TMJ
searchnav-menu
post-thumbnail

Outlook

അവസാനഘട്ടത്തിലെ അടിയൊഴുക്കുകള്‍: തൃക്കാക്കര പറയുന്നത്

23 May 2022   |   1 min Read
ബിനീഷ് പണിക്കര്‍

തൃക്കാക്കരയിലെ ആകാശം വല്ലാതെ കാളിമ പൂണ്ടുനില്‍ക്കുകയാണ്. അവസാനഘട്ടത്തിലെ അടിയൊഴുക്കുകള്‍ എന്തൊക്കെ? ഉപതെരഞ്ഞെടുപ്പിലെ പ്രചാരണം ഉച്ചസ്ഥായിയിലേക്ക് എത്തുന്ന വേളയില്‍ എല്ലാവരുടെയും ഉദ്വേഗം അതിന്‍മേലെയാകുന്നു. മാറി മാറി കനക്കുന്ന മഴയ്ക്കിടയിലും മണ്ഡലത്തെ ആകെ ഇളക്കിക്കൊണ്ടാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ദൃശ്യമായ പ്രചാരണങ്ങള്‍ക്കപ്പുറം അദൃശ്യമായ അടിയൊഴുക്കുകളും നീക്കുപോക്കുകളും ഫലത്തെ ഏത് തരത്തിലാക്കും സ്വാധീനിക്കുക? വിധിയെഴുത്ത് സംസ്ഥാനത്തെ അധികാരം മാറ്റിമറിയ്ക്കാനൊന്നും പോകുന്നില്ലെങ്കിലും അതിനൊക്കെയപ്പുറമുള്ള തലം ഉപതെരഞ്ഞെടുപ്പിന് വന്നുപെട്ടിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേര്‍ക്കുനേര്‍ നിന്ന് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ തന്ത്രങ്ങള്‍ മെനയുന്നു, നീക്കങ്ങള്‍ക്ക് കരുത്തുപകരുന്നു. അഭിമാന പോരാട്ടം. എന്‍ഡിഎ ആകട്ടെ കഴിഞ്ഞ തവണ ചോര്‍ന്നുപോയ വോട്ടുകള്‍ കൂടി സമാഹരിച്ച് കൂടുതല്‍ സ്വാധീനത അടയാളപ്പെടുത്താനുള്ള ശ്രമത്തിലും.

സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ തന്ത്രപരമായ നിലപാടെടുത്ത ട്വന്റി ട്വന്റിയും ആം ആദ്മിയും ചേര്‍ന്നുള്ള ജനക്ഷേമ സഖ്യം ഒരു മുന്നണിയ്ക്കും പിന്തുണയില്ലെന്ന് ഞായറാഴ്ച പ്രഖ്യാപിയ്ക്കുകയും ചെയ്തുകഴിഞ്ഞു. തങ്ങള്‍ക്കു ഗുണകരമായിത്തീരും ഇതെന്ന് മൂന്നു മുന്നണികളും പ്രത്യാശയിലാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണനും അടക്കം മത്സരരംഗത്ത് എട്ടുപേരാണുള്ളത്. പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ മണ്ഡല പര്യടനം പലവട്ടം പൂര്‍ത്തിയാക്കി. തന്റെ രണ്ടാം വട്ട പ്രചാരണ പരിപാടികള്‍ക്കായി എത്തിയ പിണറായി വിജയന്‍ കൊച്ചിയില്‍ തങ്ങി അവസാന വിലയിരുത്തലുകള്‍ നടത്തുകയാണ്. വി.ഡി സതീശനാകട്ടെ ആഴ്ചകളായി തൃക്കാക്കരയില്‍ തന്നെ കേന്ദ്രീകരിയ്ക്കുന്നു. പ്രാദേശികവും ദേശീയവുമൊക്കെയായ വിവിധ വിഷയങ്ങള്‍ മുന്നണികളും പാര്‍ട്ടികളും ഒരുപോലെ പ്രചാരണ രംഗത്ത് വിഭവങ്ങളാക്കുന്നു. വിവാദങ്ങളും വ്യവഹാരങ്ങളുമൊക്കെ അകമ്പടിയായുണ്ട്.

യുഡിഎഫിനും കോണ്‍ഗ്രസിനും സിറ്റിംഗ് സീറ്റ് നിലനിര്‍ത്തണം. ഇടതുപക്ഷത്തിനും സിപിഎമ്മിനും സീറ്റ് പിടിച്ചെടുക്കാനായാല്‍ നൂറ് തികയ്ക്കാം. സില്‍വര്‍ലൈന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു മധ്യെ വിജയിക്കാനായാല്‍ അതിന് അര്‍ത്ഥങ്ങളേറെ. വിജയം മാത്രം ലക്ഷ്യമാക്കി മുന്നണികള്‍ നിലകൊള്ളവെ, അവസാനഘട്ടത്തില്‍ തീപാറും, അടിയൊഴുക്കുകള്‍ക്ക് ചടുലതയേറും, ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിക്കപ്പെടുക തന്നെ ചെയ്യും.

വരാനിരിക്കുന്നത് പുതിയ കണക്കാണെന്നാണ് കൊടിയേരി ചൂണ്ടിക്കാണിക്കുന്നത്. പുതിയ കണക്കെടുപ്പിനുള്ള വിഭവം തങ്ങള്‍ ഒരുക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞുവരുന്നത്. ആ വിശ്വാസത്തിനാധാരമായ വസ്തുതകള്‍ കൊടിയേരിയുടെ പക്കലുണ്ടായിരിക്കണം.

കണക്കിലെ കണക്കും, കണക്കില്ലായ്മയും

കൂട്ടിയും കിഴിച്ചും സാധ്യതാമാപിനികളിലേക്ക് ഉറ്റുനോക്കുന്നവരോട് കഴിഞ്ഞതവണത്തെ കണക്കേ നോക്കേണ്ടന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആവര്‍ത്തിക്കുന്നത്. മുന്‍പ് ഇങ്ങനെയായിരുന്നില്ലേ, മണ്ഡലചരിത്രം ഇപ്രകാരമല്ലേയെന്നൊക്കെയുള്ള കണക്കെടുപ്പുകള്‍ അപ്രസക്തം. വരാനിരിക്കുന്നത് പുതിയ കണക്കാണെന്നാണ് കൊടിയേരി ചൂണ്ടിക്കാണിക്കുന്നത്. പുതിയ കണക്കെടുപ്പിനുള്ള വിഭവം തങ്ങള്‍ ഒരുക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞുവരുന്നത്. ആ വിശ്വാസത്തിനാധാരമായ വസ്തുതകള്‍ കൊടിയേരിയുടെ പക്കലുണ്ടായിരിക്കണം. അതിനുള്ള എല്ലാ കരുനീക്കങ്ങളും നടത്തുന്നതിനായിട്ടാവണം മുഖ്യമന്ത്രി രണ്ടാം വട്ടവും മണ്ഡലത്തില്‍ തങ്ങുന്നത്.

എന്നാല്‍ യുഡിഎഫ് ക്യാമ്പുകള്‍ക്ക് വിജയത്തിന്റെ കാര്യത്തില്‍ സംശയമേതുമില്ല. പി.ടി തോമസ് നേടിയതനപ്പുറമുള്ള ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കുമെന്നവര്‍ പറയുന്നു. ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞുപോയാല്‍ പോലും അത് പിന്നോട്ടടിയാണെന്ന് കരുതുന്നവരും ആ പക്ഷത്തുണ്ട്. പരമ്പരാഗതമായ കണക്കുകളില്‍ ഊന്നുകയാണ് യുഡിഎഫ്. അത് അവര്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നുണ്ട്. തൃക്കാക്കര മണ്ഡലം രൂപീകരിച്ചതിനുശേഷമുള്ള മൂന്നു തെരഞ്ഞെടുപ്പുകളിലും വിജയം ഐക്യമുന്നണിയ്ക്കായിരുന്നു. കേരളത്തിലൊന്നാകെ തന്നെ രണ്ടാം പിണറായി തരംഗം ആഞ്ഞുവീശിയപ്പോഴും പി.ടി. തോമസിനൊപ്പം പാറ പോലെ ഉറച്ചുനിന്ന മണ്ഡലമാണ്. 2021ല്‍ 14,329 വോട്ട് ഭൂരിപക്ഷവും 43.82 ശതമാനം വോട്ടുപങ്കും പി.ടി ക്ക് ഉണ്ടായിരുന്നു. 59,839 വോട്ടുകള്‍. പി.ടി. തോമസിനു മണ്ഡലത്തിലുണ്ടായ സ്വീകാര്യത ഉപതെരഞ്ഞെടുപ്പില്‍ ഉമാ തോമസിന് ഗുണകരമാകും എന്നവര്‍ പ്രതീക്ഷിക്കുന്നു.

ട്വന്റി ട്വന്റിയും ആം ആദ്മിയും ചേര്‍ന്നു രൂപീകരിച്ചിട്ടുള്ള ജനക്ഷേമ സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് മറ്റാരേക്കാളും തങ്ങള്‍ക്ക് അനുകൂലമായി ഭവിക്കുമെന്ന് ഐക്യമുന്നണി വിശ്വസിക്കുന്നു. 2021ല്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥി ഡോ. ടെറി തോമസ് 13,897 വോട്ടുകള്‍ നേടിയിരുന്നു. ഇക്കുറി വോട്ടുകള്‍ അതിലും ഏറെയായിരിക്കുമെന്നാണ് സഖ്യത്തിന്റെ നേതാക്കളായ സാബു ജേക്കബും പി.സി. സിറിയക്കും മുന്നണി നിലപാട് പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ നടത്തിയ അവകാശ വാദം. എല്‍ഡിഎഫും എന്‍ഡിഎയും ജനക്ഷേമ സഖ്യത്തിന്റെ നിലപാട് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് അവകാശപ്പെടുമ്പോഴും വലിയ അടിയൊഴുക്കുകള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഈ വോട്ടിലെ നല്ല പങ്ക് തങ്ങളുടെ പെട്ടിയിലേക്ക് എത്തിയേക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

എന്നാല്‍, ട്വന്റി ട്വന്റിയ്ക്ക് ലഭിച്ച വോട്ടുകള്‍ മുഖ്യധാരാ പാര്‍ട്ടികളോട് മമതയില്ലാതെ ചിതറിക്കിടക്കുന്ന വോട്ടുകളായിരുന്നുവെന്നും അത് അപ്രകാരം തന്നെ ഇക്കുറിയും നിലനില്‍ക്കണമില്ലെന്നും കരുതുന്നവരും ഇടത്തും വലത്തുമുണ്ട്. ട്വന്റി ട്വന്റിയുടെ ജീവാത്മാവായ സാബു ജേക്കബ് ഇതെഴുതുന്നതുവരെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാരിനോട് തങ്ങള്‍ക്ക് ചില പരിഭവങ്ങളുണ്ടെന്ന ധ്വനിയോടെയുള്ളവയാണെന്നതും യുഡിഎഫിന്റെ പ്രതീക്ഷയെ ത്വരിതപ്പെടുത്തുന്നു. പക്ഷെ, ട്വന്റി ട്വന്റിയെ അനുകൂലിക്കുന്നവര്‍ രാഷ്ട്രീയേതര പരിഗണനകള്‍ വച്ചുപുലര്‍ത്തുന്നവരാണെന്നും അത്തരക്കാര്‍ക്ക് ഉമാ തോമസിനേക്കാള്‍ സ്വീകാര്യമാവുക പ്രഫഷണലായ ഡോ. ജോ ജോസഫായിരിക്കുമെന്നുമാണ് സിപിഎം കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ട്വന്റി ട്വന്റിയും പി.ടി. തോമസും തമ്മിലുള്ള പഴയ കൊമ്പുകോര്‍ക്കലുകളും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. സിപിഎമ്മുമായും കോണ്‍ഗ്രസുമായും നേര്‍ക്കുനേര്‍ പോരടിച്ചുകൊണ്ടാണ് ട്വന്റി ട്വന്റി നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ വിലയിരുത്തി അണികള്‍ വോട്ട് ചെയ്യും എന്നു ജനക്ഷേമ സഖ്യ നേതൃത്വം പറയുമ്പോള്‍ അത് താഴെ തട്ടിലുള്ള അണികള്‍ ഏത് തരത്തിലാണ് സ്വീകരിക്കുക എന്നത് കാത്തിരുന്നുതന്നെ കാണണം. അടിയൊഴുക്കുകള്‍ക്ക് ആക്കം വര്‍ദ്ധിപ്പിക്കുന്നതാണ് ഇത്തരം നിലപാടുകളെന്ന കാര്യവും മറക്കാനാവില്ല. ഒരു കാലത്ത് പിണറായി വിജയനുമായി മമതാബന്ധം പുലര്‍ത്തിയിരുന്നു സാബു ജേക്കബും കിറ്റെക്‌സ് കുടുംബവുമെങ്കിലും ട്വന്റി ട്വന്റിയുടെ ആഗമനത്തിനുശേഷമുണ്ടായ സംഭവവികാസങ്ങള്‍ അതിലേറെ വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.

മണ്ഡലത്തിലെ ഓരോ സ്വാധീനതാശക്തികളേയും കണ്ടെത്തി അവരുമായി സംവദിച്ചുകൊണ്ട് ചെറു ഗ്രൂപ്പുകളുടെ വരെ വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള കരുനീക്കങ്ങളിലാണ് എല്‍ഡിഎഫും സിപിഎമ്മും നടത്തുന്നത്. എല്ലാ സിപിഎം എംഎല്‍എമാരേയും മന്ത്രിമാരേയും അണിനിരത്തിയും വീടുവീടാന്തരം കയറിയിറങ്ങിയും മറ്റും പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള കഠിന പ്രയത്‌നത്തിലാണവര്‍. എതിരാളികളുടെ കേന്ദ്രങ്ങളില്‍ കടന്നുകയറി അടിയൊഴുക്കുകള്‍ സൃഷ്ടിച്ചെടുക്കാനാവുമോയെന്ന അന്വേഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത കണക്കെടുപ്പുകളെ ഭേദിച്ചുകൊണ്ട് മറ്റു ചില കൂട്ടലുകളും കിഴിക്കലുകളും തങ്ങളുടെ വിലയിരുത്തലുകളിലുണ്ടെന്ന നിലപാടില്‍ മറഞ്ഞിരിക്കുന്നതും ഇത്തരം നീക്കങ്ങള്‍ സംബന്ധിച്ച പ്രതീക്ഷകളാവാം. വട്ടിയൂര്‍ക്കാവില്‍ കണക്കുകള്‍ മാറിമറിഞ്ഞത് ഓര്‍മ്മയിലേയെന്നും ചോദിക്കുമ്പോള്‍ ആസന്ന സമീപകാല തെരഞ്ഞെടുപ്പുകളില്‍ നടത്തിവരുന്ന അദൃശ്യനീക്കങ്ങളിലേയ്ക്കു കൂടി കണ്ണെറിയുന്നുണ്ടവര്‍. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഉരകല്ല് കൂടിയാണെന്ന ഗൗരവം കണക്കിലെടുത്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഒരു കുറവുമില്ലാതെ, എണ്ണയിട്ട യന്ത്രം പോലെ കിറുകൃത്യമായി ചലിയ്ക്കുന്നുണ്ടോയെന്നത് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഏറെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നുണ്ട്. ഭരണത്തുടര്‍ച്ച അവര്‍ക്ക് നല്‍കുന്ന കരുത്ത് അക്കാര്യത്തില്‍ ചെറുതുമല്ല.

ക്രൈസ്തവ വോട്ടുകള്‍ പരമാവധി സമാഹരിക്കാന്‍ ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം സഹായകമാകാനാണിട. ജോ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാണെന്നത് പ്രചാരണം മാത്രമാണെന്ന് സീറോ മലബാര്‍ സഭ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരസ്യമായ വ്യക്തമാക്കലുകള്‍ക്കപ്പുറമാണ് തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകള്‍ എന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്. ഫലം വന്നതിനുശേഷമേ ഇതിലൊക്കെയുള്ള നെല്ലും പതിരും തിരിയൂ എന്നതാണ് വാസ്തവം. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാക്കിയ തുടക്കപ്പിഴകളുടെ പുറത്ത് കടക്കാന്‍ തങ്ങള്‍ക്കായിയെന്നാണ് സിപിഎം വിലയിരുത്തുന്നത്. സഭാ സ്ഥാനാര്‍ത്ഥിയെന്ന ആരോപണത്തെ ചെറുക്കാനായെന്നും അത്തരം പ്രചാരണത്തില്‍ നിന്നും എതിരാളികള്‍ തന്നെ പിന്‍വാങ്ങിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഹൃദയരോഗ വിദഗ്ദ്ധനായ ഡോ. ജോ ജോസഫിനെ മധ്യവര്‍ഗ്ഗ നഗര മണ്ഡലത്തിന് കൂടുതല്‍ സ്വീകാര്യനാകുമെന്നും അദ്ദേഹം ഇതിനകം തന്നെ വിപുലമായ അംഗീകാരം നേടിയെന്നും അവര്‍ പറയുന്നു. ഡോക്ടര്‍മാരുടേയും പ്രഫഷണലുകളുടേയും വലിയ ഒരു നിരയെ തന്നെ ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിനായി രംഗത്തുണ്ട്. കഴിഞ്ഞ വട്ടത്തെ പരാജയത്തിന് സിപിഎമ്മിന്റെ തന്നെ സംഘടനാപരമായ പലപ്രശ്‌നങ്ങളുമുണ്ടായിരുന്നു. അത് നടപടികളിലേക്കു തന്നെ പില്‍ക്കാലത്ത് കൊണ്ടുചെന്നെത്തിക്കുകയുമുണ്ടായി.

എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനൊപ്പം ജോ ജോസഫ് | photo Facebook

രാഷ്ട്രീയ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നതെന്നും അവിടെ മുന്‍ എംഎല്‍എയുടെ വിധവയ്ക്കു ലഭിക്കുന്ന സഹതാപത്തില്‍ കണ്ണുംനട്ട് നില്‍ക്കുന്ന ഐക്യമുന്നണിയ്ക്ക് പരാജയമായിരിക്കും ഫലം എന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു. വികസനത്തിന്റെ രാഷ്ട്രീയത്തിനൊപ്പം എതിര്‍പാളയത്തിലെ അടിയൊഴുക്കുകളിലും അവര്‍ പ്രതീക്ഷ വെയ്ക്കുന്നു. രമേശ് ചെന്നിത്തല- ഉമ്മന്‍ചാണ്ടി ക്യാമ്പില്‍ നിന്നും കെ. സുധാകരന്‍-വി.ഡി. സതീശന്‍ ദ്വയത്തിനെതിരെ ചരടുവലികളുണ്ടാകുമെന്ന കണക്കുകൂട്ടല്‍ ഇടതു കേന്ദ്രങ്ങള്‍ക്കുണ്ട്. കെ. സുധാകരന്റെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തെ വിവാദമാക്കാന്‍ ശ്രമിച്ചതുമൊക്കെ കോണ്‍ഗ്രസിനകത്ത് വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമാക്കിക്കൊണ്ടാവണം. കോണ്‍ഗ്രസ് വിമതരെ എല്ലാവരേയും ഒരേ വേദിയില്‍ കൊണ്ടുവന്നതും ഇതേ ലക്ഷ്യത്തോടെയാകണം.

പക്ഷെ ഇതൊന്നും വിലപ്പോകുന്നില്ലെന്നാണ് കോണ്‍ഗ്രസും യുഡിഎഫും കരുതുന്നത്. തങ്ങള്‍ക്ക് ഒരു വേവലാതികളും ഇല്ലെന്നും അവര്‍ പറയുന്നു. ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തൃക്കാക്കര. അതിന് മാറ്റം വരുന്ന സംഭവഗതികളൊന്നും ഉണ്ടായിട്ടില്ല. പി.ടി തോമസിനോടുള്ള സ്‌നേഹം ഉമ തോമസിനോടും ആളുകള്‍ പ്രകടിപ്പിക്കുന്നു. വലിയ സ്വീകാര്യതയാണ് മണ്ഡലത്തിലാകെ അവര്‍ക്കു ലഭിക്കുന്നത്. ഉമ വിദ്യാര്‍ത്ഥി കാലം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായ വ്യക്തിത്വമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ സ്ഥാനാര്‍ത്ഥി അല്ലെന്ന വാദം അടിസ്ഥാന രഹിതം. ഉമ സഹതാപം തേടുന്ന സ്ഥാനാര്‍ത്ഥിയാണെന്നു പറയുന്നത് മറ്റൊന്നും എതിരാളികള്‍ക്ക് പറയാനില്ലാത്തതിനാലാണ്. പി.ടി തോമസിന്റെ നിലപാടുകള്‍ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ആശിസ്സ് മണ്ഡലത്തിലെ ജനങ്ങള്‍ അവര്‍ക്ക് നല്‍കുക തന്നെ ചെയ്യും. കടുത്ത വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുകയാണ് ജനങ്ങള്‍. കെ റെയില്‍ അടക്കമുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനെതിരെ ഉണ്ടായിട്ടുള്ള വികാരം അതിശക്തമായി തന്നെ വോട്ടെടുപ്പില്‍ പ്രതിഫലിയ്ക്കപ്പെടുകയും ചെയ്യും. കെ.വി. തോമസ് മുതല്‍ എം.ബി. മുരളീധരന്‍ വരെയുള്ള കോണ്‍ഗ്രസ് വിമതരേയും മറ്റും കൊണ്ടുവന്നുള്ള പ്രചാരണങ്ങളൊക്കെ വാര്‍ത്തകള്‍ക്കപ്പുറം ഒരു പ്രതിഫലനവും സൃഷ്ടിയ്ക്കാന്‍ കഴിയില്ല. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായിട്ട് താഴെതട്ട് മുതല്‍ ചിട്ടയായി പ്രവര്‍ത്തിച്ചു വരികയാണെന്നും തൃക്കാക്കര മണ്ഡലം രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമായിരിക്കും ഉമയ്ക്ക് ലഭിക്കുകയെന്നുമാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

എന്‍ഡിഎ രംഗത്തിറക്കിയിരിക്കുന്നത് കൊച്ചിയില്‍ മുഖവുര ആവശ്യമില്ലാത്ത ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെയാണ്. 2016 ല്‍ 21,247 വോട്ടുകള്‍ ബിജെപി-ക്കു ലഭിച്ചു. പക്ഷെ അത് 2021ലേക്കെത്തിയപ്പോൾ, 15,483 വോട്ടുകളായി. കഴിഞ്ഞ തവണ ചോര്‍ന്നുപോയ വോട്ടുകള്‍കൂടി പെട്ടിയിലാക്കി കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്കെത്താന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് എന്‍ഡിഎ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. വലിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിവരുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കളൊക്കെ പ്രചാരണ രംഗത്തുണ്ട്. വലിയ തോതില്‍ ഹിന്ദു വോട്ടുകളുള്ള, സംഘ സംഘടനകള്‍ക്ക് ശക്തമായ വേരൊട്ടമുള്ള മണ്ഡലമാണ് തൃക്കാക്കര. ആ വോട്ടുകളൊക്കെ സമാഹരിക്കാനായാല്‍ ബിജെപി-യുടെ നില കൂടുതല്‍ ശക്തമാകേണ്ടതാണ്. പക്ഷെ സംഘടനയുടെ ആന്തരിക തലത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 2012 ലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അത് വ്യക്തമായിരുന്നു. താഴെ തട്ടുവരെ ചിട്ടയായ പ്രവര്‍ത്തനം നടത്താനായാല്‍ മാത്രമേ വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കാന്‍ സാധിക്കുകയുള്ളു. ബിജെപി വോട്ടുകള്‍ മുഴുവന്‍ അവരുടെ പെട്ടിയില്‍ വീണില്ലെങ്കില്‍ അത് എവിടേയ്ക്ക് പോകുന്നുവെന്നതും ഇത്തരം വാശിയേറിയ തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ അത്യന്തം നിര്‍ണായകമാകുന്നു.

ന്യൂനപക്ഷ വോട്ടുകള്‍ എങ്ങനെ പങ്കുവെയ്ക്കപ്പെടുന്നുവെന്നത് വിധിയെഴുത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാകുന്നു. വിവിധ ക്രൈസ്ത വിഭാഗങ്ങളുടെ വോട്ടുകള്‍ എന്നതുപോലെ തന്നെ മുസ്ലിം ന്യൂനപക്ഷവും ഇവിടത്തെ വോട്ടര്‍മാരില്‍ വലിയ ഒരു പങ്കുണ്ട്. ഇവരില്‍ പരമ്പരാഗതമായി വിവിധ പാര്‍ട്ടികളില്‍ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്നവരുണ്ട്. അതുകൂടാതെ ഓരോ ഘട്ടത്തിലേയും സാഹചര്യങ്ങള്‍ കണക്കിലെടുത്തും മത സംഘടനകളുടെ സ്വാധീനതയാലും തങ്ങളുടെ നിലപാടുകളെ രൂപപ്പെടുത്തുന്നവരുമുണ്ട്. അത്തരക്കാരെയെല്ലാം സ്വാധീനിച്ച് പരമാവധി വോട്ടുകള്‍ സമാഹരിക്കുക എന്ന കാര്യത്തില്‍ മുന്നണികള്‍ മത്സരബുദ്ധിയോടെ ക്യാമ്പയിനുകള്‍ നടത്തുകയാണ്. ഓരോ വിഭാഗത്തേയും ഒപ്പം നിര്‍ത്താന്‍ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളും അതിനായുള്ള അടിയൊഴുക്കുകളുമാകും വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുക.

photo: Facebook

കണക്കില്‍ പലതുമുണ്ട്

ഒരു ദിവസത്തെ പെയ്ത്തുവെള്ളത്തെപ്പോലും താങ്ങാനാവാത്ത കൊച്ചി നഗരവും അവിടത്തെ ജനങ്ങളും കാലവര്‍ഷം എത്തും മുന്‍പേതന്നെ മഴക്കെടുതിയില്‍ ഉഴറുകയാണ്. ഇടയ്ക്കിടെ തെളിഞ്ഞ് വീണ്ടും മഴയുടെ പ്രഹരത്തിലും വെള്ളക്കെട്ടിലും പെട്ടുപോകുകയാണ് കൊച്ചി നഗരവും അതിന്റെ പ്രാന്തങ്ങളും ചേരുന്ന തൃക്കാക്കരയിലെ ജനങ്ങള്‍. ജീവിതായോധനത്തിനായി നെട്ടോട്ടവും കുറിയോട്ടവും നടത്തുന്ന സാധാരണക്കാര്‍, പെരുവഴികളില്‍ നീന്തിത്തുടിച്ച് തങ്ങളുടെ പണിയടങ്ങളിലേയ്‌ക്കെത്താനുള്ള തത്രപ്പാടിനിടെ, തങ്ങളെ വേവലാതിപ്പെടുത്തുന്ന കാര്യങ്ങളെലെത്രയെണ്ണം രാഷ്ട്രീയക്കാരുടെ അജന്‍ഡയിലെന്ന് നിശബ്ദം പറഞ്ഞുകൊണ്ട് ആദ്യമൊക്കെ കാഴ്ചക്കാരായിരുന്നുവെങ്കിലും, നാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങള്‍ ഒടുവില്‍ അവരേയും ബാധിച്ചുതുടങ്ങിയിരിക്കുന്നു. അവരും ചില കണക്കുകൂട്ടലുകളും കിഴക്കലുകളുമൊക്കെ നടത്തുന്നുണ്ട്. ഉറച്ച മുന്നണി വോട്ടുകളേക്കാള്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുക ഇത്തരം നിശബ്ദ സൂചികകള്‍ തന്നെയാകുന്നു.

സിപിഎം പരമ്പരാഗതമായ മണ്ഡലം കണക്കെടുപ്പുകളെ തള്ളിക്കളയുന്നത് അതവര്‍ക്ക് സുഖകരമല്ലെന്നതിനാലാണ്. പക്ഷെ, അത്തരം കണക്കുകളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടുള്ള വിലയിരുത്തലുകള്‍ സാധ്യമല്ലെന്ന് അവര്‍ക്കു തന്നെ അറിയാം. കൊച്ചി നഗരസഭയിലെ 22 ഡിവിഷനുകളും തൃക്കാക്കര മുന്‍സിപ്പാലിറ്റിയും ചേരുന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. കണക്കുകള്‍ നോക്കിയാല്‍ ഐക്യമുന്നണിയ്ക്ക് പ്രതീക്ഷവെയ്ക്കാന്‍ വിഭവങ്ങള്‍ ഏറെ. പുതിയ കണക്കുകള്‍ എഴുതുമെന്ന സിപിഎമ്മിന്റെ വാദത്തിലും കാണാം ചില കൂട്ടലുകളും കിഴിക്കലുകളും. അവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങളനവധി. ട്വന്റി ട്വന്റിയും ആം ആദ്മിയും ചേര്‍ന്നുള്ള സഖ്യത്തിന്റെ വോട്ടുകള്‍ പോകുന്ന വഴി മാത്രമല്ല, ബിജെപി സ്വന്തം പെട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്ന വോട്ടുകളുടെ എണ്ണവും (തിരികെ വരാത്ത എണ്ണവും) ഒക്കെ വിധിയെഴുത്തില്‍ നിര്‍ണായകം തന്നെ.

Leave a comment