റോയൽ ഫാമിലിയും തരൂറിന്റെ ഒറ്റയാൾ പോരാട്ടവും
PHOTO: WIKI COMMONS
പ്രശസ്ത എഴുത്തുകാരനായ എം.പി. നാരായണ പിള്ളയുടെ പ്രയോഗമായിരുന്നു റോയൽ ഫാമിലി. ഇന്ദിര ഗാന്ധിയുടെ കാലത്തോടെ കോൺഗ്രസ് പാർട്ടിയുടെ അവസാന വാക്ക് ശ്രീമതി ഗാന്ധിയും അവരുടെ കുടുംബവും ആയി മാറിയ സാഹചര്യത്തിലാണ് നാരായണ പിള്ള റോയൽ ഫാമിലി എന്ന പ്രയോഗം ഉപയോഗിക്കുന്നത്. പകുതി പരിഹാസവും പകുതി കാര്യവും നിറഞ്ഞ റോയൽ ഫാമിലി എന്ന പ്രയോഗത്തിന്റെ സ്റ്റാറ്റസിൽ ഇപ്പോഴും മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. അത്കൊണ്ട് തന്നെ ശശി തരൂരിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കും ക്ഷാമമില്ല. റോയൽ ഫാമിലിയുടെ ഇഷ്ടക്കേട് ഏതു തരത്തിലാവും തരൂരിനെ ബാധിക്കുക എന്ന ചോദ്യം അതിൽ പ്രധാനമാണ്. തിരുവനന്തപുരത്തെ സാധാരണ എം.പി. എന്ന നിലയിൽ നിന്നും ദേശീയ തലത്തിൽ സ്വീകാര്യനായ നേതാവായി സ്വയം ഉയർത്തുന്നതിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം തരൂർ ഉപയോഗപ്പെടുത്തി എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പേർസണൽ ബ്രാൻഡിങ്ങിൽ തരൂർ പുലർത്തുന്ന അവധാനത ഇക്കാര്യത്തിൽ വ്യക്തമായിരുന്നു. ബ്രാൻഡ് തരൂറിന്റെ ഗ്ലോറി എത്രത്തോളം റോയൽ ഫാമിലി സഹിക്കും എന്നതിനെ ആശ്രയിച്ചാവും കോൺഗ്രസിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെന്നു തിരിച്ചറിയാൻ വലിയ ഗവേഷണമൊന്നും വേണ്ടി വരില്ല. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തരൂറിന്റെ മത്സരത്തെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്താനാവുക.
ശശി തരൂറിന്റെ രാഷ്ട്രീയത്തിലേക്കുള്ള രംഗ പ്രവേശനം ഏറെ അപ്രതീക്ഷിതമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വാക്‌ചാതുര്യവും കാര്യങ്ങളെക്കുറിച്ചുള്ള അവബോധവും സാധാരണക്കാരന്റെ മനസിൽ ഇടം പിടിച്ചെടുക്കാൻ സഹായകരമായി. 65% യുവജനങ്ങൾ പ്രതിനിധികരിക്കുന്ന രാജ്യത്തെ നയിക്കാൻ യുവജനങ്ങളാൽ പുനരുജ്ജീവിച്ച കോൺഗ്രസ് പാർട്ടി കെട്ടിപ്പടുക്കണമെന്ന ആവശ്യമുന്നയിച്ചാണ് തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരത്തിനായി ഇറങ്ങിയത്. പാർട്ടിയിലെ തിരുത്തൽ ശബ്ദമായി മാറാൻ തുനിഞ്ഞിറങ്ങിയ തരൂറിന്റെ പ്രവർത്തനപരിചയം ലോകവ്യാപകമായി പടർന്നുകിടക്കുന്നു.
തരൂറിന്റെ വഴികൾ
പാലക്കാടു നിന്ന് ബോംബെ വഴി ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു തരൂർ. ജനനം ഇംഗ്ലണ്ടിലായിരുന്നെങ്കിലും തിരികെ ഇന്ത്യയിലെത്തിയ തരൂർ പിന്നീട് കൊൽക്കത്തയിലും ബോംബെയിലെ ബോർഡിംഗ് സ്‌കൂളിലും പഠനം പൂർത്തിയാക്കി. വീട്ടിൽ നിന്ന് മാറിയുള്ള ജീവിതത്തിലെ ഒറ്റപ്പെടലുകളെ ഒഴിവാക്കാനായി തുടങ്ങിയ വായനാശീലം പിന്നീട് സ്വന്തം കഴിവുകളെ കണ്ടെത്തുന്നതിനും അവയെ വളർത്തുന്നതിനും സഹായിച്ചു. ഡൽഹി സെന്റ് സറ്റീഫൻസ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി അമേരിക്കയിലെ ഫ്ളച്ചർ യൂണിവേഴ്സിറ്റിയിലേക്കേ് ചുവടുമാറ്റം നടത്തി. തുടർന്ന് അവിടെ നിന്ന് പി എച്ച് ഡി നേടിയ ശേഷം യു എൻ ഹൈ കമ്മീഷൻ ഓഫ് റെഫ്യൂജിസ് എന്ന അഭയാർത്ഥികൾക്കായുള്ള മനുഷ്യാവകാശ സംഘടനയുടെ ഭാഗമായുള്ള ജോലിയിലേക്ക് അവസരം നേടി. അതിലൂടെയാണ് ജനീവയുമായുള്ള ബന്ധം ആരംഭിക്കുന്നത്.
യു എൻ ജീവിതം
22-ാം വയസിൽ യു എൻ സമിതിയിൽ അംഗമായി തുടക്കം കുറിച്ച തരൂറിന്റെ വളർച്ച ചിട്ടയുള്ളതും ഫലപ്രദമായ മാർഗത്തിലൂടെയും ആയിരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന അഭയാർത്ഥി പ്രശ്നങ്ങളിലും യുദ്ധമേഖലകളിലെ സമാധാന ദൗധൗത്യങ്ങളിലും തന്മയത്വത്തോടെ പ്രശ്നപരിഹാരം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനമേഖലയിലെ കഴിവും പ്രാവീണ്യവും കൊണ്ട് തന്റേതായ വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞുവെന്നുള്ളതും സംഘടനാ പ്രവർത്തനങ്ങളിലെ മികവ് എടുത്തുകാട്ടുന്നതാണ്. വിവിധ രാജ്യങ്ങളുമായി നടത്തിയ സമാധാനപ്രവർത്തനങ്ങളും നയതന്ത്ര ചർച്ചകളും അദ്ദേഹത്തിന്റെ പ്രവർത്തി മണ്ഡലങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു. അത്തരത്തിൽ നയതന്ത്രപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള കഴിവും ഭാഷാ പ്രാവീണ്യവും കൊണ്ട്തന്നെ അന്നത്തെ യു എൻ സെക്രട്ടറിയായിരുന്ന കോഫി അന്നന്റെ പ്രിയപ്പെട്ടവരിൽ ഒരാളായി മാറി. തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി മത്സരിക്കാൻ ഇറങ്ങിയതും പരാജയപ്പെട്ടതുമാകാം ഇന്ത്യൻ രാഷ്ട്രീയത്തിൽ അല്ലെങ്കിൽ കേരള രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശനം അദ്ദേഹത്തിന് സാധ്യമാക്കിയത്.
മടങ്ങിവരവ്
യുഎൻ പ്രതിനിധിയായിരുന്നപ്പോൾ തന്നെ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കുന്നതിനും തുടരുന്നതിനും സാധിച്ചിരുന്നു. പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കളായും ഇടതുപക്ഷ മുന്നണിയുമായും ബന്ധം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ചുരുക്കത്തിൽ എല്ലാ പാർട്ടികളുടെയും സ്വീകാര്യനായിരുന്നു തരൂർ. കുടുംബവേര് പാലക്കാട് ആയിരുന്നെങ്കിലും 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാനാണ് അദ്ദേഹം താൽപര്യം കാണിച്ചത്. പുതുമുഖമാണെന്നുള്ള എതിർപ്പുകൾ പല കോണുകളിൽ നിന്ന് ഉയർന്നുവന്നിരുന്നെങ്കിലും പിന്നീട് മൂന്നു തവണയും സ്വന്തം സാന്നിധ്യം നിലനിർത്തിക്കൊണ്ട് ജനങ്ങളുടെ ഇടയിലെ സ്വീകാര്യത വർധിപ്പിക്കുകയാണ് ചെയ്തത്.
സ്വന്തം നിലയ്ക്ക് കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാനിറങ്ങിയ തരൂറിന് വിജയസാധ്യത കുറവായിരുന്നെങ്കിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്ഥാനം പിടിക്കാനായി എന്നുള്ളത് നേട്ടങ്ങളിലൊന്ന് തന്നെയാണ്. രാജ്യത്തെ ജനാധിപത്യം നേരിടുന്ന പ്രതിസന്ധിഘട്ടങ്ങളിൽ നിശബ്ദനായിരിക്കാതെ പ്രതികരിക്കാനുള്ള മനസാന്നിധ്യം പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. റോയൽ ഫാമിലിയുടെ അപ്രിയം സമ്പാദിക്കാതെ ഒറ്റയാൾ പോരാട്ടം നടത്തുവാൻ എത്രകാലം സാധിക്കും എന്നതാവും തരൂറിന്റെ മുന്നിലുള്ള അടുത്ത കടമ്പ.