TMJ
searchnav-menu
post-thumbnail

Outlook

ഈ ശബ്ദം മുഴങ്ങുന്നത് എനിക്ക് വേണ്ടിയല്ല

17 Jan 2023   |   1 min Read
മിസ്‌രിയ ചന്ദ്രോത്ത്

മിസ്‌രിയ ചന്ദ്രോത്ത് : എന്താണ് എമേർജിങ് പോയട്രി? പുതിയ ഒരു കാവ്യ വ്യവഹാരത്തിനായി ‘EP’ ഏതുതരത്തിലാണ് പ്രവർത്തിക്കുന്നത്?

എസ് ജോസഫ് : എമേർജിങ് പോയട്രി അഥവാ, ഉണരുന്ന കവിത എന്ന ഒരു കാവ്യപ്രസ്ഥാനം രൂപപ്പെട്ടത് പാൻഡമിക് പിരിയഡിൽ ആണ്. രണ്ട് തിരിച്ചറിവുകൾ അതിൽ ഉണ്ടായിട്ടുണ്ട്. ഒന്ന്, ചൈനയിൽ ഉണ്ടായ കോവിഡ് ഇന്ത്യയിൽ ആദ്യമായി ബാധിച്ചത് കേരളത്തിലാണ്. കോവിഡ് ലോകം മുഴുവൻ ബാധിച്ചു, കോവിഡ് ബാധിക്കാതെയുള്ള വളരെ അപൂർവം സ്ഥലങ്ങളെ ലോകത്ത് ഉണ്ടാവുകയുള്ളു. അപ്പോൾ, EP യുമായി ബന്ധപെട്ടു നിൽക്കുന്നവർ വിചാരിച്ച ഒരു കാര്യം കോവിഡ് പോലുള്ള അസുഖങ്ങൾ അത്ര ദൂരെ നിന്നുവന്ന് നമ്മളെ ബാധിക്കുകയാണെങ്കിൽ എന്തുകൊണ്ട് നമ്മൾ ഇവിടെ എഴുതുന്ന കവിതകൾ അല്ലെങ്കിൽ നമ്മുടെ ആശയങ്ങൾ ഈ പുതിയ ഒരു കാലത്ത് അതായത് ഈ സൈബർ ലോകത്ത് വ്യാപിച്ചു കൂടാ എന്നുള്ളൊരു മറുചോദ്യമാണ്. രണ്ടാമത്തെ കാര്യം അഫ്ഗാനിസ്ഥാൻ യുദ്ധവും റഷ്യ-ഉക്രൈൻ യുദ്ധവുമാണ്, അതിൽ ഇന്ത്യയിലെ ഏകദേശം ഇരുപതിനായിരത്തോളം ആൾക്കാർ റഷ്യയിലും ഉക്രൈനിലുമൊക്കെയായി കഷ്ടപ്പെടുകയുണ്ടായി. ഇതിൽനിന്ന് മനസിലാക്കിയ കാര്യം ഇനിയുള്ള കാലം ലോകത്ത് എവിടെ യുദ്ധമുണ്ടായാലും നമ്മളെ ബാധിക്കാൻ സാധ്യതയുണ്ട് എന്നാണ്. കാരണം മലയാളികൾ ലോകത്ത് എല്ലായിടത്തുമുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ കവിതകളും ലോകത്ത് എല്ലായിടത്തേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. അതായത് നമ്മുടെ കവിതകൾക്ക് ഇന്ത്യയിലും ലോകത്തും പ്രചരിക്കുവാനുള്ള സാധ്യത ഉണ്ടാവുന്നു, പഴയതുപോലെ അവിടെ പോയി ചൊല്ലേണ്ട കാര്യമില്ല, അതിനാണ് ഒരു വെബ്സൈറ്റ് ഞങ്ങൾ തുടങ്ങിയത്, വെബ്സൈറ്റ് ആകുമ്പോൾ ആദ്യം ഇന്ത്യയിലെ കവികളെ ഉൾപ്പെടുത്താം എന്ന് വിചാരിച്ചു, പിന്നീട് ലോകത്തിലുള്ള കവികളെ ഉൾപ്പെടുത്താനുള്ള ശ്രമം തുടങ്ങാം എന്ന് വിചാരിച്ചിരിക്കുകയുമാണ്, ഏതായാലും കേരളത്തിലുള്ള അമ്പത് കവികളുടെ മൂന്ന് കവിതകൾ വീതം മലയാളത്തിലും പിന്നീട് ഇംഗ്ലീഷിലുമായിട്ട് വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. അതിന് വായനക്കാരുണ്ട് പ്രത്യേകിച്ച് കവികളും അവരുടെ സുഹൃത്തുക്കളുമൊക്കെ വായിക്കുന്നുണ്ട്.

സ്ഥലകാല സങ്കൽപ്പങ്ങൾ മാറുന്ന ഒരു ലോകത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. കവിതയെ സംബന്ധിച്ചിടത്തോളം പോയം ഹണ്ടർ, പോയട്രി ഇന്റർനാഷണൽ ഇങ്ങനെയുള്ള ഒരുപാട് വെബ്സൈറ്റുകൾ ഉണ്ട്, അതിലെയൊക്കെ കവിതകൾ ആൾക്കാർ വായിക്കുന്നുണ്ട്, അന്വേഷിക്കുന്നുണ്ട്. അത്തരം ഒരു സാധ്യത കേരളത്തിൽ നിന്ന് ഉണ്ടാവുകയാണെങ്കിൽ വലിയ കാര്യമായിരിക്കുമല്ലോ എന്ന് വിചാരിച്ചാണ് എമേർജിങ് പോയട്രിയുടെ വെബ്സൈറ്റ് ആരംഭിച്ചത്. ചുരുക്കത്തിൽ ഇത്രയേ ഉള്ളു, ഓരോ പ്രസ്ഥാനവും എമേർജ് ചെയ്യുകയാണ്, കേരളത്തിൽ പല പ്രസ്ഥാനങ്ങളും എമേർജ് ചെയ്തിട്ടുണ്ട്. പക്ഷേ അതൊക്കെ ലോകത്തിൽ ഉണ്ടായ മറ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനത്തിൽ ഉണ്ടായതാണ്. റിയലിസവും റൊമാന്റിസവും കാല്പനികതയും ആധുനികതയും ഒക്കെ മലയാളത്തിൽ ഉണ്ടായിട്ടുള്ളത് മറ്റു സാഹിത്യലോകങ്ങളിൽ നിന്ന് ഉണ്ടായിട്ടുള്ള സ്വാധീനത്താലാണ്. എന്നാൽ എമേർജിങ് പോയട്രി അങ്ങനെ ഉണ്ടായതല്ല, അത് ഒരു രോഗം ലോകം മുഴുവൻ വ്യാപിച്ചതിന്റെ ഭാഗമായിട്ടും അതുപോലെ യുദ്ധങ്ങൾ ലോകത്തെ മുഴുവനായും ബാധിക്കുന്നതായി മാറിയ സാഹചര്യവുമായി ബന്ധപ്പെട്ടും ഉണ്ടായതാണ്. അല്ലാതെ സാഹിത്യത്തിൽ നിന്നുണ്ടായ ഒരു പ്രസ്ഥാനമല്ലിത്.

എമേർജിങ് പൊയട്രിയുടെ ഹോം പേജ്

EP യെ എതിർക്കുന്നവരോട് "നമ്മളെല്ലാവരും പറയുന്നത് കവിതയെക്കുറിച്ചാകയാൽ സംവാദാത്മകമായ ഒരു ബന്ധമാണ് നമുക്കിടയിൽ ഉണ്ടാവേണ്ടത് " എന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്, സാഹിത്യത്തിൽ സംവാദാത്മകമായ ബന്ധങ്ങൾ ഇന്ന് നിലനിൽക്കുന്നുണ്ടോ? അതിനുള്ള സാഹചര്യം ഉണ്ടോ?

സംവാദാത്മകമായ ബന്ധം എന്നു പറയുമ്പോൾ നമ്മൾ ഒരു വിഷയം മുന്നോട്ട് വെക്കുകയും അത് പലരും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു വേദിയാണ് ഉദ്ദേശിക്കപ്പെടുന്നത്. അത്തരത്തിലുള്ള ഒരു വലിയ ചർച്ച ഉണ്ടായിട്ടില്ലെങ്കിൽപ്പോലും ചില എതിർപ്പുകളുമായി ബന്ധപ്പെട്ട വലിയ ലേഖനങ്ങളുമൊക്കെ EP ക്കെതിരെ ഉണ്ടായിട്ടുണ്ട്. അതുപോലെ EP ക്ക് അനുകൂലമായി ആൾക്കാർ അധികം സംസാരിച്ച് അല്ലെങ്കിൽ എഴുതിക്കണ്ടിട്ടില്ല. പക്ഷേ, EP യുടെ പ്രസക്തിയെക്കുറിച്ച് ഞങ്ങളുടെ ആദ്യത്തെ മീറ്റിംഗിൽ അതായത് കാക്കനാട് വച്ച് നടത്തിയ മീറ്റിംഗിൽ പങ്കെടുത്ത കവികൾ സംസാരിച്ചിട്ടുണ്ട്. സംവാദത്തിനുള്ള സാധ്യതകൾ കുറവാണ്, അതായത് ഫേസ്ബുക്കിലൊക്കെ നമുക്ക് സംവാദത്തിനുള്ള സ്പേസ് പഴയപോലെ ഇല്ല. നിമിഷം നിമിഷം മാറുന്ന ഒരു ലോകമാണത്. പിന്നെന്താണെന്ന് വച്ചാൽ, ഞങ്ങൾ കാക്കനാടും ഫോർട്ടുകൊച്ചിയിലും കാന്തല്ലൂരുമായി മൂന്ന് പരിപാടികൾ നടത്തിയിട്ടുണ്ട്. അതൊക്കെ വ്യത്യസ്തമായ പരിപാടികൾ ആയിരുന്നു അതിൽ ഒരുപാട് ആശയങ്ങൾ ഉരുത്തിരിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള കാര്യങ്ങളാണ് EP യെ മുന്നോട്ട് നയിക്കുന്നത്. സംവാദങ്ങൾ കുറഞ്ഞ കാലത്താണ് നമ്മൾ ജീവിക്കുന്നത്, പക്ഷേ, അവ തീർത്തും ഇല്ലാതാവുന്നില്ല, ഏതെങ്കിലും തരത്തിലുള്ള സംവാദം മനുഷ്യർക്കിടയിൽ എപ്പോഴും ഉണ്ടാവും. EP യെ സംബന്ധിച്ചിടത്തോളം അതിന്റെ ചർച്ചകളൊക്കെ സമൂഹത്തിൽ ഉണ്ടാവുന്നുണ്ട്. പൊതുവെ ഞാൻ പോകുന്നിടത്തൊക്കെ ആൾക്കാർ അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്

എമേർജിങ് പോയട്രിയെ സംബന്ധിച്ചിടത്തോളം സ്ത്രീകവിത, ദളിത് കവിത, ആദിവാസിക്കവിത എന്നതിന് ഞങ്ങൾ എതിരൊന്നുമല്ല, കാരണം അതിനൊരു പ്രസക്തിയുണ്ടായിരുന്നു. ഇപ്പോഴും പ്രസക്തി ഒട്ടുമില്ലെന്നൊന്നും ഞങ്ങൾ പറയുന്നില്ല, പക്ഷേ ആ കാലഘട്ടം ഏകദേശം കഴിയാറായി എന്നാണ് EP പറയുന്നത്. ഇനി വരേണ്ടത് സവിശേഷതകളിൽ നിന്നും സാമാന്യത്തിലേക്കുള്ള ഒരു മാറ്റമാണ്.

സ്ത്രീകളിൽ ഒരു വിഭാഗവും, ദളിതരിൽ ചിലരും, സവർണരിൽ ഒരു ന്യൂനപക്ഷവും EP ക്ക്‌ എതിരാണെന്ന് മാഷ് പറഞ്ഞിട്ടുണ്ടല്ലോ, അതിന് കാരണം? സൈദ്ധാന്തികമായ, സൂക്ഷ്മ രാഷ്ട്രീയവുമായി ബന്ധപ്പെട്ട അവരുടെ വിയോജിപ്പുകൾ എന്തൊക്കെയാണ്?

സ്ത്രീകളുടെ ഭാഗത്തുനിന്ന് എതിർപ്പുകൾ വന്നിട്ടുണ്ട്. ഞാൻ പേരെടുത്ത് പറയുന്നില്ല, അതുപോലെ ദളിതരുടെ ഭാഗത്തുനിന്നും എതിർപ്പുകൾ ഉണ്ടാവുന്നുണ്ട്. ആദിവാസി വിഭാഗത്തിൽ നിന്നും അങ്ങനെ എതിർപ്പുകൾ ഉണ്ടായിട്ടില്ല. അവരുടെ നിലപാട് എന്താണെന്ന് എനിക്കറിയില്ല. പൊതുസമൂഹത്തിൽ നിന്നും എതിർപ്പുണ്ടായിട്ടുണ്ട്. പൊതുവെ എല്ലാവരും എതിർത്ത ഒരു പ്രസ്ഥാനമാണ് EP. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, ഇവർക്കൊന്നും ഇതിനെക്കുറിച്ച് ഒരു ധാരണയില്ല. ഞാനാണ് അത് കൊണ്ടുവന്നെന്നുള്ളതുകൊണ്ടുതന്നെ ഇവർക്കൊക്കെ അതിനെക്കുറിച്ചു സന്ദേഹങ്ങളുണ്ട്. ഞാൻ മഹാരാജാസ് കോളേജിലെ പ്രൊഫസറായിരുന്നു. വർഷങ്ങളോളം പഠിപ്പിച്ച ഒരധ്യാപകനാണ്. സാഹിത്യത്തിൻറെ ഒരുവിധ മേഖലകളെക്കുറിച്ചെല്ലാം പഠിച്ചിട്ടുള്ള ആളാണ്. ചിത്രകലയാണെങ്കിലും ശില്പകലയാണെങ്കിലും മ്യൂസിക്കാണെങ്കിലും ചരിത്രമാണെങ്കിലും കുറേ പഠനങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ, നമുക്ക് ഇത്തിരി അറിവുണ്ടെന്നൊന്നും ആരും അംഗീകരിച്ചു തരാത്ത ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. എന്റെ മാത്രം പ്രശ്നമല്ല. ഇപ്പോൾ അറിവുണ്ടെങ്കിലും രസിപ്പിച്ചും ചിരിപ്പിച്ചും ഒക്കെ കൊഴുപ്പിച്ചാലേ ആൾക്കാർ ഇഷ്ടപെടുകയുള്ളു. സീരിയസായിട്ടുള്ള ഒന്നിനെയും ഉൾക്കൊള്ളാൻ ആരും തയ്യാറല്ല. അതുകൊണ്ടാവാം EP ഞങ്ങൾ മുന്നോട്ട് വച്ചപ്പോൾ എതിർപ്പുണ്ടായത്. അതിനകത്തു വേറെ ചില കാര്യങ്ങളുമുണ്ട്. നമ്മുടെ കേരളത്തിന്റെ രാഷ്ട്രീയാവസ്ഥ എന്താണെന്ന് നമ്മൾ മനസിലാക്കണം. കേരളം അല്ലെങ്കിൽ ഇന്ത്യ നിലനിൽക്കുന്നത് രണ്ടു തരം രാഷ്ട്രീയത്തിലാണ്. ഒന്ന് സ്ഥൂല രാഷ്ട്രീയം, രണ്ട് സൂക്ഷ്മ രാഷ്ട്രീയം. സൂക്ഷ്മ രാഷ്ട്രീയമായിരുന്നു സജീവമായിട്ട് ഇവിടെ നിലനിന്നിരുന്നത്. സൂക്ഷ്മ രാഷ്ട്രീയം എന്ന് പറയുന്നത് ഒരു വിപ്ലവാത്മക സ്വഭാവത്തോടെ നിലനിന്ന ഒന്നാണ്. ഒരു വേറിട്ട രാഷ്ട്രീയം. ട്രൈബ്‌സിന്റെ ആണെങ്കിലും ദളിതരുടെ ആണെങ്കിലും അവരുടെ പ്രശ്നങ്ങൾ… മുത്തങ്ങ സമരം, മയിലമ്മയുടെ പ്രശ്നം, വെള്ളത്തിന്റെ സമരം ഇങ്ങനെയുള്ളവ… പക്ഷേ, പിന്നീട് നാം കാണുന്നത് ഈ സ്ഥൂലരാഷ്ട്രീയക്കാർ സൂക്ഷ്മ രാഷ്ട്രീയ പ്രശ്നങ്ങളിലേക്ക് ഇറങ്ങിവരുന്നതാണ്. അവര് ദളിതരെയും ആദിവാസികളെയും സ്ത്രീകളെയും ഒക്കെ സ്ഥൂലരാഷ്ട്രീയത്തിന്റെ പ്രതലത്തിലേക്ക് ചേർത്തുപിടിക്കുകയാണ്. അവരെ ഉദ്ഗ്രഥിക്കാനുള്ള ഭാവത്തിൽ അവരെ തെറ്റിദ്ധരിപ്പിച്ചു മുന്നോട്ട് പോകുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എമേർജിങ് പോയട്രിയെ സംബന്ധിച്ചിടത്തോളം സ്ത്രീകവിത, ദളിത് കവിത, ആദിവാസിക്കവിത എന്നതിന് ഞങ്ങൾ എതിരൊന്നുമല്ല, കാരണം അതിനൊരു പ്രസക്തിയുണ്ടായിരുന്നു. ഇപ്പോഴും പ്രസക്തി ഒട്ടുമില്ലെന്നൊന്നും ഞങ്ങൾ പറയുന്നില്ല, പക്ഷേ ആ കാലഘട്ടം ഏകദേശം കഴിയാറായി എന്നാണ് EP പറയുന്നത്. ഇനി വരേണ്ടത് സവിശേഷതകളിൽ നിന്നും സാമാന്യത്തിലേക്കുള്ള ഒരു മാറ്റമാണ്. അതായത് ഇത്തരം സവിശേഷതകളിൽ നിൽക്കുകയല്ല വേണ്ടത് സാമാന്യത്തിലേക്ക് വരികയാണ്. ഞങ്ങളൊരുദാഹരണം പറഞ്ഞിട്ടുണ്ട്. നമ്മളിപ്പോൾ പറയുന്ന ദളിത്കവി, സ്ത്രീകവി, ആദിവാസിക്കവി ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കവി എന്നുള്ള വാക്കു മാത്രമേ ഞങ്ങൾ ഉദ്ദേശിക്കുന്നുള്ളു. ഇവിടെ വന്നിട്ടുള്ള ഒരു പ്രശ്നം ദളിത്കവിതയും സ്ത്രീകവിതയും ആദിവാസിക്കവിതയും ഒക്കെ വന്നപ്പോൾ സവർണർ ആയിട്ടുള്ള വ്യക്തികൾ, (അതിൽ സ്ത്രീകൾപ്പോലും പെടുന്നില്ല എന്നോർക്കണം) പുരുഷവ്യക്തികൾ കവി എന്നുള്ള പേരിൽ അറിയപ്പെടുന്നു.

നമ്മുടെ മലയാളത്തിൽ നിന്നുള്ള ഏതൊരു കവികളെ എടുത്താലും സവർണ വിഭാഗത്തിൽ പെടുന്ന കവികളെ എടുത്താലും അവരുടെയൊക്കെ പേര് കവി എന്ന് മാത്രമാണ് - കവി പി രാമൻ. അതേ സമയം എം.ആർ.രേണുകുമാറിനെ എടുക്കുമ്പോൾ ദളിത് കവി എം ആർ രേണുകുമാർ എന്ന് പറയും. ഇങ്ങനെ ദളിത് കവി എം ആർ രേണുകുമാർ എന്ന് പറയുന്നത് ഒരുകാലത്ത് അദ്ദേഹത്തിന്റെ കവിതയുടെ ഒരു മുന്നോട്ടു വരവിനെ സഹായിച്ചിട്ടുണ്ട്. ദളിത് കവിയാണ് എന്നൊക്കെ അവർ പറയുമായിരുന്നു. പക്ഷേ, അവിടെ നിൽക്കാൻ വേണ്ടിയല്ല അത് പറഞ്ഞത്. പൊതുസമൂഹത്തിൽ മനുഷ്യൻ എന്ന ഒരു നിലയിലേക്ക് എത്തുന്നതിനു വേണ്ടിയാണ് അത് പറഞ്ഞത്. മനുഷ്യൻ എന്നുള്ള സങ്കൽപ്പത്തിലേക്ക്… അതൊരു കേവല സങ്കൽപ്പമാണ്, ലോകത്തെവിടെയും മനുഷ്യരുണ്ട്. അവർ തുല്യരാണ്, All are equal എന്ന് പറയുമല്ലോ. അപ്പോൾ അത്തരത്തിലുള്ളൊരു തുല്യതയിലേക്കെത്തുന്നതിന് വേണ്ടിയുള്ള ചവിട്ടുപടി മാത്രമായിരുന്നു ഈ സ്ത്രീ എഴുത്തും ദളിത് എഴുത്തും ആദിവാസി എഴുത്തും എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ അതിനെ അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞത്. മറ്റൊരു കാരണവുമുണ്ട്, നമുക്കറിയാം സ്ഥൂലരാഷ്ട്രീയം സൂക്ഷ്മ രാഷ്ട്രീയത്തെ ചൊൽപ്പടിക്ക് നിർത്തിയിരിക്കുകയാണ്. സൂക്ഷ്മരാഷ്ട്രീയത്തിന്റെ വെട്ടത്ത് സ്ഥൂലരാഷ്ട്രീയത്തിന്റെ അത്താഴം എന്നാണ് ഞങ്ങൾ അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അവർ ഇത് ഉപയോഗപ്രദമാക്കുകയാണ്, അല്ലാതെ ആർക്കും ഒരു നേട്ടവും ഉണ്ടാവാൻ പോകുന്നില്ല. സ്ത്രീയുടെ പ്രശ്നങ്ങൾ വീണ്ടും വീണ്ടും സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്, ഒരു വശത്ത് അവർക്ക് അംഗീകാരം ഉണ്ടാവുന്നുണ്ടെങ്കിലും മറുവശത്ത് സ്ത്രീകളോടുള്ള അവഗണനയും പീഡനവും ദളിതരോടുള്ള ആക്ഷേപം, അവഗണന, അകറ്റിനിർത്തൽ, ആദിവാസികളോടുള്ള അവഗണന എല്ലാം കൂടിക്കൊണ്ടിരിക്കുകയാണ്.ഈ ശോചനീയാവസ്ഥ അങ്ങനെ തന്നെ കൂടിക്കൊണ്ടിരിക്കുകയാണ്.

എസ് ജോസഫ് | photo: facebook

കവിതയിൽ പശ്ചാത്യമാതൃകകളെ പിന്തുടരേണ്ടതില്ല എന്ന് പറയാനുള്ള കാരണം? ആ തരത്തിലുള്ള വളർച്ച/ധാര നമ്മുടെ സാഹിത്യത്തിൽ ആവശ്യമില്ലേ?

വൈദേശികമായ ആശയങ്ങൾ നമ്മെ സ്വാധീനിച്ചതിന്റെ ഫലമായിട്ടുണ്ടായതാണ് നേരത്തെ സൂചിപ്പിച്ച കാല്പനികത, ആധുനികത, ഉത്തരാധുനികത എന്നിവയൊക്കെ. എമേർജിങ് പോയട്രി അങ്ങനെ ഒരു സാഹിത്യത്തിൻറെ സ്വാധീനത്തിൽനിന്ന് ഉണ്ടായതല്ല. എന്നാൽ EP ക്ക് പാശ്ചാത്യവേരുകൾ ഒട്ടും ഇല്ലെന്നൊന്നും പറയുന്നില്ല, ദാദായിസം,സർറിയലിസം, എക്സ്പ്രഷണലിസം, പോപ് ആർട്, ഓപ് ആർട്, കൺസെപ്ച്വൽ ആർട്, കൺസപ്ച്വൽ പോയട്രി പോലുള്ള ആശയങ്ങളുമൊക്കെയായിട്ട് ചെറിയ ബന്ധങ്ങളൊക്കെയുണ്ട്. പക്ഷേ, എമേർജിങ് പോയട്രിയെന്നു പറയുന്ന ഒരു പ്രസ്ഥാനം ലോകത്തില്ല, എമേർജിങ് പോയട്രി എന്നുള്ള പദപ്രയോഗങ്ങൾ ഉണ്ടാവാം. എമേർജിങ് പോയട്രി ബെയ്‌സ് ചെയ്യുന്നത് യുദ്ധത്തെയും അതുപോലെ പാൻഡെമിക് പിരിയഡ് ഉണ്ടാക്കുന്ന നമ്മുടെ ജയിൽ ജീവിതത്തയും മറികടക്കാനുള്ളൊരു മാനസികാവസ്ഥ ക്രിയേറ്റ് ചെയ്യുന്ന ഒന്നിലേക്കാണ്. അത് പാശ്ചാത്യ മാതൃകകളുടെ അനുകരണമല്ല, എന്നുവെച്ചാൽ പാശ്ചാത്യ ആശയങ്ങളെ അതേപടി ഉൾകൊള്ളുന്ന ഒന്നല്ല. എമേർജിങ് പോയട്രിയിൽ ഞങ്ങൾ കൊണ്ടുവന്നിട്ടുള്ള കവിതകളൊന്നും തന്നെ പാശ്ചാത്യകവിതകകളുടെ സ്വാധീനത്തിലുള്ളവയല്ല. സ്ട്രക്ച്ചറലായിട്ടുള്ള ചില മാറ്റങ്ങൾ അർത്ഥം ഉല്പാദിപ്പിക്കും. ഉദാഹരണമായി പറഞ്ഞാൽ കറുപ്പിനെക്കുറിച്ച് ഞാനൊരു കവിതയെഴുതിയിട്ടുണ്ട്. കറുത്ത പേനയെന്നോ കറുത്ത പുസ്തകമെന്നോ കറുത്ത മേശയെന്നോ പറഞ്ഞ് ഇങ്ങനെ എഴുതുകയാണ്. അതൊരു ടെക്‌നിക്കാണ്. പ്രത്യേകിച്ച് അർഥമൊന്നുമുള്ള കവിതയല്ല അത്. പത്തുമുപ്പതു വാക്കുകൾ നമ്മളിങ്ങനെ എഴുതുകയാണ്. ഇതൊരാവർത്തനമാണ്, ആ‍വർത്തനമെന്ന് പറയുമ്പോൾ നമുക്കറിയാം പണ്ട് മനുഷ്യർ ഈ ലോകത്ത് കള്ളങ്ങളെ സത്യങ്ങളാക്കി നിർമിച്ചിട്ടുള്ളത് പലപ്പോഴും ആവർത്തനങ്ങളിലൂടെയാണ്.

ഗീബൽസിയൻ തന്ത്രം എന്ന് കേട്ടിട്ടുണ്ടല്ലോ. നമ്മൾ പത്രം എടുത്ത് നോക്കുകയാണെങ്കിൽ പത്രങ്ങളിലൊക്കെ വിവാഹപരസ്യങ്ങളിൽ വെളുത്ത പെൺകുട്ടി എന്ന് പറയുകയാണ്. ഇത് നിരന്തരം പാത്രത്തിൽ കാണുന്നു. സിനിമയിൽ വെളുത്ത നായിക വരുന്നു. സിനിമാനടിമാരെല്ലാം വെളുത്തിരിക്കുന്നു. അല്ലെങ്കിൽ പരസ്യകലയിൽ വരുന്ന ആൾക്കാരെല്ലാം വെളുത്തിരിക്കുന്നു. ഇതുപോലെ എല്ലാ മേഖലയിലും വെളുപ്പിന്റെ ഒരാധിപത്യം കൂടിക്കൂടിവരികയാണ്. വെളുപ്പ് സുന്ദരം, വെണ്മ ശുദ്ധി ഇങ്ങനെയുള്ളതൊക്കെ വരുന്നു, സത്യത്തിൽ അതൊരു നിറം മാത്രമാണ്. അതിലൊരു കാര്യവുമില്ല. വെളുത്ത ഒരാളുടെ ദേഹവും കറുത്ത ഒരാളുടെ ദേഹവും നിറത്തിൽ വ്യത്യാസം ഉണ്ടെന്നല്ലാതെ വേറെ വ്യത്യാസമൊന്നുമില്ല. നമ്മളിവിടെ ചെയ്യുന്നത് നേരെ മറിച്ചാണ് .കറുപ്പ് എന്നത് ആവർത്തിച്ചുകൊണ്ട് ഇതേ ഗീബൽസിയൻ തന്ത്രത്തെ മറികടക്കുകയാണ്. അങ്ങനെ കറുപ്പിന്റെ പ്രാധാന്യത്തെ ഉറപ്പിക്കുന്ന ഒരു രീതി. ഇത്രയേ ഉള്ളു, ഇതാണ് ടെക്നിക്. അല്ലാതെ അതിൽ വലിയ അർത്ഥമൊന്നും ഉള്ളതായി പറയാനില്ല. അതൊരു ഒരു ക്രമത്തിന്റെ പ്രശ്നമാണ്. പലതരത്തിൽ ഇങ്ങനെ സ്ട്രക്ച്ചറിലുള്ള വ്യത്യാസം വരും. ഒരു രീതി മാത്രമാണ് ഈ പറഞ്ഞത്.എല്ലാ കവിതകളും ഇങ്ങനെയല്ല.

ചിത്രകാരന്മാരുടെ ചിത്രം കാണുകയാണെങ്കിൽ ഓരോരുത്തരും ഓരോ ശൈലിയിലാണ് വരക്കുന്നത് എന്നുകാണാം. കവിത എഴുതുന്നവരെല്ലാം ഒരേപോലെ കവിതയെഴുതുന്നതുപോലെ അല്ലത്. പ്രധാനപ്പെട്ട ചിത്രകാരന്മാരെ നോക്കുകയാണെങ്കിൽ ഓരോരുത്തർക്കും ഓരോ ശൈലിയുണ്ട്., കവികൾക്കും ഉണ്ട്, കുമാരനാശാന്റെ ശൈലി അല്ലല്ലോ വള്ളത്തോളിന്റെത്. എന്നാൽ ഇന്നങ്ങനെ അല്ല, ഇന്ന് തിരിച്ചറിയാൻ പറ്റാതെ എല്ലാവരും ഒരേ രൂപത്തിലാണ് എഴുതുന്നത്. ആ സമാനത ചോദ്യം ചെയ്യേണ്ട ഒരു കാര്യമാണ്.

ഉദാഹരണത്തിന് ഒരു ഹോസ്പിറ്റലിന്റെ പതിനാലാം നിലയിൽ നിൽക്കുന്ന ഒരാളുടെ കണ്ണുനീർ തുള്ളി താഴേക്കു വീഴുകയാണ്, ഇത് താഴെ നിന്നുകൊണ്ടൊരാൾ കാണുന്നു. ആദ്യം കവിതയിലെ വാക്യങ്ങളെല്ലാം തലതിരിഞ്ഞാണ് വരുന്നത്. കാരണം, ഇയാൾ കാണുന്നത് നേരെ ഓപ്പോസിറ്റായിട്ടാണ്. മുകളിൽ നിന്ന് താഴേക്ക് വരുന്നത് ഇയാൾ താഴെ നിന്ന് മുകളിലേക്കു കാണുമ്പോൾ അതനുസരിച്ചു വാക്യങ്ങൾ തലത്തിരിയുന്നു, ആ രീതിയിലുള്ള ഒരു രചനാരീതിയാണ് അതിൽ ഉള്ളത്. മറ്റൊരു കവിതയിൽ EPയുടെ ഒരു മീറ്റിംഗിനെ കുറിച്ച്‌ പറയുന്നുണ്ട്.പതിനഞ്ചു നിലയുള്ള കെട്ടിടത്തിൽ എട്ടാം നിലയിലാണ് മീറ്റിംഗ്, എട്ടാം നിലയാണ് മധ്യത്തിലുള്ള നില, ഈ നില ഒരു മീറ്റിംഗിനുള്ള സ്ഥലമാണ്. ബാക്കി ഏഴ് നില മുകളിലേക്ക്, ഏഴ് നില താഴേക്ക് അവിടെ വെച്ചാണ് EPയുടെ മീറ്റിംഗ് എന്നാണ് കവിതയിൽ പറയുന്നത്. താഴെയുള്ളവർ മുകളിലേക്കും മുകളിലുള്ളവർ താഴേക്കും വന്നുകഴിഞ്ഞാൽ നമുക്ക് പൊതുവായുള്ള ഒരു പ്ലാറ്റ്ഫോം ഉണ്ടാകുമെന്നാണ് EP പറയുന്നത്. ഇത്തരത്തിലുള്ള പരീക്ഷണാത്മകമായ കവിതകളാണ് EPയിൽ ഉള്ളത്. ഇത്തരത്തിൽ ഉള്ളവ മാത്രമാണെന്ന് നിങ്ങൾ കരുതരുത്. അത് പലതരത്തിലാണ് സംഭവിക്കുന്നത്. അത് മുഴുവനെനിക് പറയാൻ പറ്റുകയില്ല. കവിത എന്നു പറയുന്നത് കവിതയിൽ മാത്രം നിൽക്കുന്നതല്ല. കവിതയ്ക്ക് വേറെ ലോകങ്ങളുമായി ബന്ധമുണ്ട്. അതാണ് നമ്മുടെ കവിതയിലിപ്പോൾ ഇല്ലാതെ പോകുന്നത്. ഒരു കവിത അതിൽത്തന്നെ സ്വയം പൂർണമായി നിൽക്കുന്ന ഒന്നല്ല. സമൂഹവുമായിട്ടും അന്തരീക്ഷവുമായിട്ടും സാഹചര്യവുമായിട്ടൊക്കെ ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ട് ആ കവിത വായിച്ചാൽ ഒട്ടയടിക്ക് നമുക്കൊന്നും തോന്നുകയില്ല. പിന്നെ ചിന്തിക്കുമ്പോഴാണ് അത് നമ്മൾ ഉദ്ദേശിക്കുന്നത് പോലെയല്ല എന്ന് മനസിലാവുന്നത്. ഉദാഹരണത്തിന് പറയാൻ കഴിയുക ഞാൻ മുന്നേ എഴുതിയ പെങ്ങളുടെ ബൈബിൾ എന്നുള്ളൊരു കവിതയാണ്. ഒരുപാടുപേർ ആദ്യം പരിഹസിച്ച ഒരു കവിതയാണത്. പെങ്ങളുടെ ബൈബിളിനെക്കുറിച്ചല്ല ആ കവിത പറയുന്നത്, ദളിത് ക്രൈസ്തവ പെൺകുട്ടിയുടെ ജീവിതത്തെ ക്കുറിച്ചാണ്. അതിൽ നേരിട്ട് ദളിത് പെൺകുട്ടി എന്നൊന്നും പറയുന്നില്ല, ഈ വിഷയങ്ങളൊന്നും പറയുന്നില്ല. പക്ഷേ ബൈബിൾ എങ്ങനെ അപ്രസക്തമാവുന്നു, അവളുടെ ജീവിതം എങ്ങനെ പ്രധാനമാകുന്നു എന്ന രീതിയിലുള്ള കവിതാ രചനയാണത്. ഇതാഖ്യാനത്തെ നിരസിക്കുന്നു എന്നൊക്കെ പറയുന്നുണ്ട്, ഞാൻ അങ്ങനെ വിചാരിച്ചു കൊണ്ടൊന്നും എഴുതിയതല്ല.

ഏത് ടെക്നിക്കും ആർക്കും ആവിഷ്‌ക്കരിക്കാവുന്നതാണ്. എഴുത്തെന്നു പറയുന്നത് ഒരു മൗലികതയാണ്. ചിത്രകാരന്മാരുടെ ചിത്രം കാണുകയാണെങ്കിൽ ഓരോരുത്തരും ഓരോ ശൈലിയിലാണ് വരക്കുന്നത് എന്നുകാണാം. കവിത എഴുതുന്നവരെല്ലാം ഒരേപോലെ കവിതയെഴുതുന്നതുപോലെ അല്ലത്. പ്രധാനപ്പെട്ട ചിത്രകാരന്മാരെ നോക്കുകയാണെങ്കിൽ ഓരോരുത്തർക്കും ഓരോ ശൈലിയുണ്ട്., കവികൾക്കും ഉണ്ട്, കുമാരനാശാന്റെ ശൈലി അല്ലല്ലോ വള്ളത്തോളിന്റെത്. എന്നാൽ ഇന്നങ്ങനെ അല്ല, ഇന്ന് തിരിച്ചറിയാൻ പറ്റാതെ എല്ലാവരും ഒരേ രൂപത്തിലാണ് എഴുതുന്നത്. ആ സമാനത ചോദ്യം ചെയ്യേണ്ട ഒരു കാര്യമാണ്.

എസ് ജോസഫ് | photo : facebook

EP മലയാള കവിതയിൽ/ഭാഷയിൽ അന്വേഷിക്കുന്നത് എന്താണ്?

EP കവിതയിലല്ല അന്വേഷിക്കുന്നത്, കവിതയ്ക്ക് പുറത്താണ് അന്വേഷിക്കുന്നത്. മലയാള കവിതയിൽ ഇനി ഒന്നും അന്വേഷിക്കാനില്ല. കവിത എന്ന് പറയുമ്പോൾ നമുക്ക് ആത്മീയമായ ഒരു സാനിധ്യം പോലെയോ അതിഭൗതികമായിട്ടുള്ള സാന്നിധ്യം പോലെയോ മിസ്റ്റിക്ക് ആയിട്ടുള്ള അവസ്ഥ പോലെയോ ഒക്കെയാണ് അനുഭവപ്പെടുന്നത്. അങ്ങനെയുള്ള കവിതകളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ, EP അന്വേഷിക്കുന്നത് ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ഉദാഹരണത്തിന് ഞാനൊരു കവിത പറയാം, വാവ സുരേഷിനെപ്പറ്റി എഴുതിയ ഒരു കവിതയുണ്ട്. വാവാ സുരേഷിനെക്കുറിച്ച് കവിത എഴുതുന്നതൊന്നും കവിതയ്ക്ക് വഴങ്ങുന്നതല്ല എന്നാണ് ആളുകൾ വിചാരിച്ചിരുന്നത്. എന്നാൽ അതങ്ങനെയല്ല, സുരേഷ് പാമ്പിനെ സ്നേഹിക്കുന്ന ഒരാളാണ്, പാമ്പൊരിക്കലും തിരിച്ചു സ്നേഹിക്കില്ല, സിംഹവും കടുവയും ആനയുമൊക്കെ നമ്മളെ തിരിച്ച് സ്നേഹിച്ചേക്കാം. പക്ഷേ, പാമ്പ് തിരിച്ചു സ്നേഹിച്ചതായി ചില കെട്ടുകഥകൾ ഒക്കെ ഉണ്ടെന്നല്ലാതെ അടിസ്ഥാനപരമായി അതിൽ കാര്യമൊന്നുമില്ല. പാമ്പിനെ വേദനിപ്പിക്കാതെ കാട്ടിൽ കൊണ്ടുവിടുന്ന ഒരു മനുഷ്യനാണ് വാവ സുരേഷ്. കവിത സ്നേഹത്തെയാണ് പരിശോധിക്കുന്നത്, സ്നേഹം എന്താണ് എന്നുള്ളത്. സ്നേഹത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ എല്ലാമൊന്നും ശരിയല്ല, നമ്മൾ സത്യത്തിലേക്ക് എത്തുന്നില്ല. ഒരാൾ സ്‌നേഹിക്കുമ്പോൾ മറ്റൊരാൾ ഒരു വസ്തുവായി മാറുന്ന ഒരു പ്രശ്നമുണ്ട്. സ്നേഹിക്കുന്നയാൾ സബ്‌ജക്റ്റും സ്നേഹിക്കപ്പെടുന്നയാൾ ഒബ്‌ജക്റ്റും ആയി മാറുന്ന ഒരു പ്രശ്നമുണ്ട്. അതുകൊണ്ടാണ് സ്നേഹത്തിൽ താളഭംഗം ഉണ്ടാവുന്നത്. ഒരുപോലെ സ്നേഹിക്കുക എന്ന് പറയുന്നത് അപൂർവമാണ്, മാത്രമല്ല സ്നേഹം സ്ഥിരവുമല്ല. ഇവിടെ പാമ്പ് എന്ന് പറയുന്നത് ഒരു വസ്തുവാണ്, ഒരു Thinking Self അല്ല. നമ്മൾക്ക് അങ്ങോട്ട് സ്നേഹം പറയാവുന്ന ഒരു ഭാഷയില്ലവിടെ. സബ്ജെക്റ്റിവിറ്റിയും ഒബ്ജെക്ടിവിറ്റിയും തമ്മിലുള്ള ഈയൊരു പ്രശ്നം സ്നേഹത്തിന് അകത്തുണ്ടോ എന്ന് പരിശോധിക്കുന്ന ഒരു കവിതയാണിത്.

കവിതയെക്കുറിച്ച് വിശദീകരിക്കാൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല, നിത്യജീവിതത്തിലെ സംഭവങ്ങളാണ് ഞങ്ങൾ കവിതക്ക് കൂടുതലായും ഉപയോഗിക്കുന്നത്. യുദ്ധത്തെക്കുറിച്ച് കവിതയെഴുതിയിട്ടുണ്ട്. ഉക്രൈനിൽ നിന്നു പോകുന്ന ആളുകൾ എല്ലാവരോടും യാത്രപറയുകയാണ്, കെട്ടിടങ്ങളോടും ഭിത്തിയോടും വഴിയോടും എല്ലാം യാത്രപറഞ്ഞു പോകുന്നതായിട്ടാണ് കവിത. ഇത് രണ്ടു ഭാഷയിലാണ്. ഒന്ന് മലയാളത്തിലാണ്, നമുക്ക് വായിക്കാൻ വേണ്ടി. മറ്റൊന്ന് ഇംഗ്ലീഷ് ഭാഷയിലാണ്, ലോകത്ത് എല്ലാവർക്കും വായിക്കാൻ വേണ്ടി. ഇന്നത്തെ സാങ്കേതികമായ വികാസത്തിന്റെ ഫലമായിട്ട് കവിതകൾ എന്നു പറയുന്നത് ഇപ്പോൾ ദൃശ്യം കൂടിയാണ്, മറ്റൊരു കവിത പുട്ടിനും സെലൻസ്കിയും തമ്മിലുള്ള സംഭാഷണമാണ്. ഇവർക്ക് പരസ്പരം ഭാഷ അറിയില്ല ഒരാൾ റഷ്യൻ ഭാഷയിലാണ് സംസാരിക്കുന്നത് മറ്റെയാൾ ഉക്രൈൻ ഭാഷയിലാണ് സംസാരിക്കുന്നത്. നമുക്ക് മനസ്സിലാവാൻ വേണ്ടി മലയാളത്തിലും ലോകത്തുള്ളവർക്ക് മനസിലാക്കാൻ വേണ്ടി ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. ഈയൊരു സാധ്യത ഉപയോഗിക്കാൻ പറ്റിയതാണ്. ഇങ്ങനെയുള്ള വ്യത്യാസമാണ് കൊണ്ടുവന്നിട്ടുള്ളത്. എമേർജിങ് പോയട്രി എന്ന് പറയുന്നത് എമെർജ് ചെയ്യുന്നതാണ്.

സമകാലിക കവിതയിൽ പല എഴുത്തുകാർ വരുന്നുണ്ട്, പല രീതികൾ വരുന്നുണ്ട് അതിൽ മിക്കവാറും കവിതകൾ EP ക്ക് സ്വീകാര്യമല്ലാത്ത കവിതകളാണ്. വിയോജിക്കാനുള്ള ഒരു കാരണം ലീനിയർ ആയിട്ടുള്ള ആഖ്യാനമാണ്, ശില്പത്തെക്കുറിച്ചും ട്വിസ്റ്റിനെക്കുറിച്ചും വൈരുധ്യങ്ങളെക്കുറിച്ചും ധാരണയുള്ള കവികളല്ല ഇതൊന്നും എഴുതുന്നത്.

EP എങ്ങനെയാണ് ഒരു പുതിയ വിച്ഛേദനമാകുന്നത്?

പുതിയ വിച്ഛേദനമാകുന്നത് എങ്ങനെയാണെന്നൊക്കെ ചോദിച്ചാൽ അങ്ങനെ തീർത്തും വിച്ഛേദിക്കാൻ ഒന്നും ആരെകൊണ്ടും പറ്റില്ല, കവിതയിൽ നമുക്ക് എന്തും സാധ്യമാണ്. പക്ഷേ, സ്ട്രക്ചറലായിട്ടുള്ള ഒരു പ്രശ്നമാണ് ഇതിനകത്ത് പ്രധാനമായും വരുന്നത്. മറ്റൊന്ന് ഇതിന്റെ കൺസെപ്ച്വൽ സ്വഭാവമാണ്. എന്ന് പറഞ്ഞാൽ കവിതയിലല്ല കവിത നിൽക്കുന്നത്. അർത്ഥം മനസിലാക്കിയിട്ടൊന്നുമല്ലെങ്കിലും കവിതയിലെ വാക്കുകൾ രസിച്ച് കേൾക്കുന്ന ഒരവസ്ഥയുണ്ട്, ആ ഒരു മൂഡിൽ അല്ല ഈ കവിതകൾ ആസ്വദിക്കേണ്ടത്. ഇത് വളരെ യുക്തിഭദ്രമായിട്ടാണ് ആസ്വദിക്കേണ്ടത്. മായികതയൊന്നും ഇല്ല, ആർക്കും മനസിലാവുന്ന ലളിതമായ വാക്കുകളാണ്. നിത്യജീവിതമാണ് ഇതിനകത്ത് വിഷയം. പുതിയ ലോകത്തിന്റെ യാഥാർഥ്യത്തെ എല്ലാവിധ ടെക്‌നോളജിയുടെയും സൗകര്യങ്ങളെ ഉപയോഗിച്ചുകൊണ്ട് കവിതയാക്കുന്നതാണ് ഇതിനകത്തെ വിച്ഛേദം എന്ന് പറയുന്നത്. കവിത കവിതയിൽ മാത്രമല്ല, ചുറ്റിലും വ്യാപിച്ചിരിക്കുന്നു എന്ന് EP പറഞ്ഞു വെക്കുന്നു. ഇത്തരം കാര്യങ്ങൾ പറഞ്ഞാൽ ഇപ്പോൾ ആരും ശ്രദ്ധിക്കണമെന്നില്ല. പക്ഷേ, കുറച്ചു വർഷം കൂടി കഴിഞ്ഞാൽ ഇതിനോട് സമാനമായതോ ഇതിൽ നിന്ന് ഊർജം ഉൾകൊണ്ട് ഇതിനോട് ഒത്തുപോകുന്നതോ ആയ ഏതെങ്കിലും ഒരു രീതിയിലേക്ക് മലയാള കവിത മാറാതിരിക്കില്ല. പ്രത്യേകിച്ച് ഇതൊരു പുതിയ ദശകമാണ് ആ ദശകത്തിന്റെ മൂന്നാമത്തെ വർഷത്തിലാണ് നമ്മൾ ജീവിക്കുന്നത്. രണ്ടായിരത്തി ഇരുപത്തിയേഴോടുകൂടിത്തന്നെ ഒരു ചലനം കവിതയിൽ ഉണ്ടാവും.

EP സാഹിത്യ പ്രവണതകളുമായി മാത്രമല്ലാതെ മറ്റെന്തൊക്കെയായാണ് ബന്ധപ്പെട്ട് നിൽക്കുന്നത്? സമകാലീന കവിതകളോട് ഏതൊക്കെ തരത്തിലാണ് വിയോജിക്കുന്നത്?

ചിത്രകല, ശിൽപ്പകല, നാടകം, സംഗീതം ഇങ്ങനെയുള്ള ഇതരസാഹിത്യ രൂപങ്ങളുമായി ചേർന്ന് നിൽക്കുന്നു. സമകാലീന കവിതകളോട് ഏതൊക്കെ തരത്തിലാണ് വിയോജിച്ച് നിൽക്കുന്നതെന്ന് പറഞ്ഞാൽ സ്ട്രക്ചറൽ ആയിട്ടും കോൺസെപ്ച്വൽ ആയിട്ടും ഇത് വ്യത്യാസപ്പെട്ട് കിടക്കുന്നു. സമകാലിക കവിതയിൽ പല എഴുത്തുകാർ വരുന്നുണ്ട്, പല രീതികൾ വരുന്നുണ്ട് അതിൽ മിക്കവാറും കവിതകൾ EP ക്ക് സ്വീകാര്യമല്ലാത്ത കവിതകളാണ്. വിയോജിക്കാനുള്ള ഒരു കാരണം ലീനിയർ ആയിട്ടുള്ള ആഖ്യാനമാണ്, ശില്പത്തെക്കുറിച്ചും ട്വിസ്റ്റിനെക്കുറിച്ചും വൈരുധ്യങ്ങളെക്കുറിച്ചും ധാരണയുള്ള കവികളല്ല ഇതൊന്നും എഴുതുന്നത്. അത്തരം വിയോജിപ്പുകളുണ്ട്. കവിതകൾ വേണ്ടത്ര എഫക്റ്റീവ് ആകുന്നില്ല. സ്വന്തം ലോകത്തെ സൃഷ്ടിക്കുകയാണ്, മനുഷ്യരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾ ഇവർ ഉൾക്കൊള്ളുന്നില്ല.

എസ് ജോസഫ് | photo : facebook

EP സംഘപരിവാറിന്റെ യുക്തിയാണെന്ന ആരോപണം വന്നിരുന്നു, ഇത്തരത്തിലുള്ള ഒരു ആക്ഷേപം പ്രതീക്ഷിച്ചിരുന്നോ?

സംഘപരിവാറിന്റെ യുക്തി ഹിന്ദുത്വത്തിന്റെ ആശയങ്ങളെ അടിച്ചേൽപ്പിക്കുക എന്നുള്ളതാണ്. നമ്മുടെ രീതി അതല്ല, സാധാരണ മനുഷ്യനാണ്, ഇതിൽ അധിപത്യമില്ല, എമേർജിങ് പോയറ്റ് എന്ന് പറഞ്ഞാൽ എല്ലാ പോയറ്റ്സും എമേർജിങ് പോയറ്റ്സ് ആണ്. ഇത് എന്റെ പ്രസ്ഥാനമല്ല, ഞങ്ങളുടെ ആരുടേയും പ്രസ്ഥാനമല്ല, നമ്മുടെ എല്ലാവരുടെയും പ്രസ്ഥാനമാണ്. അതിൽ ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാം, പോകാം. പോയവർക്ക് വീണ്ടും വരാം എന്നും പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ എങ്ങനെയാണ് ഉദാരമാകുന്നത്. ഇങ്ങനെയാണോ ആളെ കൊല്ലുന്ന സംഘപരിവാറിന്റെ യുക്തി? എനിക്കത് കേട്ടിട്ട് സത്യത്തിൽ ചിരിക്കാനാണ് തോന്നിയത്, അതൊക്കെ ഉത്തരം പോലും ആവശ്യമില്ലാത്ത കാര്യങ്ങളാണ്. ഇന്ദുമേനോൻ പണ്ടൊരു പുസ്തകം എഴുതിയല്ലോ, കഥയുടെ പേര് സംഘപരിവാർ എന്നോമറ്റോ ആണ്. അതുവെച്ചു പറഞ്ഞതായിരിക്കും, എനിക്കത്രയേ പറയാനുള്ളു അതിനെക്കുറിച്ച്.

മേഘജ്യോതിസുപോലെ തിളങ്ങാൻ കൊതിച്ച താങ്കൾ വൈകാതെ എഴുത്ത് നിർത്താൻ സാധ്യതയുണ്ടെന്ന് ഒരിക്കൽ എഴുതിയിരുന്നു, കവിത വറ്റി എന്ന തോന്നലുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും സാഹചര്യങ്ങളാണോ ഇത്തരം ഒരു പ്രസ്താവനയ്ക് കാരണം?

കേരളചരിത്രം മുഴുവൻ പരിശോധിച്ചു നോക്കു, സവർണവിഭാഗത്തിൽ ഉള്ള ആരെങ്കിലും അല്ലാതെ കേരളത്തിൽ പോപ്പുലർ ആയിട്ടുണ്ടോ? കുമാരനാശാനെ പറയാം. അദ്ദേഹത്തിന് വലിയ ഒരു പ്രസ്ഥാനത്തിന്റെ പിന്തുണ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് എ.അയ്യപ്പൻ അങ്ങനെ ആയതെന്ന് പഠിച്ചിട്ടുണ്ടോ? മലയാള കവിതാലോകം അങ്ങനെയാണ്. ഞാൻ മലയാളത്തിൽ ഏഴ് കവിതാപുസ്തകങ്ങൾ എഴുതിയിട്ടുണ്ട്, ആൾക്കാര് പറയുന്നു ഞാൻ വളരെ അറിയപ്പെടുന്ന കവിയാണെന്ന്. പക്ഷേ എനിക്കങ്ങനെ തോന്നുന്നില്ല. എന്നെ ആരും പരിപാടികൾക്കൊന്നും അങ്ങനെ വിളിക്കാറില്ല. പോപ്പുലാരിറ്റി എന്ന് പറയുമ്പോൾ ഒരു പോപ്പുലർ ഫിഗർ ആയി മാറുക എന്നുള്ളതാണ്. അത് പറ്റുന്നില്ല എന്നതാണ്, അതിന്റെ അസ്വസ്ഥതയും പ്രയാസങ്ങളും ഒക്കെയാണീ പറയുന്നത്… അല്ലാതെ ആ പറയുന്നതിനെ അതേപടി എടുക്കരുത്.

കവിത വറ്റുമോ എന്നുള്ള സംശയം എല്ലാകവികൾക്കും ഉണ്ട്. അടുത്ത കവിത എഴുതാൻ പറ്റുമോ എന്ന സന്ദേഹം എല്ലാ കവികൾക്കും ഉണ്ട്. അതെനിക്കുമുണ്ട്. കാരണം ഓരോ കവിത എഴുതുമ്പോഴും നമ്മൾ അവസാനിക്കുകയാണ്. വീണ്ടും ഒന്നിൽ നിന്ന് തുടങ്ങണം. മേഘജ്യോതിസുപോലെ തിളങ്ങാൻ കൊതിച്ചിരുന്നു, വല്ല യൂറോപ്പിലോ മറ്റോ ആണെങ്കിൽ ഇതിലും മുൻപേ ശ്രദ്ധിക്കപ്പെടുമായിരുന്നു. മലയാളികൾ ആരെയും വളരാൻ സമ്മതിക്കില്ല, സച്ചിദാനന്ദൻ ഒഴികെ കേരളം വിട്ട് ആരും വളർന്നിട്ടില്ല. കവിയെന്ന നിലയിൽ വലിയ ഭാവനകളുണ്ടായിരുന്നു. പോപ്പുലർ ആവുക എന്ന് പറഞ്ഞാൽ മനുഷ്യനെ സ്നേഹിക്കുക എന്ന അർത്ഥവുമുണ്ട്. അല്ലാതെ സിനിമയിലെ പോപ്പുലാരിറ്റി അല്ല ഉദ്ദേശിക്കുന്നത്.

സ്ത്രീകളുടെ കവിതകളിൽ സങ്കീർണമായവ ഇല്ല. മേതിലിന്റെ സങ്കീർണ്ണത, ആനന്ദിന്റെ സങ്കീർണ്ണത ഇതൊന്നും മലയാളത്തിൽ എഴുതുന്ന സ്ത്രീകൾക്കില്ല, വിചിത്രമായ ഒരന്വേഷണം കുറവായിരിക്കും. ഇല്ലെന്നല്ല, സാറ ജോസഫിന്റെ, സ്വപ്ന ശ്രീനിവാസിന്റെ എഴുത്തിൽ ഒക്കെ അതുണ്ട്. ഒട്ടും ഇല്ലെന്ന് ഞാൻ പറയുന്നില്ല. എങ്കിലും പൊതുവെ കുറവാണ്.

മിക്കവാറും കവികളെല്ലാം വിഭവശ്യൂന്യരായ കാലമാണിതെന്ന് മാഷ് അഭിപ്രായപ്പെട്ടിരുന്നു. കവിതയ്ക്കു പറ്റിയ കാലം അല്ലാത്തത് കൊണ്ടാണോ? കാലത്തിനുപറ്റിയ കവിതകൾ ഇല്ലാത്തത് കൊണ്ടാണോ?

അനുഭവങ്ങളുടെ ഒരു ലോകമുണ്ട്. അതില്ലാത്തവരാണ് ഇന്നത്തെ കവികളിൽ മിക്കവരും. അനുഭവങ്ങളുടെ തീക്ഷ്ണത കവിതയിൽ ഇല്ലെങ്കിൽ അതൊരിക്കലും ഫലിക്കില്ല. അതൊരു സത്യമാണ്. തണുത്ത തലച്ചോറെ ഉണ്ണുവാനുള്ളു കയ്യിൽ എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതുമ്പോൾ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ഒരവസ്ഥ അതിലുണ്ട്. ഇതൊരു വിമർശനമായി പറയുന്നതാണ്.അവരുടെ ഉള്ളിൽ എന്തെങ്കിലും വിഭവം ഉണ്ടെങ്കിൽ അത് പുറത്തോട്ട് വരട്ടെ എന്ന് കരുതി. അല്ലാതെ ഒരിക്കലും മറ്റെന്തെങ്കിലും ഉദ്ദേശത്തിൽ അല്ല പറയുന്നത്.

EP എന്ന മൂവ്മെന്റിൽ നിന്നും ഒഴിഞ്ഞുനിന്ന കവികളുടെ വീടുകളിൽ ചെന്ന് അവരോടു സംസാരിക്കാൻ മാഷ് തയ്യാറായിരുന്നു, തിരിച്ച് അവരിൽ നിന്നുണ്ടായ പ്രതികരണം എന്താണ്?

അതെന്റെയൊരാഗ്രഹം, കവികളുടെ വീടുകളിൽ ഒക്കെ പോകണം, പരിചയപ്പെടണം എന്നൊക്കെ വിചാരിച്ച്. പിന്നെ ഇതൊക്കെ എന്റെ പറച്ചിലുകളാണ്, ഇങ്ങനെയുള്ള പറച്ചിലുകളിലൂടെയാണ് EP നമ്മൾ രൂപപ്പെടുത്തി എടുത്തത്.

സ്ത്രീകളുടെ എഴുത്ത് സബ്ജക്റ്റീവായും പൊളിറ്റിക്കലായും പ്രസക്തമാണെങ്കിലും ലീനിയർ നരേഷനാണ് കൂടുതലും എന്ന ഒരു സ്റ്റേറ്റ്മെന്റ് മാഷ് നടത്തിയിരുന്നു, അത് ശരിയായി തോന്നുന്നുണ്ടോ? സ്ത്രീകളുടെത് എല്ലാം ലീനിയർ നറേഷൻ ആണെന്ന് എനിക്ക് തോന്നുന്നില്ല (ഉദ: രോഷ്നി സ്വപ്നയുടെ കവിതകൾ പരിശോധിക്കുകയാണെങ്കിൽ അവയെല്ലാം ലീനിയർ നരേഷനിൽ ഉള്ളവയല്ലല്ലോ).

സ്ത്രീകളുടെ എഴുത്തിനെക്കുറിച്ച് ഞാൻ പഠിച്ചിട്ടുണ്ട് പുതുകവിതകളുടെ ചരിത്രം എന്ന ഒരു ചരിത്ര പുസ്തകവും എഴുതിയിട്ടുണ്ട്. കവിതയിലെ സഞ്ചാരങ്ങൾ എന്നാണ് ഇപ്പോഴതിന്റെ പേര്.അതിൽ മലയാളത്തിലുള്ള മിക്കവാറും സ്ത്രീകളുടെ കവിതകൾ പഠിച്ചിട്ടുണ്ട്. ഇവരുടെ എഴുത്തിന്റെ ഒരു പ്രത്യേകത വളരെ വലിച്ചു നീട്ടിയിട്ടുള്ളതാണ്, ഒരാഖ്യാനം എന്ന തരത്തിലാണ് അതൊക്കെ നിൽക്കുന്നത്, അതും മിക്കവാറും വൺ ഡയമെൻഷണൽ ആയിട്ടുള്ള ആഖ്യാനം ആണ്. അങ്ങനെ അല്ലാത്ത കവിതകളും അപൂർവ്വമായിട്ടുണ്ട്. സ്ത്രീകളുടെ കവിതകളിൽ സങ്കീർണമായവ ഇല്ല. മേതിലിന്റെ സങ്കീർണ്ണത, ആനന്ദിന്റെ സങ്കീർണ്ണത ഇതൊന്നും മലയാളത്തിൽ എഴുതുന്ന സ്ത്രീകൾക്കില്ല, വിചിത്രമായ ഒരന്വേഷണം കുറവായിരിക്കും. ഇല്ലെന്നല്ല, സാറ ജോസഫിന്റെ, സ്വപ്ന ശ്രീനിവാസിന്റെ എഴുത്തിൽ ഒക്കെ അതുണ്ട്. ഒട്ടും ഇല്ലെന്ന് ഞാൻ പറയുന്നില്ല. എങ്കിലും പൊതുവെ കുറവാണ്.

എസ് ജോസഫ് | photo : facebook

EP യോട് സഹകരിക്കുന്ന എഴുത്തുകാർ ആരൊക്കെയാണ്, അവർ ഏത് താരത്തിലാണ് EP ക്ക്‌ വേണ്ടി പ്രവർത്തിക്കുന്നത്?

EP യുടെ ആശയങ്ങൾ വളരെ നല്ല ആശയങ്ങളാണെന്ന് എസ്.ഹരീഷ് എന്നോട് പറഞ്ഞിട്ടുണ്ട്. സച്ചിമാഷ്, ഇ.വി.രാമകൃഷ്ണൻ സാറ്, റാഷ്, എ .ജെ തോമസ് എന്നിവർ സഹകരിക്കുന്നുണ്ട്. ചിത്തിര കുസുമൻ, വിദ്യപൂവഞ്ചേരി, നിഷ നാരായണൻ, രതീഷ് കൃഷ്ണ, ശിഹാബ്, കെ.കെ. ബാബുരാജ്, എ.കെ. വാസു, അഭിജിത്ത് ബോസ് തുടങ്ങി പലരും EP യിൽ ഉണ്ട്.

ഒരു കവി എന്ന നിലയിൽ ഞാൻ അനുഭവിച്ച അവഗണനകൾ നിങ്ങൾ കവികളാരും അനുഭവിച്ചിട്ടില്ല എന്ന് പറയാൻ കാരണമെന്താണ്?

കവി എന്ന നിലയിൽ ഇപ്പോഴും അവഗണന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാതരത്തിലും എന്നും നിരന്തരം അവഗണന. ഒരുപാട് കവിതകൾ എഴുതാൻ വേണ്ടിയായിരിക്കും ഇത്തരം അവഗണനകൾ എന്നാണ് എനിക്ക് തോന്നുന്നത്. കവിതയിൽ എത്തിയിട്ടും ഓടക്കുഴൽ അവാർഡും സാഹിത്യ അക്കാദമി അവാർഡും കിട്ടിയിട്ടും അവസരങ്ങൾ കിട്ടുന്നുണ്ടോ? പരിപാടികൾക്ക് ആരെങ്കിലും വിളിക്കുന്നുണ്ടോ? ഇതൊരു പരാതിയായിട്ട് പറഞ്ഞതല്ല, സമൂഹം നമ്മളെ കേൾക്കുക എന്ന് പറഞ്ഞാൽ അതൊരു വലിയ കാര്യമായിട്ടാണ് ഞാൻ കരുതുന്നത്. ജനങ്ങളോട് സംസാരിക്കുവാനും അവരോടു സംഭാഷണത്തിൽ ഏർപ്പെടാനും ഒക്കെ താല്പര്യം ഉള്ളതുകൊണ്ടാണ് പ്രോഗ്രാംസിനൊക്കെ വല്ലപ്പോഴും എന്നെ വിളിക്കണം എന്ന് ഞാൻ പറയുന്നത്. എല്ലാർക്കും അവസരം കിട്ടണം എന്നെ ഞാൻ പറയുന്നുള്ളു.

പുതിയ എഴുത്തുകാർക്ക് അവസരം കിട്ടേണ്ടെ എന്നാണ് അവർ പറയുന്നത്. പഴയവർ ആണത് പറയുന്നത്. അവസരം കിട്ടിയവർ സന്തോഷിക്കുകയും അവസരം കിട്ടാത്തവർ ദുഃഖിക്കുകയും ചെയ്യും. ഞാനത് തുറന്ന് പറഞ്ഞെന്നെ ഉള്ളു. പിന്നെ എന്തുകൊണ്ടാണ് രാജിവെച്ചത് എന്ന് ചോദിച്ച് കഴിഞ്ഞാൽ, സച്ചിമാഷാണ്‌ അതിന്റെ ഡയറക്ടർ. അദ്ദേഹം അറിയുന്നില്ല ഇതൊന്നും എന്നാണ് പറയുന്നത്. അദ്ദേഹം ഡയറക്ടർ ആയിരിക്കുമ്പോൾ അറിയണമല്ലോ.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വിളിക്കാതിരുന്നതിൽ തുറന്ന പ്രതികരണമാണ് മാഷ് നടത്തിയത്, അത്തരത്തിൽ തുറന്ന ഒരു പ്രതികരണം എന്തുകൊണ്ടായിരുന്നു?

KLF ന് ആദ്യത്തെ മൂന്ന് പരിപാടികൾക്ക് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. തീർച്ചയായും അത് സന്തോഷം ഉള്ള കാര്യമാണ്. പിന്നീടുള്ള മൂന്ന് തവണ ഉൾപ്പെടുത്തിയില്ല. എന്നെ മാത്രമാണ് അങ്ങനെ ഉൾപ്പെടുത്താതിരിക്കുന്നത്. ആറ് തവണയും ഉൾപ്പെട്ടവരുണ്ട്. പുതിയ എഴുത്തുകാർക്ക് അവസരം കിട്ടേണ്ടെ എന്നാണ് അവർ പറയുന്നത്. പഴയവർ ആണത് പറയുന്നത്. അവസരം കിട്ടിയവർ സന്തോഷിക്കുകയും അവസരം കിട്ടാത്തവർ ദുഃഖിക്കുകയും ചെയ്യും. ഞാനത് തുറന്ന് പറഞ്ഞെന്നെ ഉള്ളു. പിന്നെ എന്തുകൊണ്ടാണ് രാജിവെച്ചത് എന്ന് ചോദിച്ച് കഴിഞ്ഞാൽ, സച്ചിമാഷാണ്‌ അതിന്റെ ഡയറക്ടർ. അദ്ദേഹം അറിയുന്നില്ല ഇതൊന്നും എന്നാണ് പറയുന്നത്. അദ്ദേഹം ഡയറക്ടർ ആയിരിക്കുമ്പോൾ അറിയണമല്ലോ. ഞാൻ എന്റെ പ്രതികരണം എന്ന പേരിൽ രാജി എഴുതിക്കൊടുത്തു, പക്ഷേ അതിന് പ്രതികരണം ഉടനെയൊന്നും ഉണ്ടായില്ല.

കേരള സാഹിത്യ അക്കാദമി മെമ്പർ സ്ഥാനം രാജിവെച്ചുവല്ലോ, ഒരുപാടുപേര് അത് വേണ്ടിയിരുന്നില്ല എന്ന് അഭിപ്രായപ്പെടുന്നുണ്ട്, അല്ലാത്തവരും ഉണ്ട്‌. സാഹിത്യ അക്കാദമിയുടെ തലപ്പത്തിരിക്കുന്നവർ ഇതിനോട് എങ്ങിനെയാണ് പ്രതികരിച്ചത്?

സച്ചിമാഷ് അദ്ദേഹത്തിന്റെ ചില പാളിച്ചകൾ പറയുകയുണ്ടായി, ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഒന്നുമില്ല, ഇത് വ്യക്തിപരവുമല്ല. അശോകൻ ചരുവിൽ, കെ.കെ.കൊച്ച് തുടങ്ങിയ ഒരുപാട് പേര് രാജി ശരിയല്ല എന്ന് പറഞ്ഞു, പക്ഷെ ഇതിന്റെ മുഴക്കങ്ങൾ ഇവിടെയല്ല. എന്തുകൊണ്ടാണ് മേൽജാതി സമൂഹത്തിൽ പെട്ടവർ മാത്രം പ്രസിദ്ധരാവുന്നത്? ഇതാണെന്റെ ചോദ്യം. ഇതെനിക്ക് വേണ്ടിയല്ല പറയുന്നത്. എനിക്ക് വേണ്ടിയാണെന്ന് തോന്നും. പക്ഷേ, ആർക്കുവേണ്ടിയാണ് ഈ ശബ്ദം മുഴങ്ങുന്നതെന്ന് ആലോചിക്കണം.

Leave a comment