TMJ
searchnav-menu
post-thumbnail

Outlook

പച്ചയുടെ നിറങ്ങൾ<br>പരിസ്ഥിതിവാദത്തിന്റെ സമൂഹപഠനം

20 Jul 2022   |   1 min Read
രഞ്ജിത്ത് കല്യാണി

PHOTO: PRASOON KIRAN

ഭാഗം മൂന്ന്:
പരിസ്ഥിതിവാദത്തിന്റെ രൂപീകരണം: ചില സവിശേഷതകൾ

കഴിഞ്ഞ ഭാഗത്തിൽ പാരിസ്ഥിതിക സമൂഹപഠനം എന്ന ജ്ഞാനശാഖയെ പരിചയപ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നത്. പാരിസ്ഥിതിക പ്രസ്ഥാനങ്ങളോടും മറ്റു അനുബന്ധ മുന്നേറ്റങ്ങളോടും സംവദിച്ചുകൊണ്ട് എങ്ങനെയാണ് സമൂഹപഠന സമീപനങ്ങൾ വികസിച്ചുവന്നതെന്ന് നമ്മൾ പരിശോധിച്ചു. അമേരിക്കൻ ഐക്യനാടുകളിലും യൂറോപ്പിലും പാരിസ്ഥിതിക പ്രസ്ഥാനങ്ങളുടെ പലതരത്തിലുള്ള ഉരുത്തിരിയലുകളും കഴിഞ്ഞ ഭാഗത്തു പരാമർശിച്ചിരുന്നു. പരിസ്ഥിതിവാദത്തിന്റെ രൂപപ്പെടലുമായി ബന്ധപ്പെട്ട, കഴിഞ്ഞ ഭാഗത്തിൽ പരാമർശിക്കാത്ത ചില സവിഷേതകളെയാണ് ഈ ഭാഗത്തിൽ ചർച്ച ചെയ്യുന്നത്.

നാം ജീവിക്കുന്ന ഭൂമിയുടെ ഇക്കോളജിക്കലായ സന്തുലിതാവസ്ഥ ഗൗരവകരമായ തോതിൽ അപകടത്തിലാണ് എന്നും നാം ഉൾപ്പെടുന്ന മനുഷ്യജീവിവർഗ്ഗമാണ് അതിന്റെ പ്രധാന ഉത്തരവാദികൾ എന്നുമുള്ള ധാരണ ശക്തിപ്പെടുന്നതിന് 1960 കളിലും 1970 കളിലും വികസിച്ചുവന്ന സയൻസികവും സാമൂഹികവുമായ പലതരം ആഖ്യാനങ്ങൾ കാരണമായി. ഈ ധാരണ മൂലപ്രമാണമാക്കിയാണ് പരിസ്ഥിതിവാദവും അനുബന്ധ പ്രസ്ഥാനങ്ങളും ശക്തിപ്രാപിക്കുന്നത്. അക്കാലത്തെ (എക്കാലത്തെയും) മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ മുന്നേറ്റങ്ങളെയും അപേക്ഷിച്ച് ഈ പരിസ്ഥിതിവാദത്തിന്റെയും പ്രസ്ഥാനങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം ഇവ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ വാദങ്ങൾക്ക് ശാസ്ത്രീയ പഠന നിഗമനങ്ങളുമായും ശാസ്ത്രജ്ഞരുടെ ഉപദേശങ്ങളുമായും മറ്റുമുള്ള പരസ്പരബന്ധമാണ്. ഇതിനാൽത്തന്നെ ഈ പരിസ്ഥിതിവാദം ശാസ്ത്രീയ പരിസ്ഥിതിവാദം (scientific environmentalism1) എന്നും അറിയപ്പെട്ടിരുന്നു.

പല ശാസ്ത്രശാഖകളും ഉപശാഖകളും, വിശിഷ്യാ ജൈവ ശാസ്ത്രങ്ങളും (life-sciences) പരിസ്ഥിതിവാദത്തെ സ്വാധീനിച്ചു. ഈ ശാസ്ത്ര ശാഖകൾക്ക് പുറമെ ഇക്കോളജി എന്ന് വിളിക്കുന്ന ശാസ്ത്ര ശാഖയിൽ2 1970കളുടെ അവസാനം സംഭവിക്കുന്ന ചില സംഭവവികാസങ്ങളും സവിശേഷമായി പരിസ്ഥിതി വാദത്തെ പരിപോഷിപ്പിക്കുന്നുണ്ട്. യുജീൻ ഓഡാമിനെ മുതൽപേർ വികസിപ്പിക്കുന്ന എക്കോസിസ്റ്റം ഇക്കോളജി എന്ന സമീപനം ഇക്കോളജിയിലെ ഒരു പാരഡൈം ഷിഫ്റ്റായി മാറുന്നതും ഗ്ലോബൽ ഇക്കോളജി തിയറിയും ജിം ലവ്‌ലോക്ക് വികസിപ്പിച്ച ഗൈയ ഹൈപോതെസിസം പരിസ്ഥിതി വാദത്തെ വലിയരീതിയിൽ സ്വാധീനിച്ചു. 1970 കളുടെ അവസാനത്തോടെ ഇക്കോളജിയുടെ പ്രാമാണ്യത്തിനും ആധികാരികതക്കും ശാസ്ത്ര-സമുദായത്തിൽ നിന്ന് ലഭിച്ച സ്വീകാര്യത പരിസ്ഥിതിവാദത്തിന്റെ സ്വീകാര്യതയും വർധിപ്പിച്ചു.

അമേരിക്കൻ ബിയോളജിസ്റ്റായ യുജീൻ ഓഡാം | Photo: wiki commons

സാമ്പത്തിക വളർച്ചയുടെ പാർശ്വഫലങ്ങളായി വിഭവങ്ങളും ഊർജ്ജവും വലിയതോതിൽ ഉപയോഗിക്കപ്പെടുന്നതും പരിസ്ഥിതി മലിനീകരണം ക്രമാതീതമായി കൂടുന്നതും പുതിയതരം മലിനീകരണങ്ങൾ സൃഷ്ടിക്കപ്പെടുന്നതും ജൈവവൈവിദ്ധ്യം കുറയുന്നതും മറ്റുമായി മനസ്സിലാക്കപ്പെടാൻ തുടങ്ങി.

ഇക്കോളജിയുടെ പ്രചാരവും ജനപ്രിയതയും മറ്റൊരു രീതിയിലും പരിസ്ഥിതിവാദത്തെ സഹായിക്കുന്നുണ്ട്. പ്രാകൃതിക പരിസ്ഥിതിയുമായി (Natural Environment) ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നനങ്ങളെ സമീപിക്കേണ്ട ചില വീക്ഷണകോണുകളും ചില കര്‍തൃത്വങ്ങളും അടങ്ങിയതാണ് ഇക്കോളജിയിലെ പല അടിസ്ഥാന അടിസ്ഥാന സങ്കൽപ്പനങ്ങളും. ഉദാഹരണത്തിന് വാഹക ശേഷി (carrying capacity) എന്നത് ഇക്കോളജിസ്റ്റുകൾ പ്രചാരംകൊടുത്ത ഒരു സങ്കൽപ്പനമാണ്. ഈ സങ്കല്പനം മനസ്സിലാക്കുന്ന ഒരാൾ കേവലമായ ഒരു അറിവ് ആർജ്ജിക്കുക എന്നതിനുപരി ഒരു ലോകവീക്ഷണം സ്വായത്തമാക്കുകയാണല്ലോ. ഇത്തരം ലോകവീക്ഷണങ്ങൾ പ്രകൃതിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട നിഗമനങ്ങളിലും അതുവഴി പ്രവർത്തനങ്ങളിലും എത്തിപ്പെടാൻ ഒരാളെ പ്രേരിപ്പിക്കും.

രണ്ടാം ലോകയുദ്ധാനന്തരം സംഭവിക്കുന്ന സാമ്പത്തിക കുതിച്ചുചാട്ടം 1970 കളിലെ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നതും, മുതലാളിത്തത്തിന്റെ സുവർണ്ണകാലം എന്ന് വിളിക്കപ്പെടുന്ന ഇക്കാലയളവിലുണ്ടായ വലിയതോതിലുള്ള പാരിസ്ഥിതിക നാശവും പരിസ്ഥിതിവാദത്തെ ശക്തിപ്പെടുത്തി. സാമ്പത്തിക വളർച്ചയുടെ പാർശ്വഫലങ്ങളായി വിഭവങ്ങളും ഊർജ്ജവും വലിയതോതിൽ ഉപയോഗിക്കപ്പെടുന്നതും പരിസ്ഥിതി മലിനീകരണം ക്രമാതീതമായി കൂടുന്നതും പുതിയതരം മലിനീകരണങ്ങൾ സൃഷ്ടിക്കപ്പെടുന്നതും ജൈവവൈവിദ്ധ്യം കുറയുന്നതും മറ്റുമായി മനസ്സിലാക്കപ്പെടാൻ തുടങ്ങി.

യുദ്ധങ്ങളെയും യുദ്ധക്കെടുതികളെയും പാരിസ്ഥിതികമായ ഭാവുകത്വത്തോടെ ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാനായത് പരിസ്ഥിതി വാദത്തിന് വലിയ തോതിൽ ശക്തി പകർന്നു കൊടുക്കുന്നുണ്ട്. അണ്വായുധ പ്രയോഗങ്ങളെ ചെർണോബിലേയും, ത്രീമൈൽ ഐലൻഡിലേയും ആണവ ദുരന്തങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാനായത് ഒരു ഉദാഹരണമാണ്. ഇക്കാലത്തെ ആണവവിരുദ്ധ പ്രവർത്തകരും യുദ്ധവിരുദ്ധ പ്രവർത്തകരും തമ്മിൽ വലിയതോതിലുള്ള ആശയവിനിമയങ്ങളും അഭിപ്രായ ഐക്യങ്ങളും ഉണ്ടായിരുന്നു. ഇതേ രീതിയിൽ വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കൻ ഐക്യനാടുകൾ പ്രയോഗിച്ച നേപ്പാം ബോംബ്‌ രാസ കീടനാശിനികളുടെയും, രാസവളങ്ങളുടെയും ഡിറ്റർജെന്റ് പോലുള്ള രാസവസ്തുക്കളുടെയും മറ്റും ദോഷവശങ്ങളെപ്പറ്റിയുള്ള തിരിച്ചറിവുമായി ബന്ധപ്പെടുത്താനും പരിസ്ഥിതിവാദികൾക്ക് സാധിച്ചു.

സ്‌മോൾ ഈസ് ബ്യൂട്ടിഫുൾ, സൈലന്റ് സ്പ്രിങ് തുടങ്ങിയ ബെസ്ററ്-സെല്ലിങ് പുസ്തകങ്ങൾ, എർത്ത് ലിബറേഷൻ ഫ്രണ്ട്, ഗ്രീൻപീസ്, ഫ്രണ്ട്സ് ഓഫ് എർത്ത്, ഡബ്ല്യൂ.ഡബ്ല്യൂ.എഫ് തുടങ്ങിയ സംഘടനകൾ വ്യത്യസ്തങ്ങളായ പല ഘടകങ്ങളും പരിസ്ഥിതിവാദത്തിന്റെ പ്രചാരണത്തിൽ സഹായിച്ചു. ഇവിടെ ഓർക്കേണ്ട ഒരു പ്രധാന കാര്യം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്ന് ഇന്ന് നമ്മൾ സാമാന്യേന മനസ്സിലാക്കുന്ന പലതരം പ്രശ്നങ്ങളെയും അവയുടെ പലതരം കാരണങ്ങളെയും പലതരം പരിണിതികളെയും പരിസ്ഥിതി എന്ന ഒരൊറ്റക്കുടക്കീഴിലേക്ക് കൊണ്ടുവന്ന് അവതരിപ്പിക്കുകയാണ് പരിസ്ഥിതിവാദികൾ ചെയ്യുന്നത്. ഈ പ്രശ്നങ്ങളുടെ ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ പ്രത്യേകതകളും വ്യത്യസ്തതകളും അവഗണിക്കപ്പെടുകയും പരിസ്ഥിതി എന്ന ഒരു സാർവജനീന വിവേകം പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

വിയറ്റ്‌നാം യുദ്ധകാലത്ത് ഏജന്റ് ഓറഞ്ച് രാസായുധം തളിക്കുന്ന അമേരിക്കൻ ഹെലികോപ്റ്റർ | PHOTO: WIKI COMMONS

പരിസ്ഥിതി വാദത്തിന്റെ പോസ്റ്റ് കൊളോണിയൽ വിമർശനങ്ങൾ

പരിസ്ഥിതിപ്രശ്നങ്ങളായി ഗണിക്കപ്പെടുന്നവയുടെ സവിശേഷമായ സ്വഭാവങ്ങളേക്കാൾ മേൽപ്പറഞ്ഞ സാർവജനീന വിവേകത്തെ പരിപോഷിപ്പിച്ചത് പാശ്ചാത്യമായ ചില ജ്ഞാനമുന്നേറ്റങ്ങളാണെന്നു കാണാം. ഉദാഹരണത്തിന്, പാശ്ചാത്യ കാല്പനിക പാരമ്പര്യത്തിന്റെ ഒരു തുടർച്ചയായി പരിസ്ഥിതിവാദത്തെ മനസ്സിലാക്കുന്ന പണ്ഡിതർ ഉണ്ട്. അതുപോലെ തന്നെ, മേൽസൂചിപ്പിച്ചപോലെ, ശാസ്ത്രീയ ജ്ഞാനത്തിന്റെ വളർച്ചയുടെ താളത്തിൽ ചലിക്കുന്ന ഒന്നാണ് പരിസ്ഥിതിവാദം എന്ന വാദം പ്രബലമാണ്. പ്രകൃതിയെ ധ്യാനാത്മകമായി മനസ്സിലാക്കി അതിനെ വിലമതിച്ച് ഏർപ്പെടേണ്ട ഒന്നാണ് പരിസ്ഥിതിവാദം എന്ന വാദവും പ്രബലമാണ്. ഈ ജ്ഞാനമുന്നേറ്റങ്ങൾ തമ്മിൽ താത്വികമായെങ്കിലും ചില വൈരുധ്യങ്ങളുണ്ട്. ഉദാഹരണത്തിന് പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ അതിന്റെ ആന്തരിക ബലതന്ത്രങ്ങളും പ്രവർത്തനങ്ങളും മനസ്സിലാക്കണമെന്നും അതിനു സഹായകമാകുന്നത് പോസിറ്റിവിസ്റ്റ് സയൻസാണെന്നുമുള്ള വാദം പ്രബലമായിരിക്കുമ്പോൾ തന്നെ പ്രകൃതി നിയമങ്ങൾ മനസ്സിലാക്കാൻ സയൻസിനു പരിമിതികൾ ഉണ്ടെന്നും മനുഷ്യർ കണക്കാക്കുന്നതിനുപരിയായി പ്രകൃതിക്ക് അതിന്റേതായ മൂല്യമുണ്ടെന്നും, പ്രകൃതി നിയമങ്ങളെ ബഹുമാനിച്ച് അതിന് കീഴിൽ മനുഷ്യർ ജീവിക്കുകയാണ് വേണ്ടതെന്നുമുള്ള ഡീപ് ഇക്കോളജി നിലപാടും പരിസ്ഥിതിവാദത്തിന്റെ ഭാഗമാണ്. സയൻസ് വാദികളുടെ യാന്ത്രിക യുക്തിയെ ഡീപ് ഇക്കോളജിസ്റ്റുകളും ഡീപ് ഇക്കോളജിസ്റ്റുകളുടെ ആപേക്ഷികതാ വാദങ്ങളെ സയൻസ് വാദികളും കുറ്റപ്പെടുത്തുന്നു3.

പരിസ്ഥിതിവാദത്തെ പരിപോഷിപ്പിക്കുന്ന മേൽപ്പറഞ്ഞ വ്യത്യസ്ത ജ്ഞാനമുന്നേറ്റങ്ങളുടെയെല്ലാം ഒരു പൊതു സ്വഭാവം അവ പാശ്ചാത്യ കേന്ദ്രീകൃതമായ ഒരു ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് എന്നതാണ്. കൊളോണിയൽ സയന്സുകളുടെ വ്യാപനത്തിന്റെ അടിസ്ഥാന സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് പരിസ്ഥിതിവാദവും എന്നാണു പോസ്റ്റ് കൊളോണിയൽവാദികളുടെ ഒരു നിലപാട്. കൊളോണിയൽ സയന്സുകളുടെ വ്യാപനം പൗരസ്ത്യ ദേശങ്ങളിൽ പുതിയ ശാസ്ത്രീയ ആശയങ്ങൾ പരിചയപ്പെടുത്തുന്നത് അവിടത്തെ ജനവിഭാഗങ്ങളെ അതികാല്പനികമായ രീതിയിൽ പാന്തിസ്റ്റുകളും പ്രാകൃതരുമായി മനസ്സിലാക്കിക്കൊണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ പ്രചരിപ്പിക്കപ്പെടുന്ന ആദ്യകാല പ്രകൃതി സംരക്ഷണവാദത്തിന്റെ (conservationism) സയൻസികവും പ്രത്യയശാസ്ത്രപരവുമായ ഉള്ളടക്കം കാല്പനികവും പൗരസ്ത്യവാദപരവുമായ നിലപാടുകളാൽ നിർമ്മിതമായിരുന്നു എന്ന് പോസ്റ്റ് കൊളോണിയൽ പരിസ്ഥിതിവാദികൾ4 സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പരിസ്ഥിതിവാദത്തിന്റെ ആന്തരികതയുടെ ഉൾചേർപ്പുകളായ ശാസ്ത്രവാദവും കാൽപ്പനികവാദവും ഡീപ് ഇക്കോളജിയും പാശ്ചാത്യ തത്വചിന്തയിൽനിന്നും വലിയതോതിൽ പ്രചോദനം ആർജ്ജിക്കുന്നവയാണ്. ഉദാഹരണത്തിന് ജോൺ മുയിർ, ഹെൻറി തോറോ, അഡോൾഫ് ലസ്റ്റ് തുടങ്ങിയ transcendentalist ചിന്തകരെ ഡീപ് ഇക്കോളജിസ്റ്റുകൾ ആശ്രയിക്കുമ്പോൾ റൂസ്സോ, ഗോയിത്തെ, ജോഹൻ ഗോഡ്ഫ്രെയ്‌ഡ്‌ ഹെർഡർ, ഫ്രഡറിച്ച് ഷൈൽ തുടങ്ങിയവരെ കാല്പനികവാദികളും ആശ്രയിക്കുന്നു.

ചെർണോബിലേ ആണവ ദുരന്തം | Photo: wiki commons

പരിസ്ഥിതിവാദത്തിന്റെ മുഖ്യധാരാവൽക്കരണം

1972 ലെ സ്റ്റോക്ക്ഹോം സമ്മേളനത്തോടുകൂടി പരിസ്ഥിതിവാദം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പലതരത്തിലുള്ള ആശയ രൂപീകരണങ്ങൾക്കും മുന്നേറ്റങ്ങൾക്കും സ്റ്റോക്ക്ഹോമിന്റെ ഊർജ്ജം പ്രചോദനമായി. ഭൂമിയുടെ ഇക്കോളജിക്കലായ നിലനിൽപ്പ് മാനുഷിക പ്രവർത്തനങ്ങളാൽ സവിശേഷമായ ഭീഷണിയിലാണെന്ന തത്വത്തിന് ഒരുതരത്തിൽ സർവദേശീയമായ ഒരു ഔദ്യോഗികത കൈവന്നു. സാർവദേശീയമായ ചില മൂല്യങ്ങളെ നിർവചിക്കാനും ആഗോള-സ്വീകാര്യതയുള്ള ലക്ഷ്യങ്ങളും പദ്ധതിരേഖകളും രൂപീകരിക്കാനുമുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു. ഇത്തരത്തിൽ സ്റ്റോക്ഹോമിൽ നിർവചിക്കപ്പെട്ട പാരിസ്ഥിതിക സന്ദേഹങ്ങളെ അടിസ്ഥാനമാക്കി ചില പൊതു മുൻഗണനകൾ തീരുമാനിക്കുന്നതിനെപ്പറ്റി തുടർന്നുള്ള വർഷങ്ങളിൽ അന്താരാഷ്‌ട്ര തലത്തിൽ രാഷ്ട്രീയ ചർച്ചകൾ നടന്നു. ഇതിനെത്തുടർന്ന് Our Common Future5 എന്ന ശീർഷകത്തിൽ ബ്രറ്റ്ലാൻഡ് റിപ്പോർട്ട് എന്ന് വിളിക്കപ്പെടുന്ന രേഖ6 1987 ൽ World Commission on Environment and Development പ്രസിദ്ധീകരിച്ചു.

ബ്രറ്റ്ലാൻഡ് റിപ്പോർട്ടിനുശേഷം ഉണ്ടായ ഒരു പ്രധാന സ്ഥിതിവിശേഷം പരിസ്ഥിതിവാദത്തിന്റെ വലിയതോതിലുള്ള മുഖ്യധാരാവൽക്കരണമാണ്. Rio de Janeiro 1992 Earth Summit, The Johannesburg 2002 Summit, The 2012 Rio+20 summit തുടങ്ങിയ യു എൻ സമ്മിറ്റുകളും ആയിരക്കണക്കിന് ഡിക്ലറേഷനുകളും പ്രോട്ടോകോളുകളും പരിസ്ഥിതിവാദത്തിന്റെ ജനപ്രിയത ഉയർത്തി. അന്താരാഷ്ട്ര ബന്ധങ്ങളിൽ ഹരിത നയതന്ത്രം (Green diplomacy) എന്ന പുതിയൊരു സമീപനം സ്വീകരിക്കപ്പെട്ടു. പരിസ്ഥിതി എന്ന കാറ്റഗറിയെ മുൻനിർത്തി മന്ത്രാലയങ്ങൾ, പ്രത്യേകകോടതികൾ, നിയമങ്ങൾ, യുണിവേഴ്‌സിറ്റി ഡിപ്പാർട്മെന്റുകൾ എന്നിങ്ങനെ പുതിയ സ്ഥാപനങ്ങളും ജ്ഞാനവ്യവഹാരങ്ങളും ലോകമെമ്പാടും ആരംഭിച്ചു. യൂറോപ്പിൽ ഹരിത പാർട്ടികൾക്ക് വലിയ ജനസ്വീകാര്യത ലഭിക്കുകയും അവർ നിയമനിർമാണ സഭകളിൽ എത്തിപ്പെടുകയും ചെയ്തു. പിന്നീട് ലിബറലുകളും7 കൺസർവേറ്റിവുകളും ഒരുപോലെ പാരിസ്ഥിതിക-അവകാശവാദങ്ങൾ ഉന്നയിച്ചുതുടങ്ങി.

സത്യത്തിൽ ഈ നാല് വർഷം കൊണ്ട് ഉണ്ടായ മാറ്റം താച്ചറിന്റെ മനംമാറ്റം മാത്രമായിരുന്നില്ല എന്നും അത് പരിസ്ഥിതിവാദത്തിന്റെ മുഖ്യധാരവൽക്കരണത്തിന്റെ ഭാഗമായി സംഭവിച്ച ഒന്നാണെന്നും സമൂഹപഠിതാക്കൾ പറയുന്നു.

ഇത്തരത്തിലെ മുഖ്യധാരാവൽക്കരണമാണ് പരിസ്ഥിതിവാദത്തിന്റെ മൂർച്ചനഷ്ട്ടപ്പെടുന്നതിനു ഒരു കാരണമായി പറയുന്നത്. ഒരു ഉദാഹരണത്തിന് 1982 ൽ മാർഗരറ്റ് താച്ചർ പരിസ്ഥിതി എന്നത് അവരുടെ ഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം കുറഞ്ഞ ഒരു അജണ്ടയാണെന്നു പറയുന്നുണ്ട്. നാല് വർഷങ്ങൾക്ക് ശേഷം ഇതേ താച്ചർ ഈ അഭിപ്രായം മാറ്റി പരിസ്ഥിതി അവരുടെ ഭരണകൂടത്തിന്റെ പരമപ്രധാനമായ വിഷയമാണെന്ന് മാറ്റിപ്പറയുന്നുണ്ട്. സത്യത്തിൽ ഈ നാല് വർഷം കൊണ്ട് ഉണ്ടായ മാറ്റം താച്ചറിന്റെ മനംമാറ്റം മാത്രമായിരുന്നില്ല എന്നും അത് പരിസ്ഥിതിവാദത്തിന്റെ മുഖ്യധാരവൽക്കരണത്തിന്റെ ഭാഗമായി സംഭവിച്ച ഒന്നാണെന്നും സമൂഹപഠിതാക്കൾ പറയുന്നു. 1980 കളിലും 90 കളിലും പരിസ്ഥിതിവാദത്തിനു കൈവന്ന പ്രചാരവും ജനസമ്മിതിയും ഒരു നല്ലകാര്യമായാണ് ആദ്യകാലങ്ങളിൽ പരിസ്ഥിതിവാദികൾ കരുതിയത്. എന്നാൽ, പരിസ്ഥിതിവാദികളുടെ കയ്യിൽനിന്നും വഴുതിപ്പോയ, ഏതൊരാൾക്കും യാതൊരു ആയാസവും കൂടാതെ അവകാശപ്പെടാവുന്ന ഒന്നായി പരിസ്ഥിതിവാദം മാറി8 എന്നതാണ് ഇക്കാലയളവിൽ സംഭവിച്ചത്.

അമേരിക്കൻ സാഹചര്യത്തിലെ മുഖ്യധാരാ പരിസ്ഥിതിവാദത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചില സവിശേഷതകൾ മാത്രമാണ് മുകളിൽ വിവരിച്ചത്. ഇത് പൂർണമായ ഒരു ആഖ്യാനമല്ല. ഈ ലേഖകന് ശ്രദ്ധേയമായി തോന്നിയ ചില വശങ്ങൾ മാത്രമേ ഇവിടെ അവതരിപ്പിച്ചിട്ടുള്ളു. ലോകത്തെമ്പാടും ഈ അമേരിക്കൻ മാതൃകാ പരിസ്ഥിതി വാദത്തിനു പ്രചാരകരുണ്ട്. എന്നാൽ ഇതിൽനിന്നും വേറിട്ട രീതിയിലുള്ള പരിസ്ഥിതിവാദങ്ങളും പലയിടങ്ങളിൽ ഉദയം ചെയ്തിട്ടുണ്ട്. അത്തരം മുന്നേറ്റങ്ങളെ പരിസ്ഥിതിവാദം എന്ന് വിളിക്കാമോ എന്നത് ഒരു സമസ്യയാണ്. ഉദാഹരണത്തിന് ഇന്ത്യൻ അവസ്ഥയിൽ രൂപം കൊണ്ട പരിസ്ഥിതിവാദം ഈ അമേരിക്കൻ അവസ്ഥയിൽനിന്ന് തുലോം വ്യത്യസ്തമായിരുന്നു. അടുത്തഭാഗത്തിൽ ഇന്ത്യൻ അവസ്ഥയുടെ വ്യത്യസ്തത വിവരിക്കാം.

കുറിപ്പുകൾ
1.ശാസ്ത്രീയ പരിസ്ഥിതിവാദം (Scientific Environmentalism) എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഈ ലേഖകൻ ഇതിനെ മനസ്സിലാക്കുന്നത് സയന്സിക പരിസ്ഥിതിവാദം (Scientistic Environmentalism) എന്ന നിലക്കാണ്.. തുടർലക്കങ്ങളിൽ വിശദീകരിക്കാം.

2.മാധവ് ഗാഡ്‌ഗിൽ ഉൾപ്പെടെയുള്ള പ്രമുഖ ഇക്കോളജിസ്റ്റ്കൾ വൈജ്ഞാനികപരമായി അവർക്ക് വിയോജിപ്പുള്ള നിലപാടുകളെ അശാസ്ത്രീയം എന്നാണു സംബോധന ചെയ്യാറ്. ശാസ്ത്രീയത ഒരു പാരിസ്ഥിതിക പ്രമാണം ആകുന്നതിന്റെ വംശാവലി ഇവിടെ തുടങ്ങുന്നുണ്ട്.

3.പാരിസ്ഥിതിക യഥാർത്ഥവാദത്തെ പരിചയപ്പെടുത്തുന്ന ലക്കത്തിൽ ഈ ചർച്ച കൂടുതൽ വിവരിക്കാം)


4.കോളനീകൃത ദേശങ്ങളിലെ ജ്ഞാനരൂപങ്ങളെയും കർതൃത്ത്വങ്ങളെയും അവഗണിച്ചുകൊണ്ടാണ് കൊളോണിയൽ സയൻസിന്റെ വ്യാപനം പോലെ പരിസ്ഥിതിവാദവും പൗരത്യദേശങ്ങളിൽ പ്രചാരം നേടിയത് എന്നാണ് പോസ്ടകൊളോണിയൽ വാദം. അതേസമയം പോസ്ടകൊളോണിയൽ പരിസ്ഥിതിവാദം തദ്ദേശീയ ജനതകളെയും ആദിവാസി ജനവിഭാഗങ്ങളെയും നിഷ്കളങ്കതയുടെയും വിനീതവിധേയത്വത്തിന്റെയും ചില വാർപ്പുമാതൃകകളിൽ ഒതുക്കി അവതരിപ്പിക്കുന്നു എന്ന വാദവും പ്രബലമാണ്. വരുംലക്കങ്ങളിൽ വിവരിക്കാം.

5.https://sustainabledevelopment.un.org/content/documents/5987our-common-future.pdf

6.ഈ റിപ്പോർത്തിലൂടെ പ്രചാരം ലഭിച്ച ഒരു ഉക്തിയാണ് സുസ്ഥിരവികസനം എന്നത്. പിന്നീട് പ്രകൃതി സംരക്ഷണത്തിൽ പരിസ്ഥിതിവാദം വിജയിക്കാത്തതിന്റെ ഒരു പ്രധാനകാരണമായി സമൂഹപഠിതാക്കൾ കണ്ടെത്തുന്നത് സുസ്ഥിരവികസനം എന്ന സങ്കൽപ്പണത്തിലെ അവ്യക്തതയും അർഥശൂന്യതയും വിരുദ്ധോക്തിയുമാണ്. വികസനം എന്ന ആശയത്തെ വിമർശനാത്മകമായി മനസ്സിലാക്കുന്ന വികസനനാന്തരത (Post-Development) എന്ന സൈദ്ധാന്തിക ധാരയെ പരിചയപ്പെടുത്തുന്ന ഭാഗത്തു ഈ ചർച്ച തുടരുന്നതാണ്.

7.(പരിസ്ഥിതിവാദത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ എന്നത് കൂടുതൽ അന്വേഷണങ്ങൾ ആവശ്യമുള്ള മേഖലയാണ്. ആൻഡ്രൂ ഡോബ്സനെപോലുള്ളവർ പറയുന്നത് യൂറോപ്പിന്റെ രാഷ്ട്രീയ-രാജിയിൽ ലെഫ്റ്റ് ലിബറലുകൾ ആയാണ് ഗ്രീൻ പാർട്ടികളെ അടയാളപ്പെടുത്താനാവുക എന്നാണു. . ജോൺ ബെല്ലമി ഫോസ്റ്റർനെപോലുള്ളവർ മാർക്സിസത്തിൽ പ്രകൃതി സംരക്ഷണത്തിന്റെ സൈദ്ധാന്തിക ഉറവിടം കണ്ടെത്തുന്നുണ്ട്. ഇന്ത്യൻ അവസ്ഥയിൽ പരിസ്ഥിതിയും ഇടതുപക്ഷവും എന്ന ശീർഷകത്തിൽ അർച്ചന പ്രസാദ് ചില ആലോചനകൾ മുന്നോട്ട് വെക്കുന്നുണ്ട്. ഈ വിഷയത്തിൽ വിശദവും ഗഹനവുമായ ആലോചനകൾക്ക് ഈ പംക്തിയിൽ പരിമിതികൾ ഉണ്ടെങ്കിലും വരുംലക്കങ്ങളിൽ ആകാവുന്നത്ര ഈ മേഖല പരാമർശിക്കുന്നതാണ്.

8.അമേരിക്കൻ സാഹചര്യത്തിൽ post -environmentalism എന്ന ശീർഷകത്തിൽ നടക്കുന്ന ചർച്ചകൾ പരിസ്ഥിതിവാദത്തിന്റെ ഇത്തരം പരിമിതികാളെ വിശദീകരിക്കുന്നുണ്ട്. അധികവായനക്ക് https://www.doolnews.com/an-introduction-to-post-ecologism-ranjith-kalyani-writes.html

Leave a comment