മാന്ദ്യത്തിലേക്കു നീങ്ങുന്ന സാമ്പത്തിക രംഗം
ആഗോള സാമ്പത്തിക രംഗം 1970 കളിലെ പ്രതിസന്ധിക്ക് സമാനമായ അവസ്ഥയിലാണെന്ന ലോക ബാങ്കിന്റെ വിലയിരുത്തല്‍ അധികമാരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഈ നിഗമനം മുന്നോട്ടു വയ്ക്കുന്ന ലോക ബാങ്കിന്റെ ആഗോള സാമ്പത്തിക സാധ്യതകള്‍ 2022 (ഗ്ലോബല്‍ എക്കണോമിക് പ്രോസ്പെക്റ്റ്‌സ്) എന്ന റിപ്പോര്‍ട്ട് പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞുവെങ്കിലും സ്ഥിരം വിശകലന വിദഗ്ധര്‍ പൊതുവെ മൗനത്തിലാണെന്നു തോന്നുന്നു. ആഗോള വളര്‍ച്ചയെക്കുറിച്ചുള്ള അനുമാനം 2022 ല്‍ നേരത്തെ പ്രതീക്ഷിച്ച 5.7 ശതമാനത്തില്‍ നിന്നും 2.9 ശതമാനമായി വെട്ടിക്കുറച്ചതാണ് റിപ്പോര്‍ട്ടിലെ സുപ്രധാന വിവരം. മാന്ദ്യത്തില്‍ നിന്നും കരകയറുന്ന സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള അനുമാനത്തില്‍ ഇത്രയും ഗണ്യമായ നിലയിലുള്ള വെട്ടിക്കുറയ്ക്കല്‍ കഴിഞ്ഞ 80 വര്‍ഷത്തില്‍ ഇതാദ്യമാണെന്ന് ധനശാസ്ത്രജ്ഞനും, എഴുത്തുകാരനുമായ ആദം ടൂസ് (Adam Tooze) വിലയിരുത്തുന്നു. വളര്‍ച്ചയുടെ നിരക്ക് പകുതിയോളം കുറച്ചതിനൊപ്പം പ്രധാനമാണ് 70 കളുമായുളള താരതമ്യവും. പണപ്പെരുപ്പം, കടക്കെണി, ഉല്‍പ്പന്ന വിലകളിലെ കയറ്റം തുടങ്ങിയ സമീപകാല നിഷേധ പ്രവണതകള്‍ക്കൊപ്പം സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന ഘടനാപരമായ പ്രതിസന്ധികളെ പറ്റിയുള്ള വര്‍ത്തമാനങ്ങള്‍ ഈ താരതമ്യത്തില്‍ കാണാനാവും. സാമ്പത്തിക ശാസ്ത്രത്തിന്റെ സങ്കീര്‍ണമായ സാങ്കേതിക പദാവലികളുടെ പുറന്തോടു പൊട്ടിച്ച് മനസ്സിലാക്കിയെടുക്കണമെന്നു മാത്രം. ലോകബാങ്കിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ പ്രധാനമായും മൂന്നു കാര്യങ്ങളിലാണ് 70 കളുമായി സമാനതകള്‍ കാണാനാവുക. സപ്ലൈ ഷോക്ക്‌സും ഉയരുന്ന നാണയപ്പെരുത്തിന്റെ സമ്മര്‍ദ്ദവും ഒരു പ്രധാന കുരുക്കായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആവശ്യമുള്ള സാധനം ആവശ്യമുള്ള നേരത്ത് ലഭ്യമല്ലെന്ന സ്ഥിതിയെ സപ്ലൈ ഷോക്കായി കണക്കാക്കാം. ഏതാണ്ട് ഒരു കൊല്ലത്തിലധികമായി നീളുന്ന ഇല്കട്രോണിക് ചിപ്പുകളുടെ ക്ഷാമം ലക്ഷണമൊത്ത സപ്ലൈ ഷോക്കായി കരുതാവുന്നതാണ്. സപ്ലൈ ഷോക്കും നാണയപ്പെരുപ്പവും സമീപകാലത്ത് പ്രത്യക്ഷപ്പെട്ടവയാണെങ്കില്‍ ഉദാര ധനനയം എന്നൊരു കടമ്പ വേറെയുണ്ട്. അതായത് ഏതാണ്ട് പൂജ്യം പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമായിരുന്ന അവസ്ഥ. സര്‍ക്കാരുകള്‍ കൂടുതല്‍ മുതല്‍ മുടക്കുന്ന സമീപകാല പ്രവണതയും കൂടിയാവുമ്പോള്‍ മൂന്നു കുരുക്കുകളും മുറുകുന്ന അവസ്ഥയിലായി. വളര്‍ച്ച സാധ്യതകളില്‍ 1970 കളില്‍ പ്രതീക്ഷിക്കാതിരുന്ന മുരടിപ്പിന്റെ പ്രതിധ്വനി ഇപ്പോഴത്തെ അവസ്ഥയിലും കേള്‍ക്കാവുന്നതാണെന്ന് ചുരുക്കം. മുരടിപ്പും, നാണയപ്പെരുപ്പവും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്ന സ്റ്റാഗ്ഫ്‌ളേഷന്‍ (stagflation) എന്ന അവസ്ഥ (1970 ലെ സ്ഥിതി) ആഗോള സാമ്പത്തിക മേഖലയെ ഗ്രസിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നു ചുരുക്കം.
2022 ലെ സ്ഥിതിയില്‍ നിന്നും 2023 ലും സാമ്പത്തികമായി മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച കാര്യമായ പുരോഗതി കൈവരിക്കുവാനുള്ള സാധ്യതകള്‍ ലോക ബാങ്ക് വിഭാവന ചെയ്യുന്നില്ല. 2021 ലെ 5.1 ശതമാനത്തില്‍ നിന്നും വളര്‍ച്ച 2022 ല്‍ 2.6 ശതമാനത്തിലെത്തുമെന്ന വിലയിരുത്തല്‍ 2023 ലെത്തുമ്പോള്‍ കൂടുതല്‍ പരിതാപകരമാവുന്ന സ്ഥിതിയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ 2023 ലെ വളര്‍ച്ച 2.2 ശതമാനം എന്നാണ് അനുമാനം. ഉയര്‍ന്നു വരുന്ന (എമേര്‍ജിംഗ് മാര്‍ക്കറ്റ്) രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും കാര്യത്തിലും വളര്‍ച്ചയുടെ നിരക്ക് ഗണ്യമായ നിലയില്‍ ഉയരുമെന്നു കരുതുന്നില്ല. 2021 ലെ 6.6 ശതമാനത്തില്‍ നിന്നും ഈ രാജ്യങ്ങളുടെ വളര്‍ച്ച 2022 ല്‍ 3.4 ശതമാനത്തിലേക്കു താഴുമെന്നാണ് ബാങ്കിന്റെ അനുമാനം. 2011-19 ലെ ശരാശരി വളര്‍ച്ചയായ 4.8 ശതമാനത്തില്‍ നിന്നും ഒരു ശതമാനത്തിലധികം കുറവാണ് 2022 ലെ വളര്‍ച്ചയുടെ സ്ഥിതി.
സാമ്പത്തികമായി ഉയര്‍ന്നു വരുന്ന രാജ്യങ്ങളും, വികസ്വര രാജ്യങ്ങളും നേരിടാനിടയുളള ആപത്തിനെ പറ്റിയും വ്യാകുലതകള്‍ ഏറെയാണ്. നാണയപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനായി ഉദാര ധനനയം ഉപേക്ഷിച്ച് പലിശനിരക്ക് ഉയര്‍ത്തുന്ന രീതി അമേരിക്ക ആരംഭിച്ചതോടെ ഡോളര്‍ കരുത്ത് നേടുന്ന പ്രവണത ശക്തമായി. ഇതോടെ ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിലെ വിപണികളില്‍ നിന്നും നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്ന അവസ്ഥ സംജാതമായി. ഈ പ്രവണത കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന പക്ഷം 1980 കളിലെ വായ്പ പ്രതിസന്ധിക്ക് സമാനമായ സാഹചര്യം മൂന്നാം ലോകരാജ്യങ്ങള്‍ അഭിമുഖീകരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 1980 കളിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശ നിക്ഷേപത്തിന്റെ തോതും ആഴവും ഇപ്പോള്‍
വളരെയധികമാണെന്ന കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഓഹരി, കടപ്പത്രം, മറ്റുള്ള ആസ്തികള്‍ എന്നീ മേഖലകളില്‍ നിന്നുമായി 2022 മെയ് മാസത്തിന്റെ തുടക്കം വരെ ഒന്നരലക്ഷം കോടി രൂപയുടെ നിക്ഷേപം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പിന്‍വലിക്കുകയുണ്ടായി. ഉയര്‍ന്നു വരുന്ന (എമേര്‍ജിംഗ് മാര്‍ക്കറ്റ്) രാജ്യങ്ങളില്‍ നിന്നും പുറത്തേക്ക് പണം ഒഴുകുന്നതിന്റെ കണക്കുകളും ഇപ്പോള്‍ ലഭ്യമാണ്. 2022 മാര്‍ച്ചില്‍ 9.8 ബില്യണ്‍ ഡോളറിന്റെ പോര്‍ട്ടിഫോളിയോ നിക്ഷേപങ്ങള്‍ ഈ രാജ്യങ്ങളില്‍ നിന്നും പുറത്തേക്ക് ഒഴുകിയതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ അംഗവും ചെന്നൈ ഐഐടിയിലെ ധനശാസ്ത്ര പ്രൊഫസറായ എം സുരേഷ് ബാബു വെളിപ്പെടുത്തുന്നു. അതില്‍ 6.7 ബില്യണ്‍ ഡോളര്‍ ഓഹരി നിക്ഷേപങ്ങളും, 3.1 ബില്യണ്‍ കടപ്പത്ര നിക്ഷേപങ്ങളുമായിരുന്നു. വികസ്വര രാജ്യങ്ങളില്‍ നിന്നുമുളള മൂലധനത്തിന്റെ ഈ തിരിച്ചൊഴുകല്‍ സ്വന്തം കറന്‍സിയുടെ മൂല്യശോഷണത്തിനും, വളര്‍ച്ചയുടെ മേഖലയില്‍ ഏറ്റിറക്കങ്ങള്‍ക്കും കാരണമാകുമെന്നും അദ്ദേഹം വിശദീകരിയ്ക്കുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം ഇപ്പോഴത്തെ സ്ഥിതിഗതികളെ കൂടുതല്‍ രൂക്ഷമാക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വരുന്ന ഉയര്‍ച്ചയും, ലഭ്യതയിലെ അസ്ഥിരതയും സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെ കൂടുതല്‍ രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമരാനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല.