
വിദ്വേഷത്തിന്റെ അങ്ങാടിയിലൂടെ സൗഹൃദത്തിന്റെ വിജയ യാത്ര
കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നും ആരംഭിക്കുമ്പോള്‍ ഭാരത് ജോഡോ യാത്രയ്ക്ക് വഴിയിലുടനീളം ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആവേശകരമായ വരവേല്‍പ്പ് ലഭിക്കുമെന്ന് യാത്രയിലെ സ്ഥിരാംഗങ്ങള്‍ക്കെല്ലാം ഉറപ്പുണ്ടായിരുന്നോയെന്നു സംശയമാണ്. പല ദോഷൈകദൃക്കുകളും കേരളം വിട്ടാല്‍ യാത്ര ശുഷ്ക്കമാകുമെന്നും പ്രവചിച്ചിരുന്നു. എന്നാല്‍ പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കി വന്‍ ജനാവലിയെ വഴിയിലുടനീളം അണിനിരത്തി ഭാരത് ജോഡോ യാത്ര ലക്ഷ്യസ്ഥാനത്തെത്തുകയാണ്. ഒരുപക്ഷേ ലോകത്ത് ഇതാദ്യമായിട്ടായിരിക്കും ഇപ്രകാരം 3500 കിലോമീറ്റര്‍ ദൂരം 150 ദിവസമെടുത്ത് കാല്‍നടയായി ഒരു ജനസമ്പര്‍ക്ക യാത്ര നടക്കുന്നത്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വിവിധ ഭക്ഷണ രീതികള്‍ പിന്തുടരുന്ന, വ്യത്യസ്ത സംസ്കാരങ്ങള്‍ പേറുന്ന അനവധി സംസ്ഥാനങ്ങളിലൂടെയുള്ള ഈ യാത്ര ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്.
സങ്കീര്‍ണ്ണമായ ദേശീയ രാഷ്ട്രീയ വിഷയങ്ങളൊന്നും ഈ യാത്ര ചര്‍ച്ച ചെയ്തില്ല. യാത്രയുടെ തലവനാകട്ടെ സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയം പോലും പറഞ്ഞില്ല. എന്നാല്‍ ഈ യാത്ര രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങള്‍ ഓരോ ദിനവും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മുന്നോട്ടു പോയത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര സംസ്കാരം രാജ്യത്ത് നഷ്ടമാകുന്നുവെന്നും അത് നഷ്ടമായാല്‍ ഇന്ത്യയുടെ ഐക്യത്തെ അത് ഇല്ലാതാക്കുമെന്നും അതിനെതിരെ ഒന്നുചേരണമെന്നുമുള്ള സദുദ്ദേശ സന്ദേശമാണ് യാത്ര മുന്നോട്ടുവച്ചത്. അതിനാല്‍ത്തന്നെ രാഹുല്‍ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തുവരുന്നവര്‍ക്ക് രാഷ്ട്രീയമായി യാത്രയെ നേരിടാനും അവസരം കിട്ടിയില്ല. പകരം യാത്രയിലെ ഭക്ഷണം, വാഹനങ്ങള്‍, വേഷം, സന്ദര്‍ശന ഇടങ്ങള്‍, സുരക്ഷാ പ്രശ്നങ്ങള്‍, കോവിഡ് ഭീതി എന്നിവ ഉയര്‍ത്തി അവരൊക്കെ സ്വയം പരിഹാസ്യരാകുകയും ചെയ്തു.

കേരളത്തില്‍ ശശി തരൂരിന്റെ പരിപാടികളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ മൂലം ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച ഉണര്‍വ്വും ആവേശവും നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് മുന്‍വിധികള്‍ മാറ്റിവെച്ച് ആത്മാര്‍ത്ഥമായി പരിശോധിക്കണം. ഇപ്രകാരം തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലെയും കാര്യങ്ങള്‍. സംഘടനാപരമായ കാര്യങ്ങളില്‍ രാഹുല്‍ഗാന്ധി നേരിട്ടിടപെടാതെ കടന്നുപോകുന്നത് ഇത്തരം വിഷയങ്ങളില്‍ അനിശ്ചിതത്വം തുടരുന്നതിനും കാരണമാകുന്നുണ്ട് എന്നു വേണം മനസ്സിലാക്കാന്‍.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ന് ഭാരത് ജോഡോ യാത്ര കാശ്മീരില്‍ സമാപിക്കുമ്പോള്‍ അഞ്ചു മാസം നീണ്ട ഈ യാത്രയെക്കുറിച്ച് രാഷ്ട്രീയ-സാമൂഹ്യ ഓഡിറ്റിംഗ് നടത്തേണ്ടത് ആവശ്യമാണ്. ബിജെപിയും നരേന്ദ്ര മോദിയും അധികാരത്തില്‍ വന്നശേഷം നിരാശരായി നിശബ്ദരാകുകയോ, സമ്മര്‍ദ്ദം മൂലം അരികുവല്‍ക്കരിക്കപ്പെടുകയോ ചെയ്ത, സാമൂഹ്യചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിവുള്ള പലരും വിവിധയിടങ്ങളില്‍ ഈ യാത്രയുടെ ഭാഗമായത് എല്ലാം നഷ്ടപ്പെട്ടിട്ടില്ലായെന്ന ഓര്‍മ്മപ്പെടുത്തലായി. അരാഷ്ട്രീയവാദികളെന്നും സാമൂഹ്യമാധ്യമ ജീവികളെന്നും ആക്ഷേപം പേറുന്ന യുവതലമുറയുടെ വലിയൊരു പരിച്ഛേദം തന്നെ യാത്രയുടെ നായകന്‍ രാഹുല്‍ഗാന്ധിയെ കാണാനും കൂടെ നിന്നൊരു ചിത്രമെടുക്കാനും തിക്കിത്തിരക്കിയ കാഴ്ച്ചയും പ്രത്യാശയ്ക്കു വക നല്‍കുന്നതാണ്. യാത്രയിലുടനീളം കണ്ട വനിതാ പങ്കാളിത്തവും ആദിവാസി ജനതയുടെ സാന്നിദ്ധ്യവും യാത്രയ്ക്ക് രാഷ്ട്രീയമായി പുത്തനുണര്‍വ്വ് നല്‍കിയെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനും കോണ്‍ഗ്രസ്സില്‍ നിന്നും അകന്ന ജനവിഭാഗങ്ങളെ തിരികെയെത്തിക്കാനും ഈ യാത്ര എത്രത്തോളം പ്രയോജനപ്പെട്ടുവെന്നും അതിനു കോണ്‍ഗ്രസ്സ് സംഘടനാ സംവിധാനം എത്രത്തോളം സജ്ജമാണെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ പരിശോധിക്കേണ്ടതാണ്. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഡല്‍ഹിയിലെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും ആന്ധ്രയിലും തെലുങ്കാനയിലും ഒഡീഷയിലും നടന്ന ഉപതെരെഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിനുണ്ടായ പരാജയം കാര്യങ്ങളെല്ലാം ഭദ്രമായിട്ടില്ലായെന്ന വെളിപ്പെടുത്തല്‍ കൂടിയാണ്. (ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് അത്ര വലിയ തെരഞ്ഞെടുപ്പാണോ എന്ന് ആരും സംശയിക്കണ്ട. ഡല്‍ഹി സംസ്ഥാനം മുഴുവന്‍ ഒറ്റ കോര്‍പ്പറേഷനാണ് എന്നു മനസ്സിലാക്കിയാല്‍ കാര്യം വ്യക്തമാകും) യാത്ര കടന്നുപോയ ശേഷം അതാതു സംസ്ഥാനങ്ങളില്‍ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാന്‍ പ്രാദേശിക നേതാക്കള്‍ക്കും സംഘടനകള്‍ക്കും കഴിഞ്ഞിട്ടുണ്ടോ എന്നും പരിശോധിക്കണം. കേരളത്തില്‍ ശശി തരൂരിന്റെ പരിപാടികളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ മൂലം ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച ഉണര്‍വ്വും ആവേശവും നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് മുന്‍വിധികള്‍ മാറ്റിവെച്ച് ആത്മാര്‍ത്ഥമായി പരിശോധിക്കണം. ഇപ്രകാരം തന്നെയാണ് മറ്റു സംസ്ഥാനങ്ങളിലെയും കാര്യങ്ങള്‍. സംഘടനാപരമായ കാര്യങ്ങളില്‍ രാഹുല്‍ഗാന്ധി നേരിട്ടിടപെടാതെ കടന്നുപോകുന്നത് ഇത്തരം വിഷയങ്ങളില്‍ അനിശ്ചിതത്വം തുടരുന്നതിനും കാരണമാകുന്നുണ്ട് എന്നു വേണം മനസ്സിലാക്കാന്‍.

ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനു വലിയ ഉത്തരവാദിത്തങ്ങളാണ് നിലവില്‍ നിറവേറ്റാനുള്ളത്. ബിജെപിക്കെതിരായി ജനാധിപത്യ-മതനിരപേക്ഷ കക്ഷികളെ ഒരു പൊതുവേദിയില്‍ അണിനിരത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തം. എന്നാല്‍ ഇന്നത്തെ നിലയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പ്രാദേശിക പാര്‍ട്ടികളെല്ലാം അവരവരുടെ സംസ്ഥാനങ്ങളില്‍ ശക്തരും വലിയ ദേശീയ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുമാണ്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തമാകുന്നുവെന്നും പഴയ പ്രതാപത്തോടു കൂടിയുള്ള ഹൈക്കമാണ്ട് ഇപ്പോഴുമുണ്ടെന്ന് കോണ്‍ഗ്രസിന്റെ അണികള്‍ക്കും ദേശീയ രാഷ്ട്രീയം സ്വപ്നം കാണുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്കും ബോധ്യപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സിനു ബദല്‍ കോണ്‍ഗ്രസ്സ് തന്നെയാണെന്ന് പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ നേതൃത്വത്തിനു മനസ്സിലാക്കുവാന്‍ ഭാരത് ജോഡോ യാത്ര സഹായിച്ചുവെങ്കില്‍ യാത്രയുടെ ലക്ഷ്യം സാര്‍ത്ഥകമായി എന്നു കരുതാം.