കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ കാതല്‍
PHOTO: PRASOON KIRAN
വടക്കന്‍ കേരളത്തെക്കുറിച്ചു പറയുമ്പോള്‍ പലരും ആദ്യം ഓര്‍മ്മിക്കുന്നത് കണ്ണൂര്‍ രാഷ്ട്രീയമാണ്. കണ്ണൂര്‍ രാഷ്ട്രീയം എന്നു പറയുമ്പോള്‍ തെക്കുള്ളവര്‍ പലപ്പോഴും അര്‍ത്ഥമാക്കുന്നത് ഇവിടത്തെ മുഴുവന്‍ രാഷ്ടീയ പ്രവര്‍ത്തനങ്ങളെയുമല്ല. 1969 മുതല്‍ ആരംഭിച്ചതും ഒന്നു രണ്ടു ദശകക്കാലം അതിശക്തമായി നിലനിന്നതും ഒന്നോ രണ്ടോ വര്‍ഷങ്ങളുടെ, ചിലപ്പോള്‍ ഏതാനും മാസങ്ങളുടെ, ഇടവേളയ്ക്കു ശേഷം പിന്നെയും വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരുന്നതുമായ കൊലപാതകരാഷ്ട്രീയമാണ് അവരുടെ പരിഗണനയില്‍ മുഖ്യമായും വരുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ആര്‍ എസ് എസ്സിന്റെയും പ്രവര്‍ത്തകരായ നൂറുകണക്കിനാളുകളാണ് ഈ പ്രദേശത്ത് ആസൂത്രിത കൊലപാതകങ്ങള്‍ക്ക് ഇരയായത്. കോണ്‍ഗ്രസ്സിന്റെയും മുസ്ലീം ലീഗിന്റെയും പ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്നു ദശകത്തോളമായി കൊലപാതകങ്ങളുടെ എണ്ണം താരതമ്യേന വളരെ കുറഞ്ഞിരിക്കുകയാണ്. എങ്കിലും കൊലപാതക രാഷ്ട്രീയത്തിന് അറുതി വന്നു എന്ന് ഉറപ്പിച്ചു പറയാനുള്ള ധൈര്യം ഇനിയും കണ്ണൂര്‍ക്കാര്‍ക്ക് കൈവന്നിട്ടില്ല.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അധികവും നടന്നത് മുമ്പ് അത്യുത്തരകേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെട്ടിരുന്ന തലശ്ശേരിയിലും സമീപ ഗ്രാമങ്ങളിലുമാണ്. കണ്ണൂര്‍, കാസർഗോഡ് ജില്ലകളുടെ മറ്റു ഭാഗങ്ങളിലും ഏതാനും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ വ്യത്യസ്ത സാഹചര്യങ്ങളില്‍, വ്യത്യസ്ത കാരണങ്ങളാല്‍ സംഭവിച്ചവയാണ്. അറുപതുകളുടെ അവസാനവര്‍ഷത്തില്‍ തലശ്ശേരിയില്‍ ആര്‍.എസ്.എസ്-മാര്‍ക്സിസ്റ്റ് സംഘട്ടനം ആരംഭിക്കുന്നതിന് കൃത്യമായ രാഷ്ട്രീയ പശ്ചാത്തലമുണ്ട്. ആ പശ്ചാത്തലം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പക്ഷത്തു നില്‍ക്കുന്നവര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ് : “മാംഗ്ളൂര്‍ ഗണേശ് ബീഡിയുടെ തൊഴിലാളികളായിരുന്നു അതേവരെ തലശ്ശേരിയിലെ ബീഡിത്തൊഴിലാളികളില്‍ ഏറെയും. 1967 ലെ ഇ എം എസ് ഗവൺമെന്റ് ബീഡിത്തൊഴിലാളികളുടെ തൊഴില്‍ സാഹചര്യവും വേതനവ്യവസ്ഥയുമൊക്കെ പരിഷ്കരിക്കാനാവശ്യമായ നിയമനിര്‍മാണത്തിലേക്ക് നീങ്ങുന്നു എന്നു വന്നപ്പോള്‍ മാംഗളൂര്‍ ഗണേശ് ബീഡി കേരളത്തിലെ തൊഴിലാളികളെ അതേ വരെ അവര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന വേതനത്തിന്റെയും തൊഴില്‍ സാഹചര്യങ്ങളുടെയും വരുതിയില്‍ത്തന്നെ നിര്‍ത്താനുള്ള തന്ത്രപരമായ നീക്കങ്ങള്‍ ആരംഭിച്ചു. അതോടെ, മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ കീഴില്‍ നേരത്തേ തന്നെ സംഘടിതരായിരുന്ന ബീഡിത്തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടവും ആരംഭിച്ചു. ഗണേശ് ബീഡി കമ്പനി ആദ്യമൊന്നും കുലുങ്ങിയില്ല. അവര്‍ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയി. ‘ഗണേശ് ബീഡി’ കേരളത്തില്‍ നിന്നുള്ള ഉത്പാദനം അവസാനിപ്പിച്ചപ്പോള്‍ പന്ത്രണ്ടായിരത്തിലധികം തൊഴിലാളികള്‍ അപ്രതീക്ഷിതമായി തൊഴില്‍ രഹിതരായി. അവരെ അവരവരുടെ വീട്ടിലിരുത്തി ബീഡിതെറുപ്പിച്ചു വാങ്ങാനുള്ള ശ്രമം ഗണേശ് ബീഡിക്കമ്പനി ആരംഭിച്ചു. ഈ ഘട്ടത്തില്‍ കമ്പനിയുടെ ആളുകളായി രംഗത്തെത്തി ഈ പുതിയ സാഹചര്യം തൊഴിലാളികളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത് ആര്‍ എസ് എസ്സുകാരാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഈ നീക്കത്തെ ചെറുത്തുതോല്‍പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ബീഡിത്തൊഴിലാളികളുടെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപീകരിച്ചുകൊണ്ടായിരുന്നു അത്. ഈ സൊസൈറ്റികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നാണ് കേരള ദിനേശ്ബീഡി കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചത് (1969). കോ-ഓപ്പറേറ്റീവ് സൈസൈറ്റികള്‍ രൂപീകരിച്ച് ബീഡിത്തൊഴിലാളികള്‍ തങ്ങളുടെ നീക്കങ്ങളെ വെല്ലുവിളിച്ചപ്പോള്‍ ആര്‍.എസ്.എസ്സുകാര്‍ കൂടുതല്‍ പ്രകോപിതരായിത്തീര്‍ന്നു. അവര്‍ ബീഡിത്തൊഴിലാളികളെയും അവരുടെ സംരക്ഷകരായി പ്രവര്‍ത്തിച്ച മാര്‍ക്സിസ്റ്റുകാരെയും നിലയ്ക്കു നിര്‍ത്താന്‍ ഉദ്ദേശിച്ചുള്ള ആക്രമണങ്ങള്‍ ആരംഭിച്ചു. ഇങ്ങനെയാണ് തലശ്ശേരിയിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ ആരംഭിക്കുന്നത്.”
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പക്ഷത്തുള്ളവര്‍ ഇതൊടൊപ്പം ഒരു കാര്യം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ബി ജെ പിയുടെ മാതൃസംഘടനയായ ജനസംഘം (അഖില ഭാരതീയ ജനസംഘം) 1967 ലെ പൊതുതിരഞ്ഞെടുപ്പില്‍ 35 പാര്‍ലിമെന്റ് സീറ്റ് നേടിയിരുന്നു. ഇത് 1962 ല്‍ നേടിയതിനേക്കാള്‍ 21സീറ്റ് കൂടുതലായിരുന്നു. ഈ വിജയവും ബി ജെ പിയെപ്പോലെത്തന്നെ ഹിന്ദുത്വവും ബി ജെ പിയേക്കാള്‍ തീവ്രമായി ദേശീയതയും ഒപ്പം പ്രാദേശികതയും ഉയര്‍ത്തിപ്പിടിച്ച് 1966 ല്‍ രൂപീകൃതമായ ശിവസേനയ്ക്ക് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മഹാരാഷ്ട്രയിലുണ്ടായ വളര്‍ച്ചയും ഹിന്ദുത്വമുദ്രാവാക്യം രാജ്യത്താകെ പ്രചരിപ്പിച്ച് എത്രയും വേഗം അധികാരത്തിലെത്താമെന്ന മോഹം ജനസംഘക്കാരില്‍ ജനിപ്പിച്ചു. കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് വലിയ ജനപിന്തുണയുള്ള കണ്ണൂര്‍ ജില്ലയില്‍ (അന്ന് കണ്ണൂര്‍ ജില്ല ഇന്നത്തെ കാസർഗോഡ് ജില്ലയും വടക്കേ വയനാടും ഉള്‍ക്കൊള്ളുന്നതാണ്) വിശേഷിച്ചും പാര്‍ട്ടിയുടെ വലിയൊരു ശക്തികേന്ദ്രമായ തലശ്ശേരിയില്‍ ആ പാര്‍ട്ടിയെ തകര്‍ത്ത് മേല്‍ക്കൈ നേടുകയാണെങ്കില്‍ പിന്നെ കേരളം മുഴുവന്‍ അനായാസമായി കൈക്കലാക്കാമെന്ന് അവര്‍ കണക്കുകൂട്ടി. ആ ഒരു ലക്ഷ്യം മുന്നില്‍ കണ്ടാണ് അവര്‍ ആര്‍ എസ് എസ്സിനെ രംഗത്തിറക്കി ആക്രമണം തുടങ്ങിയത്. ഇതിനെതിരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയ ശക്തമായ ചെറുപ്പുനിൽപ്പാണ് മാര്‍ക്സിസ്റ്റ് - ആര്‍ എസ് എസ് സംഘട്ടനമായിത്തീര്‍ന്നത്.
ഈ ചെറുത്തുനില്‍പ്പ് ഒരു ചുവടു കൂടി മുന്നോട്ടുപോയത് 1971 ഡിസംബര്‍ 28 ന് രാത്രി തലശ്ശേരി മേലൂട്ട് മടപ്പുരയിലേക്കു പോവുകയായിരുന്ന കലശത്തിന് ഒ വി റോഡിലെ ‘നൂര്‍ജഹാന്‍ ഹോട്ടലി’ല്‍ നിന്ന് ചെരിപ്പെറിഞ്ഞറിഞ്ഞ സംഭവത്തോടുകൂടിയാണ്. ഈ ചെരിപ്പേറ് സംഭവം ഒരു വര്‍ഗ്ഗീയകലാപം ലക്ഷ്യമാക്കി ഉണ്ടാക്കിയ കള്ളക്കഥയാണെന്ന് പിന്നീട് വ്യക്തമായി. എന്തായാലും മുസ്ലീങ്ങള്‍ പലേടത്തും ആക്രമണം നടത്തുകയാണെന്ന വ്യാജവാര്‍ത്ത പ്രചരിച്ചതോടെ ഡിസംബര്‍ 28 നു ശേഷമുള്ള ഒരാഴ്ചക്കാലം തലശ്ശേരിയിലെയും അടുത്തുള്ള ഗ്രാമങ്ങളിലെയും ജനങ്ങള്‍ കടുത്ത ഭീതിയിലാണ് കഴിഞ്ഞത്. തീവെപ്പും കയ്യേറ്റവും മറ്റു പല ആക്രമണങ്ങളും ഉണ്ടായി. ആകെ 569 അക്രമസംഭവങ്ങളാണ് നടന്നത്. അവയില്‍ 334 എണ്ണവും തലശ്ശേരി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ തന്നെയായിരുന്നു. ഈ ഘട്ടത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തന്നെയാണ് സമാധാനസംരക്ഷണത്തിനും മുസ്ലീങ്ങളുടെ ആരാധനലായങ്ങള്‍ സംരക്ഷിക്കുന്നതിനുമായി മുന്നിട്ടിറങ്ങിയത്. മെരുവമ്പായി എന്ന സ്ഥലത്തെ ഒരു മുസ്ലീം പള്ളിക്ക് സംരക്ഷണം നല്‍കുകയായിരുന്ന യു.കെ.കുഞ്ഞിരാമന്‍ എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത് അങ്ങനെയാണ്.
തലശ്ശേരിയിലെയും സമീപഗ്രാമങ്ങളിലെയും രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടക്കത്തിനു പിന്നില്‍ മുകളില്‍ പറഞ്ഞ പ്രശ്നങ്ങളും സംഭവങ്ങളുമൊക്കെ ഉണ്ടെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ രാഷ്ടീയത്തെ ഓരത്തേക്ക് തള്ളി പരസ്പരം പകവീട്ടാനുള്ള വാശി കേന്ദ്രസ്ഥാനത്തേക്ക് വന്നുതുടങ്ങി. അപ്പോഴും ഇരുവശത്തും കൊല്ലപ്പെട്ടവരില്‍ ചുരുക്കം ചിലരൊഴിച്ച് എല്ലാവരും തന്നെ ശക്തമായ രാഷ്ട്രീയമുള്ളവരായിരുന്നു. പക്ഷേ, കണക്കുതീര്‍ക്കാനുള്ള അതാത് പ്രദേശത്തുകാരുടെയും പകരം ചോദിക്കാനുള്ള കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെയും തീര്‍പ്പു തന്നെയാണ് മുന്നിട്ടു നിന്നത്. കൊലപാതക പരമ്പരക്കിടയില്‍ ഈ മാറ്റം ആരും വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിലും കൊല്ലപ്പെടുന്നവരുടെ എണ്ണം തുല്യമാക്കാനാണ് ഇരുവശത്തുമുള്ളവര്‍ ശ്രമിക്കുന്നത് എന്ന കാര്യം ആളുകള്‍ ഉറക്കെത്തന്നെ പറയാന്‍ തുടങ്ങി. കണക്കൊപ്പിച്ചു, ഡ്രോ ആയി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. ഇങ്ങനെയൊക്കെ ലാഘവം ഭാവിച്ചു പറയുമ്പോഴും കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍, രീതി, ഇരയുടെ മരണപ്പിടച്ചില്‍ ഇവയെക്കുറിച്ചൊക്കെയുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പലരും കൈമാറിക്കൈമാറി എല്ലാ കാതുകളിലും എത്തിച്ചേരുന്നുണ്ടായിരുന്നു. ജനങ്ങള്‍ പൊതുവെ അന്തമറ്റ ഭീതിയിലായി എന്നതായിരുന്നു ഫലം. കടുത്ത അരക്ഷിതത്വബോധത്തിന്റെ പിടിയിലായതു കാരണം പലപ്പോഴും ആളുകള്‍ പുറത്തിറങ്ങാന്‍ തന്നെ ഭയന്നു. ആര്‍ക്കും എപ്പോഴും എന്തും സംഭവിക്കാമെന്ന തോന്നല്‍ കക്ഷിവ്യത്യാസമില്ലാതെ പൊതുവെ എല്ലാവര്‍ക്കും ഉണ്ടായി. ഇങ്ങനെയൊക്കെയായപ്പോള്‍ കണ്ണൂരിലെ മാര്‍ക്സിസ്റ്റുകാരെ കായികശക്തികൊണ്ടും ആയുധം കൊണ്ടും കീഴ്പ്പെടുത്താനുള്ള ശ്രമം ഉപേക്ഷിക്കുന്നതാവും നല്ലതെന്ന് ആര്‍ എസ് എസ് നേതൃത്വത്തിന് ബോധ്യപ്പെട്ടിരിക്കണം. തലശ്ശേരി നഗരത്തിലും ജില്ലയില്‍ ആകെത്തന്നെയും ജനജീവിതം സാധാരണഗതിയിലേക്കു കൊണ്ടുവരുന്നതില്‍ പ്രത്യേകശ്രദ്ധ ചെലുത്താന്‍ സമയമായെന്ന് മാര്‍ക്സിസ്റ്റ്പാര്‍ട്ടിക്കും തോന്നിയിരിക്കണം. തലശ്ശേരിയില്‍ സബ‌്കലക്ടറായിരുന്ന അമിതാഭ് കാന്ത് ഈ പ്രദേശത്തെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താനുള്ള ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ തലശ്ശേരി കാര്‍ണിവല്‍ എന്ന ആശയവുമായി വന്നപ്പോള്‍ അതിന് എല്ലാഭാഗത്തു നിന്നും പിന്തുണ ലഭിച്ചു. ഇത്തരം ഘട്ടങ്ങളില്‍ ജനങ്ങളെ ഒന്നിച്ചു ചേര്‍ക്കാനും കൂട്ടായ്മയിലുടെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാനാവുന്ന ആനന്ദങ്ങളുടെ സാധ്യതകളിലേക്ക് അവരെ ഉണര്‍ത്താനും സഹായിക്കുന്ന പരിപാടി തന്നെയാണ് കാര്‍ണിവല്‍.
തലശ്ശേരിയിലെ രാഷ്ട്രീയ സംഘട്ടനങ്ങളെയും കൊലപാതകങ്ങളെയും കൊലപാതകങ്ങളെയും കുറിച്ച് പലരും ലേഖനങ്ങളെഴുതിയിട്ടുണ്ട്. ഒരു ഗവേഷണ പ്രബന്ധവും ഉണ്ടായിട്ടുണ്ട്. ഡോ. എ വത്സലന്റെ ‘തലശ്ശേരി കലാപം: നേരും നുണയും’ പ്രത്യേകം പരാമര്‍ശിക്കപ്പെടാറുള്ള ഒരു പുസ്തകമാണ്. കെ ബാലകൃഷ്ണന്റെ ‘കമ്യൂണിസ്റ്റ് കേരള’ത്തിലെ ‘വര്‍ഗ്ഗീയതക്കെതിരായ പോരാട്ടം’ എന്ന അധ്യായത്തില്‍ തലശ്ശേരി രാഷ്ട്രീയത്തില്‍ അറുപതുകളുടെ അന്ത്യത്തിലുണ്ടായ സംഭവങ്ങളെയും അവയുടെ അടിസ്ഥാനകാരണത്തെയും കുറിച്ചുള്ള വസ്തുതാമാത്രവും വ്യക്തവുമായ വിവരണമുണ്ട്. സമീപകാലത്ത് കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ഉണ്ടായ, അഖിലേന്ത്യാതലത്തില്‍ ശ്രദ്ധനേടിയ, പുസ്തകമാണ് ഉല്ലേഖ് എന്‍ പിയുടെ Kannur : India’s Bloodiest Revenge Politics (Penguin Viking, 2018). തലശ്ശേരിയിലെ ആര്‍ എസ് എസ് - മാര്‍ക്സിസ്റ്റ് സംഘട്ടനത്തിന്റെ കാരണങ്ങളായി പലരും നിരീക്ഷിച്ചിട്ടുള്ള കാര്യങ്ങള്‍ ഉല്ലേഖ് തന്റെ പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
വടക്കന്‍ പാട്ടുകളില്‍ ആവിഷ്കൃതമായ പഴയ കടത്തനാടന്‍ സംസ്കാരത്തിന്റെ, അതായത് ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ക്കു വേണ്ടി വെട്ടിമരിക്കുന്ന ചേകവന്മാരുടെ സംസ്കാരത്തിന്റെ, ഓര്‍മ്മ അല്ലെങ്കില്‍ ശേഷിപ്പു തന്നെ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നുണ്ട്. അത്യുത്തരകേരളത്തിലെ ജനങ്ങള്‍ ആരാധിച്ചു വരുന്ന തെയ്യങ്ങള്‍ ഫ്യൂഡലിസത്തിനെതിരായ സമരങ്ങളില്‍ രക്തസാക്ഷികളായിത്തീര്‍ന്നവരാണ്. ഇതും ഇവിടത്തെ ജനങ്ങളില്‍ ആക്രമണത്വര വളര്‍ത്തുന്നുണ്ടാവും. തെക്കന്‍ കേരളത്തില്‍ ജാതിയെ കേന്ദ്രീകരിച്ചുള്ള പരിഷ്കരണങ്ങളാണ് നടന്നതെങ്കില്‍ വടക്കന്‍ കേരളത്തില്‍ അക്രമണാത്മകമായ കര്‍ഷകസമരങ്ങളാണ് നടന്നത്. ഇത്തരം കാര്യങ്ങള്‍ തലശ്ശേരിയിലും ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലുമായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കാരണങ്ങളായി പറയുന്നത് ശരിയല്ല. കളരികള്‍ തലശ്ശേരിക്കടുത്തുള്ള ചില ഗ്രാമങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും അവയൊന്നും ആയുധാഭ്യാസത്തില്‍ പരിശീലനം നല്‍കുന്നവയല്ല. മറ്റുള്ളവരെ ആക്രമിച്ച് കീഴ്പ്പെടുത്താനായി തങ്ങളുടെ കായബലവും അഭ്യാസപാടവവും പ്രയോഗിക്കാന്‍ അവ പഠിപ്പിക്കുന്നില്ല. ഇനി തെയ്യങ്ങളിലേക്കു വന്നാല്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ പൊരുതിയോ അല്ലാതെയോ മരിച്ച പലരും തെയ്യങ്ങളായിത്തീര്‍ന്നു എന്നത് ശരിയാണ്. മറ്റാരുടെയും അഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയല്ല അവര്‍ മരിച്ചത്. അവരാരും ചേകവന്മാരുടെ സംസ്കാരം ഉള്‍ക്കൊണ്ടവരല്ല. അവരുടെ പോരാട്ടങ്ങള്‍ക്കും ജീവത്യാഗത്തിനും മറ്റു പല മാനങ്ങളുമാണുള്ളത്. തെയ്യങ്ങള്‍ ജനിപ്പിക്കുന്ന പ്രേരണയെക്കുറിച്ചു പറയുന്നവര്‍ അവ പതിവായി കെട്ടിയാടിക്കപ്പെടുന്ന, അവയുടെ സ്വാധീനം ഏറ്റവും കൂടുതലുള്ള, സ്ഥലങ്ങള്‍ വളപട്ടണം പുഴയ്ക്ക് വടക്കാണെന്ന വാസ്തവം ഓര്‍ക്കാതിരിക്കുകയാണ് ചെയ്യുന്നത്. ചേകവര്‍ സംസ്കാരത്തിന്റെ കാര്യമാണെങ്കില്‍ അത് ശക്തമായി നിലനിന്നിരുന്നത് ഇന്നത്തെ വടകര കേന്ദ്രമായി വരുന്ന ഭൂവിഭാഗത്തിലാണ്. ആര്‍ എസ് എസ് മാര്‍ക്സിസ്റ്റ് സംഘട്ടനങ്ങള്‍ ഈ പ്രദേശങ്ങളില്‍ നടക്കാതെ തലശ്ശേരി ഭാഗത്തായിത്തീര്‍ന്നതെന്തുകൊണ്ട് എന്നു വിശദീകരിക്കാന്‍ ചേകവര്‍ സംസ്കാരത്തെ അവയ്ക്കുള്ള പ്രേരണയായി കണ്ടെത്തുന്നവര്‍ക്ക് സാധിക്കുമെന്നു തോന്നുന്നില്ല.
ഗ്രാമജീവിതത്തിന്റെ അടിസ്ഥാനതത്വമായി ‘The Remembered Village’എന്ന കൃതിയില്‍ എം എന്‍ ശ്രീനിവാസ് ‘അന്യോന്യത’യെ ചൂണ്ടിക്കാണിച്ച കാര്യം നേരത്തേ മറ്റൊരു സന്ദര്‍ഭത്തില്‍ പറയുകയുണ്ടായി. അന്യോന്യതയ്ക്ക് നിഷേധാത്മകമായ ഒരു വശംകൂടിയുണ്ടന്ന് അദ്ദേഹം പറയുന്നുണ്ട്. മറ്റൊരാളില്‍ നിന്ന് ഒരടികിട്ടിക്കഴിഞ്ഞാല്‍ തിരിച്ചങ്ങോട്ടും ഒന്നു കൊടുത്തേ പറ്റൂ എന്ന് അടിയേറ്റയാള്‍ക്ക് തോന്നും. എയുടെ വൈക്കോല്‍ക്കൂനയ്ക്ക് ബി തീവെച്ചാല്‍ താന്‍ തിരിച്ച് അയാളുടെ വൈക്കോല്‍ക്കൂനയ്ക്ക് തീവെക്കുകയോ കാര്യമായ മറ്റെന്തെങ്കിലും നഷ്ടം അയാള്‍ക്ക് വരുത്തിത്തീര്‍ക്കുകയോ തന്നെ വേണം, ഇല്ലെങ്കില്‍ ചോദ്യം ചെയ്യുപ്പെടുക തന്റെ ആണത്തം അല്ലെങ്കില്‍ അന്തസ്സ് ആണ് എന്ന തോന്നല്‍ എയ്ക്കുണ്ടാവും. അടി കൊണ്ടതിനും വൈക്കോല്‍ക്കൂന തീവെച്ചതിനും പകരം ചോദിക്കുക അഭിമാനത്തിന്റെ പ്രശ്നമാണെന്നു തോന്നുന്നയാള്‍ക്ക് തന്റെ മകനോ സഹോദരനോ ഏറ്റവുമടുത്ത മറ്റേതെങ്കിലുമൊരാളോ കൊല്ലപ്പെട്ടാല്‍ എന്തു തോന്നും എന്ന് പറയേണ്ടതില്ലല്ലോ.
പല സംസ്കാരങ്ങള്‍ കൂടിച്ചേര്‍ന്നതിന്റെയും നാഗരികജീവിതത്തിന്റെ പല നേട്ടങ്ങളും ആദ്യമായി സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെയും അഭിമാനകരമായ പാരമ്പര്യം തലശ്ശേരിക്കുണ്ട്. തലശ്ശേരി നഗരസഭ കേരളത്തിലെ ഏറ്റവും പഴയ നഗരസഭയാണ്. കേരളത്തിലെ ഏറ്റവും പഴയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഗവ.ബ്രണ്ണന്‍ കോളേജ് ആദ്യം തലശ്ശേരി നഗരത്തിലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. പിന്നീടാണ് കോളേജ് തൊട്ടടുത്ത ഗ്രാമമായ ധര്‍മടത്തേക്കു മാറ്റിയത്. 1883 ല്‍ ഇന്ത്യയില്‍ ആദ്യമായി ക്രിസ്തുമസ് കെയ്ക്കുണ്ടാക്കിയത് തലശ്ശേരിയിലെ മമ്പള്ളി ബാപ്പുവാണ്. ഇംഗ്ലീഷു കാരോടൊപ്പം മലയാളികള്‍ ആദ്യമായി ക്രിക്കറ്റ് കളിച്ച നഗരം തലശ്ശേരിയാണ്. ഇന്ത്യന്‍ സര്‍ക്കസ്സിന്റെ ഈറ്റില്ലവും തലശ്ശേരി തന്നെ. ഗുണ്ടര്‍ട്ടും എഡ്വേര്‍ഡ് ബ്രണ്ണനും ജീവിച്ച നഗരമാണിത്. എണ്ണിപ്പറയാവുന്ന ഈ നേട്ടങ്ങളെല്ലാം തലശ്ശേരിയുടേതാണെങ്കിലും സമീപ ഗ്രാമങ്ങളിലുള്ളവരും പല അളവിലും തരത്തിലും അവയില്‍ പങ്കുപറ്റിയിട്ടുണ്ട്. ബിരിയാണിയും ബേക്കറി ഐറ്റംസും മറ്റും ഏറ്റവും മികച്ച രീതിയില്‍ ഉണ്ടാക്കുന്നതില്‍ പ്രത്യേക വൈഗഗ്ധ്യമുള്ളവരാണ് തലശ്ശേരിക്കാര്‍. അല്പം മുമ്പുവരെയും കേരളത്തിലെ ഏറ്റവുമധികം ഫേഷ്യന്‍ കോണ്‍ഷ്യസ്സായ ജനത തലശ്ശേരിക്കാരായിരുന്നു. ഇങ്ങനെ തലശ്ശേരിക്കാര്‍ക്കും അവരുടെ അയല്‍ക്കാരായ പല ഗ്രാമ പ്രദേശങ്ങളിലെയും ആളുകള്‍ക്കും പലതും അവകാശപ്പെടാനുണ്ടെങ്കിലും മനസ്സുകൊണ്ട് അവരെല്ലാം വലിയൊരളവോളം ഗ്രാമീണരാണ്. ഗ്രാമജീവിതത്തിന്റെ നല്ലതും ചീത്തയുമായ പ്രധാനപ്പെട്ട വശങ്ങളെല്ലാം അവരുടെ അടിസ്ഥാന പ്രകൃതത്തിലുണ്ട്. അന്യോന്യതയുടെ ഭാഗമായ പകരം ചോദിക്കാനുള്ള വാസനയും അതിന്റെ ഭാഗമാണ്. തലശ്ശേരിയിലും അടുത്ത പ്രദേശങ്ങളിലും നടന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെയും കൊലപാതകങ്ങളുടെയും പിന്നില്‍ മുഖ്യമായും രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണുള്ളതെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മുകളില്‍ പറഞ്ഞ വാസന ഭാഗികമായെങ്കിലും മേല്‍ക്കൈ നേടുകയുണ്ടായി എന്നത് വസ്തുതയാണ്.
കേരളത്തിലെവിടെയുമെന്നപോലെ തലശ്ശേരി, ധര്‍മടം, കതിരൂര്‍, കൂത്തുപറമ്പ്, പാനൂര്‍ എന്നിവടങ്ങളിലുമെല്ലാം പല പ്രകൃതക്കാരായ ആളുകളുണ്ട്. പക്ഷേ, പൊതുവെ ഇവിടങ്ങളിലെയെല്ലാം ജനങ്ങളുടെ സാധാരണ പെരുമാറ്റം വളരെ സൗഹാര്‍ദ്ദപൂര്‍ണ്ണമാണ്. തലശ്ശേരിക്കാര്‍ക്ക് പ്രത്യേകിച്ചും മതമൈത്രിയിലുള്ള താല്‍പര്യം സ്വഭാവത്തിന്റെ ഒരു ഭാഗമെന്ന പോലെത്തന്നെയാണ്. അത് ആരുടെയെങ്കിലും പ്രേരണകൊണ്ട് അവര്‍ സ്വീകരിച്ചതല്ല. രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയതയില്‍ ഊന്നിയ രാഷ്ട്രീയ സാഹചര്യം കൊണ്ടു തന്നെ ഇപ്പോള്‍ അങ്ങിങ്ങായി ചെറിയ ചില വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും അന്യമതക്കാരനാണ് എന്നു ചിന്തിക്കാന്‍ ഇട നല്‍കാത്ത വിധത്തിലാണ് തലശ്ശേരി മുസ്ലീങ്ങളില്‍ മഹാഭൂരിപക്ഷവും മറ്റെല്ലാവരോടും ഇപ്പോഴും ഇടപെട്ടു വരുന്നത്. തലശ്ശേരിയിലെ ‘മാളിയേക്കല്‍’ എന്ന പ്രശസ്തമായ പഴയ മുസ്ലീം തറവാട്ടില്‍ മുമ്പൊരിക്കല്‍ ക്ഷണിക്കപ്പെടാതെ തന്നെ ഒരു സുഹൃത്തിനോടൊപ്പം കല്യാണത്തിനു പോയതും ‘യൂസഫിന്റെ കല്യാണം,എല്ലാര്‍ക്കും സന്തോഷം’ എന്നു പാടിക്കൊണ്ട് ഒരു സംഘം ആളുകളോടൊപ്പം തറവാടിന്റെ കോലായിലേക്കു കയറിയതും എന്റെ ആഹ്ലാദപൂര്‍ണ്ണമായ ഓര്‍മ്മകളിലൊന്നാണ്.