
ഫുട്‌ബോളിന്റെ ഒന്നാം നിയമം
ഫുട്‌ബോളിന്റെ ഒന്നാം നിയമം - അതിനെ സോക്കറെന്ന് വിളിക്കരുത്. ഈ വാദത്തോട് ഫുട്‌ബോളിന്റെ അതും തെക്കനമേരിക്കന്‍ ഫുട്‌ബോളിന്റെ ആരാധകനെന്ന നിലയില്‍ വല്ലാത്ത ഒരടുപ്പം തോന്നിയിരുന്നു. സോക്കറെന്ന സംജ്ഞയെ എതിര്‍പക്ഷത്ത് നിര്‍ത്തുന്നതിന് എനിക്കുള്ള കാരണം ഇടതുപക്ഷ രാഷ്ട്രീയ ശിക്ഷണത്തില്‍ നിന്ന് കിട്ടിയ 'സാമ്രാജ്യത്വ വിരുദ്ധ' മനോഭാവമാണെന്ന് ഏറ്റുപറയാന്‍ മടിയില്ല. അതിനപ്പുറം അതിന്റെ ചരിത്ര സാംഗത്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലാത്ത കാലത്തും സോക്കറിനെ അപരമായി തന്നെയേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇതെന്റെ മാത്രം പ്രശ്‌നവുമല്ല. 2014 ലെ ലോകകപ്പിന് തൊട്ടുമുമ്പുള്ള മീഡിയാവണ്‍ എഡിറ്റോറിയല്‍ യോഗം. ലോകകപ്പ് സ്‌പെഷ്യല്‍ ഷോയ്ക്ക് എന്ത് പേരിടുമെന്നുള്ള ആലോചനയ്ക്കിടെ ബ്രസീല്‍ ആരാധകരില്‍ ഒരാളായ സുഹൃത്തും അന്നത്തെ സഹപ്രവര്‍ത്തകനുമായ ശ്രീജിത്ത് ദിവാകരന്‍ ആദ്യമേ പറയുന്നു, 'സോക്കര്‍ എന്നില്ലാത്ത എന്തുപേരും ആലോചിക്കാം', സോക്കര്‍ എന്ന ശബ്ദം കളിയഴകിനെ അവമതിക്കുന്നതാണെന്ന് ബ്രസീല്‍ ആരാധകനേയും പോലെ ജോഗോ ബൊനീതോയിലൂടെ ശ്രീജിത്ത് സമര്‍ത്ഥിച്ചു. ഇടതുപക്ഷ ഭാവുകത്വത്തിനും സ്വത്വരാഷ്ട്രീയത്തിനും സംഗമിക്കാവുന്ന സമരഭൂമിയാണ് സാമ്രാജ്യവിരുദ്ധതയെന്നതിനാല്‍ തുടര്‍ചര്‍ച്ചകളില്ലാതെ തന്നെ സോക്കറിന് റെഡ് കാര്‍ഡ് കൊടുത്തെങ്കിലും തിരിച്ചു വിളിക്കേണ്ടി വന്നു (മാര്‍ക്കറ്റിംഗുകാര്‍ അതിനകം തന്നെ സോക്കര്‍ കാര്‍ണിവലെന്ന പേരില്‍ പരസ്യസമയം വിറ്റുകഴിഞ്ഞിരുന്നു).
ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികളുടെ 'സോക്കര്‍' വിരോധത്തിന്റെ ചരിത്രത്തിലേക്കെത്തുന്നത് ഓക്‌സ്ഫഡ് ഡിക്ഷനറിയുടെ സീനിയര്‍ എഡിറ്റര്‍ ഫിയോന മക്‌ഫേഴ്‌സന്റെ ബ്ലോഗ് എന്‍ട്രിയിലൂടെയാണ്. ഇംഗ്ലീഷുകാരുടെ 'സോക്കര്‍' വിമര്‍ശനത്തിലൊളിഞ്ഞിരിക്കുന്ന ഇരട്ടത്താപ്പ് മനസ്സിലാക്കുന്നതും ഈ വഴിയാണ്. സോക്കറെന്ന പ്രയോഗത്തിന്റെ അവകാശികള്‍ അമേരിക്കക്കാരല്ലെന്ന് അതുവരെ അറിയില്ലായിരുന്നു.

ഫുട്‌ബോളെന്നാല്‍ കാലുകൊണ്ടു കളിക്കുന്ന കളികളുടെ ഒരു വര്‍ഗ്ഗനാമമാണ്. അതില്‍ ഒരു സവിശേഷമായ കളിയെയാണ് സോക്കറെന്ന് വിളിക്കുന്നതെന്നാവും അമേരിക്കക്കാരും ഓസ്‌ട്രേലിയക്കാരും കാനഡക്കാരുമെല്ലാം എളുപ്പത്തില്‍ വിശദീകരിക്കുക. ഈ രാജ്യങ്ങളിലെല്ലാം തന്നെ ഫുട്‌ബോളിനേക്കാള്‍ പ്രചാരമുള്ള കാലുകൊണ്ടു കളിക്കുന്ന മറ്റുകളികളുണ്ടുതാനും. അമേരിക്കന്‍ ഫുട്‌ബോളും റഗ്ബിയും ഗ്രിഡയേണും കനേഡിയന്‍/ ഓസ്‌ട്രേലിയന്‍ ഫുട്‌ബോളുമെല്ലാമുള്ള ആ രാജ്യങ്ങളില്‍ നമ്മുടെ ഫുട്‌ബോളിനെ സോക്കറെന്ന് വേര്‍ത്തിരിച്ചു പറയേണ്ടതുണ്ടെന്ന വാദത്തില്‍ അവരുടേതായ യുക്തിയുണ്ടുതാനും. പക്ഷെ ഇംഗ്ലീഷുകാര്‍ എന്തിനാണ് ഇതിനെ എതിര്‍ക്കുന്നതെന്ന് പരിശോധിച്ചാല്‍ ശ്രീജിത്തോ ഞാനോ നില്‍ക്കുന്ന രാഷ്ട്രീയപക്ഷത്തല്ല അവരുടെ ഈ വാദത്തിന്റെ സ്ഥാനമെന്ന് മനസ്സിലാവും.
1800 കളുടെ തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ ഫുട്‌ബോളും റഗ്ബിയും ഒരേ കളിയുടെ തന്നെ വകഭേദങ്ങളെന്ന നിലയിലാണ് കളിച്ചു വന്നിരുന്നത്. 1863 ല്‍ വരേണ്യ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കു വേണ്ടി കളിനിയമങ്ങളുണ്ടാക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോള്‍ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടതോടെയാണ് കളിയുടെ വകഭേദങ്ങളെ ചൊല്ലിയുള്ള തര്‍ക്കമുണ്ടാകുന്നത്. കൈകൊണ്ട് പന്തെടുക്കാനനുവദിക്കുന്ന റഗ്ബി രീതി അംഗീകരിക്കാത്തവരായിരുന്നു അസോസിയേഷന്റെ രൂപീകരണത്തിനു പിന്നില്‍. എതിരാളിയുടെ കാലില്‍ ചവിട്ടി വീഴ്ത്തുന്നത് നിയമവിധേയമാക്കണോ അല്ലയോ എന്നായിരുന്നു ആദ്യയോഗത്തിലെ ചൂടേറിയ ചര്‍ച്ചാ വിഷയമെന്ന് മിഷിഗന്‍ സര്‍വ്വകലാശാലയിലെ സ്‌പോര്‍ട്‌സ് എക്കണോമിക്‌സ് പ്രഫസറായ സ്റ്റെഫാന്‍ ഷെമാന്‍സ്‌കി അന്നത്തെ പത്ര വാര്‍ത്തകളെ ഉദ്ധരിച്ച് എഴുതിയിട്ടുണ്ട്. ഫുട്‌ബോള്‍ അസോസിയേഷനുണ്ടായി എട്ട് വര്‍ഷത്തിനു ശേഷമാണ് റഗ്ബി അസോസിയേഷന്‍ രൂപം കൊള്ളുന്നത്. കൈകൊണ്ട് പന്തെടുക്കുന്നതിനെ ചൊല്ലി രണ്ടു വിരുദ്ധധ്രുവങ്ങളിലേക്ക് മാറിവരുന്ന കളികള്‍ തമ്മില്‍ അപ്പോഴേക്കും സാജാത്യങ്ങള്‍ കുറഞ്ഞിരുന്നുവെന്ന് കാണാം. റഗ്ബിക്കും ഫുട്‌ബോളിനും രണ്ട് അസോസിയേഷനുണ്ടായതിന് ശേഷമാണ് റഗ്ഗറെന്നും സോക്കറെന്നുമുള്ള ദ്വന്ദ്വവും രൂപപ്പെടുന്നത്. 'വാക്കുകള്‍ക്കൊപ്പം എര്‍ (er) എന്ന് ചേര്‍ത്ത് ഒരു വിഭാഗത്തെ അടയാളപ്പെടുത്തുന്നത് അന്നത്തെ കാലത്ത് ഓക്‌സ്ഫഡിലും കേംബ്രിഡ്ജിലുമെല്ലാം പ്രചാരം നേടിയിരുന്ന ഒരു ശൈലിയാണ്. റഗ്ബി കളിക്കാരെ റഗ്ഗര്‍ എന്ന് വിളിച്ചിരുന്നതിന് സമാന്തരമായി അസോസിയേഷന്‍ ഫുട്‌ബോള്‍ കളിച്ചിരുന്നവരെ വിളിച്ച പേരാണ് സോക്കര്‍. അസോസിയേഷനെ സോ എന്ന് ചുരുക്കി സോക്കറെന്ന് വിളിക്കുകയായിരുന്നുവെന്ന് ഷെമാന്‍സ്‌കി സമര്‍ത്ഥിക്കുന്നുണ്ട്. 1905 ലെ ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റര്‍ക്കു വന്ന ഒരു കത്ത് ചൂണ്ടിക്കാട്ടിയാണ് ഷെമാന്‍സ്‌കിയുടെ ഈ നിരീക്ഷണം. (മലയാളത്തില്‍ അസോസിയേഷന് അസ്സോ. എന്ന് ചുരുക്കിയെഴുതാറുണ്ടല്ലോ… അസോസിയേഷന്‍കാര്‍ എന്നതിനെ 'അസോ-ക്കാര്‍' എന്ന് വിളിക്കുന്ന പോലെയായിരിക്കണം ഇംഗ്ലീഷുകാര്‍ക്കിടയില്‍ സോക്കറെന്ന സംജ്ഞ രൂപപ്പെട്ടതെന്ന് ചുരുക്കം).
ഏതാണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെല്ലാം സോക്കറെന്ന വാക്ക് വ്യാപകമായിട്ടില്ലെങ്കില്‍ പോലും ഇംഗ്ലണ്ടിലും ഉപയോഗിക്കപ്പെട്ടിരുന്നതായി കാണാം. അമേരിക്കയിലാവട്ടെ റഗ്ബിയും ഫുട്‌ബോളും ചേര്‍ന്ന് ഗ്രിഡയേണ്‍ അഥവാ അമേരിക്കന്‍ ഫുട്‌ബോളുണ്ടായതോടെ അസോസിയേഷന്‍ ഫുട്‌ബോളിന് ഔദ്യോഗികമായിത്തന്നെ സോക്കറെന്ന് വിളിക്കാന്‍ തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ സൈനികര്‍ ഇംഗ്ലണ്ടില്‍ തങ്ങുന്ന സാഹചര്യമുണ്ടായതോടെ സോക്കര്‍ എന്ന പ്രയോഗം അവിടേയും പ്രചാരത്തിലാവാന്‍ തുടങ്ങിയിരുന്നു. എണ്‍പതുകളില്‍ അമേരിക്കന്‍വത്കരണത്തിനെതിരെ ബ്രിട്ടനില്‍ ഇംഗ്ലീഷ് ദേശീയതാവാദം വേരുപിടിക്കാന്‍ തുടങ്ങിയതോടെയാണ് സോക്കറെന്ന പ്രയോഗത്തെ എതിര്‍ത്ത് ഇംഗ്ലീഷുകാര്‍ വീറോടെ രംഗത്തെത്തുന്നതെന്നാണ് ഷെമാന്‍സ്‌കിയടക്കമുള്ള ഭാഷാശാസ്ത്രജ്ഞര്‍ വാദിക്കുന്നത്. ഫുട്‌ബോള്‍ മൈതാനത്തിന് ഫീല്‍ഡ് എന്നതിന് പകരം പിച്ച് എന്നും ഷൂസിന് ബൂട്ടെന്നും ഓവര്‍ ടൈമിന് പകരം എക്‌സ്ട്രാ ടൈമെന്നും യൂണിഫോമിന് പകരം കിറ്റെന്നുമെല്ലാം നിര്‍ബന്ധിതമായി ഉപയോഗിക്കുന്നതാണ് യഥാര്‍ത്ഥ ഇംഗ്ലീഷ് രീതിയെന്ന വാദം ബലപ്പെട്ടു. നിയമങ്ങളിലോ കേളീശൈലിയിലോ കാര്യമായ വ്യത്യാസമൊന്നുമില്ലാത്ത ഒരു കളിയെ രണ്ടു രാജ്യങ്ങളുടെ ഭാഷായുക്തിക്കനുസരിച്ച് വ്യത്യസ്തമായ പേരുകള്‍ വിളിക്കുന്നുവെന്നതിലപ്പുറമുള്ള രാഷ്ട്രീയപ്രശ്‌നമൊന്നും ഈ ബ്രിട്ടീഷ് അമേരിക്കന്‍ തര്‍ക്കത്തിലില്ല. ഒരേ ഭാഷയാല്‍ വേര്‍തിരിക്കപ്പെട്ട രണ്ടു രാജ്യങ്ങളാണ് ബ്രിട്ടനും അമേരിക്കയും എന്ന് ബര്‍ണാഡ് ഷാ ശരിക്കും പറഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കം തന്നെയുള്ളൂ.
കളിക്കളത്തില്‍ കൈപ്രയോഗം നടത്തിയിട്ടുള്ളവരുടെ ചരിത്രം പരിശോധിച്ചാല്‍ കാണാവുന്ന വലിയ പേരുകള്‍ മൂന്നും തെക്കനമേരിക്കക്കാരുടേത് തന്നെയാണ്. 1978 ലോകകപ്പില്‍ പോളണ്ടിനെതിരെ മരിയൊ കെംപസ്, 2010 ല്‍ ഘാനക്കെതിരെ ലുയി സുവാരസ് പിന്നെ ദ്യേഗോ മറഡോണ എന്ന ദൈവവും

എന്നാല്‍ തെക്കനമേരിക്കയിലേക്ക് കപ്പലുകയറിയ അസോസിയേഷന്‍ ഫുട്‌ബോളിന്റെ സ്ഥിതി ഇതല്ല. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തിയ വരേണ്യരുടെ കളിയെ അപ്പാടെ സ്വീകരിച്ച ചരിത്രം മിക്കവാറും കോളനിരാജ്യങ്ങളിലൊന്നുമില്ലെന്ന് കാണാം. അര്‍ജന്റീനയുടെ ഗാംബീത്തയിലും ബ്രസീലിന്റെ ജീംഗയിലുമെല്ലാം ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ശൈലീബദ്ധതയോടുള്ള കലഹം അന്തര്‍ലീനമാണ്. ഉപരി വര്‍ഗ്ഗത്തില്‍ നിന്ന് താഴേക്കിറങ്ങിയ ഫുട്‌ബോളിനെ അതിജീവനത്തിനുള്ള തെരുവ് സാമര്‍ത്ഥ്യമാണ് പിന്നീട് നയിച്ചത്. ഇല്ലായ്മകളെ മറികടക്കാനുള്ള സൂത്രങ്ങള്‍ തുന്നിച്ചേർത്തുണ്ടാക്കിയ മനോഹരസൃഷ്ടികളെന്ന നിലയില്‍ ലാ നുസ്ത്രയും ജോഗോ ബൊനീതോയുമെല്ലാം അസോസിയേഷന്‍ ഫുട്‌ബോളിന്റെ ധാരാളിത്തത്തെ വെല്ലുവിളിക്കാന്‍ തുങ്ങി. വിശാലമായ സ്‌പേസില്‍ പ്രയോഗിക്കാവുന്ന ലോബുകളേയും ക്രോസ്സുകളേയും നേരിടാന്‍ കുഞ്ഞു പാസ്സുകളും മായാനീക്കങ്ങളും കൊണ്ട് സാധിക്കുമെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ഇംഗ്ലീഷേതര ഫുട്‌ബോള്‍. തെക്കനമേരിക്കന്‍ ശൈലിക്കൊപ്പം വന്യമായ കരുത്തു കൂടി ഉള്‍ച്ചേര്‍ന്ന ആഫ്രിക്കന്‍ രാജ്യങ്ങളും കൂടി മൈതാനത്ത് വന്നതോടെയാണ് യൂറോപ്പിലെ ഫുട്‌ബോളിന് അതിന്റെ രീതികള്‍ തിരുത്തിയെഴുതാതെ വയ്യെന്നായത്. അതായത് FOOTBALL എന്ന് ഇംഗ്ലീഷിലെഴുതുന്ന വരേണ്യ വര്‍ഗ്ഗത്തിന്റെ കളിയില്‍ അധഃസ്ഥിത ജനത സ്പാനിഷിലും പോര്‍ച്ചുഗീസിലും നടത്തിയ തിരുത്താണ് FUTBOL/ FUTEBOL. ഇംഗ്ലീഷില്‍ വായിക്കാന്‍ ശ്രമിക്കുമ്പോള്‍ അക്ഷരത്തെറ്റെന്ന് തോന്നിക്കുന്ന ആ വാക്കുകള്‍ പക്ഷെ ആ ജനതയുടെ ആത്മാവിഷ്‌കാരം തന്നെയാണ്. രണ്ടിന്റേയും ധാര്‍മ്മികതയിലും മൂല്യങ്ങളിലും കാണും ഈ വ്യത്യാസം. മിലോംഗ ക്ലബുകളിലെ രണ്ടടി ചതുരത്തില്‍ കാല്‍വിരലുകള്‍ കൊണ്ട് ചിത്രമെഴുതുന്ന ടാംഗോ നര്‍ത്തകനെ പോലെയാണ് ഇത്തിരിയിടങ്ങളില്‍ പന്താട്ടം നടത്തുന്ന ക്രിയോഷോ ഫുട്ബോള്‍ കളിക്കാരനെന്ന് എദ്വാര്‍ദോ ഗലെയാനോ നിരീക്ഷിക്കുന്നുണ്ട്. ന്യൂനതകളേറെയുള്ള കളിക്കാരുടെ ശാരീരികവും മാനസികവുമായ ദൗര്‍ബല്യങ്ങളെ കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു ബ്രസീലിലായാലും അര്‍ജന്റീനയിലായാലും ഫുട്ബോളെന്ന് എളുപ്പത്തില്‍ പറയാനാവും. എതിരാളിക്കൊപ്പം നിയമങ്ങളേയും കബളിപ്പിക്കാനുള്ള ത്വര അടക്കി നിര്‍ത്താനാവാത്ത തെക്കനമേരിക്കന്‍ കളിക്കാരുടെ സവിശേഷതയെ പറ്റി ഈ ലേഖകന്‍ ഒളിവില്‍ പാര്‍ക്കുന്ന കലാപകാരി എന്ന പഠന ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. (ചെളി പുരളാത്ത പന്ത്, ചിന്ത പബ്ലിക്കേഷന്‍സ് 2022) സദാചാരത്തിനും ധാര്‍മ്മികതയ്ക്കും മുകളില്‍ കെട്ടിപ്പൊക്കിയിട്ടുള്ള മാന്യതയുടെ മുഖമുദ്രയുള്ളതും നിയമങ്ങളുടെ ചതുരങ്ങള്‍ക്കകത്തുമാത്രം കളിക്കാവുന്നതുമായ ഇംഗ്ലീഷ് ഫുട്ബോളാണ് അവരുടെ എതിര്‍സ്ഥാനത്ത് വരുന്നത് അതിനാല്‍ തന്നെ അത് സ്വാഭാവികവുമാണെന്നാണ് ഇംഗ്ലണ്ടിനെതിരായ മറഡോണയുടെ ദൈവത്തിന്റെ കൈപ്രയോഗത്തെ മുന്‍നിര്‍ത്തി അതില്‍ വാദിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. കളിക്കളത്തില്‍ കൈപ്രയോഗം നടത്തിയിട്ടുള്ളവരുടെ ചരിത്രം പരിശോധിച്ചാല്‍ കാണാവുന്ന വലിയ പേരുകള്‍ മൂന്നും തെക്കനമേരിക്കക്കാരുടേത് തന്നെയാണ്. 1978 ലോകകപ്പില്‍ പോളണ്ടിനെതിരെ മരിയൊ കെംപസ്, 2010 ല്‍ ഘാനക്കെതിരെ ലുയി സുവാരസ് പിന്നെ ദ്യേഗോ മറഡോണ എന്ന ദൈവവും (കളത്തിലെ നിയമലംഘനത്തെ കാല്‍പനികവത്കരിക്കുകയല്ല, മറിച്ച് അതിന്റെ സാംസ്‌കാരിക പശ്ചാത്തലം ചൂണ്ടിക്കാട്ടുക മാത്രമാണ് ഇവിടെ ചെയ്യുന്നത്).

അസോസിയേഷന് ഫുട്‌ബോളെന്നോ സോക്കറെന്നോ ഉള്ള രണ്ടുപേരില്‍ വിളിച്ചാലും ഇംഗ്ലീഷ് - അമേരിക്കന്‍ മച്ചുനന്മാരുടെ (Cousins) കേളീശൈലിക്ക് അവരുടെ പൊതുപാരമ്പര്യത്തില്‍ നിന്ന് അധികമൊന്നും മാറി നടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും വസ്തുതയാണ്. 'സോക്കറി'ന്റെ ഉത്ഭവം ഇംഗ്ലണ്ടിലാണോ വടക്കനമേരിക്കയിലാണോ എന്ന തര്‍ക്കത്തിനും അതിനാല്‍ തന്നെ പ്രസക്തിയില്ല. ഫുട്‌ബോളിനെ സോക്കറെന്ന് വിളിക്കരുതെന്ന ഒന്നാം നിയമത്തില്‍ അതിന്റെ സ്‌പെല്ലിംഗ് FUTBOL എന്ന് മാറ്റാന്‍ നിഷ്‌കര്‍ഷിക്കുക കൂടി ചെയ്യേണ്ടതുണ്ടെന്ന വാദമാണ് ഈ കുറിപ്പ് മുന്നോട്ടു വെക്കുന്നത്. എത്രമനോഹരമായ ടെലിവിഷനായി അവതരിപ്പിച്ചാലും യൂറോ കപ്പും കോപ്പ അമേരിക്കയും ഒന്നിച്ചു വരുമ്പോള്‍, മില്ലേനിയല്‍സ് തൊട്ടിങ്ങോട്ടുള്ള ഫുട്‌ബോള്‍ പ്രേമികള്‍ കണ്ടം കളിയെന്നാക്ഷേപിക്കുന്ന, മരക്കാനയില്‍ നിന്നോ ബൊംബെനാരോയില്‍ നിന്നോ ഉള്ള ആ മങ്ങിയ ടെലികാസ്റ്റിന് മുന്നിലിരിക്കുന്നയാളുടെ കടുത്ത പക്ഷപാതം തന്നെയാണ് അതിനാധാരമെന്ന് പറയാനും മടിയില്ല.