ജൂലിയന്‍ അസാന്‍ജെ വിധി ‘ജുഡീഷ്യല്‍ കിഡ്‌നാപ്പിങ്ങ്’
വിക്കിലീക്‌സിന്റെ സ്ഥാപകനായ ജൂലിയന്‍ അസാന്‍ജെയെ (Julian Asange) അമേരിക്കക്ക് വിട്ടുനല്‍കാന്‍ (extradite) ബ്രിട്ടീഷ് ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. മാധ്യമ സ്വാതന്ത്യത്തിനും, മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് ഈ വിധി. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ഡിസംബര്‍ 10 ന് പുറപ്പെടുവിച്ച പ്രസ്തുത കോടതി വിധി വാക്കുകളും, ആചാരങ്ങളും അവയുടെ നേര്‍ വിപരീതമായി മാറുന്നതിന്റെ ഉദാഹരണമായി. മാധ്യമ സ്വാതന്ത്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ ഒന്നാണ് ഈ കോടതി വിധി. വിക്കിലീക്‌സിന്റെ നടപടി മാധ്യമ പ്രവര്‍ത്തനം അല്ല ചാരവൃത്തിയാണ് എന്നായിരുന്നു അമേരിക്കയുടെ വാദം. അമേരിക്കയുടെ വാദത്തെ ഫലത്തില്‍ അംഗീകരിക്കുന്ന കോടതി വിധി മാധ്യമ സ്വാതന്ത്യത്തിന്റെ വിഷയത്തില്‍ വലിയ തിരിച്ചുപോക്കാണ് നടത്തിയിട്ടുള്ളത്. ഭീകരതക്കെതിരായ യുദ്ധമെന്ന പേരില്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ അധിനിവേശം മുതല്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇടപെടലുകളുടെ ഔദ്യോഗിക വിനിമയങ്ങളുടെ (ഡിപ്ലോമാറ്റിക് എക്‌സ്‌ചേഞ്ച്‌സ്) ടണ്‍ക്കണക്കിന് രേഖകളാണ് വിക്കിലീക്‌സ് 2010-11 കാലഘട്ടങ്ങളില്‍ പുറത്തു വിട്ടത്. വന്‍കിട കോര്‍പറേറ്റുകളും, ബാങ്കുകളും ആസൂത്രിതമായി നടത്തുന്ന തട്ടിപ്പുകളുടെ വിവരങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു.
ലോകത്തിലെ മാധ്യമചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നായിരുന്നു അസാന്‍ജെയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനം. ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേ സമയം പ്രാപ്യമായ നിലയില്‍ വിവരവിനിമയം സാധ്യമാക്കുന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ അസാധാരണമായ പ്രദര്‍ശനമായിരുന്നു വിക്കിലീക്‌സ്. അതുവരെ പരിചയിച്ച മാധ്യമ പ്രവര്‍ത്തനത്തിന്റെ ശൈലിയും, രീതിയും അപ്രസക്തമാക്കുന്ന തരത്തിലുള്ള സാധ്യതകള്‍ മുന്നോട്ടുവച്ച വിക്കിലീക്‌സ് ലോകത്തിലെ ഭരണാധികാരികളുടെ മാത്രമല്ല വന്‍കിട കോര്‍പറേറ്റുകളുടെയും ഉറക്കം കെടുത്തി. കോര്‍പറേറ്റ് ഔദാര്യങ്ങളുടെ ബലത്തില്‍ സ്ഥിതിചെയ്യുന്ന 'സ്വതന്ത്ര മാധ്യമങ്ങള്‍' എന്ന പേരില്‍ വിരാജിക്കുന്ന മുഖ്യധാര മാധ്യമങ്ങളുടെ അസ്തിത്വത്തെ പിടിച്ചുലക്കുന്നതായിരുന്നു വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളുടെ ആഴവും, വ്യാപ്തിയും. 'അന്വേഷണാത്മക' പത്രപ്രര്‍ത്തനമെന്ന പേരില്‍ മുഖ്യധാരയില്‍ ഖ്യാതി നേടിയ മാധ്യമ പ്രവര്‍ത്തന ശൈലിയെ നിഷ്പ്രഭമാക്കുന്നതായിരുന്നു വിക്കിലീക്‌സ് മുന്നോട്ടു വച്ച സാധ്യതകള്‍. അസാന്‍ജെയെയും വിക്കിലീക്‌സിനെയും നിശ്ശബ്ദമാക്കുകയെന്നത് ഭരണകൂടങ്ങള്‍ക്കൊപ്പം മാധ്യമങ്ങളടക്കമുള്ള നിലവിലെ മൊത്തം അധികാരസംവിധാനത്തിന്റെ ആവശ്യകതയായി മാറുന്നതിന്റെ പശ്ചാത്തലം അതാണ്. വിക്കിലീക്‌സിനുള്ള പണമിടപാടുകള്‍ പേപാല്‍ പോലുള്ള ധനകാര്യ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ നിഷേധിച്ചതു മുതല്‍ അസാന്‍ജെക്കെതിരെ സ്വീഡനില്‍ ഫയല്‍ ചെയ്ത ലൈംഗികാതിക്രമ കേസ്സുകള്‍ വരെയുള്ള വേട്ടയാടലുകള്‍ ആഗോളതലത്തിലെ ഭരണകൂട ഭീകരതയുടെ നല്ല ദൃഷ്ടാന്തമാണ്. ഭരണകൂടങ്ങളും, ലോകത്തിലെ പിന്തിരിപ്പന്‍ മാധ്യമങ്ങളും അതിന്റെ ഭാഗമാവുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍ ലിബറല്‍-ഇടത് പുരോഗമനത്തിന്റെ കാവലാളുകളെന്ന നിലയില്‍ അറിയപ്പെടുന്ന ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പോലുള്ള മാധ്യമങ്ങളാണ് അസാന്‍ജെയുടെ കാര്യത്തില്‍ ഒരുപക്ഷേ ഏറ്റവുമധികം നെറികേട് പ്രകടിപ്പിച്ചിട്ടുള്ളത്. ജോണ്‍ പില്‍ജര്‍, ജോനാഥന്‍ കുക്ക് തുടങ്ങിയ നിരവധി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ അക്കാര്യങ്ങള്‍ വിശദമായി പലതവണ പ്രതിപാദിച്ചിട്ടുള്ളതാണ്. മുഖ്യധാര മാധ്യമങ്ങളുടെ വിശ്വാസത്യയില്‍ വിക്കിലീക്‌സിനു മുമ്പും അതിനു ശേഷവും സംഭവിച്ച കടുത്ത ഇടിവിനെ തുടര്‍ന്നാണ് ഇപ്പോള്‍ പനാമ പേപ്പേര്‍സ് പോലുള്ള കാര്യങ്ങള്‍ ആഗോളതലത്തില്‍ വലിയ ആഘോഷത്തോടെ ഇത്തരം മാധ്യമങ്ങള്‍ പുറത്തുവിടുന്നതെന്ന നിരീക്ഷണങ്ങളും ഈ അവസരത്തില്‍ മറക്കാവുന്നതല്ല.
അസാന്‍ജെയെ അമേരിക്കക്ക് വിട്ടുനല്‍കണമെന്ന കോടതി വിധിയെ 'ജുഡീഷ്യല്‍ കിഡ്‌നാപ്പിംഗ്' എന്നാണ് ജോണ്‍ പില്‍ജര്‍ വിശേഷിപ്പിക്കുന്നത്. വിധി എഴുതിയ ജഡ്ജിമാരില്‍ ഒരാളും ചീഫ് ജസ്റ്റിസുമായ ലോര്‍ഡ് ബര്‍ണറ്റ് (Lord Burnett) ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ കടുത്ത അനുയായിയായ മുന്‍ വിദേശകാര്യ മന്ത്രിയുമായ സര്‍ അലണ്‍ ഡങ്കണിന്റെ കാലങ്ങളായുള്ള ഒക്കച്ചങ്ങാതിയാണ്. സര്‍ ഡങ്കണ്‍ വിദേശകാര്യ മന്ത്രിയായി ചുമതല വഹിക്കുന്ന സമയത്താണ് അസാന്‍ജെയെ ലണ്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ നിന്നും ഏതാണ്ട് തട്ടിക്കൊണ്ടു പോകുന്ന തരത്തില്‍ പുറത്താക്കുന്നതും പിന്നീട് ജയിലില്‍ അടക്കുന്നതും. ആശയവിനിമയത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന Asperger's Syndrome എന്ന രോഗത്തിനുടമയായതിന് പുറമെ ആത്മഹത്യ പ്രവണതയടക്കമുള്ള കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന അസാന്‍ജെയെ അമേരിക്കക്ക് കൈമാറുന്നത് ശരിയല്ലെന്ന ലണ്ടന്‍ ഡിസ്ട്രിക്ട് കോടതി വിധിക്കെതിരെ അമേരിക്ക നല്‍കിയ അപ്പീല്‍ ഹര്‍ജി ശരിവെക്കുന്നതാണ് വെള്ളിയാഴ്ചയിലെ ഹൈക്കോടതി വിധി. അമേരിക്കയിലെ ജയിലുകളിലെ കഠിന സാഹചര്യങ്ങള്‍ അതിജീവിക്കുവാന്‍ അസാന്‍ജെക്കാവില്ലെന്ന നിലക്കായിരുന്നു ഡിസ്ട്രിക്ട് കോടതി വിധി. അസാന്‍ജെയെ കേസ്സില്‍ പെടുത്തുന്നതിനായി നടത്തിയ ഗുഢാലോചനകള്‍, ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ അസാന്‍ജെയെ അവിടുത്തെ സുരക്ഷ ഏജന്‍സിയുടെ സഹായത്തോടെ സിഐഏ 24 മണിക്കൂറും നിരീക്ഷണത്തിന് വിധേയമാക്കിയതും, അസാന്‍ജെയെ വധിക്കുന്നതിനുള്ള ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുന്നതും അടക്കമുള്ള വിവരങ്ങള്‍ ഹൈക്കോതി അവഗണിച്ചുവെന്ന് പില്‍ജര്‍ വിലയിരുത്തുന്നു. അസഹനീയമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതെന്നു കുപ്രസിദ്ധി നേടിയ അമേരിക്കയിലെ ജയിലുകളില്‍ അസാന്‍ജെയെ പാര്‍പ്പിക്കില്ലെന്നും ശിക്ഷാ കാലാവധി ആസ്‌ത്രേലിയന്‍ ജയിലുകളില്‍ ആക്കാമെന്നും അമേരിക്ക വാഗ്ദാനം നല്‍കിയെന്ന കാര്യങ്ങള്‍ പഗിഗണിച്ചാണ് ഹൈക്കോടതി അസാന്‍ജെയെ അമേരിക്കക്ക് കൈമാറുന്നതിനെ ശരി വെച്ചിരിക്കുന്നത്. ഇത്തരം കേസ്സുകളില്‍ അമേരിക്കയുടെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും തന്നെ ഇത്തരം വാഗ്ദാനങ്ങള്‍ മുഖവിലക്കെടുക്കുവാന്‍ കഴിയില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 'കടുത്ത നീതി നിഷേധമാണ് കോടതി വിധിയെന്ന' അസാന്‍ജെയുടെ കാമുകിയായ സ്റ്റെല്ലാ മോറിസ് അഭിപ്രായപ്പെട്ടു. 'നീതിയെ പരിഹസിക്കലാണ്' വിധിയെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അഭിപ്രായപ്പെട്ടത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് അസാന്‍ജെയുടെ അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. അപ്പീല്‍ സുപ്രീം കോടതിയിലോ, ഹൈക്കോടതിയില്‍ തന്നെയാണോ ഫയല്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ വരുന്ന ദിവസങ്ങളില്‍ തീരുമാനിക്കും.
ഫ്രാന്റ്‌സ് ഫാണിന്റെ 'ഭൂമിയിലെ പീഢിതര്‍' എന്ന കൃതിക്ക് ആമുഖമെഴുതിയ പ്രശസ്ത ഫ്രഞ്ചു ചിന്തകനും എഴുത്തുകാരനുമായ ഴാങ്ങ് പോള്‍ സാര്‍ത്ര് ഇങ്ങനെ കുറിച്ചു. 'എന്താണ് സംഭവിക്കുന്നതെന്ന് കാണുവാന്‍, നമുക്ക് ധൈര്യമുണ്ടെങ്കില്‍, നമ്മുടെ ഉള്ളിലേക്കു തന്നെ നോക്കണം'. അസാന്‍ജെയുടെ കേസ്സിലെ വിധിയെക്കുറിച്ചുള്ള പ്രതികരണത്തില്‍ പില്‍ജര്‍ സാര്‍ത്രിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നു. അതേ എല്ലാവരും അവരവരിലേക്കു നോക്കേണ്ട സമയമായി.