TMJ
searchnav-menu
post-thumbnail

Outlook

ജനമൈത്രിയല്ല, ജനശത്രുവാകുന്ന പോലീസ്

29 Mar 2023   |   8 min Read
രാജേശ്വരി പി ആർ

പോലീസ് ഭീകരതയ്ക്ക് പലപ്പോഴും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത്, കൊല്ലത്തെ ചന്ദനത്തോപ്പിലെ പോലീസ് വെടിവെപ്പ് മുതല്‍ ഈ ചരിത്രം കാണാനാവും. ഇപ്പോഴും സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കേരളാ പോലീസിന്റെ ഒടുവിലത്തെ ഇരയാണ് തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരന്‍. 2023 മാര്‍ച്ച് 25 ന് ശനിയാഴ്ച രാത്രി വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ട് നിര്‍ത്താത്തതിനെ തുടര്‍ന്ന് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ജീപ്പില്‍ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മനോഹരന്‍ മരണത്തിന് കീഴടങ്ങി.

സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ദൃക്സാക്ഷിയായ സ്ത്രീ ഉന്നയിച്ചിരിക്കുന്നത്. 'അവിടെ ബഹളം കേട്ടാണ് ഞാന്‍ ഓടി ചെന്നത്. മൂന്നു പോലീസുകാര്‍ ഉണ്ടായിരുന്നു. കൈകാണിച്ചാല്‍ വണ്ടി നിര്‍ത്താന്‍ പാടില്ലേയെന്ന് അവര്‍ ചോദിച്ചു. സാറേ, ഞാന്‍ പേടിച്ചിട്ടാണ് നിര്‍ത്താത്തത് എന്നാണ് മനോഹരന്‍ പോലീസിനോട് പറഞ്ഞത്. വണ്ടി വയ്ക്കാനുള്ള സാവകാശം പോലും അവര്‍ കൊടുത്തില്ല. ഹെല്‍മറ്റ് ഊരിയപാടെ പോലീസ് മുഖത്തേക്ക് അടിക്കുകയായിരുന്നു. അടിയേറ്റപ്പോള്‍ തന്നെ മനോഹരന്‍ നിന്ന് വിറയ്ക്കുകയായിരുന്നു. പിന്നാലെ മദ്യപിച്ചിട്ടുണ്ടോയെന്ന് നോക്കുന്ന യന്ത്രം കൊണ്ടുവന്ന് ഊതിപ്പിച്ചു. പക്ഷേ, അവന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നില്ല. പിന്നാലെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു'' ദൃക്സാക്ഷിയായ രമാദേവി പറഞ്ഞു.

ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ നിറയുന്നത് പോലീസ് ക്രൂരതയാണ്. സംഭവത്തില്‍ മനോഹരന്‍ ചെയ്ത കുറ്റമെന്തെന്ന ചോദ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടന്നത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംഭവത്തില്‍ പോലീസ് കംപ്ലയന്റ്സ് അതോറിറ്റി ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി. സ്റ്റേഷനിലെ ജിഡി രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിട്ടുണ്ട്. മനോഹരന്‍ സ്റ്റേഷനില്‍ എത്തിയതും സ്റ്റേഷന് ഉള്ളില്‍ 15 മിനിറ്റും അതിനുശേഷം പുറത്തുമായി നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളും അതോറിറ്റി പരിശോധിച്ചു. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍, സംഭവം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ ഇവരുടെ മൊഴികളും രേഖപ്പെടുത്തി.


 മനോഹരൻ 

സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം തുടരുകയാണ്. എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സസ്‌പെന്‍ഷനിലായ എസ്‌ഐ ജിമ്മി ജോസ്, പട്രോളിങ്ങിന് ഒപ്പമുണ്ടായിരുന്ന രണ്ടു പോലീസുകാര്‍, ഡ്രൈവര്‍, സാക്ഷികളായ നാട്ടുകാര്‍ എന്നിവരുടെ മൊഴിയെടുത്തു.

പോലീസ് അതിക്രമത്തില്‍ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയെയാണ്. സംഭവത്തില്‍ എസ്ഐ ജിമ്മി ജോസിനെ സസ്പെന്‍ഡ് ചെയ്തെങ്കിലും പ്രതിഷേധം ശക്തമാണ്.  ഒപ്പമുണ്ടായിരുന്ന മറ്റു പോലീസുകാര്‍ക്കെതിരെയും നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സസ്‌പെന്‍ഷനിലായ എസ്‌ഐ ജിമ്മി ജോസിനെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. വാഹനപരിശോധനയ്ക്കിടെ പോലീസ് സ്വീകരിക്കുന്ന നടപടികളില്‍ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ സംഭവം.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്താണ് കേരളാ പോലീസിന്റെ മോശം പെരുമാറ്റം ജനങ്ങളെ കൂടുതലായി അലോസരപ്പെടുത്തിയത്. തിരുവനന്തപുരം കിളിമാനൂരില്‍ മരുന്ന് വാങ്ങാന്‍ പോയ ഹൃദ്രോഗിയായ ആളുടെ വാഹനം പിടിച്ചുവച്ച് കിലോമീറ്ററോളം നടത്തിച്ചു. ഇയാള്‍ കുഴഞ്ഞുവീണു മരണപ്പെട്ടു. പശുവിന് പുല്ലരിയാന്‍ പോയ ആളെയും റേഷന്‍ വാങ്ങാന്‍ പോയ ആളെയും പോലീസ് തല്ലിച്ചതച്ചു. 2020 ഏപ്രില്‍ 25 നു കണ്ണൂരിലെ ചക്കരക്കല്ലില്‍ കടയില്‍ നിന്നു സാധനം വാങ്ങുന്നതിനിടെ ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മനോഹരന്‍ മൊറായിക്കു സിഐയുടെ മർദനമേറ്റു. സംഭവത്തെ ഗൗരവമായി കാണുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ സിഐയെ വിജിലന്‍സിലേക്കു മാറ്റുന്നതില്‍ ഒതുക്കി ആ ഗൗരവം.

ഇടുക്കി വണ്ടിപ്പെരിയാറില്‍ കടം വാങ്ങിയ പണവുമായി കുഞ്ഞിനു മരുന്നു വാങ്ങാന്‍ പോയ യുവാവിനെക്കൊണ്ട് കൈയിലുള്ള പണം പിഴയായി അടപ്പിച്ചു. ലോക്ഡൗണില്‍ 53 ദിവസം വീട്ടിലിരിക്കേണ്ടി വന്ന യുവാവാണ് കൂട്ടുകാരനോട് പണം കടം വാങ്ങി മരുന്നും പാല്‍പ്പൊടിയും വാങ്ങാന്‍ സുഹൃത്തിന്റെ ബൈക്കില്‍ പോയത്. ട്രാഫിക് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് 200 രൂപ പിഴ അടയ്ക്കാന്‍ എസ്‌ഐ ആവശ്യപ്പെട്ടു. കുഞ്ഞിന് പാല്‍പ്പൊടിയും മരുന്നും വാങ്ങാന്‍ മെഡിക്കല്‍ സ്റ്റോറില്‍ പോവുകയാണെന്നും കടം വാങ്ങിയ പണമാണ് കൈയിലെന്നും പറഞ്ഞു. പോക്കറ്റിലുണ്ടായിരുന്ന 500 രൂപ എടുത്തു കാണിക്കുകയും ചെയ്തു. ആ രൂപ വാങ്ങി പെറ്റി എഴുതിയാണ് എസ്‌ഐ അരിശം തീര്‍ത്തത്. അങ്ങനെ നീളുന്നു ലോക്ഡൗണ്‍ കാലത്തെ പോലീസിന്റെ വിളയാട്ടം.Representational Image: PTI

മൃദുഭാവേ...ദൃഢ കൃത്യേ... എന്ന ആപ്തവാക്യത്തെ നോക്കുകുത്തിയാക്കിയാണ് കേരള പോലീസിന്റെ പ്രവര്‍ത്തനം. സംസ്ഥാന പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശങ്ങളും സര്‍ക്കുലറുകളും കാറ്റില്‍ പറത്തിയാണ് പോലീസ് അതിക്രമങ്ങള്‍ തുടരുന്നത്. വാഹന പരിശോധനയ്ക്കിടെ കബളിപ്പിച്ച് കടന്നുപോകുന്ന വാഹനങ്ങളെ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് വാഹനാപകടങ്ങളും മരണവും ഉണ്ടായ സാഹചര്യത്തിലാണ് പരിശോധനയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. കൊടുംവളവുകളില്‍ പരിശോധന പാടില്ലെന്നും പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. വളവുകളില്‍ നിന്ന് നിശ്ചിതദൂരം മാറി വേണം വാഹനങ്ങള്‍ പരിശോധിക്കാന്‍ എന്നതാണ് ചട്ടം. എന്നാല്‍ പെറ്റി കേസുകളുടെ എണ്ണം തികയ്ക്കാന്‍ പരിശോധന പാടില്ലെന്നതാണ് നിര്‍ദേശം. പക്ഷേ, എങ്ങനെയും പെറ്റിക്കേസ് കൂട്ടി പിഴത്തുക കൂട്ടാനാണ് പോലീസിന്റെ ശ്രമമെന്നും ആരോപണങ്ങള്‍ ശക്തമാണ്. അതേസമയം, വാഹനപരിശോധനയ്ക്കിടെ മതിയായ രേഖകള്‍ കൈവശമില്ലെങ്കില്‍ 24 മണിക്കൂറിനകം ഹാജരാക്കിയാല്‍ മതിയെന്നാണ് ചട്ടം. ഇതിന്റെ പേരില്‍ ഒരാളെ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യമില്ല. നിലവില്‍ വാഹന രേഖകളെല്ലാം ഓണ്‍ലൈനില്‍ ലഭ്യവുമാണ്.

ലോക്നാഥ് ബെഹ്റ പോലീസ് മേധാവി ആയിരുന്നപ്പോള്‍ ഇറക്കിയ സര്‍ക്കുലറില്‍ എടാ... പോടാ വിളികള്‍ പാടില്ലെന്ന നിര്‍ദേശവും കാറ്റില്‍പറത്തപ്പെട്ടു. കൊല്ലത്ത് ബാങ്കില്‍ ക്യൂ നിന്ന വയോധികനെ അധിക്ഷേപിക്കുന്നത് തടഞ്ഞ പെണ്‍കുട്ടിയെ പോലീസ് അപമാനിച്ചതും ഡിജിപിയുടെ സര്‍ക്കുലറിന് പിന്നാലെയാണ്. 2021 ജൂലൈയില്‍ ബാങ്കില്‍ ക്യൂ നിന്നയാള്‍ക്ക്, കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പോലീസ് പെറ്റി ചുമത്തി എഴുതിക്കൊടുത്തു. ഇത് ചോദ്യം ചെയ്ത 18 കാരി ഗൗരി നന്ദയ്‌ക്കെതിരെയും പെറ്റി ചുമത്തി. എന്നാല്‍ പെറ്റി എഴുതിയ പേപ്പര്‍ ഗൗരി നന്ദ കീറിക്കളഞ്ഞതോടെ പോലീസും പെണ്‍കുട്ടിയും തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്.

തിരുവനന്തപുരം ആറ്റിങ്ങലില്‍ ആറു വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പോലീസ് മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിനും കേരളം സാക്ഷിയായി. 2021 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസ്സുകാരി മകളെയുമാണ് ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ ആറ്റിങ്ങല്‍ പിങ്ക് പോലീസിലെ ഉദ്യോഗസ്ഥ രജിത പരസ്യ വിചാരണ ചെയ്തത്. പിങ്ക് പോലീസ് വാഹനത്തില്‍ ഉണ്ടായിരുന്ന തന്റെ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചെന്നായിരുന്നു രജിതയുടെ ആരോപണം. മോഷ്ടിച്ച ഫോണ്‍ ജയചന്ദ്രന്‍ മകള്‍ക്ക് കൈമാറിയെന്നും രജിത ആരോപിച്ചിരുന്നു. അര മണിക്കൂറോളമാണ് ഇല്ലാത്ത ഫോണ്‍ മോഷണത്തിന്റെ പേരില്‍ ജയചന്ദ്രനേയും മകളേയും രജിത പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയത്. ഐഎസ്ആര്‍ഒയിലേക്ക് കൂറ്റന്‍ യന്ത്രസാമഗ്രികള്‍ കൊണ്ടുപോകുന്നത് കാണാന്‍ എത്തിയതായിരുന്നു ജയചന്ദ്രനും മകളും. കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ഒന്നര ലക്ഷം രൂപ കുട്ടിക്ക് നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. കോടതി ചിലവായ 25,000 രൂപയും രജിതയില്‍ നിന്ന് ഈടാക്കും.

നെയ്യാറ്റിന്‍കരയില്‍ വാഹനപരിശോധനയ്ക്കിടെ മൂന്നുവയസ്സുകാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് പെറ്റി അടപ്പിച്ച സംഭവവും ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. 2022 ഫെബ്രുവരി 23 നാണ് സംഭവം. നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കലാപ്രവര്‍ത്തകര്‍ കൂടിയായ ഷിബുകുമാര്‍-അഞ്ജന ദമ്പതികളെ ബാലരാമപുരത്തുവച്ച് പോലീസ് തടയുകയും അമിതവേഗത്തിന് പിഴയായി 1,500 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കൈയില്‍ പണമില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് കൂട്ടാക്കിയില്ല. പണമടച്ചാലെ പോകാന്‍ അനുവദിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. ഒടുവില്‍ ഒരുമണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗത്തില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ ഉദ്യോഗസ്ഥന്‍ മര്‍ദിക്കാനൊരുങ്ങി. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ അഞ്ജന ഈ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കാന്‍ തുടങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കാറില്‍ കയറി താക്കോലെടുത്ത് ലോക്ക് ചെയ്ത് പുറത്തിറങ്ങി. പിന്‍സീറ്റിലിരുന്ന കുട്ടി കരഞ്ഞിട്ടുപോലും പോലീസ് നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ലെന്ന് അഞ്ജന ആരോപിച്ചിരുന്നു. സംഭവത്തില്‍ പരാതിയില്ലെന്ന് രക്ഷിതാക്കള്‍ മൊഴിയെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ അറിയിച്ചു. ഈ സാഹചര്യത്തില്‍ പോലീസിനെതിരെ നടപടി എടുക്കില്ലെന്ന ധാരണയിലെത്തി. ഭാവിയില്‍ ബുദ്ധിമുട്ട് ഉണ്ടാവരുത് എന്നതുകൊണ്ടാണ് പരാതി കൊടുക്കാത്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ വിശദീകരണം.

2021 ഡിസംബര്‍ എട്ടാം തീയതി സഹോദരങ്ങള്‍ക്ക് നേരെ ആലപ്പുഴ നൂറനാട് പോലീസ് നടത്തിയ അതിക്രമവും ഏറെ നിഷ്ഠൂരമാണ്. കോട്ടയം സ്വദേശികളായ ഷാന്‍മോന്‍, സജിന്‍ റജീബ് എന്നിവരെ ഫര്‍ണിച്ചര്‍ കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ നൂറനാട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. യുകെ ഡക്കര്‍ എന്ന പേരില്‍ ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ സ്ഥാപനത്തില്‍ നിന്ന് അബ്ദുള്‍ റഹ്‌മാന്‍ എന്നയാള്‍ ഫര്‍ണിച്ചര്‍ വാങ്ങിയിരുന്നു. എന്നാല്‍ പത്ത് ദിവസത്തിനുശേഷം ഫര്‍ണിച്ചര്‍ തിരിച്ചെടുത്ത് പണം തിരികെ നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഒരു ലക്ഷത്തി മൂവായിരം രൂപ തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 45,000 രൂപ മാത്രമാണ് ഫര്‍ണിച്ചറിന് ലഭിച്ചതെന്നും അത്രമാത്രമേ നല്‍കാന്‍ കഴിയൂവെന്നും ഷാന്‍മോന്‍ എസ്‌ഐ അരുണിനോട് പറഞ്ഞു. ഇതേചൊല്ലി സ്റ്റേഷനില്‍ നടന്ന തര്‍ക്കത്തിനിടെയാണ് എസ്‌ഐ ഇവരെ മര്‍ദിച്ചത്. എന്നാല്‍, ഷാന്‍ മോനെ മര്‍ദിക്കുന്ന ദൃശ്യം സഹോദരന്‍ സജിന്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ഘട്ടത്തില്‍ എസ്‌ഐ ഫോണ്‍ പിടിച്ചെടുത്ത് പോക്കറ്റിലിട്ടു. എന്നാല്‍ ഫോണിലെ റെക്കോഡിങ്ങ് സംവിധാനം ഓഫ് ആയിരുന്നില്ല. ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന പൊതുപ്രവര്‍ത്തകനും ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഈ സംഭാഷണമെല്ലാം എസ്‌ഐയുടെ പോക്കറ്റിലുള്ള ഫോണില്‍ റെക്കോഡ് ചെയ്യപ്പെട്ടു. തുടര്‍ന്ന് നിരപരാധികളായ സഹോദരങ്ങളെ കുടുക്കാനായി പോലീസ് കേസുകള്‍ കെട്ടിച്ചമയ്ക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, എസ്‌ഐയെ കയ്യേറ്റം ചെയ്യല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് രണ്ടു ദിവസം സഹോദരങ്ങള്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നു. ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോഴാണ് പോലീസ് നടത്തിയ ഗൂഢാലോചന പൊതുജനമധ്യത്തിലേക്ക് എത്തിയത്. കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തി.Representational Image: PTI

2022 ജനുവരിയില്‍ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സഹോദരന്റെ വീട്ടില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. 15 വയസ്സുള്ള കുട്ടിയുടെ കരണത്തടിച്ചു. കുട്ടിയുടെ അച്ഛന്റെ ജ്യേഷ്ഠനെതിരെ നല്‍കിയ പരാതിയില്‍ അയാളെ പിടിക്കാനെത്തിയതായിരുന്നു പോലീസ്. പ്രതിയെ കിട്ടാതെ വന്നതോടെ സഹോദരന്റെ വീട്ടില്‍ കയറി പരിശോധിക്കുകയും ആക്രമണം നടത്തുകയുമായിരുന്നു.

കൊല്ലം കിളികൊല്ലൂരില്‍ കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനെയും സഹോദരനെയും പോലീസുകാര്‍ അതിക്രൂരമായി മര്‍ദിച്ചത് കേരള മന:സ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമാണ്. 2022 ഓഗസ്റ്റ് 25 ന് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനകത്താണ് ക്രൂരമായ പീഡനങ്ങള്‍ അരങ്ങേറിയത്. സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പോലീസിന്റെ ക്രൂരത. എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് സൈനികന്റെ സഹോദരന്‍ വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യം നില്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്‌നേഷും ഒരു പോലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും പോലീസുകാര്‍ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്.

എംഡിഎംഎ കേസിലെ പ്രതികള്‍ക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പോലീസിനെ ആക്രമിച്ചെന്നും എഎസ്‌ഐയെ പരുക്കേല്‍പ്പിച്ചെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ഇക്കാര്യം വിശദമാക്കിയുള്ള പത്രക്കുറിപ്പും പോലീസ് പുറത്തിറക്കി. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തയും വന്നു. പോലീസിനെ ആക്രമിച്ചെന്ന കേസില്‍ 12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്‌നേഷിനും ജയിലില്‍ കഴിയേണ്ടി വന്നത്. സംഭവത്തില്‍ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധ മന്ത്രിക്കും പരാതി നല്‍കിയതോടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും അന്വേഷണം ആരംഭിച്ചു.

കോതമംഗലത്ത് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് അറിയാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ചതും കേരളം ചര്‍ച്ച ചെയ്ത വിഷയമാണ്. എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ടറിയും പുതുപ്പാടി എല്‍ദോ മാര്‍ ബസേലിയോസ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിയുമായ റോഷന്‍ റെന്നിക്കാണ് സബ് ഇന്‍സ്‌പെക്ടര്‍ മാഹിന്‍ സലീമില്‍ നിന്നും മര്‍ദനമേറ്റത്. 2022 ഒക്ടോബറിലാണ് സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പോലീസ് കുറച്ച് വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി വിദ്യാര്‍ത്ഥികള്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഇതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ റോഷനെ സ്റ്റേഷന് അകത്തേക്ക് വലിച്ചു കയറ്റി മുഖത്തും ചെവിക്കും ആഞ്ഞടിക്കുകയായിരുന്നു. സംഭവത്തില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

2022 ഒക്ടോബറില്‍ പത്ത് വയസ്സുകാരനായ മകന്റെയും സഹോദരന്റെയും മുന്നില്‍ വച്ച് സ്ത്രീയോട് പോലീസ് കാണിച്ച പരാക്രമങ്ങളും ജനമൈത്രി പോലീസ് എന്ന് ഊറ്റം കൊള്ളുന്ന സംസ്ഥാനത്തിന് നാണക്കേടാണ്. അര്‍ദ്ധരാത്രി യുവതിയെ വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. രാത്രിയില്‍ ചായ കുടിക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ അപ്രതീക്ഷിതമായി പോലീസ് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. സംഭവങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സഹോദരന്റെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങിയതുള്‍പ്പെടെയുള്ള ദൃശ്യങ്ങളുമായാണ് യുവതി പരാതിപ്പെട്ടത്.

ഇവയ്‌ക്കൊക്കെ പുറമെ മാമ്പഴ മോഷണവും മാല മോഷണവും നടത്തുന്ന പോലീസിനെയും കേരളം കണ്ടു. 2022 സെപ്തംബര്‍ 30 ന് പുലര്‍ച്ചെ നാലിനാണു പച്ചക്കറി മൊത്തവ്യാപാരക്കടയില്‍ നിന്ന് മാങ്ങ മോഷ്ടിക്കപ്പെട്ടത്. കോട്ടയത്തുനിന്ന് ജോലി കഴിഞ്ഞെത്തിയ ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ ഷിഹാബ് മാങ്ങ പെറുക്കി സ്‌കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. കടയുടമ ദൃശ്യമടക്കം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ പോലീസുകാരനെ പിരിച്ചുവിടാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും പത്തു പവന്‍ സ്വര്‍ണം മോഷ്ടിച്ചത് കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ അമല്‍ ദേവാണ്. 2002 ഒക്ടോബര്‍ 18 നാണ് കവര്‍ച്ച നടന്നത്. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് മോഷണം നടത്തിയത്.

പോലീസ് രാജ് കാലത്തെ അതിക്രമങ്ങള്‍ വീണ്ടും തിരികെ എത്തിയതായാണ് സമീപകാല പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.  നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വേണ്ടത്ര നടപടികളുണ്ടായിട്ടില്ല. പോലീസിന്റെ ഗുണ്ടായിസവും, പകപോക്കലും അഴിഞ്ഞാട്ടവും തീര്‍ക്കുന്നത് സാധാരണക്കാരന്റെ മേലാണ്. അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും മനുഷ്യത്വരഹിതമായുള്ള പോലീസിന്റെ വിളയാട്ടം അധികൃതരുടെ അനാസ്ഥയ്ക്കു നേരെ കൂടിയാണ് വിരല്‍ചൂണ്ടപ്പെടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പോലീസിന്റെ ചുമതല. എന്നാല്‍ ഇന്ന് സാധാരണക്കാരന് പോലീസ് വാഹനം കണ്ടാല്‍ സുരക്ഷിതത്വമല്ല ഭയമാണ് തോന്നുക. പോലീസില്‍ വലിയൊരു ഭാഗം ക്രിമിനലുകളാണെന്നു മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ള 70 പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഒപ്പം പോലീസുകാര്‍ എതിര്‍കക്ഷികളാകുന്ന പരാതികള്‍ പിന്‍വലിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് സമ്മർദം വര്‍ധിക്കുന്നതായ ആക്ഷേപവും ഉയരുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പോലീസ് മര്‍ദനമേല്‍ക്കുന്നവരില്‍ രാഷ്ട്രീയ വ്യത്യാസമില്ല എന്നതാണ് വസ്തുത. കൂടാതെ പല ജനകീയ സമരങ്ങള്‍ക്കെതിരെയും പോലീസ് അതിക്രമങ്ങള്‍ ശക്തമായി തന്നെ നടന്നു. പോലീസിനെതിരായ പരാതികള്‍ വര്‍ധിക്കുന്നതായി പോലീസ് കംപ്ലയന്റ്സ് അതോറിറ്റിയും ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സര്‍ക്കാരിനു മുന്നില്‍ നിരന്തരമായി ചൂണ്ടിക്കാണിക്കാറുണ്ട്. അപ്പോഴെല്ലാം ലോക്കപ്പ് മര്‍ദനവും പീഡനവും സര്‍ക്കാരിന്റെ പോലീസ് നയമല്ല എന്ന ന്യായീകരണത്തില്‍ ഒതുങ്ങുകയാണ് പതിവ്.Representational Image: PTI
മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ പോലീസിനെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ 2016 നവംബര്‍ 29 ന് തിരുവനന്തപുരത്ത് പോലീസ് അസോസിയേഷന്റെ സമ്മേളനത്തില്‍ പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കൂടാതെ, സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ 2022 ഡിസംബര്‍ 12 ന് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്, പോലീസിന്റെത് മികച്ച സേവനമാണെന്നും കാര്യക്ഷമമായാണ് കേരള പോലീസ് പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു.

സാധാരണക്കാരെ തല്ലിയും ചവിട്ടിയും കൊല്ലുന്ന പോലീസ് നടപടിയെ ഇനിയെങ്കിലും ചെറുക്കേണ്ടതാണ്. ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞ് ആഭ്യന്തര മന്ത്രി ഇനിയും പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കരുത്. മനോവീര്യമുള്ള പോലീസിനെയല്ല, ജനാധിപത്യ പോലീസിനെയാണ് കേരളം ആവശ്യപ്പെടുന്നത് എന്നാണ് സര്‍ക്കാര്‍ തിരിച്ചറിയേണ്ടത്. അതാകട്ടെ ആധുനിക കാലത്തിന് അനുയോജ്യവുമായിരിക്കണം.

പോലീസിനെതിരെ ഏറ്റവും കടുത്ത ആക്ഷേപമുണ്ടായത് അടിയന്തരാവസ്ഥയിലാണല്ലോ. സ്വാതന്ത്ര്യവും ജനാധിപത്യവും പോലീസില്‍ ഗുണകരമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, വ്യക്തിയുടെ അന്തസ്സ് പാലിക്കുന്നതിന്റെ പ്രാധാന്യം ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ പറയുന്നുണ്ടെങ്കിലും അതിന്റെ ചെറുതും വലുതുമായ ലംഘനങ്ങള്‍ മുതല്‍ കസ്റ്റഡി മര്‍ദനവും മരണവും വരെ ഇന്നും സംഭവിക്കുന്നു. കുറ്റാന്വേഷണത്തില്‍ ഏത് അന്വേഷണ ഏജന്‍സിയോടും കിടപിടിക്കാന്‍ കേരള പോലീസിന് കഴിയും. എന്നാല്‍, നിയമവിരുദ്ധ കസ്റ്റഡി, മൂന്നാംമുറ, രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ബാഹ്യസമ്മര്‍ദങ്ങള്‍ തുടങ്ങിയ ദുഷ്പ്രവണതകള്‍ പോലീസിന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ കസ്റ്റഡി മരണങ്ങള്‍ കുത്തനെ ഉയര്‍ന്നിട്ടുണ്ട്.  2020-21 കാലയളവില്‍ 35 കസ്റ്റഡി മരണങ്ങളും 2021-22 സമയത്ത് 48 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകളില്‍ പറയുന്നു.  അതേസമയം, രേഖകള്‍ പ്രകാരം ഇന്ത്യയിലാകെ 2020-21 ല്‍ 1,940 കസ്റ്റഡി മരണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2021-22 ല്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടായി. 2,544 കേസുകളാണ് ഇക്കാലയളവില്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പോലീസ് സേനയില്‍ നിന്ന് ഉയര്‍ന്നു വരുന്ന അതിക്രമങ്ങള്‍ സംസ്ഥാനത്തിന്റെ സാമൂഹിക-രാഷ്ട്രീയ ആവാസവ്യവസ്ഥയ്ക്ക് വളരെയധികം നാശമുണ്ടാക്കുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ക്രമക്കേടുകളുടെ റിപ്പോര്‍ട്ടുകള്‍ സേനയുടെ അഴുകലിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ ഗൗരവമായി ഇടപെടലുകള്‍ നടത്തേണ്ടത് അനിവാര്യമാണ്. സേനയില്‍ പൂര്‍ണമായ ശുദ്ധീകരണത്തോടൊപ്പം കര്‍ശനമായ അച്ചടക്ക നടപടികളും കാലഘട്ടത്തിന്റെ ആവശ്യമാണ്.

#police
Leave a comment