TMJ
searchnav-menu
post-thumbnail

Outlook

ലോക മാന്ദ്യത്തിന്റെ ഭീഷണിയിൽ വിലയിടിയുന്ന രൂപ

24 Sep 2022   |   1 min Read
കെ പി സേതുനാഥ്

മേരിക്കൻ ഡോളറുമായുളള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 81 രൂപ പിന്നിട്ടതോടെ ഡോളർ-രൂപ വിനിമയ നിരക്ക് 100 ൽ എത്തുക എത്ര വേഗമാണെന്ന വർത്തമാനങ്ങൾക്കും തുടക്കമായി. ഇന്ത്യയിലെ വിദേശനാണയ വിപണിയിൽ (ഫോറക്സ് മാർക്കറ്റ്) ഒരു ഡോളറിന് 80.77 മുതൽ 81.26 രൂപ വരെയെന്ന നിരക്കിലാണ് വെള്ളിയാഴ്ച്ച വിനിമയം നടന്നത്. സെപ്തംബർ അവസാനത്തോടെ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 82 രൂപ കവിയുമെന്നും ഒക്ടോബറിൽ തന്നെ 83 രൂപയിലെത്തുമെന്നും കറൻസി വിപണിയിലെ വിശകലന വിദഗ്ധർ അവകാശപ്പെടുന്നു. രൂപയുടെ പതനത്തിന്റെ വേഗത ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ സ്വാതന്ത്ര്യത്തിന്റെ 100ാം വർഷം ആഘോഷിക്കുന്നതിന് വളരെ മുമ്പു തന്നെ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 100 കവിയുമെന്ന് തോന്നുന്നു.

ഇക്കഴിഞ്ഞ സെപ്തംബർ 15 ന് ഒരു യു.എ.ഇ. ദിർഹത്തിന് 21.73 രൂപയായിരുന്നുവെങ്കിൽ സെപ്തംബർ 24 ന് അത് 22.11 രൂപയായി. ഒരു ദിർഹത്തിന്റെ വിനിമയ നിരക്കിൽ 0.38 പൈസ വ്യത്യാസം 10 ദിവസങ്ങൾക്കുള്ളിൽ സംഭവിച്ചു.

രൂപയുടെ മൂല്യം ഇടിയുന്നുവെന്ന വാർത്തകൾക്കൊപ്പം വരുന്ന മറ്റൊരു വിവരണം തൽഫലമായി പ്രവാസി വരുമാനത്തിൽ സംഭവിക്കാനിടയുള്ള വർദ്ധനവിനെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. കേരളത്തിലെ ബാങ്കുകളിൽ എൻ.ആർ.ഐ. നിക്ഷേപം കൂടുന്നതിനെപ്പറ്റി മലയാളികളുടെ മനം കുളിർപ്പിക്കുന്ന മട്ടിലുള്ള അനുബന്ധ വിവരണങ്ങൾ സാധാരണയായി പതിവാണ്. അമേരിക്കൻ ഡോളറും, രൂപയും തമ്മിലുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം കുറയുന്നതിനനുസരിച്ച് മറ്റുള്ള വിദേശ കറൻസികളുമായുള്ള വിനിമയങ്ങളിലും രൂപയുടെ മൂല്യം താഴേക്കു പോവുക സാധാരണമാണ്. ഐക്യ അറബ് എമിറേറ്റ്സ് അഥവാ യു.എ.ഇ. ദിർഹത്തിന്റെ കാര്യമെടുക്കുക. ഇക്കഴിഞ്ഞ സെപ്തംബർ 15 ന് ഒരു യു.എ.ഇ. ദിർഹത്തിന് 21.73 രൂപയായിരുന്നുവെങ്കിൽ സെപ്തംബർ 24 ന് അത് 22.11 രൂപയായി. ഒരു ദിർഹത്തിന്റെ വിനിമയ നിരക്കിൽ 0.38 പൈസ വ്യത്യാസം 10 ദിവസങ്ങൾക്കുള്ളിൽ സംഭവിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സെപ്തംബർ 15 ന് ഒരാൾ 10 ദിർഹം രൂപയാക്കി മാറ്റുമ്പോൾ 217.3 രൂപ ലഭിച്ചിരുന്നുവെങ്കിൽ 24ാം തീയതി ആയപ്പോൾ 222.1 രൂപ ലഭിക്കും. വിനിമയ നിരക്കിലെ ഈ ഏറ്റക്കുറച്ചിലുകളെ നാണയപ്പെരുപ്പവുമായി താരതമ്യപ്പെടുത്തിയാൽ പ്രവാസി വരുമാനത്തിൽ വരുന്ന ഈ വർദ്ധന ആവിയായിപ്പോകുമെന്നതാണ് യാഥാർത്ഥ്യം. ആഭ്യന്തര വിപണിയിലെ വിലക്കയറ്റത്തിന്റെയും, മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ വിനിമയ നിരക്കിലൂടെ കൈവരുമെന്നു തോന്നിപ്പിക്കുന്ന അധികവരുമാനം മിഥ്യാബോധം സൃഷ്ടിക്കുന്നതിന് മാത്രമാണ് ഉപകരിക്കുക. വരുമാനത്തിന്റെ നല്ലൊരു പങ്കും ഭക്ഷണം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങിയ ദൈനംദിനാവാശ്യങ്ങൾക്കു വേണ്ടി വിനിയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ മിഥ്യയുടെ പൊള്ളത്തരം അതിവേഗം ബോധ്യപ്പെടുന്നതാണ്. എന്നാൽ വിനിമയ നിരക്കുകളിൽ സംഭവിക്കുന്ന ചെറിയ ഏറ്റക്കുറച്ചിലുകളിൽ പോലും ലാഭമെടുക്കാൻ പറ്റുന്ന വിധം കറൻസി വിപണികളിൽ വൻതോതിൽ മുതൽ മുടക്കാൻ ശേഷിയുള്ള വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഗണ്യമായ നേട്ടം കൈവരിക്കുവാൻ ഇത്തരം സന്ദർഭങ്ങൾ ഉപയോഗപ്പെടും. കറൻസികൾ തമ്മിലുളള വിനിമയ നിരക്കുകൾ മുൻകൂറായി സർക്കാരുകൾ നിർണ്ണയിക്കുന്നതിന് പകരം വിപണിയിലെ ശക്തികൾ (മാർക്കറ്റ് ഫോർഴ്സസ്) ആവശ്യാനുസരണം നിശ്ചയിക്കുന്നതാണ് ശരിയായ മാർഗ്ഗമെന്ന വീക്ഷണം ഉറപ്പിക്കുന്നതിൽ ഈ ഗണത്തിൽ പെടുന്നവരുടെ ആശയങ്ങൾ പ്രമുഖ പങ്കുവഹിക്കുന്നു. വിനിമയ നിരക്കുകളുടെ നിർണ്ണയിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ചുള്ള വാദഗതികളിലെ ഭിന്നതകൾ മാറ്റി നിർത്തിയാൽ രൂപയുടെ കുത്തനെയുളള വീഴ്ച്ച നൽകുന്ന സൂചനകൾ എന്താണ്? വിലകൊടുത്ത് വാങ്ങുന്നവയുടെയെല്ലാം വില ഉയരുന്നതാണ് രൂപയുടെ മൂല്യശോഷണത്തിലൂടെ സാധാരണക്കാരന്റെ ജീവിതത്തിൽ വരുത്തുന്ന പ്രധാന മാറ്റം. വിലക്കയറ്റം എന്ന പേരിലും ഈയൊരു മാറ്റം അറിയപ്പെടുന്നു. 2022 ൽ ഇതുവരെയുള്ള കാലയളവിൽ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യം 8 ശതമാനത്തോളം കുറഞ്ഞതായി റിസർവ് ബാങ്കിന്റെ രേഖകൾ കാണിക്കുന്നു. അതായത് നമ്മുടെ ചെലവുകളിൽ നാമറിയാതെ തന്നെ ഏറ്റവും ചുരുങ്ങിയത് 8 ശതമാനത്തിന്റെ വർദ്ധനയുണ്ടായെന്നു സാരം. യഥാർത്ഥ വർദ്ധന അതിലധികമാണെന്ന് അരി വാങ്ങുന്നവർക്കെല്ലാം അറിയാം.

representational image : pexels

അമേരിക്കയിലെ പലിശനിരക്ക് ഉയരുന്നതാണ് രൂപയുടെ മൂല്യശോഷണത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്ന വസ്തുത. അമേരിക്കയിലെ കേന്ദ്ര ബാങ്കായി പരിഗണിക്കപ്പെടുന്ന ഫെഡറൽ റിസ്സർവ്വ് പലിശനിരക്ക് ഉയർത്തുന്നത് ലോകമാകെ ചർച്ചാ വിഷയമാണ്. നാണയപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനെന്ന പേരിലാണ് ഫെഡറൽ റിസ്സർവ്വ് ഇപ്പോൾ നടത്തുന്ന നിരക്ക് വർദ്ധനയെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പലിശനിരക്കിൽ ബുധനാഴ്ച്ച കഴിഞ്ഞ ദിവസം 0.75 ബേസ്സിസ്സ് പോയിന്റ് വർദ്ധന വരുത്തിയതോടെ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലാദ്യമായി 81 രൂപ കഴിഞ്ഞു. തുടർച്ചയായ മൂന്നാം തവണയാണ് ഫെഡറൽ റിസ്സർവ്വ് ചെയർമാൻ ജൊറോം പൗവൽ നിരക്കുകളിൽ 0.75 ബേസ്സിസ്സ് പോയിന്റ് വർദ്ധന വരുത്തുന്നത്. ഏറ്റവും പുതിയ വർദ്ധനയോടെ ബാങ്കുകൾ തമ്മിലുളള ധനമിടപാടുകളുടെ പലിശനിരക്ക് 3 മുതൽ 3.25 ശതമാനം വരെയായി. ഈ വർഷം അവസാനത്തോടെ നിരക്കുകൾ 4.25 മുതൽ 4.5 ശതമാനം വരെയെത്തുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് ഫെഡറൽ റിസ്സർവിന്റെ വിലയിരുത്തൽ. ഈ വിലയിരുത്തൽ അനുസരിച്ചുള്ള നിരക്ക് വർദ്ധനയുമായി അമേരിക്ക മുന്നോട്ടു പോവുകയാണെങ്കിൽ രൂപയുടെ കാര്യം കൂടുതൽ പരുങ്ങലിലാവുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. ബ്രിട്ടനെ മറികടന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന അവകാശവാദങ്ങൾക്കൊന്നും പലചരക്ക് പീടികയിൽ വലിയ അർത്ഥമുണ്ടാവില്ലെന്നു ചുരുക്കം. ലണ്ടൻ ധനവിപണിയിൽ നിന്നും കടമെടുക്കാൻ യോഗ്യത നേടിയത് കേരളത്തിന്റെ വലിയ നേട്ടമായി അവതരിപ്പിച്ച ഒരു ചൊട്ടുവിദ്യ പോലെ ജനങ്ങളുടെ ദൈനംദിന സാമ്പത്തിക ജീവിതവുമായി അത്തരം അവകാശവാദങ്ങൾക്ക് വലിയ ബന്ധമൊന്നുമില്ലെന്ന കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ല.

നീണ്ടു നിൽക്കുന്ന ഒട്ടും സുഖകരമല്ലാത്ത മാന്ദ്യത്തിലേക്കാണ് ലോകത്തിന്റെ പോക്ക് എന്ന നൂരിയേൽ റൂബിനിയുടെ വിലയിരുത്തൽ ഈയൊരു പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. 2007-08 കാലഘട്ടത്തിലെ മാന്ദ്യത്തിന്റെ വരവിനെപ്പറ്റി മുൻകൂട്ടി കൃത്യമായി വിലയിരുത്തിയ സാമ്പത്തിക പണ്ഡിതനെന്ന നിലയിലാണ് റൂബിനിയുടെ ഖ്യാതി. ബ്ലൂംബെർഗ് എന്ന വാർത്ത ഏജൻസിയുമായി കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തിൽ 2022 അവസാനത്തോടെ അമേരിക്കൻ സമ്പദ്ഘടനയും അതിന് പിന്നാലെ ആഗോള സമ്പദ്ഘടനയും 'നീണ്ട, ലക്ഷണം കെട്ട' (ലോംഗ് ആന്റ് അഗ്ലി) മാന്ദ്യത്തിലാവുമെന്ന് വിലയിരുത്തുന്നു. മാന്ദ്യം 2023 ലുടനീളം തുടരുമെന്നു പറയുന്ന റൂബിനി അമേരിക്കൻ ഓഹരി സൂചികയായ S&P Index 30 ശതമാനം വരെ ഇടിയാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. മാന്ദ്യം വിചാരിച്ചതിനേക്കാൾ കൂടുതൽ രൂക്ഷമാകുമെങ്കിൽ ഓഹരി സൂചിക 40 ശതമാനം വരെ താഴേക്കു പോയാലും അത്ഭുതപ്പെടാനില്ല. സർക്കാരുകളുടെയും, കോർപ്പറേറ്റുകളുടെയും കടബാധ്യത അവയുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ വഷളാവും. പലിശ നിരക്ക് ഉയരുന്നതോടെ തിരിച്ചടവ് പ്രയാസത്തിലാകുന്ന സോംബി (zombie) സ്ഥാപനങ്ങൾ ഒന്നൊന്നായി നിലം പതിക്കുന്നതിന്റെ സാധ്യതകൾ തള്ളിക്കളയാനാവില്ല. സോംബിയെന്നു വച്ചാൽ ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന അവസ്ഥയാണ്. ലഭിക്കുന്ന വരുമാനം മുഴുവൻ നേരത്തെയുളള വായ്പയുടെ പലിശ തിരിച്ചടക്കുന്നതിന് പോലും തികയാത്ത അവസ്ഥ ഇത്തരം സ്ഥാപനങ്ങൾ നേരിടുന്നു. പലിശനിരക്കുകൾ ഉയരുന്നതോടെ ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പ് കൂടുതൽ രൂക്ഷകരമാകുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. നാണയപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ പലിശ നിരക്കുകൾ ഉയരുന്നതിനൊപ്പം യുക്രൈൻ യുദ്ധം വരുത്തിവെച്ച തടസ്സങ്ങളും, ചൈന ഇപ്പോഴും വ്യാപകമായി പിന്തുടരുന്ന അടച്ചുപൂട്ടൽ നയങ്ങളും മാന്ദ്യത്തിന്റെ വരവിനെ സഹായിക്കുന്ന ഘടകങ്ങളാണ്.

2008 ലെ മാന്ദ്യത്തിന്റെ തിക്തഫലം ബാങ്കുകളും, ഗാർഹിക മേഖലയുമാണ് ഏറ്റവും കൂടുതൽ അനുഭവിച്ചതെങ്കിൽ ഇക്കുറി കോർപ്പറേറ്റ് സ്ഥാപനങ്ങളും, സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും, ഹെഡ്ജ് ഫണ്ടുകളുമടക്കമുള്ളവ അകമേ നിന്നും പൊളിഞ്ഞു വീഴുന്ന (ഇംപ്ലോഡ്) അവസ്ഥയിലാണെന്ന് അദ്ദേഹം പറയുന്നു.

മാന്ദ്യത്തെ മറികടക്കുന്നതിനായി സാധാരണഗതിയിൽ സർക്കാരുകൾ സ്വീകരിക്കുന്ന നടപടി, കൂടുതൽ പണമിറക്കി ഡിമാൻഡ് വർദ്ധിപ്പിക്കുക എന്നത് അമേരിക്കയുടെ കാര്യത്തിലെങ്കിലും പ്രയോഗികമല്ലെന്നു റൂബിനി അഭിപ്രായപ്പെടുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തുന്നതും ഡിമാൻഡ് വർദ്ധിപ്പിക്കാൻ കൂടുതൽ പണം വിപണിയിലിറക്കുന്നതും ഒരേസമയം നടപ്പിലാക്കുകയെന്ന വിചിത്ര സാഹചര്യമാവും തൽഫലമായി ഉണ്ടാവുക. 1970 കളിൽ ദൃശ്യമായതു പോലുള്ള stagflation സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് മറ്റു പലരേയും പോലെ റൂബിനിയും കരുതുന്നു. 2008 ലെ മാന്ദ്യത്തിന്റെ തിക്തഫലം ബാങ്കുകളും, ഗാർഹിക മേഖലയുമാണ് ഏറ്റവും കൂടുതൽ അനുഭവിച്ചതെങ്കിൽ ഇക്കുറി കോർപ്പറേറ്റ് സ്ഥാപനങ്ങളും, സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും, ഹെഡ്ജ് ഫണ്ടുകളുമടക്കമുള്ളവ അകമേ നിന്നും പൊളിഞ്ഞു വീഴുന്ന (ഇംപ്ലോഡ്) അവസ്ഥയിലാണെന്ന് അദ്ദേഹം പറയുന്നു. ആഗോള സമ്പദ്ഘടനയിലെ ഈ കയറ്റിറക്കങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയിലും ഗണ്യമായ സ്വാധീനം ചെലുത്തുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. രൂപയുടെ താഴോട്ടിറക്കം അതിന്റെ വ്യക്തമായ സൂചനയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങൾ തുടരുന്നപക്ഷം ഡോളറിന്റെ വിനിമയ നിരക്ക് അധികം വൈകാതെ 100 രൂപ കഴിയുമെന്ന വിലയിരുത്തലുകൾ അസ്ഥാനത്തല്ല.

Leave a comment