TMJ
searchnav-menu
post-thumbnail

Outlook

സവാഹിരി കൊല: അമേരിക്ക നേടിയതും പ്രതീക്ഷിക്കുന്നതും

03 Aug 2022   |   1 min Read
അനിറ്റ് ജോസഫ്‌

യ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടത് തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ മറ്റൊരു നാഴികക്കല്ലായി അവകാശപ്പെടുമ്പോഴും അമേരിക്ക കനത്ത ജാഗ്രതയിലാണ്. അല്‍ഖ്വയ്ദ തലവന്റെ കൊലയ്ക്ക് പകരം വീട്ടലുണ്ടായേക്കും, ശ്രദ്ധിക്കണമെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള പൗരര്‍ക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി. പ്രവാസികളായി മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന അമേരിക്കക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അല്‍ ഖ്വയ്ദയെ പിന്തുണക്കുന്ന വ്യക്തികളെയും മറ്റ് തീവ്രവാദ സംഘടനകളെയും ഇപ്പോഴത്തെ സാഹചര്യം പ്രകോപിപ്പിച്ചേക്കാമെന്നുമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ വിലയിരുത്തല്‍.

തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ ശ്രദ്ധേയമായ വിജയമായാണ് അമേരിക്ക സവാഹിരിയുടെ കൊലയെ വിലയിരുത്തുന്നത്. ഏറ്റവും സുരക്ഷിതമെന്ന് സവാഹിരിയും അല്‍ ഖ്വയ്ദയും കരുതിയിരുന്ന കാബൂളിലെ വസതിയില്‍ വെച്ച് തന്നെ സവാഹിരിയെ വകവരുത്താനായത് അമേരിക്കന്‍ സേനാ വൃത്തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. ജൂലൈ 31 ന് പുലര്‍ച്ചെ പ്രഭാത പ്രാര്‍ഥനയ്ക്കു ശേഷം പതിവ് പോലെ തന്റെ ബാല്‍ക്കണിയില്‍ നില്‍ക്കവെയാണ് അയ്മന്‍ അല്‍ സവാഹിരിക്ക് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ബാല്‍ക്കണിയ്ക്ക് നേരെ പ്രയോഗിക്കപ്പെട്ട രണ്ട് മിസൈലുകളേറ്റ് എഴുപത്തൊന്നുകാരനായ സവാഹരി തല്‍ക്ഷണം മരണമടയുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകള്‍ക്കും ഒരു പരിക്ക് പോലുമേറ്റില്ല.

അഞ്ച് അടി നീളവും 47 കിലോ മാത്രം ഭാരവും ഉള്ള, കൂടുതല്‍ കൃത്യതയാര്‍ന്ന വെല്‍ഫയര്‍ ആര്‍ 9 എക്‌സ് എന്ന പ്രത്യേക മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. അയ്മന്‍ അല്‍ സവാഹരിയുടെ നീക്കങ്ങള്‍ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം, പ്രാര്‍ഥനയ്ക്ക് ശേഷം ബാല്‍ക്കണിയിലെ പതിവ് നില്‍പ്പിലാണ് ഡ്രോണുകളില്‍ നിന്ന് ഈ മിസൈലുകള്‍ വിക്ഷേപിച്ച് അമേരിക്ക കൊല നടപ്പാക്കിയത്. മറ്റാര്‍ക്കും പരിക്ക് ഏല്‍പ്പിക്കാതെ, സവാഹിരിയെ മാത്രം ലക്ഷ്യമാക്കി, വിജയകരമായി നടപ്പാക്കിയ ഡ്രോണ്‍ ഓപ്പറേഷനിലെ കൃത്യത സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്ത് വിടുന്നുണ്ട്. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ പല രാജ്യങ്ങളിലും സിവിലിയന്മാര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റിട്ടുളള അമേരിക്ക സവാഹരി ഓപ്പറേഷനെ ഈ നിലയ്ക്ക് കൂടെ സവിശേഷതയുള്ളതായാണ് കാണുന്നത്. 2021 ഓഗസ്റ്റില്‍ യു എസ് സൈനികരും നയതന്ത്രഞ്ജരും രാജ്യം വിട്ട ശേഷം അഫ്ഗാനില്‍ നടക്കുന്ന ആദ്യത്തെ ഡ്രോണ്‍ ആക്രമണമാണ് ഇത്. സൈനിക സാന്നിധ്യം നിലനിര്‍ത്താതെ തന്നെ അഫ്ഗാനില്‍ നിന്നുള്ള ഭീഷണികളെ നേരിടാന്‍ അമേരിക്കയ്ക്ക് സാധിക്കും എന്ന ആത്മവിശ്വാസവും വാഷിങ്ങ്ടണിന് ഇതിലൂടെ ഉണ്ടായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ വെച്ച് യുദ്ധം ചെയ്യാതെ തന്നെ തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ കഴിയുമെന്നതിന്റെ തെളിവാണ് ഓപ്പറേഷന്റെ വിജയമെന്നാണ് മുൻ പ്രസിഡന്റ് ബരാക് ഒബാമ ഒബാമ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞത്. 'അത് 9/11 ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അൽ ഖ്വയ്ദയുടെ കൈകളാൽ ദുരിതമനുഭവിക്കുന്ന മറ്റെല്ലാവർക്കും ആശ്വാസം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

2011ല്‍ ഒസാമ ബിന്‍ ലാദനെ വധിച്ച ശേഷമുള്ള ഏറ്റവും പ്രധാന വിജയം എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അവകാശപ്പെട്ടത്. എത്ര കാലമെടുത്താലും എവിടെ ഒളിച്ചാലും തീവ്രവാദിനേതാക്കളെ കണ്ടെത്തി പുറത്ത് കൊണ്ട് വരും എന്നും, സവാഹിരിയുടെ കൊല അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനശേഷിയെ കാര്യമായി തന്നെ ബാധിക്കുമെന്ന പ്രതീക്ഷയും അമേരിക്കന്‍ നേതൃത്വത്തിനുണ്ട്.

ഒസാമ ബിൻ ലാദനും അയ്മൻ അൽ സവാഹിരിയും | photo: wiki commons

ലാദന്റെ പ്രധാന സംഘാടകനും യുദ്ധ വിദഗ്ദ്ധനുമായി വർഷങ്ങളോളം സവാഹിരി അൽ ഖ്വയ്ദയുടെ നേതാവായി സ്ഥാനത്ത് തുടർന്നിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിനേറ്റ മങ്ങലും എതിരാളികളായ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നുള്ള മത്സരവും പാശ്ചാത്യ രാജ്യങ്ങളിൽ ആക്രമണങ്ങൾക്ക് ഏകോപനം നൽകാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ തളർത്തി. സമീപ വർഷങ്ങളിൽ നിരവധി തവണ സവാഹിരിയുടെ മരണത്തെക്കുറിച്ച് കിംവദന്തികൾ പുറത്തുവന്നിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നുവെന്ന് വളരെക്കാലമായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
2021 ഓഗസ്റ്റിൽ കാബൂൾ ഏറ്റെടുത്തതിനെത്തുടർന്ന് സവാഹിരിക്ക് താലിബാനിൽ അഭയം ലഭിച്ചോ എന്ന ചോദ്യവും അദ്ദേഹത്തിന്റെ മരണം ഉയർത്തുന്നു. നഗരത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് മുതിർന്ന താലിബാൻ ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നെന്നും അൽ ഖ്വയ്ദ പോരാളികളെ രാജ്യത്ത് പുനഃസ്ഥാപിക്കാൻ അനുവദിക്കില്ലെന്ന കരാർ താലിബാൻ പാലിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

'ഭീകരർക്ക് താവളമൊരുക്കില്ലെന്ന് ലോകത്തിന് ഉറപ്പ് നൽകിയിരുന്നു, ഇതിന് ശേഷം ഇപ്പോൾ കാബൂളിലെ അൽ-സവാഹിരിയുടെ സാന്നിധ്യം ലോകശ്രദ്ധയിലെത്തിയല്ലോ, ഇതിന് താലിബാൻ ഉത്തരം നൽകേണ്ടി വരും". ഇന്റലിജൻസ് ഹൗസ് പെർമനന്റ് സെലക്ട് കമ്മിറ്റി ചെയർമാൻ ആദം ഷിഫ് പ്രസ്താവനയിൽ പറഞ്ഞു.സവാഹിരിക്ക് ആതിഥ്യമരുളുകയും അഭയം നൽകുകയും ചെയ്തുകൊണ്ട് താലിബാൻ ഇരുവിഭാഗങ്ങളും തമ്മിലുള്ള ദോഹ ഉടമ്പടി ലംഘിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും ആരോപിച്ചു.

നിരന്തരമായ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഫലമാണ് സവാഹിരിയെ കണ്ടെത്തുന്നതിന് സഹായിച്ചതെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം സവാഹിരിയുടെ ഭാര്യയും മകളും അവരുടെ മക്കളും കാബൂളിലെ ഒരു സുരക്ഷിത ഭവനത്തിലേക്ക് മാറിയതായി അമേരിക്ക കണ്ടെത്തിയതിനെ തുടർന്നാണ് സവാഹിരി അവിടെയുണ്ടെന്ന് തിരിച്ചറിഞ്ഞത്.

"സവാഹിരി സുരക്ഷിതമായ വീട്ടിൽ എത്തിയതിന് ശേഷം അവിടെ നിന്ന് പുറത്തേക്ക് പോയതായി ഞങ്ങൾക്ക് അറിയില്ല",ഉദ്യോഗസ്ഥർ പറഞ്ഞു. ബാൽക്കണിയിൽ വെച്ച് പലതവണ തിരിച്ചറിഞ്ഞിരുന്നു. അതിനു ശേഷമായിരുന്നു അയാൾക്ക് നേരെ ആക്രമണമുണ്ടായത്. എന്നാൽ അദ്ദേഹം വീട്ടിൽ നിന്ന് വീഡിയോകൾ നിർമ്മിക്കുന്നത് തുടർന്നിരുന്നു, ചിലത് അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയേക്കാം, ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളിൽ, രഹസ്യാന്വേഷണ വിവരങ്ങൾ പരിശോധിക്കാൻ ബൈഡൻ ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി. മെയ്, ജൂൺ മാസങ്ങളിൽ അദ്ദേഹത്തെ അറിയിക്കുകയും ജൂലൈ 1 ന് ഇന്റലിജൻസ് നേതാക്കൾ നിർദ്ദേശിച്ച ഓപ്പറേഷനെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ജൂലൈ 25 ന് അദ്ദേഹത്തിന് അപ്ഡേറ്റ് ചെയ്ത റിപ്പോർട്ട് ലഭിക്കുകയും അവസരം ലഭ്യമായപ്പോൾ ഏറ്റുമുട്ടലിന് അനുമതി നൽകുകയും ചെയ്തുവെന്ന് അഡ്മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

17 യുഎസ് നാവികർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത യെമനിലെ യുഎസ്എസ് കോൾ നാവിക കപ്പലിന് നേരെ 2000 ഒക്ടോബർ 12-ന് ആക്രമണം നടത്താൻ മറ്റ് മുതിർന്ന അൽ ഖ്വയ്ദ അംഗങ്ങൾക്കൊപ്പം സവാഹിരി ഗൂഢാലോചന നടത്തിയെന്ന് കരുതുന്നതായി റിവാർഡ് ഫോർ ജസ്റ്റിസ് വെബ്സൈറ്റിൽ പരാമർശിച്ചിട്ടുണ്ട്.1998 ആഗസ്ത് 7-ന് കെനിയയിലെയും ടാൻസാനിയയിലെയും യുഎസ് എംബസികൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 224 പേർ കൊല്ലപ്പെടുകയും 5,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് അമേരിക്കയിൽ അദ്ദേഹം കുറ്റാരോപിതനായി.

ഏതായാലും അൽ ഖ്വയ്ദയുടെ അക്രമ ശേഷിയിൽ വലിയ കുറവ് വരുത്തുന്നത് തന്നെയാണ് സവാഹിരിയുടെ കൊലപാതകം. എങ്കിലും തീവ്രവാദപ്രവർത്തനങ്ങളിൽ നിന്ന് അൽ ഖ്വയ്ദ പിന്നോട്ട് പോകുമെന്ന് ലോകരാഷ്ട്രീയം ശ്രദ്ധിക്കുന്ന ആരും പ്രതീക്ഷിക്കുന്നില്ല. സവാഹിരിക്ക് പിൻഗാമിയായി ആര് വരുമെന്നതും അമേരിക്കയടക്കമുള്ളവർ സസൂക്ഷ്മം ശ്രദ്ധിക്കുകയാണ്. മുൻ ഈജിപ്ത് സൈനിക ഉദ്യോഗസ്ഥനായ സെയ്ഫ് അൽ ആദിൽ എന്ന പേരാണ് ഇപ്പോൾ പ്രാധാന്യത്തോടെ കേൾക്കുന്നത്. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതേണ്ടത്.

Leave a comment