TMJ
searchnav-menu
post-thumbnail

Outlook

ഇണ്ടിയേൽക്കുന്നവരുടെ ഇണ്ടലുകൾ

24 Oct 2021   |   1 min Read
സുധീഷ് ചട്ടഞ്ചാൽ

PHOTO:PRASOON KIRAN

'മതിലിനു പുറത്തായ ദൈവങ്ങള്‍' ലേഖനപരമ്പരയുടെ അവസാന ഭാഗം

ലേഖനം വായിക്കുന്നതിനൊപ്പം കേള്‍ക്കാം

ഞ്ചുരുളിത്തെയ്യം മുടിയഴിക്കുമ്പോൾ അരിയോ പൂവോ അല്ല ഉച്ചിയിലർപ്പിക്കുന്നത്. പകരം വാഴപ്പോള അരിഞ്ഞിട്ടതും തെച്ചിയിലയും മാവിലയും നുറുക്കിയിട്ടതും ചേർത്തുള്ള 'ഇണ്ടി'യാണ്. പതിനാറിനം ഇലകൾ വേണം ഇണ്ടിക്ക്. പക്ഷെ ലഭ്യമായ രണ്ടോ മൂന്നോ തരം ഇലകൾ വെച്ച് ഒപ്പിക്കും. ഇവിടെ ഒട്ടുമിക്ക തെയ്യങ്ങൾക്കും അന്തർധാനം ചെയ്യുമ്പോൾ ചെക്കിപ്പൂവിട്ട പച്ചരിയാണ് തൊഴുതെറിയേണ്ടത്. തുളുവർക്കിടയിൽ ഏറ്റവും അധികം കെട്ടിയാടപ്പെടുന്ന പഞ്ചുരുളിക്കും കോമറായ ചാമുണ്ഡിക്കും ചില ധൂമാവതി തെയ്യങ്ങൾക്കും ഒഴിച്ച് മറ്റൊരു തെയ്യത്തിനും ഇണ്ടി കൊടുക്കുന്നതായി അറിവില്ല. മേൽ ലോകത്ത് നിന്നും കീഴ് ലോകത്തേക്ക് വരുമ്പോൾ ഇന്ദ്രാതി ദേവന്മാർ തങ്ങളെ വരവേൽക്കാൻ പുഷ്പവൃഷ്ടി നടത്തിയതിന്റെ സൂചകമായാണത്രെ പച്ചരി പൂവായി സങ്കൽപ്പിച്ച്  ഉച്ചിയിലെറിയാൻ തെയ്യം ഭക്തരോട് പറയുന്നത്. കാലമാകുന്ന കലിയുഗത്തിൽ തെച്ചി-മന്ദാരം-മുല്ല-പിച്ചി-ചെന്താമര തുടങ്ങിയ ദിവ്യകുസുമങ്ങൾ ലഭിക്കുക അസാധ്യമാണെന്നും പകരം അന്നമാകുന്ന പച്ചരിയെ പൂവായി കരുതിക്കോളാനും തെയ്യം ആവശ്യപ്പെടുന്നുണ്ട്. ഏതാണ്ട് ഇതേ കാരണമാണ് ഇണ്ടിക്കു പിന്നിലും പറയപ്പെടുന്നത്. പക്ഷെ പൂവായി സങ്കല്പിക്കേണ്ടത് പച്ചരിയെ അല്ല. പൂവ് പറിഞ്ഞ ഉടലിൽ നിന്നും ഇലയെ കൈക്കൊള്ളാനാണ് പഞ്ചുരുളി പറയുന്നത്. കഥയെന്തെങ്കിലുമാകട്ടെ, അരി എറിഞ്ഞുകളയാനുള്ളതല്ല എന്ന ബോധ്യത്തിനോളം മൂല്യമുള്ള മറ്റെന്താണ് തെയ്യം ഇതിലൂടെ സംവദിക്കുന്നത്!

അരിയെപ്പോഴും അടിസ്ഥാനജനതയുടെ ജീവിതപ്രശ്നമായിരുന്നു. ഓരോ മണിയിലും ഒരായുസ്സിന്റെ ചേറ് പൊതിഞ്ഞ ജീവിതം താണ്ടിയവർക്ക് അരിയോളം മൂല്യമുള്ള മറ്റൊന്നും ഉണ്ടാവില്ല. അരിയെറിഞ്ഞു അനുഗ്രഹിക്കുന്ന രീതി മിക്ക തുളു തെയ്യങ്ങൾക്കുമില്ല. ഇവിടെ കെട്ടിയാടപ്പെടുന്ന ഞങ്ങളുടെ തെയ്യങ്ങളാവട്ടെ  മറ്റുള്ളവരെ കണ്ട് അനുകരിച്ചു തുടങ്ങിയതാവണം ഈ ഏർപ്പാട്. തെയ്യത്തിന്റെ ബാർണ്ണയ്ക്കും മറ്റും വാഴയിലയിൽ ഇട്ടുവെയ്ക്കുന്ന പച്ചരിയും പുഴുക്കലരിയും ചാക്കിലേക്ക് മാറ്റി ഇടാനുള്ള ചുമതല പലപ്പോഴും കുട്ടികളെയാണ് ഏൽപ്പിക്കുക. ഇലയോടെ എടുത്ത് ചാക്കിലിടാൻ നേരം എങ്ങാനും അരിമണികൾ ഊർന്ന് നിലത്തുവീണാൽ മൂത്തവർ ശകാരിക്കും. 'കളയല്ല മോനെ, ഇതേ വീട്ടിലെത്തൂ' എന്ന് ആവർത്തിച്ചു പറയും. അരിയാണ് ദൈവമെന്ന് ഞങ്ങൾക്ക് തെയ്യക്കളത്തിൽ നിന്നേ ബോധ്യപ്പെടും. അത്രമാത്രം സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിന്നുമായിരുന്നു ഇവിടത്തെ തെയ്യക്കാരൻ കളത്തിൽ ദൈവമായി പരുവപ്പെട്ടിരുന്നത്. 

തെയ്യമാവുമ്പോഴുള്ള വീര്യത്തിനും വിമോചനത്തിനുമപ്പുറം കോലമഴിക്കുമ്പോഴുള്ള അനുഷ്ഠാന അടിമത്തം മിക്കവരെയും അടക്കിനിർത്തുന്നുണ്ട്. അതുകൊണ്ടാണ് ഭരണഘടനാപരമായ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോഴും മറുത്ത് പറയാനാവാത്ത വിധം പലരും മൗനികളാവുന്നത്. ചിലരാവട്ടെ ജാതിയില്ലെങ്കിൽ തെയ്യമില്ല എന്ന വാദത്തിൽ ശരിപ്പെട്ട് അതിനെ പിന്താങ്ങുകയും ചെയ്യും. നിസ്വജനതയെ സമത്വപ്പെടുത്താനുള്ള ഉയിർപ്പിന്റെ രാഷ്ട്രീയം മുന്നോട്ട് വെച്ച തെയ്യങ്ങൾക്ക് ജാതിയാൽ തന്നെ വേലിതീർക്കാൻ തെയ്യക്കാരൻ കൂട്ടുനിൽക്കുന്നത് അപകടകരമാണ്. ജാതീയതയും വിവേചനവും പ്രോത്സാഹിപ്പിക്കാനുള്ള ഒരു ബാധ്യതയും തെയ്യത്തിന് ഇല്ലാതിരുന്നിട്ടും തെയ്യമുള്ളത് കൊണ്ടാണ് വടക്കൻ കേരളത്തിൽ ജാതീയത നിലനിൽക്കുന്നത് എന്ന് വാദിക്കുന്നവരുമുണ്ട്. സംവരണമുള്ളത് കൊണ്ടാണ് ഇന്ത്യയിൽ ജാതീയത നിലനിൽക്കുന്നത് എന്ന വാദം ഇതിന്റെ മൂത്തേട്ടനായി വരും.

പഞ്ചുരുളി തെയ്യം | Photo:nabin odayanchal

അയിത്തവും വിവേചനവും ഉണ്ടെന്ന് അംഗീകരിക്കലാണ് അത് പരിഹരിക്കുന്നതിനുള്ള ആദ്യപടി. അല്ലാതെ മുട്ട്ന്യായങ്ങൾ പറഞ്ഞു വിഷയം വഴിതിരിച്ചു വിടലല്ല. നിർഭാഗ്യവശാൽ തെയ്യക്കാരിൽ വിവേചനം അനുഭവിക്കുന്നവരല്ലാതെ മറ്റുള്ളവരിൽ നല്ലൊരു വിഭാഗവും ഇതിനെ മാനസികമായി പിന്തുണയ്ക്കുകയും തുടർന്നുപോരേണ്ടത് അനുഷ്ഠാനപരമായ അനിവാര്യതയാണ് എന്നു ചിന്തിക്കുന്നവരുമാണ്. തെയ്യക്കാരുടെ ഐക്യപ്പെടലെന്നാൽ അണിയലക്കൈമാറ്റങ്ങളിലെ സൗഹൃദമെന്നാണ് പലരും കരുതിപ്പോരുന്നത്. ജാതിവിവേചനവും മാന്യമായ കോള് നിഷേധവും അവരവരുടെ പ്രശ്നം മാത്രമായി ഒതുക്കപ്പെട്ടു. കണ്ണൂരിൽ അപൂർവ്വം ചിലയിടങ്ങളിൽ വിവേചനത്തിനെതിരെ തെയ്യക്കാർ ഒരുമിച്ച് പ്രതികരിച്ചത് പറഞ്ഞു കേട്ടിട്ടുണ്ട്. കാസറഗോഡ് പക്ഷെ ഒരുമിച്ചു പ്രതികരിച്ചിട്ടില്ലെന്നു മാത്രമല്ല,  ഞങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ തെയ്യം പുറത്തുനിൽക്കേണ്ടത് തറവാട്ടുകാരുടെ മാത്രം ആവശ്യമായിരുന്നില്ല. തെയ്യത്തെ മുറ്റത്തിനകത്ത്  കെട്ടിയാടിക്കാൻ ചില തറവാട്ടുകാർ തയ്യാറായ സന്ദർഭങ്ങളിൽ അതിന് തടയിട്ട് 'കീഴ് വഴക്കങ്ങൾ തെറ്റിക്കേണ്ടതില്ലെന്നു'  പറഞ്ഞുകൊണ്ടിരുന്നത് ലോകൈക നാഥനായ വിഷ്ണുമൂർത്തിയാണ്. പറഞ്ഞത് തെയ്യമായതിനാൽ ചോദ്യം ചെയ്യപ്പെടാതെ അതൊക്കെയും തുടർന്നുപോന്നു.

ആചാരങ്ങൾ അത്രയാഴത്തിൽ ഉറഞ്ഞുപോയ ആഗ്നേയശിലകളൊന്നുമല്ല. അത് കാലോചിതമായി പരിഷ്കരിക്കപ്പെടാനുള്ള സാമൂഹ്യ നേർച്ചയാണ്.
ആവശ്യമുള്ളത് തിരുത്തിയും ആവശ്യമില്ലാത്തതിനെ തുരത്തിയും തന്നെയാണ് സമൂഹം മുന്നോട്ട് വന്നിട്ടുള്ളത്. പുരോഹിതവർഗ്ഗത്തിന് അവരുടെ ഇഷ്ടാനുസരണം എന്ത് വിട്ടുവീഴ്ചയും ചെയ്യാമെന്നും തെയ്യക്കാരൻ കല്പിത ക്രമത്തിൽ നിന്നും കടുകിട തെറ്റരുതെന്നും പറയുന്നതിലെ വൈരുദ്ധ്യം ജാതിയുടെ അധികാരപ്രയോഗം തന്നെയാണ്. 

കാസറഗോഡ് നഗരത്തിലെ നൽക്കദായക്കാരനായ തെയ്യക്കാരൻ പറഞ്ഞ ഒരനുഭവമുണ്ട്. അദ്ദേഹത്തിന് തെയ്യക്കാലം കഴിഞ്ഞാൽ മരം മുറിക്കലാണ് ജോലി. ഒരിക്കൽ കാസറഗോട്ടെ ഒരു ബ്രാഹ്മണ കുടുംബത്തിന്റെ അധീനതയിലുള്ള നാഗപ്രതിഷ്ഠയ്ക്കുമേൽ മരം കടപുഴകി വീണു. നാഗത്തറയുടെ ചുറ്റുമതിലിന് പുറത്തെ മരമാണ് മതിലിന് മുകളിലൂടെ തറയിലേക്ക് ചെരിഞ്ഞുവീണത്. മരം മുറിക്കാനായി അവർ ഈ തെയ്യക്കാരനെ വിളിച്ചു. അയാൾക്ക് ചുറ്റുമതിലിന് അകത്തേക്ക് പ്രവേശിച്ചുകൂടാ. മരം മുറിച്ചുമാറ്റണമെങ്കിൽ അകത്ത് കേറിയെ പറ്റൂ. തെയ്യക്കാരൻ പണിയായുധങ്ങൾ എടുത്ത് തയ്യാറായി.
"അകത്ത് കേറാതെ ഇത് അടിയേ മുറിച്ച് പുറത്തുനിന്നും പൊക്കിയെടുക്കാൻ പറ്റുമോ?"
നമ്പൂതിരി ചോദിച്ചു.
"ഞാൻ ക്രെയിനല്ല ഭ‌ട്രേ"
അകത്തുകേറാതെ മരം മുറിക്കാൻ പറ്റില്ലെന്ന് തെയ്യക്കാരൻ ഉറച്ചു പറഞ്ഞു. നമ്പൂതിരിക്ക് അനുവദിക്കാൻ നിർവാഹവുമില്ല. തെയ്യക്കാരൻ തന്റെ മരംമുറി യന്ത്രവും മഴുവും കയറും പെട്രോളും ഒക്കെ പുറത്തുവെച്ചിട്ട് വിനയാന്വിതനായി.
"ഇതാ സാധനങ്ങളെല്ലാമുണ്ട്. നിങ്ങള് തന്നെ മരം മുറിച്ചോ."
നമ്പൂതിരി കുഴങ്ങി.
"അല്ലാ, നിങ്ങളെ കൂട്ടർ അകത്ത് കേറരുതെന്നാണ് രാശിക്കാരൻ പറഞ്ഞത്"
"എന്നാ അയാള് മുറിക്കട്ടെ"
തെയ്യക്കാരൻ വിട്ടില്ല.
ഒടുക്കം വീട്ടുകാരോട് ആലോചിച്ച ശേഷം നമ്പൂതിരി ഒന്നയഞ്ഞു.
"എന്നാപിന്നെ അകത്ത് കേറി മുറിക്കട്ടെ അല്ലേ!"

photo:prasoon kiran

നിവൃത്തിയില്ലെങ്കിൽ താനേ നിവരുന്ന വക്രരേഖകളാണ് ഇവിടത്തെ അയിത്തവും ആചാരവുമൊക്കെ. തെയ്യക്കാരൻ ഒന്ന് നിവർന്നു നിൽക്കണമെന്നേയുള്ളൂ. പക്ഷെ അത്തരം ശ്രമങ്ങൾക്ക് പൊതുജന പിന്തുണ കിട്ടുക അത്ര എളുപ്പമല്ല. പുരോഗമനപരമായി ചിന്തിക്കുന്ന ചെറുപ്പക്കാർ എല്ലായിടത്തും ഇതിനെ പിന്തുണയ്ക്കും. പാരമ്പര്യവാദികളായ കാരണവന്മാർ അത് വിലക്കുകയും ചെയ്യും. തെയ്യക്കാരനെ കേൾക്കാൻ ചെവി തരാതെ കോള് കുറയ്ക്കാൻ മാത്രമുള്ള ചർച്ചകൾക്ക് സമയം മിനക്കെടുത്തുന്ന തറവാട്ടുകാർ ഉന്നയിക്കുന്ന മറ്റുവിഷയങ്ങളോട് അലസമായാണ് പ്രതികരിക്കാറുള്ളത്. വിരലിലെണ്ണാവുന്ന തറവാടുകളിൽ തെയ്യം കളത്തിനകത്തുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. മെച്ചപ്പെട്ട അണിയറ ഒരുക്കിത്തരുന്നവരെയും മറക്കുന്നില്ല. പക്ഷെ അതെപ്പോഴും രണ്ടാം തരം എന്ന പരിഗണനയിലേ ഞങ്ങൾക്ക് കിട്ടാറുള്ളൂ എന്നിടത്താണ് പ്രശ്നം. തെയ്യത്തിന്റെ കോള് തരുമ്പോൾ ആദ്യം മലയൻ/വണ്ണാൻ വിഭാഗത്തിന്, പിന്നെ അതിനെ താരതമ്യപ്പെടുത്തി ഞങ്ങൾക്ക് എന്നതാണ് മിക്കയിടത്തെയും രീതി. ചിലയിടങ്ങളിൽ നിന്നും കോള് വാങ്ങാതെ ഇറങ്ങിവന്നിട്ടുണ്ട്. പക്ഷെ അതിനെ കോള് മാത്രമാണ് ഞങ്ങളുടെ പ്രശ്നം എന്ന മട്ടിൽ ചുരുക്കി കളയും. അണിയറ സൗകര്യവും മറ്റു വിഷയങ്ങളും ഉന്നയിച്ചത് അവഗണിക്കുകയും ചെയ്യും. 'നിങ്ങൾക്ക് തെയ്യം കെട്ടാൻ പോകാതിരുന്നൂടെ'  എന്നാണ് പലരും ചോദിക്കുക. തെയ്യത്തെ ഉപജീവനം കൂടിയാക്കിയവർക്ക് ഈ ചോദ്യം നേരിടുക അത്ര എളുപ്പമല്ല. മെച്ചപ്പെട്ട വിദ്യാഭ്യാസവും ജോലിയും കിട്ടിയാലേ അനുഷ്ഠാന പാരമ്പര്യത്തിന്റെ കെട്ടുപാടുകളെ പൊട്ടിച്ചെറിയാൻ ചിലരെങ്കിലും തയ്യാറാവൂ. കൊറോണക്കാലം തന്ന തിരിച്ചറിവുകൾ ഉപകാരപ്പെടുമോ എന്ന് ഇനിവരുന്ന കളിയാട്ടക്കാലത്ത് കണ്ടറിയണം.

തെയ്യക്കളത്തിൽ ഞങ്ങളോടുള്ള അയിത്തവും വിവേചനവും ഈ വിധം മുൻപ് ചർച്ച ചെയ്യപ്പെട്ടിട്ടില്ല. തെയ്യങ്ങളെക്കുറിച്ചു വിപുലമായി എഴുതപ്പെട്ടെങ്കിലും തെയ്യക്കാരനോടുള്ള അനീതികളോട് സമൂഹം ഏറെക്കുറെ കണ്ണടച്ചു. ഇവിടെ തറവാട്ടുകാർക്കും തെയ്യക്കാർക്കും കൂടിയിരിക്കാനുള്ള പൊതുവേദിയില്ല എന്നത് ഒരു പരിമിതിയാണ്. മൂന്നുവർഷം മുൻപ് മഹാലക്ഷ്മിപുരം അമ്പലത്തിൽ വെച്ചു നടന്ന  ആ പ്രദേശത്തെ വിവിധ തറവാട് പ്രതിനിധികളുടെ യോഗത്തിൽ ക്ഷണിക്കപ്പെട്ട് ഞങ്ങളും പോയിരുന്നു. ആ യോഗത്തിൽ ഇത്തരം വിവേചനങ്ങളെക്കുറിച്ച് വിശദമായി പറയുകയും ചെയ്തു. അന്ന് യോഗത്തിൽ പങ്കെടുത്തവരൊക്കെ ഇക്കാര്യങ്ങളോട് അനുഭാവപൂർവമാണ് പ്രതികരിച്ചതെങ്കിലും തെയ്യക്കളത്തിൽ തൽസ്ഥിതി തുടർന്നു.  കാസറഗോഡ് എല്ലാ തെയ്യക്കാരെയും സംഘടിപ്പിച്ചു ഒന്നിക്കാനുള്ള ശ്രമം മുളയിലേ വേരറ്റുപോയി. തെയ്യക്കാരെ ഒരുമിച്ചിരുത്തി സംസാരിച്ചാൽ തീർക്കാവുന്ന വിഷയമായിരുന്നു തെയ്യക്കോലത്തിൽ നടക്കുന്ന ചില വാക്പോരുകൾ. അനാരോഗ്യകരമായ ചില പ്രവണതകളെ അങ്ങനെയെങ്കിലും തിരുത്താമായിരുന്നു. കോലക്കാരന്റെ നാക്ക് കൊണ്ടാണല്ലോ തെയ്യം സംവദിക്കുന്നത്. മുഖത്തെഴുത്ത് മായ്ച്ച്  'അത് തെയ്യം പറഞ്ഞതല്ലേ' എന്ന് കൈമലർത്തിയാൽ കോലത്തിൽ പറഞ്ഞ വാക്കുണ്ടാക്കിയ മുറിവ് ഉണങ്ങുകയില്ല. അനുഗ്രഹങ്ങളും ആശ്വാസവാക്കുകളും പോലെത്തന്നെ പരിണിത ഫലങ്ങളുള്ളതാണ് തെയ്യത്തിന്റെ ഓരോ വാചാലുകളും. ഒരൊറ്റ ഇംഗ്ലീഷ് വാക്ക് നാവിൽ നിന്നും വീണുപോയതിന് തെയ്യം കെട്ടുന്നതേ വിലക്കിയ നാടാണ് നമ്മുടേത്.

photo:prasoon kiran

തെയ്യം മുന്നോട്ട് വയ്ക്കുന്ന വിമോചന മൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും ജനാധിപത്യത്തിലെ ഒരു പൗരൻ എന്ന നിലയ്ക്ക് തെയ്യക്കാരൻ അർഹിക്കുന്ന രീതിയിൽ പരിഗണിക്കപ്പെടുകയും വേണം. തെയ്യത്തിന്റെ അതിബൃഹത്തായ ജ്ഞാനസമ്പത്തിനെ അനായാസം ഹൃദിസ്ഥമാക്കുന്ന തെയ്യക്കാർ ഭരണഘടനയിലെ ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങളെ വേണ്ടവിധം ഉൾക്കൊണ്ടിട്ടില്ല എന്ന് ചിലപ്പോഴൊക്കെ തോന്നും. നീങ്കളും നാങ്കളുമൊക്കുമെന്ന് പാടിയാൽ മാത്രം പോരല്ലോ. അവകാശങ്ങളെക്കുറിച്ചു ബോധവാന്മാരായിരിക്കുക എന്നത് തന്നെ ഒരു സമരമാണ്. 

ഒരിക്കൽ തെക്കൻ ജില്ലക്കാരനായ ഒരു സുഹൃത്ത് എന്നോട് ചോദിച്ചിരുന്നു, എന്തുകൊണ്ടാണ് നിങ്ങളുടെ പഞ്ചുരുളി ഇത്രയും ഉച്ചത്തിൽ തൊണ്ടകീറി തോറ്റം പാടുന്നത്? അടിവയറ്റിൽ നിന്നേ ശബ്ദമെടുത്ത് ആനയുടെ മദവും പന്നിയുടെ ഗർവ്വും കുതിരയുടെ കുതിപ്പും കടംകൊണ്ട് കളമാകെ നിറഞ്ഞു കളിക്കുന്ന പഞ്ചുരുളി എന്തിനത്രയും ഉച്ചത്തിൽ പാടുന്നു എന്നത് എനിക്കും അത്ഭുതമായിരുന്നു. ശബ്ദമാണ് തെയ്യത്തിന്റെ ഊർജ്ജമെന്ന് പഞ്ചുരുളി നിരന്തരം ഓർമ്മിപ്പിച്ചു. ചെവികൊടുക്കാത്തവരോടുള്ള കലമ്പലായിട്ടാണ് ഞാനതിനെ കേൾക്കുന്നത്. 'ഞങ്ങളെ കേൾക്കൂ' എന്ന് വിവർത്തനം ചെയ്യാവുന്ന വരികളുണ്ടതിൽ നിറയെ. ദൈവത്തിൽ നിന്നും മനുഷ്യനിലേക്കിറങ്ങാൻ ഇലവൃഷ്ടിക്ക് തലകുനിക്കുന്ന തെയ്യക്കാരന്റെ ഇണ്ടലുകൾക്ക് ഇനിയെങ്കിലും നിങ്ങൾ കാതുകൊടുക്കുമോ?

(അവസാനിച്ചു)

Leave a comment