TMJ
searchnav-menu
post-thumbnail

Outlook

കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ ലക്ഷ്യം ഇപ്പോഴും അവ്യക്തം

16 Nov 2022   |   1 min Read
തോമസ് കൊമരിക്കൽ

ക്ടോബര്‍ 23 ന് കോയമ്പത്തൂരിലെ കോട്ടൈ ഈശ്വരന്‍ കോവിലിന് മുന്നില്‍ നടന്ന സ്ഫോടനത്തിന്റെ പിന്നിലെ ശക്തികളുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്ന് കരുതുന്ന വ്യക്തി ഒഴികെ മറ്റുള്ള ആളപായങ്ങളും നാശനഷ്ടങ്ങളും ഒഴിവായതിന്റെ ആശ്വാസത്തിലാണ് കോയമ്പത്തൂര്‍ നിവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും. പോലീസ് സംവിധാനത്തിന്റെ വേഗത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ സംശയിക്കപ്പടുന്നവരെ എല്ലാം കസ്റ്റഡിയില്‍ എടുത്തതും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാവുന്നതിന് തടയിട്ടു എന്ന് വേണമെങ്കില്‍ പറയാം. സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസ്സിന്റെ അന്വേഷണം ദേശീയ അനേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തിട്ട് ദിവസങ്ങള്‍ ആയെങ്കിലും സ്‌ഫോടനത്തിന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ഒന്നുമില്ല. അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐഎസ്സിന്റെ പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നില്‍ ഉള്ളതെന്ന നിഗമനങ്ങള്‍ എന്‍ഐഎ നടത്തിയതൊഴിച്ചാല്‍ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു.    

ഒക്ടോബര്‍ 23 ന് അതിരാവിലെ 4 മണിയോടടുത്താണ് സ്ഫോടനം നടന്നത്. കോയമ്പത്തൂരിലെ ഉക്കടത്തുള്ള കോട്ടൈ ഈശ്വരന്‍ കോവിലിന്റെ മുന്നിലായി കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മാരുതി 800 കാറില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന്റെ കാതടിപ്പിക്കുന്ന ഭീകര ശബ്ദത്തിലേക്ക് പരിസരവാസികള്‍ ഉണരുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ജമീഷ മുബിന്‍ വെന്തുമരിച്ച നിലയില്‍ കാണപ്പെട്ടു. പരിസരവാസികളില്‍ അധികവും കരുതിയത് സമീപത്തുള്ള ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചുവെന്നാണ്. സംഭവത്തിന് തൊട്ടുപിന്നാലെ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടം മാത്രമാണെന്നാണ് കരുതിയത്. എന്നാല്‍, കാറിന് സമീപത്തായി ചിതറിക്കിടന്ന ആണികളും ചില്ലുകളും ദൂരുഹതയുണര്‍ത്തി. ഇതേത്തുടര്‍ന്ന് സാംപിളുകള്‍ ഫോറന്‍സിക് പരിശോധന നടത്തിയപ്പോള്‍ വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. മാരുതി 800 കാറും മുബിന്റെ ഉടമസ്ഥതയില്‍ തന്നെ ഉള്ളതായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

സ്ഫോടന സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു | photo : pti

സ്ഫോടനവുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എന്‍ഐഎ) അന്വേഷണം പുരോഗമിക്കുകയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച 43 ഇടങ്ങളില്‍ എന്‍ഐഎ സംഘങ്ങള്‍ തിരച്ചില്‍ നടത്തി. തിരച്ചിലില്‍ ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും മറ്റും പിടിച്ചെടുത്തിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തമിഴ് നാട്ടില്‍ 42 ഇടങ്ങളിലും കേരളത്തില്‍ ഒരിടത്തുമാണ് തിരച്ചില്‍ നടന്നതെന്നാണ് വിവരം. തമിഴ് നാട്ടിലെ ചെന്നൈ, കോയമ്പത്തൂര്‍, തിരുവള്ളൂര്‍ എന്നിവ ഉള്‍പ്പടെ എട്ട് ജില്ലകളിലും കേരളത്തിലെ പാലക്കാട് ജില്ലയിലുമാണ് അന്വേഷ സംഘം എത്തിയത്.  കേസിലെ മുഖ്യപ്രതിയായ ജമീഷ മുബിന്‍ എന്ന 29 കാരനും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. എഞ്ചിനിയറിംഗ് ബിരുദമുള്ള ഇയാള്‍ മുമ്പും ഭീകരവാദ ബന്ധത്തെ തുടര്‍ന്ന് എന്‍ഐഎ യുടെ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട്.

സ്ഫോടന കേസിലെ മുഖ്യപ്രതി മുബിനുമായി അടുത്ത ബന്ധമുള്ള ഒരാള്‍, കേരളത്തിലെ ജയിലില്‍ കഴിയുന്ന ഭീകരവാദ കേസ് പ്രതിയെ സന്ദര്‍ശിച്ചിരുന്നതായി കോയമ്പത്തൂര്‍ പോലീസ് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫിറോസ് എന്നയാളാണ് വിയ്യൂര്‍ ജയില്‍ സന്ദര്‍ശിച്ചതായി പോലീസ് പറയുന്നത്. ഭീകരവാദ കേസില്‍ പ്രതിയായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസറുദ്ദീനെ കാണാനാണ് ഇയാളെത്തിയത്. 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ബോംബ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് അസറുദ്ദീന്‍ ജയിലില്‍ കഴിയുന്നത്. ഈസ്റ്റര്‍ സണ്‍ഡേ സ്ഫോടനം എന്നറിയപ്പെടുന്ന ഭീകരാക്രമണത്തില്‍ 269 പേര്‍ മരിക്കുകയും 500 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസ്ഐഎസ് ഏറ്റെടുക്കുകയുണ്ടായി. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായി കരുതപ്പെടുന്ന സഹ്രാന്‍ ഹാഷിം ശ്രീലങ്കന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ഹാഷിമുമായി ബന്ധം പുലര്‍ത്തിയിരുന്നതിന്റെ പേരിലാണ് അസറുദ്ദീന്‍ കോയമ്പത്തൂരില്‍ വച്ച് അറസ്റ്റിലാവുന്നത്. അസറുദ്ദീനുമായി അടുപ്പം വച്ചതിന്റെ പേരില്‍ അഞ്ച് പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. സ്ഫോടനത്തില്‍ മരിച്ച മുബിനും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍, മുബിനെതിരെ മറ്റ് തെളിവുകളൊന്നും ഇല്ലാതിരുന്നതിനാല്‍ വിട്ടയക്കുകയായിരുന്നു.

സ്ഫോടനത്തിന് ഒരു ദിവസത്തിന് ശേഷം മുബിന്റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നു. നാല് പേര്‍ ചേര്‍ന്ന് ചാക്കില്‍ പൊതിഞ്ഞ ഭാരമുള്ള സാധനം ചുമക്കുന്ന രംഗങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിരുന്നത്. ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

സ്ഫോടനം നടന്നത് ദീപാവലിയുടെ തലേ ദിവസമായിരുന്നു. ആഘോഷങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി തമിഴ് നാട് പോലീസ് കോയമ്പത്തൂര്‍ നഗരത്തിലാകെ വാഹന പരിശോധന നടത്തുകയും കൂടുതല്‍ പോലീസുകാരെ വിന്യസിക്കുകയും ചെയ്തു. മതസ്പര്‍ധയുടെയും ബോംബ് ആക്രമണത്തിന്റെയും ചരിത്രമുള്ള നഗരം കൂടിയാണ് കോയമ്പത്തൂര്‍. ഇതിന്റെ വെളിച്ചത്തിലാണ് കോവിലിന് മുന്നിലുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം ത്വരിതഗതിയില്‍ നീക്കിയത്. തമിഴ് നാട് പോലീസിലെ ഉന്നതര്‍ സ്ഥലത്തെത്തുകയും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ആറ് സംഘങ്ങളായി തിരിഞ്ഞാണ് കേസിന്റെ വിവിധ വശങ്ങളിലേക്ക് പോലീസ് അന്വേഷണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് ഒക്ടോബര്‍ 26 ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അന്വേഷണം എന്‍ഐഎ ക്ക് കൈമാറാനുള്ള തീരുമാനമുണ്ടാകുന്നത്.

കാറിന്റെ ഉടമസ്ഥാവകാശം അനേകം തവണ കൈമറിഞ്ഞാണ് മുബിനില്‍ എത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം മുബിനിലേക്ക് നീങ്ങുകയും അയാളുടെ വീട്ടിലടക്കം തിരച്ചില്‍ നടത്തുകയും ചെയ്തു. വീട്ടിലെ തിരിച്ചലിന് ഒടുവില്‍ വീര്യം കുറഞ്ഞ സ്ഫോടക വസ്തുക്കളുടെ ശേഖരവും പോലീസ് കണ്ടെത്തുകയുണ്ടായി. പൊട്ടാഷ്യം നൈട്രേറ്റ്, അലുമിനിയം പൊടി, കരി, സള്‍ഫര്‍ എന്നിവയാണ് പോലീസ് കണ്ടെടുത്തതെന്നാണ് തമിഴ് നാട് ഡിജിപി ശൈലേന്ദ്ര ബാബു പറഞ്ഞത്. സ്ഫോടനത്തിന് ഒരു ദിവസത്തിന് ശേഷം മുബിന്റെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നു. നാല് പേര്‍ ചേര്‍ന്ന് ചാക്കില്‍ പൊതിഞ്ഞ ഭാരമുള്ള സാധനം ചുമക്കുന്ന രംഗങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിരുന്നത്. ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. യുഎപിഎ നിയപ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോയമ്പത്തൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പേരുകളടങ്ങിയ ലിസ്റ്റ് മുബിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ഫോടക വസ്തു നിര്‍മ്മിക്കുന്നതിന് മറ്റാരുടെയും സഹായം മുബിന് ലഭിച്ചിട്ടില്ല എന്ന നിഗമത്തിലാണ് അന്വേഷണ സംഘമുള്ളത്. കാറിലെയും വീട്ടിലെയും സ്ഫോടക വസ്തുക്കള്‍ അത്ര മികച്ചവ ആയിരുന്നുമില്ല. മാത്രമല്ല, യു ട്യൂബ് വീഡിയോകള്‍ നോക്കിയാണ് മുബിന്‍ സ്ഫോടക വസ്തു നിര്‍മ്മിക്കാന്‍ ശ്രമിച്ചതെന്നാണ് അന്വേഷണ സംഘം മനസ്സിലാക്കുന്നത്. ഇതിനാവശ്യമായ വസ്തുക്കള്‍ വാങ്ങിയതാകട്ടെ ഇ-കൊമേഴ്സ് സൈറ്റുകളില്‍ നിന്നും. ഇത്തരം കാരണങ്ങള്‍ കൊണ്ട് മറ്റ് വലിയ ബന്ധങ്ങള്‍ മുബിന് ഉണ്ടായിരുന്നില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

ജമീഷ മുബിന്‍ | photo : twitter

കേസില്‍ അറസ്റ്റിലായ മുഹമ്മദ് തല്‍ഹ എന്നയാളാണ് മുബിന് കാര്‍ എത്തിച്ചുനല്‍കിയത്. ഇയാള്‍ ഭീകരവാദ കേസില്‍ ശിക്ഷ അനുഭവിക്കുന്ന എസ് എ ബാഷയുടെ ബന്ധുവാണ് എന്നാണ് റിപ്പോര്‍ട്ട്. 1998 ലെ കോയമ്പത്തൂര്‍ സ്ഫോടന കേസുമായി ബന്ധമുള്ളതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയായ അല്‍ ഉമ്മയുടെ സ്ഥാപകനാണ് ബാഷ.

1998 ലെ സ്ഫോടനവും ചരിത്രവും

ഒക്ടോബര്‍ 23 ന് ഉണ്ടായ സ്ഫോടനം ചെറുതെങ്കിലും അത് കോയമ്പത്തൂര്‍ നിവാസികളില്‍ ഉണര്‍ത്തിയത് വലിയ ഭയമാണ്. മതസ്പര്‍ധയുടെ പതിറ്റാണ്ടുകളെ തരണം ചെയ്ത് പരസ്പര വിശ്വാസത്തിലേക്കും സഹകരണത്തിലേക്കും നീങ്ങുന്ന വേളയിലാണ് ഈ സംഭവം നടക്കുന്നത്. 1997 ലെ വര്‍ഗ്ഗീയ കലാപവും അതിന് പ്രതികാരമായി 1998 ഫെബ്രുവരി 14 ന് നടന്ന സഫോടന പരമ്പരയും ഇന്നും പലരും മറന്നിട്ടില്ല. അന്ന് 11 ഇടങ്ങളിലായി നടന്ന സ്ഫോടനത്തില്‍ 58 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എസ് എ ബാഷയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട അല്‍ ഉമ്മ, ഓള്‍ ഇന്ത്യ ജിഹാദ് കമ്മിറ്റി എന്നീ സംഘടനകളാണ് സ്ഫോടനം നടത്തിയത് എന്നാണ് കേസ്. 1992 ഡിസംബര്‍ 6 ന് ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷമാണ് അല്‍ ഉമ്മ  രൂപം കൊള്ളുന്നത്. എന്നാല്‍ കോയമ്പത്തൂരിലെ മതസൗഹാര്‍ദത്തിന് അതിന് മുന്നേ ഉലച്ചില്‍ തട്ടിയിരുന്നു. 1980 കള്‍ മുതല്‍ തന്നെ കോയമ്പത്തൂരില്‍ മതസ്പര്‍ധയുടെ വിത്തുകള്‍ വീണിരുന്നതായി 1998 ലെ ബോംബ് സഫോടനം അന്വേഷിച്ച ജസ്റ്റിസ് പി ആര്‍ ഗോകുലകൃഷ്ണന്‍ കമ്മീഷന്‍ പറയുന്നു. വസ്ത്രവ്യാപാരത്തിന് പേര് കേട്ട സ്ഥലമായ കോയമ്പത്തൂരില്‍, കച്ചവട വൈരത്തില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പിന്നീട് മതസ്പര്‍ധയായി മാറുകയായിരുന്നു. രാജ്യത്തെ ഏതൊരു വര്‍ഗ്ഗീയ പ്രശ്നവും പോലെതന്നെ കോയമ്പത്തൂരിലും തീവ്ര ഹൈന്ദവ സംഘടനകള്‍ വ്യക്തമായ പങ്ക് വഹിക്കുകയും ചെയ്തിരുന്നു. 1983 ല്‍ തീവ്ര ഹൈന്ദവ സംഘടനകള്‍ ഇസ്ലാമിനും മുസ്ലീങ്ങള്‍ക്കും എതിരായി വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് തുടങ്ങിയത്. മുസ്ലീങ്ങള്‍ പാര്‍ക്കുന്ന മേഖലകളെ ആക്ഷേപിക്കുന്ന രീതിയും ഇക്കൂട്ടര്‍ സ്വീകരിച്ചു. ഈ സാഹചര്യത്തില്‍ ഇസ്ലാമിക തീവ്ര സംഘടനകളും കോയമ്പത്തൂരില്‍ വളര്‍ച്ച നേടി.

മാനുഷിക പരിഗണനകൊണ്ട് മാത്രമാണ് കോയമ്പത്തൂരിലെ പൂമാര്‍ക്കറ്റ് ജമാ അത്ത് മൃതദേഹം മറവ് ചെയ്യാന്‍ അനുവദിച്ചത്. നവംബര്‍ മൂന്നിന് സ്ഥലത്തെ ജമാ അത്ത് കമ്മിറ്റി അംഗങ്ങളും മതപണ്ഡിതരും സ്ഫോടനം നടന്നതിന് സമീപമുള്ള കോട്ടൈ ഈശ്വരന്‍ കോവില്‍ സന്ദര്‍ശിക്കുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളെ പരസ്യമായി അപലപിക്കുകയും ചെയ്തു.

1997 ല്‍ ട്രാഫിക്ക് പോലീസ് കോണ്‍സ്റ്റബിള്‍ സെല്‍വരാജിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍, കൊട്ടൈമേട് അടക്കമുള്ള സ്ഥലങ്ങളിലെ മുസ്ലീങ്ങളോട് വര്‍ഷങ്ങളായി മോശമായ രീതിയിലാണ് പോലീസ് പെരുമാറിയിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കലാപത്തില്‍ 18 മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂരിലെ സാമൂഹ്യ ജീവിതം ഈ വിധം സങ്കീര്‍ണ്ണമായിരുന്ന കാലഘട്ടത്തിലാണ് 1998 ലെ സ്ഫോടനം നടക്കുന്നത്. സ്ഫോടനത്തിന് ശേഷം മുസ്ലീങ്ങള്‍ വളരെയധികം ഒറ്റപ്പെടലുകളും ചോദ്യങ്ങളും നേരിടേണ്ടതായി വന്നു. പക്ഷെ  അവിടെ നിന്ന് കോയമ്പത്തൂരിലെ സാമൂഹ്യ ജീവിതം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. ഈ സ്ഫോടനം, ദശാബ്ദങ്ങള്‍ കൊണ്ട് നേടിയെടുത്ത സമാധാന അന്തരീക്ഷത്തെ തകര്‍ക്കാതിരിക്കാനായി എല്ലാ മതവിഭാഗങ്ങളും ശ്രദ്ധിക്കുന്നുണ്ട്.

പുതിയ കോയമ്പത്തൂര്‍

കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ നഗരത്തിന് കൈമോശം വന്ന സമാധാനം വീണ്ടെടുക്കുന്നതിനുള്ള ശ്രമം എല്ലാ ഭാഗത്ത് നിന്നുമുണ്ടായി. മത വിഭാഗങ്ങളും ഭരണ സംവിധാനങ്ങളും ചേര്‍ന്നുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളും മാറ്റത്തിന് കാരണമായതായി പറയപ്പെടുന്നു. 1997 ലെ കലാപത്തെ ചെറുക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്ന കാരണം കൊണ്ട് മുസ്ലീങ്ങള്‍ക്ക് പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ പോലീസുമായി നിരന്തരമായ ബന്ധം മുസ്ലീം സമുദായ സംഘടനകള്‍ പുലര്‍ത്തുന്നുണ്ടെന്നാണ് ജമാ അത്ത് നേതാക്കള്‍ പറയുന്നതെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ഫോടന ശേഷം വാഹന പരിശോധന നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥർ | photo : PTI

മാത്രമല്ല, സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുബിന്റെ മൃതദേഹം സ്വീകരിക്കുന്നതിന് രണ്ട് ജമാ അത്തുകള്‍ വിസമ്മതിച്ചു. മാനുഷിക പരിഗണനകൊണ്ട് മാത്രമാണ് കോയമ്പത്തൂരിലെ പൂമാര്‍ക്കറ്റ് ജമാ അത്ത് മൃതദേഹം മറവ് ചെയ്യാന്‍ അനുവദിച്ചത്. നവംബര്‍ മൂന്നിന് സ്ഥലത്തെ ജമാ അത്ത് കമ്മിറ്റി അംഗങ്ങളും മതപണ്ഡിതരും സ്ഫോടനം നടന്നതിന് സമീപമുള്ള കോട്ടൈ ഈശ്വരന്‍ കോവില്‍ സന്ദര്‍ശിക്കുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളെ പരസ്യമായി അപലപിക്കുകയും ചെയ്തു. അമ്പലത്തിലെ മേല്‍ശാന്തി സുന്ദരേശനും സെക്രട്ടറി പ്രഭാകരനും ജമാ അത്ത് സമിതി അംഗങ്ങളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. "മസ്ജിദുകളും, അമ്പലങ്ങളും, ക്രിസ്ത്യന്‍ പള്ളികളും ചുറ്റുമുള്ള പ്രദേശമാണ് കോട്ടൈമേട്. സൗഹൃദം നിറഞ്ഞ അന്തരീക്ഷത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. നമുക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന ആര്‍ക്കും ഇടം നല്‍കില്ല." അമ്പലം സന്ദര്‍ശിക്കവെ ജമാ അത്ത് ജനറല്‍ സെക്രട്ടറി ഇനായത്തുള്ള പറഞ്ഞു. ഒരിക്കല്‍ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടതിന്റെ വേദന കോയമ്പത്തൂര്‍ നിവാസികളില്‍ ഇന്നുമുണ്ട്. അത് ആവര്‍ത്തിക്കാന്‍ ആരും തന്നെ ആഗ്രഹിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.

Leave a comment