മുറിച്ചു കടന്ന മുറ്റങ്ങൾ
Photo : Prasoon kiran
‘മതിലിന് പുറത്തായ ദൈവങ്ങള്‍’ മൂന്നാം ഭാഗം
ലേഖനം വായിക്കുന്നതിനൊപ്പം കേള്‍ക്കാം
പതിനഞ്ചു വർഷം മുൻപാണ്.
എന്റെ വീടിനടുത്തുള്ള ഒരു നായർ തറവാട്ടിൽ പുനഃപ്രതിഷ്ഠാ തെയ്യംകെട്ട് ഉത്സവം നടക്കുന്നു. തറവാട്ടിൽ ഞങ്ങൾക്കും (നൽക്കദായ വിഭാഗത്തിനും) തെയ്യമുണ്ടായിരുന്നു. അന്ന് രാത്രിയിലെ നാട്ടുകാരുടെ കാത്തിരിപ്പ് 'കാടിയനും കാടിയത്തിയും' തെയ്യത്തിനു വേണ്ടിയുള്ളതാണ്. അപൂർവ്വം തറവാടുകളിൽ കെട്ടിയാടുന്ന ഇണത്തെയ്യങ്ങൾ. കയ്യും കയ്യും കോർത്താണ് അണിയറയിൽ നിന്ന് ഇറങ്ങുന്നത് പോലും. പേര് സൂചിപ്പിക്കും പോലെ കാടിറങ്ങിയ, കണ്ടം പൂകിയ, കതിര് കാത്ത ദൈവങ്ങൾ. നടപ്പിലും നർത്തനത്തിലും ഒരു പുഞ്ചക്കണ്ടം ഉയിർത്തുവരുന്ന കാർഷികവൃത്തിയുടെ അടയാളപ്പെടുത്തൽ. ഈ തെയ്യം കെട്ടിയാടാനുള്ള നിയോഗം എന്റെ രണ്ടു സഹോദരങ്ങൾക്കായിരുന്നു. ഇന്നാട്ടിലെ മിക്ക തറവാടുകളിലും നൽക്കദായ വിഭാഗത്തിന് മുറ്റത്തിനു പുറത്താണ് തെയ്യം കെട്ടിയാടേണ്ടത്. സ്പഷ്ടമായ ജാതീയത എന്നതിനപ്പുറം യാതൊരു പിൻബലവുമില്ലാത്ത, ഇന്നും തുടർന്നുപോരുന്ന ഒരാചാരം.
അന്ന് കോലക്കാര് രണ്ടാളും തീരുമാനിച്ചുറപ്പിച്ച പോലെ കുരുത്തോലച്ചമയത്തിൽ അണിയറയിൽ നിന്നും ഇറങ്ങി. മുറുകുന്ന ചെണ്ടക്കൂറ്റിനൊപ്പം കൈകോർത്തു ചുവടു വെച്ച് അതുവരെ ഉണ്ടായിരുന്ന ആചാരസീമയെ മായ്ച്ചു കളഞ്ഞ് മുറ്റത്തേക്ക് നടന്നു കയറി.ഞങ്ങളുടെ തെയ്യം മുറ്റം കടന്നതിനെ ചൊല്ലി ഉയർന്ന മുറുമുറുപ്പുകളെ വകവെയ്ക്കാതെ തറവാടിനെ വലം വെച്ചു. മുടിയഴിക്കും വരെ ആചാര ലംഘനത്തെക്കുറിച്ച് അങ്ങുമിങ്ങും തൊടാത്ത ചർച്ചയായിരുന്നു സദസ്സിൽ. തെയ്യം മുടിയഴിച്ചതും തെയ്യക്കാരന്റെ മെക്കിട്ടുകേറൽ വരെയെത്തി കാര്യങ്ങൾ. മറ്റെല്ലാവരും 'വിശ്വാസി' പക്ഷത്തായത് കൊണ്ട് ഞങ്ങൾ തെയ്യക്കാർ ഒറ്റപ്പെട്ടു.
അന്ന് രാത്രി തറവാടിനകത്തെ വിളക്ക് കൊളുത്താൻ ചെന്ന ഒരു സ്ത്രീയുടെ മുടിക്ക് തീപിടിച്ച് ചെറുതായൊന്നു കരിഞ്ഞു. പിറ്റേന്നാൾ രാവിലെ മുറ്റത്തെ തുണിപ്പന്തൽ കാറ്റത്ത് മറിഞ്ഞ് വീണു. ഉച്ചയോടെ തറവാട് വളപ്പിനു പുറത്തെ ഉണക്കപ്പുല്ലിനു തീപിടിച്ചു.ഇതെല്ലാം മുറ്റം കടന്നു അകത്തു കേറിയ തെയ്യങ്ങളുടെ പേരിൽ ചാർത്തപ്പെട്ടു. അന്ന് മുഴുവൻ "ഓറെ തെയ്യം ഉള്ളില് കേറുമ്പളെ ഞാൻ വിചാരിച്ചിന് " എന്ന മട്ടിൽ വേവലാതികൾ വിയർത്തൊലിച്ചു.
അതവിടെ തീർന്നില്ല. തെയ്യംകെട്ട് അവസാനിച്ചതിനു ശേഷം തറവാട്ടുകാർ ജോത്സ്യനെ കണ്ട് പ്രശ്നംവെച്ചു നോക്കി. നൽക്കദായ വിഭാഗത്തിന്റെ തെയ്യം മുറ്റം കടന്ന് അകത്തുകേറിയത് ദോഷമായത്രെ. തറവാട്ടുകാരുടെ അതൃപ്തിയിന്മേൽ മറ്റുദേവതകളുടെ പിണക്കവും അയാൾ ഗണിച്ചു വെച്ചു. തെയ്യക്കാരായ രണ്ടുപേരും ക്ഷമാപണം നടത്താനും പരിഹാരമായി എണ്ണയും തിരിയും തറവാട്ടിലേക്ക് സമർപ്പിക്കാനും നിർദേശിച്ചു. മറ്റുവഴികളില്ലാത്തതിനാൽ തെയ്യക്കാർക്ക് ആ നിർദേശം അനുസരിക്കേണ്ടി വന്നു.
അണിഞ്ഞയിലെ സുഹൃത്ത് വിനീത് പറഞ്ഞ മറ്റൊരു സംഭവമുണ്ട്.
പത്ത് വർഷം മുൻപ് അണിഞ്ഞയിലെ പ്രമുഖ നായർ തറവാട്ടിൽ തെയ്യംകെട്ട് നടക്കുന്ന സന്ദർഭം. ഞങ്ങൾക്ക് അവിടെ മൂന്നുവർഷത്തിലൊരിക്കലാണ് തെയ്യം. കുറത്തിയും പടിഞ്ഞാർ ചാമുണ്ഡിയും ഗുളികനും പരതാളിയുമാണ് തെയ്യങ്ങൾ.അന്ന് പുലർച്ചെ 2 മണിക്ക് കുറത്തിയമ്മ തെയ്യം കഴിയാറായ സമയം തറവാട്ടിലെ മുതിർന്ന കുറച്ചുപേർ നൽക്കദായരുടെ അണിയറയിലേക്ക് ചെന്നു. മഴവന്നാൽ ചോർന്നൊലിക്കുന്ന ഓലവിരിച്ച അണിയറയാണ്. മഴ ചാറിത്തുടങ്ങിയിട്ടുമുണ്ട്. തറവാട്ടുകാർ അങ്ങോട്ട് ചെല്ലുന്നത് കണ്ട് അതേ തറവാട്ടിലെ ഇളമുറക്കാരനായ വിനീതും പുറകെ ചെന്നു.വിഷയം കഴിഞ്ഞ തെയ്യംകെട്ടിന് രാത്രി മഴപെയ്തപ്പോൾ ഞങ്ങളുടെ കൂട്ടർ തറവാടിനോട് ചേർന്ന പടിപ്പുരയിൽ കയറിക്കിടന്നതാണ്.ഇത്തവണ മഴ ചാറിത്തുടങ്ങിയപ്പോൾ തന്നെ മുന്നറിയിപ്പ് കൊടുത്തു-
"ഒരു കാരണവശാലും പടിപ്പുരയ്ക്കകത്ത് കേറിക്കിടക്കാൻ പാടില്ല. കഴിഞ്ഞതവണ നിങ്ങൾ അകത്തുകേറിയത് ദോഷം ചെയ്തെന്നു ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ട്"
പിന്നെ മഴപെയ്യുമ്പോൾ ഞങ്ങളെന്ത് ചെയ്യാനെന്നു ചോർന്നൊലിക്കുന്ന അണിയറ ചൂണ്ടി തെയ്യക്കാർ വ്യാകുലപ്പെട്ടു. അതൊന്നും തങ്ങൾക്കറിയേണ്ടെന്ന് പറഞ്ഞു തറവാട്ടുകാർ കയ്യൊഴിഞ്ഞപ്പോൾ വിനീത് സംഭവത്തിൽ ഇടപെട്ടു. മര്യാദയ്‌ക്കൊരു അണിയറ പോലും ഒരുക്കിക്കൊടുക്കാതെ തെയ്യക്കാരെ മഴയത്ത് നിർത്തുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചു. നീയിവിടെ സംസാരിക്കാറായിട്ടില്ല എന്ന് പറഞ്ഞു വിനീതിനെ വിരട്ടാൻ നോക്കിയപ്പോൾ വാശികേറിയ വിനീത് തെയ്യക്കാരെയും വിളിച്ചു പടിപ്പുരയ്ക്കകത്തു കേറി കിടക്കാൻ പറഞ്ഞ് പുലരും വരെ അവർക്ക് കൂട്ടായി നിന്നു. പിറ്റേദിവസം പകൽ വിനീതിന് സൽബുദ്ധി വരുത്താൻ തറവാട്ട് അംഗങ്ങൾ കൂട്ടപ്രാർത്ഥന നടത്തിയത്രെ!
ആ തറവാട്ടിൽ ഇന്നും മുറ്റത്തിന് പുറത്താണ് തെയ്യം.
എന്മകജെ പഞ്ചായത്തിലെ പഡ്രെ ജഡാധാരി ദേവസ്ഥാനത്തിലെ അയിത്താചാരണവുമായി ബന്ധപ്പെട്ട് ഒരു കേസ് കോടതിയിൽ നടക്കുന്നുണ്ട്.മണ്ണിലുയിർത്ത് മലയോളം വളർന്നൊരു നാട്ടുമൂർത്തിയെ മതിലിനകത്തെ ക്ഷേത്രത്തിലേക്ക് പറിച്ചുനട്ട് ദൈവമക്കളെ പുറത്താക്കിയ ഒരു അധിനിവേശ ചരിത്രം പറയുന്നുണ്ട് നാട്ടുകാരനായ കൃഷ്ണമോഹന പൊസോല്യ. തുളു ബ്രാഹ്മണരുടെ അധീനതയിലുള്ള ക്ഷേത്രഭാരവാഹികൾക്കെതിരെ പരാതി നൽകിയത് മൊഗർ സമുദായക്കാരനായ കൃഷ്ണമോഹനയാണ്.തെയ്യത്തെയും തെയ്യം വസിച്ച മണ്ണിനെയും കൈക്കലാക്കിയ ബ്രാഹ്മണർ ജഡാധാരിയെ അമ്പലം കെട്ടി അകത്തിട്ടപ്പോൾ തോറ്റിയുണർത്തിയ തെയ്യക്കാരൻ തോറ്റുപോയി. തെയ്യക്കാരുൾപ്പെടുന്ന കീഴ്ജാതിക്കാർക്ക് അമ്പലത്തിൽ പ്രവേശിച്ചുകൂട. തങ്ങളോടൊപ്പം കാട്ടുവള്ളി പോലെ പടർന്നുകേറിയ ദൈവത്തെ ഉള്ളിലേക്കെടുക്കാൻ കോലക്കാരന് മുറ്റത്തിനിപ്പുറം ഇടം കൊടുത്തു. ക്ഷേത്രത്തിലേക്ക് ബ്രാഹ്മണരുൾപ്പെടുന്ന മേൽജാതിക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേകം നടപ്പാതയുണ്ട്. അതിലൂടെ മറ്റുള്ളവർ പ്രവേശിക്കാൻ പാടില്ല. ആ വഴിയിലൂടെ അകത്തേക്ക് നടന്നുകേറിയാണ് കൃഷ്ണമോഹനനും കൂട്ടരും അടിയാളന്റെ സമരത്തേര് ഉരുട്ടി വിട്ടത്. ഉള്ളിലെ ഭണ്ഡാരത്തിൽ കാണിക്കയിടാൻ അവകാശമില്ലാതിരുന്ന,
അവസാനപന്തിയിൽ പോലും ഇരുത്താതെ ഉത്സവദിനത്തിലെ ചോറ് വീട്ടിലേക്ക് പൊതിഞ്ഞുകൊണ്ടുപോവാൻ മാത്രം വിധിക്കപ്പെട്ട ഒരു ജനത സവർണ്ണസഞ്ചാരത്തിന് മിനുക്കിവെച്ച വഴിയിലൂടെ ഉള്ളിലേക്ക് നടന്നുകേറിയത് കുറച്ചൊന്നുമല്ല അവരെ അലട്ടിയത്. അതിന്റെ ചുവടുപിടിച്ച് അന്ന് കെട്ടിയാടിയ ജഡാധാരിയും പ്രഖ്യാപിച്ചു-"ഇനിയിവിടെ വലിപ്പച്ചെറുപ്പമില്ല. എല്ലാവരും സമന്മാർ. എല്ലാവർക്കും ഉള്ളിൽ കയറാം."
അത് സമ്മതിച്ചു കൊടുക്കാൻ തെയ്യത്തിനോളം ഹൃദയവിശാലത അവർക്കില്ലായിരുന്നല്ലോ.അതിനുശേഷം അവിടെ തെയ്യംകെട്ട് നടന്നില്ല. തെയ്യം മുടക്കിയവരെന്ന പേരിൽ കൃഷ്ണമോഹനയും കൂട്ടരും നാട്ടുകാർക്കിടയിൽ കുറ്റവാളികളായി.
ഇരിയ പൊടുവടുക്കത്തെ ഒരു പ്രമുഖ തറവാട്ടിൽ പണ്ടുകാലത്ത് ഞങ്ങൾക്ക് മുറ്റവും കടന്ന് നൂറുമീറ്ററപ്പുറം കൊയ്ത്തു കഴിഞ്ഞ കണ്ടത്തിലായിരുന്നത്രെ തെയ്യം കെട്ടിയാടേണ്ടിയിരുന്നത്. മേടവെയിലിൽ വിണ്ടുപൊട്ടിയ നിലത്ത് പൊടിപറത്തി അവരുടെ ധർമ്മദൈവം പടിഞ്ഞാർ ചാമുണ്ഡി ആടണം. 50 കൊല്ലം മുമ്പ് ഒരു തെയ്യംകെട്ടിന് അന്നത്തെ കോലക്കാരൻ കലേപ്പാടി മനസ്സിലുറപ്പിച്ചു-
ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.
തെയ്യം പൊടിപാറ്റിയുറഞ്ഞു.
മഞ്ഞൾപൊടി നെറ്റിയിലും മണ്ണിൻപൊടി പാദത്തിലും ചാർത്തി ഭക്തരിങ്ങനെ നിൽക്കുമ്പോൾ തെയ്യമൊരു ചോദ്യമെറിഞ്ഞു-
'എന്തെങ്കിലും ചൊല്ലിക്കഴിപ്പിക്കാനുണ്ടോ പൈതങ്ങളേ..'
ഒന്നുമില്ലെന്ന് മറുപടി.
എന്നാൽ എനിക്ക് പറയാനുണ്ടെന്നായി തെയ്യം."പെറ്റമ്മ കഴിഞ്ഞാൽ എടുത്തുപോറ്റിയിരിക്കുന്നതായ മാതാവാണ് ഞാൻ. ആ എന്നെയിങ്ങനെ കണ്ടത്തിൽ വേവാനിട്ടിട്ട് നിങ്ങൾക്കെന്തു സൗഖ്യമാണ് ഞാൻ തരേണ്ടത്?" കയ്യിൽ കൊടുത്തിരിക്കുന്ന പച്ചരിയെ പൂവായി സങ്കൽപ്പിച്ചു മൂർദ്ധാവിലെറിയുമ്പോൾ തിരുമുടി അഴിക്കുന്ന ചാമുണ്ഡിയാണ് പതിവില്ലാത്ത വിധം ചോദ്യം ഇങ്ങോട്ടെറിയുന്നത്.തറവാട്ടുകാരണവർ നെറ്റി ചുളിച്ചു. തെയ്യം തുടർന്നു."നിങ്ങളെന്റെ മക്കളാണെങ്കിൽ, ഞാൻ നിങ്ങളുടെ പടിഞ്ഞാറ്റകത്തിരിക്കുന്ന അമ്മയാണെങ്കിൽ ഇപ്പോൾ എന്നെ കൈപിടിച്ച് അകത്തേക്ക് കൊണ്ടുപോകണം". തലമുതിർന്നവർ പരിഭ്രാന്തരായി. ആദ്യം മടിച്ചുനിന്നെങ്കിലും ചെറുപ്പക്കാർ തെയ്യത്തിന്റെ കരംഗ്രഹിച്ചു.ജാതിമതിൽ കടന്നു തെയ്യം മുറ്റത്ത് തിരുമുടിയഴിച്ചു.അന്നുമുതൽ അവിടെ ഞങ്ങൾക്ക് മുറ്റത്തിന് അകത്താണ് തെയ്യം.
സത്യത്തിൽ തെയ്യം ഏറ്റെടുക്കേണ്ടിയിരുന്ന വിപ്ലവമായിരുന്നില്ല അത്. സ്വാഭാവികമായും സംഭവിക്കേണ്ടിയിരുന്ന പരിഷ്കരണമാണ്. തെയ്യവും തെയ്യക്കാരനും സ്വതന്ത്രമാവുന്ന ചിലയിടങ്ങളിൽ ഇങ്ങനെ ചില ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നതൊഴിച്ചാൽ പലപ്പോഴും ചോദ്യം ചെയ്യാനാവാത്ത സാമൂഹ്യമര്യാദയായി അയിത്താചരണം തെയ്യക്കാർക്കിടയിലും സാമാന്യവൽക്കരിക്കപ്പെട്ടിരുന്നു. തീപ്പൊരി ചിതറാൻ കെൽപ്പുണ്ടായിട്ടും ഞങ്ങളുടെ തെയ്യങ്ങൾ സാമൂഹ്യ ചിട്ടവട്ടങ്ങളിൽ അനുസരണയോടെ പെരുമാറി. ആചാരാനുഷ്ഠാനങ്ങളിൽ കടുകിട തെറ്റാതെ കാർക്കശ്യം പാലിച്ചപ്പോഴും വിവേചനങ്ങളോട് ഒച്ചയടഞ്ഞവരായി. അന്തിയോളം വിയർക്കുന്ന കോലത്തിന്റെ ആയിരത്തിലൊരംശം ഉശിരിൽ ഊറ്റമുള്ളൊരമ്പും തൊടുത്തില്ല എന്നത് തന്നെ തെയ്യക്കാർ എത്രത്തോളം വ്യവസ്ഥിതിയോട് വിധേയപ്പെട്ടിരിക്കുന്നുവെന്ന് കാട്ടിത്തരും.
മുറ്റം കടന്നൊരു മൂർത്തിയാവാൻ മിനക്കെട്ടാൽ കിട്ടുന്ന സംഘടിത ഭ്രഷ്ടും, കണിയാന്റെ മഹസറിൽ ഞങ്ങൾ മാത്രം പ്രതിചേർക്കപ്പെടുന്ന വക്രദശയും, ആചാരം മുടങ്ങിയാൽ ഉയരുന്ന വേവലാതികളുടെ ആരോഹണവും ഒക്കെ നേരിടാൻ ഞങ്ങൾ എപ്പോഴും ഒറ്റയ്ക്കാവും. ഇത്രയും കാലം ചോരയുടെ നിറച്ചേർച്ചയെപ്പറ്റി പൊട്ടൻ തെയ്യം ഉള്ളുപൊള്ളിപ്പാടിയിട്ടും തെയ്യക്കളത്തിൽ തന്നെ വിവേചനം പാരമ്യത്തിൽ കത്തിനിൽക്കുന്നതിനോളം വൈരുധ്യം മറ്റെന്താണ്?
(തുടരും)