TMJ
searchnav-menu
post-thumbnail

Outlook

ഗിഗ് ഇക്കോണമിയും തൊഴിൽ സുരക്ഷിതത്വവും

27 Aug 2022   |   1 min Read
അനിറ്റ് ജോസഫ്‌

PHOTO: WIKI COMMONS

ഗിഗ് ഇക്കോണോമിയും തൊഴിൽ സുരക്ഷിതത്വവും ഒരേ ശ്വാസത്തിൽ പറയുന്നത് പൊരുത്തക്കേടായി തോന്നാം. അസ്ഥിരമായ തൊഴിൽ അല്ലെങ്കിൽ താൽക്കാലികമായ തൊഴിൽ എന്നതാണ് ഗിഗ് ഇക്കണോമിയുടെ മുഖമുദ്ര. തൊഴിൽ സുരക്ഷിതത്വ ഡിഎൻഎ യിൽ തന്നെ ഇല്ലാത്ത ഒരു സംവിധാനത്തിൽ പോലും അതൊരു വിഷയമായി ഉയരുന്നത് ഗിഗ് എക്കണോമിയുടെ മേഖലയിലെ വളർച്ചയോടൊപ്പം ആശങ്കകളും വെളിപ്പെടുത്തുന്നു.

ഗിഗ് ഇക്കണോമിയുടെ വളർച്ചയിൽ നിർണ്ണായക വഴിത്തിരിവായിരുന്നു കോവിഡ് വ്യാപനം. ഓൺലൈൻ ഷോപ്പിങ് നഗരങ്ങളിൽ മാത്രമല്ല നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിച്ചു. ജോലി നഷ്ടമായവർ സാമ്പത്തിക ഭദ്രതയ്ക്കായി പാർട്ട് ടൈം ജോലികൾക്കിറങ്ങാൻ നിർബന്ധിതരായതും ലോക് ഡൗൺ കാലയളവിൽ വീട്ടിലിരുന്ന് മടുത്തവർ അവരുടെ കഴിവുകൾ പൊടി തട്ടിയെടുത്ത് ഓൺലൈൻ ക്ലാസുകൾ മുതൽ വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം വിൽക്കുന്നത് വരെയുള്ള പരിപാടികൾ തുടങ്ങിയതും ഗിഗ് ഇക്കോണമി സമ്പ്രദായം നമ്മളറിയാതെ തന്നെ നമ്മുടെയിടയിൽ വളർന്നുകൊണ്ടിരുന്നതിന്റെ ഉദാഹരണമായി കാണാം.

ഡിജിറ്റലൈസേഷന് മുൻപ് ജോലികൾക്കായി ഭൂരിപക്ഷം ആളുകളും എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനെ ആശ്രയിച്ചിരുന്നു. എന്നാൽ പിന്നീട് ആപ്പുകളുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ തൊഴിൽ ദാതാക്കളും തൊഴിൽ തേടുന്നവരും തമ്മിലുള്ള അന്തരം കുറഞ്ഞു. നിശ്ചിത യോഗ്യതയുള്ളവരെ കണ്ടെത്തുവാൻ തൊഴിൽ ദാതാക്കൾക്ക് പഴയതു പോലെ ബുദ്ധിമുട്ടില്ല.

ഹ്രസ്വകാല കരാറുകളുടെ അടിസ്ഥാനത്തിൽ തൊഴിലിൽ ഏർപ്പെടുന്ന സമ്പ്രദായത്തെയാണ് ഗിഗ് വർക്ക്‌സ് എന്നു പറയുന്നത്. പുതുതലമുറയെ ആകർഷിക്കുന്ന ഈ സമ്പ്രദായത്തെ പൊതുവെ രണ്ടായി തിരിക്കുന്നു. സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നതും അല്ലാതെ ചെയ്യുന്ന ജോലികളും. പരമ്പരാഗത നിലയിലുള്ള തൊഴിൽ സാഹചര്യങ്ങളിൽ നിന്ന് മാറി തൊഴിൽ ദാതാവിന്റെ നിയന്ത്രണമില്ലാതെ തന്നെ ജോലി ചെയ്യാൻ സാധിക്കുന്നുവെന്നതാണ് ഇവയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്. സ്ഥിരം ജോലിക്കായി നിശ്ചിത സമയം മാറ്റിവയ്‌ക്കേണ്ട ആവശ്യമില്ല. സ്വന്തം ഇഷ്ടത്തിന് മാത്രം സമയം അനുസരിച്ച് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാം എന്നുള്ളതും യുവതലമുറയുടെയിടയിൽ പ്രീതി വർദ്ധിപ്പിക്കുന്നു. ആപ്പ് ബേസ്ഡ് ആയുള്ള സൊമാറ്റോ, യൂബർ തുടങ്ങിയവയിൽ ജോലി ചെയ്യുന്നതും സ്വന്തം നൈപുണ്യങ്ങൾ ഉപയോഗിച്ച് ജോലി ചെയ്യുന്നതും ഒപ്പം മറ്റ് കമ്പനികൾക്ക് വേണ്ടി സ്വന്തം സ്ഥലത്തിരുന്നു ജോലി ചെയ്യുന്നതുമെല്ലാം ഗിഗ് ഇക്കോണമിയുടെ ഭാഗമാണ്.

‘India's Booming Gig and Platform Economy’ എന്ന നീതി ആയോഗിന്റെ പഠന റിപ്പോർട്ടനുസരിച്ച് രാജ്യത്ത് ഏകദേശം 77 ദശലക്ഷത്തോളം ഗിഗ് തൊഴിലാളികൾ പണിയെടുക്കുന്നു. 2030-ഓടെ രാജ്യത്ത് 2.35 കോടി ജനങ്ങൾ ഗിഗ് വർക്കേഴ്‌സ് അഥവാ താൽക്കാലിക ജോലിയിൽ ചേരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൂടാതെ 2020-21 വർഷത്തെ സാമ്പത്തിക സർവേയിൽ ഗിഗ് പ്ലാറ്റ് ഫോം കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്നതിന് സഹായകമായെന്നും കണ്ടെത്തി. സാങ്കേതിക വിദ്യയിൽ പരിജ്ഞാനമുള്ള യുവജനങ്ങളുടെ പ്രാതിനിധ്യം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം എന്നീ സാധ്യതകൾ ഉപയോഗിച്ചാൽ ഇന്ത്യയിൽ ഗിഗ് ഇക്കോണമി അതിവേഗം വളരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗിഗ് ഇക്കോണമിയുടെ വരവോടെ രാജ്യത്ത് ജോലി കണ്ടെത്തുന്നതിനുള്ള സാധ്യതകൾ വളർന്നിരിക്കുന്നു എന്നാണ് പഠന റിപ്പോർട്ടിന്റെ വിലയിരുത്തൽ. ഡിജിറ്റലൈസേഷന് മുൻപ് ജോലികൾക്കായി ഭൂരിപക്ഷം ആളുകളും എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനെ ആശ്രയിച്ചിരുന്നു. എന്നാൽ പിന്നീട് ആപ്പുകളുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ തൊഴിൽ ദാതാക്കളും തൊഴിൽ തേടുന്നവരും തമ്മിലുള്ള അന്തരം കുറഞ്ഞു. നിശ്ചിത യോഗ്യതയുള്ളവരെ കണ്ടെത്തുവാൻ തൊഴിൽ ദാതാക്കൾക്ക് പഴയതു പോലെ ബുദ്ധിമുട്ടില്ല. നിശ്ചിത സമയത്തേയ്ക്ക് മാത്രം തിരഞ്ഞെടുക്കുന്നതിനാൽ കമ്പനിക്ക് അധിക ചിലവുകൾ വഹിക്കേണ്ടി വരുന്നില്ല. മാത്രമല്ല, നേരത്തെ പറഞ്ഞുറപ്പിച്ച ശമ്പളം മാത്രം നല്കിയാൽ മതിയാകും. വർക്ക് ഫ്രം ഹോം വിഭാഗത്തിലെ അവസരങ്ങൾ സ്ത്രീകൾക്കും പണം സമ്പാദിക്കുന്നതിനുള്ള മാർഗങ്ങളിലൊന്നാണ്. ഒരേ സമയം വീടുകളിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജോലി ചെയ്യുന്നതിനും ഈ രീതി സഹായകരമാണ്. എൻഎഫ്റ്റി പ്ലാറ്റ് ഫോമിന്റെ സഹായത്തോടെ ലോകത്തുടനീളം തങ്ങളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും അതിലൂടെ വരുമാനം കണ്ടെത്തുന്നതിനും പുതുതലമുറയിലെ കലാപ്രവർത്തകർക്കും സാധിക്കുന്നുവെന്ന സാധ്യതകളും ശ്രദ്ധേയമാണ്.

REPRESENTATIONAL IMAGE: BOIZEI MALICDEM

തൊഴിൽ സുരക്ഷ പ്രധാന വെല്ലുവിളി

അതിവേഗം വളരുന്ന ഗിഗ് സമ്പത്ത് വ്യവസ്ഥ ഇപ്പോഴും ഇന്ത്യയിൽ ശൈശവ ഘട്ടത്തിലാണെങ്കിലും നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. തൊഴിലാളികൾക്ക് ഇതുവരെ മിനിമം വേതനം, ആരോഗ്യ ആനുകൂല്യങ്ങൾ, അസുഖ അവധികൾ, തുടങ്ങിയ അടിസ്ഥാന തൊഴിലവകാശങ്ങൾ ലഭിക്കുന്നില്ല. തൊഴിലിടങ്ങളിലെ ലിംഗസമത്വം പരിഗണിക്കപ്പെടുന്നില്ല എന്നതും വെല്ലുവിളികളിലൊന്നാണ്. ഇന്ത്യയിൽ 45% ആളുകൾ മാത്രമാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. എന്നാൽ അതിൽ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും പങ്കാളിത്തം കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ ജോലിക്ക് പോകുന്നതിലെ സുരക്ഷാക്കുറവും സ്ത്രീകളെ ഈ മേഖലയിൽ നിന്ന് അകറ്റി നിർത്തുന്നുവെന്ന് പറയാൻ സാധിക്കും. കൂടാതെ ഏറ്റവും മികച്ചവര്‍ എന്ന ലക്ഷ്യത്തോടെ മാത്രം തിരഞ്ഞെടുപ്പ് നടത്തുന്ന സ്ഥാപനങ്ങൾ ഭിന്നശേഷിക്കാരെ മാറ്റി നിർത്തുന്നതിനും അവരുടെ കഴിവുകളെ കണ്ടില്ലായെന്ന് നടിക്കുന്നതിനും കാരണമാകുന്നു.

നിയമനടപടികൾ

ഈ വെല്ലുവിളികളെ ഒരു പരിധി വരെ കൈകാര്യം ചെയ്യുന്നതിനായി 2020 സാമൂഹിക സുരക്ഷാ ആനൂകൂല്യങ്ങൾ ഉറപ്പാക്കുന്ന സോഷ്യൽ സെക്യൂരിറ്റി കോഡ് 2020ൽ പ്രാബല്യത്തിലാക്കി. ഗിഗ് വർക്കേഴ്‌സിന്റെ സുരക്ഷ ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2021-22 ബഡ്ജറ്റിലും പരാമർശ വിഷയമായിരിന്നു. ഗിഗ് വർക്കേഴ്‌സിനെ എംപ്ലോയ്‌സ് സ്‌റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ കീഴിൽ കൊണ്ട് വരിക, സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റുകളിലും മതിയായ സംരക്ഷണം ഉറപ്പു വരുത്തുക എന്നിവക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. ഗിഗ് ഇക്കോണമി തൊഴിലാളികളുടെ പ്രസക്തമായ വിവരങ്ങൾ ശേഖരിക്കുന്ന ഒരു പോർട്ടൽ ആരംഭിക്കാനും ബജറ്റ് നിർദേശിക്കുന്നു. ആരോഗ്യം, പാർപ്പിടം, വൈദഗ്ധ്യം, ഇൻഷുറൻസ്, ക്രഡിറ്റ്, ഫുഡ് സ്‌കീമുകൾ എന്നിവയ്ക്കായി ഗിഗ് മേഖലയ്ക്ക് പ്രസക്തമായ നയങ്ങൾ രൂപീകരിക്കാൻ ഈ പോർട്ടൽ സഹായിക്കുന്നതാണ്.

ഗിഗ് തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷ ആനുകൂല്യങ്ങൾ ഈ മേഖലയിലെ സുസ്ഥിരമായ വളർച്ചയ്ക്കും വ്യവസായത്തിൽ ഉടനീളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കും പ്രയോജനം ചെയ്യുന്നതുമായിരിക്കും. തൊഴിൽ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സ്വിഗ്ഗി, ആമസോൺ, ഫ്ലിപ്കാര്‍ട്ട്, സൊമാറ്റോ, യൂബർ, ഒല തുടങ്ങി ഒരു ഡസനിലധികം കമ്പനികൾ നിർദ്ദിഷ്ട സേവന സുരക്ഷാ ഫണ്ടിലേയ്ക്ക് 500 കോടിയോളം രൂപ നൽകിയിട്ടുണ്ട്. ഗവൺമെന്റിന്റെ സഹായത്തോടെ സുതാര്യമായ നിയമ നടപടികളിലൂടെ ഈ മേഖലയെ ശാക്തീകരിക്കേണ്ടതുണ്ട്.

Leave a comment