TMJ
searchnav-menu
post-thumbnail

Outlook

ഈ രാജപാതയിൽ പൊട്ടിയൊഴുകിയത് ഭൂമിയുടെ തണ്ണീർക്കുടം

18 May 2022   |   1 min Read
ഡോ: ഇ ഉണ്ണികൃഷ്ണൻ

കാലവർഷം തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ. സമുദ്രന്യൂനമർദ്ദങ്ങൾ സൃഷ്ടിച്ചതെന്ന് കരുതപ്പെടുന്ന അപ്രതീക്ഷിത മഴകൾ ഈ കൊടുംവേനലിൽത്തന്നെ "മഴക്കാലക്കെടുതികൾ" വരുത്തിത്തുടങ്ങിയിരിക്കുന്നു. മഴ കൂടിയാലും തെക്കൻ കേരളത്തിലെ പോലെ വടക്ക് മഴക്കെടുതികൾ വെള്ളപ്പൊക്കമായും ഉരുൾപൊട്ടലായും നാശം വിതക്കുക പൊതുവേ അപൂർവമാണ്. എന്നാൽ ഈ വേനൽ മൂർദ്ധന്യത്തിൽ പെയ്ത ഒന്നുരണ്ടു മഴകൾ തന്നെ ജനസഞ്ചാരവും ഗതാഗതവും അസാധ്യമാകും വിധം നാടിനെ പരുവപ്പെടുത്തിയിരിക്കുകയാണ്. കാസർഗോഡ് ജില്ലയിലെ വീരമലക്കുന്നിന്റെ അടിവാരത്ത് നാഷണൽ ഹൈവേ 64 നിറച്ചൊഴുകിയ ചെളിവെള്ളച്ചാട്ടം കേരളം നേരിടാനിരിക്കുന്ന ദുരന്തത്തിന് മുന്നോടിയെന്നോണം സാമൂഹ്യമാധ്യമങ്ങളിലൂടെ നാം നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ്. പൂർവാശ്രമത്തിൽ എൻഎച്ച് 17 ആയി അറിയപ്പെട്ട ഈ രാജപാത നവീകരിക്കപ്പെടുന്നതിന്റെ ഭാഗമായി ഒട്ടേറെ വൃക്ഷസത്രങ്ങളും നാടിന്റെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള കെട്ടിടം പൊളിക്കലുകളും ഒക്കെ നടന്നു കഴിഞ്ഞിരിക്കുന്നു. ഒട്ടേറെ മല്ലൂരെത്തേവർമാർക്ക് നാട്ടനൂഴേണ്ടിവരികയും തെരുവു ദൈവമായി മാറേണ്ടിവരികയും ചെയ്തിട്ടാണ് പുതിയ പട്ടാമ്പിപ്പാലങ്ങൾ എക്കാലവും പണിയുക. (നല്ല നഷ്ടപരിഹാരം കിട്ടിയിടത്ത് ഇവർ പുതിയ കോൺക്രീറ്റ് കൂരകളിൽ അനുഷ്ഠാന വിശുദ്ധിയോടെ പുനഃപ്രതിഷ്ഠിതരായിട്ടുമുണ്ട്.) പ്രകൃതിയുടെയും വിശ്വാസത്തിന്റെയും ഒക്കെ നഷ്ടക്കണക്കുകൾ വികസനത്തിന് നാം കൊടുത്ത വിലയായി വരവുവെക്കാനാണ് ജനനായകരും ഭരണകൂടവും പറയുക. പക്ഷെ പ്രകൃതിയുടെ നീതി തീർപ്പുകൾക്ക് യാതൊരു ദാക്ഷിണ്യവുമില്ല എന്നാണ് ചങ്ങലക്കിടാനാകാതെ കുതിക്കുന്ന ഇത്തരം വെള്ളക്കുത്തുകളും ജലത്തിന് ബഹിർ മാർഗമടഞ്ഞിടത്ത് ഉണ്ടാകുന്ന അടിയന്തിര പ്രളയങ്ങളും കാണിക്കുന്നത്.

കേരളത്തിലെ വാർഷിക വർഷപാതം ഏറ്റവും കൂടുതലുള്ള ജില്ലകളാണ് കണ്ണൂർ കാസർഗോഡ്. ഇതെഴുതുന്ന ദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരിക്കുന്നത് ചെറുതാഴം പഞ്ചായത്തിലാണ്‌. ഈ മഴപ്പെയ്ത്തിനെ പൊരുളാക്കാനായി സൂക്ഷിച്ചു വെക്കുന്നത് ഇടനാടൻ കുന്നുകളാണ്. കേരളത്തിലെ 41 പശ്ചിമഗാമീ നദികളിൽ 19 എണ്ണവും മാഹി മുതൽ മഞ്ചേശ്വരം വരെയുള്ള അത്യുത്തര കേരളത്തിലായത് കുന്നുയരത്തിൽ പിടിച്ചു നിർത്തപ്പെടുന്ന വെള്ളം കീഴ്പ്പോട്ടൊഴുകിയിട്ടാണ്. പശ്ചിമഘട്ട വനത്തിൽ പേരിന് ഒരു ഉറവ വേരെങ്കിലും ഉള്ളത് ചന്ദ്രഗിരി, കാരിയങ്കോട്, വളപട്ടണം തുടങ്ങി അഞ്ചാറ് പുഴകൾക്ക് മാത്രമാണ്. ഇടനാടൻ ചെങ്കൽ കുന്നുകൾ ആണ് ഇവിടുത്തെ നദികളുടെ ഉത്ഭവസ്ഥാനം. ചെങ്കല്ല് എന്ന അത്ഭുത ഭൂശരീരം കുടിച്ചു വീർത്തുനിന്ന ജലക്കരുത്തിലാണ് ഇന്നാട്ടിലെ പുഴകൾ ഒഴുകിയത്. താങ്ങാനാവാത്ത അധികജലത്തെ അവർ ചരതപൂർവം വയലുകളിലേക്കു തുറന്നു. നാച്ചുറൽ ഫ്ളഡ് റിസർവോയറുകളായി അവ. കൊടും വേനൽക്കാലത്ത് മൂന്നാം വിളവെടുപ്പ് നടത്തിയ കാസർഗോഡൻ "കുളക്ക"ക്കണ്ടങ്ങൾ കുന്നുകൾ സമ്പത്ത് കാലത്ത് സൂക്ഷിച്ചു വെച്ച ഈ കരുതൽ ജലസ്പർശത്താൽ ആർദ്രരായി നില നിന്നവയായിരുന്നു'. വീരമലക്കുന്നിലെയും പള്ളിക്കരയിലെയും പോലെ കുന്ന് വയലിനോട് കിന്നാരം പറയുന്നയിടങ്ങളെല്ലാം പത്തിരുപത് കൊല്ലം മുമ്പുവരെ മൂന്നു വിളക്കണ്ടങ്ങളായിരുന്നു. പഴന്തമിഴ് സംസ്ക്കാരകാലത്തെ പ്രധാന ജനപഥങ്ങൾ ഇവിടങ്ങളായിരുന്നു. മഹാശിലായുഗ സംസ്കൃതിയുടെ ബാക്കി നീക്കുകളായ കൽ ഗുഹകൾ മുഴക്കെ ചിതറിക്കിടക്കുന്നത് ഈ ഇക്കോ കൾച്ചറൽ ലാന്റ് സ്കേപ്പിന്റെ "ഇക്കോ ടോണായ'' വയൽ - കുന്ന് സംഗമ ദേശങ്ങളിലായത് യാദൃച്ഛികമല്ല. ഓരോ കുന്നിടയിലെയും മരുതം തിണകളിൽ നെൽക്കൃഷിയുടെ നിർവഹണത്തിനായി സഹസ്രാബ്ദങ്ങൾ മുമ്പെ മനുഷ്യൻ രൂപപ്പെടുത്തിയ വയൽത്തോടുകളിലെ വെള്ളം കൂടി ചേർന്നിട്ടാണ് നദികൾ തിടം വെച്ചത്. വടക്കൻ നദികളുടെ ഗർഭപാത്രം കുന്നും ഈറ്റുപായ വയലുമാണ്.

തളിപ്പറമ്പ് കുപ്പം പുഴയുടെ കരയിലെ കുന്നിടിക്കല്‍ | Photo: Prasoon Kiran

നാഷണൽ ഹൈവേയുടെ പണിയേറ്റെടുത്തിരിക്കുന്ന ഉത്തരേന്ത്യൻ കോൺട്രാക്റ്റർമാർക്കോ നാട്ടുകാരായ സബ് കോൺട്രാക്ടർ മാർക്കോ പി.ഡബ്ല്യു ഡി എഞ്ചിനീയർമാർക്കോ ഇടനാടൻ ചെങ്കൽ കുന്നുകളുടെ ജല വ്യവസ്ഥയെക്കുറിച്ച് ഒന്നുമറിയില്ലെന്നതും ദുരന്ത ലഘൂകരണത്തിനായി ഒരു ചുക്കും അവർ ചെയ്യുന്നില്ലെന്നതും നാടിന്റെയും നാട്ടുകാരുടെയും മാത്രമല്ല വികസനത്തിന്റെ രാജപാതകൾ സ്വപ്നം കാണുന്നവരുടെയും ദുരന്തമാണ്. തങ്ങളുടെ രാജരഥയാത്രകൾക്കിടയിൽ ഈ ചെളിക്കുളത്തിൽ വണ്ടി തെന്നിനീങ്ങുമ്പോൾ ആരെയൊക്കെയോ തെറിവിളിച്ചുകൊണ്ട് വിദേശത്തെ റോഡുകളുടെ നിർമ്മാണത്തിലെ കൈക്കുറ്റപ്പാടില്ലായ്മയെപ്പറ്റി സഹയാത്രികരോട് ട്രാഫിക് ബ്ലോക്ക് തീരും വരെ മാത്രം ചർച്ച ചെയ്ത്, ചൂഴ്ന്നെടുത്ത പ്രകൃതിയെക്കുറിച്ച് സങ്കടം പറഞ്ഞ് വണ്ടിവിടുന്നവരാണ് ഈ മൂന്നാമത്തെ കൂട്ടർ. പക്ഷെ പ്രളയ ദുരന്തം ആരെയും പ്രത്യേകം തിരഞ്ഞ് പിടിക്കുന്നില്ല.

നല്ല പാതകൾ ആരാണിഷ്ടപ്പെടാത്തത്? തീർച്ചയായും അതിന് മണ്ണും പ്രകൃതിയും ബലിയാകുകയും ചെയ്യും. എന്നാൽ എത്രമാത്രം പ്രകൃതി കാരുണ്യത്തോടെയാണ് നമ്മുടെ രാജപാതകൾ ദശാബ്ദങ്ങൾ മുമ്പ് പണിയപ്പെട്ടത് എന്ന് ഓർക്കണം.' കോൺക്രീറ്റ് പാളി കൊണ്ട് ഇന്റ്ർലോക്ക് ചെയ്ത എംമ്പാങ്മെന്റ് കൊണ്ടല്ല മണ്ണിൽ നിന്നും കൊത്തിയെടുത്തുറപ്പിച്ച പുക്കട്ടയുടെ വേരുറപ്പിലാണ് അവ ഇത്രയും കാലം നിലനിന്നത്. പല നാഷണൽ ഹൈവേകളും പണിതത് സമീപ പ്രദേശങ്ങളിൽ നിന്നും ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചായിരുന്നു. ഓരോ പ്രദേശത്തും അവിടുത്തെ തറനിരപ്പിൽ നിന്ന് ഏറെയൊന്നും ഉയരത്തിലല്ലാതെ പണിത പാതകളുടെ നിർമ്മാണത്തിന് ഇന്നത്തെ പോലെ വിദൂരങ്ങളിൽ നിന്നും കുന്നുകൾ വന്ന് ക്യൂ നിൽക്കേണ്ടി വന്നിട്ടുണ്ടാകില്ല. വടക്കേ ഇന്ത്യയിലൊക്കെ റോഡ് നിർമാണത്തിന് മണ്ണെടുത്ത കുഴികൾ മത്സ്യം പിടിക്കാനുള്ള പൊതു ഇടങ്ങളാണ്. നീലേശ്വരം പുഴയുടെ സമീപത്തുള്ള പഴയ പാത നോക്കിയാലറിയാം ഇരുഭാഗങ്ങളിൽ നിന്നും മനുഷ്യാധ്വാനം കൊണ്ട് മാത്രം കുത്തിപ്പടുത്ത തിണ്ടിന്മേൽ കൂടിയാണ് പാത പോകുന്നത് എന്ന്. ഇരുവശങ്ങളിലും ഇതുണ്ടാക്കുന്ന നീളമുള്ളതും, എന്നാൽ ആഴംകുറഞ്ഞതുമായ കൃത്രിമ തോടുകൾ മത്സ്യങ്ങളുടെയും മറ്റും ഈറ്റില്ലമായ ഒരു സ്വാഭാവിക ആവാസവ്യവസ്ഥയായി മാറിയിട്ടുമുണ്ട്. വടക്കൻ കേരളത്തിലെ നദികൾ പ്രാകൃതികമായും മനുഷ്യ പ്രയത്നത്താലും നൂറ്റാണ്ടുകൾ മുമ്പേ പരസ്പരം ബന്ധിക്കപ്പെട്ടവയാണ്. വേണ്ടത്ര പഠനങ്ങൾക്കു ശേഷം ഇങ്ങനെ ഉണ്ടാകുന്ന മണ്ണെടുപ്പുകുഴികളെ ടൂറിസത്തിനും ചരക്കുനീക്കത്തിനും പ്രയോജനപ്പെടുത്തിയാലും തെറ്റില്ല.

ദേശീയപാത കടന്നുപോകുന്ന കാട്ടാമ്പള്ളി | Photo: Prasoon Kiran

ഇടനാടിന്റെ പടിഞ്ഞാറേക്കര തീരസമതലത്തിലേക്കിറങ്ങുന്നയിടത്തിലൂടെ വളരെ കുറച്ച് മാറ്റിമറിക്കലുകളിലൂടെ പണിത നിലവിലുള്ള പാതയിൽ നിന്നും വ്യത്യസ്തമായി കുന്നുകൾ ഇടിച്ചും തുരന്നും ചതുപ്പുകൾ നികത്തിയും ഒക്കെയാണ് പുതിയ പാത നീളുന്നത്. ഹൈവേയുടെ പുതിയ അലൈൻമെന്റ് പരിശോധിച്ചാൽ അറിയാം ഒരു വയലിൽ നിന്നും ഒരു കുന്നിലേക്ക് എന്ന നിലയിലാണ് അത് പോകുന്നത് എന്ന്. കുന്നിന്റെ ചെലവിൽ ചതുപ്പ് നികത്തൽ കൂടി നടക്കും എന്ന പ്രയുക്ത ബുദ്ധി ഇതിനു പിന്നിലുണ്ട്. പാതയിലെ വളവ് നീർക്കുക എന്നത് പ്രധാനം തന്നെയാണ് . അതിന് പാത ചിലപ്പോൾ കുതറി മാറേണ്ടി വന്നേക്കും. പ്രകൃതിക്ക് ഏറ്റവും കുറച്ച് ആഘാതം മാത്രം വരുത്തുക എന്നതാകണം വിവേകമുള്ള തീരുമാനം . എന്നാൽ പരിസ്ഥിതി ആഘാതങ്ങൾ ഏറ്റവും കുറച്ചു കൊണ്ടുള്ള നിർമ്മാണം അധികൃതരുടെ പരിഗണനയിലേ ഇല്ലാത്ത വിഷയമാണെന്ന് കരവഴിയിലൂടെ ബദൽ മാർഗമുണ്ടായിട്ടും, തൂണിനു മുകളിലൂടെ പാത കൊണ്ടുപോകാമെന്നിരിക്കിലും നാലഞ്ചു കിലോമീറ്റർ ആറ്റുവയൽ മണ്ണിട്ടു മൂടിയ കീഴാറ്റൂർ അനുഭവം തന്നെ കാട്ടിത്തരുന്നുണ്ട് . കെ-റെയിൽ വികസന മന്ത്രമായി ഉരുവിടുമ്പോഴും അതിന്റെ ഭൗതിക ശരീരത്തിൽ കുത്തി ചെലുത്തേണ്ട അതി ഭീമമായ അളവുകളിലുള്ള മണ്ണിനെയും പാറയെയും കുറിച്ച്, അത് നികത്തുന്ന ജനപഥങ്ങളെയും ജലപഥങ്ങളെയും കുറിച്ച് നിർവികാര പരബ്രഹ്മങ്ങളായ ഭരണാധികാരികൾ അത് നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. കേവലം രണ്ടു മഴ പെയ്തപ്പോൾ ഉണ്ടായ വെള്ളക്കെട്ട് സൃഷ്ടിച്ച പ്രശ്നങ്ങളുടെ അനുഭവവെളിച്ചത്തിൽ നാഷണൽ ഹൈവേ നിർമാണത്തിനുപയോഗിക്കുന്ന സകല സാമഗ്രികളും മണ്ണുവീണ് അടഞ്ഞ തോട്ടു മുഖങ്ങൾ തെളിയിച്ചെടുക്കാനും ഇടവപ്പാതിയ്ക്കു മുമ്പേ, മറ്റു തടസ്സങ്ങൾ നീക്കാനും ഉപയോഗിക്കുകയാണ് വേണ്ടത്.

റോഡ് നിർമാണത്തിനായി ഇടിച്ച് ഉലർത്തിയിട്ടതും ഇറക്കി കൂട്ടിയിട്ടതുമായ ചെമ്മണ്ണ് - പല ധാതുക്കളും വിഷാംശങ്ങളും അടങ്ങിയതായിരിക്കും. വയലിലും കിണറിലുമൊക്കെ ഇത് അടിഞ്ഞുകൂടി ഉണ്ടാവുന്ന പ്രശ്നങ്ങൾ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. പാലം പണിക്കായി സാധനങ്ങളെത്തിക്കാൻ മിക്ക പുഴകളിലും കുറുകെ ചെമ്മണ്ണ് കൊണ്ട് റോഡ് ഉണ്ടാക്കിയിട്ടുമുണ്ട്. അമ്ലത കൂടിയതും ഇരുമ്പ് അലൂമിനിയം സംയുക്തങ്ങളടങ്ങിയതുമായ ഈ മണ്ണ് കലർന്നൊഴുകുന്ന പുഴയുടെ ആവാസവ്യവസ്ഥ തകരാറിലാവുമെന്നു മാത്രമല്ല വരും മഴക്കാലത്ത് ഒഴുക്കു തടഞ്ഞ് അപ്രതീക്ഷിത പ്രളയത്തിനും സാധ്യതയുണ്ട്.

വീരര്‍കുന്ന് ഇടിക്കുന്ന ദൃശ്യം | Photo: Prasoon Kiran

കാസർഗോഡ് ജില്ലയിൽ റോഡിനായി കുന്നിടിച്ചത് ഭീബത്സമായ കാഴ്ചയായിരിക്കുന്ന രണ്ടിടങ്ങൾ കാരിയംകോട് പുഴയുടെ തെക്കും വടക്കും കരകളിലുള്ള വീരർകുന്നും മച്ചിക്കുന്നുമാണ്. ചെറുവത്തൂർ -നീലേശ്വരം പ്രദേശത്തെ തീരദേശത്ത് തുടർച്ചയില്ലാതെ കിടക്കുന്ന കുളങ്ങാട്ടുമല പോലെ പല ചെറുകുന്നുകളുമുണ്ട്. നദീ ജാതങ്ങളാണിവ. സഹസ്രാബ്ദങ്ങൾ ഒഴുക്കി അടിയിച്ച മൺകൂനകൾ വേനലും മഴയും കാറ്റുമേറ്റ് മേശപ്പലപോലുള്ള ഉപരിതലത്തിലെ തടപ്പാറകൾ കട്ടി കൂടിയ ചെങ്കല്ലായിട്ടുണ്ടെങ്കിലും കീഴോട്ട് പോകുമ്പോൾ ഇളകിയ ചേടിമണ്ണും പണ്ടെങ്ങോ ഒഴുക്ക് ഭൂഗർഭത്തിൽ അവിടവിടെ പ്രതിഷ്ഠാപിച്ച ഉരുളൻ കല്ലുകളുമാണ്. ചെളിക്കട്ടകളും മരം മണ്ണിൽപ്പെട്ടുണ്ടായ കരിക്കട്ടകളും ചിലയിടത്തുണ്ടാകും. പരപ്പിലും ആന്തരഘടനയിലും മാടായിപ്പാറയോട് സാദൃശ്യമുള്ള പാറത്തടമാണ് വീരർകുന്ന്. മാടായിപ്പാറയെപോലെ തന്നെ പെയ്ത്തു വെള്ളത്തെ വലിച്ചു കുടിച്ച് കീഴ്വയലുകളിലേക്ക് വേനലിൽ പോലും വെള്ളം കിനിക്കുന്ന ജലസ്തൂപമാണ് ഈ കുന്നുകൾ . വേനലിലും വറ്റാത്ത ഇവിടുത്തെ നീരുറവകൾ ദീർഘസഞ്ചാരികൾക്ക് വലിയ ആശ്വാസമായിരുന്നത് പഴയ പാതകാലത്ത് ഈ വഴി പോയവരുടെയൊക്കെ ഓർമയിലുണ്ടാകും. കുന്ന് ഇടിച്ചപ്പോൾ മുലപ്പാൽ ചുരന്നൊഴുകുന്നതു പോലെ ജലസിര പൊട്ടി വെള്ളം തളം കെട്ടിനിന്നതിന്റെ ചിത്രങ്ങൾ സഞ്ചാരികൾ പകർത്തി കൗതുകക്കാഴ്ചയായി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ആ ജലഗർഭമാണ് പാതി ചെത്തിയെടുത്ത കുന്നിന്റെ ജരായുവിൽ നിന്ന് തണ്ണീർക്കുടം പോലെ പൊട്ടിയൊഴുകിയിരിക്കുന്നത്.


 

 

 

 

 

 

 

Leave a comment