വര്‍ഗീയതയുടെ മാധ്യമീകൃത ഹിംസകള്‍
ബിജെപിയുടെ ഔദ്യോഗിക വക്താവായിരുന്ന നൂപുര്‍ ശര്‍മ്മ പ്രകടിപ്പിച്ച വിഷലിപ്തമായ അന്യമത വിരോധം വ്യക്തിപരമായ വൈകല്യം മാത്രമല്ല. നൂറ്റാണ്ടോളം നീളുന്ന ഒരു രാഷ്ട്രീയ പദ്ധതിയുടെ ആവിഷ്‌ക്കാരം അതില്‍ കലര്‍പ്പില്ലാതെ പ്രകടമാവുന്നുവെന്നു മാത്രം. ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയത്തിന്റെ ബലതന്ത്രങ്ങളില്‍ സംഭവിച്ച/സംഭവിക്കുന്ന ഏറ്റിറക്കങ്ങളുടെ പശ്ചാത്തലത്തിലാണ് 'സോഷ്യോപാത്തുകളായ' നൂപുര്‍ ശര്‍മ്മമാരും നവീന്‍ ജിന്‍ഡാല്‍മാരും സെലിബ്രിറ്റികളാവുന്ന സാഹചര്യങ്ങളെ മനസ്സിലാക്കാനാവുക. 1980കള്‍ വരെ ഇന്ത്യയിലെ രാഷ്ട്രീയ മുഖ്യധാരയുടെ ഓരങ്ങളിലായിരുന്നു സംഘപരിവാരം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ഹിന്ദുത്വയുടെ സ്ഥാനമെന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിനെക്കുറിച്ചുള്ള പൊതുവായ വിലയിരുത്തലുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഓരങ്ങളില്‍ നിന്നും രാഷ്ട്രീയ ഹിന്ദുത്വം മുഖ്യധാരയുടെ കേന്ദ്രസ്ഥാനത്തേക്ക് ആനയിക്കപ്പെട്ട പ്രക്രിയയുടെ വിശാദാംശങ്ങളും ഇപ്പോള്‍ ഏറെക്കുറെ സുപചരിതമാണ്. രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ പ്രധാന ചേരുവയായ മുസ്ലീം വിരുദ്ധത 1980കള്‍ക്കു ശേഷം കൂടുതല്‍ തീവ്രവും, വിഷലിപ്തവുമായി മാറിയതിന്റെ നാള്‍വഴികളും മേല്‍പ്പറഞ്ഞ വിലയിരുത്തലുകളില്‍ ലഭ്യമാണ്. ഇന്ത്യയില്‍ മാത്രമായി ഏകപക്ഷീയമായ അരങ്ങേറിയ ഒന്നായിരുന്നില്ല പ്രസ്തുത മാറ്റം. രാഷ്ട്രീയ ഹിന്ദുത്വം ഇന്ത്യയില്‍ വേരുകള്‍ ആഴ്ത്തുന്നതിന് സമാനമായ നിലയില്‍ രാഷ്ട്രീയ ഇസ്ലാമും, തീവ്ര കൃസ്ത്യന്‍ മതമൗലികവാദികളും ആഗോളതലത്തില്‍ സ്വാധീന ശക്തികളായി വളര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡണ്ടായി റൊണാള്‍ഡ് റീഗന്‍ തെരഞ്ഞെടുക്കപ്പെടുന്നതില്‍ വലതുപക്ഷ കൃസ്ത്യന്‍ മൗലികവാദികള്‍ വഹിച്ച പങ്ക് ഒട്ടും ചെറുതായിരുന്നില്ല. ഡൊണാള്‍ഡ് ട്രംമ്പില്‍ എത്തി നില്‍ക്കുന്ന അതിന്റെ വളര്‍ച്ചയുടെ നാള്‍വഴികള്‍ ഇപ്പോള്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്നതിന്റെ വക്കിലെത്തി നില്‍ക്കുന്നു.
ആഗോളതലത്തില്‍ നിലനിന്ന ഭൗമരാഷ്ട്രീയത്തിലെ ശാക്തിക ചേരികളുടെ ബലതന്ത്രങ്ങളെ ആശ്രയിച്ചായിരുന്നു രാഷ്ട്രീയ ഇസ്ലാമിന്റെ വളര്‍ച്ചയുടെ ഗതിവിഗതികള്‍ പലപ്പോഴും നിര്‍ണ്ണയിക്കപ്പെട്ടിരുന്നത്. പശ്ചിമേഷ്യയിലെ സവിശേഷ സാഹചര്യങ്ങളും നിര്‍ണ്ണായകമായിരുന്നു. പൗരോഹിത്യം വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന നിര്‍ണ്ണായക സ്വാധീന ശക്തിയായതോടെ സ്വന്തം മതത്തില്‍ നിന്നും ഭിന്നമായ മതങ്ങളും, സംസ്‌ക്കാരങ്ങളും ഉന്മൂലന ചെയ്യേണ്ട ശത്രുവായി മാറി. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ പ്രധാന സംഭാവനകളിലൊന്നായി കരുതപ്പെട്ടിരുന്ന മതവും, രാഷ്ട്രീയവും തമ്മിലുള്ള വേര്‍പെടലിനെ, അതായത് ഭരണകൂടത്തിന്റെ മതേതര സ്വഭാവത്തെ ദുര്‍ബലപ്പെടുത്തുന്ന യുക്തി വലതുപക്ഷ രാഷ്ട്രീയത്തിന്റെ എല്ലാ തലങ്ങളിലും 1980കളോടെ വ്യക്തമായ സ്വാധീനം ചെലുത്തുന്ന ശക്തിയായി വളര്‍ന്നിരുന്നു. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ വ്യാപനവും രാഷ്ട്രീയത്തിലെ മതപരതയുടെ വളര്‍ച്ചയും ഒരേ കാലഘട്ടത്തില്‍ അരങ്ങേറിയതിന്റെ പൊരുള്‍ കൂടുതല്‍ പഠനമര്‍ഹിക്കുന്ന വിഷയമാണെങ്കിലും ഒരു കാര്യം പറയാതെ വയ്യ. നിയോലിബറല്‍ നയങ്ങള്‍ ഒരു കരുണയുമില്ലാതെ നിരന്തരം നിരാലംബതയിലേക്കു തള്ളിയിടുന്ന ഭൗതിക സാഹചര്യത്തില്‍ നിന്നുള്ള മോക്ഷപ്രാപ്തിയുടെ പ്രതീകമായി മതരാഷ്ട്രീയം ജനങ്ങള്‍ക്ക് അനുഭവേദ്യമായി മാറിയതിനുള്ള സാദ്ധ്യതകള്‍ ഏറെയാണ്. അടിത്തട്ടിലെ ജനങ്ങളുടെ സാമ്പത്തിക-സാമൂഹ്യ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊണ്ടിരുന്നുവെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ നയങ്ങളില്‍ നടത്തിയ തുടര്‍ച്ചയായ വെള്ളം ചേര്‍ക്കലുകളും ഒത്തു തീര്‍പ്പുകളും മതരാഷ്ട്രീയത്തിന്റെ ശക്തികള്‍ക്ക് പുതിയൊരു ബഹുമാന്യത നല്‍കി. പരമ്പരാഗതമായ രാഷ്ട്രീയ കക്ഷികളുടെ വിശ്വാസ്യതയില്‍ പൊതുവെയുണ്ടായ വിള്ളലുകളും അവഗണിക്കാവുന്നതല്ല.
വിശാലമായ ഈയൊരു പരിപ്രേക്ഷ്യത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ ഹിന്ദുത്വം ഹിംസാത്മകമായ സാമൂഹ്യ തിന്മയായി പടര്‍ന്നു പന്തലിക്കുന്നതിന്റെ സാഹചര്യം മനസ്സിലാക്കാനാവുക. ഭരണകൂടാധികാരത്തിന്റെ നിയന്ത്രണം തുടര്‍ച്ചയായി നിലനിര്‍ത്താന്‍ പറ്റുന്ന തരത്തില്‍ തെരഞ്ഞെടുപ്പുകളില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞതോടെ അതിന്റെ ഹിംസാന്മകത പുതിയ വഴിത്തിരിവിലെത്തി. തികഞ്ഞ ആസൂത്രണ മികവോടെ നടപ്പിലാക്കുന്ന തെരുവ് ഹിംസകള്‍ മുതല്‍ മാധ്യമങ്ങളിലൂടെ അരങ്ങേറുന്ന 'പെര്‍ഫോര്‍മേറ്റീവ് പൊളിറ്റിക്‌സിലെ ഹിംസാന്മകത വരെ അതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. രാഷ്ട്രീയ ഹിന്ദുത്വം അതിന്റെ കൊടിയടയാളമായി ഉയര്‍ത്തിപ്പിടിക്കുന്ന ആക്രമണോത്സുകമായ മുസ്ലീം വിരുദ്ധത പുതിയ തലങ്ങളില്‍ എത്തുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ലഭ്യമാണ്. ചരിത്രപരമായ ചില പ്രതീകങ്ങളെ കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയ ശത്രു നിര്‍മ്മിതികള്‍ ഇപ്പോള്‍ ദൈനംദിന ജീവിതവൃത്തികളെ തന്നെ ആക്രമിക്കുന്ന പ്രവണതകളായി മാറിയിരിക്കുന്നു. ഹിജാബ്, വാങ്കു വിളി, ഹലാല്‍ ഭക്ഷണം, ജുമ നിസ്‌ക്കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന വിവാദങ്ങളും, ഹിംസകളും അതിന്റെ ഉദാഹരണങ്ങളാണ്. നൂപുര്‍ ശര്‍മ്മയും, ജിന്‍ഡാലുമെല്ലാം ഒറ്റപ്പെട്ട അപസ്വരങ്ങള്‍ മാത്രമാണെന്നും രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ഉത്തമ പ്രതിനിധികള്‍ അല്ലെന്നുമുള്ള അവകാശവാദങ്ങള്‍ മുഖവിലക്ക് എടുക്കാനാവാത്തതിന്റെ കാരണവും അതാണ്. അന്യമത വിരോധവും, ഹിംസയും രാഷ്ട്രീയ അസ്തിത്വത്തിന്റെ അടിസ്ഥാനമാവുന്ന സാഹചര്യം നിരന്തരം പുനരുല്‍പ്പാദിപ്പിക്കപ്പെടുന്ന മാധ്യമീകൃത ഹിംസയുടെ സാന്നിദ്ധ്യം ഇപ്പോഴത്തെ സ്ഥിതിഗതികളെ കൂടുതല്‍ ഭയാനകമാക്കുന്നു. ബിജെപി വക്താവിന്റെ വിഷലിപ്ത പരാമര്‍ശങ്ങളെ അനുകൂലിച്ചും, എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന എണ്ണമറ്റ പ്രതികരണങ്ങള്‍ വെറുപ്പും പകയും നിരന്തരം സൃഷ്ടിക്കപ്പെടുന്ന മാധ്യമീകൃത ഹിംസയുടെ എക്കോസിസ്റ്റം ഉയര്‍ത്തുന്ന ആപത്തിനെ പറ്റി മുന്നറിയിപ്പു നല്‍കുന്നു.
നയതന്ത്ര ബന്ധങ്ങളുടെ എങ്ങുംതൊടാത്ത അലക്കിതേച്ച ഭാഷയല്ല മാധ്യമീകൃത ഹിംസയുടെ കണക്കുബുക്കുകളില്‍ തെളിയുന്നത്. ഓരോ നിമിഷവും പുതുതായി നിര്‍മ്മിക്കപ്പെടുന്ന വെറുപ്പിന്റെയും, പകയുടെയും ശൃംഖലകളാണ് അവിടെ കാണാനാവുക. ഭാഷ, മതം, വിശ്വാസം, വസ്ത്രം, ആഹാരം തുടങ്ങിയ ഏതും ശത്രുനിര്‍മ്മിതിയുടെ ഉപകരണങ്ങളാവുന്ന ഒരു സ്ഥിതിവിശേഷം. അതിന്റെ നേര്‍ക്കാഴ്ചകള്‍ ശ്രീമതി നൂപുറിന്റെ വാക്കുകളിലും അതിനോടുള്ള പ്രതികരണങ്ങളിലും വെളിപ്പെടുന്നു. വര്‍ഗീയ ഹിംസകളുടെ ചരിത്രത്തില്‍ ചേര്‍ക്കപ്പെടുന്ന പുതിയ ഒരദ്ധ്യായം എന്ന നിലയില്‍ അതിനെ അവഗണിക്കാനാവില്ല. കാരണം ടെലിവിഷന്‍/മൊബൈല്‍ സ്‌ക്രീനുകളില്‍ നിന്നും അവ നിമിഷങ്ങള്‍ക്കകം തെരുവുകളില്‍ എത്തപ്പെടുന്നു. ജീവിച്ചിരിക്കുന്നവരുടെ ജീവനുകള്‍ക്ക് ഭീഷണിയായി.