TMJ
searchnav-menu
post-thumbnail

Outlook

തൃക്കാക്കര ഫലവും ഫലശ്രുതിയും

03 Jun 2022   |   1 min Read
ബിനീഷ് പണിക്കര്‍

PHOTO: RAFI KOLLAM

നവോന്മേഷത്തോടെ കോണ്‍ഗ്രസ്,
വന്‍തിരിച്ചടി പരിശോധിക്കാന്‍ സിപിഎം

രാഷ്ട്രീയ മത്സരത്തിന് ശേഷിയുള്ള സ്ഥാനാര്‍ത്ഥിയല്ലെന്ന സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും വിമര്‍ശനത്തിന് ആധികാരിക വിജയത്തിലൂടെ മറുപടി നല്‍കി ഉമ തോമസ് കോണ്‍ഗ്രസിനേകുന്നത് ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ഊര്‍ജ്ജം. ഭരണത്തിന്റെ ഗതിയെ ഒരു തരത്തിലും ബാധിക്കാതിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വലിയ രാഷ്ട്രീയ ചര്‍ച്ചകളിലേക്കാണ് കേരളത്തെ കൊണ്ടുപോകുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 25016 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ ഡോ. ജോ ജോസഫിനെ പരാജയപ്പെടുത്തിയത്. പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ ആയിരുന്ന പി.ടി. തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പത്‌നി ഉമ മത്സര രംഗത്ത് എത്തിയത്. വിജയത്തിനരികെയാണെന്ന കടുത്ത ആത്മവിശ്വാസം പുലര്‍ത്തിയ ഇടത് കേന്ദ്രങ്ങള്‍ തങ്ങള്‍ക്കുണ്ടായ കനത്ത തിരിച്ചടിയുടെ ആഘാതം മറച്ചുവെയ്ക്കുന്നില്ല. വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് സിപിഎം.

നിയമസഭയില്‍ 99 അംഗങ്ങളുടെ പിന്തുണയുള്ള ഇടതു മുന്നണിക്ക് 100 തികയ്ക്കാം എന്നതിനപ്പുറം വിജയം നിലനില്‍പ്പിന് അനിവാര്യമായിരുന്നില്ല. പക്ഷെ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും നില ഇതായിരുന്നില്ല. അവര്‍ക്ക് വിജയം അനിവാര്യമായിരുന്നു. അതിനായി കഠിന പ്രയത്‌നം ചെയ്തു. വിജയം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ പ്രചാരണ കാലത്തുയര്‍ത്തിയ വലിയ അവകാശവാദങ്ങളിലൂടെ എതിരാളിയുടെ പരമ്പരാഗത സിറ്റിംഗ് മണ്ഡലത്തിലെ വിജയം എന്ന് പറഞ്ഞൊഴിയാവുന്ന എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കുകയായിരുന്നു സിപിഎം. സില്‍വര്‍ലൈനും മറ്റു വികസന പ്രവര്‍ത്തനങ്ങളും മുന്നോട്ട് വെച്ച് അവയുടെ സമ്മതി പരിശോധനയാവുമെന്ന ചര്‍ച്ച വളര്‍ത്തിയെടുത്തുവെന്ന് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംഎല്‍എമാരുടെ വന്‍നിരയും മുതിര്‍ന്ന നേതാക്കളും മണ്ഡലത്തില്‍ തങ്ങിയുള്ള പ്രചാരണം കേവലം ഉപതെരഞ്ഞെടുപ്പിനപ്പുറത്തേയ്ക്ക് തൃക്കാക്കരപ്പോരിനെ എത്തിച്ചു. വിജയം മാത്രം ലക്ഷ്യമിട്ട സിപിഎം അതിനെ ഒരു അഭിമാനപ്പോരാട്ടമായി കണക്കാക്കി. അതുകൊണ്ടു തന്നെ പരാജയം അവര്‍ക്കുണ്ടാക്കുന്ന ക്ഷതവും വലുതാണ്. പരാജയം അംഗീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ആയില്ല. ആവശ്യമായ തിരുത്തല്‍ നടത്തും. ബൂത്തു തലം വരെയുള്ള കാര്യങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കും. ഇടതു വിരുദ്ധ വോട്ടുകള്‍ ഒന്നിച്ചതാണ് തൃക്കാക്കരയില്‍ യുഡിഎഫിന് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ജാഗ്രതയോടെ പ്രവര്‍ത്തിയ്ക്കുന്നതിനുള്ള മുന്നറിപ്പായി തെരഞ്ഞെടുപ്പ് ഫലത്തെ കണക്കിലെടുക്കുന്നുവെന്ന നിലപാടാണ് പാര്‍ട്ടിയ്ക്കുള്ളത്. ഇ. പി ജയരാജന്‍ ഇടതു മുന്നണി കണ്‍വീനറായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെയാണ് തിരിച്ചടി എന്നതും ശ്രദ്ധേയം.

photo:rafi kollam

സത്യത്തില്‍ തൃക്കാക്കരയിലെ പരാജയം താങ്ങാനാവാതിരുന്ന രാഷ്ട്രീയ ശരീരം കോണ്‍ഗ്രസിന്റേതാണ്. അത്രമാത്രം സങ്കീര്‍ണ്ണമായ ആന്തരിക പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനുണ്ട്. ഉമ പരാജയപ്പെട്ടിരുന്നുവെങ്കില്‍ തുലാസില്‍ ആവുമായിരുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും അടങ്ങുന്ന പുതിയ നേതൃത്വത്തിന്റെ നിലനില്‍പ്പ് തന്നെയായിരുന്നു. കോണ്‍ഗ്രസിലെ പരമ്പരാഗത ഗ്രൂപ്പുകള്‍ അതിന് തക്കം പാര്‍ത്ത് നില്‍ക്കുകയുമായിരുന്നു. അത്തരം അവസ്ഥ ഉണ്ടായില്ലെന്ന് മാത്രമല്ല ഉജ്വല വിജയം വി.ഡി സതീശനും സംഘത്തിനും നല്‍കുന്ന ആശ്വാസവും ചില്ലറയല്ല. പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച വി.ഡി സതീശന് താന്‍ പരിണിതപ്രജ്ഞനായ തെരഞ്ഞെടുപ്പ് മാനേജരാണെന്ന് തെളിയിക്കാനായെന്നത് കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയത്തിന്റെ ഗതിയില്‍ നിര്‍ണ്ണായകവുമാകുന്നു. സാമ്പ്രദായിക ഗ്രൂപ്പുകളില്‍ ഏതെങ്കിലും തരത്തില്‍ അസംതൃപ്തരായി, ചഞ്ചല ചിത്തരായി നില്‍ക്കുന്ന നേതാക്കള്‍ കൂടുതലായി സതീശന്‍-സുധാകരന്‍ ദ്വയത്തോട് അടുക്കുന്നതിനും മാറിയ സാഹചര്യം വഴിയൊരുക്കിയേക്കാം. ആന്തരിക ശൈഥില്യം ഏറെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിപരമായി നിര്‍വ്വഹിച്ച് കൂടുതല്‍ ജനസമ്മതരാകുന്നതിനും ഉള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

പി ടി എന്ന വികാരം

തിളങ്ങുന്ന വിജയത്തിന് കാരണങ്ങളേറെ. ഏറെ ജനസമ്മതനായ പി.ടി തോമസ് ഒരു വലിയ വികാരമായി മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. അത് വോട്ടായി പ്രതിഫലിക്കുകയും ചെയ്തു. 'തൃക്കാക്കരയില്‍ താന്‍ പോയിടത്തൊക്കെ പി.ടി. തോമസിനെ കാണാമായിരുന്നു. അദൃശ്യമായ അദ്ദേഹത്തിന്റെ സ്വാധീനം ഓരോ കോണിലുമുണ്ടായിരുന്നു' തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലം മുഴുവന്‍ പലവട്ടം കയറിയിറങ്ങിയ യുഡിഎഫ് പക്ഷക്കാരനല്ലാത്ത ഒരു മുതിര്‍ന്ന നേതാവ് വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതാണ് ഇക്കാര്യം. 20,000ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമ ജയിക്കാനാണ് സാധ്യതയെന്ന് കണക്കുകള്‍ നിരത്തി ഈ ലേഖകന്‍ പറഞ്ഞിരുന്ന ഘട്ടങ്ങളിലൊക്കെ കോണ്‍ഗ്രസ് ചേരിയില്‍ നില്‍ക്കുന്നവര്‍പോലും സംശയം പങ്കുവെച്ചിരുന്നു. പോളിംഗ് ശതമാനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അതിലുണ്ടായ ചെറിയ ഇടിവില്‍ പോലും ആശങ്കാകുലരുമായിരുന്നു. അത്തരം എല്ലാ ആശങ്കകളേയും അസ്ഥാനത്താക്കുന്നതായിരുന്നു ഉമയുടെ വിജയം.

വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ അവര്‍ പടിപടിയായി നിലമെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തിലും അവര്‍ പിന്നോക്കം പോയില്ല. കൊച്ചി നഗരസഭയിലെ 22 ഡിവിഷനുകളും തൃക്കാക്കര മുന്‍സിപ്പാലിറ്റിയും ചേരുന്നതാണ് തൃക്കാക്കര നിയമസഭാ മണ്ഡലം. എല്ലായിടത്തും ഉമ തരംഗം ദൃശ്യമായിരുന്നു. 2021ല്‍ പി.ടി. തോമസ് ഇവിടെ 59839 വോട്ടുകള്‍ നേടി.(43.82 ശതമാനം). ഇക്കുറി ഉമ അത് 72770 ആക്കി.( 53.76 ശതമാനം) 12931 വോട്ടുകളുടെ വര്‍ദ്ധന. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജെ ജേക്കബ് 2021ല്‍ 45510 വോട്ടുകള്‍ നേടി(33.32 ശതമാനം) ഡോ. ജോ ജോസഫ് ഇക്കുറി അത് 47754 വോട്ടുകളാക്കി വര്‍ദ്ധിപ്പിച്ചു (35.28 ശതമാനം). ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ 12957 വോട്ടുകള്‍ നേടി(9.57 ശതമാനം) 2021ല്‍ 11.34 ശതമാനം വോട്ടു പങ്കാണ് ബിജെപിയ്ക്ക് ഉണ്ടായിരുന്നത്. അതില്‍ നിന്നും ഇക്കുറി താഴെപ്പോയി. ട്വന്റി ട്വന്റി ആം ആദ്മി സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതും വോട്ടുഗതിയില്‍ പ്രധാനമാണ്. ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസ് 2021ല്‍ 13, 837 വോട്ടുകള്‍ നേടുകയുണ്ടായി. അത് പലതായി ചിതറിയിട്ടുണ്ടാകുമെങ്കിലും അതിലെ നല്ല പങ്ക് ഉമയ്ക്ക് അനുകൂലമായിട്ടുണ്ടാകണം. മറ്റ് അഞ്ചു സ്ഥാനാര്‍ത്ഥികളും കൂടി നേടിയ 757 വോട്ടുകളേക്കാള്‍ അധികം നോട്ടയുണ്ട് ഇക്കുറി. 1111 നോട്ട വോട്ടുകള്‍.

പിണറായി വിജയന്റെ ജനസ്വാധീനതയിലും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളിലും ഊന്നുകയും യുഡിഎഫ് വോട്ടുബാങ്കുകളില്‍ തന്ത്രപൂര്‍വ്വം കടന്നുകയറുകയും ചെയ്തു വിജയം നേടാന്‍ ആവുമെന്നുമായിരുന്നു സിപിഎം കണക്കുകൂട്ടല്‍. സമുദായ സമവാക്യങ്ങളെ അനുകൂലമാക്കിയെടുക്കാനുള്ള ശ്രമം അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ കാണാം.

പി.ടി തോമസിന്റെ സ്വാധീനത, മധ്യവര്‍ഗ്ഗ ഉപരിമധ്യ വര്‍ഗ്ഗ മണ്ഡലമായ തൃക്കാരയിലെ ഉമ തോമസിന്റെ സ്വീകാര്യത, കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റെയും താരതമ്യേന കെട്ടുറപ്പോടെയുള്ള പ്രവര്‍ത്തനം, കെഎസ്‌യുവിന്റെയും യുവജനങ്ങളുടേയും പ്രചാരണ പ്രവര്‍ത്തനങ്ങളിലുള്ള വര്‍ദ്ധിച്ച തോതിലുള്ള പങ്കാളിത്തം അതിലേറെ സര്‍ക്കാര്‍ സില്‍വര്‍ലൈനിന്റെയും മറ്റും പേരില്‍ അടുത്തിടെ കൈക്കൊണ്ട നടപടികളിലെ ജനങ്ങളുടെ കടുത്ത അസംതൃപ്തി തുടങ്ങിയ ഒട്ടേറെ ഘടകങ്ങളുണ്ട്. വോട്ടെടുപ്പിന്റെ അടുത്ത ദിവസങ്ങളില്‍ ഒട്ടേറെ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു. എല്‍ഡിഎഫ് സജീവ ചര്‍ച്ചയാക്കിയ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കാര്യമായി സ്വാധീനിച്ചില്ലെന്ന് മാത്രമല്ല സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും അതിനെതിരെ ശക്തമായ വിമര്‍ശനം ഉണ്ടാവുകയും ചെയ്തു. വലിയ പ്രചാരണ കോലാഹലങ്ങളിലൂടെ ജനേച്ഛ നിര്‍മ്മിച്ചെടുക്കാനാകുമെന്ന സിപിഎമ്മിന്റെ അമിതാത്മവിശ്വാസവും ഫലം കണ്ടില്ലെന്നു വേണം തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും മനസ്സിലാക്കാന്‍. പലതരത്തിലുള്ള ദൈനംദിന ജീവിത പ്രശ്‌നങ്ങളില്‍ പെട്ടുഴറുന്ന ആളുകള്‍ തങ്ങളുടെ അതൃപ്തിയുടെ സര്‍ക്കാരിനെതിരായ വോട്ടാക്കിയിട്ടുണ്ടാകണം.

2021ലെ ഇടത് തരംഗത്തില്‍ 'തടശ്ശിലയൊന്നു തരംഗ ലീല'യിലെന്ന പോലെ പി.ടിയ്‌ക്കൊപ്പം നിന്ന തൃക്കാക്കരയില്‍ ഇക്കുറി വിജയം അസാധ്യമല്ലെന്നായിരുന്നു പ്രചാരണഘട്ടങ്ങളിലൊക്കെ മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നത്. പിണറായി വിജയന്റെ ജനസ്വാധീനതയിലും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളിലും ഊന്നുകയും യുഡിഎഫ് വോട്ടുബാങ്കുകളില്‍ തന്ത്രപൂര്‍വ്വം കടന്നുകയറുകയും ചെയ്തു വിജയം നേടാന്‍ ആവുമെന്നുമായിരുന്നു സിപിഎം കണക്കുകൂട്ടല്‍. സമുദായ സമവാക്യങ്ങളെ അനുകൂലമാക്കിയെടുക്കാനുള്ള ശ്രമം അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ കാണാം. ചില പ്രത്യേക മത-സമുദായങ്ങളെ ലാളിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇതര മതസ്ഥരിലും സമുദായങ്ങളിലും വിപരീത ഫലം ഉണ്ടാക്കിയെന്നു വേണം ഈ ഘട്ടത്തില്‍ അനുമാനിയ്ക്കാന്‍. ഡോ. ജോ ജേക്കബിന്റെ സ്ഥാനാര്‍ത്ഥിത്വം ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളില്‍ വോട്ടര്‍മാരെ ഏത് തരത്തിലാണ് സ്വാധീനിച്ചതെന്ന കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്.

എന്തേ ഇത്തരത്തിലൊരു പരാജയം?

തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ തോതിലുള്ള അന്ധാളിപ്പ് ഇടത് കേന്ദ്രങ്ങള്‍ക്കുണ്ട്. വിശേഷിച്ചും സിപിഎമ്മിന്. ആദ്യം പ്രതികരിച്ച സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്റെ വാക്കുകളില്‍ അത് മറ്റാരേക്കാളും ദൃശ്യമായിരുന്നു. ചെയ്യാനുള്ളതൊക്കെ, ചെയ്തു, പറയാനുള്ളതൊക്കെ പറഞ്ഞു എന്നിട്ടും എന്തേ ഇത്തരത്തിലൊരു പരാജയം എന്ന മട്ടില്‍പ്പോയി അദ്ദേഹത്തിന്റെ പ്രതികരണം. വോട്ടര്‍മാരില്‍ സമ്മതി രൂപപ്പെടുത്തുന്നതിലും ജനമനസ്സിന്റെ സഞ്ചാരം മനസ്സിലാക്കുന്നതിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മറ്റേത് പാര്‍ട്ടികളേക്കാളും മുന്നിലായിരുന്നു. പരസ്യമായി അവര്‍ എന്തൊക്കെ പറയേണ്ടിവന്നാലും തോല്‍ക്കാന്‍ പോകുന്നുവെന്ന് മറ്റാരേക്കാളും മുന്‍പേ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മനസ്സിലാക്കാറുണ്ടായിരുന്നു. പക്ഷെ ഇക്കുറി അതുണ്ടായില്ലെന്നു വേണം ഇതെഴുതുന്നതുവരെയുള്ള നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍.

തങ്ങള്‍ക്കു 2021ലേക്കാള്‍ വോട്ടു വര്‍ദ്ധിച്ചുവെന്ന് പറഞ്ഞുനില്‍ക്കാന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പടിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ മന്ത്രി പി. രാജീവും എം. സ്വരാജും ഒക്കെ ശ്രമിയ്ക്കുന്നുണ്ടെങ്കിലും പരാജയത്തിന്റെ ആഘാതം അവരുടെ വാക്കുകളിലും നിറയുന്നുണ്ട്. എതിര്‍ വോട്ടുകളെല്ലാം ഏകോപിതമായി എന്നും അതേക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നുമാണ് പി. രാജീവ് പറയുന്നത്. ബിജെപി-എസ്ഡിപിഐ വോട്ടുകളൊക്കെ തങ്ങളുടെ എതിരാളിയ്ക്കു ലഭിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. പ്രാധമികമായ ഇത്തരം പ്രതികരണങ്ങള്‍ക്കപ്പുറത്താകണം യാഥാര്‍ത്ഥ്യം. ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നയിക്കുന്ന രീതിയില്ലെന്നും പിണറായി നയിച്ച 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് ഉണ്ടായതെന്നുമൊക്കെ പറഞ്ഞു പ്രതിരോധം തീര്‍ക്കുകയും മുന്‍നിലപാടുകളില്‍ നിന്നും കീഴ്‌മേല്‍ മറിയുകയുമാണ് പല നേതാക്കളും. മന്ത്രിമാരേയും എംഎല്‍എമാരേയും മുതിര്‍ന്ന നേതാക്കളേയും മുന്നിട്ടിറക്കിയുള്ള പ്രചാരണ കോലാഹലങ്ങളും വലിയ അവകാശ വാദങ്ങളും ഒക്കെ വേണ്ടത്ര ഗൃഹപാഠത്തോടെ ആയിരുന്നുവോ നടത്തിയതെന്നും സംശയം. എന്തായാലും വിശദമായ പരിശോധനയും കണക്കെടുപ്പും സിപിഎമ്മിനകത്ത് വരും ദിവസങ്ങളില്‍ നടക്കുമെന്ന കാര്യം ഉറപ്പ്. 2021ലെ തൃക്കാക്കര പരാജയത്തിലും പ്രാദേശിക നേതാക്കള്‍ക്കെതിരെ പരസ്യമായ നടപടി തന്നെ സിപിഎം കൈക്കൊണ്ടിരുന്നു. ഇക്കുറി ഏത് തലത്തിലാണ് പരിശോധനകള്‍ എത്തിനിൽക്കുന്നതെന്ന് ഈ ഘട്ടത്തില്‍ പറയുക വയ്യ.

photo: facebook

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ത്ഥിത്വം മുതല്‍ വിവാദം ഉണ്ടായി. ഡിവൈഎഫ്‌ഐ നേതാവായ കെ.എസ്. അരുണ്‍കുമാറിനായി ചുവരെഴുത്തുകള്‍ വരെ പ്രത്യക്ഷപ്പെട്ടതിനുശേഷമാണ് ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. ജോ ജോസഫിനെ പ്രഖ്യാപിച്ചത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ ഭിന്നത ഈ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിനുണ്ടായിരുന്നുവെന്ന ചര്‍ച്ച ഇപ്പോഴും സജീവവുമാണ്. ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയവര്‍ക്ക് ജനങ്ങളുടെ സമ്മതി നേടിയെടുക്കുന്ന കാര്യത്തില്‍ വിജയിക്കാന്‍ ആയില്ല. കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ ജീവനക്കാരനും കത്തോലിക്കനുമായ ഡോക്ടറെ സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നില്‍ ഒരു പ്രഫഷണലിനെ അവതരിപ്പിച്ചതിനപ്പുറത്തുള്ള ലക്ഷ്യങ്ങളുണ്ടായിരുന്നു. തങ്ങളുടെ സ്ഥാനാർഥിയല്ലെന്ന് സീറോ മലബാര്‍ സഭ തന്നെ വിശദീകരിച്ചുവെങ്കിലും അവരെ സംബന്ധിച്ചിടത്തോളവും ഇത് കേവലം ഒരു സഭാ സ്ഥാപനത്തിലെ ജീവനക്കാരനായ ഡോക്ടറുടെ പരാജയം മാത്രമാവില്ല അന്തിമ വിശകലനത്തില്‍. ഡോ. ജോ ജോസഫിന്റെ വിജയത്തിനുവേണ്ടി കേരള കോണ്‍ഗ്രസ് ഏറെ വിയര്‍പ്പ് ഒഴുക്കുകയും ചെയ്തിരുന്നു. പക്ഷെ ഉമയ്ക്കനുകൂലമായ തരംഗത്തില്‍ അത്തരം പ്രയത്‌നങ്ങളൊക്കെ വിഫലമായി.

കോണ്‍ഗ്രസും വിമതരും

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു നവോന്മേഷമാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഉണ്ടാക്കിയിട്ടുള്ളത്. ഭരിക്കുന്ന മുന്നണിയുടെ എല്ലാ കരുത്തും ദൃശ്യമായ തെരഞ്ഞെടുപ്പില്‍ അതിനെ ചെറുത്ത് മികച്ച വിജയം നേടാനായി. പരിമിതമായ വിഭവത്തെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തി കൂടുതല്‍ കെട്ടുറപ്പോടെ അവര്‍ പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനം തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് അവരുടെ മുന്നിലുള്ള വെല്ലുവിളി. ചെറിയ ആന്ദോളനങ്ങളില്‍ പോലും ആടി ഉലയുന്ന നൗകയാണിന്ന് കോണ്‍ഗ്രസ്. ഇടുങ്ങിയതും ഈഗോയിസ്റ്റിക്കുമായ പരിമിത താല്പര്യങ്ങളില്‍ പെട്ടുപോകുന്ന സ്വഭാവക്കാരായ നേതാക്കള്‍ അതില്‍ ഏറെയുണ്ട്. അതുകൊണ്ടു തന്നെ ഏത് സമയത്തും ചെറു ചലനങ്ങള്‍ പോലും ആ നൗകയുടെ ഗതിയെ വിഷമത്തിലാക്കിയേക്കാം. ദേശീയ തലത്തിലും പാര്‍ട്ടി വലിയ വെല്ലുവിളികള്‍ നേരിടുന്നു. തൃക്കാക്കരയില്‍ പരാജയമായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞേനേ. മിന്നുന്ന വിജയം എത്തിപ്പിടിയ്ക്കാനായി എന്നതില്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചവര്‍ക്ക് അഭിമാനിക്കാം. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരായ നിലപാടുകള്‍ പ്രതിപക്ഷം കൂടുതല്‍ കര്‍ക്കശമാക്കാതിരിക്കില്ല. കെ റെയിലുമായി മുന്നോട്ടു പോകാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് വി. ഡി സതീശന്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം നടത്തിയ പത്രസമ്മേളനത്തിലും വ്യക്തമാക്കിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ കെ റെയിലുമായി മുന്നോട്ടു പോകുമെന്ന് കോടിയേരിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കെ റെയില്‍ പ്രശ്‌നം വീണ്ടും ചൂടുപിടിയ്ക്കും. ഇതടക്കം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ ഇടയുള്ള കൂടുതല്‍ ചെറുത്തുനില്‍പ്പുകളും വരും ദിവസങ്ങളില്‍ സര്‍ക്കാരിന് നേരിടേണ്ടതായി വരുമെന്നത് ഉറപ്പ്. കോണ്‍ഗ്രസിനും യുഡിഎഫിനും തൃക്കാക്കരയിലെ സംഘടനാ ഉണര്‍വ്വ് നിലനിര്‍ത്തി മുന്നോട്ട് പോകേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങള്‍ വരും നാളുകളില്‍ ശക്തമാകും.

തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍വെച്ച് കോണ്‍ഗ്രസ് വിട്ട് മറുചേരിയില്‍ ചേക്കേറിയവരുടെ ഗതിയെന്താകും എന്നതാണ് മറ്റൊരു പ്രശ്‌നം. കെ. വി.തോമസ് എല്‍ഡിഎഫ് പ്രചാരണ പൊതുയോഗത്തില്‍ പിണറായിക്കൊപ്പം വേദിയിലെത്തിയത് ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. പക്ഷെ മാധ്യമ വാര്‍ത്തകള്‍ക്കപ്പുറം ഒരു ചലനവും കെ. വി. തോമസിനും മറ്റും സൃഷ്ടിക്കാന്‍ ആയില്ല. അത്തരത്തില്‍ ജനകീയ അടിത്തറ ഉള്ളയാളുമല്ല കെ.വി. തോമസ്. കോണ്‍ഗ്രസിന്റെ വിജയാഘോഷ പ്രകടനത്തില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ക്ക് വിധേയനായത് കെ. വി. തോമസാണെന്നതും ശ്രദ്ധിയ്‌ക്കേണ്ടിയിരിക്കുന്നു. അത് അദ്ദേഹത്തെ അസ്വസ്ഥനാക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, കെ. വി തോമസിനേയും കോണ്‍ഗ്രസ് വിമതരേയും ഒക്കെ രംഗത്ത് കൊണ്ടുവന്നത് സിപിഎമ്മിന്റെ താഴെത്തട്ടില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. മറ്റൊരു വിമത കോണ്‍ഗ്രസ് നേതാവായ എം. ബി. മുരളീധരന്റെ കേന്ദ്രമായ വെണ്ണലയില്‍ പോലും കാര്യമായ സ്വാധീനമൊന്നും വോട്ടൊഴുക്കില്‍ ഉണ്ടായതുമില്ലെന്നാണ് പ്രാധമികമായ കണക്കുകള്‍ നല്‍കുന്ന സൂചന. ഡോ. ജോ ജോസഫിന്റെ ബഹുവര്‍ണ്ണ പരാജയം കരി പുരട്ടുന്നത് വിമത കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യാശകളിന്മേല്‍ക്കൂടിയാകുന്നു.

Leave a comment