TMJ
searchnav-menu
post-thumbnail

Outlook

രാജ്യാതിർത്തി മാറുന്ന അത്ഭുത ദ്വീപ്    

17 Nov 2022   |   1 min Read
അനിറ്റ് ജോസഫ്‌

PHOTO : WIKI COMMONS

 

ഫ്രാൻസിന്റെയും സ്‌പെയ്‌നിന്റെയും അതിർത്തി പങ്കിടുന്ന ഫെസന്റ് ഐലന്റ്. ആ ദ്വീപിൽ താമസക്കാർ ആരുമില്ല. തീർത്തും വിജനമായ അവിടേയ്ക്ക് സഞ്ചാരികളെയും ഇരു രാജ്യങ്ങളും അനുവദിക്കില്ല. എന്നാൽ, ആ ദ്വീപിലെ സമയവും അതിർത്തിയും ഓരോ ആറ് മാസക്കാലവും മാറിക്കൊണ്ടേയിരിക്കും. എതിർപ്പുകൾ ഒന്നും തന്നെയുണ്ടാകുകയുമില്ല. ഇരു രാജ്യങ്ങളുടെയും സമ്മതപ്രകാരം ഭരണാവകാശം നിലനിർത്തുന്ന മേഖലയെന്നതാണ് ഈ ദ്വീപിനെ വ്യത്യസ്തമാക്കുന്നത്. ആറ് മാസക്കാലം സ്‌പെയ്‌നിന്റെ അതിർത്തിയായിരിക്കുന്ന ദ്വീപ് പിന്നീടുള്ള ആറ് മാസം ഫ്രഞ്ച് അതിർത്തിയായി മാറുന്നതായിരിക്കും. സഞ്ചാരികൾക്ക് പ്രവേശനമില്ലാത്തതിനാൽ, വർഷത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് അതിഥികൾക്ക് മാത്രമാകും ദ്വീപിലേയ്ക്ക് പ്രവേശനം ലഭിക്കുക. അതും അതിർത്തികൾ ഇരു രാജ്യങ്ങളും കൈമാറുന്ന സമയത്തെ പ്രത്യേക ചടങ്ങിൽ പങ്കെടുക്കാൻ മാത്രം. ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട മിലിട്ടറി ഓഫീസർമാർ ദ്വീപിലെത്തി പതാക മാറ്റി സ്ഥാപിച്ചുകൊണ്ട് അധികാരം ഏറ്റെടുക്കുകയാണ് പതിവ്. രണ്ട് രാജ്യങ്ങൾ അതിർത്തികൾ പങ്കിടുന്നതാണെങ്കിലും ദീർഘ വൃത്താകൃതിയിലുള്ള 2000 സ്‌ക്വയർ മീറ്റർ മാത്രമാണ് ദ്വീപിന്റെ വലുപ്പം. സ്‌പെയിൻ പട്ടണമായ ഇറോണിന്റെയും ഫ്രാൻസിലെ ഒണ്ടെയ് പട്ടണത്തിന്റെയും ഇടയിലൂടെ ഒഴുകുന്ന ബിഡസോവ നദിയുടെ മധ്യത്തിലായാണ് ദ്വീപിന്റെ സ്ഥാനം. 350 വർഷത്തിലേറെയായി വർഷത്തിൽ രണ്ട് തവണ വീതം ദേശീയത മാറ്റിക്കൊണ്ടിരിക്കുകയാണ് ഫെസന്റ് ഐലന്റ്.

 

ചരിത്രമായി ഫെസന്റ് ഐലന്റ്  

 

ഫ്രാൻസും സ്‌പെയിനും തമ്മിൽ നീണ്ട 30 വർഷത്തെ യുദ്ധത്തിന്റെ കാലം. ഏറെ നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ച യുദ്ധം ഒടുവിൽ 1648 ൽ വെടിനിർത്തലിനു തീരുമാനിക്കുകയും സമാധാന ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ബിഡസോവ നദിക്ക് കുറുകെ അതിർത്തി സ്ഥാപിച്ച് ഫെസന്റ് ദ്വീപ് രണ്ടായി മുറിച്ചുകൊണ്ടു ഇരു രാജ്യങ്ങളും അതിർത്തി പങ്കിടുമെന്ന ധാരണയായിരുന്നു ആദ്യം സ്വീകരിച്ചത്. എന്നാൽ 24 സന്ധിസംഭാഷണങ്ങൾ നടത്തിയതിനു ശേഷം 1659 ൽ 'പിറനീസ്' സമാധാന ഉടമ്പടിയിലൂടെ ഫെസന്റ് ഐലന്റ് ആറ് മാസക്കാലം വീതം ഇരു രാജ്യങ്ങളുടെയും കൈവശം വെക്കാൻ ധാരണയായി. പിറനീസ് ഉടമ്പടിയുടെ ഓർമ്മയ്ക്കായി ദ്വീപിൽ ഒരു സ്മാരകവും സ്ഥാപിച്ചു. തുടർന്ന് ഈ ഉടമ്പടിയെ മാനിച്ചുകൊണ്ട് ഒരു രാജകീയ വിവാഹവും ദ്വീപിൽ വച്ച് നടത്തുകയുണ്ടായി. 1660 ൽ ഫ്രഞ്ച് രാജാവ് ലൂയി പതിനാലാമനും സ്‌പെയിൻ രാജാവ് ഫിലിപ്പ് നാലാമന്റെ മകൾ മരിയ തെരേസയും ദ്വീപിൽ വച്ച് വിവാഹിതരായി. ഫിലിപ്പ് രാജാവിന്റെ കൊട്ടാരം ചിത്രകാരൻ ഡീഗോ വെലാസ്‌ക്വസ്, ലാസ് മെനിനാസ് എന്നിവർ ചേർന്ന് വരച്ച മാർഗരറ്റ് തെരേസ വിവാഹ വസ്ത്രത്തിൽ തന്റെ പരിചാരകരോടൊപ്പം നിൽക്കുന്ന ചിത്രം ചരിത്രത്തിന്റെ ഭാഗമായി മാറി. പിന്നീട് വളരെക്കാലം ഇരു രാജ്യങ്ങളുടെയും രാജകുടുംബങ്ങൾ തമ്മിലുള്ള വിവാഹം നിശ്ചയിച്ചാൽ വിവാഹ വേദിയായി പരിഗണിച്ചിരുന്നത് ഫെസന്റ് ഐലന്റായിരുന്നു.

 

ഫെസന്റ് ഐലന്റ്  | photo: wki commons

 

സമാധാനത്തിന്റെ പ്രതീകമെന്ന നിലയിൽ ഫെസന്റ് ദ്വീപിൽ എല്ലാ വർഷവും ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെ സ്‌പെയിൻ അധികാരം ഏറ്റെടുക്കും. പിന്നീടുള്ള ആറ് മാസക്കാലം ഫ്രാൻസിന്റെ ഔദ്യോഗിക ഭാഗമാകും. ലോകത്തിലെ ഏറ്റവും ചെറിയ കോണ്ടോമിനിയം സ്റ്റേറ്റ് എന്ന പേരിൽ അറിയപ്പെടുന്നതും ഫെസന്റ് ദ്വീപാണ്.  

 

കോണ്ടോമിനിയം സ്‌റ്റേറ്റ്

 

ഒന്നിൽക്കൂടുതൽ രാജ്യങ്ങൾക്ക് ഒരേ രീതിയിൽ അധികാരമുള്ള പ്രദേശങ്ങളെ കോണ്ടോമിനിയം സ്‌റ്റേറ്റ് എന്നാണ് വിശേഷിപ്പിക്കുക. രാജ്യങ്ങൾ തമ്മിലുള്ള പൊതു അതിർത്തികളായും ഒന്നിച്ചുള്ള പഠനങ്ങൾ ലക്ഷ്യമിട്ടുകൊണ്ടും ചെറിയ പ്രദേശങ്ങളുടെ അധികാരം ഒരേ രീതിയിൽ പങ്കുവെച്ചെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പല കാലഘട്ടങ്ങളിലായി നിരവധി പ്രദേശങ്ങളുടെ അധികാര പരിധികൾ തുല്യമായി പങ്കുവെച്ചിരുന്നു. പിന്നീട് അവയിൽ മാറ്റങ്ങളും വന്നു. നിലവിൽ ലോകത്താകെ കുറഞ്ഞത് എട്ട് പ്രദേശങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചരിത്ര രേഖകളുടെ സഹായത്തോടെ നിലവിൽ ഏറ്റവും പഴക്കമേറിയ പ്രദേശം ഫെസന്റ് ഐലന്റ് തന്നെയാണ്.

 

ആസ്ട്രിയ, ജർമനി, സ്വിറ്റ്‌സർലന്റ് എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന കോൺസ്റ്റൻസ് നദി മറ്റൊരു ഉദാഹരണമാണ്. മൂന്ന് രാജ്യങ്ങളും നദിയുടെ തീരങ്ങളിൽ തങ്ങളുടെ അതിർത്തികൾ അടയാളപ്പെടുത്തുന്നുണ്ടെങ്കിലും നദിക്ക് മേലുള്ള തങ്ങളുടെ അവകാശം തുല്യമായിരിക്കുമെന്നും അംഗീകരിക്കുകയാണ്. കൊളംമ്പിയ- ജമൈക്ക കടലിൽ പങ്കിടുന്ന പ്രദേശം, സുഡാനും സൗത്ത് സുഡാനും അതിർത്തി പങ്കിടുന്ന 'അബ്‌യെ' എന്നിവയും കൊണ്ടോമിനിയം സ്‌റ്റേറ്റ് എന്ന പ്രത്യേകത പങ്കിടുന്നു. ജർമനിയുടെയും ലക്‌സംബർഗിന്റെയും അതിർത്തിയിലൂടെ ഒഴുകുന്ന മൊസെല്ലെ നദി, ബ്രസീൽ, പരാഗ്വെ അതിർത്തിയിലൂടെയുള്ള പരാന നദി ഹോണ്ടുറാസ്, എൽ- സാൽവദോർ, നിക്കരാഗ്വാ രാജ്യങ്ങളുടെ ഇടയിലുള്ള ഗൾഫ് ഔഫ് ഫൊൺസേക്ക, എന്നിവയുടെ അധികാരം തുല്യമായി പങ്കുവയ്ക്കപ്പെട്ടിരിക്കുന്നതാണ്. ഏകദേശം 75,000 ആളുകൾ മൂന്നു രാജ്യങ്ങളിലുമായി ഫൊൺസേക്ക ഉൾക്കടലിന്റെ തീരങ്ങളിൽ താമസിക്കുന്നുണ്ട്. അവരുടെ ജീവനമാർഗം ഉൾക്കടലിനെ ആശ്രയിച്ചായയതിനാൽ തീർത്തും സമാധാനപരമായി എന്നാൽ അധികാരം നഷ്ടപ്പെടാത്ത രീതിയിൽ പ്രദേശങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്ന രീതിയാണ് രാജ്യങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. 1992 ൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഈ പ്രദേശത്തെ കോണ്ടോമിനിയം ആയി പരിഗണിക്കുകയും ചെയ്തു. 29 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അന്റാർട്ടിക്ക മേഖലയിൽ പഠനങ്ങൾ നടത്തപ്പെടുന്നതും ഇത്തരത്തിൽ കണക്കാക്കപ്പെടുന്നു. 12 രാജ്യങ്ങളുടെ സഹകരണത്തോടെ തുടങ്ങിയ ഈ പദ്ധതിയാണ് ഇപ്പോൾ ഏറ്റവും വലിയ കോണ്ടോമിനിയം സ്‌റ്റേറ്റായി തുടരുന്നത്.  

 

2001 ൽ ഇംഗ്ലീഷ് അധീനതയിലുളള ജിബ്രാൾട്ടറിൽ സ്‌പെയ്‌നിന്റെകൂടി ഭരണം ഏർപ്പെടുത്താൻ ബ്രിട്ടീഷ് ഗവൺമെന്റ് ശ്രമിച്ചിരുന്നു. എന്നാൽ അവിടുത്തെ ജനങ്ങൾ ആ തീരുമാനത്തിനെതിരായി വോട്ട് ചെയ്തതു മൂലം തീരുമാനം തുടക്കത്തിലെ ഉപേക്ഷിച്ചു.

 

മുടങ്ങിപ്പോയ ഉടമ്പടികൾ

 

ഉടമ്പടിയിലേർപ്പെടുന്ന രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ ഇത്തരം പ്രദേശങ്ങളുടെ നിലനിൽപ്പ് സാധ്യമാകൂ. അത്തരത്തിൽ മുടങ്ങിപ്പോയതും രാജ്യങ്ങൾ തിരിച്ചെടുത്തതുമായ നിരവധി സംഭവങ്ങൾ ചരിത്രത്തിലുണ്ടായിട്ടുണ്ട്. 1876-1882 കാലഘട്ടത്തിൽ ഈജിപ്ത് ഫ്രാൻസിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും കീഴിലായിരുന്നു. സമോവൻ ദ്വീപുകളുടെ നിയന്ത്രണം ജർമനി, ബ്രിട്ടൻ, അമേരിക്ക എന്നീ മൂന്ന് രാജ്യങ്ങൾ ഏറ്റെടുത്തപ്പോൾ, രണ്ടാം ലോക മഹായുദ്ധ കാലത്ത്, 1941 മുതൽ 1943 വരെ ക്രോയേഷ്യ അന്നത്തെ ജർമനിയുടെയും ഇറ്റലിയുടെയും അധികാര പരിധിയിലായിരുന്നു. പിന്നീട് ഈ പ്രദേശങ്ങളെല്ലാം സ്വതന്ത്ര രാഷ്ട്രങ്ങളായി മാറി. അതുപോലെ ഇന്ന് കോണ്ടോമിനിയം ആയി പരിഗണിക്കുന്ന പ്രദേശങ്ങളിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടായേക്കാം.  

 

2001 ൽ ഇംഗ്ലീഷ് അധീനതയിലുളള ജിബ്രാൾട്ടറിൽ സ്‌പെയ്‌നിന്റെകൂടി ഭരണം ഏർപ്പെടുത്താൻ ബ്രിട്ടീഷ് ഗവൺമെന്റ് ശ്രമിച്ചിരുന്നു. എന്നാൽ അവിടുത്തെ ജനങ്ങൾ ആ തീരുമാനത്തിനെതിരായി വോട്ട് ചെയ്തതു മൂലം തീരുമാനം തുടക്കത്തിലെ ഉപേക്ഷിച്ചു. സമാനമായി 2012 ൽ കാനഡ-ഡെൻമാർക്ക് ഭരണകൂടം ഹാൻസ് ഐലന്റിന്റെ നിയന്ത്രണം സംയോജിതമായി ഏറ്റെടുക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും ചർച്ചകൾ വിജയിച്ചില്ല. ദ്വീപിനെ ഭാഗികമായി വീതിച്ചുകൊണ്ടുള്ള ഭരണം നടത്താമെന്ന തീരുമാനത്തിൽ എത്തിച്ചേർന്നെങ്കിലും അന്തിമ തീരുമാനത്തിലെത്തിയില്ല.

 

 

 

 

 

 

 

 

Leave a comment