TMJ
searchnav-menu
post-thumbnail

Outlook

വർത്തമാനകാലത്തെ ഭാവിജീവിതം

31 Jan 2022   |   1 min Read
വിജിത്ത്

Constant fragmentation of our time and concentration has become the new normal. Illustration: Andrea Ucini

മ്മുടെ വർത്തമാനജീവിതം പലനിലയിലും ഭാവിയെക്കൂടി ഉൾക്കൊള്ളുന്നതാണ്. സാമൂഹ്യ പരിണാമത്തിന്റെ എല്ലാകാലത്തും ഒരേ നിലയിലായിരുന്നില്ല നമ്മുടെ ഭാവിബോധം. അത് ചരിത്രപരമായി രൂപപ്പെട്ട് സാമൂഹ്യപരിണാമത്തിനൊപ്പം വികസിച്ചുവന്നതായി നമുക്ക് മനസിലാക്കാം. ആധുനിക കാലഘട്ടത്തിൽ എത്തുമ്പോഴേക്കും വർത്തമാന ജീവിതത്തിന്റെ അടിത്തറ തന്നെ ഭാവിജീവിതമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആ അർത്ഥത്തിൽ വർത്തമാനമെന്നത് അമൂർത്തമായ ഭാവികൂടിയാണ് എന്ന് വരുന്നു. കൂടുതൽ മത്സരാധിഷ്ഠിതമായിക്കൊണ്ടിരുക്കുന്ന ആധുനിക ജീവിതക്രമത്തിൽ പൂർണ്ണമായും ഒരു വർത്തമാനസ്ഥാപനമായിത്തന്നെ ഭാവി അവതരിക്കുന്നു. ആധുനിക ജീവിതക്രമത്തിൽ ഭാവി കൂടുകെട്ടിപ്പാർക്കുന്ന വർത്തമാന ജീവിതം നിർമിക്കുന്ന ചില മാനസികാനുഭവങ്ങളെ മനസിലാക്കാനുള്ള ശ്രമമാണ് ഈ ലേഖനം നടത്തുന്നത്.

ഭാവി ബോധത്തിന്റെ ചരിത്രപരമായ രൂപപ്പെടൽ

ഭാവിയെക്കുറിച്ചുള്ള ബോധം മനുഷ്യന്റെ സവിശേഷമായ ചിന്തയുടെ ഉൽപ്പന്നമാണ്. സാമൂഹ്യപരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഭാവിയെക്കുറിച്ചുള്ള ബോധം പലതരത്തിലാണ് നിലനിന്നിരുന്നത്. ഭാവിബോധവും വ്യവസ്ഥയും ഒപ്പം ചേർന്നാണ് പരിണമിക്കുന്നത്. വേട്ടയാടിയും പെറുക്കിതിന്നും ജീവിച്ച സമൂഹത്തിൽ നിന്നും കാർഷിക സമൂഹങ്ങളിലേക്കെത്തുമ്പോൾ ഭാവിബോധം വലിയ മാറ്റങ്ങൾക്ക് വിധേയമാവുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള ബോധവും അതിന്റെ ഉപോല്പന്നമായ ആസൂത്രണപാടവവും വേട്ടയാടുകയും പെറുക്കി തിന്നുകയും ചെയ്ത സമൂഹങ്ങളിൽ ചെറിയ തോതിൽ നിലനിന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഭാവിബോധത്തിന്റെ ആദ്യരൂപങ്ങളിൽ ഒന്നായ മരണാനന്തരവിശ്വാസം നിലനിന്നിരുന്നു എന്നതിന് തെളിവായി ആനക്കൊമ്പിന്റെ മുത്തുകളോടെ അടക്കം ചെയ്ത രണ്ടു കൗമാരക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിൽ നിന്ന് അനുമാനിക്കാവുന്നതാണെന്ന്, ഇരുപത്തിയെട്ടായിരം വർഷങ്ങൾക്ക് മുൻപുള്ള മൃതദേഹങ്ങൾ അടക്കം ചെയ്ത ഒരു സ്ഥലത്തെ പഠിച്ചുകൊണ്ട് മിത്തൻ (1996 ) സൂചിപ്പിക്കുന്നുണ്ട്. അതേസമയം വ്യാപകമായി അത് കണ്ടിരുന്നില്ല എന്നത് ഭാവിബോധത്തിന്റെ ചരിത്രപരമായ രൂപീകരണത്തെ ഉറപ്പിക്കുകയും ചെയ്യുന്നു. മനുഷ്യസമൂഹങ്ങൾ കൃഷി ചെയ്യാൻ തുടങ്ങുന്നതോടുകൂടി ഭാവിബോധം കൂടുതൽ സാമൂഹികപ്രക്രിയയുടെ ഭാഗമായി മാറി. കൃഷിക്കാവശ്യമായ വിത്തുകൾ സൂക്ഷിച്ചുവെക്കുന്നതും, അനുയോജ്യമായ കാലാവസ്ഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നതും എല്ലാം ഭാവിയെ കൂടുതൽ കൂടുതൽ മനുഷ്യ സമൂഹത്തിന്റെ വർത്തമാനജീവിതത്തിലേക്ക് കണ്ണിചേർത്തു. വ്യവസായയുഗത്തിലേക്കും വിപണികേന്ദ്രസ്ഥാനത്ത് വരുന്ന സാമൂഹ്യക്രമത്തിലേക്കും വരുന്നതോടുകൂടി നമ്മുടെ ജീവിതം വർത്തമാനത്തിന്റെയും ഭാവിയുടെയും അതിർവരമ്പുകൾ ഇല്ലാതായി മാറി. ആധുനിക കാലത്തെ വ്യക്തികൾ ജനിക്കുന്നത് ഭാവിയിലേക്ക് പരുവപ്പെടുത്തുന്ന സാമൂഹിക ആചാരങ്ങളും തൊഴിൽ ഘടനയും മൂല്യവ്യവസ്ഥയും നിലനിൽക്കുന്ന ഒരു സംസ്കാരത്തിലേക്കാണെന്ന് ഡാനിയൽ സർവോണും നില്ലി റാഫേയ്‌ലിമോറും (1999 ) നിരീക്ഷിക്കുന്നുണ്ട്. നിക്ഷേപങ്ങൾ പോലെ പ്രത്യക്ഷമായും വിദ്യാഭ്യാസ സമ്പ്രദായം പോലെ പരോക്ഷമായും ഭാവിബോധം നമ്മുടെ വർത്തമാന ജീവിതത്തിന്റെ ഭാഗമാണ്.

ഭാവിബോധവും ഉത്കണ്ഠയും

ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരനുഭവത്തെക്കുറിച്ചുള്ള ഭയാശങ്കകളാണ് ഉത്കണ്ഠ എന്ന മാനസികാനുഭവം സൃഷ്ടിക്കുന്നത്. ഭാവിയാണ് ഉത്കണ്ഠയുടെ കാലം. വർത്തമാന മാനസിക അനുഭവമായി ഭാവിബോധം മാറുന്നു എന്നർത്‌ഥം. പലതരത്തിൽ ഉത്കണ്ഠയെ വിശദീകരിക്കാനുള്ള ശ്രമങ്ങളുണ്ട്. അബോധവൈകാരിക സംഘട്ടനങ്ങളുടെ സൂചകമായിട്ടാണ് മനോവിശ്ലേഷണം അതിനെ വിശദീകരിക്കുന്നത്. കണ്ടീഷനിംഗ് വഴിനടക്കുന്ന തെറ്റായ വൈകാരികപ്രകടനമായിട്ടാണ് ബിഹേവിയറിസം ഉത്കണ്ഠയെ മനസിലാക്കുന്നത്. അസ്തിത്വവാദക്കാർ ആവട്ടെ ഉത്കണ്ഠയെ അനിശ്ചിതത്വം നിറഞ്ഞ നമ്മുടെ ജീവിതം സമ്മാനിക്കുന്ന വൈകാരികഅവസ്ഥയാണ് കാണുന്നത്. ഇത്തരത്തിൽ ക്ലിനിക്കൽ ഉത്കണ്ഠയെ മനഃശാസ്ത്രത്തിലെ പല ചിന്താധാരകളും പലരീതിയിൽ മനസിലാക്കാൻ ശ്രമിക്കുന്നു. ക്ലിനിക്കൽ ഉത്കണ്ഠ സാധാരണയായി ഒരു സവിശേഷമായ സാഹചര്യത്തോട് ചേർന്നാണ് വ്യക്തികളിൽ കാണപ്പെടുന്നത്. അതല്ലാതെ General Anxiety Syndrom (GAD) പോലെ പ്രത്യേകമായ സാഹചര്യങ്ങളോടനുബന്ധിച്ചല്ലാതെയും ക്ലിനിക്കൽ ഉത്കണ്ഠ വ്യക്തികളിൽ രൂപപ്പെടാറുണ്ട്. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മാനസികപ്രശ്നങ്ങളുടെ ഗണത്തിലാണ് ക്ലിനിക്കൽ ഉത്കണ്ഠയെ പെടുത്തിയിട്ടുള്ളത്. ഈ ലേഖനം ചർച്ച ചെയ്യുന്നത് സാധാരണയായി സവിശേഷ സാഹചര്യങ്ങൾ ത്വരകമായി പ്രവർത്തിച്ചുകൊണ്ട് രൂപപ്പെടുന്ന ക്ലിനിക്കൽ ഉത്കണ്ഠയെകുറിച്ചല്ല മറിച്ച് നമ്മുടെ ജീവിതവ്യവസ്ഥതന്നെ നിർമ്മിക്കുന്ന വ്യക്തികളെ എപ്പോഴും ഗ്രസിച്ചു നിൽക്കുന്ന ഉത്കണ്ഠ എന്ന അനുഭവത്തെയാണ്. അത് ആളുകളെ അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയോ ചിലപ്പോൾ ഒരു മനഃശാസ്ത്രസഹായം ആവശ്യമായ തരത്തിലേക്ക് മാറ്റുകയോ ചെയ്യുന്നുണ്ടാവില്ല. പക്ഷെ അത് ജീവിതഗുണനിലവാരത്തെ ഋണാത്മകമായി കാര്യമായിതന്നെ സ്വാധീനിക്കുന്നുണ്ട്, വളരെ നിശബ്ദമായി എന്ന് മാത്രം.

ആധുനികലോകത്തെ മൂലധനകേന്ദ്രീകൃതവും മത്സരാധിഷ്ഠിതവുമായ വ്യവസ്ഥയും മനുഷ്യനെ പൂർണ്ണമായും ഭാവിയിലെ ജീവിയാക്കി മാറ്റുന്നുണ്ട്. നമ്മുടെ ജീവിതം എല്ലാ സമയത്തും ഭാവിയിൽ സഫലമാകുന്ന ജീവിതത്തിനുവേണ്ടിയുള്ള മുന്നൊരുക്കമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.

വ്യവസ്ഥയ്ക്കകത്തെ ഉത്കണ്ഠ

നാഗരികയ്ക്കകത്തുതന്നെ മനോരോഗങ്ങളുടെ കാരണം അടയാളപ്പെടുത്തണം എന്നുള്ള ഫ്രോയിഡിയൻ വിചാരത്തിൽ ആണ് തുടക്കത്തിൽ പറഞ്ഞ നിരീക്ഷണങ്ങളെ ഇനി മുന്നോട്ട് കൊണ്ടുപോകുന്നത്. മനുഷ്യന്റെ ജൈവികപ്രേരണകളുടെ നിയന്ത്രണമാണ് നാഗരികത സാധ്യമാകുന്നതും അതുവഴി കുടുംബം അടക്കമുള്ള വിവിധ സാമൂഹിക സ്ഥാപനങ്ങളുടെ രൂപപ്പെടലിലേക്ക് നയിക്കുന്നതും. ആ അർത്ഥത്തിൽ നമ്മുടെ നാഗരികജീവിതം തന്നെ പ്രശ്നങ്ങളെയും പേറുന്നുണ്ട്. പക്ഷെ ആഹ്ളാദത്തിനെ ധാർമ്മിക മൂല്യസംഹിതകളിലൂടെ പരുവപ്പെടുത്തി വ്യവസ്ഥാവൽക്കരിച്ചാണ് നാഗരിക വ്യവസ്ഥകൾ മുന്നോട്ട് പോവുന്നത്. ആധുനികജീവിതം ഭാവിയോട് കൂടുതൽ കൂടുതൽ ഉൻമുഖമായി വരികയാണ്. അതുവഴി ഉത്കണ്ഠയെ അതിനകത്തുതന്നെ നിർമ്മിക്കുന്നു. ഈ ഭൂമിയ്ക്ക് പുറത്ത് പാർപ്പിടം കണ്ടെത്താനുള്ള ആലോചന നാം തുടങ്ങിക്കഴിഞ്ഞു. വിവിധതരത്തിലുള്ള സാമൂഹിക സംവിധാനങ്ങളിലൂടെയും ശ്രേണീകൃതതൊഴിൽ ഘടനയിലൂടെയും അവയെ പൊതിഞ്ഞുനിൽക്കുന്ന മൂല്യവ്യവസ്ഥയിലൂടെയും ഉത്കണ്ഠ നിത്യജീവിതത്തിൽ അനുഭവവേദ്യമാകുന്നു. പടിഞ്ഞാറൻ രാജ്യങ്ങളിൽ ആധുനികജീവിതം കൊണ്ടുവന്ന അസ്തിത്വ പ്രശ്നങ്ങൾ ഈ പരിസരത്തിൽ നിന്നുകൊണ്ട് കാണാവുന്നതാണ്. ആധുനികലോകത്തെ മൂലധനകേന്ദ്രീകൃതവും മത്സരാധിഷ്ഠിതവുമായ വ്യവസ്ഥയും മനുഷ്യനെ പൂർണ്ണമായും ഭാവിയിലെ ജീവിയാക്കി മാറ്റുന്നുണ്ട്. നമ്മുടെ ജീവിതം എല്ലാ സമയത്തും ഭാവിയിൽ സഫലമാകുന്ന ജീവിതത്തിനുവേണ്ടിയുള്ള മുന്നൊരുക്കമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് മനുഷ്യന്റെ നാഗരികജീവിതാരംഭം മുതൽ നിലനിൽക്കുന്നുണ്ടെങ്കിലും ആധുനിക വ്യാവസായികാനന്തരലോകത്തിൽ അത് ഏറ്റവും തീവ്രമാകുന്നു. മൂലധനകേന്ദ്രീകൃത ഉൽപ്പാദന വ്യവ്യസ്ഥയിൽ ഓരോ വ്യക്തികളും അതിലേക്ക് സംഭാവന നൽകേണ്ട വ്യക്തികളായാണ് വിഭാവനം ചെയ്യപ്പെടുന്നത്.

വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം ഭാവി മാത്രമാവുന്ന ഒരു പാഠ്യപദ്ധതിയിൽ നിന്നും ബാല്യം പുറത്താവുകയും അതുവഴി ആഹ്‌ളാദം എന്ന വൈകാരിക അവസ്ഥ ക്ലാസ്സിന് പുറത്ത് നിർമിക്കേണ്ട അനുഭവമായി മാറുകയും ചെയ്യുന്നു. ആധുനികവ്യവസ്ഥയിലെ ലക്‌ഷ്യം നമ്മുടെ മാർഗത്തെ അവസാനിക്കാത്തതാക്കി തീർത്തിരിക്കുന്നു. ലോട്ടറി മുതൽ ഓഹരി വിപണിവരെ നീണ്ടുനിൽക്കുന്നു ഭാവി സംവിധാനം ചെയ്യുന്ന നമ്മുടെ നിത്യജീവിതം. ബാലചന്ദ്രൻ ചുള്ളിക്കാട് അതിനെ എൽഐസി ഏജന്റിനെ കണ്ട് മരണത്തെ കണ്ടെന്നപോലെ എന്ന് രേഖപ്പെടുത്തുന്നു. ലൈഫ് ഇൻഷുറൻസ് പോളിസി എടുത്ത് ശീലമായിരുന്ന നമുക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസി കൂടി എടുക്കേണ്ടിവരുന്നതോടുകൂടി നാം കൂടുതൽ കൂടുതൽ ഭാവിമനുഷ്യരായി മാറിക്കൊണ്ടിരിക്കുന്നു.

ആഹ്ളാദം എന്ന വൈകാരിക അനുഭവത്തെ ഒരു വ്യവസ്ഥ വ്യക്തിക്ക് നല്കുന്നില്ലെങ്കിൽ വ്യക്തി ജൈവിക വ്യവസ്ഥകളിൽ അതിനെ അന്വേഷിക്കും. ലഹരിയിലോ ഭക്ഷണത്തിലുള്ള അമിതതാല്പര്യമായോ അനിയന്ത്രിത ലൈംഗികതയായോ അത് ആഹ്ളാദം അതിന്റെ യാത്ര തുടരും. ഭാവി ഉന്മുഖമായി വർത്തമാനം മാറിക്കൊണ്ടിരിക്കുന്തോറും ആഹ്ളാദത്തെ വേട്ടയാടിപ്പിടിക്കാൻ നാം ഇറങ്ങേണ്ടിവരും.

ഭാവിയിൽമാത്രം പൂർണരാവുന്ന നാം

ഇങ്ങനെ ഭാവി ഉന്മുഖമായി ജീവിതം കൂടുതൽ കൂടുതൽ മാറിക്കൊണ്ടിരിക്കുമ്പോൾ ഉത്കണ്ഠയെ രൂപപ്പെടുത്തുന്ന രണ്ട് പ്രക്രിയകളെ അടയാളപ്പെടുത്താൻ കഴിയും ഒന്നാമത്തേത് വ്യവസ്ഥ ഒരു നീട്ടിവെക്കപ്പെടുന്ന പ്രതിഫലമായി മാറുകയും ആഹ്ളാദം എന്ന വൈകാരിക അനുഭവത്തെ റദ്ദു ചെയ്യുകയും ചെയ്യുന്നു. മാനസിക ലോകത്ത് ഇത് എല്ലായ്‌പ്പോഴും വർത്തമാനകാലത്ത് പൂർണത തേടാൻ കഴിയാത്ത ശകലീകൃതമായ സ്വത്വത്തെ നിർമിക്കുന്നു, ഒരർത്ഥത്തിൽ അപൂർണനായ മനുഷ്യൻ എന്ന മാനസിക അനുഭവമാണ് അത് സമ്മാനിക്കുന്നത്. നീട്ടിവെയ്ക്കപ്പെടുന്ന സംതൃപ്തിയുടെ തടവറയിലാണ് ആധുനികജീവിതം. വർത്തമാനകാലത്ത് ആഹ്ളാദം ലഭിക്കാതെ വ്യക്തികൾ ഭാവിയുടെ അമൂർത്തമായ പൂർണതയെ തേടാൻ വ്യവസ്ഥപ്പെട്ട് ജീവിക്കുന്നു. ഭാവി ചിന്താപരമായ യാഥാർഥ്യമായത് കൊണ്ട് ആഹ്ളാദം എന്ന വൈകാരിക അനുഭവത്തെ നിർമ്മിക്കാൻ അതിന് വലിയ കെല്‍പ്പില്ല. ഇങ്ങനെ ആഹ്ളാദാനുഭവങ്ങൾ കുറയുകയും ഭയത്തിന്റെയും ആശങ്കയുടെയും അനുഭവങ്ങൾ കൂടുകയും ചെയ്യുന്നു. വ്യക്തികൾക്ക് വർത്തമാനകാലത്തോടുള്ള ആഭിമുഖ്യം നഷ്ടപ്പെടുന്നു. സ്ഥലകാലത്തോടുള്ള കൃത്യമായ ആഭിമുഖ്യം ശരിയായ മാനസികാരോഗ്യത്തിന്റെ സൂചകങ്ങളിൽ ഒന്നാണ്. മൂർത്തമായ സാഹചര്യങ്ങളോടുള്ള ആരോഗ്യകരമായ പ്രതികരണശേഷിയെ അത് അടയാളപ്പെടുത്തുന്നു. മൂലധനകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയിൽ ആഹ്ളാദകരമായ കർത്തൃത്വരൂപീകരണം നടക്കുന്നില്ല, ശിഥിലീകരിക്കപ്പെട്ട കർത്തൃത്വവും അപൂർണതയും അതുവഴി ഉൽക്കണ്ഠയെ നിർമിക്കുന്നു. അങ്ങനെ വ്യക്തികൾക്ക് വർത്തമാനം ഒരു കർതൃത്വനിരാസമാണ് അനുഭവിപ്പിക്കുന്നത്. തൊഴിലിൽ അനുഭവിക്കുന്ന അന്യവൽക്കരണത്തെക്കുറിച്ച് കാൾ മാർക്സിന്റെ പ്രശസ്തമായ ആശയം ഓർക്കുമല്ലോ. ഇവിടെ ഭാവി നമ്മുടെ വർത്തമാനജീവിതത്തെ പുറത്താക്കിക്കളയുന്നു. ഇങ്ങനെ അപൂർണ്ണമായ കർതൃത്വവും അത് നൽകുന്ന ഉത്കണ്ഠയും ആണ് നാം ജീവിച്ചുതീർക്കുന്നത്.

വർത്തമാന കാലത്ത് വ്യക്തികൾ അനുഭവിക്കുന്ന ഈ ഉത്കണ്ഠയെയും കർത്തൃത്വ പ്രതിസന്ധിയെ മറികടക്കാൻ മനസ്സ് കണ്ടെത്തുന്ന വഴി വർത്തമാനകാലത്തെ ആഘോഷിക്കുകയാണ്. ഇത് ജീവിതത്തിന്റെ ശരിയായ നിർണ്ണയത്തിലല്ല നടക്കുന്നത്. മറിച്ച് ഇതൊരു വ്യാജപ്രതിരോധം മാത്രമാണ്. ആഹ്ളാദം എന്ന വൈകാരിക അനുഭവത്തെ ഒരു വ്യവസ്ഥ വ്യക്തിക്ക് നല്കുന്നില്ലെങ്കിൽ വ്യക്തി ജൈവിക വ്യവസ്ഥകളിൽ അതിനെ അന്വേഷിക്കും. ലഹരിയിലോ ഭക്ഷണത്തിലുള്ള അമിതതാല്പര്യമായോ അനിയന്ത്രിത ലൈംഗികതയായോ അത് ആഹ്ളാദം അതിന്റെ യാത്ര തുടരും. ഭാവി ഉന്മുഖമായി വർത്തമാനം മാറിക്കൊണ്ടിരിക്കുന്തോറും ആഹ്ളാദത്തെ വേട്ടയാടിപ്പിടിക്കാൻ നാം ഇറങ്ങേണ്ടിവരും. മൈൻഡ് ഫുൾ ലിവിങ് എന്ന ആശയം അടുത്തകാലത്ത് വളരെയധികം പ്രചാരം നേടുകയുണ്ടായി. വർത്തമാനകാലത്ത് ജീവിക്കുക എന്ന ഈ ആശയത്തിന്റെ സ്വാധീനം ആളുകളിൽ ഉണ്ടായതിന്റെ ഒരു പ്രധാനകാരണം ഭാവി അന്യവൽക്കരിച്ച വർത്തമാനകാലത്തിലൂടെ കടന്നുപോവുന്ന ആളുകളുടെ ഉത്കണ്ഠനിറഞ്ഞ ജീവിതം തന്നെയാണ്.

Leave a comment