പുറത്തുനില്‍ക്കുന്നത് ഞങ്ങളല്ല, നിങ്ങളുടെ ദൈവമാണ്
Photos : Prasoon Kiran
ലേഖനം വായിക്കുന്നതിനൊപ്പം കേള്‍ക്കാം
എന്തുകൊണ്ടാണ് നൽക്കദായനും മാവിലനും കളിയാട്ടമുറ്റത്തിന് പുറത്താവുന്നത് ? അത് മുൻപ് സൂചിപ്പിച്ച ശ്രേണീബദ്ധമായ ജാതീയതയുടെ ഫലമാണ്. തൊഴിലിന്റെയോ സാമ്പത്തിക സ്ഥിതിയുടെയോ അടിസ്ഥാനത്തിൽ അവർണ്ണർക്കിടയിൽ ഉണ്ടായിരുന്ന തരംതിരിവുകളെ ജാതിസമാനമായ ചിന്തയിലേക്ക് നയിച്ചത് ബ്രാഹ്മണ്യത്തിന്റെ സ്വാധീനം എന്നുവേണം മനസ്സിലാക്കാൻ. ഇന്നും ബ്രാഹ്മണ്യത്തോട് ഒട്ടിനിന്നും ദാസ്യപ്പെട്ടും സവർണ്ണതയിലേക്ക് ചേക്കേറാൻ കൊതിക്കുന്നവർ അവർണ്ണരിൽ ധാരാളമുണ്ട്. സവർണ്ണാഭിമുഖ്യവും കലശലായ ജാത്യാഭിമാനവും അനുകരണഭ്രാന്തും കൊണ്ടുനടക്കുന്നവർക്ക് ഗോത്രപാരമ്പര്യത്തിലും ദ്രാവിഡത്തനിമയിലും ഉറച്ചുപോയവരെ അടുപ്പിക്കാൻ വൈമനസ്യം ഉണ്ടാകും. അതുകൊണ്ടാവണം പട്ടികജാതിയിൽപ്പെട്ടവരായിട്ടു കൂടി, നൽക്കദായർ തങ്ങൾ നേരിടുന്ന അയിത്തത്തെ ചോദ്യം ചെയ്യുമ്പോൾ വാക്ക് കൊണ്ടുപോലും ഒപ്പം നിൽക്കാൻ അതേ വിഭാഗത്തിൽപ്പെട്ട മറ്റു തെയ്യക്കാർ പലരും തയ്യാറാവാത്തത്. തെയ്യം കെട്ടുന്ന മലയൻ, വണ്ണാൻ, പുലയൻ, വേലൻ, പരവൻ എന്നിവർ പട്ടികജാതിയിലും മാവിലൻ പട്ടികവർഗ്ഗത്തിലുമാണ് പെടുന്നത്. അടിസ്ഥാനവിഭാഗങ്ങളെന്ന നിലയിൽ ബ്രാഹ്മണരും നായരുമുൾപ്പെടുന്ന ഉപരിവർഗ്ഗം എല്ലാ തെയ്യാട്ട സമുദായങ്ങളോടും താൻപോരിമയും അയിത്തവും കാണിക്കാറുണ്ട്. കോലമഴിച്ചാൽ വെറും ജാതിയാവുന്ന തെയ്യക്കാരൻ തറവാട്ടുമുറ്റത്ത് കുനിഞ്ഞു തൊഴേണ്ടവനാണെന്ന അധികാരബോധം വേണ്ടുവോളം ഉണ്ട്.
അനുഷ്ഠാനമെന്ന നിശിത ചട്ടത്തിനുള്ളിൽ അവനെടുത്ത തൊഴിലിന് അർഹിക്കുന്നതിലും കുറഞ്ഞ കൂലികൊടുത്ത് ചൂഷണം ചെയ്യുന്നുമുണ്ട്. അതേസമയം മലയനേക്കാളും വണ്ണാനേക്കാളും അധികം അയിത്തവും അകലവും ഞങ്ങൾക്ക് കല്പിച്ചു ഭിന്നിപ്പിച്ചു ഭരിക്കലിന്റെ സൂത്രവാക്യം അവർ ഭംഗിയായി നിർവഹിച്ചു. എന്തുകൊണ്ട് ഞങ്ങൾ മാത്രമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തന്നില്ല. പണ്ടുമുതലേയുള്ള ആചാരമെന്ന ഒഴുക്കൻ മറുപടിയിൽ ഞങ്ങളുടെ പ്രതിഷേധങ്ങളെ ഊതിക്കെടുത്തി. മലയനും വണ്ണാനുമില്ലാത്ത എന്ത് അയോഗ്യതയാണ് ഞങ്ങൾക്കെന്നു ചോദിച്ചപ്പോൾ "നിങ്ങളുടെ അപ്പനപ്പൂപ്പന്മാർ വൃത്തിയില്ലാത്തവരായിരുന്നു" എന്ന ബാലിശമായ മറുപടി പോലും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഈ വൃത്തിയില്ലാത്തവരായിരുന്നല്ലോ തെയ്യമായിട്ടുറഞ്ഞു തറവാട്ടിലെ കുഞ്ഞുകുട്ടിക്കിടാങ്ങൾക്ക് ഭൂതിമത്തായൊരു ഭാവിയെ നേർന്നത്!
ചന്ദ്രഗിരി മുതൽ കരിച്ചേരി വരെ നീളുന്ന, എടനീരും ബോവിക്കാനവും ചെങ്കളയും മാങ്ങാടും ഒക്കെ ഉൾപ്പെടുന്ന വിശാലമായ ചെറുജന്മാവകാശമുള്ള ഞങ്ങൾക്ക് കളിയാട്ടസ്ഥലങ്ങളിൽ കൂടെക്കിട്ടുക മലയൻ, വണ്ണാൻ സമുദായക്കാരെയാണ്. മൂന്നുകൂട്ടർക്കും തെയ്യമുള്ള സ്ഥലങ്ങളിൽ ഞങ്ങൾക്ക് മിക്കയിടത്തും മുറ്റത്തിന് പുറത്തായിരിക്കും തെയ്യം. രണ്ടുകൂട്ടരായാലും ഞങ്ങൾക്ക് മാത്രമേയുള്ളുവെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. സ്ഥലപരിമിതിയുടെ കാര്യം പറഞ്ഞു കളിയാട്ടസ്ഥലത്ത് ഞങ്ങളെ പുറത്താക്കിയവർ തന്നെ വിശാലമായ മുറ്റം ഒഴിഞ്ഞുകിടക്കുമ്പോഴും ഞങ്ങളെ അവഗണിച്ചു. ചിലയിടങ്ങളിൽ രണ്ടു തട്ടിലായോ ഇടങ്ങളിലായോ ആയിരിക്കും തെയ്യങ്ങളുടെ സ്ഥാനം. മലയരുടെ വിഷ്ണുമൂർത്തിയും രക്തേശ്വരിയും മേലെ താനത്തിലും ഞങ്ങളുടെ കുറത്തിയും ചാമുണ്ഡിയും പടിപ്പുരയ്ക്കിപ്പുറം താഴെയുമായിരിക്കും കെട്ടിയാടുന്നത്. ഞങ്ങളുടെ മുറ്റത്തിന് ചിലപ്പോൾ പന്തൽ പോലും കാണില്ല. മാങ്ങാട്ട് ഒരു തീയ്യ തറവാട്ടിൽ ഞങ്ങൾക്കും മലയസമുദായത്തിനും തെയ്യമുണ്ടായിരുന്നു. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടിയ ഞങ്ങൾ മുറ്റത്തിന് അകത്ത് ആടിക്കോട്ടെ എന്ന് തറവാട്ടുകാരോട് ചോദിച്ചു. ആദ്യം ഞങ്ങളുടെ ആവശ്യത്തോട് മുഖം തിരിച്ചെങ്കിലും ഞങ്ങൾ അല്പം രൂക്ഷമായി പ്രതികരിച്ചപ്പോൾ അവർ സമ്മതിച്ചു. പക്ഷേ വിഷ്ണുമൂർത്തിക്കും ചാമുണ്ഡിക്കും മുറ്റം രണ്ടായി പകുത്ത് നടുവിൽ വാഴപ്പോളകൾ നിരത്തി വെച്ച് അതിർത്തി വരഞ്ഞു.
ബ്രാഹ്മണരുടെയും ബല്ലാക്കന്മാരുടെയും തറവാടുകളിൽ എല്ലാ വിഭാഗങ്ങൾക്കും മുറ്റത്തിന് പുറത്താണ് തെയ്യം. ക്ഷേത്രങ്ങളിൽ ആണെങ്കിൽ തെയ്യങ്ങൾക്ക് പ്രത്യേക താനം (സ്ഥാനം) ഉണ്ടാവും. ഞങ്ങളുടെ തെയ്യങ്ങൾക്ക് ക്ഷേത്രത്തിൽ നിന്നും മീറ്ററുകൾക്കിപ്പുറം ആയിരിക്കും സ്ഥാനം. ക്ഷേത്രത്തിലെ ദേവതയോട് തെയ്യം വാക്കുരി നടത്തുന്ന പൂജാവേളയിൽ തെയ്യം പുറത്തു നിൽക്കുകയാവും. തന്ത്രി പൂമാലയും കുറിയും തീർത്ഥവും പുറത്തേക്ക് കൊണ്ടുവന്ന് തെയ്യത്തിനൊപ്പമുള്ള പരികർമ്മികളെ ഏൽപ്പിക്കും. നിത്യപൂജയുള്ള ക്ഷേത്രങ്ങളിൽ തെയ്യംകെട്ട് നടക്കുമ്പോൾ തീണ്ടിക്കൂടായ്മ സ്പഷ്ടമായി കാണാം. മടിക്കൈ മാടത്തിലെ കളിയാട്ടം കഴിഞ്ഞാൽ ദളിതർ പ്രവേശിച്ച തെയ്യമുറ്റവും ക്ഷേത്രപരിസരങ്ങളും ചാണകം തളിച്ച് ശുദ്ധിയാക്കുന്ന ഏർപ്പാടുണ്ടത്രെ!
മടിക്കൈ മാടത്തിൽ രണ്ടു തട്ടിലായാണ് ദേവതകളുടെ സ്ഥാനവും മലയ-വണ്ണാൻ വിഭാഗങ്ങളുടെ തെയ്യക്കളവും. ഇരുവിഭാഗങ്ങളുടെ തെയ്യങ്ങൾ ഒരപ്രഖ്യാപിത വിലക്കുള്ളത് പോലെ പരസ്പരം അങ്ങോട്ടോ ഇങ്ങോട്ടോ പോവാറില്ലായിരുന്നു. കുറച്ചുവർഷം മുൻപ് മലയൻ കെട്ടിയ വിഷ്ണുമൂർത്തി തെയ്യം പടിയിറങ്ങി വണ്ണാന്‍റെ തെയ്യമാടുന്ന ക്ഷേത്രമുറ്റത്തേക്ക് പ്രവേശിക്കാനൊരുങ്ങി. പ്രവേശന വഴിയിൽ വിഷ്ണുമൂർത്തിയെ തെയ്യവും പരിവാരങ്ങളും തടഞ്ഞു. പതിവില്ലാത്ത വരവിനെ വിലക്കി വണ്ണാൻ കെട്ടിയ വേട്ടക്കൊരുമകൻ ചോദ്യം ചെയ്തപ്പോൾ വിഷ്ണുമൂർത്തി തിരിച്ചൊരു ചോദ്യമെറിഞ്ഞു- മൂന്നുലോകവും അളന്ന ഭഗവാൻ മടിക്കൈ മാടം വിട്ടിട്ടല്ലല്ലോ അളന്നത്?! അന്നുമുതൽ തെയ്യത്തിന്റെ വിലക്ക് നീങ്ങിയെന്നു പറയപ്പെടുന്നു.
ഞങ്ങളോടുള്ള അയിത്തവും വിവേചനവും ചോദ്യം ചെയ്താൽ കിട്ടാറുള്ള മറുപടി അത് കാലങ്ങളായി തുടരുന്ന ആചാരമെന്നാണ്. എന്താണ് ആ ആചാരത്തിന്റെ അടിസ്ഥാനം എന്ന് ചോദിച്ചാൽ ഉത്തരം പറയാതെ "തെയ്യത്തിനല്ലേ വിലക്കുള്ളൂ, നിങ്ങൾക്ക് കേറാമല്ലോ" എന്ന മറുചോദ്യമായിരിക്കും വരിക. മനുഷ്യനില്ലാത്ത എന്ത് അയിത്തമാണ് തെയ്യത്തിനുള്ളത് എന്ന് ചോദിച്ചാലോ, " അതൊക്കെ വിശ്വാസത്തിന്റെ ഭാഗമല്ലേ" എന്നാവും അവസാനവാക്ക്. അയിത്തത്തിനും തീണ്ടിക്കൂടായ്മയ്ക്കും വിശ്വാസത്തിന്റെ ലേബൽ ഒട്ടിച്ചാൽ പിന്നെ പറയാനില്ലല്ലോ.
ഇത് അയിത്തമാണ് എന്നവർ ഒരിക്കലും സമ്മതിച്ചു തരില്ല. ഈയടുത്ത കാലം വരെ പലയിടത്തും തെയ്യത്തിനെന്ന പോലെ തെയ്യക്കാർക്കും മുറ്റത്തേക്ക് പ്രവേശനമില്ലായിരുന്നു. പലയിടങ്ങളിലായി ലംഘിച്ചു ലംഘിച്ചാണ് ആ വിലക്കിനെ ഞങ്ങൾ മറികടന്നത്. ഇപ്പോഴും പ്രവേശന വിലക്കുള്ള സ്ഥലങ്ങളുണ്ട്. തെയ്യം നടക്കുന്ന ദിവസം നടുമുറ്റത്തേക്ക് ഞങ്ങൾ പ്രവേശിച്ചു കൂട. പിൻവശത്തേക്ക് പോകണമെങ്കിൽ മുറ്റത്തിന്റെ വശങ്ങളിലൂടെ കയറണം. തറവാടിന്റെ പിന്മുറ്റത്ത് കസേരയിട്ടാണ് മറ്റുതെയ്യക്കാർക്ക് ഭക്ഷണം വിളമ്പിയതെങ്കിൽ ഞങ്ങൾക്ക് മുറ്റത്തിന് പുറത്തായിരുന്നു ഭക്ഷണം. അക്കാര്യങ്ങളിലൊക്കെ മാറ്റം വന്നെങ്കിലും ചിലയിടത്ത് പഴയപടി തുടരുന്നുണ്ട്.
എടനീർ ഭാഗത്തെ തീയ്യരുടെ തറവാട്ടിൽ രണ്ടുവർഷം മുൻപത്തെ ഒരനുഭവമുണ്ട്. രാത്രി പന്നിക്കുളത്ത് ചാമുണ്ഡിയുടെ പുറത്തട്ട് ഒരുക്കാനുള്ള പണിയിലായിരുന്നു ഞാനും മറ്റു രണ്ടുപേരും. ഞങ്ങളുടെ അണിയറ തറവാടിന് മുന്നിലെ കവുങ്ങിൻ തോട്ടത്തിൽ അലക്കുകല്ലിന് ചേർന്ന് വൃത്തിഹീനമായ ഒരു സ്ഥലത്തായിരുന്നു. മഴയും പെയ്തതോടെ അവിടെ ഒരു പണിയും നടക്കില്ലെന്നായപ്പോൾ ഞങ്ങൾ അണിയലങ്ങളെടുത്ത് തറവാടിന്റെ മുറ്റത്തേക്ക് കയറി. അന്നേരം ആ തറവാട്ടിലെ പ്രധാനിയായ സ്ഥാനികൻ ഞങ്ങളെ ശകാരിച്ചു മുറ്റത്തിന് പുറത്ത് പോകാൻ പറഞ്ഞു. അന്ന് പ്രതികരിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. ഇതേ തറവാട്ടിൽ കഴിഞ്ഞവർഷം കൊറോണ കാരണം തെയ്യം മുടങ്ങിയപ്പോൾ സഹായധനം തരാൻ ക്ഷണിച്ചതനുസരിച്ച് ഞങ്ങളുടെ കൂട്ടത്തിലെ മൂന്നുപേർ അവിടെച്ചെന്നു. അവർക്ക് ഞങ്ങളോടുള്ള സമീപനവും പെരുമാറ്റവും വേറെത്തന്നെയായിരുന്നു. സഹായധനം സ്വീകരിക്കാൻ ക്ഷണിക്കപ്പെട്ട ഇവർ നേരത്തെ എത്തിയതിനാൽ പടിപ്പുരയിൽ കയറി ഇരുന്നു. അതവർക്ക് ഇഷ്ടപ്പെട്ടില്ല. നിങ്ങൾ പടിപ്പുരയിൽ കയറി ഇരിക്കാൻ പാടുണ്ടോ എന്ന് ചോദിച്ചു ശകാരിച്ചാണ് വിട്ടത്. അതേസമയം മലയസമുദായത്തിലെ പണിക്കർ പടിപ്പുരക്കകത്ത് നിന്നും സഹായധനം സ്വീകരിച്ചു മടങ്ങി.
ഞങ്ങളോട് കാണിക്കുന്നത് തികഞ്ഞ അയിത്തമാണെന്ന് വെളിവാക്കുന്ന കാര്യങ്ങൾ വേറെയുമുണ്ട്. അത് അണിയറ മുതൽ തുടങ്ങുന്നു. ഞങ്ങൾക്ക് മിക്കയിടത്തും മുറ്റത്തിന് പുറത്തൊരു മൂലയിൽ അൽപ്പം ദൂരെയായിരിക്കും അണിയറ ഒരുക്കുന്നത്. ചിലയിടത്ത് അതിനെ അണിയറ എന്നൊന്നും വിളിക്കാൻ പറ്റില്ല. നാല് തൂണിന്മേൽ മെടയാത്ത ഓല നിരത്തിയിട്ട പന്തൽ. പരവനടുക്കത്തെ ഒരു തെയ്യംകെട്ടിന് ഞങ്ങളുടെ അണിയറ കണ്ട് " ഇതെന്താ ചപ്പ് ഒണക്കാനിട്ട പന്തലോ ?" എന്ന് പൊട്ടൻ തെയ്യം ചോദിച്ചത് ഇപ്പോഴും മനസ്സിൽ തറച്ചുനിൽപ്പുണ്ട്. അണിയറക്ക് മറയില്ലാത്തതിനാൽ കരിച്ചേരിയിൽ ഞങ്ങൾ അണിയലങ്ങൾ തറവാട്ട് മുറ്റത്ത് വെച്ച് കുത്തിയിരുന്ന് പ്രതിഷേധിച്ചിട്ടുണ്ട്. അതേസമയം മറ്റേ വിഭാഗത്തിന്റെ അണിയറ മെടഞ്ഞ ഓലകെട്ടി മനോഹരമായി ഒരുക്കിയതുമായിരുന്നു.
ഞങ്ങളുടെ തെയ്യത്തിനിരിക്കാൻ തരുന്ന പീഠത്തിന്റെ കാര്യത്തിലുമുണ്ട് വിവേചനം. പഴയതും പകിട്ടില്ലാത്തതും ഞങ്ങൾക്കായിരിക്കും. 'അത്രേം മതി' എന്ന മട്ടിൽ ഞങ്ങളുടെ തെയ്യമാടാനുള്ള സ്ഥലം കാര്യമായ മിനുക്ക് പണി ഇല്ലാത്തതായിരിക്കും. ഞങ്ങളുടെ പന്നിക്കുളത്ത് ചാമുണ്ഡിക്കും കുണ്ടാർ ചാമുണ്ഡിക്കും ഒരുക്കിത്തരുന്ന മേലേരി മിക്കവാറും ചരൽ നിറഞ്ഞ നിലത്തായിരിക്കും. കനൽ വാരിക്കൂട്ടുമ്പോൾ ചുട്ടുപഴുത്ത ചരൽക്കല്ലുകളും മേലേരിക്കൊപ്പം കുന്നുകൂടും. കനലിനെക്കാൾ അപകടകാരിയാണ് ഈ തീക്കല്ല്.
ഞങ്ങളുടെ തെയ്യത്തിനുള്ള വാളും മണിയും മറ്റായുധങ്ങളും മുറ്റത്തിന്റെ അതിര്കല്ലിൽ വാഴയില വെച്ച് അതിന്മേലാണ് കൊണ്ടുവന്ന് വെയ്ക്കുക. ഞങ്ങൾ അതെടുത്ത് തെയ്യത്തിനു നൽകും. ചടങ്ങു കഴിഞ്ഞാൽ ആയുധങ്ങൾ തിരിച്ചു വാഴയിലയിൽ വെക്കും. പൂജാരി അതിൽ വെള്ളം തളിച്ച് ശുദ്ധിവരുത്തി എടുത്ത് പള്ളിയറയിൽ വെക്കും. ചാമുണ്ഡി, ധൂമാവതി തെയ്യങ്ങൾക്ക് പന്നിരൂപത്തിലുള്ള ഓട്ടിന്റെ മുഖം വെക്കാറുണ്ട്. ഈ മുഖം അഴിച്ചുകഴിഞ്ഞാൽ നിലത്തുവെച്ചു അതിന്മേൽ ഒരുകുടം വെള്ളമൊഴിച്ച് ഒരു കോൽത്തിരിയും കത്തിച്ചു ശുദ്ധിയാക്കിയ ശേഷമേ അകത്തേക്കെടുക്കൂ. തെയ്യത്തിനു വെള്ളം കൊടുത്ത കിണ്ടിയും ബാർണ്ണയ്ക്ക് അവിലും മലരും കൊണ്ടുവച്ച ചെമ്പുപാത്രവും ഉള്ളിലേക്കെടുക്കാനും ശുദ്ധിയാക്കൽ നിർബന്ധമാണ്. മഞ്ഞക്കുറിത്തട്ടിനൊപ്പം പിടിക്കുന്ന ഭണ്ഡാരം പക്ഷെ യാതൊരു ശുദ്ധിയും കൂടാതെ അകത്തേക്ക് കൊണ്ടുപോവുകയും ചെയ്യും.
മഞ്ഞക്കുറിയും അനുഗ്രഹവും പുറത്താണ്. തുലാഭാരവും മറ്റുനേർച്ചകളും മുറ്റത്ത് നടക്കുമ്പോൾ തെയ്യം മുറ്റത്തിന് പുറത്ത് ഇതൊക്കെ കൈക്കൊള്ളും. അതിരിനിപ്പുറം അവരുടെ സങ്കടങ്ങൾ കേട്ട് വാക്കുരി കൊണ്ട് ചേർത്തുപിടിക്കും. അവരുടെ ദേവതയാവാൻ തുളുവും പച്ചമലയാളവും മതിയെന്ന ബോധ്യത്തിൽ സംസ്കൃതത്തെ തിരസ്കരിച്ച തെയ്യങ്ങളാണ് ഞങ്ങളുടേത്. അതുകൊണ്ട് തന്നെ മുറ്റത്തേക്ക് പടരാൻ ആവാത്ത പച്ചപ്പായി തെയ്യം മതിലിനിപ്പുറം തഴച്ചു.
(തുടരും)