TMJ
searchnav-menu
post-thumbnail

Outlook

തെയ്യവും തെയ്യക്കാരനും തുടരുന്ന പോരാട്ടങ്ങള്‍

16 Dec 2022   |   1 min Read
വിനീഷ് കെ എന്‍

PHOTOS: PRASOON KIRAN

താധിഷ്ഠിതമായ ചിന്താധാരകൾ ബലപ്പെട്ടു വരുന്ന പുത്തൻ കാലത്ത്, മണ്ണിൽ നിന്നും ഉയിർകൊണ്ട പാരമ്പര്യ അനുഷ്ഠാനമായ തെയ്യത്തെയും അതിൽ ബന്ധിപ്പിക്കാനായുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി, തെയ്യം ‘ഹിന്ദു’വാണോയെന്ന ചോദ്യങ്ങൾ ഉയർന്നു വരുന്നത്. തെയ്യമുയർത്തുന്ന രാഷ്ട്രീയ ശരികൾ ഏതെങ്കിലും മതത്തിനെയോ ജാതിയെയോ അനുകൂലിക്കുന്നതല്ല. എന്നിട്ടും തെയ്യക്കാരുടെ ഉടൽ സമർപ്പണങ്ങൾക്കും തെയ്യത്തിന്റെ കഠിനതരമായ ജീവിത പ്രക്രിയകൾക്കും ഒട്ടും വിലകല്പിക്കാതെ അതിന്റെ യഥാർത്ഥ സ്വത്വത്തെ അട്ടിമറിക്കാനുള്ള ശ്രമമെന്ന നിലയ്ക്ക് ആധുനിക ഹിന്ദുയിസം എന്തൊക്കെ ഇടപെടലുകളാണ് ഫലത്തിൽ വരുത്തുന്നതെന്നും ആ ഹിന്ദുയിസം പഴയ, മതത്തിന്റെ ചട്ടക്കൂടുകളില്ലാത്ത ഹിന്ദു ദർശനത്തിൽ നിന്നും എങ്ങനെ വേർപ്പെട്ടു കിടക്കുന്നുവെന്നും ആദ്യം തന്നെ പരിശോധിക്കേണ്ടി വരും.

വേദ കാലഘട്ടമാണ് ‘ഹിന്ദു’ മതത്തിന്റെ ഉത്ഭവകാലഘട്ടമായി വിലയിരുത്തപ്പെടുന്നത്. എന്നാൽ വേദങ്ങൾക്ക് മുമ്പേ ‘ഹിന്ദു’മതമിവിടെയുണ്ടെന്നും അതൊരു ദ്രാവിഡ സംസ്കാരമായിരുന്നുവെന്നും മറ്റൊരു വാദവുമുണ്ട്. അറബികൾ പ്രയോഗിച്ച അൽ ഹിന്ദ് എന്ന വാക്കിൽ നിന്നുമാണ് ഹിന്ദുവെന്ന പേരിന്റെ ഉത്ഭവം. ദ്രാവിഡ-ഗോത്ര ജനതാ സംസ്കാരങ്ങളിലേക്കുള്ള ആര്യ സംസ്‌കൃതിയുടെ കടന്നുകയറ്റത്തോടെയാണ് നീചമായ ജാതിവ്യവസ്ഥ ഇവിടത്തെ സമൂഹത്തിൽ പടർന്നു കയറിയെതെന്നതിൽ തർക്കമൊന്നുമില്ല. പുരാതന ദ്രാവിഡ സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുള്ളതാണ്. പാരമ്പര്യവും പ്രകൃതിയോട് കൂട്ട് ചേർന്ന് നിൽക്കുന്നതുമായ തെയ്യം ജാതി ജീർണ്ണത്വത്തെ, അതിന്റെ ഉച്ചനീചത്വങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ച അടിയാളരുടെ ദൈവിക അനുഷ്ഠാന രൂപകമായിരുന്നു. തെയ്യം തന്റെ നോക്കിൽ, വാക്കിൽ, ചലനങ്ങളിൽ പണിതെടുത്ത അനുഷ്ഠാനത്തിലധിഷ്ഠിതമായ കാവ്, കോട്ടം, സ്ഥാനം തുടങ്ങിയവ അവർണ്ണന്റെ സ്വതന്ത്ര ഇടപെടലുകളുടെ ആശ്രയകേന്ദ്രങ്ങളുമായിരുന്നു.

പ്രത്യക്ഷമായുള്ള ജാതിമേൽക്കോയ്മകളുടെ രൂക്ഷകാലം കടന്നുപോയെങ്കിലും ഇപ്പോഴും ഒളിഞ്ഞു നിന്നാക്രമിക്കുന്ന ജാതീയത തെയ്യക്കാവുകളിൽ ബാക്കിയുണ്ട്. തെയ്യത്തെ മതത്തിന്റെ ചട്ടക്കൂടുകളിൽ ബന്ധിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ കാലങ്ങളായുണ്ട്. അത്തരം ബന്ധനങ്ങളോട് ശക്തമായി പ്രതിഷേധിച്ചിരുന്ന തെയ്യം ചെറിയ അളവിൽ, അറിയാതെയെങ്കിലും ആ ചിന്തകളുടെ തണലിൽ നിൽക്കേണ്ട ഗതികേടിലാണ് ഇപ്പോഴുള്ളത്. ഇന്ന് മതത്തിന്റെ അതിർവരമ്പുകൾ നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും യഥാർത്ഥത്തിൽ ഹിന്ദുവെന്നൊരു മതരീതി നിലവിലില്ല. സെമിറ്റിക് മതങ്ങളുടെ വരവോടെ, അതിൽ നിന്നും വേർപെട്ടുനിന്ന മനുഷ്യരുടെ അനേകം ആചാരങ്ങളും ദൈവിക ആരാധനകളും അനുഷ്ഠാനങ്ങളും ഒരുമിച്ചുചേർന്ന് സ്വാഭാവികമായി രൂപപ്പെട്ടുവന്ന വലിയൊരു ചങ്ങലയാണ് ഇന്നത്തെ ‘ഹിന്ദു’. അയ്യായിരം വർഷത്തിൽപ്പരം വേദങ്ങൾക്കും ഇത്തരം ആചാരങ്ങൾക്കും പഴക്കമുണ്ടെന്ന് ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട്.

നവീന ശിലായുഗത്തിൽ ക്രിസ്തുവിനും ആയിരം വർഷങ്ങൾക്ക് മുമ്പ് മുതലാണ് ആധുനിക ഹൈന്ദവ രീതികൾ രൂപപ്പെട്ടു തുടങ്ങിയതെന്നും അക്കാലങ്ങളിലാണ് ഋഗ്വേദത്തിലെ ഇന്ദ്രൻ, വായു, അഗ്നി, വരുണൻ, സൂര്യൻ മുതലായവരെ പൂജിക്കുന്ന അർച്ചനകൾ, ഹോമങ്ങൾ തുടങ്ങിയവ ആരംഭിച്ചതെന്നും കരുതുന്നുണ്ട്. സെമിറ്റിക് മതങ്ങൾ കടന്നുവരുന്നതിനും മുമ്പേയുള്ള അനേകം ആരാധനാ രീതികളും സംസ്‌കാരങ്ങളും അനുഷ്ഠാനങ്ങളും ശൈവം, വൈഷ്ണവം, ശാക്തേയം, സൗര്യം, വ്യനാകം, ചാർവാകം തുടങ്ങിയ വ്യത്യസ്ത മതരീതികളും പ്രകൃതി ആരാധനകളും ആത്മ ആരാധനകളുമൊക്കെ ഒന്നുചേർന്നാണ് ഇന്നത്തെ നിലയിലേക്ക് ‘ഹിന്ദു’ മതമായി വളർന്നത്. പുരാണ ഇതിഹാസമായ മഹാഭാരതത്തിൽ പിന്നീട്, ഏറെ വൈകി കൂട്ടിച്ചേർക്കപ്പെട്ട ഭഗവദ്ഗീതയുടെ പ്രധാന ലക്ഷ്യം തന്നെ ഓംകാരം എന്ന വാക്കിൽ കേന്ദ്രീകരിച്ച് പലയിടങ്ങളിലും ചിതറിക്കിടക്കുന്ന വൈവിധ്യങ്ങളായ ആചാരാനുഷ്ഠാനങ്ങളെ ഒറ്റക്കെട്ടാക്കി നിർത്തുകയെന്നതുകൂടിയായിരുന്നു. ഗീത, ദൈവത്തെ ആരാധിച്ചില്ലെങ്കിലും കർമ്മം ചെയ്‌താൽ ഈശ്വരനിൽ വിലയം പ്രാപിക്കാമെന്നുകൂടി ഉദ്ഘോഷിക്കുന്നുമുണ്ട്. അത് പുരാണങ്ങളെയും വേദങ്ങളെയും വിമർശ്യ ബുദ്ധിയാൽ നോക്കികാണുന്ന ചാർവാക സംഹിതയെക്കൂടി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണെന്നു കരുതാം.

പ്രാചീന കാലത്ത് ഗോത്ര സമൂഹത്തിൽ മനുഷ്യർ തങ്ങളെ ഭയക്കുന്നതിനെയെല്ലാം ആരാധിച്ചിരുന്നു. മരിച്ചുപോയവരെയും മൃഗങ്ങളെയും വരെ തെയ്യാരാധനയിലൂടെ ജീവനുള്ള ദേഹത്തിൽ കുടിയിരുത്തി പ്രീതിപ്പെടുത്താൻ ശ്രമിച്ചു വന്നു. എന്നാൽ ഈ ഗുരു, വീരാരാധന സമ്പ്രദായങ്ങളെ കീഴ്‌പ്പെടുത്തിക്കൊണ്ടു ദ്രാവിഡരുടെ ദൈവിക ആരാധനയിലേക്കും തെയ്യത്തിലേക്കും വളരെ ശക്തമായി ശൈവാരാധനയും ശാക്തേയ ആരാധനയും ഏറെ താമസിയാതെ കയറി വന്നു.

ആരാധനാ രൂപകങ്ങൾ വർദ്ധിച്ചു വന്നതോടെ ഒരൊറ്റ ദൈവമെന്ന ആശയം വിഘടിക്കപ്പെട്ടു. പിന്നീട് ഇതിനെയെല്ലാം ഒരുമിപ്പിക്കാനും എല്ലാ ദൈവങ്ങളും ഒരൊറ്റ ശക്തിയുടെ അംശങ്ങളാണെന്നും വരുത്തി തീർക്കാനും കാര്യമായ ശ്രമങ്ങളുണ്ടായി. വൈവിധ്യങ്ങളോടെ ഒന്നായി നിന്നുവെന്നു തോന്നാമെങ്കിലും സെമിറ്റിക് മതങ്ങളെ പോലെ ഒരു പ്രവാചകനും ഒരൊറ്റ ദൈവവും എന്ന രൂപത്തിലേക്ക് ഈ ആരാധനകളെയൊന്നും എത്തിക്കാൻ ഒരിക്കലും കഴിഞ്ഞില്ല. അതിനാൽ തന്നെ വളരെ കൃത്യമായ ഒരു നിർവ്വചനം ‘ഹിന്ദു’ എന്ന മതവുമായി ബന്ധപ്പെട്ട് ഇന്നും ലഭ്യമല്ല. പ്രാചീന ഭാരതത്തിൽ ദൈവമെന്ന സങ്കല്പം പ്രകൃതിയെ ആരാധിച്ചുകൊണ്ടാണ് ആരംഭിച്ചത്. പിന്നീടത് ഗുരു ആരാധനയിലേക്കും വീരാരാധനയിലേക്കും കൂടി തിരിഞ്ഞു. പൂർവ്വികരായ ദ്രാവിഡരുടെ ആരാധനാ സമ്പ്രദായങ്ങളിൽ, ദക്ഷിണേന്ത്യയിലേക്കുള്ള ആര്യന്മാരുടെ അധിനിവേശത്തോടെ ബ്രാഹ്മണ മേധാവിത്വം, ജാതി സങ്കല്പങ്ങൾ തുടങ്ങിയവ ഉത്ഭവിക്കുകയും ആരാധനകളെയെല്ലാം ആര്യാരാധനയുമായി കലരേണ്ട സ്ഥിതിയിലുമെത്തിച്ചു. തിണകളിൽ ജീവിച്ച മനുഷ്യർ ആരാധിച്ചിരുന്ന മലയിൽ വാഴുന്ന ദൈവമായ മുരുകൻ, ആര്യരുടെ സുബ്രഹ്മണ്യനായതും അയ്യപ്പൻ ധർമ്മശാസ്താവായതുമെല്ലാം ഇത്തരം സങ്കലനത്തിന്റെ തുടർച്ചയായിരുന്നു.

അക്കാലഘട്ടങ്ങളിൽ പുരാണങ്ങളിലൂടെ പുതിയ ദൈവങ്ങൾ രൂപപ്പെട്ടു. അങ്ങനെ രൂപപ്പെട്ട ദൈവങ്ങളായ വിഷ്ണു, ശിവൻ, ശക്തി സങ്കല്പങ്ങളുമായി തെയ്യങ്ങളെയും കൂട്ടിയിണക്കിയിരുന്നു. ഭദ്രകാളിയെ ശക്തിയുടെ അവതാരമായി വാഴ്ത്തി ദ്രാവിഡരുടെ കയ്യിലെ കാളി ആരാധനയെയും ആര്യസമൂഹം കയ്യടക്കി. പ്രാചീന കാലത്ത് ഗോത്ര സമൂഹത്തിൽ മനുഷ്യർ തങ്ങളെ ഭയക്കുന്നതിനെയെല്ലാം ആരാധിച്ചിരുന്നു. മരിച്ചുപോയവരെയും മൃഗങ്ങളെയും വരെ തെയ്യാരാധനയിലൂടെ ജീവനുള്ള ദേഹത്തിൽ കുടിയിരുത്തി പ്രീതിപ്പെടുത്താൻ ശ്രമിച്ചു വന്നു. എന്നാൽ ഈ ഗുരു, വീരാരാധന സമ്പ്രദായങ്ങളെ കീഴ്‌പ്പെടുത്തിക്കൊണ്ടു ദ്രാവിഡരുടെ ദൈവിക ആരാധനയിലേക്കും തെയ്യത്തിലേക്കും വളരെ ശക്തമായി ശൈവാരാധനയും ശാക്തേയ ആരാധനയും ഏറെ താമസിയാതെ കയറി വന്നു. അതിനാൽ തെയ്യങ്ങളെല്ലാം ഈ രണ്ടു ആരാധന രീതിയോട് ചേർന്ന് നിൽക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് പിന്നീട് നടത്തിയത്.

അതിനുശേഷം ഏറെ വൈകി കടന്നുവന്നതാണ് വൈഷ്ണവാരാധന. നിരന്തരം ശത്രുതയിലുണ്ടായിരുന്ന ശൈവ-വൈഷ്ണവ മതങ്ങൾ കാലക്രമേണ യോജിപ്പിൽ എത്തുകയും സങ്കലനം നടക്കുകയും ചെയ്തതായി വ്യക്തമായ സൂചനകളുണ്ട്. എന്നാൽ ഇതെല്ലാം യോജിക്കപ്പെട്ടപ്പോൾ തെയ്യത്തിന്റെയടക്കം എല്ലാ ആരാധനയുടെയും, കുറെയേറെ അധികാരം മേലാള സമൂഹമായി വർത്തിച്ചിരുന്ന ബ്രാഹ്മണരുടെ കൈകളിലേക്ക് ഒതുങ്ങിപ്പോയി. തെയ്യം ഇതിനെ പ്രതിരോധിച്ച് ഒറ്റയ്ക്ക് നിൽക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും പൂർണ്ണ അർത്ഥത്തിൽ ഫലവത്തായില്ല. തെയ്യങ്ങളുടെ ഐതിഹ്യ കഥകളിൽ പുരാണ ദൈവങ്ങളുടെ കൈ കടത്തലുകൾ ഏറെയുണ്ടായെങ്കിലും അതല്ലാതെ പരിപൂർണ്ണമായി പുരാണങ്ങളുമായി ബന്ധപ്പെടുന്ന തെയ്യങ്ങളും സൃഷ്ടിക്കപ്പെട്ടു. ചുരുക്കത്തിൽ തെയ്യമെന്ന ആരാധനാ രീതിയെ തള്ളിക്കളയാൻ അന്നത്തെ ആര്യ സമൂഹത്തിനും കഴിഞ്ഞിരുന്നില്ല. ഈ വിധം സകല ആചാരാനുഷ്ടാനങ്ങളിലുമുള്ള ഇടപെടലുകൾ കൊണ്ടാണ് ബ്രാഹ്മണരുടെ തണലിൽ ഉയർന്നുവന്ന മതമായി ‘ഹിന്ദു’ മതത്തെ പലരും പിന്നീട് നിരീക്ഷിക്കുന്നതിന് കാരണമായത്.

ഭഗവതി തെയ്യങ്ങളെല്ലാം ഭദ്രകാളിയുടെയോ ശിവന്റേയോ അംശങ്ങളായി കരുതുന്നതിനു പിന്നിലും ഇവിടെയുണ്ടായിരുന്ന ശാക്തേയ-ശൈവ മതങ്ങളുടെ സ്വാധീനവും തുടർന്നതിനെ തങ്ങളുടെ അധികാര പരിധിയിൽ ഒതുക്കിയ ആര്യന്മാരുടെ അധീശ്വത്വവുമാണ് വെളിപ്പെടുന്നത്. ഈ മതങ്ങൾ തമ്മിൽ സംഘട്ടനങ്ങൾ പതിവായിരുന്നു. എങ്കിലും പിന്നീടത് തമ്മിൽ കലരുകയാണുണ്ടായത്. അതിനനുബന്ധമായി ഐതിഹ്യ കഥകൾ ഏറെയുണ്ടായി. തെയ്യങ്ങളെയും ഇത്തരത്തിൽ ഏതെങ്കിലും മൂർത്തികളുമായി ബന്ധപ്പെടുത്തിയിരുന്നു. ശൈവ-വൈഷ്ണവ മതങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കുന്നതിനായി ശങ്കരനാരായണ പ്രതിഷ്ഠകൾ സൃഷ്ടിക്കപ്പെടുകയും ഗണപതിയേയും സുബ്രഹ്മണ്യനെയും വിഷ്ണുവിന്റെ അംശങ്ങളായി കരുതിപ്പോന്ന ഐതിഹ്യ കഥകളുണ്ടാകുകയും ചെയ്തു. നിരന്തരം തിരുത്തലുകൾ നടന്നുകൊണ്ടിരുന്ന ഭവിഷ്യ പുരാണത്തിൽ ബുദ്ധൻ വിഷ്ണുവിന്റെ അംശാവതാരമാണെന്നുപോലും ചേർത്തിരുന്നു. "ഹരേരന്യ ദൈവം ന മന്യേന മന്യേ (വിഷ്ണുവല്ലാത്ത ഒരു ദൈവം നമുക്കെന്തിന്) ശിവ ധന്യ ദൈവം ന മന്യേ ന മന്യേ" (ശിവനല്ലാത്ത ഒരു ദൈവം നമുക്കാര്) എന്ന് ശൈവ-വൈഷ്ണവ സംഘട്ടനങ്ങൾ ലഘൂകരിക്കാനായി ശങ്കരാചാര്യരും പ്രയോഗിച്ചിട്ടുണ്ട്.

ഏതു കാലഘട്ടത്തിൽ ഉയിർകൊണ്ടാലും തെയ്യത്തിനു ഏതെങ്കിലും ജാതി-മത ബന്ധനങ്ങൾക്ക് താല്പര്യമില്ലായെന്നതും സാമൂഹികമായി എല്ലാ തട്ടിലുമുള്ള ജനങ്ങളെയും ജീവജാലങ്ങളെയും അഭിസംബോധന ചെയ്തു സംസാരിക്കുന്നതിൽ നിന്നും ഗുണത്തെ ചൊരിയുന്നതിൽ നിന്നും വ്യക്തവുമാണ്. ഏറ്റവും കൂടുതൽ തെയ്യങ്ങൾ യത്നിച്ചിട്ടുള്ളത് ജാതിയുടെ ഉച്ചനീചത്വങ്ങളെ ലഘൂകരിക്കാനാണെങ്കിലും ജാതിവ്യവസ്ഥിതിയില്ലാതെ തെയ്യത്തിനു യഥാർത്ഥത്തിൽ നിലനിൽപ്പില്ല.

"ദേവന്മാർക്കൊരു ദേവ ദേവനത് നീ
ശൈവർക്ക് ശൈവൻ ഭവാൻ
ദേവാരിരിപു വിഷ്ണു വൈഷ്‌ണവരിലും
ശാക്തേയരിൽ ശക്തി നീ
ദിവ്യരിൽ സൂര്യരിൽ സൂര്യനായ്
ഗണപതി വൈനായകർക്കും ഭവാൻ
സ്കന്ദ സ്കന്ദരിൽ കാല കാലനത് നീ
ശ്രീ രാജ രാജൻ ഭവാൻ"

ശ്രീ ശങ്കരന്റെ കഥ തന്നെ പ്രചാരത്തിലുള്ള പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിലും ഇതുപോലെ വ്യത്യസ്‍തമായ ആരാധനാ രീതികൾ ഒന്നായി മാറിയത് സൂചിപ്പിക്കുന്നത് കാണാം. ബ്രഹ്മത്തിൽ ലയിക്കുകയാണ് മുക്തിയെന്നു സ്ഥാപിക്കപ്പെട്ടപ്പോഴും അതിലേക്ക് എത്തുന്ന ചെറു കൈവഴികളായി മറ്റ് ഉപദേവതമാരെ കാണാൻ ഇത്തരം പ്രയോഗങ്ങൾക്ക് കഴിഞ്ഞു. ദൈവത്തെ മനുഷ്യനിലൂടെ നേരിട്ട് ദർശിക്കുന്ന രീതിയായ തെയ്യമോ അതിന്റെ പ്രാചീനമായ രൂപങ്ങളോ വേദ കാലഘട്ടങ്ങൾക്കും മുമ്പേ നിലവിലുണ്ടായിരുന്ന ഒന്നായിരിക്കാമെന്ന സൂചനകൾ പണ്ഡിതരുടെ വാദങ്ങളിലുണ്ട്. പുരാണങ്ങൾ ഏറെ ഉത്‌കൃഷ്ടമായി ഉദ്ഘോഷിക്കുന്ന ഭക്തിയുടെ നാല് തലങ്ങളായ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നിവ തെയ്യത്തിലൂടെ സംഭവിക്കുന്നതിനാൽ ആദിമ ദ്രാവിഡ മനുഷ്യരുടേതായിട്ടും അതിനെ മാറ്റി നിർത്താനോ ഒഴിവാക്കാനോ ആര്യ വൈദിക മതത്തിനു സാധിച്ചില്ല. പക്ഷെ അതിശയകരമായി, എത്രയൊക്കെ പണിപ്പെട്ടിട്ടും തെയ്യം അതിന്റെ ആവാസവ്യവസ്ഥ, ജീവിത രീതികൾ എന്നിവകൊണ്ട് ഭൂരിപക്ഷ ഹൈന്ദവ ദൈവിക ആരാധനയിൽ നിന്നും കുറച്ചേറെ അകന്നു തന്നെയാണ് ഇന്നും നിൽക്കുന്നത്.

തെയ്യത്തിൽ സംഭവിക്കുന്ന ഉപാസിച്ച ദേവതയിലേക്കുള്ള ക്രമമുക്തി ഭക്തനിൽ തന്റെ ദൈവം പ്രാർത്ഥനയാൽ മാത്രം കൺമുൻപിൽ പ്രത്യക്ഷപ്പെട്ട പ്രതീതിയാണുണ്ടാകുന്നത്. എന്നാൽ സംഘ കാലഘട്ടം മുതലാണ് തെയ്യത്തിന്റെ തുടക്കമെന്നും പച്ചോല കീറിയുണ്ടാകുന്ന ഒലിയുടുപ്പുകൾ അണിഞ്ഞു ദർശനപ്പെട്ടു നൃത്തം വെയ്ക്കുന്ന രീതികൾ അക്കാലം മുതലായിരിക്കണം തുടങ്ങിയതെന്നും അതായിരിക്കും തെയ്യത്തിന്റെ ആദിമ രൂപമെന്നും ഡോ കെ കെ എൻ കുറുപ്പ് നിരീക്ഷിക്കുന്നതും ശ്രദ്ധേയമാണ്. ഏതു കാലഘട്ടത്തിൽ ഉയിർകൊണ്ടാലും തെയ്യത്തിനു ഏതെങ്കിലും ജാതി-മത ബന്ധനങ്ങൾക്ക് താല്പര്യമില്ലായെന്നതും സാമൂഹികമായി എല്ലാ തട്ടിലുമുള്ള ജനങ്ങളെയും ജീവജാലങ്ങളെയും അഭിസംബോധന ചെയ്തു സംസാരിക്കുന്നതിൽ നിന്നും ഗുണത്തെ ചൊരിയുന്നതിൽ നിന്നും വ്യക്തവുമാണ്. ഏറ്റവും കൂടുതൽ തെയ്യങ്ങൾ യത്നിച്ചിട്ടുള്ളത് ജാതിയുടെ ഉച്ചനീചത്വങ്ങളെ ലഘൂകരിക്കാനാണെങ്കിലും ജാതിവ്യവസ്ഥിതിയില്ലാതെ തെയ്യത്തിന് യഥാർത്ഥത്തിൽ നിലനിൽപ്പില്ല.

ജാതിയും തെയ്യവും പരസ്പര പൂരകങ്ങളാണ്‌. ഇത്തരം പരിമിതികളുണ്ടായിരുന്നുവെങ്കിലും തെയ്യത്തിനു അതിന്റേതായ ചില മനുഷ്യത്വ ശരികൾ തുടക്കം തൊട്ടേയുണ്ട്. തെയ്യത്തെ മുൻനിർത്തി ഉത്തര കേരളത്തിൽ പൂർവ്വകാലത്തു തന്നെ ജനങ്ങളിൽ ചരിത്രബോധം ഉണ്ടായിരുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ആ ചരിത്രബോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രൂപപ്പെട്ട തെയ്യങ്ങളെല്ലാം പറ്റാവുന്നയിടത്തൊക്കെ ജാതി മേൽക്കോയ്മകൾക്കെതിരെ ശബ്ദിച്ചിരുന്നത്. എന്നാലോ തിരിച്ചു തെയ്യത്തെക്കൊണ്ട് കേരളോല്പത്തി പറയിപ്പിച്ചു സ്ഥാനം ഉറപ്പിക്കുന്നത് പോലെയുള്ള ഇടപെടലുകൾ നടത്തി മേലാളരും തിരിച്ചടിച്ചു. പുരോഹിത വർഗ്ഗം കീഴാളരുടെ ദൈവങ്ങളെക്കാൾ ഉയർന്നവരാണെന്നു വരുത്തി തീർക്കാൻ ഇത്തരം കുസൃതികൾ കാര്യമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തെയ്യം അതിനെയും മറ്റൊരു രീതിയിൽ തെയ്യ ശരീരമായിട്ടുള്ള അടിയാളന് ആരുടെ മുമ്പിലും എണ്ണം പറഞ്ഞു ഇരിക്കാമെന്ന രീതിയിൽ ഉപയോഗപ്പെടുത്താനും ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത്തരം ബലാബലങ്ങളിലൂടെയാണ് തെയ്യം വർണ്ണ-വർഗ്ഗ അനൗചിത്യങ്ങളെ വരച്ച വരയിൽ നിർത്തിയിട്ടുള്ളത്.

കാവിനെയും തെയ്യത്തെയും അറിയാത്ത കമ്മിറ്റിക്കാർ നവീകരണമെന്ന പേരിൽ കാട്ടിക്കൂട്ടുന്ന പ്രവർത്തനങ്ങൾ, പുറം മോടികൾ എന്നിവ എല്ലാ അതിർത്തികളും ലംഘിച്ചു കഴിഞ്ഞിരിക്കുന്നു. മേൽക്കൂര ചോരുന്നു എന്നറിയിച്ചപ്പോൾ അത് മാറ്റുന്നതിന് പകരം കാവിനെയാകെ മറയ്ക്കും വിധം ഷീറ്റ് ഇടാം എന്ന ആശയം പങ്കു വെച്ച് അത് നടപ്പാക്കിയ കമ്മിറ്റികളുടെ കൂട്ടമാണ് പുതിയ കാല കാവ് കമ്മിറ്റികൾ. ഇന്റർലോക്ക്, കല്ല് പാകൽ വിപ്ലവങ്ങളായിരുന്നു മറ്റൊന്ന്.

പക്ഷെ ഇന്ന്; പണ്ട് കാലങ്ങളിൽ സാമൂഹിക കൂട്ടായ്മയിൽ ജാതി കൈകടത്തലുകളെ നേരിട്ട തെയ്യത്തിനു പരോക്ഷമായി പുതിയ കാലഘട്ടത്തിൽ പണ്ട് അനുഭവിച്ചതിനേക്കാൾ മാരകമായ ജാതിക്കോയ്‌മകൾ അനുഭവിക്കേണ്ടി വരുന്നുമുണ്ട്. ആര്യവൽക്കരിക്കപ്പെട്ട ചിന്തകളുള്ള സവർണ്ണ-അവർണ്ണ വിഭാഗങ്ങൾ പുതുകാലത്ത് ഒരുപോലെയുള്ളതിനാൽ തെയ്യത്തിനു തന്റെ ശത്രുവിനെ തിരിച്ചറിയാൻ ഇപ്പോൾ കഴിയുന്നില്ല. ഇപ്പോഴുള്ള തെയ്യത്തിന് അതിന്റെ അനുഷ്ഠാന പരിസരങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ വെല്ലുവിളികളുണ്ടാകുന്നത്. പൂർണ്ണമായല്ലെങ്കിലും തെയ്യമിപ്പോഴുള്ളത് അനുഷ്ഠാനങ്ങൾക്കപ്പുറമുള്ള പ്രകടനപരതയുടെ കൂടെയാണ്. തെയ്യക്കാരന്റെ കുറ്റമായി പ്രത്യക്ഷത്തിൽ വാഴ്ത്തപ്പെടാമെങ്കിലും പരോക്ഷമായി നവീന കമ്മിറ്റിക്കാരുടെയും കാഴ്ചക്കാരുടെയും നിർബന്ധങ്ങൾ അതിനുണ്ട്. ശാരീരിക മെയ്‌വഴക്കം തെയ്യത്തിൽ അത്യാവശ്യ ഘടകമാണെങ്കിലും എല്ലാ തെയ്യങ്ങളും കളരി അഭ്യാസികളല്ല എന്നത് ഈ നവീനർ മറന്നുപോകുന്നുണ്ട്. അനുഷ്ഠാനപരമായി എത്രത്തോളം നന്നായെന്ന് മനസ്സിലാക്കാൻ ശ്രമം തീരെ ഉണ്ടാകുന്നുമില്ല. നാലഞ്ചു വർഷങ്ങൾ മുമ്പേ, വേട്ടക്കൊരുമകൻ പോലെയുള്ള തെയ്യങ്ങൾ കെട്ടിയാടാൻ ചില യുവാക്കളെങ്കിലും തയ്യാറാകുന്നില്ല എന്നൊരു കോലധാരി തുറന്നു പറഞ്ഞിരുന്നു. പതുക്കെ നടക്കുന്ന, അഭ്യാസ പ്രകടനങ്ങൾക്ക് സാധ്യതയില്ലാത്ത തെയ്യങ്ങളെ പുത്തൻ കോലധാരികളിൽ ചിലർക്ക് താല്പര്യം കുറഞ്ഞത് അനുഷ്ഠാനങ്ങൾക്കപ്പുറം ഫാൻസ്‌ ഗ്രൂപ്പുകൾ ഉടലെടുക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും അത് കോലക്കാരുടെ മാത്രം കുറ്റമാണെന്നും ഉയർത്തിക്കാട്ടുന്നവരുണ്ട്. എന്നാൽ അത് യാഥാർത്ഥ്യമല്ല.

കുളങ്ങളും വയലുകളും മരക്കൂട്ടങ്ങളും ഉണ്ടായിരുന്ന കാലത്തെ കാവുകളല്ല പുതിയ കാലത്തെ കാവുകൾ. പുതിയ കാലഘട്ടത്തിൽ കാവുകളെല്ലാം അതിന്റെ സ്വഭാവത്തിന് യോജിക്കാത്ത തരത്തിൽ പൂർണ്ണമായും ക്ഷേത്രങ്ങളായി മാറിയിട്ടുണ്ട്. ഈ മാറ്റം നൽകുന്ന ആഢ്യത്വം, അധികാര ധിക്കാരം തുടങ്ങിയവയുടെ ഇരയാകുന്നത് കൂടുതലും തെയ്യക്കാരാണ്. തങ്ങൾക്ക് വഴങ്ങാത്ത തെയ്യക്കാരനെ പിന്നെ തെയ്യം തിരിച്ചു കിട്ടാത്ത വിധം വിലക്കി കളയും. കലശം നടത്തുന്നതിനായുള്ള മദ്യ മാംസാദികൾ കാവിൽ നിരോധിക്കുന്നത് പോലെയുള്ള പദ്ധതികളിലൂടെ കാവിന്റെ സ്വത്വം നഷ്ടപ്പെടുത്താൻ നവീനർ മുന്നിട്ടിറങ്ങുന്നുണ്ട്. എന്നാൽ ഇത്തരം പുതുമകളാണ് യഥാർത്ഥ ആചാരങ്ങൾ എന്നാണു നവീന കമ്മിറ്റിക്കാരുടെ ചിന്തകളിലുള്ളത്. അനുഷ്ടാനങ്ങൾക്കപ്പുറം വെറുമൊരു ആഘോഷമെന്ന രീതിയിലും തങ്ങളുടെ പേര് ഉറപ്പിക്കാനുള്ള യജ്ഞമായും ഇവർ തെയ്യത്തെ കാണുന്നുവെന്നതും ദുഖകരമാണ്. അമ്പലങ്ങളെപ്പോലെ നിത്യ വരുമാനം ഇല്ലെങ്കിലും കാവുകൾ സാമ്പത്തികമായി അടുത്ത കാലങ്ങളിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. സാമൂഹികമായ ജീവിത മെച്ചപ്പെടലുകൾ കാവുകളിലും വലിയ മാറ്റം വരുത്തി.

ഒരു ഇരുപത്- ഇരുപത്തിയഞ്ചു വർഷങ്ങൾ മുമ്പൊക്കെ തെയ്യത്തിന്റെയന്നു ഭണ്ഡാരം പൊളിച്ചും ചെറിയ തുകകൾ ചേർത്ത് വച്ചും കോള് കൊടുക്കുകയും തെയ്യം നടത്താനുള്ള മറ്റു ചിലവുകൾ നിവർത്തിക്കുകയും ചെയ്ത കാവുകൾക്ക് വരെ ഇന്ന് ഒരു വർഷം തെയ്യം നടത്തേണ്ടതിലും കൂടുതൽ തുക സംഭാവനയായി ലഭിക്കുന്നുണ്ട്. കാവിനെയും തെയ്യത്തെയും അറിയാത്ത കമ്മിറ്റിക്കാർ നവീകരണമെന്ന പേരിൽ കാട്ടിക്കൂട്ടുന്ന പ്രവർത്തനങ്ങൾ, പുറം മോടികൾ എന്നിവ എല്ലാ അതിർത്തികളും ലംഘിച്ചു കഴിഞ്ഞിരിക്കുന്നു. മേൽക്കൂര ചോരുന്നു എന്നറിയിച്ചപ്പോൾ അത് മാറ്റുന്നതിന് പകരം കാവിനെയാകെ മറയ്ക്കും വിധം ഷീറ്റ് ഇടാം എന്ന ആശയം പങ്കു വെച്ച് അത് നടപ്പാക്കിയ കമ്മിറ്റികളുടെ കൂട്ടമാണ് പുതിയ കാല കാവ് കമ്മിറ്റികൾ. ഇന്റർലോക്ക്, കല്ല് പാകൽ വിപ്ലവങ്ങളായിരുന്നു മറ്റൊന്ന്. നിരന്തരം എണ്ണയിറ്റുന്ന പന്തങ്ങളുള്ള തെയ്യങ്ങൾ കെട്ടിയാടുന്ന സ്ഥലങ്ങളിലെല്ലാം തെയ്യക്കാരന്റെ ജീവിതം ഇന്ന് വഴുക്കുന്നു. അല്ലെങ്കിൽ ഉച്ചച്ചൂടിൽ അയാളുടെ കാലുകൾ വേവും. കോലക്കാരന് തെയ്യം കെട്ടുന്നതിനും മുൻപേ എന്തൊക്കെ ചെയ്യണമെന്നും ചെയ്യണ്ടായെന്നും മുൻ‌കൂർ നിർദ്ദേശങ്ങൾ കൊടുക്കുന്ന കമ്മിറ്റികളുമുണ്ട്. തെയ്യം അനുഷ്ടാനപരതയിൽ സംഭവിക്കുന്ന ഒന്നാണെന്നും സ്ക്രിപ്റ്റ് നോക്കി പഠിച്ചതല്ല അതിന്റെ ആട്ടവും വാചാലുകളുമെന്നും തിരിച്ചറിയാനുള്ള വിവേകം നഷ്ടപെട്ട ആ സാധു മനുഷ്യരോട് തെയ്യക്കാരൻ തിരിച്ചെന്തു പറയാൻ? . ദൗർഭാഗ്യകരമായി തെയ്യക്കാരിലും ഇതേ ചിന്തകൾ പേറുന്ന കുറച്ചുപേരുണ്ടെന്നതും മറക്കുന്നില്ല. അടുത്ത വർഷവും തെയ്യം തനിക്ക് തന്നെ കിട്ടില്ലേയെന്ന ആശങ്കയിലും കാണികൾക്ക് ആവേശവും രസവും പകരാനും ചില തെയ്യക്കാർ തയ്യാറാകുന്നുമുണ്ട്. ഫോട്ടോയ്ക്ക് വേണ്ടി പ്രത്യേകം പോസ് ചെയ്യാൻ മുതിരുകയും ഫാൻസ്‌ ഗ്രൂപ്പുകൾക്കും ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടങ്ങൾക്കും അനുസരിച്ചു ചലനങ്ങൾ നടത്താൻ താല്പര്യപ്പെടുകയും ചെയ്യുന്നവരുമുണ്ട്. തീയിൽ അകപ്പെട്ട് രക്ഷയ്ക്കായി ഓടിയിരുന്ന കണ്ടനാർ കേളനിപ്പോൾ തീയിനോട് മല്ലിടുന്ന ‘പവർ പാക്ക്’ തെയ്യമാണ്. എങ്ങനെയുണ്ട് ഫാൻസ്‌ പവർ ? അനുഷ്ടാനപരമായും ജീവിതമായും തെയ്യത്തെ നെഞ്ചിലേറ്റുന്ന തെയ്യക്കാരെക്കൂടിയാണ് ഇവർ കുഴപ്പത്തിലാക്കുന്നത്.

സിനിമാ പിന്നണി ഗായകൻ കരാറുറപ്പിച്ച നാല് ലക്ഷത്തിനു കാണികൾക്ക് മുൻപിൽ പാടുമ്പോൾ, തെയ്യക്കാരൻ ആ കാവിലെ ദേവതയെ വിളിച്ചു തൊണ്ട പൊട്ടിക്കുകയായിരുന്നു. തോറ്റം ചുരുക്കാനും തെയ്യത്തിന്റെ ചടങ്ങുകൾ വേഗം തീർക്കാനും പറഞ്ഞു സിനിമ ഗാനത്തിന് പിന്നാലെ ഓടുന്ന നവീന കമ്മിറ്റിക്കാർക്ക് തെയ്യം ആഘോഷ പരിപാടികളുടെ ഇടയിൽ നടക്കുന്ന ഏതോ ഒരു ചടങ്ങാണ്.

പണത്തിന്റെ വരവ് കൂടിയതോടെ കാവുകളിലെ ആഡംബരങ്ങൾ വർദ്ധിച്ചു എന്നതിൽ കവിഞ്ഞു തെയ്യക്കാരുടെ കോളിന് കാലാതീതമായ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. തീർച്ചയായും വ്യത്യാസം കോളുകളിൽ വന്നെങ്കിലും തെയ്യ പീഢകളുടെ കണക്കെടുത്താലോ ജീവിക്കുന്ന കാലഘട്ടത്തിലെ ഒരുവന്റെ കൂലി എടുത്താലോ വരുന്നത്രയും വരുമാനം തെയ്യക്കാരനിൽ ഇനിയും എത്തിയിട്ടില്ല. ഇപ്പോഴത്തെ കോളുകളുടെ നേരെ ഇരട്ടിയെങ്കിലും ഉണ്ടെങ്കിലേ യഥാർത്ഥത്തിൽ തെയ്യം ഉപജീവനമാക്കിയവർക്ക് മെച്ചപ്പെട്ട ജീവിതമുണ്ടാകാൻ സാധ്യതയുള്ളൂ. മേൽക്കൂരയ്ക്ക് മേൽ ഷീറ്റിടാനും ആഘോഷ പരിപാടികൾക്ക് വരുന്ന മറ്റു കലാകാരന്മാർക്ക് ലക്ഷങ്ങൾ ഒരു ദിവസത്തേക്ക് നൽകാനും യാതൊരു മടിയും ഇല്ലാത്ത മനുഷ്യർ തന്നെയാണ് തെയ്യക്കാരന്റെ കോളിനെ കുറച്ചു പറയാനായി യത്നിക്കുന്നത്.

സകല മേഖലകളിലും ‘മെച്ചപ്പെടുമ്പോഴും’ നവീന കമ്മിറ്റിക്കാർ തെയ്യക്കാരുടെ കാര്യത്തിൽ എത്തുമ്പോൾ ഒരു നൂറ്റാണ്ട് പുറകിലേക്ക് വണ്ടിയിൽ കയറി ഒരൊറ്റ പോക്കാണ്. ഒരു പ്രമുഖ കാവിൽ രണ്ടു ദിവസത്തോളം വളരെ ബുദ്ധിമുട്ടി തെയ്യം കെട്ടിയാടിയിട്ട് സഹായികൾക്കും മറ്റും കൊടുത്തു ബാക്കിയായ തുച്ഛമായ തുക കീശയിൽ നിന്നും എന്നെ കാണിച്ചുകൊണ്ട് ഒരു തെയ്യക്കാരൻ തലേ ദിവസം നടന്ന ഗാനമേളയ്ക്ക് കൊടുത്ത പണം എത്രയാണെന്ന് പറഞ്ഞു നിസ്സഹായമായി ചിരിച്ചിരുന്നു. ഒരൊറ്റ രാത്രിക്ക് നാല് ലക്ഷമാണ് അന്ന് കമ്മിറ്റിക്കാർ ചെലവിട്ടത്. സിനിമാ പിന്നണി ഗായകൻ കരാറുറപ്പിച്ച നാല് ലക്ഷത്തിനു കാണികൾക്ക് മുൻപിൽ പാടുമ്പോൾ, തെയ്യക്കാരൻ ആ കാവിലെ ദേവതയെ വിളിച്ചു തൊണ്ട പൊട്ടിക്കുകയായിരുന്നു. തോറ്റം ചുരുക്കാനും തെയ്യത്തിന്റെ ചടങ്ങുകൾ വേഗം തീർക്കാനും പറഞ്ഞു സിനിമ ഗാനത്തിന് പിന്നാലെ ഓടുന്ന നവീന കമ്മിറ്റിക്കാർക്ക് തെയ്യം ആഘോഷ പരിപാടികളുടെ ഇടയിൽ നടക്കുന്ന ഏതോ ഒരു ചടങ്ങാണ്. തെയ്യക്കാരന് ഇത്തരം കാവുകളിലെ സാഹചര്യങ്ങളിൽ പ്രതികരിക്കാതെ തല കുനിക്കേണ്ടി വരുന്നത് ഗതികേട് കൊണ്ടാണ്. എതിർത്താൽ അടുത്ത വർഷം മുതൽ അയാൾക്ക് തെയ്യമില്ല. ഇപ്പോൾ ബാക്കിയുള്ള അനുഷ്ടാനങ്ങളുടെ ഭംഗിയോടെയെങ്കിലും ഭാവിയിലും തെയ്യത്തെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ സ്വഭാവം നിലനിർത്തിക്കൊണ്ടു തന്നെ അതിനെ സംരക്ഷിക്കാനാണ് പുതിയ ‘ഹിന്ദുക്കൾ’ ശ്രമിക്കേണ്ടത്. ഇല്ലെങ്കിൽ അടുത്ത തലമുറയിലുള്ളവർക്ക് ആത്മാവില്ലാത്ത കോലങ്ങൾ മാത്രമായിരിക്കും കാഴ്ചയ്ക്ക് ബാക്കിയാകുന്നത്.

Leave a comment