TMJ
searchnav-menu
post-thumbnail

Outlook

'ഉരുക്കു പോലുറച്ചതെല്ലാം ആവിയായി മാറുന്ന' കാലം

27 Dec 2022   |   1 min Read
കെ പി സേതുനാഥ്

കേരളത്തിലെ സിപിഎമ്മിന്റെ സംഘടനാ ശേഷിയെക്കുറിച്ചുളള വിശേഷണപദങ്ങളുടെ മൂര്‍ത്തരൂപമാണ് പാര്‍ട്ടിയുടെ കണ്ണൂര്‍ ഘടകം. ഉരുക്കുകോട്ട, ശക്തിദുര്‍ഗ്ഗമെന്നെല്ലാമുള്ള വിശേഷണങ്ങള്‍ കൊണ്ടാടപ്പെടുന്ന ഇടം. ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി, കേന്ദ്ര കമ്മിറ്റി, പോളിറ്റ്ബ്യൂറോ എന്നീ തലങ്ങളിലുള്ള സിപിഎമ്മിന്റെ സംഘടനാ ശ്രേണി കണ്ണൂര്‍ ജില്ലയിലെത്തുമ്പോള്‍ നേര്‍വിപരീത ക്രമത്തിലാവുമെന്ന് അടിയുറച്ച പാര്‍ട്ടി അനുഭാവികള്‍ പോലും രഹസ്യമായെങ്കിലും ഫലിതം പറയുന്നത്ര ശക്തമാണ് ഇപ്പോള്‍ കണ്ണൂരിലെ സിപിഎം. കേരളത്തിലെ മറ്റു ജില്ലകളിലെ പാര്‍ട്ടി യൂണിറ്റുകള്‍ക്കൊന്നും കണ്ണൂരിന്റെ പകിട്ട് അവകാശപ്പെടാനാവില്ല. സംഘടനാ സംവിധാനത്തിന്റെ അങ്ങനെയുള്ള കെട്ടുറപ്പിനെക്കുറിച്ചുള്ള കേട്ടറിവുകളില്‍ അഭിരമിക്കുന്നവരെയും അല്ലാത്തവരെയും അത്ഭുതപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം പുറുത്തുവന്ന വാര്‍ത്തകള്‍. അംഗബലത്തിന്റെ സൂചികയില്‍ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ നേരവകാശിയായി കരുതപ്പെടുന്ന സിപിഎമ്മിന്റെ ഏറ്റവും ശക്തമായ യൂണിറ്റിലെ മുതിര്‍ന്ന നേതാക്കളെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ പതിവുപോലെ പാര്‍ട്ടി വിരുദ്ധരുടെ കുപ്രചരണമെന്ന വിശദീകരണങ്ങളില്‍ മാത്രമായി തള്ളിക്കളയുക എളുപ്പമല്ലാതാവുന്നതും അതിനാലാണ്.

പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും ഇടതു-ജനാധിപത്യ മുന്നണിയുടെ കണ്‍വീനറുമായ ഇ പി ജയരാജന് എതിരെ മറ്റൊരു പ്രമുഖ നേതാവായ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേടുള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയതാണ് വാര്‍ത്തകളുടെ ഫോക്കസ്. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടിയിലെ അനഭലഷണീയമായ പ്രവണതകള്‍ക്ക് എതിരായുള്ള ഏറ്റവും പുതിയ പ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന പരാമര്‍ശങ്ങളാണ് ഇപ്പോഴത്തെ വാര്‍ത്തകളുടെ അടിസ്ഥാനം. അത് വാര്‍ത്തയാവണമെങ്കില്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടാവണമെന്നു തിരിച്ചറിയാന്‍ ലേലം സിനിമയില്‍ സോമന്റെ കഥാപാത്രം പറയുന്നതു പോലെ ദാസ് ക്യാപ്പിറ്റലൊന്നും വായിക്കണമെന്നില്ല. കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ ആരോപണം ഉന്നയിക്കേണ്ടതിന്റെ രീതിശാസ്ത്രം അറിയാത്ത വ്യക്തിയാണ് പി ജയരാജനെന്ന് അദ്ദേഹത്തെ അറിയുന്നവരാരും പറയുകയുമില്ല. കേന്ദ്രകമ്മറ്റിയിലെ അംഗത്തിനെതിരെയുള്ള ആരോപണം വാര്‍ത്തയാവുമ്പോള്‍ എഴുതിത്തന്നാല്‍ അന്വേഷിക്കുമെന്ന സംഘടന തത്വം ഉത്തരവാദപ്പെട്ടവര്‍ പറയുന്നതും അത്ര പരിചിതമല്ല. മാധ്യമങ്ങളിലെ വിഴുപ്പലക്കലിനു പകരം ഇരുചെവിയറിയാതെ ബന്ധപ്പെട്ട കമ്മിറ്റികളില്‍ മാത്രം അവ കൈകാര്യം ചെയ്യുന്ന രീതിയാണ് അത്തരം കാര്യങ്ങളില്‍ സാധാരണഗതിയില്‍ സിപിഎം അവലംബിക്കാറുള്ളത്. കുറഞ്ഞ പക്ഷം അതാണ് രീതിയെന്നു തോന്നിപ്പിക്കുന്നതിനുള്ള ശ്രമം പോലും ഈയവസരത്തില്‍ ഉണ്ടായില്ലെന്നതാണ് ഇപ്പോഴത്തെ നിലയില്‍ ഇ പിയുമായി ബന്ധപ്പെട്ട സംഭവം അസാധാരണമായി അനുഭവപ്പെടുന്നതിനുള്ള ഒരു കാരണം.

representational image : prasoon kiran

ദേശീയതലത്തിലും, കേരളത്തിലും സിപിഎം നേരിടുന്ന ദശാസന്ധിയുടെ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തെ വിലയിരുത്തുന്നതാവും കൂടുതല്‍ ഉചിതം. കേരളത്തില്‍ തുടര്‍ഭരണം നേടിയെങ്കിലും ഇന്ത്യയില്‍ ഇടതുപക്ഷം പൊതുവെയും സിപിഎം സവിശേഷമായും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെപ്പറ്റി പാര്‍ട്ടി സമ്മേളനങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള രാഷ്ട്രീയ-സംഘടനാ രേഖകളില്‍ വ്യക്തമാണ്. ഒരു ദശകത്തിന് മുമ്പുവരെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളെന്നു കരുതപ്പെട്ടിരുന്ന പശ്ചിമ ബംഗാള്‍, ത്രിപുര എന്നിവടങ്ങളില്‍ സിപിഎമ്മിന്റെ സാന്നിദ്ധ്യം നാമമാത്രമായതിനൊപ്പം സംഘപരിവാരം ഇന്ത്യയിലെ മുഖ്യ ഭരണവര്‍ഗ്ഗ കക്ഷിയായി രൂപാന്തരപ്പെട്ടതുമാണ് സിപിഎം അടക്കമുള്ള ഇടതുപക്ഷം നേരിടുന്ന കഠിനമായ രാഷ്ട്രീയ യാഥാര്‍ത്ഥ്യം. ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമായി ബിജെപിയും സംഘപരിവാരവും ഉരുത്തിരിഞ്ഞതിന്റെ വര്‍ഗ്ഗാടിത്തറയടക്കമുള്ള വിഷയങ്ങളില്‍ വ്യക്തമായ ഉത്തരം സിപിഎം അടക്കമുള്ള ഇടതുപക്ഷം ഇനിയും രൂപപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പിലെ ജയാപജയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായി സംഘപരിവാരത്തിന്റെ വളര്‍ച്ചയെ വിലയിരുത്താന്‍ കഴിയുമോയെന്ന ചോദ്യം ലാഘവത്തോടെ അവഗണിക്കാവുന്നതല്ല. സാമൂഹ്യ-രാഷ്ട്രീയ വിശകലനവും, സെഫോളജിയും (തെരഞ്ഞെടുപ്പു വിശകലനം) രണ്ടാണെന്ന കാര്യം മാര്‍ക്‌സിസം ഉയര്‍ത്തിപ്പിടിക്കുന്നവരോട് പ്രത്യേകം പറയേണ്ടതില്ല.

രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ വലതുപക്ഷ ശക്തികള്‍ നിറഞ്ഞാടുന്നതിന് സമാനമാണ് സാമ്പത്തിക മേഖലയില്‍ നിയോ-ലിബറല്‍ മുതലാളിത്തത്തിന്റെ തേര്‍വാഴ്ച. 1991 നു ശേഷം സിപിഎം ഭരണ നേതൃത്വത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലെ വികസനാനുഭവം സൂക്ഷ്മതലത്തില്‍ വിലയിരുത്തന്നവരെ സംബന്ധിച്ചിടത്തോളം നിയോ-ലിബറല്‍ മുതലാളിത്തത്തെ ഫലപ്രദമായി പ്രതിരോധിക്കുന്ന ബദല്‍ മാതൃകകളൊന്നും അവയില്‍ കാണാനാവില്ല. ഈയൊരു പൊതുപശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു വിജയത്തിന്റെ കാര്യത്തിലെങ്കിലും സിപിഎമ്മിന്റെ അണികളെയും വിശ്വാസികളെയും സംബന്ധിച്ചിടത്തോളം കേരളം പ്രതീക്ഷയുടെ തുരുത്തായി മാറുന്നത്. ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം ക്രിസ്ത്യന്‍-മുസ്ലീം സമുദായാംഗങ്ങളുടെ സാന്നിദ്ധ്യം, ദേശീയതലത്തില്‍ കേണ്‍ഗ്രസ്സിന്റെ തികഞ്ഞ ദുര്‍ബലാവസ്ഥ, സംഘപരിവാരം ഉയര്‍ത്തുന്ന ഭീഷണമായ ഭൂരിപക്ഷ വര്‍ഗീയത, തങ്ങളുടെ ഭൗതികനേട്ടങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിയ്ക്കുന്ന മധ്യവര്‍ഗ്ഗത്തിന്റെ ഗണ്യമായ സ്വാധീനമുള്ള ജനസംഖ്യ തുടങ്ങിയ ചില ചേരുവകള്‍ സവിശേഷമായി ഒന്നുചേരുന്ന പ്രത്യേക സാഹചര്യമാണ് കേരളത്തിലെ സിപിഎമ്മിന്റെ അതിജീവനം സാധ്യമാക്കുന്ന ഭൗതിക പശ്ചാത്തലം. സിപിഎമ്മിനെ പോലുള്ള ഒരു രാഷ്ട്രീയകക്ഷിയെ സാന്നിദ്ധ്യം സാധ്യമാക്കുന്ന ഭൗതിക സാഹചര്യങ്ങള്‍ കേരളത്തിന്റെ ഇപ്പോഴത്തെ സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ നിലനില്‍ക്കുന്നു. പഴയ ഭാഷയിലെ യഥാ രാജ തഥ പ്രജയെന്ന ആപ്തവാക്യത്തെ സാധൂകരിയ്ക്കുന്ന സാഹചര്യമെന്നു ചുരുക്കം. അതുകൊണ്ടു തന്നെ ബംഗാളിലും മറ്റും സംഭവിച്ചതു പോലെ കേരളത്തിലെ സിപിഎമ്മിനും തകര്‍ച്ച സംഭവിക്കുമെന്ന വിലയിരുത്തലുകള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നു പറയേണ്ടി വരും.

representational image: prasoon kiran

പാര്‍ട്ടിയുടെ നേതൃനിരയില്‍ മാത്രമല്ല മന്ത്രിസഭയിലെ പ്രാതിനിധ്യത്തിലും പുതിയൊരു നിരയെ ആനയിക്കുന്ന പ്രക്രിയ നിര്‍ണ്ണായകഘട്ടം പിന്നിട്ടു കഴിഞ്ഞു. പാര്‍ട്ടിയിലെ പല ശ്രേണിയിലും അചഞ്ചലമെന്നു ഇതുവരെ കരുതിയിരുന്ന അധികാര ബ്ലോക്കുകളെയും സമവാക്യങ്ങളെയും പ്രസ്തുത പ്രക്രിയ അലോസരപ്പെടുത്തുന്നതിന്റെ അനുരണനങ്ങള്‍ പലതലങ്ങളിലും ദൃശ്യമാണ്.

ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായ പ്രത്യേക സാഹചര്യങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന സംഘടനയെന്ന നിലയില്‍ കേരളത്തിലെ സിപിഎമ്മും അതിന്റേതായ സവിശേഷതകള്‍ ഉള്‍ക്കൊളളുന്നു. എം വി രാഘവന്‍ മുതല്‍ ഇപ്പോള്‍ ഇ പി ജയരാജനില്‍ വരെ എത്തിനില്‍ക്കുന്ന കഴിഞ്ഞ മൂന്നര ദശാബ്ദക്കാലത്തെ ചരിത്രത്തില്‍ മുടങ്ങാതെ ഉണ്ടായിട്ടുള്ള പടലപിണക്കങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നവരെ സംബന്ധിച്ചിടത്തോളം കേരളത്തിലെ പാര്‍ട്ടിയുടെ സവിശേഷതകള്‍ തിരിച്ചറിയുക അത്ര പ്രയാസമുള്ള കാര്യമല്ല. നേതാക്കളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും, ഈഗോകളും മുതല്‍ സാമ്പത്തികമായ അഴിമതികള്‍ വരെയുള്ളവ പ്രത്യയശാസ്ത്രത്തിന്റെ മുഖംമൂടിയോടെ അതിന്റെ ഭാഗമായി കെട്ടിയാടപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അവയില്‍ കാണാനാവും. കേരളത്തിലെ പാര്‍ട്ടി സംഘടന ഇപ്പോള്‍ ഒരു തലമുറ മാറ്റത്തിന്റെ ഘട്ടത്തിലാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പിണറായി യുഗത്തില്‍ നിന്നുള്ള മാറ്റത്തിന്റെ സമവാക്യങ്ങള്‍ ഏതെല്ലാം രൂപത്തില്‍ അനുഭവപ്പെടുമെന്നു കണ്ടറിയേണ്ചിയിരിക്കുന്നു. പാര്‍ട്ടിയുടെ നേതൃനിരയില്‍ മാത്രമല്ല മന്ത്രിസഭയിലെ പ്രാതിനിധ്യത്തിലും പുതിയൊരു നിരയെ ആനയിക്കുന്ന പ്രക്രിയ നിര്‍ണ്ണായകഘട്ടം പിന്നിട്ടു കഴിഞ്ഞു. പാര്‍ട്ടിയിലെ പല ശ്രേണിയിലും അചഞ്ചലമെന്നു ഇതുവരെ കരുതിയിരുന്ന അധികാര ബ്ലോക്കുകളെയും സമവാക്യങ്ങളെയും പ്രസ്തുത പ്രക്രിയ അലോസരപ്പെടുത്തുന്നതിന്റെ അനുരണനങ്ങള്‍ പലതലങ്ങളിലും ദൃശ്യമാണ്. ഇ പിക്കെതിരായ ആരോപണങ്ങളെ മേല്‍പ്പറഞ്ഞ അലോസരങ്ങളുടെ മറ്റൊരു പതിപ്പായി വിലയിരുത്താനാവുമെന്നു കരുതുന്നവര്‍ നിരവധിയാണ്. സിപിഎമ്മിനുള്ളില്‍ അധികാരത്തിന്റെ പുതിയ ബ്ലോക്കുകളും സമവാക്യങ്ങളും രൂപം കൊള്ളുന്നതിന്റെ മുക്കലും മൂളലുകളായും അതിനെ കാണാവുന്നതാണ്. ഈയൊരു ഘട്ടത്തിലാണ് പാര്‍ട്ടി സെക്രട്ടറി ആയി എംവി ഗോവിന്ദന്‍ എത്തുന്നത്. ദിവസം മുഴുവനും ബ്രേക്കിംഗ് ന്യൂസിനായി പായുന്ന മാധ്യമങ്ങള്‍ സര്‍വ്വവ്യാപിയായ കാലഘട്ടത്തില്‍ അതെല്ലാം അരുതാത്തതെന്തോ നടന്നുവെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്നതിനെ ഒഴിവാക്കാനാവില്ല.

'ഉരുക്കുപോലുറച്ചതെല്ലാം ആവിയായി' പോവുന്നതിനെപ്പറ്റിയുള്ള കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ചരിത്രദര്‍ശനം സ്വന്തം ചരിത്രത്തെ നിര്‍ധാരണം ചെയ്യുന്നതില്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ സാധാരണ പ്രയോഗിക്കാറില്ല. ചരിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ നിര്‍മ്മിക്കുകയും, ഇല്ലാതാവുകയും ചെയ്യുന്ന വാര്‍ത്തകളുടെ ലീലാവേളയുടെ കാലങ്ങളില്‍ മാനിഫെസ്റ്റോയിലെ ദീര്‍ഘവീക്ഷണം ഫോക്കസ്സില്‍ വരുമെന്ന് പ്രതീക്ഷിക്കാനുമാവില്ല. അതിനാല്‍ ഇ പിയുടെ പേരിലുള്ള ആരോപണം അധികം വൈകാതെ മാധ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷമാകുമെങ്കിലും ചരിത്രത്തിന്റെ കാലൊച്ചകള്‍ അതേ വേഗത്തില്‍ ഇല്ലാതാകുമെന്ന പ്രതീക്ഷകള്‍ പുലര്‍ത്തേണ്ടതില്ല. സിപിഎമ്മിന്റെ മാത്രമല്ല മൊത്തം ഇടതുപക്ഷത്തിന്റെ അതിജീവിനത്തിനായി, സാധ്യതകള്‍ക്കായി കാതോര്‍ക്കുന്നവരെ അലോസരപ്പെടുത്തുക ചരിത്രത്തിന്റെ ഈ കാലൊച്ചകളാവും.

Leave a comment