
ലോക രാഷ്ട്രീയ ഗതിയെ പുനർനിർണയിക്കും ഈ പാർട്ടി കോൺഗ്രസ്സ്
PHOTO: WIKI COMMONS
പത്തു കോടിയോളം അംഗങ്ങൾ ഉള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രീയപാര്‍ട്ടിയായ ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയുടെ ഏറ്റവും സമുന്നത സമ്മേളനത്തിനു ഈ ഞായറാഴ്ച ബെയ്‌ജിങ്ങിലെ ടിയാനന്‍മെന്‍ സ്‌ക്വയറിൽ ഉള്ള ഗ്രേറ്റ് ഹാളിൽ തുടക്കം കുറിക്കും. കഴിഞ്ഞ മാസങ്ങളിൽ നടന്ന പ്രാദേശിക പ്രവിശ്യ സമ്മേളനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2296 പ്രതിനിധികൾ ഒരാഴ്ചയോളം നീളുന്ന സമ്മേളനങ്ങളും ചർച്ചകളും നടത്തി അടുത്ത അഞ്ചു വർഷത്തേക്കു രാജ്യത്തിന്റെ സാമ്പത്തിക രാഷ്ട്രീയ പരിപാടികൾ തീരുമാനിക്കുകയും പുതിയ 25 അംഗ പോളിറ്റ് ബ്യുറോയേയും രാജ്യത്തിന്റെ പ്രസിഡന്റിനേയും തീരുമാനിക്കും. ഒരു പക്ഷെ ലോകത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ഗതിയെ തന്നെ പുനര്‍നിര്‍ണയിക്കുന്ന സമ്മേളനമാണ് ഈ ആഴ്ച ബെയ്‌ജിങ്ങിൽ നടക്കുന്നത്.
ഒരു നൂറ്റാണ്ടോളം നീണ്ട,- ചൈനീസ് ഭാഷയിൽ നാണക്കേടിന്റെ നൂറ്റാണ്ട് - ബ്രിട്ടിഷ് കൊളോണിയലിസത്തിന്റെയും ജപ്പാന്റെ അടിമത്വത്തിന്റെയും പിന്നീടുണ്ടായ ആഭ്യന്തരയുദ്ധത്തിനും ശേഷം 1949 ൽ ചെയർമാൻ മാവോയുടെ നേതൃത്വത്തിൽ കമ്യുണിസ്റ്റ് ചൈന രൂപം കൊള്ളുമ്പോൾ ചൈനയിലെ ശരാശരി ആയുർദൈർഘ്യം (ലൈഫ് എക്സ്പെക്റ്റൻസി) വെറും 36 വർഷമായിരുന്നു പത്തു ശതമാനത്തിൽ താഴെ മാത്രം വിദ്യാഭ്യാസമുള്ള ജനത. ഇന്ത്യയുടെ മൂന്നിരട്ടി വലുപ്പം ഉണ്ടെങ്കിലും ഇന്ത്യയുടെ അത്ര കൃഷിയോഗ്യമായ ഭൂമി പോലും ഇല്ലാത്ത പറയത്തക്ക യാതൊരുവിധ ധാതുസമ്പത്തുമില്ലാത്ത നാട്ടിൽ ഏതാണ്ട് അൻപത് കോടിയോളം ജനങ്ങള്‍ ദരിദ്രരായ, അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലാത്ത ഈ രാജ്യം 73 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തിനു തന്നെ മാതൃക ആയ സാമ്പത്തിക സാമൂഹിക സാങ്കേതിക ശക്തിയായി മാറിയതിന് കാരണം ഈ കമ്യുണിസ്റ്റ് പാർട്ടിയും അതിന്റെ നേതൃത്വവും ആണ്. ചൈന ഇന്ന് ആഘോഷിക്കപ്പെടേണ്ട മാതൃക ആണ്. 90% ജനങ്ങൾ പട്ടിണിയിൽ എന്നതിൽ നിന്ന് 70 വർഷത്തെ ഭരണം കൊണ്ട് ദാരിദ്ര്യ നിർമ്മാർജ്ജനം കൈവരിക്കാന്‍ അവർക്ക് സാധിച്ചു!
കമ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തിൽ സഖാവ് ഷി ജിൻപിങ് ഏറ്റവും വലിയ നേട്ടമായി പറഞ്ഞതും ഇതാണ്. 4000 കൊല്ലത്തെ ചൈനയുടെ ചരിത്രത്തിൽ ആർക്കും സാധിക്കാഞ്ഞത് ഞങ്ങൾ സാധിച്ചു, ചൈനയിൽ ദാരിദ്ര്യം ഇല്ലാതാക്കി. ജനങ്ങളുടെ ആയുർദൈര്‍ഘ്യവും ജീവിതനിലവാരവും വിദ്യാഭ്യാസവും ആരോഗ്യവും എല്ലാം വിപ്ലവകരമായ കുതിച്ചു ചാട്ടം ഉണ്ടാക്കി, ഏറ്റവും പ്രധാനം ഇവയെല്ലാം ചൈനീസ് ജനത സാധിച്ചെടുത്തത് ഒരു രാജ്യത്തെയും കോളനി ആക്കാതെയും വേറൊരു രാജ്യത്തെയും ജനതയുടെ തൊഴിൽ ധാതുവിഭവങ്ങൾ കൊള്ളയടിക്കാതെയും ആണ്.

70 വർഷത്തിന് ശേഷം സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ കമ്യുണിസം അവസാനിച്ചു എന്നാഘോഷിച്ചവർക്ക് മുന്നിൽ 73 മത്തെ വര്‍ഷം ചൈനയും അതിനെ നയിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രവും ഏറ്റവും ശക്തമായ അവസ്ഥയിൽ ആണ് എന്നും കാണേണ്ടതുണ്ട്. കേവലദാരിദ്രം പരിപൂർണമായും ഇല്ലാതാക്കിയ പ്രഖ്യാപനത്തിനു ശേഷം നടക്കുന്ന പാർട്ടി കോൺഗ്രസ് എന്ന നിലയിൽ ഈ സമ്മേളനത്തെപ്പറ്റിയും അതിന്റെ പരിപാടികളെപ്പറ്റിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശീതയുദ്ധത്തിനു ശേഷം വീണ്ടും ഒരു മൾട്ടിപോളാർ ലോകക്രമം ചൈനയും റഷ്യയും ഇന്ത്യയും ഒക്കെ ചേർന്ന് സൃഷിക്കുന്നതിനു തുടക്കം കുറിച്ച സാഹചര്യത്തിൽ അമേരിക്കൻ ഗവണ്മെന്റ് ചൈനയെ "ആസന്നമായ ഭീഷണിയായി" കണക്കാക്കി ബൈഡൻ ഭരണകൂടം ദേശീയ സുരക്ഷാ പദ്ധതി പുറപ്പെടുവിക്കുകയും ബ്രിട്ടീഷ് ഗവണ്മെന്റ് ചൈനയെ "ലോകത്തിനു തന്നെ ഭീഷണിയായ രാജ്യം" എന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ, നടക്കുന്ന ഈ സമ്മേളനം ആഗോള രാഷ്ട്രീയത്തിലും വലിയ സ്വാധീനം ചെലുത്തുന്ന തീരുമാനങ്ങൾ എടുക്കാൻ സാധ്യത ഉണ്ട്.
സമ്മേളനപ്രതിനിധികൾ
CPC നാഷണൽ കോൺഗ്രസിൽ 2,296 പ്രതിനിധികൾ പങ്കെടുക്കുന്നു, പത്തു കോടിയോളം വരുന്ന പാര്‍ട്ടിയംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഈ പ്രതിനിധികളുടെ ശരാശരി പ്രായം 52.2 വയസ്സ് ആണ്. 33.6% പ്രതിനിധികൾ വിവിധ വ്യവസായങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്, 11.5% ചൈനയിലെ 40 മത വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്, വാങ് യപിങ് എന്ന ചരിത്രം സൃഷ്ടിച്ച വനിതാ ബഹിരാകാശ യാത്രികയടക്കം 27% പ്രതിനിധികളും സ്ത്രീകളാണ്.
ഈ സമ്മേളനം ചൈനയെ എങ്ങനെ സഹായിക്കും ?
ഏതാണ്ട് എഴുപത് കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കൊണ്ട് പുറത്തെത്തിച്ച പ്രഖ്യാപനത്തിനു ശേഷം നടക്കുന്ന ഈ പാർട്ടി കോൺഗ്രസിൽ ചൈന ഒരു "ഉയർന്ന വരുമാനമുള്ള സമൂഹം"- ഹൈ ഇൻകം സൊസൈറ്റി ആയി മാറുന്നതിനുള്ള രൂപരേഖ പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 15000 ഡോളറിനു മുകളിൽ പ്രതിശീർഷാവരുമാനം ഉള്ള രാജ്യത്തിനെ ആണ് ഹൈ ഇൻകം സൊസൈറ്റി എന്ന് കണക്കാക്കേണ്ടുന്നത്. കോവിഡ് കാലത്തു പോലും അമേരിക്കൻ സാമ്പത്തികവ്യവസ്ഥയുടെ മൂന്നിരട്ടി വേഗതയിൽ വളർന്ന ചൈനീസ് സമ്പത്ത് ഘടന ഈ നേട്ടം നേടുന്നത് ഒരേ സമയം ഒരു മഹത്തായ കാര്യവും അതോടൊപ്പം വലിയ വെല്ലുവിളികളും പാർട്ടിയുടെ മുന്നിൽ വയ്ക്കുന്നുണ്ട്.
മനുഷ്യചരിത്രത്തിൽ ഒരു വലിയ രാജ്യത്തും സംഭവിക്കാത്ത അത്ര സാമ്പത്തിക ഉന്നമനം നേടുമ്പോൾ ആ സമൂഹം സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ നിലനിൽക്കാനും ഉണ്ടാക്കപ്പെടുന്ന സാമ്പത്തിന്റെ നിരന്തരമായ പുനര്‍വിതരണം ഉറപ്പ് വരുത്താനും ഉള്ള കടമ എങ്ങനെ ഉറപ്പ് വരുത്തും എന്നത് ആണ് പ്രധാന ചർച്ച വിഷയം. ഈ വിഷയം കൈകാര്യം ചെയ്യാൻ ഡെങ് സിയാവോപിങ്ങിന്റെ പരിഷ്‌കരണത്തിന്റെ കാലഘട്ടം മുതൽ നിലവിലുള്ള സാമ്പത്തിക-രാഷ്ട്രീയ-സംസ്‌കാരിക-സാമൂഹിക-പാരിസ്ഥിതിക വിഷയങ്ങൾ എന്ന അഞ്ചംഗ സംയോജിത പദ്ധതിയുടെയും ( ഫൈവ്-സ്ഫിയർ ഇന്റഗ്രേറ്റഡ് പ്ലാനിന്റെയും) നാലു പ്രധാന പോയിന്റുകൾ ഉള്ള ഒരു ഫോർ-പോയിന്റ് കോംപ്രിഹെൻസീവ് സ്ട്രാറ്റജിയുടെയും ചട്ടക്കൂടിൽ നിന്നുള്ള ചർച്ചകൾ ആണ് കഴിഞ്ഞ അഞ്ചു പാർട്ടി കോൺഗ്രസുകളിൽ തുടരുന്നത്.

അഞ്ചംഗ സംയോജിത പദ്ധതിയുടെ ചുരുക്കം ഇതാണ്. ഉദാഹരണത്തിന് സാമ്പത്തികമായി ഒരു സമൂഹം വളരെ ഉയർന്ന വേഗതയിൽ വളരുമ്പോൾ ഉണ്ടാകുന്ന അസമത്വം നിരന്തരമായി കുറച്ചുകൊണ്ടുവരുവാൻ വീണ്ടും മാവോയുടെ പാതയിലേക്ക് തിരിച്ചു പോകേണ്ടതുണ്ട് എന്നും അതോടൊപ്പം അത് ലോകത്തിന്റെ തന്നെ ഫാക്ടറി ആയി മാറിയ ചൈനയിലെ വൻകിട ചെറുകിട ഉല്പാദനമേഖലയുടെ ഉല്പാദനശേഷിയെ കുറക്കാതെ, അതിന്റെ വളർച്ചയുടെ വേഗത്തെ കുറക്കാതെ നോക്കുക കൂടി വേണം എന്ന രീതിയിൽ ഉള്ള ചർച്ചകൾ ആണ് കഴിഞ്ഞ വർഷങ്ങളിൽ ചൈനീസ് പാർട്ടിയിലും ജനങ്ങളുടെ ഇടയിലും നടക്കുന്നത്.
Common Prosperity - അഥവാ പൊതുവായ അഭിവൃദ്ധി എന്ന നയം ആണ് പാർട്ടി ഈ കാര്യത്തിൽ മാനദണ്ഡമാക്കുന്നത്. അതായത് തൊഴിൽ നിയമങ്ങൾ ശക്തിപ്പെടുത്തുക, അതോടൊപ്പം ടെക്നോളജിയിൽ നിരന്തരമായി നിക്ഷേപിക്കുക, പൊതുമേഖലയെ നിരന്തരം ആയി ശക്തിപ്പെടുത്തുക എന്നിവ ആണ് പ്രധാന പരിപാടികൾ ആയി മുന്നോട്ടു വച്ചിരിക്കുന്നത്. നിലവിൽ ചൈനീസ് പൊതുമേഖലാ സ്ഥാപനങ്ങളും കമ്പനികളും ആണ് ചൈനീസ് ഉല്‍പാദനത്തിന്റെ ഏതാണ്ടു അറുപത് ശതമാനവും കൈകാര്യം ചെയ്യുന്നത്. ഫോർച്യൂൺ 500 എന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ഞൂറ് കമ്പനികളുടെ ലിസ്റ്റിൽ പെട്ട ചൈനയിലെ നൂറിലധികം കമ്പനികളുടെ 90 ശതമാനവും ഗവണ്മെന്റ് ഉടമസ്ഥതയിൽ ഉള്ള സ്ഥാപനങ്ങൾ ആണ്. ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളിലോ ഇന്ത്യ പോലെയുള്ള മിക്സഡ് സാമ്പത്തിക വ്യവസ്ഥകളിലോ പോലും അത്തരം വൻകിട കമ്പനികളില്‍ 90 ശതമാനം സൗകര്യ മേഖലയിൽ ആയിരിക്കുമ്പോൾ ചൈന ഈ നേട്ടം സ്വന്തമാക്കിയത്. ചൈനീസ് പൊതുമേഖലാ സ്ഥാപനങ്ങൾ ലോകോത്തരമാണെന്ന് മാത്രമല്ല അവയുടെ ഗവേഷണ-വികസന മേഖലയിൽ ഉള്ള ഇൻവെസ്റ്റ്മെന്റ് ആണ് ഈ നേട്ടം നേടിയെടുക്കാനുള്ള കാരണം - ആ നയം തുടരാൻ തന്നെ ആണ് സാധ്യത,
ഈ വേഗത്തിൽ ഉള്ള വികസനം ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ആണ് അടുത്ത ചർച്ചാവിഷയം. കൂടുതലായും ഇലക്ട്രിക്ക് വാഹനങ്ങൾ പ്രോത്സാഹിപ്പിച്ചും കൂടുതൽ വനമേഖല ഉണ്ടാക്കിയും ഒക്കെ നിലവിൽ ചൈന പാരിസ്ഥിതിക വിഷയത്തെ വളരെ ഗൗരവകരമായ തന്നെ കാണുന്നുണ്ട്. സാമ്പത്തിക വളർച്ച എന്നത് ഭൂമിയെ മുറിവേല്പിച്ചുകൊണ്ടു മാത്രം ആകരുതെന്നും അത്തരം വികസനം ക്യാപിറ്റലിസ്റ്റിക്ക് അജണ്ടക്ക് വഴിവെക്കുമെന്നും ചൈനീസ് പാർട്ടി കാണുന്നു.
അമേരിക്കൻ ശക്തിയുടെ പ്രധാന ഘടകം ആണ് അവരുടെ ഹോളിവുഡ്, ഒരു ശത്രു രാജ്യം ആയി പ്രഖ്യാപിച്ച സ്ഥിതിക്ക് ഹോളിവുഡ് വഴി അവർ കയറ്റുമതി ചെയ്യുന്ന അമേരിക്കൻ അജണ്ട എന്തായാലും ചൈനീസ് ജനതയെ കൂടുതൽ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ ആയിരിക്കുമെന്നും അതിനെ അതിന്റെതായ ഗൗരവത്തോടെ കാണേണ്ടതുണ്ട് എന്നും ചൈനീസ് പാർട്ടി മുന്നിൽ കാണുന്നു.
മൂന്നാമത്തേത് സാംസ്‌കാരികമായ പുരോഗതിയും സാമ്പത്തികമായി ഉയർന്ന ഒരു സമൂഹത്തിനു ആവശ്യമായ വിനോദ ഉപാധികൾ ഉണ്ടാക്കി കൊടുക്കുക എന്നതും ആണ്. അൻപത്തിയാറു വംശങ്ങൾ ആണ് ചൈനയിൽ ഉള്ളത്, പ്രധാന വംശമായ ഹാൻ എന്നത് തൊണ്ണൂറു ശതമാനം ജനതയെയും പ്രതിനിധാനം ചെയ്യുന്നുണ്ടെകിലും മറ്റു ചെറിയ വിഭാഗങ്ങളുടെ സാംസ്‌കാരിക പരിപാടികൾ, ആഘോഷങ്ങൾ പ്രോത്സാഹിപ്പിച്ചും ആധുനിക വിനോദ പരിപാടികൾ കൂടുതൽ ആയി പ്രോത്സാഹിപ്പിച്ചും ഇത് നേടിയെടുക്കാം എന്നാണ് അവരുടെ ചിന്ത. അമേരിക്കൻ ശക്തിയുടെ പ്രധാന ഘടകം ആണ് അവരുടെ ഹോളിവുഡ് , ഒരു ശത്രു രാജ്യം ആയി പ്രഖ്യാപിച്ച സ്ഥിതിക്ക് ഹോളിവുഡ് വഴി അവർ കയറ്റുമതി ചെയ്യുന്ന അമേരിക്കൻ അജണ്ട എന്തായാലും ചൈനീസ് ജനതയെ കൂടുതൽ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ ആയിരിക്കുമെന്നും അതിനെ അതിന്റെതായ ഗൗരവത്തോടെ കാണേണ്ടതുണ്ട് എന്നും ചൈനീസ് പാർട്ടി മുന്നിൽ കാണുന്നു. അതിനായുള്ള പരിപാടികൾ ആവിഷ്കരിക്കപ്പെട്ടേക്കാം.
ഏറ്റവും പ്രധാനം കോവിഡ് കാലത്തു കൈക്കൊണ്ട People Over Profit - 'ലാഭത്തേക്കാൾ പ്രധാനം മനുഷ്യ ജീവൻ' എന്ന അജണ്ട മുന്നോട്ടു കൊണ്ടുപോകുക എന്നത് ആണ്. ചൈനയുടെ നാലിലൊന്നു മാത്രം ജനങ്ങൾ ഉള്ള അമേരിക്കയിൽ പോലും പത്തു ലക്ഷത്തിൽ അധികം ആളുകൾ കോവിഡ് മൂലം കൊല്ലപ്പെട്ടപ്പോൾ ചൈനയിൽ ഇതുവരെ അയ്യായിരത്തിൽ താഴെ ആളുകൾ മാത്രം ആണ് കോവിഡ് മൂലം കൊല്ലപ്പെട്ടത്. നിലവിൽ ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ ഉള്ള ഏക രാജ്യം ചൈന ആണ്. അത്തരം നിയന്ത്രണങ്ങൾ രണ്ടു വർഷത്തിൽ അധികം നീണ്ടത് വലിയ ചർച്ച വിഷയം ആയേക്കാം. അത്തരം നിയന്ത്രണങ്ങളിൽ അയവുണ്ടായേക്കാമെങ്കിലും ആ സ്ട്രാറ്റജി ഒരു മോഡേൺ സോഷ്യലിസ്റ്റ് രാജ്യം ഉൾക്കൊള്ളേണ്ട രാഷ്ട്രീയ നയം നിർണ്ണയിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.
മിതമായ സമ്പന്നമായ ഒരു സമൂഹത്തിന്റെ മൊത്തം സമഗ്രമായ വികസനം, അതോടൊപ്പം പരിഷ്കാരങ്ങളുടെ ആഴം കൂട്ടൽ, നിയമാനുസൃതമായ രാജ്യത്തെ ഭരണം, കർശനമായ പാർട്ടി എന്നി നാലു പോയിന്റ് സമഗ്ര തന്ത്രത്തിൽ തന്നെ തുടരണമോ അതോ അത്തരം സ്ട്രാറ്റജിയിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നതും ലോകം ഉറ്റു നോക്കുന്ന വിഷയം ആണ്. സാമ്പത്തികമായി ചൈന വളരുന്നത് പാശ്ചാത്യ രാജ്യങ്ങളെ വളരെ ഭീതിയിൽ ആകുന്നുണ്ട്, അവരുടെ ചൈനയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും അതിനെ എങ്ങനെ നേരിടണം എന്നത് ആണ് ഈ പാർട്ടി കോൺഗ്രസിന്റെ വേറൊരു പ്രധാന വിഷയം.

ഷിൻജിയാങ് - തായ്‌വാൻ എന്നീ രണ്ടു പ്രവിശ്യകളിൽ കേന്ദ്രികരിച്ചാണ് ഇപ്പോൾ അമേരിക്ക ചൈനയെ ആക്രമിക്കുന്നത്. ഷിൻജിയാങ് മുസ്ലീങ്ങളെ ചൈന വംശീയമായി പീഡിപ്പിക്കുന്നു എന്ന നുണക്കഥയുടെ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം ചൈനയിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന തായ്‌വാൻ പ്രവിശ്യയിൽ കഴിഞ്ഞ രണ്ടു വർഷമായി നിരന്തരമായി പ്രകോപനങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. ഷിൻജിയാങ് വിഷയത്തിൽ ആ പ്രവിശ്യയിലെ ജനങ്ങളെ വിശ്വാസത്തിൽ എടുത്തു അവരുടെ സമഗ്ര വികസനം ഉറപ്പ് വരുത്തിയും അതോടൊപ്പം വിഘടനവാദികളെ ശക്തമായി നേരിട്ടും ലോകമാസകലം ഉള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെ വിശ്വാസത്തിൽ എടുത്തും ചൈന നന്നായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ തായ്‌വാൻ അതിലും സങ്കീർണമായ വിഷയമാണ് . തായ്‌വാനിലെ സ്വയംഭരണവും അതോടൊപ്പം ഒരു ദ്വീപ് ആയ തായ്‌വാന്റെ ഭൂമിശാസ്ത്രപാരായ കിടപ്പും ജനങ്ങളിലെ ഒരു വലിയ വിഭാഗത്തിന്റെ ചൈനയോടുള്ള അകൽച്ചയും ചേർന്ന് സങ്കീർണമായ ഈ വിഷയം ബെയ്‌ജിങ് എങ്ങനെ കൈകാര്യം എന്നതിനുള്ള രൂപരേഖ ഈ പാർട്ടി കോൺഗ്രസ് നിശ്ചയിക്കേണ്ടതുണ്ട്.
വേറൊരു പ്രധാന ചർച്ച വിഷയം ടെക്നോളജി ആണ്. വിലകുറഞ്ഞ ഗുണമേന്മ ഇല്ലാത്ത സാധനങ്ങളും സേവനങ്ങളും ഉണ്ടാക്കുന്ന വെറും ഒരു ചിലവ് കുറഞ്ഞ തൊഴിൽ കൊടുക്കുന്ന രാജ്യം എന്ന തൊണ്ണൂറുകളിലെ അവസ്ഥയിൽ നിന്നും പ്രധാന മേഖലകളിൽ എല്ലാം ടെക്നോളജിയുടെ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം എന്ന അവസ്ഥയിലേക്ക് ചൈന വളർന്നു കഴിഞ്ഞു. പൊതുമേഖലയുടെ കാര്യക്ഷമത ഉറപ്പ് വരുത്തിയും അതോടൊപ്പം റിസേർച്ച് ആൻഡ് ഡവലപ്മെന്റിൽ ഗവണ്മെന്റ് നിരന്തരമായി ഇൻവെസ്റ്റ് ചെയ്തും സമ്പൂർണ സാർവത്രിക വിദ്യാഭാസം പ്രോത്സാഹിപ്പിച്ചും നേടിയെടുത്ത ഈ വലിയ നേട്ടം തകർക്കാൻ ആയി ചൈനക്കെതിരെയുള്ള ഉപരോധങ്ങൾ ശക്തമാക്കാൻ സാധ്യത ഉണ്ട്. അതിൽ തന്നെ ഏറ്റവും പ്രധാനം സെമി കണ്ടക്ടർ എന്ന "ചിപ്പ്" എന്നത് ആണ്. അവയുടെ നയം പുനർനിർണയിക്കാനും ഇത്തരം ആക്രമണങ്ങളെ നേരിടാനും ഉള്ള പരിപാടികളും ചർച്ചകളും ഈ പാർട്ടി കോൺഗ്രസ് പ്രധാനവിഷയം ആയി ചർച്ച ചെയ്യുമെന്ന് കരുതുന്നു.
എന്തായാലും മനുഷ്യ ചരിത്രത്തിൽ തന്നെ ലോകത്തിലെ ഇരുപത് ശതമാനം ജനതയുടെ ജീവിതത്തിൽ വിപ്ലവകരമായ സാമ്പത്തിക ഉന്നമനം നേടിയെടുത്ത ഒരു കമ്യുണിസ്റ്റ് പാർട്ടി, അടുത്ത പതിറ്റാണ്ടുകൾ എങ്ങനെ നയിക്കപ്പെടണം എന്ന തീരുമാനം എടുക്കാൻ വേണ്ടി ഒത്തുകൂടുക ആണ്. ചൈനീസ് ജനതയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ സാമ്പത്തിക രാഷ്ട്രീയ സാംസ്‌കാരിക സാങ്കേതിക വിഷയങ്ങളുടെ ഭാവി നിശ്ചയിക്കപ്പെടുന്ന നയതീരുമാനങ്ങൾ എടുക്കുന്ന ഒരു ആഴ്ച ആണ് ഈ വരുന്നത്.
വേറൊരു പ്രധാനവിഷയം ചൈനയുടെ ആഗോള രാഷ്ട്രീയത്തിൽ ഉള്ള റോൾ പുനര്‍നിര്‍ണയിക്കേണ്ട സമയമായി എന്നതാണ്. രണ്ടായിരം കൊല്ലം മുമ്പ് ലോക ശക്തി ആയിരുന്നപ്പോൾ പോലും ലോകം കീഴടക്കാനുള്ള ശ്രമങ്ങൾ നടത്താതെ സ്വയം സംരക്ഷിക്കാനായി വലിയ മതിൽ - ഗ്രേറ്റ് വാൾ ഓഫ് ചൈന - പണിത, വെടിമരുന്ന് കണ്ടുപിടിച്ചിട്ടും പീരങ്കികൾ ഉണ്ടാക്കാത്ത ആ രാജ്യമെങ്ങനെ പുതിയ കാലത്തിലെ നിരന്തരമായ പാശ്ചാത്യ ആക്രമണങ്ങളെ നേരിടേണ്ടത് എന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. പുതിയ രാഷ്ട്രീയ ബന്ധങ്ങൾ വളർത്തിയും റോഡ് ആൻഡ് ബ്രിഡ്ജ് ഇനിഷ്യേറ്റീവ് വഴി ചൈന ഉണ്ടാക്കുന്ന സമ്പത്ത് ആഫ്രിക്കയിലെ മനുഷ്യർക്ക് കൂടി പകർന്നു കൊടുത്തും ഒക്കെ നടത്തുന്ന ശ്രമങ്ങൾ മാത്രം മതിയോ എന്നതിൽ വലിയ ചർച്ചകളും തീരുമാനങ്ങളും പ്രതീക്ഷിക്കാം.
കൂടാതെ ഇരുന്നൂറ് അംഗ സെൻട്രൽ കമ്മിറ്റിയേയും ഇരുപത്തിയഞ്ചംഗ പോളിറ്റ് ബ്യുറോയെയും പ്രസിഡന്റിനേയും തിരഞ്ഞെടുക്കേണ്ടതുണ്ട്. പാശ്ചാത്യ മാധ്യമങ്ങൾ ഒരുപക്ഷെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഏക വിഷയം ഷി ജിങ് പിംഗ് വീണ്ടും തിരഞ്ഞെടുക്കപെടും എന്നത് മാത്രം ആണെന്ന് തോന്നുന്നു. ലോബിയിങ്ങും കുതിരക്കച്ചവടും വഴി നേതാവിനെ തിരഞ്ഞെടുക്കുന്ന വെസ്റ്റേൺ മോഡൽ ജനാധിപത്യത്തിൽ നിന്നും വിരുദ്ധമായി ചർച്ചകളും വോട്ടുകളും വഴി ഓരോ വിഷയത്തിലും കാര്യക്ഷമതയും കഴിവും തെളിയിച്ചവരെ നേതൃത്വത്തിൽ കൊണ്ടുവരികയും നിലനിർത്തുകയുമെന്ന കമ്യുണിസ്റ് ജനാതിപത്യ രീതികൾ മനസിലാക്കാൻ പറ്റാത്തതിനാൽ അല്ല അത്തരം പരിപാടി മൂലം തങ്ങളുടെ സ്വയം തീരുമാനിച്ച ധാർമ്മിക ശ്രേഷ്ഠതയിൽ ഇടിവുണ്ടാകുമോ എന്ന ഭയം ആയിരിക്കാം ആ വിഷയത്തിന് മാത്രം ന്യൂയോർക്ക് ടൈംസ് മുതൽ നീക്കി ഏഷ്യ വരെയുള്ള മാധ്യമങ്ങളിൽ ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയുടെ പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട ഏക വിഷയം ആയി കാണുന്നത്.
എന്തായാലും മനുഷ്യ ചരിത്രത്തിൽ തന്നെ ലോകത്തിലെ ഇരുപത് ശതമാനം ജനതയുടെ ജീവിതത്തിൽ വിപ്ലവകരമായ സാമ്പത്തിക ഉന്നമനം നേടിയെടുത്ത ഒരു കമ്യുണിസ്റ്റ് പാർട്ടി, ഏഴു പതിറ്റാണ്ടുകൾക്ക് ശേഷവും അതിന്റെ ഏറ്റവും ശക്തമായ അവസ്ഥയിൽ നിൽക്കുമ്പോൾ ആ ജനതയുടെ നേതൃത്വം അടുത്ത പതിറ്റാണ്ടുകൾ എങ്ങനെ നയിക്കപ്പെടണം എന്ന തീരുമാനം എടുക്കാൻ വേണ്ടി ഒത്തുകൂടുക ആണ്. ചൈനീസ് ജനതയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ സാമ്പത്തിക രാഷ്ട്രീയ സാംസ്‌കാരിക സാങ്കേതിക വിഷയങ്ങളുടെ ഭാവി നിശ്ചയിക്കപ്പെടുന്ന നയതീരുമാനങ്ങൾ എടുക്കുന്ന ഒരു ആഴ്ച ആണ് ഈ വരുന്നത്.