്ടു എന്ന വലതുപക്ഷ പ്രചാരണത്തിനെതിരെ ഏകോപിതമായ പ്രതിരോധം തീർക്കാൻ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. പലരും പഴയകാലത്തെ സൈദ്ധാന്തിക വേർതിരിവുകളുടെ ഭാഗമായി അവരവർ എടുത്ത നിലപാടുകളെ സാധൂകരിക്കാനായി പുതിയ മാറ്റങ്ങളെ ഉപയോഗിക്കുകയാണ് ചെയ്തത്.

ബംഗാളിലും തൃപുരയിലും കേരളത്തിലും അതതു പ്രദേശങ്ങളിലെ വലതുപക്ഷ പ്രവണതകളെ അതിജീവിച്ചാണ് സിപിഐഎം മുന്നണി അധികാരത്തിലെത്തിയത്. ബംഗാളിലെ കോൺഗ്രസ് സംഘടനാപരമായി തകർന്നതും വലതുപക്ഷത്തിന് കൃത്യമായ നേതൃത്വം ഇല്ലാതായതും ഇടതുപക്ഷത്തെ സഹായിച്ചു. അതേസമയം ബംഗാൾ ജനതയുടെ വർദ്ധിച്ച സാമ്പത്തിക ദുരിതങ്ങൾക്കും സാമൂഹ്യ വൈരുദ്ധ്യങ്ങൾക്കും പരിഹാരം കണ്ട് ജനതയെ മുന്നോട്ട് നയിക്കുക ഇടതുപക്ഷത്തിന്റെ മുമ്പിലുള്ള വെല്ലുവിളിയായിരുന്നു. ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണമാണ് ജനതയുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നു. ഇതിനുള്ള ശ്രമങ്ങളാണ് മുൻസൂചിപ്പിച്ച സിംഗൂർ നന്ദിഗ്രാം പ്രശ്നങ്ങളിലേക്കെത്തിയത്. ഇതിനിടയിൽ കോൺഗ്രസിൽ നിന്ന് പുറത്തുവന്ന മമതാ ബാനർജി കമ്മ്യൂണിസ്ററ് വിരുദ്ധപ്ലാറ്റ് ഫോമിലേക്ക് മതജാതി സ്വത്വവാദികൾ അടക്കമുള്ള എല്ലാ വലതുപക്ഷശക്തികളെയും സംഘടിപ്പിക്കുന്നതിൽ വിജയിച്ചു. 2011 ലെ ടി എം സിയുടെ വിജയം വലതുപക്ഷശക്തികളുടെ വിജയമായിരുന്നു. തൃപുരയിൽ ദുർബലമായ കോൺഗ്രസിൽ നിന്ന് പ്രവർത്തകരെ അടർത്തിയെടുത്ത് വലതുപക്ഷ കമ്മ്യൂണിസ്ററ് വിരുദ്ധപ്ലാറ്റ്ഫോം ഉണ്ടാക്കിയത് ബിജെപിയാണ്. അതിനോടൊപ്പം അവിടത്തെ ആദിവാസി മേഖലയിൽ ഉണ്ടായിരുന്ന ബംഗാളി വിരുദ്ധസംഘർഷങ്ങളെ ഉപയോഗിക്കാനും അവർക്കു കഴിഞ്ഞു.

ശാസ്ത്രീയതയെക്കാൾ വൈകാരികതയെയും വിവേകത്തെക്കാൾ വിവേകശൂന്യതയെയും അവലംബിക്കുക വലതുപക്ഷത്തിന്റെ സ്ഥിരം രീതിയാണ്. അത് പലപ്പൊഴും വിജയിച്ചതായി അനുഭവവുമുണ്ട്.

കമ്മ്യൂണിസ്ററ് വിരുദ്ധ വലതുപക്ഷമുന്നേറ്റം ആദ്യം പൂർണ രൂപത്തിലുണ്ടായ സംസ്ഥാനം കേരളമാണ്. അത് കേരളജനതയെ രണ്ടായി വിഭജിക്കുന്നതിനും ഒരു വലതുപക്ഷ ഭൂരിപക്ഷത്തെ സ്ഥിരമായി നിലനിർത്തുന്നതിനും കഴിഞ്ഞു. ഇതിന്റെ സ്വാധീനം ഇടതുപക്ഷത്തിന്റെ ഭരണതുടർച്ച ഇല്ലാതാക്കുന്നതിനു മാത്രമല്ല അവർ നടപ്പിൽ കൊണ്ടുവരാൻ ശ്രമിച്ച ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസം, അധികാരവികേന്ദ്രീകരണം, സാമൂഹ്യക്ഷേമം മുതലായ പദ്ധതികളുടെ പുരോഗമനത്തെയെയും ദരിദ്രപക്ഷ മതനിരപേക്ഷസ്വഭാവത്തെയും ഇല്ലായ്‌മ ചെയ്യുന്നതിനും സഹായിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികൾ സൃഷ്ടിച്ച സാമൂഹിക ചലനങ്ങളും ഇടതുപക്ഷത്തിന്റെ സംഘടിത പ്രക്ഷോഭങ്ങളുമാണ് ഇടതുപക്ഷത്തെ തിരിച്ചുവരാൻ സഹായിച്ചത്. ഇതിനിടയിൽ തന്നെ വലതുപക്ഷത്തിന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മിക്കവാറും തവണയും വിജയം നേടാൻ സാധിക്കുകയും ചെയ്തു.

കേരളത്തിലെ വലതുപക്ഷം അവരുടെ വളർച്ചയുടെ പടവുകളായി കണ്ട ജാതിമതസ്വത്വരാഷ്ട്രീയം തന്നെയാണ് അവരെ ഭിന്നിപ്പിച്ചു നിർത്തുന്നത്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ വലതുപക്ഷഹിന്ദുക്കൾ അവരോടോപ്പം പരസ്യമായി ചേർന്നു. ഇത് മറ്റു മതരാഷ്ട്രീയക്കാർക്ക് അവരുമായി കമ്മ്യൂണിസ്ററ് വിരുദ്ധ ഐക്യത്തിൽ ഏർപ്പെടുക ദുഷ്കരമാക്കി. ശബരിമലക്കാലത്തു സൃഷ്ടിച്ച വിശ്വാസികളുടെ ഐക്യം ശക്തമായ ആയുധമായിരുന്നു. അത് ഒരു ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെങ്കിലും നിലനിർത്തുക പ്രയാസമായിരുന്നു. അതിനു പകരമാണ് അഴിമതി, വികസനപ്രോജക്റ്റുകൾ മുതലായവയെ സംബന്ധിച്ച വൈകാരിക സ്വഭാവമുള്ള ആരോപണങ്ങൾ ഉപയോഗിക്കുന്ന വലതുപക്ഷ തന്ത്രം ഉപയോഗിച്ചു തുടങ്ങിയത്. താൽകാലിക വികാരങ്ങൾക്ക് സ്വത്വപരമായ ഭിന്നിപ്പുകളെ മറികടക്കാൻ കഴിയുമെന്നും അതെസമയം സ്വയം നിലപാട് എടുക്കേണ്ടിവരുന്ന ഗൗരവമുള്ള ചർച്ചകളിലേക്ക് നയിക്കുയില്ലെന്നും വലതുപക്ഷത്തിനറിയാം. ശാസ്ത്രീയതയെക്കാൾ വൈകാരികതയെയും വിവേകത്തെക്കാൾ വിവേകശൂന്യതയെയും അവലംബിക്കുക വലതുപക്ഷത്തിന്റെ സ്ഥിരം രീതിയാണ്. അത് പലപ്പൊഴും വിജയിച്ചതായി അനുഭവവുമുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്നു നേരിടുന്ന വെല്ലുവിളികൾ മുമ്പുള്ളതിനെക്കാൾ പതിൻമടങ്ങു ശക്തമാണെന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഇപ്പോൾ ഉണ്ടാകുന്ന വെല്ലുവിളി കമ്മ്യൂണിസത്തെയോ സോഷ്യലിസ്ററ് പാതയെയോ സംബന്ധിച്ച് മാത്രമല്ല അത്തരം മുന്നേറ്റങ്ങളുടെ അടിത്തറയാകേണ്ട മതനിരപേക്ഷ ജനാധിപത്യത്തിന്റെയും ശാസ്ത്രീയതയുടെയും യുക്തിപരതയുടെയും അടിസ്ഥാനസങ്കല്പങ്ങൾ വരെ വെല്ലുവിളിക്കപ്പെടുകയാണ്. ഇന്നത്തെ സാമ്രാജ്യത്വ കോർപറേറ്റ് വികസനപാതയെ പൂർണമായി അംഗീകരിച്ചു കൊണ്ടാണ് വലതുപക്ഷം ഈ വെല്ലുവിളിയെങ്ങനെ നേരിട്ട് മുന്നോട്ടു പോകണമെന്നത് കമ്മ്യൂണിസ്ററ് ഇടതുപക്ഷത്തിന്റെ പ്രധാനചർച്ചാവിഷയമാണ്.

Leave a comment