തെയ്യങ്ങൾ തമ്മിലുള്ള ശീതയുദ്ധങ്ങൾ
ഗുളികന്‍ തെയ്യം / Photo : Prasoon Kiran
‘മതിലിനു പുറത്തായ ദൈവങ്ങള്‍’ നാലാം ഭാഗം
ലേഖനം വായിക്കുന്നതിനൊപ്പം കേള്‍ക്കാം
അഞ്ച് അനുഷ്ഠാന നൃത്തങ്ങളുണ്ട് നൽക്കദായ സമുദായത്തിന്. ബൂത്ത എന്ന് തുളുവിൽ പറയപ്പെടുന്ന തെയ്യം, കർക്കിടകമാസത്തിൽ മാരി അകറ്റാനിറങ്ങുന്ന ഗളിഞ്ചൻ, ചിങ്ങമാസത്തിലെ ജോഗി, നൽക്കദായ തറവാടുകളിൽ തെയ്യം കഴിഞ്ഞ പിറ്റേന്നാൾ അഞ്ചോ ഏഴോ സ്ത്രീകൾ ചേർന്ന് അവതരിപ്പിക്കുന്ന മാതിര നൃത്തം, കന്യാപ്പു നൃത്തം എന്നിവയാണ് അനുഷ്ഠാനപരതയോടെ നൽക്കദായ സമുദായക്കാർ അവതരിപ്പിച്ചു വരുന്നത്. നർത്തകർ എന്നർത്ഥം വരുന്ന നൽക്കദായ, നൽക്കെയവ എന്നീ പേരുകളാണ് കേരളത്തിലെയും കർണ്ണാടകത്തിലെയും ഔദ്യോഗിക രേഖകളിൽ കാണാനാവുന്നത്. അജില, പാണർ എന്നീ ഉപവിഭാഗങ്ങളും കാണാം. പക്ഷേ, ഈ സമുദായത്തെ ഇന്നാട്ടുകാർക്ക് മനസിലാവണമെങ്കിൽ 'കോപ്പാളർ' എന്ന് തന്നെ പറയേണ്ടി വരും. തെയ്യം പഠനങ്ങളിലും ഈ സമുദായത്തെ കോപ്പാളർ എന്നു തന്നെയാണ് പരാമർശിച്ചിരിക്കുന്നത്. ആ വാക്കിന് തുളുവിൽ പ്രത്യേകിച്ചു അർത്ഥമില്ല. ഗോപാലർ ലോപിച്ച് കോപ്പാളർ ആയതെന്നൊരു വാദമുണ്ട്. പക്ഷെ ഗോക്കളെ പരിപാലിക്കുന്ന പണിയിൽ ഈ സമുദായം ഏർപ്പെട്ടിരുന്നതായി ചരിത്രത്തിലെവിടെയും കാണുന്നില്ല. ഗവേഷകർ ചാർത്തിക്കൊടുത്ത ഒരു വിശദീകരണം 'പാള കൊണ്ട് കോപ്പുണ്ടാക്കുന്നവർ' എന്നാണ്. അതിലും എളുപ്പമായിരുന്നു നൽക്കദായർ എന്ന് സ്ഥാപിച്ചെടുക്കാൻ. അത്രയും ഭംഗിയും അർത്ഥവുമുള്ളൊരു പേരിനെ മറച്ചുവെച്ച് ഞങ്ങളെ കോപ്പാളർ എന്നു വിളിക്കാനാണ് പലരും താത്പര്യപ്പെട്ടത്. നൃത്തക്കാർ എന്നു വിളിക്കപ്പെടാതിരിക്കാൻ മാത്രം എന്ത് കുറവാണ് അവർ ഞങ്ങളിൽ കണ്ടത്?
തെയ്യങ്ങൾ തമ്മിലുള്ള അഭിസംബോധനയിലുമുണ്ട് ചിലപ്പോഴൊക്കെ ഈ പ്രശ്നങ്ങൾ. ഞങ്ങളുടെ തെയ്യങ്ങൾ മറ്റു തെയ്യങ്ങളെ 'ചങ്ങാതി' എന്ന വിളിയിൽ അടുപ്പം കാണിക്കുമ്പോൾ തിരിച്ച് ഞങ്ങളുടെ തെയ്യങ്ങളെ പേരോ പിറപ്പോ ചൂണ്ടി വിളിച്ച് അകലം പാലിക്കും. മാവിലൻ വിഭാഗത്തിന്റെ തെയ്യങ്ങളെ വിളിയിൽ പോലും താഴെ നിർത്തും. ബങ്കളത്തെ യുവ തെയ്യക്കാരൻ ഷിംജിത്ത് കമ്മാടം കാവിലെ ഒരനുഭവം പറയുന്നുണ്ട്.
"കാവിലെ ചാമുണ്ഡിയും ചൗക്കാർ ഗുളികനുമാണ് ഞങ്ങൾക്ക്. മേലെ താനത്തിലാണ് മലയരുടെ തെയ്യം. താഴെ കണ്ടത്തിലാണ് ഞങ്ങളുടെ തെയ്യം. താനവും പള്ളിയറയും വർഷാവർഷം നവീകരണ പ്രവർത്തനങ്ങൾ നടക്കും. താഴെയാവട്ടെ ഞങ്ങളുടെ തെയ്യത്തിന് ഒരു വിതാനത്തറയോ അണിയറയോ ഇല്ല. യാതൊരുവിധ നവീകരണ പ്രവൃത്തിയും നടത്തരുതെന്ന് പ്രശ്നവിധിയിൽ പറഞ്ഞിരുന്നത്രെ. തെയ്യമാകാറാവുമ്പോൾ കാവുകാരൻ രണ്ട് തൂണും പെറുക്കിയിട്ട് വല്ല സാരിയോ മറ്റോ വലിച്ചുകെട്ടിയാണ് താൽക്കാലിക അണിയറ ഒരുക്കിത്തരുന്നത്. കമ്മാടത്ത് നായന്മാരുടെ ധർമ്മദൈവമാണ് ഞങ്ങൾ കെട്ടിയാടുന്ന ചാമുണ്ഡി. മൂർന്ന കണ്ടത്തിലെ കുറ്റി നിറഞ്ഞ നിലത്താണ് തെയ്യം ആടേണ്ടത്. മേലെ മലയർ കെട്ടുന്ന കമ്മാടത്ത് ചാമുണ്ഡിയും താഴത്തെ ചാമുണ്ഡിയും കൂടിക്കാഴ്ചയുണ്ട്. മുറ്റത്തിന്റെ വരമ്പിൽ കമ്മാടത്ത് ചാമുണ്ഡിയും പടിക്കുതാഴെ തോടും കടന്നൊരു നടപ്പാലത്തിനിപ്പുറം താഴത്തെ ചാമുണ്ഡിയും നിന്നാണ് 'കൂടിക്കാഴ്ച'. മുകളിൽ നിന്നും കമ്മാടത്ത് ചാമുണ്ഡി വിളിക്കും- താഴത്തോളെ താഴത്തോളേന്ന്. വർഷങ്ങളായുള്ള ആ വിളിയിൽ ഞങ്ങളുടെ തെയ്യം താഴെത്തന്നെ ഉറച്ചുപോയി. ഈയൊരു വിവേചനത്തെക്കുറിച്ച് തെയ്യം തന്നെ പറഞ്ഞിട്ടുണ്ട്. അനേകം കാലമായില്ലേ കൂടിക്കാണുന്നത്. എന്നിട്ടും എനിക്കൊരു വിതാനത്തറയോ എന്റെ കനലാടിമാർക്ക് അണിയറയോ ഒരുക്കിയില്ലല്ലോ ന്ന്. അന്ന് തറവാട് മൂപ്പൻ തന്ന മറുപടി നിങ്ങളുടെ തെയ്യം മഞ്ഞും മഴയും കൊള്ളുന്ന ദൈവമാണ്, അതങ്ങനെത്തന്നെ തുടരണം എന്നാണ്..". താഴത്തോളെ വിളിയും തറവാട് മൂപ്പന്റെ മറുപടിയും ഒരേ മനോഭാവത്തിൽ നിന്നും വരുന്നതാണ്. അത് തിരുത്തപ്പെടാതിരിക്കുന്നു എന്നത് തന്നെയാണ് ജാതീയത. ചുള്ളിക്കാവിലെ മറ്റൊരനുഭവം ഷിംജിത് കൂട്ടിച്ചേർക്കുന്നുണ്ട്.
"കാവിലെ മലച്ചാമുണ്ഡിയെ മലവാഴുന്നോളെ എന്നാണ് വിളിച്ചിരുന്നത്. ഒരു കൊല്ലം ഞങ്ങളുടെ മലച്ചാമുണ്ഡിയെ കാട്ടുമൂർത്തി എന്ന് വിളിച്ചു. അന്നത് തെയ്യക്കാർക്കിടയിൽ ചർച്ചയായി. പിറ്റേക്കൊല്ലം ഇതേവിളി ആവർത്തിച്ചപ്പോൾ മലച്ചാമുണ്ഡി എതിർത്തു. എന്നെ വിളിക്കാൻ നല്ല പേരുണ്ടായിട്ടും കാട്ടുമൂർത്തിയെന്ന് താഴ്ത്തിക്കെട്ടുന്നതെന്തിനെന്ന് ചോദിച്ചു. വിഷ്ണുമൂർത്തിയും മലച്ചാമുണ്ഡിയും തർക്കമായി. ഒടുവിൽ വിഷ്ണുമൂർത്തി ഉടക്കി തിരിച്ചുപോവുകയാണ് ചെയ്തത്. മലച്ചാമുണ്ഡി തറവാട്ടു പൈതങ്ങളെ വിളിച്ച് ഇപ്രകാരം പറഞ്ഞു. എന്റെ സുഖദുഃഖങ്ങൾ അന്വേഷിച്ച് അതിന് വേണ്ടുംവിധം പോംവഴികൾ പറഞ്ഞുതരാനാണ് എന്റെ നായനാർ ദൈവവും ഞാനും കൂടിക്കാണുന്നത്. നായനാർ ദൈവം എനിക്ക് മുഖം തരാതെ പോയതുകൊണ്ട് ഇനി വരുംകാലത്ത് ഞാനും എന്റെ നായനാറും കൂടിക്കാണുന്നില്ല.
എല്ലാ തെയ്യങ്ങളും കാട്ടിൽ നിന്നും തന്നെയല്ലേ വന്നത്, ഏത് തെയ്യമാണ് കൊട്ടാരത്തിൽ നിന്നും വന്നിട്ടുള്ളത്" ഷിംജിത്ത് പറഞ്ഞുനിർത്തുമ്പോൾ കക്കാട്ട് പുതിയവീട്ടിൽ കടയങ്കത്തി തെയ്യത്തെ കാട്ടുമൂർത്തിയെന്ന് വിളിച്ച അനുഭവം കൂടി പങ്കുവെയ്ക്കുന്നുണ്ട്. തെയ്യം ഉറയുന്ന സമയത്ത് താനത്തിന്റെ മുൻപിൽ വിലങ്ങനെ നിന്നതിന് ഉദുമയിൽ ഒരിടത്ത് വയനാട്ടുകുലവനും വിഷ്ണുമൂർത്തിയും തമ്മിൽ നടന്ന തർക്കവും പറഞ്ഞുകേട്ടിട്ടുണ്ട്.
തെയ്യങ്ങൾ തമ്മിൽ മാത്രമല്ല, തെയ്യവും ഭക്തരും ഉടക്കിയ സന്ദർഭങ്ങളും ഉണ്ട്. ചട്ടഞ്ചാൽ ഒരു വീട്ടിൽ നേർച്ചയായി കെട്ടിയാടിയ വിഷ്ണുമൂർത്തി കാണാൻ മൊഗർ സമുദായത്തിൽപ്പെട്ട എന്റെയൊരു സുഹൃത്ത് അവന്റെ ചെറുപ്പത്തിൽ അമ്മൂമ്മയോടൊപ്പം പോയപ്പോൾ നടന്ന സംഭവം പറഞ്ഞതോർക്കുന്നു.
അന്ന് തെയ്യം അവന്റെ അമ്മൂമ്മയെ 'കാട്ടടിയാറേ' എന്ന് വിളിച്ചു. കുപിതയായ അമ്മൂമ്മ 'ഏത് കാട്, എന്ത് അടിയാർ, എന്ന് കലമ്പി കൊച്ചുമോന്റെ കൈപിടിച്ച് അവിടെ നിന്നും ഇറങ്ങി നടന്നു. വീട്ടിലേക്കുള്ള വഴിയിൽ ആ അമ്മ സങ്കടത്തോടെ പുലമ്പിക്കൊണ്ടിരുന്നത് അവനിന്നും ഓർക്കുന്നുണ്ട്-
"നമ്മൾ ഭൂമിപുത്രരാണ്. ഭൂമിയിൽ പിറന്ന്, ഭൂമിയിൽ വിത്തിട്ട്, കതിര് വിളയിച്ച ഭൂമിയുടെ പുത്രർ. തെയ്യം നമ്മളെ അങ്ങനെയല്ലേ വിളിച്ചോണ്ടിരുന്നത്..."
തെയ്യങ്ങൾ തമ്മിലുള്ള ശീതയുദ്ധം ഇവിടെ സാധാരണമാണ്. മുറ്റം കടന്നതിന്റെയോ, സ്ഥാനം തെറ്റിയതിന്റെയോ, അണിയലങ്ങളിൽ അലങ്കാരം കൂടിയതിന്റെയോ ഒക്കെ പേരിൽ മറ്റുവിഭാഗങ്ങളുടെ തെയ്യങ്ങൾ നൽക്കദായ/മാവിലൻ വിഭാഗങ്ങളുടെ തെയ്യങ്ങളെ ചോദ്യം ചെയ്യാറുണ്ട്. ഭാഷ ഭവ്യവും ആലങ്കാരികവുമായിരിക്കും. പക്ഷെ ഉന്നം മറ്റേ തെയ്യത്തിന്റെ മേലുള്ള അധീശത്വവും. ഭവ്യത വിട്ട് തർക്കങ്ങളിലേക്കും പിണങ്ങിപ്പോവലിലേക്കും ഒക്കെ കാര്യങ്ങൾ എത്തിയിട്ടുണ്ട്.
കാസറഗോഡ് ഒരിടത്ത് ഞങ്ങളുടെ കൂട്ടർക്ക് മലയർക്ക് കൊടുത്തതിനേക്കാളും കുറഞ്ഞ കോളാണ് നൽകിയത്. കാരണം ചോദിച്ചപ്പോൾ തറവാട്ടുകാർ പറഞ്ഞത് "നിങ്ങളെ തെയ്യത്തിന് വലിയ അലങ്കാരങ്ങളോ ചമയങ്ങളോ ഇല്ലല്ലോ. കുറച്ച് പാളയും കുരുത്തോലയും കിട്ടിയാൽ മതി. അതിനെന്തിനാ ഇത്രയും കോള്?" തെയ്യത്തിന് പുതുക്കിയ അണിയലങ്ങളും ചമയങ്ങളും ഒരുക്കി ഭംഗിയാക്കിയാൽ മലയർക്ക് കൊടുക്കുന്ന അതേ കോള് ഞങ്ങൾക്ക് തരുമോയെന്ന് തെയ്യക്കാർ ചോദിച്ചു. അവർ സമ്മതിച്ചു. പിറ്റേക്കൊല്ലം പടിഞ്ഞാർ ചാമുണ്ഡി പുതിയ അണിയലത്തിൽ ഒരുങ്ങി. തെയ്യക്കാർ പറഞ്ഞ കോളും വാങ്ങി. അതേസമയം പുതുചമയത്തിൽ വന്ന പടിഞ്ഞാർ ചാമുണ്ഡിയെ വിഷ്ണുമൂർത്തിക്ക് പിടിച്ചില്ല. "സാക്ഷാൽ പുത്തൂർ കൊട്ട്യയിൽ നിന്റെ രൂപം ഇങ്ങനെയല്ലല്ലോ ന്റെ അങ്ങാടിക്കോളികളോളേ" എന്ന് പരിഭവിച്ചു.
ശരിയാണ്. പുത്തൂർ കൊട്ട്യയിൽ കുരുത്തോലയുടെ പുറത്തട്ടാണ്. ചമയത്തിൽ വ്യത്യാസമുണ്ട്. രണ്ട് വട്ടി സ്വർണ്ണം- വെള്ളി ആഭരണങ്ങളുണ്ട് തെയ്യത്തിനണിയാൻ. ഉടല് മുഴുക്കെ സ്വർണ്ണ-വെള്ളിച്ചമയങ്ങൾ അണിയുന്ന തെയ്യം പക്ഷെ ക്ഷേത്രത്തിന് മീറ്ററുകൾക്കപ്പുറം വയലിനോട് ചേർന്ന ആൽമരത്തിന്റെ ചുവട്ടിലാണ് കെട്ടിയാടിക്കുന്നത്. അവിടെ തെയ്യത്തിന് പോകുന്ന നൽക്കദായ വിഭാഗത്തിന് അണിയലങ്ങളൊന്നും കൊണ്ടുപോവേണ്ടതില്ല. എല്ലാം ഭണ്ഡാരം വക ക്ഷേത്രത്തിൽ നിന്നും കിട്ടും. ഇവിടെ അങ്ങനെയല്ല. തെയ്യത്തിനുള്ള സകല ചമയങ്ങളും ആഭരണങ്ങളും ഞങ്ങൾ തന്നെ കൊണ്ടുപോകണം. വിഷ്ണുമൂർത്തിയുടെ ചോദ്യത്തിന് തെയ്യക്കാരാണ് മറുപടി പറഞ്ഞത്.
''പുത്തൂർ കൊട്ട്യയിലെ പോലെ അണിയലങ്ങളും ആടയാഭരണങ്ങളും ഭണ്ഡാരം വക ലഭ്യമാക്കുമെങ്കിൽ ഞങ്ങൾ അതേ രൂപത്തിൽ ഇവിടെ തെയ്യത്തെ ഒരുക്കാം". ആ ചർച്ച അവിടെ അവസാനിച്ചു.
നീണ്ട എഴുന്നൂറ്‍ വർഷങ്ങൾക്ക് ശേഷം 2019ൽ നടത്തപ്പെട്ട കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന് വണ്ണാൻ, മലയൻ, മാവിലൻ വിഭാഗങ്ങൾക്കാണ് തെയ്യമുണ്ടായിരുന്നത്. മാവിലൻ വിഭാഗത്തിന്റെ തന്നിത്തോട് ചാമുണ്ഡിക്ക് തിടങ്ങൽ ക്ഷേത്രത്തിന് പുറത്ത് തെക്കുഭാഗത്തും തെയ്യം കെട്ടിയാടേണ്ടത് കുറച്ചപ്പുറം കുറ്റിയടുക്കം എന്ന സ്ഥലത്തെ കാവിലുമാണ്. തിടങ്ങൽ കഴിഞ്ഞാൽ തെയ്യക്കാർ നേരെ കാവിലേക്ക് പോവും. അണിയറയൊന്നുമില്ല. അവിടെയാണ് തെയ്യം കെട്ടിയാടേണ്ടത്. ചടങ്ങുകൾക്ക് ശേഷം വിഷ്ണുമൂർത്തിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തെയ്യം ക്ഷേത്രത്തിലേക്ക് വരണം. പെരുംകളിയാട്ടത്തിന് തിടങ്ങൽ നടത്തേണ്ട മുറ്റം വൃത്തിഹീനമായി കിടക്കുകയായിരുന്നു. കൊറേ ഒച്ചവച്ചതിന് ശേഷമാണ് അവിടെ നിർത്തിയിട്ടിരുന്ന വണ്ടികൾ മാറ്റിയും ചപ്പുചവറുകൾ വാരിയും തന്നിത്തോട് ചാമുണ്ഡിയുടെ തിടങ്ങൽ കയിച്ചത്.
പെരുങ്കളിയാട്ട സ്ഥലത്ത് ക്ഷേത്രത്തിനു മുന്നിലെ വയലിൽ ക്ഷേത്രമാതൃകയിൽ പ്രത്യേകം പള്ളിയറകൾ തീർത്താണ് കല്ല്യോട്ട് ഭഗവതിക്കും മറ്റ് ഉപദേവതകൾക്കും തെയ്യക്കളമൊരുക്കിയത്. പക്ഷേ തന്നിത്തോട് ചാമുണ്ഡി പഴയ സ്ഥലത്ത് തന്നെ. കല്ല്യോട്ട് ഭഗവതിയുടെ തിരുമുടി ഉയരുന്ന ദിവസമാണ് തന്നിത്തോട് ചാമുണ്ഡിയും വിഷ്ണുമൂർത്തിയും കൂടിക്കാഴ്ച വേണ്ടിയിരുന്നത്. കൂടിക്കാഴ്ചയ്ക്കായി ചാമുണ്ഡി കാവിൽ നിന്നും വന്നപ്പോൾ ഭഗവതിയുടെ തിരുമുടി നിവരാനുള്ള സമയമായിരുന്നു. ചാമുണ്ഡിയാകട്ടെ വേലികെട്ടിത്തിരിച്ച തെയ്യക്കളത്തിന് പുറത്തുനിന്നും കൂടിക്കാഴ്ച സാധ്യമാകാതെ അകത്തേക്ക് പ്രവേശിക്കാനൊരുങ്ങി. വിഷ്ണുമൂർത്തിയും വൈരജാതനുമൊക്കെ കളത്തിനകത്തായിരുന്നു. കൂടിക്കാഴ്ച മുടക്കാനാവില്ല എന്ന വ്യവസ്ഥയിൽ ചാമുണ്ഡി തിങ്ങിനിറഞ്ഞ ജനങ്ങൾക്കിടയിലൂടെ തെയ്യക്കളത്തിനടുത്തേക്ക് നടന്നുവന്നു. അന്നേരം മൈക്കിലൂടെ അനൗണ്സ്മെന്റ് വരികയാണ്- "കാർഷിക സമൃദ്ധിയുടെ, ഭഗവതിയുടെ ദേവതയാണ് അമ്മ.. ആ അമ്മ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പൂർവസ്ഥാനത്ത് ഇരുന്ന് വേണം അമ്മയുടെ തിരുമുടിയുടെ ഉയർച്ച ദർശിക്കാൻ. അകക്കണ്ണ് കൊണ്ട്, അകക്കാമ്പ് കൊണ്ട് അമ്മയെല്ലാം ദർശിക്കും.. അങ്ങനെയുള്ള അമ്മയാണ് തന്നിത്തോട് ചാമുണ്ഡിയമ്മ.
ആ അകക്കണ്ണ് കൊണ്ട് പൂർവസ്ഥാനത്തിരുന്നമ്മ ഈ ചടങ്ങുകളെ വീക്ഷിക്കണം... അതാണ് പ്രശ്നവിധി. എല്ലാം പ്രശ്നവിധി പ്രകാരം നിശ്ചയിക്കപ്പെട്ടതാണ്. ബന്ധപ്പെട്ടവർ അമ്മയോട് അപേക്ഷിച്ച് പറഞ്ഞു കൊടുക്കുക. പൂർവസ്ഥാനത്ത് ഇരുന്നുവേണം ഈ ചടങ്ങുകൾ വീക്ഷിക്കാൻ. അത് പറഞ്ഞു മനസ്സിലാക്കുക..." അവസാനം വേലിക്കിപ്പുറം പ്രവേശന കവാടത്തിനരികെ നിന്ന് ഭഗവതിയുടെ മാനം മുട്ടുന്ന തിരുമുടി കണ്ട് തന്നിത്തോട് ചാമുണ്ഡി തിരിച്ചു നടന്നു.
മൈക്കിലൂടെ കേട്ടതൊക്കെ തെയ്യത്തിന്റെ വർണ്ണനകളാണെന്നു വിചാരിക്കരുത്. അത്രേം മയത്തിൽ പരത്തി പറഞ്ഞതൊക്കെയും അയിത്തം എന്ന ഒറ്റവാക്കിൽ ചുരുക്കാം. തെയ്യത്തിനുമേൽ പ്രയോഗിക്കുന്ന ഈ അധികാരസ്വരം ഇതിലും കടുപ്പത്തിൽ പലയിടത്തും കേൾക്കുന്നതാണ്. തെയ്യത്തോട് ആജ്ഞാപിക്കാൻ പാകത്തിൽ തെയ്യത്തിനും മേലെ പ്രതിഷ്ഠിക്കപ്പെട്ട കാവധികാരികളും കുറവല്ല. അതേസമയം തെയ്യങ്ങൾ തന്നെ ജാതിസമവാക്യത്തെ മേൽക്കോയ്മ കിട്ടാൻ കൂട്ടുപിടിച്ചു. തെയ്യത്തിന്റെ പരിണാമദശയിൽ ഒട്ടുമിക്ക തെയ്യങ്ങളും ബ്രാഹ്മണ്യത്തോട് സന്ധിചെയ്ത് തുടങ്ങിയപ്പോൾ സംഭവിച്ചതാവണം ഒരു തെയ്യം മറ്റൊരു തെയ്യത്തിനുമേൽ അധീശത്വം സ്ഥാപിക്കുന്ന ഈ പ്രവണതകൾ. തെയ്യം കെട്ടിയാട്ട സമുദായങ്ങളിൽ ഏറിയും കുറഞ്ഞും എല്ലാവരും ഇതനുഭവിച്ചിട്ടുമുണ്ടാകും. പക്ഷെ സ്വന്തം ജീവിതപരിസരങ്ങളിൽ നിന്നും കണ്ടെടുക്കപ്പെട്ട നാട്ടുതെയ്യങ്ങൾ കെട്ടിയാടിയ നൽക്കദായനും മാവിലനും ഈയൊരു അപരവൽക്കരണത്തിന് കൂടുതൽ ഇരകളായി. തെയ്യങ്ങൾ ഉയർത്തിയ നൈതികത അതിന്റെ അവതരണയിടങ്ങളിൽ അടിയേ പറിഞ്ഞുപോയി. മെച്ചപ്പെട്ട ദൈവങ്ങളാകാൻ മത്സരിക്കുന്നതിനിടയിൽ സ്വന്തം സ്വത്വം തന്നെ മറക്കുന്ന നിലയായി. എന്തുവന്നാലും ആര്യപദവി കിട്ടില്ല എന്നു മനസ്സിലാക്കാൻ വലുതായൊന്നും ചിന്തിക്കേണ്ടതില്ല. പൊട്ടനെ നിങ്ങൾക്ക് ശിവനെന്ന് വിളിക്കാം. തിരിച്ച് ശിവനെ നിങ്ങൾക്ക് പൊട്ടനെന്ന് വിളിക്കാനാവില്ല. അതുതന്നെയാണ് നാട്ടുതെയ്യങ്ങളും ആര്യദൈവങ്ങളും തമ്മിലുള്ള വ്യത്യാസവും.
(തുടരും)