TMJ
searchnav-menu
post-thumbnail

Outlook

നീർച്ചാലിനെ കടലെന്ന് കരുതുന്ന കാലം

04 Nov 2022   |   1 min Read
എന്‍ പ്രഭാകരന്‍

PHOTO: WIKI COMMONS

കേരളത്തിന്റെ ബൗദ്ധിക ജീവിതത്തിന് സാരമായ എന്തൊക്കെയോ കുഴപ്പങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്ന തോന്നൽ പൊതുവിൽ എല്ലാവരും പങ്കുവെക്കുന്നുണ്ട്. മയക്കുമരുന്നിന്റെ വൻതോതിലുള്ള ഉപഭോഗം, ലൈംഗികാതിക്രമങ്ങൾ, കൊലപാതകങ്ങൾ ഇവയൊക്കെ നിത്യ സാധാരണമായി തീർന്നിരിക്കുകയാണ്. അതേസമയം വളരെ ഗൗരവപൂർണമായ വിഷയങ്ങളെക്കുറിച്ചുള്ള പൊതുചർച്ചകളൊന്നും നടക്കുന്നുമില്ല. കുറച്ച് വർഷങ്ങൾക്കു മുൻപ്, ഏതാനും ദശകങ്ങൾക്കു മുൻപ് തന്നെയെന്ന് പറയാം, പൊതുജീവിതത്തെ ബാധിക്കുന്ന ഒട്ടധികം പ്രശ്‌നങ്ങളെക്കുറിച്ച് വളരെ ആഴത്തിലുള്ള അന്വേഷണങ്ങൾക്ക് നാം ശ്രമിച്ചിരുന്നു. മാധ്യമങ്ങൾ എങ്ങനെ ജനങ്ങളെ സ്വാധീനിക്കുന്നു?, മാധ്യമവിമർശനം എങ്ങനെ സാധിക്കാം?, എന്താണ് ചരിത്രം?, ചരിത്രത്തിൽ എന്തൊക്കെ തരത്തിലുള്ള ഇടപെടലുകൾ നടക്കുന്നു? സാഹിത്യത്തിന്റെ യഥാർത്ഥമായ പ്രയോജനം എന്താണ്? സാമൂഹിക പ്രതിബദ്ധത എന്ന ആശയത്തിന് എന്തെങ്കിലും പരിമിതികളുണ്ടോ? അല്ലെങ്കിൽ അതിൽ എന്തെങ്കിലും അപകടം ഉൾച്ചേർന്നിട്ടുണ്ടോ? ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വളരെ സജീവമായി, വളരെ ഗൗരവബോധത്തോടുകൂടി നടന്ന പല വേദികളും അന്ന് ഉണ്ടായിരുന്നു. ചർച്ചകൾ ചെറിയ ഗ്രൂപ്പുകളിലും വലിയ പങ്കാളിത്തമുള്ള സമ്മേളനങ്ങളിലുമൊക്കെയായി നടന്നിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള യാതൊന്നും ഉണ്ടാവുന്നതായി കാണുന്നില്ല. അതേ സമയം, നമ്മുടെ സമൂഹത്തിൽ വളരെ സാരമായ ചില പ്രശ്നങ്ങളുണ്ട് എന്ന് പല സന്ദർഭങ്ങളിൽ പല കോണുകളിൽ നിന്ന് നിരീക്ഷണങ്ങൾ ഉയർന്നുവരുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് വിദ്യാഭ്യാസത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ. സ്വകാര്യസംഭാഷണങ്ങളിൽ അധ്യാപകർ തന്നെ അതേക്കുറിച്ചു പറയും.

representational image: wiki commons

ഹൈസ്‌കൂൾ തലം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള വിദ്യാഭ്യാസത്തിന് വലുതായ താളപ്പിഴ സംഭവിച്ചിട്ടുണ്ട്. പഠന കാര്യങ്ങളിൽ മാത്രമല്ല, തങ്ങളുടെ ചുറ്റുപാടുകളിലെ സാമൂഹ്യരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കുന്നതിലും വിദ്യാർത്ഥികൾക്ക് അമ്പരപ്പിക്കുന്ന അളവിലുള്ള താല്പര്യക്കുറവ് വന്നിട്ടുണ്ട്. അവർക്ക് പലതിനെക്കുറിച്ചും അറിയാൻ പോയിട്ട്, കേൾക്കാൻ തന്നെ താല്പര്യമില്ല. കേരളീയ നവോത്ഥാനം എന്താണ് എന്നതിനെക്കുറിച്ച് അവർ വളരെ സാമാന്യമായ ചില ധാരണകൾ സ്വരൂപിച്ചിട്ടുണ്ടാകും. ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ, അയ്യങ്കാളി ഈ പേരുകളൊക്കെ അവർ കേട്ടിട്ടുണ്ടാകും. അതേസമയം, നവോത്ഥാനത്തിന്റെ ഉള്ളടക്കമെന്താണ്? കേരളീയ നവോത്ഥാനം സൃഷ്ടിച്ചിട്ടുള്ള മൂല്യങ്ങൾ എന്തുകൊണ്ട് നിലനിർത്തണം? എന്ത് കൊണ്ട് നമുക്കത് നിലനിർത്താൻ പറ്റുന്നില്ല? ഈ വക കാര്യങ്ങളെക്കുറിച്ച് അറിയുന്നതിൽ വിദ്യാർത്ഥി സമൂഹത്തിന് താല്പര്യമേയില്ല. ഒരു സിനിമ കാണുമ്പോൾപ്പോലും അവർ തങ്ങളുടെ അലസത കൈവിടില്ല. അവർ അത് കാണും. അടിപൊളി എന്നു പറയപ്പെടുന്ന ഗണത്തിൽപ്പെടുന്ന സിനിമയാണെങ്കിൽ അവർ അതിന് അനുകൂലമായി വീറോടെ സംസാരിച്ചെന്നു വരും. എന്നാൽ ആ സിനിമ തങ്ങൾക്കു തന്ന അനുഭവം യഥാർത്ഥത്തിൽ എന്താണെന്ന് അവർ ആലോചിക്കുകയില്ല. എന്തുകൊണ്ട് ആ സിനിമ ഇഷ്ടപ്പെട്ടു എന്നു ചോദിച്ചാൽ സിനിമയിലെ ദൃശ്യങ്ങളുടെ മായികതയെപ്പറ്റിയാവും അവർ പറയുക. അല്ലെങ്കിൽ ചിത്രീകരണത്തിലും സംഭാഷണങ്ങളിലും അത് ലൈംഗികതയുമായി ബന്ധപ്പെട്ട വിലക്കുകളെ മാനിച്ചിട്ടില്ല എന്ന് ആവേശം കൊണ്ടേക്കും. അത് ഏത് തരത്തിലാണ് നമ്മുടെ വ്യക്തിജീവിതത്തെയും പൊതുജീവിതത്തെയും മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നത് എന്ന് തുടർന്നു ചോദിക്കുകയാണെങ്കിൽ വ്യക്തമായ ഒന്നും പറയാനാവാതെ അവർ കുഴങ്ങും. അവരിൽ ബുദ്ധിജീവികളായി ഭാവിക്കുന്നവർ അവർക്കു തന്നെ ബോധ്യമില്ലാത്ത ചില വാദങ്ങൾ മുന്നോട്ടു വെക്കാൻ ധൈര്യപ്പെട്ടേക്കാം. അതാണ് പരമാവധി സംഭവിക്കുക.

കാലം മാറുകയാണ്, അപ്പോൾ സ്വഭാവികമായും അഭിരുചികളിൽ മാറ്റം വരും. അതുകൊണ്ട് പണ്ടത്തെ ക്ലാസിക് ആയിരുന്നു എന്ന് പറഞ്ഞിട്ട് ഒരു ചലച്ചിത്രകൃതി ഇന്നത്തെ പ്രേക്ഷകർ മിനക്കിട്ടിരുന്നു കണ്ടുകൊള്ളണമെന്നില്ല. അവർക്ക് ആ സിനിമ മടുപ്പുണ്ടാക്കുന്നുവെങ്കിൽ ആ യാഥാർത്ഥ്യം അംഗീകരിക്കുക.

വളരെ ഗൗരവത്തിൽ ഏതെങ്കിലും വിഷയത്തെ സമീപിച്ചിട്ടുള്ള സിനിമയാണെങ്കിൽ അവർ അത് മുഴുവനായും കാണാൻ തന്നെ തയ്യാറാവില്ല. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഒരു അനുഭവമെന്ന് പൊതുവെ പറയപ്പെടുന്ന 'പഥേർ പാഞ്ചലി' തലശേരിയിൽ ഒരിടത്ത് പ്രദർശിച്ചപ്പോൾ, അത് പത്തിരുപതിലധികം വർഷം മുൻപാണെന്നാണ് ഓർമ, തുടക്കത്തിൽ യുവാക്കളായ കുറച്ചധികംപേർ കാണാനുണ്ടായിരുന്നു. കൂട്ടത്തിൽ മുതിർന്ന വിദ്യാർത്ഥികളും ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവരെല്ലാം ഒഴിഞ്ഞൊഴിഞ്ഞ് പോയി. അവസാനം സിനിമ തീരുമ്പോഴേക്കും അഞ്ചോ ആറോ ആയി കാണികളുടെ എണ്ണം ചുരുങ്ങി. പിന്നീട് സിനിമയെക്കുറിച്ച് ചർച്ച നടന്നപ്പോൾ എന്തുകൊണ്ടിങ്ങനെ കാണികളില്ലാതെയായി? പ്രേക്ഷകർ കൊഴിഞ്ഞുപോയതെന്താണ് എന്നൊക്കെ ചോദ്യങ്ങളുയർന്നപ്പോൾ അതിന് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെ കിട്ടിയ മറുപടി വളരെ നിരാശാജനകമായിരുന്നു. കാലം മാറുകയാണ്, അപ്പോൾ സ്വഭാവികമായും അഭിരുചികളിൽ മാറ്റം വരും. അതുകൊണ്ട് പണ്ടത്തെ ക്ലാസിക് ആയിരുന്നു എന്ന് പറഞ്ഞിട്ട് ഒരു ചലച്ചിത്രകൃതി ഇന്നത്തെ പ്രേക്ഷകർ മിനക്കെട്ടിരുന്നു കണ്ടുകൊള്ളണമെന്നില്ല. അവർക്ക് ആ സിനിമ മടുപ്പുണ്ടാക്കുന്നുവെങ്കിൽ ആ യാഥാർത്ഥ്യം അംഗീകരിക്കുക. അതിനപ്പുറമുള്ള അന്വേഷണത്തിലോ വിമർശനത്തിലോ കാര്യമില്ല. തങ്ങളെ ആകർഷിക്കുന്ന മറ്റ് സിനിമകളിലേയ്ക്ക് തിരിയാൻ അവരെ അനുവദിക്കുക എന്നു മാത്രമേ നിർദ്ദേശിക്കാനാവൂ. ഈ രീതിയിലുള്ള മറുപടികൾക്ക് പൊതുവായ സ്വീകാര്യത കൈവരികയാണുണ്ടായത്.

representational image: wiki commons

സാഹിത്യകൃതികളുടെ ആസ്വാദനത്തിലും സമാനമായ നിലവാരത്തകർച്ച സംഭവിച്ചിട്ടുണ്ട്. നിലവാരത്തെക്കുറിച്ച് സംസാരിക്കുന്നതു തന്നെ തെറ്റാണെന്ന ആശയവും പുതിയ കാലത്തുണ്ട്. നിലവാരം എന്നത് ഒരു പിന്തിരിപ്പൻ ആശയമാണ്. എക്കാലത്തേയ്ക്കുമായി നിർണയിക്കപ്പെട്ടിരിക്കുന്ന ഒരു മാനദണ്ഡമില്ല. പുതിയ കാലത്തെ വായനക്കാർ, പഴയ സാഹിത്യകൃതികളിൽ, ദസ്തയേവ്സ്‌കിയുടെ നോവലുകളിലോ മലയാളത്തിലെ തന്നെ കുമാരനാശന്റെ കൃതികളിലോ ഇങ്ങോട്ടു വന്നാൽ തകഴിയുടെ നോവലുകളോ ഉറൂബിന്റെ സുന്ദരികളും സുന്ദരൻമാരും എന്ന നോവലിലോ എം.ടി.വാസുദേവൻ നായരുടെ നോവലുകളിൽത്തന്നെയോ തങ്ങളെ പിടിച്ചു നിർത്തുന്ന ഒന്നും കണ്ടെത്താനാവുന്നില്ല എന്നു പറഞ്ഞാൽ ആ അഭിപ്രായത്തെ ചോദ്യം ചെയ്യാൻ പുറപ്പെടരുത്. അവരെ സംബന്ധിച്ചിടത്തോളം അതാണ് ശരി. അവരുടെ ശരി നിങ്ങൾ നിശ്ചയിക്കാൻ പുറപ്പെടരുത് എന്നെല്ലാം വാദിച്ചുറപ്പിക്കുന്നതിൽ പലരും കാണിക്കുന്ന ഉത്സാഹം അമ്പരപ്പിച്ചുകളയും.

പുതിയ വായനക്കാരെ അവരുടെ താൽപര്യങ്ങളുടെ പേരിൽ കുറ്റം പറയുന്നതിൽ കാര്യമില്ല. അഭിരുചികൾ മാറും. സെൻസിബിലിറ്റി മാറിക്കൊണ്ടേയിരിക്കേണ്ടതാണ്. മാറാതിരിക്കുന്നില്ലെങ്കിലാണ് പ്രശ്‌നം. മാറിയ സെൻസിബിലിറ്റിയെ അടിസ്ഥാനമാക്കി നിലവാരത്തകർച്ച സംഭവിച്ചു എന്ന് സ്ഥാപിക്കാൻ സാധ്യമല്ല, അഭിരുചികൾ ഉറച്ചുപോയ പഴയ ആളുകളാണ് പുതിയ എഴുത്തിനെയും വായനയെയും കുറ്റം പറഞ്ഞുകൊണ്ടേയിരിക്കുന്നത്, കാലം അവരെ ചവിട്ടിത്തള്ളി മുന്നോട്ടുപോയ്‌ക്കോളും എന്നിങ്ങനെയൊക്കെ വാദിക്കുന്നവർക്ക് പുതിയ തലമുറയുടെ ആസ്വാദനശേഷിയിലോ മൂല്യനിർണയശേഷിയിലോ യാതൊരു സംശയവുമില്ല. എന്തായാലും, പുതുതലമുറവായനക്കാരിൽ വളരെയേറെപ്പേർ പൊതുവെ വളരെ ഉപരിപ്ലവമായി മാത്രം കൃതികളെ സമീപിക്കുന്നു, നിരുത്തരവാദപരമായ അഭിപ്രായരൂപീകരണങ്ങൾ നടത്തുന്നു, കൃതിയുടെ ഉള്ളടക്കത്തിലേയ്ക്ക് പ്രവേശിക്കുന്നതേയില്ല എന്നെല്ലാം ബോധ്യപ്പെടുന്ന ധാരാളം സന്ദർഭങ്ങൾ ഉണ്ടാവാറുണ്ട് എന്നതാണ് എന്റെ അനുഭവം. ഒരു കഥയോ നോവലോ എവിടെയെങ്കിലും ഗൗരവപൂർണമായ ഒരു ചർച്ചയ്ക്ക് വെച്ചുകഴിഞ്ഞാൽ ആളുകൾ അതിനെപ്പറ്റി അഭിപ്രായം പറയുന്നത് ശ്രദ്ധിച്ചാൽ മറ്റുള്ളവരും ഇതേ ബോധ്യത്തിൽ എത്തിച്ചേരാതിരിക്കില്ല എന്നു തന്നെ ഞാൻ കരുതുന്നു.

ഒരു സാഹിത്യ കൃതി ഒരു ജീവിതാനുഭവത്തെ വളരെ ആഴത്തിൽ സമീപിച്ച് മൗലികമായ വ്യത്യസ്തതയോടു കൂടി അവതരിപ്പിക്കുമ്പോൾ മാത്രമേ ശ്രദ്ധേയമായിത്തീരുന്നുള്ളു എന്ന വസ്തുത അവരുടെ പരിഗണനയിൽ വരാറില്ല. അങ്ങനെയൊരു ആലോചനയേ അവർക്കുണ്ടാകാറില്ല.

കൃതിയുടെ ഉള്ളടക്കത്തിലേയ്ക്ക് കടന്ന് ഒരഭിപ്രായം രൂപീകരിച്ച് അത് അവതരിപ്പിക്കുന്നതിൽ പൊതുവെ വിമുഖരാണ് നമ്മുടെ പുതിയ വായനക്കാരിൽ മഹാ ഭൂരിപക്ഷവും. ഒരു കൃതിയെക്കുറിച്ച് അതിനകം രൂപപ്പെട്ട് കഴിഞ്ഞതും അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതുമായ ചില ആശയങ്ങൾ തങ്ങളുടേതാക്കി അവതരിപ്പിക്കുകയാണ് അവർ ചെയ്യുക. ഇനി അങ്ങനെ അല്ലാതെ കൃതി വളരെ താല്പര്യപൂർവം മനസ്സിരുത്തി വായിച്ച് അഭിപ്രായം പറയുന്ന ചെറുപ്പക്കാരെ നോക്കുകയാണെങ്കിൽ, അങ്ങനെയും കുറച്ചുപേരുണ്ടാകും. കൃതി വളരെ രസകരമാണ്, വായിച്ചുപോകാൻ എളുപ്പമാണ്, ഒരു തട്ടും തടവും എവിടെയും അനുഭവപ്പെട്ടില്ല, എനിക്കൊരു ലഹരി കിട്ടിയതുപോലെ തോന്നി എന്നിങ്ങനെയുള്ള ചില ചെറിയ സംഗതികൾക്കപ്പുറത്തേക്ക് കടക്കാൻ അവരും തയ്യാറാവുന്നില്ല എന്ന് പെട്ടെന്നു തന്നെ ബോധ്യപ്പെടും. ഒരു സാഹിത്യ കൃതി ഒരു ജീവിതാനുഭവത്തെ വളരെ ആഴത്തിൽ സമീപിച്ച് മൗലികമായ വ്യത്യസ്തതയോടു കൂടി അവതരിപ്പിക്കുമ്പോൾ മാത്രമേ ശ്രദ്ധേയമായിത്തീരുന്നുള്ളു എന്ന വസ്തുത അവരുടെ പരിഗണനയിൽ വരാറില്ല. അങ്ങനെയൊരു ആലോചനയേ അവർക്കുണ്ടാകാറില്ല. പെട്ടെന്നൊരഭിപ്രായം രൂപീകരിച്ച് അത് മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിച്ച് അതിൽ സംതൃപ്തരായി പിൻമടങ്ങുകയാണ് അവർ ചെയ്യാറുള്ളത്.

ഞാൻ സാഹിത്യത്തെയും വിദ്യാഭ്യാസത്തെയും സംബന്ധിക്കുന്ന ചില കാര്യങ്ങളാണ് ഇതേവരെ സൂചിപ്പിച്ചത്. ഈ രണ്ട് മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ജനങ്ങളുടെ, വിശേഷിച്ചും യുവജനങ്ങളുടെ ബൗദ്ധിക അലംഭാവം. ഏറെ ഗൗരവമുള്ള, ആസന്ന സ്വഭാവമുള്ള, രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുമ്പോൾപ്പോലും പൊതു ചർച്ചകളിൽ പൊതുവായി വരുന്ന, പത്രങ്ങളിലും മാധ്യമങ്ങളിലുമൊക്കെ സാധാരണ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങൾ തങ്ങളുടേതാക്കി അവതരിപ്പിക്കുന്നതിന് അപ്പുറത്ത് സ്വന്തമായി അതേക്കുറിച്ച് ഒരന്വേഷണവും നടത്താൻ അവർ താല്പര്യപ്പെടുന്നതായി കാണുന്നില്ല. വളരെ ലാഘവത്തോടെ എന്തിനെക്കുറിച്ചും അഭിപ്രായം പറയുകയും ഒന്നിനെക്കുറിച്ചാലോചിക്കാനും തങ്ങളുടെ ധൈഷണികശേഷി വിനിയോഗിക്കാതെയും ഒരനുഭവത്തെയും വൈകാരികമായി ഉൾക്കൊള്ളാതെയും ആളുകൾ സംതൃപ്തിയടയുന്ന അവസ്ഥ എങ്ങനെയുണ്ടായി. ഇത് ഇവിടെമാത്രം ഉള്ളതാണോ എന്നൊക്കെ അന്വേഷിച്ചു ചെല്ലുമ്പോൾ മനസ്സിലാക്കാനാവുന്ന ഒരു വാസ്തവമുണ്ട്: ഇത് ലോകവ്യാപകമായിത്തന്നെ ഉള്ള അവസ്ഥയാണ്. കഴിഞ്ഞ മൂന്ന് നാല് ദശകക്കാലമായി അതുണ്ട്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇത് കുറച്ചു മുമ്പേ തന്നെ രൂപപ്പെടാൻ തുടങ്ങിയിരുന്നു. ഈ അവസ്ഥയെത്തന്നെയാണ്, അതിന്റെ ബഹുവിതാനങ്ങളിലുള്ള ആവിഷ്‌കാരങ്ങളെത്തന്നെയാണ് ആധുനികോത്തരത (പോസ്റ്റ് മോഡേണിസം)എന്ന പദം അർത്ഥമാക്കുന്നത്.പോസ്റ്റ് മോഡേണിസം ഒരു ഇസമല്ല അതൊരു കണ്ടീഷനാണ്, ഒരവസ്ഥയാണ് എന്ന് അതിന്റെ സൈദ്ധാന്തികൻമാരിൽ ചിലർത്തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്.പോസ്റ്റ് മോഡേണിസത്തെക്കുറിച്ച്, അതിന്റെ സ്വഭാവ വിശേഷണങ്ങൾ വിശദീകരിച്ചും ആ അവസ്ഥയെ അപഗ്രഥിച്ചും എഴുതിയിട്ടുള്ള ആളുകൾ ല്യോട്ടാർഡ് (Jean Francois Lyotard), ബൊദ്രിയാഡ് ( Jean Baudrillard), ലിൻഡാ ഹഷിയോൺ (Linda Hutcheon) പിന്നെ ഒരു പോസ്റ്റ് മോഡേണിസ്റ്റ് അല്ലാത്ത മാക്സിസ്റ്റ് സൈദ്ധാന്തികനായ ഫ്രഡറിക് ജെയിംസൺ (Fredric Jameson) ഇവരൊക്കെ നിരീക്ഷിച്ചിട്ടുള്ള കാര്യങ്ങൾ നമ്മുടെ മുൻപിലുണ്ട്.

representational image: wiki commons

അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുരണ്ട് നിരീക്ഷണങ്ങൾ, ഫ്രഡിറിക് ജെയിംസണിന്റേതായിട്ടുള്ളത് ഇവിടെ അവതരിപ്പിക്കാം: അതിലൊന്ന് പോസ്റ്റ് മോഡേൺ കാലം ആഴക്കുറവിന്റെ കാലമാണ് എന്നതാണ്. depthlenssess എന്ന വാക്കുതന്നെയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ആഴക്കുറവിന്റെ കാലം. ഒരു പ്രശ്നത്തിന്റെയും ആഴത്തിലേയ്ക്ക് പ്രവേശിക്കാതെ അതിന്റെ താല്കാലികമായ പ്രത്യക്ഷരൂപത്തെ മാത്രം അഭിമുഖീകരിച്ച് മുന്നോട്ട് നീങ്ങുന്ന കാലം. അത്രയുമേ ആവശ്യമുള്ളു എന്ന നിലപാട് ജനങ്ങളിൽ മഹാഭൂരിപക്ഷവും സ്വീകരിക്കുന്ന കാലം. ആഴമെന്നതു തന്നെ ഇല്ല. ഉപരിതലം തന്നെയാണ് ആഴം. അതല്ലാതെ വേറെ ഒരാഴമുണ്ടെന്നു സങ്കൽപിച്ചുവെച്ച് അതിനെ അന്വേഷിച്ചു പോവേണ്ട കാര്യമില്ല. അതൊരു പഴയ സമീപന രീതിയാണ്. അതിന്റെ കാലം കഴിഞ്ഞു. ഭൂതകാലത്തിന്റെ ഭാരം ചുമന്ന് നടക്കുന്നവരാണ് ആഴത്തിന് വേണ്ടി അന്വേഷിക്കുന്നത്. അല്ലാതെ അതിന്റെ ആവശ്യമില്ല. നമ്മുടെ ഉൺമയുടെ ലൈറ്റ്നെസ് ,അതിന്റെ നേർത്ത അവസ്ഥ അഭികാമ്യമായ അവസ്ഥയാണ്- ഇങ്ങനെ കരുതുന്നവരാണ് പുതിയ കാലത്തിന്റെ യഥാർത്ഥ പ്രതിനിധികൾ എന്ന അവകാശവാദവുമായി വരുന്നവർ. അവർ തന്നെയാണ് ജീവിതത്തിന്റെ നാനാതലങ്ങളിൽ ആധിപത്യം നേടുന്ന ആധുനികോത്തരതയുടെ വീരഭടന്മാരായി രംഗത്തു വരുന്നവർ. ആഴക്കുറവിൽ കുറേനാൾ വ്യാപരിച്ചു കഴിയുമ്പോൾ, എപ്പോഴും ദ്രവാവസ്ഥയിലുള്ള, എങ്ങോട്ട്, എപ്പോൾ വേണമെങ്കിലും ഒഴുകി നീങ്ങാവുന്ന, വ്യക്തിത്വത്തോടു കൂടി ഒരാൾ കുറച്ചു കാലം ജീവിച്ചു കഴിഞ്ഞാൽ പിന്നെ അയാൾക്ക് ആഴമെന്നത് അപരിചിതമായിത്തീരും. ആഴം എന്ന ഒന്ന് ഉണ്ട് എന്നു തന്നെ അയാൾ അറിയാതെയായിപ്പോകും. അങ്ങനെ ആഴത്തെ അറിയാതായിക്കഴിഞ്ഞ ധാരാളം വ്യക്തികൾ നമ്മുടെ കാലത്തുണ്ട്. അതുകൊണ്ടാണ് എന്തിനെക്കുറിച്ചും എന്ത് അഭിപ്രായവും പറയാം, അഭിപ്രായം പറയുന്നതോടു കൂടി ആഭിപ്രായം തന്നെ തങ്ങളെ വിട്ടുപോയ്ക്കഴിഞ്ഞു എന്ന ധാരണയോടു കൂടി, പഴയ ഒരുദാഹരണം, ഒരുപമ സ്വീകരിക്കുകയാണെങ്കിൽ പല്ലി അതിന്റെ വാൽക്കഷ്ണം മുറിച്ചിട്ട് പോകുന്നതുപോലെ പോകുന്ന ആളുകളെ ധാരാളമായി നാം ചുറ്റിലും കാണുന്നത്.

കാലം എന്തുകൊണ്ട് ഇങ്ങനെ ആയിത്തീർന്നു എന്ന അന്വേഷിച്ച് ചെല്ലുമ്പോൾ നിഷേധിക്കാനാവാത്ത പല രാഷ്ട്രീയസാമൂഹ്യയാഥാർത്ഥ്യങ്ങളിലുമാണ് നാം എത്തിച്ചേരുക. അവയിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് ഒരു കാര്യം കൂടി, ആധുനികോത്തരത ഒരു വ്യക്തിയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ള ഒരു കാര്യം കൂടി പറയാം. അത് egolenssess എന്നതാണ്. അഹംബോധം ഇല്ലായ്ക, അല്ലെങ്കിൽ ആത്മബോധം ഇല്ലായ്ക. ആത്മബോധത്തിന്റെ അഭാവം എങ്ങനെയാണ് പ്രകടിതമാകുന്നത്? അത് എങ്ങനെയാണ് സാഹിത്യത്തെയും കലയേയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയുമൊക്കെ ബാധിക്കുന്നത് എന്നാണ് ഇനി പരിശോധിക്കാനുള്ളത്. ഞാൻ പറഞ്ഞു വന്നതിന്റെ തുടർച്ചയായിത്തന്നെയാണ് അതും പറയാനുള്ളത്. ഇനി അതിലേയ്ക്ക് വരാം.

(തുടരും)

Leave a comment